നെസ്സിയെത്തേടി ഇൻവെർനെസ്സിലേക്ക്

 നേർത്ത മഞ്ഞിന്റെ ആവരണങ്ങളുള്ള ആസ്ക്ഹാമിലെ പ്രഭാതം ഒട്ടും നിരാശപ്പെടുത്തിയില്ല.. കാരവാനിന്റെ പുറത്ത് കണ്ണെത്താദൂരത്തോളമുള്ള കുന്നിൻ മേടുകളും അവിടെ മേയാനിറങ്ങിയ കറുപ്പും വെളുപ്പും നിറത്തിൽ നീളൻ മുടിയും വലിയ വാലുകളുമുള്ള കുതിരകളാണ് രാവിലത്തെ കാഴ്ച.. ഇവിടെ കളയാൻ പക്ഷെ ഒട്ടും സമയമില്ല... കുറച്ചു ചിത്രങ്ങളെടുത്തു പെട്ടെന്ന് യാത്ര തിരിച്ചു.. പോകുന്ന വഴിയിൽ ആണ് ലോതർ കാസിലും പൂന്തോട്ടവും.. കൃത്യമായ അകലമിട്ടു വളർത്തിയ മരങ്ങൾക്കിടയിലൂടെ ദൂരെ കാസിലിനു മുന്നിലെ പൂന്തോട്ടം കാണാം.. മധ്യ കാലഘട്ടത്തിൽ ലോൻസ്ഡേയിൽ പ്രഭുവിന്റെ വാസസ്ഥലമാണ്.. ഏദൻ എന്ന പേരിന് ഈ സ്ഥലം എന്തുകൊണ്ടും യോജ്യം.. അധികം വൈകാതെ തന്നെ ഞങ്ങൾ സ്കോട്ലൻഡിലേക്ക് പ്രവേശിച്ചു.. ചെറിയൊരു പാലത്തിനപ്പുറം ഇളം നിലയിൽ വെള്ള ക്രോസ്സ് ഉള്ള സ്കോട്ടിഷ് പതാകയുടെ കൂടെ `സ്കോട്ലാന്റിലേക്ക് സ്വാഗതം` എന്ന വാചകവുമുണ്ട്.. ഇതാണ് രാജ്യാതിർത്തിയെന്നറിയാവുന്ന ഏക അടയാളം. എഡിൻബറ, ഗ്ലാസ്‌ഗോ എന്നീ ഇരട്ട നഗരങ്ങൾക്കിടയിലൂടെ സ്കോട്ലാന്റിന്റെ വടക്ക് ഇൻവെർനെസിലേക്കാണ് യാത്ര

വടക്കോട്ടു പോകുന്തോറും യുകെയുടെ ഭൂപ്രകൃതി അപ്പാടെ മാറിമറിയും. കുന്നുകളും മലനിരകളും അതിനപ്പുറം ആയിരത്തി അഞ്ഞൂറിലധികം ചെറു ദ്വീപുകളുമുള്ള  ഈ ഭൂവിഭാഗം മൊത്തത്തിൽ ഹൈലാൻഡ്‌സ് എന്നറിയപ്പെടുന്നു.. നൈമിഷിക കാലാവസ്ഥയും യുകെയുടെ ഇതര ഭാഗത്തേക്കാൾ കൂടിയ തണുപ്പും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.. വണ്ടി പതുക്കെ കുന്ന് കയറിത്തുടങ്ങി.. കാലാവസ്ഥ അപ്പാടെ മാറി.. തണുപ്പും കാറ്റും അന്തരീക്ഷത്തെ ഗ്രസിച്ചു വന്നു.. ചെമ്മരിയാടുകൾ നിറയെ മേഞ്ഞു നടക്കുന്ന തവിട്ടു നിറമുള്ള കുന്നിൽ മുകളിൽ ഇനിയും ഒരുകിത്തീരാത്ത മഞ്ഞുപാളികൾ വെയിലിൽ വെട്ടിത്തിളങ്ങുന്നു.. റോഡിലെങ്ങും മഞ്ഞുവീഴ്ച സൂചിപ്പിക്കുന്ന അപായ ബോർഡുകളുണ്ട്..ശൈത്യ കാലത്തിൽ, മഞ്ഞു വന്നുമൂടുന്ന ഈ റോഡുകളിൽ യാത്ര അതീവ ദുഷ്കരവും അപകടകരവുമാണ്.. അത്തവണത്തെ ഈസ്റ്റർ ഇത്ര വൈകിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ വരുമ്പോൾ ഈ മലകളെല്ലാം മഞ്ഞു  പുതച്ചു കിടന്നേനെ.. പണ്ട് കാലം മുതൽക്കേ വാസന്ത പൗർണമിയുടെ (pink moon) അടുത്ത ഞായറാഴ്ചയാണ് ഈസ്റ്റർ.. അത് ചിലപ്പോൾ സൂര്യൻ ഒരയനത്തിൽ നിന്നും മാറ്റത്തിലേക്ക് കടക്കുന്ന തുല്യ ദിനരാത്രമായ മാർച്ച് 21(equinox - വിഷുഭം) കഴിഞ്ഞുള്ള ഏത് ഞായറാഴ്ചയുമാകാം.. ഇത്തവണ അത് ഏറ്റവും അവസാന ഞായറാഴ്ചയായിപ്പോയി.
