ഞാനറിയുന്ന കണ്ണൂർ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ ആദ്യം എന്താണ് ഓർമ വരിക...?
നിങ്ങൾ ഒരു കണ്ണൂരുകാരൻ അല്ലെങ്കിൽ നിസ്സംശയം പറയാം,
എവിടെയോ പൊട്ടിയ ഒരു ബോംബിന്റെ കറുത്ത പുക...,
മനസ്സാക്ഷിക്കുത്തില്ലാതെ വെട്ടി വീഴ്ത്തുന്ന വടിവാളിന്റെ തിളക്കം...,
അല്ലെങ്കിൽ എന്നോ തുടങ്ങി ജയകൃഷ്ണൻ മാഷിലും ഷുക്കൂറിലും ഫസലിലും ഒടുവിൽ ടിപിയിലും എത്തി നില്ക്കുന്ന രക്തസാക്ഷികളുടെ മുഖം...,
നിങ്ങല്ക്കൊരല്പം ഇടതു ചായ്‌വ് ഉണ്ടെങ്കിൽ ചുവപ്പു കൊടിമരത്തിനു കീഴെ കട്ടൻ ചായയും പരിപ്പു വടയും കഴിച്ച് ദിനേശ് ബീഡിയും വലിച്ചിരിക്കുന്ന സഖാക്കളുള്ള ചുവപ്പു കോട്ട..,
എന്നാൽ കണ്ണൂരിനെ കുറിച്ചുള്ള കണ്ണൂരുകാരന്റെ കാഴ്ച തികച്ചും വേറിട്ടതാകുന്നു..

ആദ്യമേ ഒരു കാര്യം പറയട്ടേ,കണ്ണൂരിൻറെ മേല്പറഞ്ഞ മുഖഛായയിൽ എറ്റവുമധികം വേദനിക്കുന്നത് കണ്ണൂരുകാരാകുന്നു...
നാട് കണ്ണൂരെന്ന് പറയുമ്പോഴുള്ള ആ ഭാവപ്പകർച്ച ഞങ്ങളെത്ര കണ്ടിരിക്കുന്നു...
ആ നോട്ടം പലപ്പോഴും പുച്ഛത്തിന്റെതായിരുന്നു..
ചിലപ്പോഴൊക്കെ ഭയവും മറ്റു ചിലപ്പോൾ സഹതാപവുമായിരുന്നു ആ നോട്ടങ്ങളിൽ..,(തെക്കൻ കേരളത്തിലൊരിക്കൽ പാതിരാത്രിയിൽ ലിഫ്റ്റ്‌ തന്ന ബൈക്ക് യാത്രക്കാരൻ നാട് കണ്ണൂരാണെന്ന് പറഞ്ഞപ്പോൾ ഞാനിവിടെ വരെയേ ഉള്ളൂ എന്ന് പറഞ്ഞു പാതിവഴിയിൽ ഇറക്കി വിട്ടതും ഇവിടെ ഓർക്കാം)., സഹജീവിയെ, അത് സ്വന്തം സഹോദരനാണെങ്കിൽ പോലും അന്യപാർടിക്കാരനാണെങ്കിൽ വെട്ടി വീഴ്ത്തുന്ന നീച രാഷ്ട്രീയത്തോടുള്ള അവജ്ച്ഞ.. - അതേറ്റു വാങ്ങാൻ ഞാൻ ബാധ്യസ്തനാകുന്നു..
എന്നാൽ കണ്ണൂരിന് നിങ്ങളറിയാത്ത മറ്റൊരു മുഖമുണ്ട്,
സ്നേഹിക്കാനറിയുന്ന മനുഷ്യത്വം വറ്റി തുടങ്ങിയിട്ടില്ലാത്തൊരു മുഖം.., തനിക്കു മേലെ തന്റെ നാട്ടാരെ കാണുന്നൊരു മാനുഷിക മുഖം..., ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ്മയെ കുറിച്ചറിയാൻ സഹകരണ പ്രസ്ഥാനങ്ങളുടെ കണക്കെടുത്താൽ മതിയാകും..,
അത് ജനകീയ ഓട്ടോയിലും ജനകീയ ബസ്സിലും തുടങ്ങി എണ്ണിയാൽ തീരാത്ത സഹകരണ ബാങ്ക്-ആശുപത്രി-വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിനില്ക്കുന്നു(ഇവയിൽ പരിയാരം മെഡിക്കൽ കോളേജ്, തലശ്ശേരി എഞ്ഞിനീറിങ്ങ് കോളേജ്,കോഫീ ഹൌസ്,റബ്കോ, റെയ്ഡ്കോ തുടങ്ങിയ വൻ സംരംഭങ്ങളും പെടും).

ഇവിടെ എല്ലാവരും ഒരു കുടുംബമാണ്... നാട്ടിലൊരു കല്യാണമായാലും മരണമായാലും എന്റെ വീടും നിന്റെ വീടും ഒരുപോലെ.., എന്റെ സന്തോഷവും നിന്റെ സന്തോഷങ്ങളും ഒരു പോലെ.., അപരന് വേണ്ടി ഒരു കൈ സഹായം നീട്ടാൻ ആര്ക്കും ഒരു മടിയുമില്ല.., അതുകൊണ്ട് മാത്രമാണ് നടുറോഡിൽ ചോര വാർന്നു മരിച്ചെന്ന വാർത്ത കണ്ണൂരിൽ നിന്നും നിങ്ങൾ ഇനിയും കേട്ടു തുടങ്ങിയിട്ടില്ലാത്തത്...

തന്റെ ചുറ്റുവട്ടങ്ങളിൽ നിന്നാവണം 'കൊമാല'യിലെ വിശ്വൻ കുണ്ടൂരിനെ സന്തോഷ്‌ എച്ചിക്കാനം കണ്ടെടുത്തിട്ടുണ്ടാവുക..,
കണ്ണൂരിന്റെ കറുത്ത ഏടുകളിൽ നിന്നും ഉയിർത്തെണീറ്റു വന്ന അസ്നയ്ക്കും അമാവാസിക്കും(പൂർണചന്ദ്രൻ) വാതോരാതെ പറയുവാനുണ്ടായിരുന്നത് ഇവിടുത്തെ കരുണ വറ്റാത്ത കരങ്ങളെ കുറിച്ചായിരുന്നു..,

ഒരേ മനസ്സോടെ കൂടെ നിന്ന നല്ല നാടിനെ കുറിച്ചായിരുന്നു (കണ്ണൂർ അങ്ങനെ ആ കടം വീട്ടി!!)
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണം പരിശോധിച്ചാൽ വളരെ വിചിത്രമായൊരു മനശാസ്ത്രം കാണാമതിൽ..,
തന്റെ സുഹൃത്തിനോ പ്രസ്ഥാനത്തിനോ ഏറ്റ പ്രശ്നത്തിനെ തന്റെതായി കണ്ടു അവൻ പകരം ചോദിക്കുന്നു... അവിടെ തന്നെയോ കുടുംബത്തെയോ അവൻ വലുതായി കാണുന്നില്ല.. പ്രസ്ഥാനത്തോടുള്ള ഈയൊരു ആത്മാർഥത ചില നേതാക്കൾ മുതലെടുത്തതാണ് ഫുട്ബോളിനു സമാനമായ സ്കോറിങ്ങിലേക്ക് രാഷ്ട്രീയ കൊലപാതകങ്ങളെ കൊണ്ടെത്തിച്ചത്..,

കേരളത്തിലെ മദ്യപരുടെ കണക്കെടുത്താൽ ഒരുപക്ഷേ എറ്റവും പിന്നിലായിപ്പോകും കണ്ണൂര്.., പരമ്പരാഗത കണ്ണൂരുകാർക്കിടയിൽ സ്ത്രീധന സമ്പ്രദായം ഇന്നും കേട്ടുകേൾവി മാത്രമാണ്.., "രക്ഷിക്കാം പൈതങ്ങളേ" എന്ന് ചൊല്ലി ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളുടെ ചുറ്റിലും ഭക്ത്യാദര പൂർവ്വം തടിച്ചു കൂടുന്നവരിൽ ജാതി-മതങ്ങളുണ്ടായിരുന്നില്ല... അതുകൊണ്ടാണ് പെരുന്നയിലും കണിച്ചുകുളങ്ങരയിലും ഇരുന്നു ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളിയിട്ടും ഇവിടെ അവർക്ക് ആളെക്കിട്ടാത്തത്...

മദ്യപിക്കാത്തതെന്തെന്ന കൂട്ടുകാരുടെ ചോദ്യത്തിന് എന്റെ സുഹൃത്തിന്റെ മറുപടി ഇതായിരുന്നു "ഞാൻ വെള്ളമടിച്ചു വീട്ടിൽ കിടന്നുറങ്ങിയാൽ അയൽക്കാർക്കൊരാവശ്യം വന്നാൽ എന്ത് ചെയ്യും??" ഇതിലേറെ നാട്ടാരെക്കുറിച്ചു പറയാൻ എന്തിരിക്കുന്നു....

വാല്ക്കഷണം:  കണ്ണൂരുകാർ ഒരിക്കലും ഞങ്ങൾ എന്ന് പറയാറില്ല.., ‘നമ്മൾ’എന്നേ പറയൂ..  അതിനു പിന്നിലൊരു തത്വശാസ്ത്രമുണ്ട്.. 'ഞാൻ' എന്നതിന് ബഹുവചനമാണ് 'ഞങ്ങൾ', 'നാം' എന്നതിന് 'നമ്മൾ' ഉം..

    -നിധി-

എഴുത്തിന്റെ ചാപിള്ളകൾ


യാത്രകളാണ് എഴുത്തിനു പ്രചോദനം.....

