കാലാന്തരങ്ങളുടെ വാതായനം - Durdil Door


ആഴ്ച്ചവസാനം കാറിലൊരു കറക്കമായലോ എന്ന് ഫൈസൽ ചോദിച്ചപ്പോഴെ ഞങ്ങൾ റെഡി ആയിരുന്നു... വാടകയ്ക്കെടുത്ത കാറുമായി കൂട്ടുകാരെല്ലാവരും കൂടി പുറപ്പെട്ടപ്പോഴും  എങ്ങോട്ടെന്ന കാര്യത്തിൽ എനിക്ക് വല്യ ധാരണ ഉണ്ടായിരുന്നില്ല... ഡർഡിൽ ഡോർ എന്ന് ഒന്ന് ഗൂഗിൾ സെർച്ച് ചെയ്യാൻ പോലും തോന്നിയതുമില്ല... കാണാൻ പോകുന്ന പൂരം പറഞ്ഞറിയണ്ടല്ലോ എന്നൊരു തോന്നൽ...

35 പൗണ്ടിന് വാടകയ്ക്കെടുത്ത് 25 പൗണ്ടിന് ഡീസലും അടിച്ചാൽ 5 പേർക്ക് ഒരു ദിവസം മുഴുവൻ കറങ്ങാം എന്നത് UK യിൽ തികച്ചും ആകർഷണനീയം ആണ്... കാരണം ട്രെയിനും ട്രെയിൻ ഇല്ലാത്തിടത്തേക്കുള്ള ബസ് യാത്രയും ഇതിലേറെ ചിലവേറിയതാണ്... ഇന്ത്യൻ ലൈസൻസ് ഒരു വർഷം വരെ ഇവിടെ അനുവദനീയം ആണ് താനും... 
ലോകത്തിൽ വാഹനാപകട നിരക്ക് ഏറ്റവും കുറഞ്ഞ 5 രാജ്യങ്ങളിൽ ഒന്നായ ബ്രിട്ടനിലെ ഡ്രൈവിങ് സംസ്കാരം എടുത്തു പറയേണ്ട ഒന്നാണ്... രണ്ടു വരി റോഡുകളിൽ ആരും തന്നെ ഓവർ ടേക്ക് ചെയ്യാൻ തുനിയാറില്ല... ഹോൺ മുഴക്കാറില്ല.. 70 മൈൽ വരെ വേഗപരിധി ഉള്ള മോട്ടോർ റോഡുകളിൽ ആണെങ്കിൽ എല്ലാവരും ലൈൻ ട്രാഫിക് പാലിച്ചു പോകാറാണ് പതിവ്... വേഗം കുറഞ്ഞ വാഹനങ്ങൾ ഇടതു വശം ചേർന്നും കൂടിയവ വലതു വശം ചേർന്നും ഒഴുകി നീങ്ങും... റോഡിലെമ്പാടും വാഹനം നിർത്താൻ പാർക്കിംഗ് ബേ കൾ നിർമിച്ചിരിക്കുകയും അല്ലാത്തിടത്തു നിർത്തിയാൽ കനത്ത പിഴ ഈടാക്കുകയും ചെയ്യുന്നു... 