ഹൈലാൻഡ്‌സിലെ ഒരു ചെറുപട്ടണമായ ഇൻവെർനെസ് സ്കോട്ലൻഡിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരവും സന്തോഷ സൂചികയുമുള്ള പ്രദേശമാണ്...ഇവിടേക്കെത്തണമെങ്കിൽ മലനിരകളാൽ ചുറ്റപ്പെട്ട കെയർഗോംസ്  നാഷണൽപാർക്ക് വട്ടം കടക്കണം... യുകെയിലെ ഉയരം കൂടിയ കൊടുമുടികളിൽ ഏറ്റവും വലുതായ ബെൻനെവിസ് ഒഴിച്ച് നിർത്തിയാൽ ആദ്യ ആറിലെ മറ്റെല്ലാം ഈ പ്രദേശങ്ങളിലാണ്.. അകെ മൊത്തം യുകെ എടുത്താൽ പർവതങ്ങളുടെ നാടാണ് സ്കോട്ലൻഡ് എന്ന് പറയേണ്ടി വരും.. കാരണം ഉയരത്തിൽ യുകെയിലെ 75 കൊടുമുടികളും സ്കോട്ലൻഡിലാണ്... ഈ ലിസ്റ്റിൽ എഴുപത്താറാമതുള്ള സ്‌നോഡൻ വെയ്ൽസിലെയും നൂറ്റിമുപ്പത്തിമൂന്നാമതുള്ള കറോൺറ്റൂ ഹിൽ അയർലണ്ടിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികളാണ്.. ഇംഗ്ലണ്ട്ലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ( മലയെന്നോ കുന്നെന്നോ വിളിക്കേണ്ടി വരും നമ്മൾ) സ്കേഫെൽ പൈക്കിൽ  എത്തണമെങ്കിൽ ലിസ്റ്റിൽ 257ആം സ്ഥാനം വരെ പോയി നോക്കണം!!!
അങ്ങനെ കുന്നും മലകളും കയറിയിറങ്ങി ചെമ്മരിയാടുകൾ നിറഞ്ഞ താഴ്‌വരകൾ താണ്ടി ഞങ്ങൾ ഇൻവെർനെസിലേക്ക് പ്രവേശിക്കാറായി... എവിടെ ഇൻവെർനെസിനെ  ആദ്യം അടയാളപ്പെടുത്തുക കെസ്സോക്ക് പാലമാണ്... ഉയരമേറിയ രണ്ടു സെറ്റ് ഭീമൻ തൂണുകളിൽ ഇരുവശത്തേക്കും ഞാണുകൾ വലിച്ചു കെട്ടിയ രീതിയിലുള്ള ഈ പാലം അതീവ മനോഹരമാണ്...ബ്ലാക്ക് ഐലി(കറുത്ത ദ്വീപ്)നെ ഇൻവെർസ്സുമായി  ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്ററിലേറെ നീളമുള്ള ഈ സുന്ദര നിർമിതി ബാങ്ക് ഓഫ് സ്കോട്ലൻഡിന്റെ നൂറു പൗണ്ട് നോട്ടുകളിൽ കാണാം…
കെസ്സോക് നദിക്കരയിലെ കാരവൻ  പാർക്കിലാണ് അടുത്ത രണ്ടു ദിവസത്തെ താമസം... വലിച്ചു കൊണ്ട് പോകാൻ കഴിയുന്ന നൂറുകണക്കിന് കാരവാനുകൾ  നദിക്കരയിൽ നിർത്തിയിട്ടിരിക്കുന്നു.. ഓരോന്നും അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു ചെറു വീട് തന്നെയാണ്.. വിനോദ സഞ്ചാരത്തിനെത്തുന്ന ഒരു കുടുംബത്തിന് ഇതു ധാരാളം.. ഇൻവെർനെസിലെ ആദ്യ ലക്‌ഷ്യം ഷാനെറി പോയിന്റാണ്.. അകത്തോട്ടു കയറിക്കിടക്കുന്ന തെക്കൻ കടലിന്റെ തീരമാണ്.. ലൈറ്റ് ഹൗസിനരികെ കടലിലേക്കിറങ്ങി നിൽക്കുന്ന പുലിമുട്ടിൽ നിന്നാൽ കടയിൽ ഏറെ അകലെയല്ലാതെ ഡോൾഫിനുകൾ  ഉയർന്നു ചാടുന്നത് കാണാം.. ഒരൽപം ഭാഗ്യം കൂടെയുണ്ടെങ്കിൽ ക്യാമറയിൽ പകർത്തുകയുമാകാം.. നിക്കോൺ 5600 എന്ന പുതുപുത്തൻ ക്യാമറയിൽ  ലൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിൽ ഒരുപാട് ചിത്രങ്ങൾ പകർത്തി.. ഇരുട്ട് വീണതും തിരിച്ചു കാരവൻ പാർക്കിലേക്ക്..
