മഴ....

എനിക്കെന്താണു മഴ.....?
മഴ ഒരനുഭൂതിയാണ്.... ആവേശമാണ്...... അലങ്കാരമാണ്....
വരണ്ടുണങ്ങിയ പച്ചമണ്ണിനു മീതെ പുതുമണം പരത്തുന്ന മഴ.....
ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ സംഗീതം പൊഴിച്ച് ഇറ്റുവീഴുന്ന മഴ.....
മദ്ദളതാളത്തില്‍ രൗദ്രഭാവത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴ....
തുലാമാസ രാത്രിയില്‍ പ്രണയം പൊഴിച്ച് പതിഞ്ഞു പെയ്യുന്ന മഴ....

എപ്പോള്‍ മുതലാണ്‌ മഴയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയത്....?
കുട്ടിനിക്കറുമിട്ട് പുള്ളിക്കുടയും ചൂടി നാട്ടുവഴിയിലൂടെ ആദ്യമായി സ്കൂളിലേക്ക് നടന്നു പോയപ്പോഴോ.....?
ഗുല്‍മോഹര്‍ പൂക്കുന്ന സ്കൂള്‍ മുറ്റത്ത് ഇടവപ്പാതി പെയ്തൊഴിയാന്‍ കാത്തുനിന്നിരുന്ന ആ പഴയ സായന്തനങ്ങളിലോ..?

അതോ, ഇടവഴിയിലൂടൊഴുകിയ മഴവെള്ളത്തിനു കൂടെ കടലാസു തോണിക്കു കൂട്ടുപോയ മഴക്കാലങ്ങളിലോ....?
ചൂണ്ടയുമായ് തോട്ടുവരമ്പത്തു കാത്തിരുന്നപ്പോള്‍ പെരുമഴ വന്നു കുളിപ്പിച്ചു വിട്ടപ്പോഴോ.....?
ഇവയിലെപ്പോഴെങ്കിലും ആവാം... അതുമല്ലെങ്കില്‍ രാത്രി മഴയുടെ സംഗീതം കേട്ട് ഉറങ്ങാതെ കിടന്ന ഏതെങ്കിലും പാതിരാവുകളിലാവാം......

പിന്നീടിങ്ങോട്ട് മഴയായിരുന്നു കൂട്ട്....
പറയാതെ വന്ന് നിര്‍ത്താതെ പെയ്ത മഴയും...  ഭയപ്പെടുത്തും സന്നാഹവുമായി വന്ന് ഒരു തുള്ളി പോലും ചോരാതെ പോയ മഴയും എത്രയെങ്കിലും വന്നു....
പെരുമഴയത്ത് കളിച്ചു തീര്‍ത്ത ക്രിക്കറ്റും കബഡിയുമെല്ലാം സ്കൂളിലെ മഴയോര്‍മ്മകള്‍....
'ശ്രീപതി'യുടെയും 'ശ്രേയസ്സി'ന്റെയും ജനലരികിലിരുന്നു മഴ കൊണ്ട (അതില്‍ പാതിയും ചോര്‍ന്നൊഴുകിയതായിരുന്നു..!) ജൂണിലെ എത്രയോ ദിവസങ്ങള്‍....

മഴയില്ലാത്ത നാട്ടിലായിരുന്നു പിന്നീട്....
വല്ലപ്പോഴും മാത്രം വിരുന്നെത്തുന്ന മഴയ്ക്ക്‌ വേണ്ടി വേഴാമ്പലിനെ പോലെ വല്ലാതെ ദാഹിച്ചു....
മഴ വന്നപ്പോഴൊക്കെ ഓടിയിറങ്ങി മഴയില്‍ ആനന്ദ നൃത്തം ചവിട്ടി...
കൊച്ചു കുട്ടികളെപ്പോലെ ആലിപ്പഴം പെറുക്കാന്‍ മത്സരിച്ചു....
നനഞ്ഞ ഉടുപ്പും വെള്ളം നിറഞ്ഞ ഷൂവുമായി ക്ലാസ്സില്‍ പോയിരുന്നു....
മാര്‍ക്ക് കുറഞ്ഞ ഉത്തര പേപ്പറുകളൊക്കെ മഴയില്‍ നനഞ്ഞു പോയത് മനപൂര്‍വമായിരുന്നില്ല.....

പിന്നീട് പൂന്തോട്ട നഗരത്തില്‍ വച്ച് ഒരു രാത്രി ആരുമില്ലാതെ ഒറ്റയ്ക്കായപ്പോള്‍, നൂലുപോലെ പെയ്തിറങ്ങി കൈകോര്‍ത്തു നടക്കാന്‍ കൂടെ വന്നപ്പോള്‍ അവള്‍ കാമുകിയായി...
ഇപ്പോള്‍ മഴ പെയ്താല്‍ ഓടകള്‍ നിറയുന്ന, ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു മഹാനഗരത്തില്‍......
എങ്കിലും മഴയെയെനിക്കു വെറുക്കാനാവില്ല....
ബാല്യകാലത്തില്‍ കൗതുകത്തോടെ കണ്ട ആ മഴ പെയ്തൊഴിഞ്ഞെങ്കിലും മരം പെയ്യുന്നുണ്ട്.... പൂര്‍വാധികം ശക്തിയായി.... എന്‍റെ മനസ്സില്‍... ഇപ്പോഴും......

5 comments:

  1. മഴ ഒരു അനുഭൂധിയാണ്
    പ്രണയത്തെയും വിരഹത്തെയും ഒരുപോലെ ചാലിച്ച് എടുക്കുന്ന ജീവിതത്തിന്‍റെ നേര്‍കാഴ്ച
    മനസിന്‍റെ എല്ലാ ഭാവങ്ങള്‍കും സംഗീതം ഒരുക്കുന്ന അപൂര്‍വ താളം
    തനിച്ച് മഴയെ പുല്‍കാന്‍ ഒരുപാട് ഇഷ്ടമാണെങ്കിലും നമ്മള്‍ പിന്നെയും കാത്തിരിക്കും ഒരു കൂട്ടിനായി

    ReplyDelete
  2. മഴ നമ്മെ കൊതിപ്പിച്ചു കൊണ്ടിരിക്കും..... ഒരു പ്രണയിനിയെപ്പോലെ ......

    ReplyDelete
  3. മഴ വിശേഷം നന്നായി
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി.... വീണ്ടും വരിക.....

      Delete
  4. മഴ ഓർമ്മകുറിപ്പ് നന്നായിട്ടുണ്ട്

    ReplyDelete

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....