ഇന്ഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറൻ തീരത്തുള്ള ഡോർസെറ്റ് കൗണ്ടിയിൽ ആണ് ഡർഡിൽ ഡോർ. ലണ്ടനിൽ നിന്നും 130 മൈൽ ദൂരെയാണിത്.. പോകുന്ന വഴിയിൽ സതാംപ്ടനു അടുത്തുള്ള ന്യൂ ഫോറസ്റ്റ് നാഷണൽ പാർക്ക് മറ്റൊരു ആകർഷണം ആണ്... കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നേർവഴിക്ക് ഇരുവശവും മരങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു... റോഡിൻറെ ഇരുവശവും മുകൾഭാഗവും മരച്ചില്ലകൾ ഒരേ അളവിൽ വെട്ടിയൊതുക്കി ഇരിക്കുന്നതിനാൽ പച്ചില തുരങ്കത്തിലൂടെ യാത്ര ചെയ്യുന്ന ഫീൽ അനുപമമാണ്... ഇടയ്ക്കിടെ മറച്ചില്ലകൾക്കിടയിലൂടെ സൂര്യൻ എത്തി നോക്കുന്നു...    ഏകദേശം 3 മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങളെത്തുമ്പോൾ ഡർഡിൽ ഡോറിൽ മഴ പൊഴിഞ്ഞു തുടങ്ങിയിരുന്നു... വിശാലമായ കുന്നിൽ പുറത്തു കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങി.. കുന്നിറങ്ങി താഴെയെത്തണം കടലിനടുത്തെത്താൻ... പച്ചപ്പുൽ മേടുകളും അതിനോട് ചേർന്ന് കടലും ഏതോ വാൾപേപ്പറിനെ ഓർമിപ്പിച്ചു... ഇന്ഗ്ലണ്ടിന്റെ തെക്കൻ തീരത്ത്, ഇംഗ്ലീഷ് ചാനലിനോട് ചേർന്നു കിടക്കുന്ന സ്ഥലം ഭൂമുഖത്ത് മനുഷ്യവംശം പിറവികൊള്ളും മുൻപേ, ഏകദേശം 185 മില്യൺ വർഷങ്ങൾക്ക് മുൻപു മുതൽ ഉള്ള ചരിത്രം നമ്മോടു വിളിച്ചു പറയുന്നു.. ട്രയാസിക്, ജുറാസിക്, ക്രെറ്റയേഷ്യസ് കാലഘട്ടങ്ങളിൽ ഫോസിലുകൾ പലകാലങ്ങളിൽ കണ്ടെടുക്കപ്പെട്ടിട്ടുള്ള, പല കാലങ്ങളിൽ കുന്നായും കാടായും കടലായും മരുഭൂമിയായും ഒക്കെ രൂപം മാറിയിട്ടുള്ള തീരം 'ജുറാസിക് കോസ്റ്റ്' എന്ന് പൊതുവിൽ അറിയപ്പെടുകയും യുനെസ്കോ അവരുടെ പൈതൃക പട്ടികയിൽ പെടുത്തി സംരക്ഷിച്ചു പോരുകയും ചെയ്യുന്നു... താഴോട്ട് ഇറങ്ങി ചെല്ലും തോറും ഓരോ സഞ്ചാരിക്കും മറക്കാനാവാത്ത കാഴ്ചയാണ് ഈയിടം സമ്മാനിക്കുക... പച്ച നിറത്തിലുള്ള കടലും പല നിറത്തിലുള്ള കുന്നുകളും കടലിലേക്കിറങ്ങി നിൽക്കുന്ന പാറക്കെട്ടും ഇവിടം ഒരു എണ്ണചായചിത്രം പോലെ തോന്നിക്കും... കടലിൽ ഉയർന്നു നിൽക്കുന്ന കമാനവും അതോടു ചേർന്നു നിൽക്കുന്ന പാറക്കെട്ടുകളും ഇംഗ്ലീഷ് കുട്ടിക്കഥകളിലെ കല്ലായി രൂപാന്തരം പ്രാപിച്ച 'ഡർഡിൽ ഡോറസ്' എന്ന ദിനോസറിന്റെ രൂപം ആയി നമ്മെ അത്ഭുതപ്പെടുത്തും... അത്രമേൽ മനോഹരമായി പ്രകൃതി പലകാലങ്ങളിൽ ചുണ്ണാമ്പ് കല്ലിൽ കൊത്തുപണി ചെയ്തിരിക്കുന്നു... 
ബീച്ചിലേക്ക് ഇറങ്ങാൻ ഉള്ള വഴി കാഴ്ചയിൽ അതി മനോഹരവും എന്നാൽ അത്യധികം വഴുവഴുപ്പുള്ളതും ആയിരുന്നു... കളിമണ്ണിനു സമാനമായ മണ്ണിൽ ഞങ്ങൾ പലകുറി വീഴാൻ പോയി... അത്രയധികം കിഴക്കാംതൂക്കായ(ക്ലിഫ്) ഈയിടം മലയിടിച്ചിലിന് ഏറെ പ്രശസ്തമാണ്... 2013 ലെ മലയിടിച്ചിൽ തെക്ക് പടിഞ്ഞാറൻ ബീച്ചിലേക്കുള്ള വഴി മുഴുവനായും തന്നെ ഇല്ലാതാക്കിക്കളഞ്ഞു... ഡർഡിൽ ഡോറിന് അടുത്തായി തന്നെയാണ് പ്രശസ്തമായ ലൾവർത്ത് കോവ്.. '' ആകൃതിയിൽ കടൽ അകത്തോട്ടു കയറി കിടക്കുന്ന(Cove) ഇവിടം ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്..  
മരം കോച്ചുന്ന തണുപ്പും ചന്നം പിന്നം പെയ്ത മഴയും വീശിയടിക്കുന്ന തണുത്ത കാറ്റും കൂടുതൽ സമയം അവിടെ ചിലവഴിക്കാൻ ഞങ്ങളെ സമ്മതിച്ചില്ല.. മനസ്സില്ലാ മനസ്സോടെ പ്രകൃതി വരച്ച ചിത്രം നോക്കി വീണ്ടും വീണ്ടും നെടുവീർപ്പിട്ടുകൊണ്ടു ഞങ്ങൾ അടുത്തയിടമായ പോർട്സ്മത്തിലേക്ക് തിരിച്ചു...

"നീയെനിക്കല്ലേ... നിൻ പാട്ടെനിക്കല്ലേ..."