യാത്രാക്ഷീണം കാരണം നേരത്തേയുറങ്ങി...അടുത്ത ദിനം നേരത്തെയുണർന്നുമില്ല.... അതിനിടയിൽ ബെൻനെവിസ് പോകാനുള്ള പ്ലാൻ തല്ക്കാലം ഉപേക്ഷിച്ചു...ഇരു വസത്തേക്കുമായി 8 മണിക്കൂർ ട്രെക്കിങ്ങ് ഉണ്ട് ഈ കൊടുമുടിയിലേക്ക്.. അതി ശൈത്യവും അത് കഴിഞ്ഞു അടുത്ത ദിവസത്തെ 1000 കിലോമീറ്റർ വരുന്ന തിരിച്ചുള്ള യാത്രയുമാണ് ബെൻനെവിസിനെ ഒഴിവാക്കാനുള്ള കാരണം...അങ്ങനെ അധികമായി കിട്ടിയ ദിവസം ഇൻവെർനെസിന്‌ പരിസരപ്രദേശങ്ങൾ  ചുറ്റിക്കാണാൻ  തീരുമാനിച്ചു…
ഇൻവെർനെസിലെ ഏറ്റവും പ്രധാനയിടം ലോക്ക് നെസ് തടാകമാണ്.. കഥകളും കെട്ടുകഥകളും തമ്മിൽ ലയിച്ചൊന്നാകുന്ന തനത് സ്കോട്ടിഷ് സംസ്കാരത്തിന്റെ കേന്ദ്ര ബിന്ദുവാണിത്..  തെക്ക് ഫോർട്ട് അഗസ്റ്റസും വടക്ക് ലോക്ക് എൻഡും അതിന് കിഴക്കും പടിഞ്ഞാറും ഇരുപുറവുമായി മറ്റു നാല് വീതം ചെറു ഗ്രാമങ്ങളും.. മൊത്തത്തിൽ 56 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്നൊരു തടാകം.. വെള്ളത്തിന്റെ നിറഞ്ഞ സാന്നിധ്യം കൊണ്ടാകണം തടാകത്തിനോരം ചേർന്നുള്ള വഴിയിലെങ്ങും ഇടതൂർന്നു നിൽക്കുന്ന മരങ്ങളാണ്.. കുത്തിറക്കങ്ങളും കയറ്റങ്ങളുമായി ഓരോ വണ്ടികൾക്കിരുപുറം പോകാൻ മാത്രം വീതിയുള്ള വഴി കൂറ്റനൊരു നെസ്സിയെപ്പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു..
ലോക്ക്നെസ്സിന്റെ പത്തു കരകളിലും പൊതുവായുള്ളൊന്ന് നെസ്സിയാണ്.. ലോക്ക്നെസ്സിലെ ഭീമാകാരൻ (lochness moster) എന്ന് പേരുള്ളോരദ്ഭുത ജീവി.. നെസ്സിയെ ചുറ്റിപ്പറ്റിയാണ് ലോക്ക്നെസ്സിനെ കുറിച്ചുള്ള കഥകളൊക്കെയും..

ആയിരത്തി നാനൂറുവർഷം മുൻപൊരു ഐറിഷ് പാതിരിയാണ് ലോക്ക്നെസ്സിലെ ജലസത്വത്തെ പറ്റി ആദ്യം എഴുതിയത്.. പിന്നീട് പലരും പലവട്ടം നെസ്സിയെ കണ്ടെന്ന് അവകാശവാദവുമായെത്തി.. ചിത്രങ്ങളെടുക്കുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്യപ്പെട്ടു.. ഈ ഗ്രാമങ്ങളിലെ മുത്തശ്ശിക്കഥകളിലെ നെസ്സിയെത്തേടി ലോകത്തെങ്ങുനിന്നും സഞ്ചാരികളെത്തി.. നീണ്ട കഴുത്തും പെരുമ്പാമ്പിനെ ഉടലുമായി കഥകളിൽ നെസ്സി പലവട്ടം മുങ്ങിപ്പൊങ്ങി.. പിന്നെ പിടി തരാതെ ലോക്ക്നെസ്സിന്റെ ആഴങ്ങളിലൂഴിയിട്ടു.. ഉറങ്ങാത്ത കുഞ്ഞു രാവുകളിൽ പേടിസ്വപ്നമായി.. അവ്യക്തമായ ചിത്രങ്ങൾ കാട്ടി പലരും അവകാശവാദവുമായെത്തി.. പിന്നെയാ വാദങ്ങൾ പൊള്ളയായിരുന്നു എന്ന് തിരുത്തി.. ഇന്നും ലോകം നെസ്സിയെക്കുറിച്ചന്വേഷിക്കുന്നു.. വെള്ളത്തിലെ വസ്തുക്കളിടെ DNA പരിശോധന വരെ നടത്തി നെസ്സിയുടെ തുമ്പന്വേഷിക്കുന്നു.. പറഞ്ഞു കേട്ട ലക്ഷണങ്ങളിൽ ക്രിപ്റ്റോ ക്ളീഡസ് എന്ന ജലജീവിയോടാണ് നെസ്സിക്ക് സാമ്യം.. ഏഴു കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്നും മറഞ്ഞ വെള്ളത്തിലെ ദിനോസറാണോ നമ്മളിന്നന്വേഷിക്കുന്ന നെസ്സി??