അത് ചിലപ്പോൾ അവ നല്കുന്ന ഏകാന്തത കൊണ്ടു കൂടിയാവാം... എഴുതാനുള്ള വിഷയങ്ങളൊന്നുമില്ലെങ്കിലും ആ  ഒരു ത്വര അങ്ങനെ അലട്ടിക്കൊണ്ടിരിക്കും...

അതു ചിലപ്പോൾ കയ്യിൽ കിട്ടിയൊരു കടലാസു തുണ്ടിലാവാം... അല്ലെങ്കിൽ റയിൽവേ ടിക്കറ്റിന്റെ മറുപുറത്താവാം...

പിന്നെപ്പിന്നെ അതിപ്പോ മെസ്സേജ് ഡ്രാഫ്റ്റ് ആയി...

 എങ്കിലും പിന്നീടെപ്പോഴോ ബാഗിന്റെ കള്ളി തുറന്നപ്പോൾ എഴുതി മുഴുമിപ്പിക്കാത്ത ഒരുപാട് തുണ്ടുകൾ...

വെളിച്ചം  കാണാതെ പോയ എഴുത്തിന്റെ ചാപിള്ളകൾ....

 പിന്നീടൊരിക്കലും എനിക്കത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല...

ആ ഒരൊഴുക്കിലേക്ക് എനിക്ക് ഇറങ്ങിചെല്ലാനായില്ല...  

ആ ഒരു യാത്രയിലേക്ക് തിരിച്ചു പോകാനും....

 

ഈയൊരു കുറിപ്പും ചിലപ്പോൾ ഏതോ ഒരു ചുവപ്പു സിഗ്നലിൽ കുരുങ്ങി രസച്ചരടു പൊട്ടി അർധവിരാമത്തിലേക്ക് ഊർന്ന് വീണേക്കാം...

മറ്റൊരു ചാപിള്ളയെ എന്റെ ഡ്രാഫ്റ്റിൽ അവശേഷിപ്പിച്ച് ഇതും........

കാരണം മറ്റൊരു യാത്രയ്ക്കും കിഴക്കൻ ആന്ധ്രാ തീരത്തെ ഈ വരണ്ട കാറ്റും കത്തുന്ന വെയിലും കൂനകൂട്ടിയ ഉപ്പളങ്ങളും തിരികെ തരാനാവില്ലല്ലോ.....

                                                                     - നിധി -

ഒരു ഇലകൊഴിയും കാലം

മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞുപോകരുതെന്നാഗ്രഹിക്കുന്ന കുറേ നാളുകൾക്കാണ് ഇവിടെ തിരശ്ശീല വീണത്.... ഓർമകളുടെ  ചെപ്പിൽ എന്നെന്നും സൂക്ഷിക്കാവുന്ന ഒരായിരം മുത്തുമണികൾ... നാമെല്ലാം ഒരരങ്ങിൽ ആടിത്തീർത്ത കഥാപാത്രങ്ങളായി... ഒന്നിനൊന്നു പരസ്പര പൂരകങ്ങളായി.... പകരം വയ്ക്കാനാവാത്തതായി... പഠിച്ചത് ജാവയും സ്പ്രിങ്ങും ഹൈബർനേറ്റുമാണെന്നു വിശ്വാസമില്ല.... പകരം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാവാം... പരസ്പരമുള്ള കരുതലുകളാവാം... കൊച്ചു കൊച്ചു സന്തോഷങ്ങളാവാം... കഠിനമായ സന്ദർഭങ്ങളിൽ പോലും ചിരിയെ കൂടെ നിർത്തി... ഓരോ സന്ധ്യകളിലും മനസുകൾ പോകേണ്ടെന്നു മന്ത്രിച്ചു... അഘോഷവേളകൾ അനന്തമില്ലാതായി .. നാമെല്ലാവരും ഒന്നായി... 
എന്തൊരരങ്ങായിരുന്നു... ഇമ ചിമ്മാതെ കണ്ടൊരു ചിരിച്ചിത്രം കണക്കായിരുന്നു കാര്യങ്ങൾ.... മുത്തുമണി പോലെ പൊട്ടിച്ചിതറിയ തമാശകൾ... നർമ്മം നിർത്താതെ വിളമ്പിയ ഗ്രൂപ്പ് ചാറ്റുകൾ... (ശങ്കറിനു സ്തുതി!) അവസാനിക്കാത്ത കോഫീ ബ്രേക്കുകൾ..(പാൻട്രിയിൽ പറഞ്ഞതത്രയും പരദൂഷണങ്ങളായിരുന്നു.. പണി കിട്ടിയതത്രയും പാർവതിക്കും...) പശുവോടു പ്രിയമുള്ള പ്രശാന്തും(അതോ പാലിനോടോ?) പേരിനോടു നീതി പുലർത്താൻ പാടുപെട്ട ഭവ്യയും... പട്ടാളക്കഥകളുമായി നിറഞ്ഞൊഴുകിയ അരുവിയും...
തന്റെ ആവനാഴിയിൽ പണികൾക്ക് പഞ്ഞമില്ലെന്നു പലപ്പോഴും തെളിയിച്ച ആശാനും.. ഓഖയേയും നേത്രാവതിയേയും ഒരുമിച്ചു പ്രണയിച്ച പ്രമോദും.... പലപ്പോഴും പഞ്ച് ഡയലോഗുകൾ പച്ചവെള്ളം കൂട്ടാതെ വിഴുങ്ങിയ ടീച്ചറും വിഴുങ്ങാത്ത ഷെറിനും വൈകിയെന്കിലും ഒത്തൊരു പേരു വീണ ആൻഡ്രോയ്ഡ് ലുട്ടാപ്പിയും പിന്നെ പണി കൊടുത്തും വാങ്ങിയും കിട്ടാതായപ്പോൾ ഇരന്നു വാങ്ങിയും നാമോരുത്തരും അവരവരുടെ റോളുകൾ ഭംഗിയാക്കി....
ഇനി വരില്ല ലിറ്റ്മസിന്റെ ഈ വസന്തകാലം.... ഇനിയെന്നും ഇല കൊഴിയുന്നൊരു ശിശിരകാലം മാത്രം....  അതൊരോർമകൾ മാത്രം... (അല്ലെങ്കിലും നഞ്ചെന്തിനു നാനാഴി...)

                                                                                                                                       - നിധി -
 

എല്ലാം ഒരു കണക്കായി ....

എപ്പോഴാണ് എണ്ണാൻ പഠിച്ചതെന്ന് ഓർമ്മയില്ല....

ചിലപ്പോൾ ഒന്നൊഴിയാതെ കുപ്പിയിലിട്ട് സൂക്ഷിച്ച മഞ്ചാടി മണികൾക്കൊപ്പമാവാം... അല്ലെങ്കിൽ മുറ്റത്ത്‌ ചുവരിനോട് ചേർന്ന്  കുഴിയുണ്ടാക്കിയ കുഴിയാനകളെ പിടിച്ചപ്പോഴോ, വരിവരിയായി  നീണ്ട് പോകുന്ന ഉറുമ്പിൻകൂട്ടങ്ങളെ  കണ്ട്  അത്ഭുതപ്പെട്ടപ്പോഴോ, ആകാശത്തിലെ കുഞ്ഞുനക്ഷത്രങ്ങളോട്  കഥ പറഞ്ഞപ്പോഴോ, പൊട്ടിയ  വളപ്പൊട്ടുകൾ പെറുക്കിക്കൂട്ടിയപ്പോഴോ ആകാം.... എന്നാൽ അതിന്  അക്കങ്ങളുടെയോ സംഖ്യകളുടെയോ പിന്ബലമുണ്ടായിരുന്നെന്നു  തോന്നുന്നില്ല... കുറച്ചും കുറെയും അത്രയും ഇത്രയുമൊക്കെയായി  കണക്കങ്ങനെ നീണ്ടു...   

ഒന്നിൽ നിന്ന് തുടങ്ങണമെന്ന് പറഞ്ഞത് അമ്മയാവാം,

പിന്നെപ്പിന്നെ കൈവിരലുകൾ സഹായത്തിനെത്തി... ഒരു കൈ അഞ്ചും രണ്ടു കൈ പത്തുമായി...

പക്ഷെ ഒന്നാം ക്ലാസിലെ കൊല്ലപ്പരീക്ഷയ്ക്ക് മേശയുടെ കാലും ബോർഡിന്റെ കാലും കൂട്ടിയാലെത്രയെന്ന ചോദ്യത്തിന് മുന്നിൽ ഞാൻ തോറ്റു....

തിരിച്ചും മറിച്ചും പലവട്ടം ചോദിച്ചിട്ടും എനിക്ക് ആറേ കിട്ടിയുള്ളൂ...

മൂന്നു കാലുള്ള ബോർഡുകൾ ഇന്നില്ലാത്തതിനാൽ ഇനിയാർക്കും  അങ്ങനെ പറ്റുമെന്ന് തോന്നുന്നില്ല...

പിന്നീടാണ് കണക്കു പഠിപ്പിച്ച ഏതോ  ടീച്ചർ  പൂജ്യത്തെ  പറ്റി  പറഞ്ഞു തന്നത്... അത് കണ്ടുപിടിച്ചത്  ഭാരതീയരത്രേ... [ഇതിലെന്തിത്ര കണ്ടുപിടിക്കാനിരിക്കുന്നു....??]