ചില പാട്ടോർമകളുണ്ട് .. ഇരുകരകളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഒരുതുരുത്തിന്റെ ഓർമകളിലേക്ക് തോണി തുഴയുന്നവ... ആയുസ്സിന്റെ  അലകടലാകാശങ്ങളെ അകലങ്ങളിലിരുന്നു പോലും തൊട്ടുണർത്തുന്നവ.. പിന്നെയും പിന്നെയും കേൾക്കുമ്പോൾ ജീവിതം തന്നെയായി മാറിയവ.. നിനക്കുമെനിക്കുമിടയിലെ പ്രണയമുഹൂർത്തങ്ങളായവ..
പരസ്പരം നോക്കിയിരുന്ന ആദ്യ തീവണ്ടിയാത്രയിൽ മൗനത്തിന്റെ കെട്ടുപൊട്ടിച്ചത് നീയായിരുന്നു.. "അല്ലിമലർ കാവിൽ " ആയിരുന്നു നീ ചോദിച്ചത്.. പകരം ഞാൻ ഓഫർ ചെയ്തതോ "നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ" എന്ന പാട്ട്.. ഇയർ പീസുകൾ പങ്കുവച്ചു നമ്മളാദ്യമായി കേട്ട പാട്ടിലെ ചില വരികളങ്ങനെ ഓർമയിലിപ്പോഴും കൊരുത്തു നിൽക്കും.. അതെനിക്കായ്‌ എഴുതപ്പെട്ടതെന്നു മനസ്സു മന്ത്രിക്കും.. "ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കീ നിൻ..
 രാഗലോല പരാഗസുന്ദര ചന്ദ്രമുഖ ബിംബം.."
പിന്നീടങ്ങോട്ട് പരസ്പരം പങ്കുവച്ച എത്രയെത്ര പ്രണയയാത്രകൾ.. സ്നേഹം പൊതിഞ്ഞു നീ കൊണ്ടുവന്ന പലഹാരപ്പൊതികൾ.. വായിച്ചും കേട്ടും ചൊല്ലിയും പഴകിയ എത്രയെത്ര കവിതാ ശകലങ്ങൾ.. ആർത്തിയോടെ വായിച്ചു തീർത്ത എത്രയെത്ര പുസ്തകങ്ങൾ... കഥകൾ പറഞ്ഞു പറഞ്ഞു എന്റെ തോളിൽ നീ മയങ്ങിപ്പോയ എത്രയെത്ര രാവുകൾ, പകലുകൾ..
പിന്നെയും കഥ പറഞ്ഞു പറഞ്ഞു നാം ഒന്നായ കഥ.. അങ്ങനൊരു നാളിലാണ് വളരും തോറും പ്രായം കുറഞ്ഞു വരുന്നൊരു സിനിമാക്കഥ (Curious Case of Benjamin ആണെന്ന് തോന്നുന്നു..!!) നീയെന്റെ മുന്നിലിട്ടത്.. അതിൽ പിന്നെ ഓരോ വർഷവും ഞാൻ ചെറുതായി തുടങ്ങി.. നിന്റെ പ്രണയം വാത്സല്യങ്ങളായി.. ഓരോ രാത്രിയിലും സിൻഡ്രല്ലയുടെയും അറബിക്കഥയിലെ രാജകുമാരിയുടെയും കുഞ്ഞനുറുമ്പിന്റെയും തെനാലി രാമന്റെയും കഥകൾ എന്നെ തേടിയെത്തി.. കഥ കേട്ട് നിന്റെ കയ്യിൽ കിടന്ന് നെഞ്ചിൽ തലവച്ചു ഞാൻ ഉറങ്ങാൻ തുടങ്ങി.. എന്റെ കുട്ടിക്കുറുമ്പുകളെ ഉടുമ്പു കുട്ടാപ്പുവിനെ കാട്ടി നീ ഒതുക്കി നിർത്തി.. പ്രണയം കൊണ്ടു നീ കെട്ടിപ്പൊക്കിയ മായാലോകത്ത് നിന്റെ വാത്സല്യങ്ങളെല്ലാം എന്റെ പേരായി... എന്റെയുണ്ണിക്കെന്തു പേരിടും എന്നായി  നിന്റെ പരിഭവങ്ങളത്രയും.. വാക്കുകൾ കോർത്തു നീയും ഞാനും തുടർന്നെഴുതിയവയെല്ലാം പരസ്പരം പ്രണയം തൂവി പ്രണയോപനിഷത്തുക്കളായി... രസച്ചരട് പൊട്ടിയവയൊക്കെയും വിരഹ വേദനകളായി.. പ്രണയമുണ്ടുണ്ടു വളർന്ന ഓരോ ജന്മദിനങ്ങളും പ്രണയ ലേഖനങ്ങൾക്കുള്ള കാത്തിരിപ്പുകളായി..
എഴുത്തുപുരവീട്ടിലെ ഉമ്മറപ്പടിയിലിരിക്കുന്ന രേവതിയുടെ ഭർതൃ സങ്കൽപം നിന്റെ കൂടിയല്ലേയെന്നു ഇപ്പൊഴെനിക്ക് തോന്നാറുണ്ട്.. പിന്നെയിപ്പോ ഇങ്ങു ദൂരെ മാറി ഓർമകളുടെ നാട്ടുമാവിൻ ചോട്ടിൽ ഒറ്റയ്ക്ക് വന്നിരിക്കുമ്പോഴും എന്റെയുള്ളിൽ പാടുന്നത് അതേ പാട്ടു തന്നെ..

സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം...

അത്രമേൽ പ്രിയമായതെന്തും പ്രണയം എന്നാണിപ്പോ എഴുതാൻ തോന്നുന്നത്... ആദ്യത്തെ മൊബൈൽ കയ്യിൽ കിട്ടുന്നതിനും മുൻപുള്ളോരു കാലമുണ്ടായിരുന്നു... നീട്ടിമണിയടിക്കുന്ന ടെലിഫോണിന്റെ കാലം.. നീല ഡിസ്‌പ്ലെയുള്ള കോളർ ഐഡിയിൽ നമ്പർ തെളിഞ്ഞിരുന്ന കാലം.. മിസ്ഡ് കോളിൽ കൂടി വരെ കഥ പറഞ്ഞിരുന്ന കാലം... ഇന്നെനിക്കറിയാം വാക്കിലും നോക്കിലും അന്ന് പ്രണയമായിരുന്നു.. ഒരിക്കലും പറയാൻ പറ്റില്ലെന്ന് കരുതിയ, പറയരുതെന്ന് സ്വയം വിലക്കിയ ചില പ്രണയ സങ്കൽപ്പങ്ങൾ...