എന്തുതന്നെയായാലും ഫൊയേഴ്സ് വെള്ളച്ചാട്ടത്തിലും ഫോർട്ട് അഗസ്റ്റസിലും നോക്കീ ലോഡ്ജ് മലനിരകളിലും നെസ്സിയെ കണ്ടില്ല.. കണ്ട കാഴ്ചയത്രയും അതിമനോഹരമായിരുന്നു താനും. ഫൊയേഴ്സിലെ കുന്നിറങ്ങി ചെന്ന് ലോക്ക്നെസ്സിന്റെ തീരത്തു ചെല്ലുമ്പോൾ കാറ്റിൽ കുഞ്ഞോളങ്ങൾ തിരമാലകളായി വന്നു കാലിൽ തൊടുന്നു.. നോക്കീ ലോഡ്‌ജിലെ കുന്നിൽ മുകളിൽ നിന്നും ഫോർട്ട് അഗസ്റ്റസിന്റെ അതി മനോഹര ദൃശ്യം.. തടാകത്തിലേക്ക് മുഖം നോക്കി പുരാതനമായ ഫോർട്ട് അഗസ്റ്റസ് അബ്ബെ.. കാലിഡോണിയൽ കനാലിൽ നിന്നും തടാകത്തിലേക്ക് പണിത ആറു ലോക്കുകളാണ് ഫോർട്ട് അഗസ്റ്റസിന്റെ പ്രത്യേകത.. വെറും 600 ആണ് ജനസംഖ്യ.. ടൂറിസമാണ് പ്രധാന വരുമാനം.. കനാലിനു മുകളിലെ റോഡ് ഇരുവശവും തുറന്ന് ജലയാനങ്ങൾ ആദ്യ ലോക്കിനകത്തു കയറി.. ലോക്ക് അടച്ചു അതിൽ വെള്ളം നിറയുന്നതോട് കൂടി ജലയാനങ്ങൾ അടുത്ത ലോക്കിന്റെ ഉയരത്തിലേക്ക് ഉയർത്തപ്പെടുകയായി.. പിന്നെ പതുക്കെ ജലയാനങ്ങൾ അടുത്ത ലോക്കിന്റെ ചുവട്ടിലേക്ക്.. പിന്നെയും ഇതേ രീതി തുടരും.. ഇങ്ങനെ പടവുകൾ അഞ്ചും കയറി ജലയാനങ്ങൾ കാലിഡോണിയൽ കനാലിലേക്ക്.. നാഗരികത തെല്ലും വിരുന്നെത്തിയിട്ടില്ലാത്ത അതിപുരാതനമായ സ്കോട്ടിഷ് ഗ്രാമം.. കണ്ടു കണ്ടു മതി തീരുന്നില്ല ഫോർട്ട് അഗസ്റ്റസിൽ.. ഇനി ലോക്ക്നെസ്സിന്റെ പടിഞ്ഞാറ് തീരത്തു കൂടി ഇൻവെർസിനെസ്സിലേക്ക്.. ഇനിയുമുണ്ട് കാഴ്ചകളേറെ.. ഡ്രംനഡേഷിറ്റിലെ തകർന്ന കോട്ട.. ഇൻവെർമൊറിസ്റ്റനിലെ പാറകൾക്കു മുകളിലെ കരിങ്കൽ പാലം, ലോക്‌നെസ്സ് എക്സ്‌സിബിഷൻ സെന്റർ.. കാഴ്ചകൾ അവസാനിക്കുന്നില്ല.. അവസാനം ചാറ്റൽ മഴ പൊഴിയുന്നൊരു നേരം ചെന്ന് കയറുന്നത് നെസ് നദിക്കരയിലെ ഇൻവെർനെസ്സ് കോട്ടയിലേക്കാണ്.. ഇഷ്ടികചുവപ്പു നിറമാർന്ന മനോഹരമായ കോട്ടയാണിത്‌. ആയിരത്തിലധികം വര്ഷം മുന്നെയുണ്ടായിരുന്ന കോട്ട പുനർനിർമ്മിച്ചിട്ട് കേവലം രണ്ടു നൂറ്റാണ്ടാവുന്നതേ ഉള്ളൂ.. ആ പുതുമ കോട്ടയുടെ നിര്മിതികളിൽ കാണാം.. ടിക്കറ്റെടുത്തു അകത്തു കയറി.. മുകളിലുള്ള വ്യൂ പോയിന്റിൽ നിന്ന് ഇൻവെർനെസ്സ് മുഴുവനായും കാണാം. കോട്ടയ്ക്കരികിൽ നെസ് നദി ശാന്തമായൊഴുകുന്നു.. അകലെ ലോക്‌നെസ്സ് തടാകവും ചുറ്റിലും മറ്റനേകം മലനിരകളും.. വടക്കു വടക്കു വടക്ക് കുന്നിൻ മുകളിലിപ്പോഴും മഞ്ഞിൻ പാളികൾ തിളങ്ങുന്നത് കാണാം.. താഴ്‌വാരത്തിൽ  ബ്യുലി ഫിർത്തിനെയും (ഉൾക്കടൽ) മൊറായി ഫിർത്തിനെയും വേർതിരിക്കുന്ന ഭാഗത്തു കെസ്‌സോക്ക് പാലം കാണാം.. കോട്ടയ്ക്കു മുകളിലെ നീല വാനിൽ ഇളം നിലയിൽ വെള്ള ക്രോസ്സുള്ള സ്കോട്ടിഷ് പതാക പാറിക്കളിക്കുന്നു.. മഴയ്ക്ക് ശക്തി കൂടുന്നു.. കാറ്റിൽ തണുപ്പ് ഇരച്ചു കേറുന്നുണ്ട്.. ഇനി ഹൈലാൻഡ്‌സിനോട് വിട പറയാം.. ചില്ലു ചഷകത്തിൽ സ്കോച് വിസ്കിയുമായി എഡിൻബറ കാത്തിരിപ്പുണ്ട്.. പഴമയുടെ വീര്യമേറുന്ന ഒരായിരം കഥകൾ പറയാൻ.. അവളുടെ മായക്കാഴ്ചകളിൽ മയക്കാൻ.. നരച്ചു നീറിയ തെരുവുകളിൽ അവളോടൊത്തു ശയിക്കാൻ.. ഇന്നിനിയീ രാത്രി പുലരുവോളം അവളെ സ്വപ്നം കാണാം.. 

എഡിൻബറക്കോട്ട - ചരിത്രവും വർത്തമാനവും..

