നീണ്ടുപോകുന്നൊരൊറ്റയടിപ്പാതയായി ജീവിതം....

" നീണ്ടുപോകുന്നൊരൊറ്റയടിപ്പാതയായി ജീവിതം.... "

ഇങ്ങനെ എഴുതി അടിവരയിട്ട ശേഷം മനസ്സിലേ ഓടിയെത്തിയതൊരു പാട്ടാണ്....

അത് തികച്ചും ആകസ്മികമാണു താനും...

വെട്ടം സിനിമയിലെതാണെന്നു തോന്നുന്നു,

 "മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴീ....."
നിങ്ങളുടെ മനസ്സിലുമില്ലേ അങ്ങനെ ഒരു വഴി?

ബാലൻസു തെറ്റാതെ സൈക്കിളോടിച്ച പാടവരമ്പിലെ ഒറ്റയടിപ്പാത.....
മഴപെയ്തൊഴിഞ്ഞിട്ടും മരം പെയ്തു തീരാത്ത നാട്ടുവഴികൾ......
കോടമഞ്ഞിൻറെ മൂടുപടത്തിൽ അതീവ സുന്ദരിയാകുന്നൊരു കൊച്ചുഗ്രാമം.....
അതെന്റേതും കൂടിയാണ്.... നിങ്ങളുടേതും.... (നമുക്കെല്ലാമുള്ളത് ഒരേ വികാരങ്ങളല്ലേ..... ?)

അവിടെയാണു പിച്ചവച്ചു തുടങ്ങിയത്.... ലക്ഷ്യമുണ്ടായിരുന്നോ? സാധ്യതയില്ല ....  കാരണം എനിക്കു മാത്രമല്ല, എന്നെ പോലെയുള്ള ഒരു നാട്ടിൻപുറത്തുകാരനും ഉറച്ച ഒരു സ്വപ്നമുണ്ടായിരുന്നില്ല....

ഓട്ടോ കണ്ടപ്പോള്‍ ഓട്ടോ ഡ്രൈവറാകാനും വിമാനം കണ്ടപ്പോള്‍ പൈലറ്റാകാനും മോഹിച്ചു....

ഒഴുക്കിൽ വീണ കരിയില പോലെ, ഏതെങ്കിലും തീരത്തടിയുമെന്നൊരു ശുഭാപ്തി വിശ്വാസം മാത്രം....

പിന്നീടെപ്പോഴോ വായന കൂടെ പോന്നു...

പത്രത്തിലാണു തുടങ്ങിയത്.... അത് പിന്നെ പൊതുവിജ്ഞാനങ്ങളായി.... കഥയായി, കവിതയായി, ലേഖനങ്ങളായി...
ദാസൻ തുമ്പികളായി പറക്കാൻ തുടങ്ങി....

മനസ്സില്‍ വെള്ളിയാങ്കല്ലു കാണാനായി...

പക്ഷിയുടെ മരണം പിടിച്ചു കുലുക്കി,

ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായി .....

എന്തിനു വേണ്ട സ്മാരകശിലകളിൽ തലവച്ച് ഉറങ്ങാന്‍ തുടങ്ങി.... ചുള്ളിക്കാടും സച്ചിദാനന്ദനും നെരൂദയുമൊക്കെയായപ്പോൾ ഇതാണെന്റെ വഴിയെന്നായി....

 

ഒരു ജേർണലിസം സ്വപ്നം കണ്ടപ്പോള്‍ ചെന്നുപെട്ടത് സർക്യൂട്ടുകളുടെ ലോകത്ത്...

റെസിസ്റ്ററും ട്രാൻസിസ്റ്ററും ഗേറ്റുകളും ഫ്ലിപ്ഫ്ലോപ്പുകളും പിന്നെ ട്രാൻസ്മിറ്ററും റിസീവറും ഒക്കെയായി ഒരു എൻജിനീയറിങ് കോലാഹലം.. നാലു വർഷം, തമിഴകത്തെ ഒരു കുഗ്രാമത്തിൽ...