                                    ***************************
"ശ്രീപതി"യിൽ അപ്പോഴേക്കും ആളേറെ നിറഞ്ഞിട്ടുണ്ടാവും.. കണ്ണുരുട്ടലുമായി ഉത്തമേട്ടൻ ഹെഡ് മാസ്റ്ററുടെ റോൾ ഏറ്റെടുക്കും.. കുട്ടികളെല്ലാം വരിവരിയായി നിരനിരയായി വലതു വശത്തേയ്ക്ക് ഒതുങ്ങി നിൽക്കും.. ബാഗുകളെല്ലാം സീറ്റിലിരിക്കുന്നവരുടെ മടിയിൽ കുന്നായ്‌ കുമിഞ്ഞു കൂടാൻ തുടങ്ങിയിട്ടുണ്ടാവും..  മുന്നിലെ ഡോറിനടുത്തുള്ള ആദ്യ സീറ്റിൽ നല്ല പിള്ള ചമഞ്ഞിരിക്കുന്ന എനിക്കധികം ഭാരം ചുമക്കേണ്ടി വരാറില്ല.. ഡോർ തുറന്നടയ്ക്കുകയെന്ന ഭാരിച്ച പണി അത്രയും സൂക്ഷ്മതയോടും ശുഷ്കാന്തിയോടും ചെയ്യുന്നതിനാൽ ബാഗുകൾ എന്നെയേല്പിക്കരുതെന്നു ഉത്തമേട്ടന്റെ ഓർഡർ ഉണ്ട്.. വല്ലപ്പോഴും അതറിയാതെ ബാഗ് തരുന്നവർക്ക് അയാളടുത്ത് നിന്നും കണക്കിന് കിട്ടാറുമുണ്ട്.. അങ്ങനെ ഞെങ്ങി ഞെരുങ്ങി വരുന്ന ബസിലേക്കാവും നീല നിറമുള്ള യൂണിഫോം ഇട്ട അവളു വന്നു കയറുന്നത്.. അതും ഒരു ലോഡ് പുസ്തകങ്ങൾ കുത്തി നിറച്ചൊരു നീല സ്കൂബീ ഡേ ബാഗുമായി... അഞ്ചു മിനുട്ട് നിർത്തിയിട്ടായാലും അമ്പതു പേരെ ചീത്തവിളിച്ചിട്ടായാലും എല്ലാ സ്റ്റോപ്പിലെയും എല്ലാവരെയും കയറ്റിയിട്ടേ ഉത്തമേട്ടൻ മണിയടിക്കാറുള്ളൂ.. പലരുടെയും കാലും കയ്യും ചിലപ്പോൾ ഉടലു തന്നെയും ഉളിയെത്തും വരെയും പുറത്തു തന്നെയായിരുന്നു..
തിരിച്ചും മറിച്ചും ഇടുന്ന പഴയ കാസറ്റു പോലെ ഈ കഥ ആഴ്ചയിൽ ആറു ദിവസവും ഇടതടവില്ലാതെ ഓടി.. നൂറിലധികം വരുന്ന സഹയാത്രികരിൽ ഇന്ന് വരാത്തതാരൊക്കെയെന്നു പോലും കൃത്യമായി പറയാൻ പറ്റുന്ന സ്ഥിതിയായി..
പറഞ്ഞു വന്ന സ്കൂബീ ഡേ ബാഗ് പലപ്പോഴും അങ്ങ് വാങ്ങും.. ഉത്തമേട്ടൻ കാണാതെ തന്നെ.. അങ്ങനങ്ങു പരിചയമായി.. ആ പരിചയം വച്ചാണ്, റെയിൽവേ ഓവർബ്രിഡ്ജ് കടന്ന്, മുനീശ്വരൻ കോവിലിനു മുന്നിലൂടെ മാർക്കറ്റ് റോഡും ബാങ്ക് റോഡും കടന്നു പ്രഭാത് ജങ്ക്ഷനിലെ മൂന്നാം നിലയിലുള്ള എൻട്രൻസ് ക്‌ളാസിലേക്ക് നടക്കുമ്പോൾ ആദ്യമായി സംസാരിച്ചത്.. പിന്നെയത് സ്റ്റേഡിയം കോർണറിൽ നിർത്തിയിടുന്ന "ന്യൂ ലൈഫി"ൽ കയറാനുള്ള വൈകുന്നേരത്തെ ധൃതി കുറഞ്ഞ നടത്തിനിടെ ആവും..  അത് പിന്നെ ഒന്നോ രണ്ടോ തവണ മാത്രം ശബ്ദിക്കുന്ന വീട്ടിലെ ടെലിഫോൺ ബെല്ലുകളായി.. പിന്നെ ആദ്യമായി കയ്യിലൊരു 1100 കിട്ടിയപ്പോൾ മിസ്ഡ് കോളുകൾ അതിൽ നിന്നായി.. അതുവഴി പോകുമ്പോഴും വരുമ്പോഴും ഇത് സിഗ്നൽ ആയി..അറിഞ്ഞോ അറിയാതെയോ വീടിന്റെ ഉമ്മറപ്പടിയിൽ നിന്നൊരു തലയെത്തി നോട്ടങ്ങളുണ്ടായി.. പിന്നീടുള്ള കോളേജ് കാലങ്ങളിൽ ഫോണിലൂടെ കഥ പറയലുകളുണ്ടായി.. വല്ലപ്പോഴും കണ്ടുമുട്ടലുകളുണ്ടായി.. ആരാണ് നീ.. ആരാണ് ഞാൻ എന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടലുകളുണ്ടായില്ല.. പ്രണയം എന്നതൊരു വാക്കായി പോലും വർത്തമാനത്തിലെവിടെയും കൊരുത്തു വന്നില്ല.. പിന്നെയും കാലങ്ങൾ കഴിഞ്ഞു..
എന്റെ പ്രണയത്തിന്റെ കഥ ഞാൻ പറഞ്ഞൊരു നാൾ നീ മൗനിയാകുന്നത് ഞാൻ കണ്ടു.. അതോ അതെനിക്ക് മാത്രം തോന്നിയതാകുമോ? പിന്നെയുള്ള വിളികൾക്ക് ദൈർഘ്യം കുറഞ്ഞു.. മെസ്സേജുകൾക്ക് എണ്ണം കുറഞ്ഞു.. എഴുതാൻ നിനക്കൊരു പേന  സമ്മാനമായി നൽകിയ ഞാൻ ഒരായിരം പ്രണയലേഖനങ്ങളെനിക്കെഴുതി നല്കിയവളെ കല്യാണം കഴിച്ചു.. അന്ന് നീ വന്നില്ല.. ഞാനേറെയിഷ്ടപ്പെട്ട, ഞാനാശിച്ചൊരു ജോലി ചെയ്യുന്നയാളെ നീയും വിവാഹം കഴിച്ചു... അന്ന് ഞാനും വന്നില്ല..
കാലങ്ങൾക്കിപ്പുറം വാട്സ്ആപ്പിലെ സ്നേഹാന്വേഷണങ്ങൾക്ക് ഔപചാരികതയുടെ നിറം മാത്രമായി..  തിരിഞ്ഞു നോക്കുമ്പോൾ ഓർമയിലൊരു നീലമെഴുകുതിരി മുനിഞ്ഞു കത്തി നില്പുണ്ട്.. 

