ഞാനറിയുന്ന കണ്ണൂർ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ ആദ്യം എന്താണ് ഓർമ വരിക...?
നിങ്ങൾ ഒരു കണ്ണൂരുകാരൻ അല്ലെങ്കിൽ നിസ്സംശയം പറയാം,
എവിടെയോ പൊട്ടിയ ഒരു ബോംബിന്റെ കറുത്ത പുക..,
മനസ്സാക്ഷിക്കുത്തില്ലാതെ വെട്ടി വീഴ്ത്തുന്ന വടിവാളിന്റെ തിളക്കം...,
അല്ലെങ്കിൽ എന്നോ തുടങ്ങി ജയകൃഷ്ണൻ മാഷിലും ഷുക്കൂറിലും ഫസലിലും ഒടുവിൽ ടിപിയിലും എത്തി നില്ക്കുന്ന രക്തസാക്ഷികളുടെ മുഖം...,
നിങ്ങല്ക്കൊരല്പം ഇടതു ചായ്‌വ് ഉണ്ടെങ്കിൽ ചുവപ്പു കൊടിമരത്തിനു കീഴെ കട്ടൻ ചായയും പരിപ്പു വടയും കഴിച്ച് ദിനേശ് ബീഡിയും വലിച്ചിരിക്കുന്ന സഖാക്കളുള്ള ചുവപ്പു കോട്ട..,
എന്നാൽ കണ്ണൂരിനെ കുറിച്ചുള്ള കണ്ണൂരുകാരന്റെ കാഴ്ച തികച്ചും വേറിട്ടതാകുന്നു..

ആദ്യമേ ഒരു കാര്യം പറയട്ടേ,കണ്ണൂരിൻറെ മേല്പറഞ്ഞ മുഖഛായയിൽ എറ്റവുമധികം വേദനിക്കുന്നത് കണ്ണൂരുകാരാകുന്നു...
നാട് കണ്ണൂരെന്ന് പറയുമ്പോഴുള്ള ആ ഭാവപ്പകർച്ച ഞങ്ങളെത്ര കണ്ടിരിക്കുന്നു...
ആ നോട്ടം പലപ്പോഴും പുച്ഛത്തിന്റെതായിരുന്നു..
ചിലപ്പോഴൊക്കെ ഭയവും മറ്റു ചിലപ്പോൾ സഹതാപവുമായിരുന്നു ആ നോട്ടങ്ങളിൽ..,(തെക്കൻ കേരളത്തിലൊരിക്കൽ പാതിരാത്രിയിൽ ലിഫ്റ്റ്‌ തന്ന ബൈക്ക് യാത്രക്കാരൻ നാട് കണ്ണൂരാണെന്ന് പറഞ്ഞപ്പോൾ ഞാനിവിടെ വരെയേ ഉള്ളൂ എന്ന് പറഞ്ഞു പാതിവഴിയിൽ ഇറക്കി വിട്ടതും ഇവിടെ ഓർക്കാം)., സഹജീവിയെ, അത് സ്വന്തം സഹോദരനാണെങ്കിൽ പോലും അന്യപാർടിക്കാരനാണെങ്കിൽ വെട്ടി വീഴ്ത്തുന്ന നീച രാഷ്ട്രീയത്തോടുള്ള അവജ്ച്ഞ.. - അതേറ്റു വാങ്ങാൻ ഞാൻ ബാധ്യസ്തനാകുന്നു..
എന്നാൽ കണ്ണൂരിന് നിങ്ങളറിയാത്ത മറ്റൊരു മുഖമുണ്ട്,
സ്നേഹിക്കാനറിയുന്ന മനുഷ്യത്വം വറ്റി തുടങ്ങിയിട്ടില്ലാത്തൊരു മുഖം.., തനിക്കു മേലെ തന്റെ നാട്ടാരെ കാണുന്നൊരു മാനുഷിക മുഖം..., ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ്മയെ കുറിച്ചറിയാൻ സഹകരണ പ്രസ്ഥാനങ്ങളുടെ കണക്കെടുത്താൽ മതിയാകും..,
അത് ജനകീയ ഓട്ടോയിലും ജനകീയ ബസ്സിലും തുടങ്ങി എണ്ണിയാൽ തീരാത്ത സഹകരണ ബാങ്ക്-ആശുപത്രി-വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിനില്ക്കുന്നു(ഇവയിൽ പരിയാരം മെഡിക്കൽ കോളേജ്, തലശ്ശേരി എഞ്ഞിനീറിങ്ങ് കോളേജ്,കോഫീ ഹൌസ്,റബ്കോ, റെയ്ഡ്കോ തുടങ്ങിയ വൻ സംരംഭങ്ങളും പെടും).