ഞാൻ  കൂട്ടിവച്ച വളപ്പൊട്ടുകളും മഞ്ഞാടിക്കുരുക്കളും 

എന്റെ കണക്കിന്റെ സാധ്യതകളെ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു... പെയ്ത് തീരാത്ത മഴത്തുള്ളിയും, വഴിനീളെ കണ്ട ഇലക്ട്രിക്‌  പോസ്റ്റുകളും വരിയായി  നിന്ന സ്കൂൾ അസംബ്ലികളും അത്  പിന്നെയും കൂട്ടി... ആദ്യമായി കണ്ട തീവണ്ടിയേക്കാൾ എന്നെ വിസ്മയിപ്പിച്ചത് ഞാൻ  എണ്ണി തീരും മുൻപേ പാഞ്ഞു പോയ ആ  ഗുഡ്സ് ട്രെയിൻ ആയിരുന്നു... പിന്നീടും പലവട്ടം എന്റെ എണ്ണത്തെ തോൽപ്പിച്ച് അത്  പാഞ്ഞു പോയി... ഇന്നും ഞാൻ അതേ സ്കൂൾ കുട്ടിയുടെ  കൌതുകത്തോടെ പിന്നെയും പിന്നെയും...

ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്നാണെന്ന് മജീദ്‌  പറഞ്ഞപ്പോൾ ഞാൻ മാത്രം ചിരിച്ചില്ല... ഞാനെത്തി നോക്കിയത്  അതിനുള്ള സാധ്യതകളിലേക്കായിരുന്നു... [ഒരു തേങ്ങയും ഒരു  തേങ്ങയും കൂട്ടിയാൽ രണ്ടു തെങ്ങയാകുമെങ്കിലും ഒരു പുഴയും ഒരു  പുഴയും കൂട്ടിയാൽ രണ്ട് പുഴയാകില്ലെന്നു കണ്ടുപിടിച്ച മജീദിന്  നമോവാകം...]

പിന്നീടൊരിക്കൽ പൂജ്യത്തിനും താഴെ സംഖ്യയുണ്ടെന്ന് ടീച്ചർ പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല...

നാല് മഞ്ചാടിമണികളിൽ  നിന്നും അഞ്ചെണ്ണം കുറയ്ക്കാൻ  എനിക്കാവില്ലായിരുന്നു.... അന്ന് തൊട്ടിങ്ങോട്ട്  കണക്കെന്നും എന്റെ  പ്രായോഗിതകളെ വെല്ലുവിളിച്ചു കൊണ്ടിരുന്നു...

ഇല്ലാത്ത സംഖ്യകളൊക്കെ  x ആയി ...

x-നു  ഒന്നും രണ്ടും മൂന്നും വിലയായി [polynomials]...

പിന്നെയത് സാധ്യതകൾ മാത്രമായി.... [Probability]

differentiationഉം integrationഉം എന്താണെന്ന് തിരിയാതായി ...

 

ആയിരവും പതിനായിരവും പോയി മില്യനും ബില്യനും ട്രില്യനും  ആയി എണ്ണം എണ്ണിയാലൊടുങ്ങാതായി...

[ഒന്നിന് പിറകിൽ നൂറു പൂജ്യമിട്ട സംഖ്യയാണത്രേ  'ഗൂഗിൾ'...]

കണക്കങ്ങനെ കണക്കാക്കാനാവാതായി ...

കണക്കില്ലാതായി...

എല്ലാരും ഒരു കണക്കായി ....

ഞാനും ..

  -നിധി-

നീണ്ടുപോകുന്നൊരൊറ്റയടിപ്പാതയായി ജീവിതം....

" നീണ്ടുപോകുന്നൊരൊറ്റയടിപ്പാതയായി ജീവിതം.... "

ഇങ്ങനെ എഴുതി അടിവരയിട്ട ശേഷം മനസ്സിലേ ഓടിയെത്തിയതൊരു പാട്ടാണ്....

അത് തികച്ചും ആകസ്മികമാണു താനും...

വെട്ടം സിനിമയിലെതാണെന്നു തോന്നുന്നു,

 "മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴീ....."
നിങ്ങളുടെ മനസ്സിലുമില്ലേ അങ്ങനെ ഒരു വഴി?

ബാലൻസു തെറ്റാതെ സൈക്കിളോടിച്ച പാടവരമ്പിലെ ഒറ്റയടിപ്പാത.....
മഴപെയ്തൊഴിഞ്ഞിട്ടും മരം പെയ്തു തീരാത്ത നാട്ടുവഴികൾ......
കോടമഞ്ഞിൻറെ മൂടുപടത്തിൽ അതീവ സുന്ദരിയാകുന്നൊരു കൊച്ചുഗ്രാമം.....
അതെന്റേതും കൂടിയാണ്.... നിങ്ങളുടേതും.... (നമുക്കെല്ലാമുള്ളത് ഒരേ വികാരങ്ങളല്ലേ..... ?)

അവിടെയാണു പിച്ചവച്ചു തുടങ്ങിയത്.... ലക്ഷ്യമുണ്ടായിരുന്നോ? സാധ്യതയില്ല ....  കാരണം എനിക്കു മാത്രമല്ല, എന്നെ പോലെയുള്ള ഒരു നാട്ടിൻപുറത്തുകാരനും ഉറച്ച ഒരു സ്വപ്നമുണ്ടായിരുന്നില്ല....

ഓട്ടോ കണ്ടപ്പോള്‍ ഓട്ടോ ഡ്രൈവറാകാനും വിമാനം കണ്ടപ്പോള്‍ പൈലറ്റാകാനും മോഹിച്ചു....

ഒഴുക്കിൽ വീണ കരിയില പോലെ, ഏതെങ്കിലും തീരത്തടിയുമെന്നൊരു ശുഭാപ്തി വിശ്വാസം മാത്രം....

പിന്നീടെപ്പോഴോ വായന കൂടെ പോന്നു...

പത്രത്തിലാണു തുടങ്ങിയത്.... അത് പിന്നെ പൊതുവിജ്ഞാനങ്ങളായി.... കഥയായി, കവിതയായി, ലേഖനങ്ങളായി...
ദാസൻ തുമ്പികളായി പറക്കാൻ തുടങ്ങി....

മനസ്സില്‍ വെള്ളിയാങ്കല്ലു കാണാനായി...

പക്ഷിയുടെ മരണം പിടിച്ചു കുലുക്കി,

ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായി .....

എന്തിനു വേണ്ട സ്മാരകശിലകളിൽ തലവച്ച് ഉറങ്ങാന്‍ തുടങ്ങി.... ചുള്ളിക്കാടും സച്ചിദാനന്ദനും നെരൂദയുമൊക്കെയായപ്പോൾ ഇതാണെന്റെ വഴിയെന്നായി....

 

ഒരു ജേർണലിസം സ്വപ്നം കണ്ടപ്പോള്‍ ചെന്നുപെട്ടത് സർക്യൂട്ടുകളുടെ ലോകത്ത്...

റെസിസ്റ്ററും ട്രാൻസിസ്റ്ററും ഗേറ്റുകളും ഫ്ലിപ്ഫ്ലോപ്പുകളും പിന്നെ ട്രാൻസ്മിറ്ററും റിസീവറും ഒക്കെയായി ഒരു എൻജിനീയറിങ് കോലാഹലം.. നാലു വർഷം, തമിഴകത്തെ ഒരു കുഗ്രാമത്തിൽ...

പിന്നീട് പൂന്തോട്ട നഗരത്തില്‍.... വിശപ്പിന്റെ വിളി ശരിക്കറിഞ്ഞു... ആരൊക്കെയാലോ കബളിപ്പിക്കപ്പെട്ടു.... ജോലി തേടിയലഞ്ഞു... കണ്ണാടിക്കൂടുകൾ പലത് കയറിയിറങ്ങി....

റോഡുവക്കിലെ മരത്തണലിൽ വച്ച് കൂട്ടുകാരിയുടെ ചോറ്റുപാത്രത്തിലെ രണ്ടു തുണ്ട് ബ്രഡുകഷണങ്ങൾ വിശപ്പിനുള്ള മറുമരുന്നായി....

ഒരു നേരത്തെ രാത്രി ഭക്ഷണത്തിനു ഹിന്ദിക്കാരന്റെ നക്ഷത്രഹോട്ടലിലെ കോമാളി വേഷം കെട്ടിയ വിളമ്പുകാരനായി....

ഹിന്ദിയറിയാത്തത് പലപ്പോഴും അനുഗ്രഹമായി...

സ്വന്തബന്ധങ്ങൾ കണ്ണടച്ചപ്പോൾ അന്യനാട്ടുകാരൻ കൈത്താങ്ങായി...

മനസ്സിനു ബലം തന്നു...

പിന്നീട് തലസ്ഥാനത്ത് ഒരു നല്ല മനുഷ്യൻ അലിവോടെ വച്ചു നീട്ടിയത് അഭയം മാത്രമല്ല തൊഴിലും കൂടിയായിരുന്നു....

 എങ്കിലും സ്വയം നേടിയെടുത്തൊരു ജോലിയുമായി മദിരാശിയെന്ന മഹാ നഗരത്തില്‍...

കംപ്യൂട്ടർ പ്രോഗ്രാമുകളുടെയും സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളുടെയും ലോകത്ത്... 
ഒരുപറ്റം നല്ലകൂട്ടുകാരുമായി ഇങ്ങിവിടെ കൊച്ചിയില്‍ ...

ശീതീകരണിയുടെ നേർത്ത തണുപ്പിൽ ഇന്നിവിടെയിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഈ ഒറ്റയടിപ്പാത എത്ര വിചിത്രം....

ജീവിതം നടുക്കടലിൽ വച്ചു ചുഴറ്റിയെറിയപ്പെട്ടാലും നന്മയുടെ പച്ചത്തുരുത്തുകൾ പിന്നെയും കാണുമെന്ന് ജീവിതം പഠിപ്പിച്ചു ......

അതു ചിലപ്പോള്‍ ഉറ്റ സുഹൃത്തിന്റെ രൂപത്തില്‍...

കൈപിടിച്ചു ഞാന്‍ കൂടെയുണ്ടെന്നു പറഞ്ഞ മുൻപരിചയമില്ലാത്ത അന്യനാട്ടുകാരനായി.... 

തന്റെ ഉച്ചഭക്ഷണം പങ്കു വച്ച കൂട്ടുകാരിയായി.....