മഴയോളം നനഞ്ഞില്ലൊരുമഴയുമിന്നോളം ..


എത്ര വട്ടം മഴ കണ്ടു എന്ന് ചോദിച്ചാൽ അറിയില്ലെന്ന് തന്നെ ഉത്തരം...
കലാലയ കാലത്തെ വരണ്ടുണങ്ങിയ തമിഴ് മണ്ണിൽ മഴയങ്ങനെ നിർത്താതെ പെയ്യുകയായിരുന്നു...
ഭദ്രയുടെ ഭാവമായിരുന്നു പ്രണയിനിക്കെന്നും..
പൂവിന്റെ സ്വപ്‌നങ്ങൾ പൂക്കളെക്കാളും മൃദുലവും സൗമ്യവും ആയിരുന്നു..
പ്രണയം പൂത്ത രാത്രികളിലൊക്കെയും മഴയങ്ങനെ നിർത്താതെ പെയ്യുകയായിരുന്നു...

"മുല്ലയും പിച്ചകവും ജമന്തിയും കാട്ടു തുളസിയും മണക്കുന്ന തെരുവുകളും കോടി മണക്കുന്ന ജൗളിക്കടകളും മീനാക്ഷി ക്ഷേത്രത്തിന്റെ തണുത്തു മിനുത്ത അകത്തളങ്ങളും തിലഹോമത്തിന്റെ തിരികളും സന്ധ്യയ്ക്കു തന്റെ ഗുരുനാഥൻ ആലപിച്ച നീലാംബരിയും" നീ തന്ന കഥാപുസ്തകത്തിലെ അടിവരയിട്ട വാചകങ്ങളായിരുന്നു... ആ വാഗ്മയ ചിത്രങ്ങളെ ക്യാമറയിൽ  പകർത്തി കാലത്തിനു കൈമാറുകയായിരുന്നു ലെനിൻ രാജേന്ദ്രൻ..

മുറിച്ചു മാറ്റിയ ഒരവയവത്തെ തേടി രോഗി ആശുപത്രിയിലേക്ക് തിരിച്ചു ചെല്ലാറുണ്ടോ എന്ന് മാധവിക്കുട്ടി ചോദിക്കുന്നുണ്ട്.. കഥയുടെ തുടക്കത്തിൽ.. ഉണ്ടെന്നു തന്നെ ഉത്തരം.. രോഗം പ്രണയവും മുറിച്ചു മാറ്റപ്പെട്ടത് ഹൃദയം തന്നെയുമാവുമ്പോൾ എത്രയകലങ്ങളിൽ നിന്നും രോഗി തിരിച്ചു വരും... നഷ്ടപ്പെട്ട തന്റെ ഹൃദയം തേടി.. പ്രണയം പൊഴിഞ്ഞ രാഗങ്ങൾ തേടി.. നഷ്ടപ്പെട്ട നീലാംബരി തേടി..
-നിധി- 