 അധികാരത്തിന്റെ കൊടിയടയാളം ആദ്യമുയരേണ്ടത് കോട്ടകളിലാണെന്നും കോട്ടവൽക്കരണമാണ് അധികാരമുറപ്പിക്കുന്നതിന്റെ ആണിക്കല്ലാവേണ്ടതെന്നും ആദ്യം തിരിച്ചറിഞ്ഞ നഗരമാണ് എഡിൻബറ.. ഡേവിഡിയൻ വിപ്ലവമെന്നു പേരുകേട്ട ഡേവിഡ് ഒന്നാമന്റെ ഭരണപരിഷ്കാരങ്ങളാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ എഡിൻബറയിലെ കുന്നിൻ മുകളിൽ ഒരു കോട്ടയൊരുക്കുന്നതിന് നാന്ദി കുറിച്ചത്.. അപസർപ്പക കഥകളിലെ കോട്ടകളോട് കിടപിടിക്കും വിധമുള്ള ആകാരം.., ചെങ്കുത്തായൊരു കുന്നിൽ മുകളിൽ ചുറ്റും പത്താൾ  പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന കൽമതിലകത്ത് ആർക്കും കണ്ടാൽ ഭീതിയേകുന്നൊരൂക്കൻ കോട്ട.. ഈ കോട്ടയിലേക്കുള്ള കൽക്കെട്ടുകൾ കയറുമ്പോൾ നൂറ്റാണ്ടുകളായി ഈ കോട്ട കൊത്തളത്തിൽ അന്തിയുറങ്ങുന്ന രാജകഥകൾ നിങ്ങളെ തേടിയെത്തും.. സൈനിക നീക്കങ്ങളുടെ കുതിരക്കുളമ്പടിയൊച്ചകൾ കാതിൽ വന്നടിക്കും.. തടവുകാരുടെ രോദനങ്ങൾ കാറ്റിനൊപ്പം നിങ്ങളെ കടന്നു പോകും.. ഓരോ പടികയറുമ്പോളും നിങ്ങളോർക്കുക,  നിങ്ങൾ പിന്തുടരുന്നത് സാമ്രാജ്യങ്ങൾ അടക്കി ഭരിച്ചോരു രാജാവിന്റെയോ രാജ്ഞിയുടെയോ പാദമുദ്രയാവാം.. അല്ലെങ്കിൽ രാജ്യത്തെ സേവിച്ചൊരു പട്ടാളക്കാരന്റെയാവാം.. അതുമല്ലെങ്കിൽ രാജ്യം കീഴടക്കാനിറങ്ങിപ്പുറപ്പെട്ട ഏതോ പോരാളിയുടേതാവാവും.

ലോകത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട കോട്ടയേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എഡിൻബറക്കോട്ട.. ആക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും വേലിയേറ്റങ്ങൾ കണ്ട, ഈ നഗരത്തിന്റെ വളർച്ചയും ഇടർച്ചയും കണ്ട, അതിനൊക്കെയും സാക്ഷിയായി നിന്നൊരു കോട്ട മുത്തശ്ശിയാണ്.. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ലോകമെങ്ങും പടരും മുൻപേയുള്ള ബ്രിട്ടന്റെ ചരിത്രം പലയടരുകളായി ഈ കോട്ടയിൽ നിന്ന് വായിച്ചെടുക്കാം..
തെക്കുവശത്തുള്ള പടിക്കെട്ടു കയറിച്ചെന്നാൽ കോട്ടമൈതാനമായി.. അവിടെയാണ് ടിക്കറ്റ് കൗണ്ടർ.. ടിക്കറ്റു വാങ്ങി ദേഹപരിശോധന കഴിഞ്ഞാൽ ഭീമാകാരൻ കോട്ട വാതിലിൽ കൂടി അകത്തു കയറാം.. കരിങ്കല്ലു പാകിയ വഴിയിൽ വലത്തോട്ടു തിരിഞ്ഞു നടന്നാൽ ഹാഫ് മൂൺ ബാറ്ററി (ബാറ്ററി എന്നാൽ ആയുധപ്പുര എന്നർത്ഥം)എന്നറിയപ്പെടുന്ന കോട്ടമുറ്റത്തെത്താം.. ഇവിടുന്നു നോക്കിയാൽ എഡിൻബറ നഗരത്തിന്റെ മനോഹരമായ ആകാശദൃശ്യം.. അകലെ ഫോർത്ത് ഓഫ് ഫിർത്ത് എന്ന കടലിടനാഴിയും അതിനപ്പുറം സ്കോട്ലാന്റ് ഹൈലാൻഡ്‌സും ആണ്.. കിഴക്ക് ഇനിയുമുയരെ കാണുന്ന മലഞ്ചെരിവാണ് ആർതർ സീറ്റ്.. ഹിമയുഗത്തിലൊരു ഭീമൻ അഗ്നിപർവത സ്ഫോടനഫലമായി ആർതർ സീറ്റിൽ നിന്നും വേർപ്പെട്ടു പോന്നതാണ് ഇന്ന് നാം നിൽക്കുന്ന കാസിൽ റോക്ക്.. അന്ന് ലാവയൊഴുകിപ്പരന്നുണ്ടായ ഇടനാഴിയാണ് പിൽക്കാലത്ത് കോട്ടയിൽ നിന്ന് ഹോളിറൂഡ് കൊട്ടാരത്തിലേക്കുള്ള രാജപാത (Royal Mile)യായി മാറിയതും അതിനിരുപുറം ഈ നഗരം ഇത്രമേൽ വളർന്നതും.. ഇത്രയും പറഞ്ഞു തീർത്ത് ഗൈഡ് അടുത്ത പോയന്റിലേക്ക് ക്ഷണിച്ചു.. കോട്ടവിടവിലൂടെ കടലിലേക്ക് കണ്ണുനട്ടിരിക്കുന്ന കൂറ്റൻ പീരങ്കികൾക്കപ്പുറം മിൽമൗണ്ട് ബാറ്ററിക്കരികിലുള്ള ഒരുമണിപ്പീരങ്കിക്കരികിലേക്കായിരുന്നു അത്.. ദേശീയ അവധി ദിനങ്ങളായ ഞായറും ദുഃഖവെള്ളിയുമൊഴിച്ചുള്ള എല്ലാ ദിവസങ്ങളിലും നഗരവാസികളെ സമയമറിയിച്ചു കൊണ്ട് ഉച്ചയ്ക്ക് കൃത്യം ഒരുമണിക്ക് ഈ പീരങ്കിയിൽ വെടിമുഴങ്ങും.. അത് കാണാൻ ദിനവും ഇവിടെ ആള് കൂടും..