പിന്തുണയുമായി കൂടെനിന്ന വീട്ടുകാരായി...

പിന്നിട്ടതു ജീവിതത്തിന്റെ മൂന്നിലൊന്നു മാത്രമെന്നു വ്യക്തമായ ബോധ്യമുണ്ട്....

എങ്കിലും ജീവിതം പഠിക്കുന്നതൊക്കെയും വിലപ്പെട്ട പാഠങ്ങളാണ്...  അനുഭവിച്ചു മാത്രം ആസ്വദിക്കാന്‍ ആകുന്ന ത്രില്ലുണ്ടതിൽ....

നനുത്തു  പെയ്യുന്നൊരു വേനൽമഴ പോലെ...

കൊതിയൂറുന്നൊരു നാട്ടുമാവിൻ രുചി പോലെ....

തിരികെ ഞാൻ.....

ഇതൊരു തിരിച്ചു പോക്കാണ്.... 
ഒരു നീണ്ട പ്രവാസ ജീവിതത്തിനു ശേഷം പിറന്ന മണ്ണിന്റെ മണം തേടിയുള്ളോരു യാത്ര..... 
നീണ്ടതെന്ന് പറഞ്ഞത് മനപൂർവമാണ്.... അല്ലെങ്കിൽ അറുപതിനു മേലെ പോകുന്ന ആയുസ്സിൽ ആറുമാസം ഒരു വലിയ കാലയളവല്ലല്ലോ..... 
പ്രവാസമെന്നത് അങ്ങ് ചൈനയിലോ ചെക്കോസ്ലൊവാക്യയിലോ മറ്റൊ ആണെന്ന് തെറ്റിദ്ധരിക്കരുത്... അതിങ്ങു ചെന്നൈയിൽ ആണ്... 
എങ്കിലും പച്ചമണ്ണ് മണക്കുന്ന കാറ്റു വീശുന്ന, കളകളം പൊഴിക്കുന്ന കൊച്ചരുവികളുടെ നാട്ടിൽ നിന്നും ജീവിതത്തെ ആള്ത്തിരക്കൊഴിയാത്ത, ഇരമ്പം നിലയ്ക്കാത്ത മഹാനഗരത്തിലേക്ക് പറിച്ചു നടുമ്പോൾ അത് പിന്നെയും തിരികെയെത്താൻ കൊതിക്കും.... പിഞ്ചു കുഞ്ഞ് അമ്മയുടെ മടിത്തട്ടിലേക്കെന്നപോലെ, മാറിൻ ചൂടിലേക്കെന്ന പോലെ.... അവിടെ കാലത്തിനു പ്രസക്തിയില്ല.... ദൂരത്തിനും..... 

ഈ കാറ്റെല്ക്കുംപോൾ ഒരു സുഖം.... ഒരു കുളിര്.... 
അവിടെ മറീനയിലും കാറ്റുണ്ട്.... ഉപ്പുരസമുള്ള വരണ്ട കാറ്റ്.... 
മദിരാശിത്തെരുവുകളിലെ അസംഖ്യം പൂക്കാരിപ്പെണ്ണ്ങ്ങളുടെ പൂക്കൂടയിൽ നിന്നുയരുന്ന മണത്തിനു ഈ പച്ചമണ്ണിന്റെ മണത്തോട് കിടപിടിക്കാനാവുമോ.... 
പൂത്ത കണിക്കൊന്നയുടെയും വാകപ്പൂമരത്തിന്റെയും വർണ്ണശബളിമ കണ്ണിൽ നിറയ്ക്കാനാവുമോ മഹാനഗരത്തിനു..... 
തൊടിയിൽ വീണ നാട്ടുമാമ്പഴത്തിന്റെയും അമ്മ ചുട്ട ഉണ്ണിയപ്പത്തിന്റെയും രുചിയോളം വരില്ല 'ശരവണ ഭവനി'ലെയും 'ബാർബിക്യു'വിലെയും വിഭവങ്ങൾക്ക്.... 
പൊടിപിടിച്ചു കിടന്ന പഴയ റേഡിയോയിൽ കോഴിക്കോട് എ. എം സ്റ്റേഷൻ വെറുതെ ട്യുണ്‍ ചെയ്തപ്പോൾ അത് പിന്നെയും പാടി 'തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി..... '

പഞ്ചെന്ദ്രിയങ്ങളിലും സ്വാദും സത്തും നിറച്ച് ഞാനിനിയും തിരിച്ചു പോകും.... കോരിച്ചൊരിയുന്ന മഴക്കാലത്ത്,  വീണ്ടുമൊരോണക്കാലത്ത്,
കണിയൊരുക്കുന്ന വിഷുക്കാലത്ത് നാടിന്റെ മണം തേടി വീണ്ടും ഓടിയെത്താനായി.... 
                                - നിധി - 

പാലക്കാടൻ കാറ്റ്......


പാലക്കാടിനെ പറ്റി ആദ്യം പറഞ്ഞു തന്നത് ഒ. വി. വിജയനാണെന്ന് തോന്നുന്നു..... പാലക്കാടൻ ചുരമിറങ്ങി വന്ന കാറ്റു കരിമ്പനയോലകളിൽ ചൂളം വിളിക്കുന്നത് കേട്ടത് ഖസാക്കിലേക്കിറങ്ങിച്ചെന്ന ഏതോ പാതിരാവിലാണ്.... വയലുകൾക്ക്‌  നടുവിൽ കരിമ്പനകൾ നിരന്നു നിക്കുന്ന പാലക്കാടിന്റെ ചിത്രം ഏറെ മോഹിപ്പിച്ചു..... വല്ലപ്പോഴും മാത്രം യാത്രപോയ തീവണ്ടികളിൽ നിന്നും പട്ടാമ്പിയും ഷൊർനുരും മാത്രമേ കണ്ടുള്ളൂ.....

ഒരു പച്ചപ്പുള്ള ചിത്രമായി പാലക്കാടങ്ങനെ മനസ്സില് കിടന്നു..... പിന്നീട് കാലവര്ഷം പെയ്തൊഴിഞ്ഞൊരു നാളിലാണ് ആദ്യമായി പാലക്കാട് കണ്ടത്... മലയാള സിനിമയുടെ മുഖശ്രീയായ സുന്ദരിയായ പാലക്കാടിനെ..... പിന്നെ പലവട്ടം.... പല നേരത്തിൽ.... പല ഭാവത്തിൽ...... കണ്ണും കാതും തുറന്നു വച്ച് മാത്രമേ ഞാൻ അതിലൂടെ യാത്ര പോയിട്ടുള്ളൂ..... മഴ മേഘങ്ങളെ തൊടുന്ന മലനിരകൾ..... പരന്നു കിടക്കുന്ന നെൽവയലുകൾ.....
ആകാശം മുട്ടുന്ന കരിമ്പനകൾ..... പാലക്കാടിന്റെ കുറ്റവും കുറവും പറഞ്ഞു പലവട്ടം കലഹിച്ചെങ്കിലും അവസരം കിട്ടിയപ്പോഴൊക്കെ പാലക്കാടിന്റെ അതിഥിയായി..... കണ്കുളിർക്കെ മനം നിറയെ ആ കാറ്റ് ആവേശം നിറച്ചു....  ഒട്ടൊരു ഉന്മാദത്തോടെ ഖസാക്കിന്റെ ഇതിഹാസം തേടി പിന്നെയും പോയി..... 

പറഞ്ഞാൽ തീരില്ല പാലക്കാടാൻ വിശേഷങ്ങൾ...... നാമേറെ പേരും കാണാതെ വിട്ട 'ടി.ഡി.ദാസൻ IV.B' എന്ന ചിത്രം പാലക്കാടൻ ഗ്രാമീണതയുടെ ഒരു പൂർണ ചിത്രം നമുക്ക് മുൻപിൽ വരച്ചു കാട്ടുന്നുണ്ട്.... 'ഓർഡിനറി'യിലെ ബിജു മേനോൻ ആ ഭാഷയുടെ
സൗന്ദര്യവും... മലമ്പുഴ ഡാമും യക്ഷിയും പാലക്കാടൻ കോട്ടയുമൊന്നുമല്ല ആ നാടിന്റെ മുതൽക്കൂട്ട്... അത് പച്ച പുതച്ച നെല്ലിയാമ്പതിയും, ചോലവനമായ സൈലന്റ് വാലിയും, നിളയായി രൂപം മാറുന്ന ഗായത്രി പുഴയും തൂതപ്പുഴയും, കര്പ്പൂരം മണക്കുന്ന രഥമുരുളുന്ന തെരുവുകളുള്ള കല്പാത്തിയും, വർണങ്ങളും മേളങ്ങളും സംഗമിക്കുന്ന വേലകളും ഒക്കെയാണ്.... ഇരുട്ട് പരത്തുന്ന കരിമ്പനകളും നീണ്ടു പോകുന്ന ഒറ്റയടി പാതകളും മനസ്സിൽ പിന്നെയും ഗൃഹാതുരത്വം ഉണർത്തുന്നു.... പി യും വിജയനുമൊക്കെ ആ നാടിനെ ഇത്രയേറെ സ്നേഹിച്ചത് വെറുതെയാവില്ല.... കാമറ കണ്ണിലൂടെ പാലക്കാടിനെ ഒപ്പിയെടുത്ത ലോഹിതദാസും........
                                                                                                                              - നിധി - 

ഉള്ളടക്കമില്ലാത്തൊരു കത്ത്.....