വിംബിൾഡൺ

പത്രത്താളുകളിൽ ഒളിമ്പിക് മെഡലണിഞ്ഞ പേസിന്റെ ചിത്രമാണ് ടെന്നിസിനെ സംബന്ധിയായ ആദ്യത്തെ ഓർമ.. പിന്നീടിങ്ങോട്ട് പേസ് - ഭൂപതി എന്നത് ഒറ്റപ്പേരാണെന്നു വരെ ധരിച്ചു വച്ചിരുന്നൊരു തേരോട്ടകാലമായിരുന്നു... ആന്ദ്രേ അഗാസിയും പീറ്റ് സാംപ്രസ്സും സ്വർണതലമുടിയുള്ള സ്റ്റെഫി ഗ്രാഫുമെല്ലാം പത്രത്താളുകളിൽ നിറഞ്ഞു നിന്നിരുന്ന കാലം... അവരോടൊക്കെയുള്ള ആരാധനയാവണം ഈ കളിയെ ശ്രദ്ധേയമാക്കിയതും...
കാലം കഴിയും തോറും ടെന്നിസിനെ ചക്രവാളത്തിലെ പഴയ നക്ഷത്രങ്ങൾ അസ്തമിക്കുകയും റോജർ ഫെഡറർ എന്ന ഒരൊറ്റ സൂര്യൻ പിറവി കൊള്ളുകയും ചെയ്തു... ദാവീദിന് ഗോലിയാത്തെന്ന പോലെ അവിടെയുമുദിച്ചു ഒരെതിരാളി... കാളക്കൂറ്റന്റെ കരുത്തുള്ള റാഫേൽ നദാൽ... പുൽക്കോട്ടിൽ എന്നും ചിരിച്ചത് റോജർ ആയിരുന്നു... ഓരോ തോൽവിക്കും കളിമൺ കോർട്ടിൽ റാഫ പകരം ചോദിച്ചു...  അങ്ങനെ ഓരോ ഗ്രാന്റ് സ്‌ലാമും കളിപ്രേമിക്ക് കണക്കു വീട്ടലിന്റേതായി... ഓസ്‌ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും അത് കഴിഞ്ഞു വിംബിൾഡനും യു എസ് ഓപ്പണും... റോജറും എണ്ണത്തിൽ കുറവെങ്കിലും നാദാലും റെക്കോർഡ് ബുക്കിൽ തങ്ങളുടെ പേരുകൾ എഴുതി ചേർത്തു കൊണ്ടേയിരുന്നു...
ഈ കാലത്തിലൊക്കെയും കാരിരുമ്പിന്റെ കരുത്തുമായി സെറീനയായിരുന്നു മറുവശത്ത്... സാഹോദര്യത്തിന്റെ അനുഭവവുമായി വീനസും സൗന്ദര്യത്തിന്റെ അഴകളവുകളുമായി ഷറപ്പോവയും ഇടയ്ക്കൊരു കൊള്ളിയാൻ കണക്കെ മറ്റു പലരും സെറീനയോട് പൊരുതി നോക്കാനെത്തി...
ഇവരോടൊക്കെയുള്ള പെരുത്തിഷ്ടങ്ങളാണ് ഈ കളിയെപ്പറ്റി ഒരു ചുക്കുമറിയില്ലാഞ്ഞിട്ടും ഒരു തവണ പോലും റാക്കറ്റ് കൈകൊണ്ടു തൊട്ടിട്ടില്ലാഞ്ഞിട്ടും വിംബിൾഡനിലേക്കൊരു യാത്ര പോകണമെന്നൊരു ആശ മനസ്സിൽ വളർത്തിയത്... വെംബ്ലിയിൽ നിന്നും നേരത്തെ തിരിച്ചെങ്കിലും ട്രെയിൻ ചതിച്ചതിനാൽ ഗേറ്റിങ്കൽ ചെന്ന് എത്തി നോക്കാനേ ആദ്യ യാത്രയിൽ സാധിച്ചുള്ളൂ... രണ്ടാമത്തെ തവണ ഫുൽഹാമിൽ നിന്നും വിംബിൾഡനിലേക്ക് ട്രെയിൻ കയറുമ്പോൾ വാച്ചിൽ സമയം 3.50... ട്രെയിൻ വിംബിൾഡൺ എത്താൻ കാത്തു നിന്നില്ല... സൗത്ത് ഫീൽഡിൽ ഇറങ്ങി ഓരോട്ടമായിരുന്നു... കൃത്യം ഒരു മൈൽ.. വിംബിൾഡനിന്റെ നാലാം ഗേറ്റിലേക്ക് ഓടിച്ചെന്നു കയറുമ്പോൾ വാച്ചിൽ സമയം 4.24... റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ 5 മണി വരെയേ സമയമുള്ളൂ എന്ന മറുപടി... എങ്കിലും ടിക്കറ്റെടുത്തു... മ്യുസിയത്തിൽ ട്രോഫികൾ കാണാനുള്ള സമയം.. പിന്നെ സെന്റർ കോർട്ടും...
ആദ്യം ലോൺ ടെന്നീസ് ക്ലബ് മ്യുസിയത്തിലേക്ക്.. വിംബിൾഡനിന്റെ ചരിത്രമെന്നാൽ ലോക ടെന്നിസിനെ ചരിത്രമെന്നു തിരുത്തി വായിക്കാം.. അത്രയ്ക്കുണ്ട് കഥ പറയാൻ...
ട്രോഫി റൂമിലേക്ക് കയറി.. അതാ അവിടിരുന്നു വെട്ടിത്തിളങ്ങുന്നു ഒരു വെള്ളിക്കപ്പും അടുത്തൊരു വെള്ളിത്തളികയും.. 