നൂറ്റാണ്ടുകളോളം രാജവസതിയായിരുന്നു എഡിൻബറക്കോട്ട.. 1093 ൽ മാർഗരറ്റ് രാജ്ഞി ഇവിടെ കാലം ചെയ്തു.. പിന്നീട് വിശുദ്ധയായി മാറിയ സെയിന്റ് മാർഗരറ്റിന്റെ പേരിൽ മകനായ ഡേവിഡ് രാജാവ് ഇവിടെയൊരു ചാപ്പൽ പണിതു.. അതാണ് എഡിൻബറക്കോട്ടയിലെ ഏറ്റവും പഴക്കമേറിയ നിർമ്മിതി.. പിന്നീട് രാജകീയ വിരുന്നുകാർക്ക് ഗ്രേറ്റ് ഹാളും രാജസഭയും നിർമ്മിച്ച ജെയിംസ് നാലാമന് പക്ഷെ അധികകാലം അധികാരത്തിൽ തുടരാനായില്ല.. സ്വന്തം അളിയനായ ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമനുമായുള്ള ഫ്ലോഡൻ യുദ്ധത്തിൽ അദ്ദേഹം ജീവൻ വെടിഞ്ഞു.. പിന്നീട് രാജാവായ ജെയിംസ് അഞ്ചാമൻ പതിനേഴു മാസം പ്രായമുള്ളപ്പോൾ അധികാരത്തിലെത്തുകയും അടുത്ത രാജ്യാവകാശിയായ തന്റെ മകൾ സ്കോട്ലാന്റിലെ മേരി (Mary of scotlant )ജനിച്ചു അഞ്ചാം ദിവസം യുദ്ധത്തിൽ മരിക്കുകയും ചെയ്തു.. വളർന്നപ്പോൾ ഫ്രാൻസ് രാജകുമാരനെ വിവാഹം ചെയ്യുക വഴി ഫ്രാൻസിന്റെ കൂടി രാജ്ഞിയായി മാറിയ മേരി, അടുത്ത രാജ്യാവകാശിയായ (പിൽക്കാലത്ത് ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യത്തെ രാജാവ്) ജെയിംസ് ആറാമന് ജന്മം നൽകിയതും ഇതേ കോട്ടയിലാണ്.. 1603 ൽ ഇംഗ്ലണ്ടിന്റെയും അയർലന്റിന്റെയും രാജ്ഞിയായിരുന്ന ക്വീൻ എലിസബത്ത് മരിച്ചതോടു കൂടി ജെയിംസ് ആറാമൻ (ഇംഗ്ലണ്ടിൽ ജെയിംസ് ഒന്നാമൻ) ഗ്രേറ്റ് ബ്രിട്ടന്റെ ആകമാനം രാജാവായി തീരുകയും രാജ്യത്തിൻറെ ഭരണസിരാകേന്ദ്രം ഇവിടെ നിന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ അബ്ബെയിലേക്ക് മാറുകയും ചെയ്തു.. പിന്നീടങ്ങോട്ട് എഡിൻബറക്കോട്ട മുഖ്യമായും സൈനിക ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കപ്പെട്ടത്..

ഈ കോട്ടയിൽ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത് ക്രൗൺ റൂമിലാണ്.. ഇവിടെ ചിത്രങ്ങളെടുക്കാൻ അനുവാദമില്ല.. കാരണം സ്കോട്ലാന്റിലെ ഏറ്റവും മൂല്യമുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതിവിടെ ആണ്.. സ്കോട്ടിഷ് രാജ കിരീടം ആണ് ഏറ്റവും മുഖ്യം.. ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ രാജകിരീടം.. മുന്തിയ ഇനം ചെമ്പട്ടു തുണിയിൽ സ്വർണവും വെള്ളിയും അമൂല്യയിനം രത്‌നങ്ങളും ചേർത്തുണ്ടാക്കിയ കിരീടമാണ്.. പുരാണകഥയിലെ രാജാക്കന്മാരുടെ തലയിൽ മാത്രം സങ്കല്പിച്ചു പോന്നിട്ടുള്ള ഇത്തരത്തിലൊന്നു ജീവിതത്തിലാദ്യമായി കാണുകയാണ്..  എത്രയെത്ര സിംഹാസനാധിപന്മാർക്ക് തലയെടുപ്പ് നൽകിയ കിരീടമാണിത്.. ഇതിന്റെ കൂടെ രാജാവിന്റെ വാളും വസ്ത്രങ്ങളുമുണ്ട്.. പിന്നെയുള്ള പ്രധാന വസ്തു രാജശിലയാണ്(Dynasty stone).. സ്കോട്ലാന്റ് രാജാക്കന്മാരെ വാഴിക്കുന്നത് ഈ കല്ലിലിരുത്തിയാണ്..
കീപ്പെന്നു വിളിക്കുന്ന കോട്ടയുടെ ഏറ്റവും പ്രധാന ഭാഗം ഇന്ന് യുദ്ധ സ്മാരകമാണ്.. ഇംഗ്ലണ്ടിന്റെ ദേശീയ മൃഗമായ സിംഹവും സ്കോട്ലാന്റിന്റെ യൂണികോണും ഇടം വലം കൊത്തിവച്ചിട്ടുള്ള കവാടത്തിലൂടെ അകത്തു ചെന്നാൽ ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിൽ ജീവൻ വെടിഞ്ഞ സൈനികർക്കുള്ള ഓർമ്മപ്പുസ്തകങ്ങൾ കാണാം.. അക്ഷരമാലാക്രമത്തിൽ ഓരോ സൈനികന്റെയും പേരും അഡ്രസ്സും എഴുതിച്ചേർത്തിരിക്കുന്ന ആ പുസ്തകത്തിൽ ഉറ്റവരുടെ പേര് തിരയുന്ന ഒത്തിരി പേരെ കണ്ടു..