പിന്നീട് പൂന്തോട്ട നഗരത്തില്‍.... വിശപ്പിന്റെ വിളി ശരിക്കറിഞ്ഞു... ആരൊക്കെയാലോ കബളിപ്പിക്കപ്പെട്ടു.... ജോലി തേടിയലഞ്ഞു... കണ്ണാടിക്കൂടുകൾ പലത് കയറിയിറങ്ങി....

റോഡുവക്കിലെ മരത്തണലിൽ വച്ച് കൂട്ടുകാരിയുടെ ചോറ്റുപാത്രത്തിലെ രണ്ടു തുണ്ട് ബ്രഡുകഷണങ്ങൾ വിശപ്പിനുള്ള മറുമരുന്നായി....

ഒരു നേരത്തെ രാത്രി ഭക്ഷണത്തിനു ഹിന്ദിക്കാരന്റെ നക്ഷത്രഹോട്ടലിലെ കോമാളി വേഷം കെട്ടിയ വിളമ്പുകാരനായി....

ഹിന്ദിയറിയാത്തത് പലപ്പോഴും അനുഗ്രഹമായി...

സ്വന്തബന്ധങ്ങൾ കണ്ണടച്ചപ്പോൾ അന്യനാട്ടുകാരൻ കൈത്താങ്ങായി...

മനസ്സിനു ബലം തന്നു...

പിന്നീട് തലസ്ഥാനത്ത് ഒരു നല്ല മനുഷ്യൻ അലിവോടെ വച്ചു നീട്ടിയത് അഭയം മാത്രമല്ല തൊഴിലും കൂടിയായിരുന്നു....

 എങ്കിലും സ്വയം നേടിയെടുത്തൊരു ജോലിയുമായി മദിരാശിയെന്ന മഹാ നഗരത്തില്‍...

കംപ്യൂട്ടർ പ്രോഗ്രാമുകളുടെയും സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളുടെയും ലോകത്ത്... 
ഒരുപറ്റം നല്ലകൂട്ടുകാരുമായി ഇങ്ങിവിടെ കൊച്ചിയില്‍ ... പിന്നെ പ്രൗഢിയുള്ള തലസ്ഥാനത്ത്.. പുത്തൻ അറിവുകൾ തേടി, പുതിയ ചക്രവാളങ്ങൾ തേടി യൂറോപ്പിന്റെ തലസ്ഥാനമായ ലണ്ടനിൽ... മഴയും മഞ്ഞും മാറിമാറിപ്പൊഴിയുന്ന, ഇലപൊഴിയുന്നൊരു ശിശിരകാലത്ത് ഇന്നിവിടെയിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഈ ഒറ്റയടിപ്പാത എത്രമേൽ വിചിത്രം....

ജീവിതം നടുക്കടലിൽ വച്ചു ചുഴറ്റിയെറിയപ്പെട്ടാലും നന്മയുടെ പച്ചത്തുരുത്തുകൾ പിന്നെയും കാണുമെന്ന് ജീവിതം പഠിപ്പിച്ചു ......

അതു ചിലപ്പോള്‍ ഉറ്റ സുഹൃത്തിന്റെ രൂപത്തില്‍...

കൈപിടിച്ചു ഞാന്‍ കൂടെയുണ്ടെന്നു പറഞ്ഞ മുൻപരിചയമില്ലാത്ത അന്യനാട്ടുകാരനായി.... 

തന്റെ ഉച്ചഭക്ഷണം പങ്കു വച്ച കൂട്ടുകാരിയായി.....

പിന്തുണയുമായി കൂടെനിന്ന വീട്ടുകാരായി...

പിന്നിട്ടതു ജീവിതത്തിന്റെ മൂന്നിലൊന്നു മാത്രമെന്നു വ്യക്തമായ ബോധ്യമുണ്ട്....

എങ്കിലും ജീവിതം പഠിക്കുന്നതൊക്കെയും വിലപ്പെട്ട പാഠങ്ങളാണ്...  അനുഭവിച്ചു മാത്രം ആസ്വദിക്കാന്‍ ആകുന്ന ത്രില്ലുണ്ടതിൽ....

നനുത്തു  പെയ്യുന്നൊരു വേനൽമഴ പോലെ...

കൊതിയൂറുന്നൊരു നാട്ടുമാവിൻ രുചി പോലെ....