അങ്ങനെ ഒരു നട്ടുച്ചയ്ക്ക് വെറുതെ ഇരുന്നപ്പോഴാണ് അതുവരെ ഇല്ലാത്തൊരു പൂതി മനസ്സില് മുളച്ചത്..... ഒരു കത്തെഴുതണം......
ഉടനെ അടുത്തുള്ള പോസ്റ്റ്‌ ഒഫീസിലേക്കോടി... ചുവന്ന കൊടികൾ ഒരുപാട് തൂങ്ങുന്ന പാര്ടി ഓഫിസിന്റെ ഒരു മൂലയിലായി അടര്ന്നു തുടങ്ങിയ കോണിപ്പടികലുള്ള ആ പഴയ പോസ്റ്റ്‌ ഓഫീസ് ഇപ്പോഴും അവിടെ തന്നെയുണ്ട്‌.... ഭാഗ്യം....! പൊടി പിടിച്ച തുരുമ്പിച് അക്ഷരം മങ്ങി തുടങ്ങിയ 'post office \ टाक घर' എന്ന കറുപ്പ് ബോര്ഡും അവിടെ പഴയ പടിയുണ്ട്.... മാത്രമല്ല, കഷണ്ടിയും നരയും കുറച്ചേറെ ബാധിചെങ്കിലും പഴയ പോസ്റ്റ്‌ മാസ്റെർ ശ്രീധരേട്ടൻ പോലും അവിടെയുണ്ട്....

ജി-മെയിലും ഔട്ട്‌ ലുക്കും ഇന്സ്റെന്റ്റ് മെസ്സെന്ജറും സ്ക്യ്പ്പും ഒക്കെയുള്ള സ്മാര്ട്ട് ഫോണിനെ സൗകര്യ പൂർവ്വം ജീന്സിന്റെ പോക്കറ്റിലേക്ക് താഴ്ത്തി അല്പം ജാള്യതയോടെ ചോദിച്ചു.... ഇൻലെന്റ്റ് ഉണ്ടോ....?

മൂക്കിൻമേല വച്ച കണ്ണാടിയുടെ മുകളിലൂടെയുള്ള ആ നോട്ടത്തിൽ ഒരല്പം പരിഹാസമുണ്ടോ.......? തീർച്ചയായും....

ചൂണ്ടു വിരലിനു വിശ്രമം കൊടുത്ത് നാമൊക്കെ എഴുത്ത് പെരുവിരലിലൂടെ ആക്കിയപ്പോൾ ആ ചോദ്യവും വംശനാശം വന്നവയുടെ കൂട്ടത്തിലേക്ക് എടുത്തു മാറ്റപ്പെട്ടിരുന്നു..... മെസ്സേജ് ഓഫർ ചെയ്തപ്പോൾ ബാക്കിയായി കിട്ടിയ രണ്ടു രൂപയും പിന്നെ പേർസിന്റെ അടിത്തട്ടിൽ ഫോട്ടോയ്കടിയിൽ നിന്നും തപ്പി എടുത്ത അമ്പതു പൈസയും കൊടുത്ത് ആ നീലക്കടലാസ് ഒരല്പം ഗൃഹാതുരതയോടെ കയ്യിൽ വാങ്ങി...

പിന്നെ അത് മൂന്നായി മടക്കി ആരും കാണാതെ പോക്കടിലിട്ടു ഫോണും കയ്യിലെടുത്തു വീട്ടിലേക്ക് നടന്നു..... 

ഇനിയിത് ആര്ക്കെഴുതും....? ആരെന്തു കരുതും....?

പറഞ്ഞും കേട്ടും എഴുതിയും വായിച്ചും അറിഞ്ഞിരുന്ന നാം ഇപ്പൊ എല്ലാം തൊട്ടാനറിയുന്നത്.....പെരുവിരൽ കൊണ്ട് swipe ചെയ്തു കഴിഞ്ഞാൽ പിന്നെ വിരലിൽ നിന്ന് വിരലിലേക്ക് സെണ്ട് ചെയ്യാനും കാതിൽ നിന്ന് കാതിലേക്ക് കൂട്ടുകൂടാനും ഇപ്പോൾ മൊബൈൽ മതി.... പിന്നെ വയറുന്തിയ തോൾ സഞ്ചിയുമായി പൊരി വെയിലിൽ വിയര്ത്തോലിച് നടന്നു വരുന്ന ആ കാക്കിക്കുപ്പായക്കാരനെയും മൂന്നു മടക്കുള്ള ഈ പാവം നീലക്കടലാസിനെയും ആരോർക്കാൻ.....അറിയാതെ കുത്തിക്കുറിക്കുന്ന അബധങ്ങളൊക്കെയും അയച്ചു കൊടുക്കുന്ന കൂട്ടുകാരിക്കാവട്ടെ ഇതും എന്ന് കരുതി...

ഉള്ളടക്കത്തെ പറ്റി ഞാൻ ആശങ്കപ്പെട്ടതെയില്ല....

വായിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടുമെന്നുറപ്പുള്ള ഒരു പിടി അക്ഷരക്കൂട്ടങ്ങൾക്ക് കീഴെ 'സ്നേഹപൂർവ്വം' എന്നെഴുതി പിന്നെയും കുത്തി വരഞ്ഞപ്പോൾ ഒരാശ്വാസം.... 

ശീലിച്ചത് മറക്കാൻ എനിക്ക് മടിയായിരുന്നു,അതുകൊണ്ട് മാത്രമാണ് മേശമേൽ വെറുതെ കിടന്ന 'ഫെവി സ്റ്റിക്കി'നെ അവിടെ വച്ച അടുക്കളയില നിന്നും അമ്മ കാണാതെ രണ്ടു വറ്റ് എടുത്തോണ്ട് വന്നത്.....പിന്നെയതിനെ ചേർതൊട്ടിച് പൊടി പിടിച്ച ചുവരിൽ തൂങ്ങിയ, registerd കത്തുകളും  പണ്ട പണയ നോട്ടീസുകളും മാത്രം ഏറ്റു വാങ്ങാൻ വിധിച്ച ആ ചുവന്ന പെട്ടിയുടെ വലിയ വായിലേക്ക് നിക്ഷേപിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരാശ്വാസം...

                                                     -എന്ന് സ്വന്തം,    
                                                         -നിധി- 

Campus : A Walk To Remember........


ക്യാമ്പസ്സിനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നതെന്താണ്....?
ഇനിയും മഞ്ഞ നിറം പടര്‍ന്നു തുടങ്ങാത്ത....., ചിതല്‍ കുത്ത് വീണു തുടങ്ങാത്ത ഓട്ടോഗ്രാഫിന്റെ പഴയ താളുകള്‍ മറിച്ചു നോക്കുമ്പോള്‍ 'എന്ന് സ്വന്തം' എന്നെഴുതി കുത്തിവരഞ്ഞിട്ട എത്രയോ കയ്യക്ഷരങ്ങള്‍..... ഓരോന്നിനും പറയാനുണ്ടായിരുന്ന പറഞ്ഞു തീരാത്ത ഒരായിരം പരിഭവങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും..... അതും, മറവിയുടെ ശ്മശാനത്തിലേക്ക് ഇനിയും വലിച്ചിഴയ്ക്കപ്പെട്ടിട്ടില്ലാത്ത, സുഗന്ധം പരത്തുന്ന ഒരുപിടി ഓര്‍മകളും മാത്രമാണ് ഇന്നെന്റെയുള്ളില്‍ ബാക്കിയാവുന്നത്......
വരിവരിയായി നിന്ന വേപ്പ്‌ മരങ്ങളുടെ തണലില്‍ നിരനിരയായിക്കിടന്ന മര  ബെഞ്ചുകളില്‍ സൊറ പറഞ്ഞും കളി പറഞ്ഞും തീര്‍ത്ത എത്രയോ സായന്തനങ്ങള്‍.....
പ്രണയവും സൗഹൃദവും അളന്നു തൂക്കിയപ്പോള്‍ കണക്കു പിഴച്ച എത്രയോ ദിനാന്തങ്ങള്‍......
പറഞ്ഞു തീരാത്ത വിശേഷങ്ങളും ചെയ്തു തീരാത്ത കുസൃതികളുമായി കൂട്ട് വന്ന ഒരു പറ്റം കൂട്ടുകാര്‍.....
ഒടുവില്‍ ഞാനൊറ്റയാകുമ്പോള്‍ കണ്ചിമ്മിയെത്തുന്ന നക്ഷത്രങ്ങളെയും കാത്ത് അതേ വേപ്പ് മരച്ചുവട്ടില്‍ വെറുതെ കിടന്ന സായന്തനങ്ങളും എത്രയെങ്കിലും........
പുസ്തകത്താളിലൊളിപ്പിച്ച മയില്‍‌പ്പീലി പോലെ പറയാതെ കാത്തുവച്ച പ്രണയവും, കൈത്തണ്ടില്‍ ചോരപൊടിച്ച് ഉടഞ്ഞു താഴെ വീണ കൂട്ടുകാരിയുടെ കയ്യിലെ ചുവന്ന കുപ്പിവളകളും, ഒരു പൊതി ചോറു പകുത്തു തിന്നപ്പോള്‍ സഹപാഠിയുടെ കണ്ണില്‍ നിറഞ്ഞ നീര്‍മണിമുത്തുകളും പൊഴിഞ്ഞു പോയ വസന്തത്തിന്റെ ഓര്മപ്പെടുത്തലുകളകുന്നു  
കാന്റീനിലെ ഐസ്ക്രീം തണുപ്പിലും പൂക്കാന്‍ തുടങ്ങിയ വാകമരച്ചുവട്ടിലും പിന്നെ,കോളേജിലെ ഇരുള് വീഴാത്ത ഇടനാഴികളിലും ലാബിലെ കണ്ണാടിക്കൂടുകളിലും വിടര്‍ന്ന പ്രണയവും, ഒരു പാത്രത്തിലുണ്ട് ഒരേ പായിലുറങ്ങി ഒന്നിച്ചു കലഹിച്ച സൗഹൃദങ്ങളും ആ കാലത്തിനു സ്വന്തം....
               **********************************
പഴയൊരു ഗ്രൂപ്പ്‌ ഫോട്ടോയില്‍ നോക്കി ഓരോ മുഖവും ഓര്‍മയുടെ ആഴങ്ങളില്‍ തപ്പി ഇഴപിരിച്ചെടുത്തപ്പോള്‍ എന്തെന്നില്ലാത്തൊരു നിര്‍വൃതി.......
                                                                          - നിധി -

മുഴക്കുന്ന്

ഇത് മുഴക്കുന്നിന്‍റെ കഥയാണ്....
കണ്ണൂരിലെ ഒരു കൊച്ചു ഗ്രാമത്തിന്‍റെ കഥ.... അല്ല ചരിത്രം....
ചരിത്രം മാത്രമല്ല... ഭൂതവും ഭാവിയും വര്‍ത്തമാനവും......
ആധികാരികം എന്ന് വിശേഷിപ്പിച്ചാല്‍ അത് വലിയ തെറ്റാകും...
പിറന്ന നാടിനെ അടയാളപ്പെടുത്താന്‍ ഒരു ശ്രമം....
കുറഞ്ഞ പക്ഷം ഈ ബ്ലോഗുലകത്തിലെങ്കിലും.......