ഇവിടെ എല്ലാവരും ഒരു കുടുംബമാണ്... നാട്ടിലൊരു കല്യാണമായാലും മരണമായാലും എന്റെ വീടും നിന്റെ വീടും ഒരുപോലെ.., എന്റെ സന്തോഷവും നിന്റെ സന്തോഷങ്ങളും ഒരു പോലെ.., അപരന് വേണ്ടി ഒരു കൈ സഹായം നീട്ടാൻ ആര്ക്കും ഒരു മടിയുമില്ല.., അതുകൊണ്ട് മാത്രമാണ് നടുറോഡിൽ ചോര വാർന്നു മരിച്ചെന്ന വാർത്ത കണ്ണൂരിൽ നിന്നും നിങ്ങൾ ഇനിയും കേട്ടു തുടങ്ങിയിട്ടില്ലാത്തത്...

തന്റെ ചുറ്റുവട്ടങ്ങളിൽ നിന്നാവണം 'കൊമാല'യിലെ വിശ്വൻ കുണ്ടൂരിനെ സന്തോഷ്‌ എച്ചിക്കാനം കണ്ടെടുത്തിട്ടുണ്ടാവുക..,
കണ്ണൂരിന്റെ കറുത്ത ഏടുകളിൽ നിന്നും ഉയിർത്തെണീറ്റു വന്ന അസ്നയ്ക്കും അമാവാസിക്കും(പൂർണചന്ദ്രൻ) വാതോരാതെ പറയുവാനുണ്ടായിരുന്നത് ഇവിടുത്തെ കരുണ വറ്റാത്ത കരങ്ങളെ കുറിച്ചായിരുന്നു..,

ഒരേ മനസ്സോടെ കൂടെ നിന്ന നല്ല നാടിനെ കുറിച്ചായിരുന്നു (കണ്ണൂർ അങ്ങനെ ആ കടം വീട്ടി!!)
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണം പരിശോധിച്ചാൽ വളരെ വിചിത്രമായൊരു മനശാസ്ത്രം കാണാമതിൽ..,
തന്റെ സുഹൃത്തിനോ പ്രസ്ഥാനത്തിനോ ഏറ്റ പ്രശ്നത്തിനെ തന്റെതായി കണ്ടു അവൻ പകരം ചോദിക്കുന്നു... അവിടെ തന്നെയോ കുടുംബത്തെയോ അവൻ വലുതായി കാണുന്നില്ല.. പ്രസ്ഥാനത്തോടുള്ള ഈയൊരു ആത്മാർഥത ചില നേതാക്കൾ മുതലെടുത്തതാണ് ഫുട്ബോളിനു സമാനമായ സ്കോറിങ്ങിലേക്ക് രാഷ്ട്രീയ കൊലപാതകങ്ങളെ കൊണ്ടെത്തിച്ചത്..,

കേരളത്തിലെ മദ്യപരുടെ കണക്കെടുത്താൽ ഒരുപക്ഷേ എറ്റവും പിന്നിലായിപ്പോകും കണ്ണൂര്.., പരമ്പരാഗത കണ്ണൂരുകാർക്കിടയിൽ സ്ത്രീധന സമ്പ്രദായം ഇന്നും കേട്ടുകേൾവി മാത്രമാണ്.., "രക്ഷിക്കാം പൈതങ്ങളേ" എന്ന് ചൊല്ലി ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളുടെ ചുറ്റിലും ഭക്ത്യാദര പൂർവ്വം തടിച്ചു കൂടുന്നവരിൽ ജാതി-മതങ്ങളുണ്ടായിരുന്നില്ല... അതുകൊണ്ടാണ് പെരുന്നയിലും കണിച്ചുകുളങ്ങരയിലും ഇരുന്നു ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളിയിട്ടും ഇവിടെ അവർക്ക് ആളെക്കിട്ടാത്തത്...