ഇനി ഗ്രേറ്റ് ഹാളിലേക്ക്.. അവിടെ യുദ്ധോപകരണ മ്യൂസിയമാണ്.. രാജകീയ വിരുന്നു സൽക്കാരങ്ങൾക്കും രാജസഭയ്ക്കുമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഇവിടുത്തെ ചുമരുകളൊക്കെയും പലതരം വാളും പരിചയും പടച്ചട്ടയും മുഖാവരണങ്ങളും കൊണ്ടലങ്കരിക്കപ്പെട്ടിരിക്കുന്നു.. ഓരോ കാലഘട്ടത്തിലെയും ആംഗ്ലോ സ്കോട്ടിഷ് രാജാക്കന്മാരുടെ ആയുധശേഖരം ഇവിടെ കാണാം..
ഇനിയുള്ളത് സ്കോട് സൈന്യത്തിന്റെ റോയൽ റെജിമെൻറ് മ്യൂസിയം ആണ്.. അവിടെ സ്കോട്ടിഷ് സൈന്യത്തിന്റെ പദവികളും ബാഡ്ജുകളും സൈനിക വേഷങ്ങളും കാണാം..
അത് കഴിഞ്ഞാൽ കോട്ടയ്ക്കകത്തെ ജയിലറകളിലേക്ക് പോകാം.. അവിടെ ജലീൽ നാളുകളിലെ ജീവിതങ്ങൾ അതേപോലെ പുനഃസൃഷ്ടിച്ചു വച്ചിരിക്കുന്നു.. ജയിൽ പുള്ളികളുടെ ഭക്ഷണശാലയും ഉറക്കറയും മാത്രമല്ല, അക്കാലയളവിലെ അവരുടെ മനോ വ്യാപാരങ്ങൾ വ്യക്തമാക്കുന്ന വാതിലുകളിലെയും ജനലുകളിലെയും അടയാളപ്പെടുത്തലുകളും കാണാം.. അതോടൊപ്പം അവ ചിഹ്ന ശാസ്ത്രകാരന്മാർ അവ അപഗ്രഥിച്ചു തയ്യാറാക്കിയ കുറിപ്പുകളും..
പിന്നെയുള്ളത് നാഷണൽ വാർ മ്യൂസിയമാണ്.. അവിടെ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലെ സ്കോട്ലാന്റ് സംഭാവനകളെ കുറിച്ചുള്ള വിവരണങ്ങളുണ്ട്.. അതിന്റെ മുറ്റത്ത് ഫീൽഡ് മാർഷൽ ഡഗ്ലസ് ഹെയ്ഗിന്റെ കുതിരമേലിരിക്കുന്ന കൂറ്റൻ പ്രതിമ.. തൊട്ടടുത്തുള്ള വ്യൂ പോയിന്റിൽ പോയി നിന്നാൽ എഡിൻബറയുടെ പനോരമ ദൃശ്യം.. അങ്ങകലെ മറെ ഫീൽഡ് ഫുട്ബോൾ സ്റ്റേഡിയം..
കോട്ടയ്ക്കകത്തെ തിരക്കൊഴിയുകയാണ്.. സൂര്യൻ പടിഞ്ഞാറേ കടലിൽ അസ്തമയത്തോടടുക്കുന്നു.. ഇനി പളുങ്കുപാത്രത്തിൽ സ്കോച്ച് വിസ്കികളൊഴുകുന്ന ആഘോഷരാവാണ്.. എഡിൻബറ അതിന്റെ സ്വതസിദ്ധമായ ആലസ്യം വിട്ടുണരുകയായി.. 

പുകമഞ്ഞു വീണ നഗരം - എഡിൻബറ

 പഴകുംതോറും വീര്യമേറുന്ന സ്കോച്ച് വിസ്കിയുടെ നാടാണ് സ്കോട്ലാന്റ്. അവിടെ സ്കോച്ചിന്റെ ലഹരി ആവോളം ഉള്ളിൽ നിറച്ച, പഴമയുടെ പ്രൗഢിയിൽ സ്വയമമരുന്നൊരു നഗരമാണ് എഡിൻബറ.. ഏഴു കുന്നുകളുടെ നഗരം... വടക്കിന്റെ ഏതൻസ്.. പൗരാണികതയിൽ നവീന മാതൃകകൾ ഒളിപ്പിച്ച ജോർജിയൻ നിർമ്മിതികൾ.. അവയ്ക്കിടയിൽ കമനീയമായ പൂന്തോട്ടങ്ങൾ.. നഗരമധ്യത്തിലുള്ള ഒരൂക്കൻ കുന്നിന്റെ ഏറ്റവും മുകളിലായി സ്കോട്ടിഷ് രാജവംശത്തിന്റെ സിംഹാസനങ്ങളും കിരീടങ്ങളും ആടയാഭരണങ്ങളും സൂക്ഷിച്ച എഡിൻബറക്കോട്ട.. അതിന് കിഴക്ക് ഒരു മൈൽ അകലെ ആർതർ സീറ്റിലെ നിജീവാഗ്നിപർവ്വത മേഖലയിൽ രാജവാസതിയായ ഹോളിറൂഡ് കൊട്ടാരം.. അതിനു ചുറ്റും രാജകീയോദ്യാനം.. രാജ്യത്തിൻറെ സ്മാരകങ്ങങ്ങളും സ്മരണികകളുമുള്ള കാർട്ടൺ ഹിൽ..