ഭൂമിശാസ്ത്രം.....
പുരളിമലയുടെ മടിത്തട്ടിലാണ് മുഴക്കുന്നിന്റെ സ്ഥാനം....
നെല്‍വയലുകളും തെങ്ങും വാഴയും തുടങ്ങി, കശുമാവും റബ്ബറും ഇവിടെ സമൃദ്ധം....
തില്ലെങ്കേരി, മാലൂര്‍, പേരാവൂര്‍, പായം, കീഴൂര്‍-ചാവശ്ശേരി എന്നീ പഞ്ചായത്തുകള്‍ മുഴക്കുന്നിനു അതിരിടുന്നു....

ചരിത്രം...
മുഴക്കുന്നിന്റെ ചരിത്രം പേരില്‍ തുടങ്ങുന്നു....
'മിഴാവു കുന്ന്' ലോപിച്ച് 'മുഴക്കുന്ന്' ആയെന്നു പഴമക്കാര്‍.... 
അതിനു സാധൂകരണവും ഉണ്ട്.... കാരണം.. 'മിഴാവ് കുന്നി'ന്റെ സംസ്കൃത നാമം 'മൃദംഗ ശൈലം', ഇവിടുത്തെ ദേവീ ക്ഷേത്രത്തിന്‍റെ പേരും അതുതന്നെ.... ' മൃദംഗ ശൈലേശ്വരീ ദേവീ ക്ഷേത്രം....' തന്നെ അലോസരപ്പെടുത്തിയ മൃദംഗം ദുര്‍ഗ ദേവി എടുത്തെറിഞ്ഞപ്പോള്‍ ചെന്ന് വീണ സ്ഥലമെന്നു ഐതിഹ്യം....
മൃദംഗ ശൈലേശ്വരീ ദേവീ

മൃദംഗ ശൈലേശ്വരീ ദേവീ ക്ഷേത്രം....
കേരളത്തിലെ 108 ദേവീ ക്ഷേത്രങ്ങളില്‍ ഒന്ന്.... കഥകളിയിലെ സ്ത്രീ രൂപം നിര്‍വചിക്കപ്പെട്ടത് ഇവിടെ....
കഥകളിയിലെ ആരംഭ ശ്ലോകമായ "മാതംഗാനനമബ്ദ വാസ ജനനീം......" എന്ന് തുടങ്ങുന്ന ശ്ലോകം മൃദംഗ ശൈലേശ്വരീയെ സ്തുതിക്കുന്നു....
പഴശ്ശി രാജവംശത്തിന്‍റെ കുലദൈവം ആയും അറിയപ്പെടുന്നു.... പഴശ്ശി രാജാവിന്‍റെ ഒരേയൊരു പൂര്‍ണകായ പ്രതിമ ഈ ക്ഷേത്ര പരിസരത്താണുള്ളത്.....

പുരളിമല

പുരളിമല.....
മുഴക്കുന്നിന്റെയും സമീപ സ്ഥലങ്ങളുടെയും കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം....
ഹനുമാന്‍ മൃതസഞ്ജീവനിയുമായി പോയപ്പോള്‍ ഒരു തരി  മണ്ണ് അടര്‍ന്നു വീണു രൂപപ്പെട്ടതെന്നു ഐതിഹ്യം....
ഒരായിരം ഔഷധ സസ്യങ്ങളാല്‍ സമ്പന്നം..... ഇവിടുത്തെ ഹരിശ്ചന്ദ്രക്കോട്ടയും ശിവ ലിംഗവും പുരളിമലയ്ക്ക് ചരിത്രത്തില്‍ ഇടം നല്‍കുന്നു.... ഹരിശ്ചന്ദ്രക്കോട്ട ടിപ്പുവിന്റെ പടയോട്ട കാലത്ത് ഒളിയുദ്ധത്തിനായി പഴശ്ശിരാജ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകള്‍....
തെയ്യം

തെയ്യം.....
മുത്തപ്പന്റെ ആരൂഡസ്ഥാനമായ പുരളിമലയുടെ താഴ്വരയില്‍ തെയ്യക്കാവുകള്‍ അനവധിയുണ്ട്...... ഗുണ്ടിക,പിന്ടാരിക്കല്‍,കളരിക്കല്‍, അരിച്ചല്, പുണിയാനം എന്നിവ ഇതില്‍ ചിലത് മാത്രം..... വര്ഷം തോറും ഒട്ടനവധി തെയ്യക്കോലങ്ങള്‍ ഇവിടെ കെട്ടിയാടുന്നു......

കമ്മ്യൂണിസം......
വിപ്ലവത്തിന്റെ ചുവപ്പ് വേണ്ടതിലേറെ പതിഞ്ഞ കണ്ണൂരിലെ മറ്റൊരു പാര്‍ടി ഗ്രാമം.... അധ്വാനിക്കുന്ന ജനതയുടെ കരുത്തില്‍ നിലകൊള്ളുന്ന, ഇനിയും വെല്ലുവിളിക്കപ്പെടാത്ത ചുവപ്പു കോട്ട..... ജീവന്‍ കൊടുത്തും പാര്‍ടി കെട്ടിപ്പെടുത്ത സഖാക്കളുടെ നാട് പില്‍ക്കാലത്ത് 'കൊടി സുനി'യുടെ പേരില്‍ അറിയപ്പെട്ടത് പ്രസ്ഥാനത്തിന്റെ ദുര്യോഗം.....

സംസ്കാരികം.....
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് കാര്യമായ വേരോട്ടം ലഭിച്ച സ്ഥലം.......
കേരളവര്‍മ പഴശ്ശിരാജ
വീര പഴശ്ശിയുടെ കഥ പറഞ്ഞ എം.ടി - ഹരിഹരന്‍ - മമ്മൂട്ടി ടീമിന്റെ 'കേരളവര്‍മ പഴശ്ശിരാജ' എന്ന ചിത്രം മുഴക്കുന്നിന്റെ ചരിത്രം ലോകത്തോട്‌ വിളിച്ചു പറഞ്ഞു..... ഒപ്പം അത് ഇവിടെ തന്നെ ചിത്രീകരിച്ച് അവര്‍ ചരിത്രത്തോട് നീതി കാട്ടി.... പ്രൊഫ്‌. എസ്. ശിവദാസ് മുതല്‍ ജി. മാധവന്‍ നായര്‍ വരെ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ അറിവിന്റെ വെളിച്ചമായ ജി.യു.പി.എസ് മുഴക്കുന്ന്...

വര്‍ത്തമാനം......
യൗവനം താണ്ടാത്ത ഒരു പുതു തലമുറയാണ് ഇന്ന് മുഴക്കുന്നിനെ അടയാളപ്പെടുത്തുന്നത്.....
ചാനലുകളില്‍ വാര്‍ത്താവതാരകനായി തിളങ്ങുന്ന വിവേക് മുഴക്കുന്ന്...
ചാനല്‍ പിന്നണിയില്‍ സാനിധ്യമറിയിച്ച രഞ്ജിത്ത്....
ജനീഷ് ജജികാലയം
'വെയില്‍ മഴ നനയുമ്പോള്‍' 'കിനാനടതം' തിടങ്ങിയ പുസ്തകങ്ങളിലൂടെയും 'signs of survival' 'തട്ടും ദളം' തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെയും സാംസ്കാരിക രംഗത്ത് വരവറിയിച്ച ജനീഷ് ജജികാലയം......
ലോഹിതദാസ് ഹ്രസ്വ ചലച്ചിത്ര മേളയിലേക്ക് നാമനിര്‍ദേശം ലഭിച്ച 'കണ്ണാടിച്ചില്ലുകള്‍', 'In the name of God' തുടങ്ങിയവയുടെ സംവിധായകന്‍ അരുണ്‍ മുഴക്കുന്ന്...
കഥയെഴുത്തിനു സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന സൂര്യഗായത്രി..... എന്ന് തുടങ്ങി ഒരു ഊര്‍ജ പ്രവാഹമാണ്..... നാടിനെ അടയാളപ്പെടുത്തുന്ന യുവതയുടെ ഒരു നീണ്ട നിര..... (ലേബര്‍ ഇന്ത്യയുടെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടി മുഴക്കുന്നിന്റെ പേര് പുറത്തറിയിച്ച മൊയ്തീന്‍ മാഷാണ് ഇത് തുടങ്ങി വച്ചത്....)

ഭാവി കാലം.....
ഇവരൊക്കെ തെളിച്ചു വച്ച പാതയിലൂടെ ഒരനേകം പേര്‍ പ്രയാണം തുടങ്ങിക്കഴിഞ്ഞു.....
നാളെയെ അടയാളപ്പെടുത്താന്‍ നാടിന്റെ നെഞ്ചില്‍ നിന്നു വീര്യമുള്‍ക്കൊണ്ടവര്‍.....
നാളെയുടെ ചരിത്രത്തില്‍ ഇടം പിടിക്കാനൊരു കുതിപ്പ്....