എല്ലാ വർഷവും ജൂണിലെ അവസാനത്തെ ആഴ്ച ഇവിടുത്തെ പുൽക്കോർട്ടിനു തീ പിടിക്കും... ലോക ടെന്നീസിലെ 128 കരുത്തർ ഇവിടെ കളിക്കാനിറങ്ങും.. പതിനാലാം നാൾ, ജൂലൈയിലെ ആദ്യത്തെ ഞായറാഴ്ച്ച  തീപാറിയ127 കളികൾക്കൊടുവിൽ, ഒരുവൻ റാക്കറ്റ് മുകളിലേക്കെറിയും.. പുൽമൈതാനത്ത് മലർന്നു കിടക്കും.. ഒടുവിൽ ആ വെള്ളിക്കപ്പിൽ മുത്തമിടുമ്പോൾ തൊണ്ടയിടറും.. കണ്ണുകൾ നിറഞ്ഞൊഴുകും...
വനിതാ വിഭാഗത്തിലും ഇതാവർത്തിക്കും.. ഒടുവിലൊരുവൾ "വീനസിന്റെ പനീർത്തളികയിൽ"(Venus rosebowl dish) കടിക്കുമ്പോൾ മറ്റെയാൾ കണ്ണീർ വാർക്കുകയാവും...
ഈ കഥ ആദ്യമദ്ധ്യാന്തം ആവർത്തിക്കാൻ തുടങ്ങിയിട്ട് 141 വർഷമാകുന്നു... എത്രയെത്ര വാഴ്ചകൾ... എത്രയെത്ര വീഴ്ചകൾ...
മറ്റു ഡബിൾസ് ഗ്രാന്റ് സ്ലാമുകളിൽ വിജയികൾക്ക് ഒരു ട്രോഫി കിട്ടുമ്പോൾ ഇവിടെ രണ്ട് പേർക്കും കിട്ടും ഓരോ "സിൽവർ ചലഞ്ച് കപ്പ്".. വനിതകളിലെ ഡബിൾസ് വിജയികൾക്ക് കിട്ടുക കെന്റിലെ പ്രഭ്വിയുടെ (The Duchess of kent) പേരിലുള്ള ട്രോഫിയാണ്... മിക്സഡ് ഡബിൾസ് ചാംപ്യനുള്ള സിൽവർ ചലഞ്ച് കപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ പുരുഷ താരം ലിയാണ്ടർ പേസ് ആണ്...  മൂന്ന് ദശാബ്ദങ്ങളിൽ വിംബിൾഡൺ ട്രോഫിയിൽ മുത്തമിട്ട ഒരേയൊരാളും പേസ് തന്നെ...  ഓരോ കിരീടങ്ങളും എത്രയെത്ര ഇതിഹാസങ്ങളുടെ വിരൽ പാടുകൾ പതിഞ്ഞിരുന്നു... ഇവയൊക്കെയും അടുത്ത് കാണുകയെന്നാൽ, ഒന്ന് തൊട്ടു നോക്കുകയെന്നാൽ മഹാ പുണ്യം തന്നെ...
കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിലെ ഓരോ ദശകത്തിലും ടെന്നീസിന് വന്ന മാറ്റങ്ങളറിയാൻ ഇതുവഴിയൊന്നു നടന്നു നോക്കിയാൽ മതി...  പന്തിലും റാക്കറ്റിലും പാന്റ്സിലും ഷോർട്സിലും സ്‌കർട്സിലും ഷൂവിലും എന്ന് വേണ്ട എന്തെല്ലാം മാറ്റങ്ങൾ... എല്ലാം ഒന്നൊഴിയാതെ അടയാളപ്പെടുത്തി വച്ചിരിക്കുന്നു... ഇനിയും കാണാൻ ഒരുപാടുണ്ട്... റാക്കറ്റിന്റെയും പന്തിന്റെയും രൂപ പരിണാമങ്ങൾ... ബോറിസ് ബെക്കറും ബോൺ ബോർഗും വില്യം റെൻഷോയും മുതൽ പീറ്റ് സാംപ്രസ്സും  റോജർ ഫെഡററും റാഫേൽ നാദാലും വരെയുള്ളവരുടെ വീരഗാഥകൾ... പക്ഷെ സമയമില്ല... സെന്റർ കോർട്ടിലേക്ക് പോകാനുള്ള സമയമടുത്തിരിക്കുന്നു... പുറത്തേക്കുള്ള ചുവരിൽ പീറ്റ് സാംപ്രെസിന്റെ വരികൾ... "ലോകത്തിലെ ഏറ്റവും വലിയ വിജയം കണക്കെ അവരാഹ്ലാദിക്കും... കാരണം അതിതാണ്!!"