മദ്യപിക്കാത്തതെന്തെന്ന കൂട്ടുകാരുടെ ചോദ്യത്തിന് എന്റെ സുഹൃത്തിന്റെ മറുപടി ഇതായിരുന്നു "ഞാൻ വെള്ളമടിച്ചു വീട്ടിൽ കിടന്നുറങ്ങിയാൽ അയൽക്കാർക്കൊരാവശ്യം വന്നാൽ എന്ത് ചെയ്യും??" ഇതിലേറെ നാട്ടാരെക്കുറിച്ചു പറയാൻ എന്തിരിക്കുന്നു....

വാല്ക്കഷണം:  കണ്ണൂരുകാർ ഒരിക്കലും ഞങ്ങൾ എന്ന് പറയാറില്ല.., ‘നമ്മൾ’എന്നേ പറയൂ..  അതിനു പിന്നിലൊരു തത്വശാസ്ത്രമുണ്ട്.. 'ഞാൻ' എന്നതിന് ബഹുവചനമാണ് 'ഞങ്ങൾ', 'നാം' എന്നതിന് 'നമ്മൾ' ഉം..

    -നിധി-

എഴുത്തിന്റെ ചാപിള്ളകൾ


യാത്രകളാണ് എഴുത്തിനു പ്രചോദനം.....

അത് ചിലപ്പോൾ അവ നല്കുന്ന ഏകാന്തത കൊണ്ടു കൂടിയാവാം... എഴുതാനുള്ള വിഷയങ്ങളൊന്നുമില്ലെങ്കിലും ആ  ഒരു ത്വര അങ്ങനെ അലട്ടിക്കൊണ്ടിരിക്കും...

അതു ചിലപ്പോൾ കയ്യിൽ കിട്ടിയൊരു കടലാസു തുണ്ടിലാവാം... അല്ലെങ്കിൽ റയിൽവേ ടിക്കറ്റിന്റെ മറുപുറത്താവാം...

പിന്നെപ്പിന്നെ അതിപ്പോ മെസ്സേജ് ഡ്രാഫ്റ്റ് ആയി...

 എങ്കിലും പിന്നീടെപ്പോഴോ ബാഗിന്റെ കള്ളി തുറന്നപ്പോൾ എഴുതി മുഴുമിപ്പിക്കാത്ത ഒരുപാട് തുണ്ടുകൾ...

വെളിച്ചം  കാണാതെ പോയ എഴുത്തിന്റെ ചാപിള്ളകൾ....

 പിന്നീടൊരിക്കലും എനിക്കത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല...

ആ ഒരൊഴുക്കിലേക്ക് എനിക്ക് ഇറങ്ങിചെല്ലാനായില്ല...  

ആ ഒരു യാത്രയിലേക്ക് തിരിച്ചു പോകാനും....

 

ഈയൊരു കുറിപ്പും ചിലപ്പോൾ ഏതോ ഒരു ചുവപ്പു സിഗ്നലിൽ കുരുങ്ങി രസച്ചരടു പൊട്ടി അർധവിരാമത്തിലേക്ക് ഊർന്ന് വീണേക്കാം...

മറ്റൊരു ചാപിള്ളയെ എന്റെ ഡ്രാഫ്റ്റിൽ അവശേഷിപ്പിച്ച് ഇതും........

കാരണം മറ്റൊരു യാത്രയ്ക്കും കിഴക്കൻ ആന്ധ്രാ തീരത്തെ ഈ വരണ്ട കാറ്റും കത്തുന്ന വെയിലും കൂനകൂട്ടിയ ഉപ്പളങ്ങളും തിരികെ തരാനാവില്ലല്ലോ.....

                                                                     - നിധി -