എഴുതാപ്പുറം:
തെക്കന്‍ കേരളത്തിലെ സുഹൃത്തിന് മുഴക്കുന്നിനെ പരിചയപ്പെടുത്താന്‍ പാടുപെട്ട എന്റെ നേരെ 'കൊടി സുനി'യെ പിടിച്ച ദിവസത്തെ പത്രം ചൂണ്ടിക്കാണിച്ച്, ഇതല്ലേ നിന്റെ നാടിന്റെ ഭൂപടം എന്ന് ചോദിച്ചപ്പോഴുണ്ടായ ജാള്യത ഇതെഴുതുമ്പോളും എന്റെയുള്ളില്‍ മായാതെ കിടപ്പുണ്ട്......!
                                                                                 - നിധി -


തിരുത്താനും കൂട്ടിച്ചേര്‍ക്കാനും ഒരുപാട് കാണും..... നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു.... ഒപ്പം വിലയേറിയ അഭിപ്രായങ്ങളും......

മൊയ്തീന്‍ മാഷിന്.......

മാഷെ.....,
ഈ പഴയ ശിഷ്യനെ മറന്നിട്ടില്ലെന്നു വിശ്വസിക്കുന്നു...... 
ഇപ്പോഴും അറിയാതെയെങ്കിലും മാഷുടെ മുന്നില്‍ വരുമ്പോള്‍ ഞാന്‍ നാലാം ക്ലാസ്സിലെ ആ പഴയ കുട്ടിയാവുകയാണ്......


അതിനു ശേഷം ഒരുപാടൊരുപാട് അധ്യാപകര്‍ ജീവിതത്തില്‍ വന്നു പോയി.... എങ്കിലും താങ്കള്‍ എന്റെയുള്ളില്‍ സൃഷ്‌ടിച്ച സ്വാധീനത്തിന്റെ ചെറിയൊരംശം പോലും നേടാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് നന്ദിയോടെ സ്മരിക്കട്ടെ.....

ഞാനും വാങ്ങിയിട്ടുണ്ട്, കക്ഷത്തിലൊരു നുള്ളും മെലിഞ്ഞ പേര വടികൊണ്ട് ഒരുപാടടികളും...... എങ്കിലും അതിനെക്കാളെത്രയോ ഉയരെ അറിവുകള്‍ ഒരുപാട് താങ്കള്‍ പകര്‍ന്നു തന്നിട്ടുണ്ട്....... അന്ന് ആഴമറിയാതെ ചെയ്ത ഒരുപാടൊരുപാട് പ്രവൃത്തികളാണ് ജീവിതത്തില്‍ പിന്നീട് മുതല്‍ക്കൂട്ടായത്.... അന്നു അടി വാങ്ങിയ അക്ഷര തെറ്റുകള്‍ ഇന്ന് ജീവിതത്തില്‍ തെറ്റില്ലാതെ നടക്കാന്‍ സഹായകമായി....

വായിക്കാനല്ല, വരികള്‍ക്കിടയിലൂടെ വായിക്കാനാണ് താങ്കള്‍ പറഞ്ഞത്, അതിനര്‍ത്ഥം ഇന്ന് ഞാനറിയുന്നു..... വായിക്കാനും എഴുതാനും സൂക്ഷിച്ചു വയ്ക്കുവാനും പഠിപ്പിച്ചു...... നിങ്ങള്‍ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് കാട്ടിലും തോട്ടിലും വയല്‍ വരമ്പത്തും പിന്നെ പോസ്റ്റ്‌ ഓഫീസിലും മരമില്ലിലുമായിരുന്നു.... ചോദ്യം ചോദിക്കാന്‍ താങ്കളാണ് പഠിപ്പിച്ചത്..... ഉറവ വറ്റാത്ത ചോദ്യങ്ങളുടെ ഉറവിടമാകാനും...... പിന്നീട് ചെന്നെത്തിയ ഇടങ്ങളിലെല്ലാം ആ അനുഭവങ്ങളാണ് വഴി നടത്തിയത്....

ഒരു വ്യാഴവട്ടക്കാലം മുന്‍പൊരു പ്രണയദിനത്തില്‍ കൂട്ടുകാരിക്ക് പോസ്റ്റ്‌ കാര്‍ഡില്‍ കത്തെഴുതിച്ചത് ഞാനിന്നും മറന്നിട്ടില്ല.... അന്ന് കത്തെഴുതാന്‍ മറന്നതിന് വാങ്ങിയ അടിയും.......

ഞങ്ങളെ താങ്കള്‍ പഠിപ്പിച്ചത് പുസ്തകത്താളുകളില്‍ നിന്നായിരുന്നില്ല..... അനുഭവങ്ങളിലൂടെ ആയിരുന്നു..... അതാണ്‌ ഞങ്ങളുടെ ശക്തിയും...... കണ്ണും കാതും തുറന്നു വയ്ക്കാന്‍ പഠിപ്പിച്ചു.... കേട്ടതും കണ്ടതും തിരിച്ചറിയാനും.....

താങ്കളുടെ കാല്പാടുകള്‍ പിന്തുടരാന്‍ ഇനിയുമൊരു തലമുറ കൂടിയുണ്ട്...... അവര്‍ക്കു വെളിച്ചം പകരുക...... നേര്‍വഴി കാട്ടുക..... എല്ലാ ഭാവുകങ്ങളും.....
                                                                       - നിധി -

മഴ....

എനിക്കെന്താണു മഴ.....?
മഴ ഒരനുഭൂതിയാണ്.... ആവേശമാണ്...... അലങ്കാരമാണ്....
വരണ്ടുണങ്ങിയ പച്ചമണ്ണിനു മീതെ പുതുമണം പരത്തുന്ന മഴ.....
ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ സംഗീതം പൊഴിച്ച് ഇറ്റുവീഴുന്ന മഴ.....
മദ്ദളതാളത്തില്‍ രൗദ്രഭാവത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴ....
തുലാമാസ രാത്രിയില്‍ പ്രണയം പൊഴിച്ച് പതിഞ്ഞു പെയ്യുന്ന മഴ....

എപ്പോള്‍ മുതലാണ്‌ മഴയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയത്....?
കുട്ടിനിക്കറുമിട്ട് പുള്ളിക്കുടയും ചൂടി നാട്ടുവഴിയിലൂടെ ആദ്യമായി സ്കൂളിലേക്ക് നടന്നു പോയപ്പോഴോ.....?
ഗുല്‍മോഹര്‍ പൂക്കുന്ന സ്കൂള്‍ മുറ്റത്ത് ഇടവപ്പാതി പെയ്തൊഴിയാന്‍ കാത്തുനിന്നിരുന്ന ആ പഴയ സായന്തനങ്ങളിലോ..?

അതോ, ഇടവഴിയിലൂടൊഴുകിയ മഴവെള്ളത്തിനു കൂടെ കടലാസു തോണിക്കു കൂട്ടുപോയ മഴക്കാലങ്ങളിലോ....?
ചൂണ്ടയുമായ് തോട്ടുവരമ്പത്തു കാത്തിരുന്നപ്പോള്‍ പെരുമഴ വന്നു കുളിപ്പിച്ചു വിട്ടപ്പോഴോ.....?
ഇവയിലെപ്പോഴെങ്കിലും ആവാം... അതുമല്ലെങ്കില്‍ രാത്രി മഴയുടെ സംഗീതം കേട്ട് ഉറങ്ങാതെ കിടന്ന ഏതെങ്കിലും പാതിരാവുകളിലാവാം......

പിന്നീടിങ്ങോട്ട് മഴയായിരുന്നു കൂട്ട്....
പറയാതെ വന്ന് നിര്‍ത്താതെ പെയ്ത മഴയും...  ഭയപ്പെടുത്തും സന്നാഹവുമായി വന്ന് ഒരു തുള്ളി പോലും ചോരാതെ പോയ മഴയും എത്രയെങ്കിലും വന്നു....
പെരുമഴയത്ത് കളിച്ചു തീര്‍ത്ത ക്രിക്കറ്റും കബഡിയുമെല്ലാം സ്കൂളിലെ മഴയോര്‍മ്മകള്‍....
'ശ്രീപതി'യുടെയും 'ശ്രേയസ്സി'ന്റെയും ജനലരികിലിരുന്നു മഴ കൊണ്ട (അതില്‍ പാതിയും ചോര്‍ന്നൊഴുകിയതായിരുന്നു..!) ജൂണിലെ എത്രയോ ദിവസങ്ങള്‍....

മഴയില്ലാത്ത നാട്ടിലായിരുന്നു പിന്നീട്....
വല്ലപ്പോഴും മാത്രം വിരുന്നെത്തുന്ന മഴയ്ക്ക്‌ വേണ്ടി വേഴാമ്പലിനെ പോലെ വല്ലാതെ ദാഹിച്ചു....
മഴ വന്നപ്പോഴൊക്കെ ഓടിയിറങ്ങി മഴയില്‍ ആനന്ദ നൃത്തം ചവിട്ടി...
കൊച്ചു കുട്ടികളെപ്പോലെ ആലിപ്പഴം പെറുക്കാന്‍ മത്സരിച്ചു....
നനഞ്ഞ ഉടുപ്പും വെള്ളം നിറഞ്ഞ ഷൂവുമായി ക്ലാസ്സില്‍ പോയിരുന്നു....
മാര്‍ക്ക് കുറഞ്ഞ ഉത്തര പേപ്പറുകളൊക്കെ മഴയില്‍ നനഞ്ഞു പോയത് മനപൂര്‍വമായിരുന്നില്ല.....