ഇനി സെന്റർ കോർട്ടിലേക്ക്, കളിക്കാർക്കുള്ള പ്രധാന വഴിയിൽ ഗൊരാൻ ഇവനിസെവിച്ചിന്റെ വാക്കുകൾ.. "ഇനിയൊരു മത്സരം ജയിച്ചില്ലെങ്കിലും എനിക്ക് നിരാശയില്ല... ഞാനിനി എന്ത് ചെയ്താലും, എവിടേക്ക് പോയാലും ഒരായുഷ്കാലമത്രയും ഞാനൊരു വിംബിൾഡൺ ചാംപ്യനായിരിക്കും"

വിംബിൾഡൺ ചരിത്രത്തിൽ സീഡ് ചെയ്യപ്പെടാത്ത ഒരേയൊരു ചാമ്പ്യൻ ആണ് ഗൊരാൻ... 2001 ൽ ഗൊരാൻ കിരീടം നേടുമ്പോൾ അദ്ദേഹത്തിന്റെ റാങ്കിങ് 125.. ആദ്യ 104 റാങ്കുകാർ നേരിട്ട് യോഗ്യത നേടുന്ന വിംബിളിഡനിൽ വൈൽഡ് കാർഡ് എൻട്രിയുമായെത്തി കിരീടവുമായി മടങ്ങിയൊരാൾ.. ലോക ഒന്നാം നമ്പറിലെത്തിയ മൂന്നു പേരെ(കാർലോസ് മോയ, ആന്റി റോഡിക്, മരത് സാഫിൻ) അട്ടിമറിച്ച ആ ടൂർണമെന്റിന് ശേഷം പതിനാറാം റാങ്കിലെത്തിയ ഗൊരാൻ ഒറ്റയടിക്ക് കുതിച്ചത്109 സ്ഥാനങ്ങൾ...
സെന്റർ കോർട് ഒരത്ഭുദം ആണ്... വെറും രണ്ടാഴ്ചയ്ക്ക് വേണ്ടി, ഏറിയാൽ 10 മത്സരങ്ങൾക്ക് വേണ്ടി വർഷം മുഴുവൻ പരിപാലിക്കപ്പെടുന്ന സ്ഥലം.. നൂറു ശതമാനം യഥാർത്ഥ പുൽകോർട്.. ഇന്ന് ഗ്രാന്റ് സ്ലാം ഫൈനൽ നടക്കുന്ന ഒരേയൊരു പുൽ മൈതാനം...
ഇരുവശത്തും റോളക്സ് സ്കോർബോർഡുകൾ.. ഒന്നിൽ നൊവാൻ ദ്യോക്കോവിച്ചിനും കെവിൻ ആൻഡേഴ്സണും കീഴെ 6-2, 6-2, 7-6 എന്ന സ്കോർ ലൈൻ... മറുവശത്ത് 6-3, 6-3 എന്ന സ്കോറിന് സെറീന വില്യംസ് എന്ന ഇതിഹാസതാരത്തെ ആഞ്ജലിക് കെർബർ എന്ന ജർമൻകാരി മുട്ടുകുത്തിച്ച കഥ... ജൂണിൽ അടുത്ത വിംബിൾഡൺ വരേയ്ക്കും ഇതിവിടെ കാണും.. പിന്നെയിതും ചരിത്ര താളുകളിലേക്ക് പകർത്തിയെഴുത്തപ്പെടും... പിന്നെ ഇവിടെ മൂളിപ്പറക്കുന്ന ഓരോ എയ്‌സിലും വന്നു വീഴുന്ന ഓരോ സ്മാഷിലും പോയിന്റുകൾ മാറിമാറിതെളിയും...
പതിനയ്യായിരം സീറ്റുകളുള്ള സെന്റർ കോർട്ടിലെ തെക്കുഭാഗത്താണ് റോയൽ ബോക്സ്.. രാജകുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും ഇരുന്നു മത്സരങ്ങൾ വീക്ഷിക്കുന്നയിടം...
2009ൽ ആണ് സെന്റർ കോർട്ടിനു മേൽക്കൂര പണിതത്... 10 മിനിറ്റിൽ തുറക്കാനും 10 മിനിറ്റിൽ അടയ്ക്കാനും കഴിയും വിധം ഇത് ക്രമീകരിച്ചിരിക്കുന്നു... അതിനാൽ മഴയുള്ള ദിനങ്ങളിലും വിംബിൾഡൺ മസരങ്ങൾ തടസ്സമില്ലാതെ നടത്താൻ സാധിക്കുന്നു.. വിസ്മയക്കണ്ണുകളോടെ കണ്ടും ഫോട്ടോ എടുത്തും നടക്കുമ്പോഴേക്കും വാച്ചിൽ സമയം 5 ആയി... പടിഞ്ഞാറ് സൂര്യൻ അസ്തമിച്ചു തുടങ്ങി.. ശൈത്യകാലത്ത് ചൂടുപകരാൻ ഇട്ട ലൈറ്റുകളുടെ വെളിച്ചത്തിൽ പച്ചപ്പുല്ലിന്റെ ഇളം നാമ്പുകൾ വെട്ടിത്തിളങ്ങി... ഗൈഡ് പുറത്തിറങ്ങാൻ തിരക്കുകൂട്ടി... കണ്ടുമറിഞ്ഞും തീർന്നിട്ടുണ്ടായിരുന്നില്ല ഒന്നും... ബാക്കി 17 കോർട്ടുകളും ഒരുനോക്കു കാണാൻ കഴിഞ്ഞില്ല... ക്ലബ് സ്റ്റോർ അടച്ചിരുന്നു... വെറും കയ്യോടെയെങ്കിലും മനസ്സ് നിറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി...  അപ്പോഴും ഗൊരാന്റെ വാക്കുകൾ ഉൾക്കൊണ്ട മനസ്സ് പറഞ്ഞു...
"ഇനി വേറെന്തു കണ്ടില്ലെങ്കിലും എനിക്ക് നിരാശയില്ല... കാരണം ഇത് വിംബിൾഡൺ ആണ്!!!"