പിന്നീട് പൂന്തോട്ട നഗരത്തില്‍ വച്ച് ഒരു രാത്രി ആരുമില്ലാതെ ഒറ്റയ്ക്കായപ്പോള്‍, നൂലുപോലെ പെയ്തിറങ്ങി കൈകോര്‍ത്തു നടക്കാന്‍ കൂടെ വന്നപ്പോള്‍ അവള്‍ കാമുകിയായി...
ഇപ്പോള്‍ മഴ പെയ്താല്‍ ഓടകള്‍ നിറയുന്ന, ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു മഹാനഗരത്തില്‍......
എങ്കിലും മഴയെയെനിക്കു വെറുക്കാനാവില്ല....
ബാല്യകാലത്തില്‍ കൗതുകത്തോടെ കണ്ട ആ മഴ പെയ്തൊഴിഞ്ഞെങ്കിലും മരം പെയ്യുന്നുണ്ട്.... പൂര്‍വാധികം ശക്തിയായി.... എന്‍റെ മനസ്സില്‍... ഇപ്പോഴും......

എന്‍റെ വീട്, ഒരു പുലര്‍ക്കാലം.....


കിഴക്ക് സൂര്യന്‍ ഉദിച്ചിറങ്ങുന്നതേയുള്ളൂ.... മരങ്ങള്‍ക്കിടയിലൂടെ ആ സുവര്‍ണ രേഖകള്‍ എനിക്ക് കാണാം.... ഓലത്തുമ്പത്തിരുന്നു പുഞ്ചിരിച്ച, താഴെ വീണുടയാത്ത ആ മഴത്തുള്ളിയേയും... "പുലരിത്തൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം......" പ്രകൃതിയുടെ മനോഹാരിത കവിവചനത്തിനൊപ്പമെത്തുന്നു.....

ഇതെന്‍റെ സ്വര്‍ഗമാണ്..... വൃസ്ചികക്കുളിര് കിനിഞ്ഞിറങ്ങുന്നതിനു മുന്‍പുള്ള ഈ പ്രഭാതം ഏറെ മനോഹരമായിരിക്കുന്നു... കോടമഞ്ഞ്‌ വെള്ളിക്കസവുടുപ്പിച്ച മലമേടുകള്‍ ഹൃദ്യമായിരിക്കുന്നു.... അങ്ങിങ്ങു വിരിഞ്ഞ പനിനീര്‍ പൂക്കളില്‍ അടയ്ക്കാക്കുരുവികള്‍ എത്തിത്തുടങ്ങി.... ചിലച്ചു കൊണ്ട് കരിയിലക്കിളികളും പിറകെ.... പക്ഷെ അവയ്ക്ക് പൂവിനോട് പഥ്യമില്ല... പടിഞ്ഞാറ് പൂമരത്തില്‍ നിന്നും കുയിലുകള്‍ കളകൂജനം പൊഴിക്കുന്നു...  പഴുത്തു നിന്ന പപ്പായയുടെ പാതി പകുത്തു തിന്ന് പാഞ്ഞിറങ്ങി വരുന്നുണ്ട് അണ്ണാന്‍ കുഞ്ഞ്....  ബാക്കി ആ തോപ്പിക്കിളിക്കുള്ളതാണെന്നു തോന്നുന്നു... അത് പരിഭവമേതുമില്ലാതെ പപ്പായയില്‍ കൊത്തിപ്പറിക്കുന്നുണ്ട്...

ഇപ്പോഴാണ് ഞാന്‍ കാണുന്നത്, മുന്നിലെ കുരുമുളക് വള്ളിയില്‍ ഒരു കുഞ്ഞു കിളിക്കൂട്‌... എന്റെ കയ്യെത്തും ഉയരത്തില്‍..... വാഴനാരുമായി വന്ന അടയ്ക്കാക്കുരുവിയാണ് എന്‍റെ കണ്ണവിടെത്തിച്ചത്.... എന്റമ്മോ..... ഇത്ര രാവിലെ ഇത് പണി തുടങ്ങിയോ? പിന്നെയും പിന്നെയും അത് സസൂക്ഷ്മം ചകിരിനാരുകളും വാഴനാരുകളുമായി വരാന്‍ തുടങ്ങി.... മുറ്റമടിക്കാന്‍ ചൂലുമായി വന്ന അമ്മയെക്കണ്ട് ഭയന്നോടി.... അമ്മ കാണാതെ പിന്നെയും വന്നു..... 

ഇന്നലെ പെയ്ത മഴയുടെ ഇത്തിരി വെള്ളത്തില്‍ കുളിക്കാനെത്തിയതാണ് വാലാട്ടിക്കിളി... ഇത്തിരി വെള്ളത്തില്‍ ചിറകുകള്‍ക്കുടഞ്ഞു മുങ്ങിക്കുളിച്ചു അത് സംതൃപ്തിയോടെ പറന്നു പോയി...

ഇതാ പുതിയ അതിഥി... തൊടിയിലെ എറ്റവും വലിയ പ്ലാവിനു മുകളില്‍ രാജാവിനെപ്പോലെ.... ആരാണെന്നോ? ഒരു വേഴാമ്പല്‍...  അതെ മലമുഴക്കി വേഴാമ്പല്‍ തന്നെ... അതു ചെറുതായൊന്നു കരഞ്ഞതും കിളികളെല്ലാം നിശബ്ദമായി... പിന്നെ വലിയ ചിറകുകള്‍ വീശി അതെങ്ങോട്ടോ പറന്നു പോയി...

ഇനിയുമുണ്ട് അതിഥികള്‍....ഒരു പറ്റം പൂമ്പാറ്റകള്‍... നീലയും ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന പട്ടാംപൂച്ചികള്‍.... മുറ്റത്തെ പൂത്തുനില്‍ക്കുന്ന ചെത്തിയാണ് അവര്‍ക്ക് ഇഷ്ടതാവളം.... പറന്നും ചിറകടിച്ചാര്‍ത്തും അവര്‍ തൊടിയിലങ്ങനെ വിലസുന്നു.... വട്ടമിട്ടു പറക്കുന്ന അസംഖ്യം തുമ്പികള്‍ മനസ്സില്‍ ഓണക്കാലം ഓര്‍മപ്പെടുത്തുന്നു....

തലപോയ തെങ്ങിന്‍റെ തടിയുടെ മൂപ്പുനോക്കുന്നു എങ്ങുനിന്നോ വന്ന ഒരു മരംകൊത്തിക്കിളി.... വാഴപ്പോളയിലെ തേന്‍ തേടിയിറങ്ങി സൂചിമുഖി.... ഇവരെല്ലാം എന്‍റെ തൊടിയിലെ വിരുന്നുകാരാണ്.... അല്ല പതിവുകാരാണ്.....

അപ്പോഴേക്കും ആകാശം തൊട്ട സൂര്യന്‍റെ വെയില്‍ മുറ്റത്തു വീണു തുടങ്ങി..... അപ്പോഴും മനം നിറഞ്ഞു, കണ്‍കുളിര്‍ന്നു ഞാനിവിടിരിപ്പുണ്ട്....

ഈ വര്‍ണക്കാഴ്ചകള്‍ കണ്ണില്‍നിന്നു മറയാതിരിക്കാന്‍, ഈ മധുരഗീതങ്ങള്‍ കാതില്‍നിന്നു ചോരാതിരിക്കാന്‍ പ്രാര്‍ത്തിച്ചുകൊണ്ട്‌......
                                                                                                                                           - നിധി -

പെ(ഒ)രു മഴക്കാലം......


ഒടുവില്‍ ഓര്‍മയിലെക്കൊരു തുള്ളികൂടി 
പെയ്തിറങ്ങുമ്പോള്‍........
ആര്‍ദ്രമാം നിനവിലേക്കതു 
കിനിഞ്ഞിറങ്ങുമ്പോള്‍.....
ഒരു മഴ, പാട്ടിന്‍റെ സംഗീതം.....
എനിക്കു മുന്‍പില്‍, ഞാനേകനായ്.....

മഴ ഒരു കുളിരാണ്......
മഴക്കാലവും.........
മീനവെയിലിനും മേടക്കാറ്റിനുമപ്പുറം 
ഇടവപ്പാതി പെയ്തിറങ്ങുമ്പോള്‍ 
ഓര്‍മയുടെ പുതുനാമ്പുകള്‍ 
ഒരു തുളസിക്കതിരിന്‍റെ നൈര്‍മല്യത്തോടെ.....

മഴയ്ക്കു മണമുണ്ട്..., നാടിന്‍റെ മണം...
നിറമുണ്ട്....പൂവിന്‍റെ - അതില്‍ 
മധു തേടിയ പൂമ്പാറ്റയുടെ...
കുളിരുണ്ട്..... പനിയിറ്റു വീഴുന്ന 
തിരുവാതിരക്കുളിര്.....സംഗീതമുണ്ട്... ഒരു തുള്ളിയുടെ...അതു -
വീണു ചിതറിയ ഒരായിരം തുള്ളികളുടെ.....
നിലയ്ക്കാത്ത നാദം... ആരവമായ് ആഘോഷം...
ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്നു....

തുള്ളികളൊക്കെയും പെയ്തൊഴിയുമ്പോള്‍...
കാറ്റിലെത്തിയ നറുമണം നേര്‍ത്തലിയുമ്പോള്‍....
പെയ്തതത്രയും ഒഴുകിയകന്നു പോകുമ്പോള്‍....
അനന്ത വിഹായസ്സിലൊടുവിലെപ്പക്ഷിയും 
കൂടുതേടിയകന്നു പോകുമ്പോള്‍....
ഒടുവില്‍ ഞാനൊറ്റയാകുന്നൂ.....
എന്‍റെ ചുണ്ടിലെ പാട്ടു ചോരുന്നൂ.....

കടപ്പാട്- സച്ചിദാനന്ദന്‍     - നിധി -