ഒന്ന് ചുറ്റിക്കാണാൻ ആരും കൊതിക്കുന്ന നഗരമാണ് എഡിൻബറ.. സ്കോട്ട്-ലോതിയൻ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ ഇംഗ്ലീഷ് അധിനിവേശത്തിനപ്പുറവും നെഞ്ചോടു ചേർത്ത് വയ്ക്കുന്ന നഗരം.. സ്ക്ടോട്ലൻഡ് ഹൈലാൻഡ്സിൽ നിന്നും ഇറങ്ങി വരുമ്പോൾ ആദ്യം കണ്ണിലുടക്കുക ഫോർത്ത് പാലങ്ങൾ ആണ്.. അതാണ് തെക്കുനിന്നും നഗരത്തിലേക്കുള്ള കവാടം.. വലിയ തൂണിൽ ഇരുപുറം വലിച്ചു കെട്ടിയ ഞാണുകളുള്ള പാലം കടന്നാൽ എഡിൻബറയുടെ പ്രൗഢിയിലേക്ക് പ്രവേശിക്കുകയായി.. ഇവിടെനിന്ന് നോക്കിയാൽ അരികിൽ കാന്റിലിവർ മാതൃകയിൽ നിർമ്മിച്ച ഫോർത്ത് റെയിൽപ്പാലം കാണാം.. ചുവന്നനിറത്തിലുള്ള DNA പോലെ പിരിഞ്ഞു കിടക്കുന്ന ഈ പാലം യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം പിടിച്ചതാണ്.. പാലം കടന്നാൽ പിന്നെ നഗരത്തിലേക്ക് പ്രവേശിക്കുകയായി.. ലണ്ടൻ കഴിഞ്ഞാൽ യുകെയിലെ വലിയ നഗരമാണ് സ്കോട്ലാന്റിന്റെ തലസ്ഥാനമായ എഡിൻബറ.. അതുകൊണ്ടു തന്നെ നഗരത്തിൽ നല്ല തിരക്കാണ്.. ഇംഗ്ലണ്ടിലെ ട്രാഫിക് മര്യാദകളൊന്നും ഇവിടെ വിലപ്പോവില്ല.. വണ്ടിയൊതുക്കാനായി പലവഴി കറങ്ങി.. ഒരു രക്ഷയുമില്ല.. പാർക്ക് ചെയ്യാൻ ഒരിറ്റു സ്ഥലമില്ല.. പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു കവിഞ്ഞു വണ്ടികൾ.. നഗരത്തിൽ കറങ്ങാൻ തുടങ്ങിയിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞു.. ഒടുവിൽ ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തിനടുത്ത് ഇടം കിട്ടിയേക്കാം എന്ന് ഫ്ലാറ്റുടമ.. ഒടുവിൽ അങ്ങോട്ടുള്ള വഴി മദ്ധ്യേ ഇത്തിരി സ്ഥലം കിട്ടി..
നഗരയാത്രയ്ക്ക് ട്രാമും ബസും യഥേഷ്ടമുള്ള എഡിൻബറയിൽ വണ്ടിയെടുത്തു നഗരം കാണാനിറങ്ങരുതെന്ന് ആദ്യ പാഠം.. ഇനി ആദ്യ ലക്‌ഷ്യം എഡിൻബറ കോട്ടയാണ്.. ആളൊന്നിന് 37 പൗണ്ട് കൊടുത്ത് ബുക്ക് ചെയ്തിട്ടുണ്ട്.. 2.15 നുള്ള അവസാന ഊഴത്തിൽ അകത്തു കയറണം.. പ്രിൻസസ് സ്ട്രീറ്റിലെ(തമ്പുരാട്ടിത്തെരുവ്) McD യിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ശേഷം നേരെ കോട്ട സ്ഥിതി ചെയ്യുന്ന കാസിൽ റോക്ക് എന്ന കുന്നിൻ മുകളിലേക്ക് നടന്നു.. പ്രിൻസസ് സ്ട്രീറ്റിന് നേരെ അഭിമുഖമാണ് 80 മീറ്റർ ഉയരെ ചെങ്കുത്തായി നിൽക്കുന്ന കാസിൽ റോക്ക്.. അതിനു മുകളിൽ കല്ലിൽ കെട്ടിപ്പൊക്കിയ ഭീമാകാരൻ കോട്ട..
രണ്ടാം നൂറ്റാണ്ടിൽ മനുഷ്യവാസം കണ്ടെത്തിയ ഇടമാണ്.. മദ്ധ്യകാല യൂറോപ്പിലെ കോട്ടവൽക്കരണത്തിന്ന് മാതൃകയായി തീർന്നയിടം.. കഥകളും കെട്ടുകഥകളും ചരിത്രങ്ങളും മിത്തുകളും കെട്ടുപിണഞ്ഞു കിടക്കുന്ന എഡിൻബറക്കോട്ടയെപ്പറ്റി പറയാൻ ഇനിയൊരെഴുത്ത് വേണ്ടിവരും..  കോട്ടയിൽ നിന്നും ഹോളിറൂഡ് കൊട്ടാരത്തിൽ ചെന്നവസാനിക്കുന്ന രാജവീഥി(Royal Mile) യിലൂടെ മുന്നോട്ടു നടന്നു.. ഇരുവശത്തും എഡിൻബറയുടെ വാസ്തുശില്പചരിത്രം വിളിച്ചോതുന്ന ജോർജിയൻ നിർമ്മിതികൾ.. ഓൾഡ് ടൌൺ എന്നറിയപ്പെടുന്ന ഇവിടെനിന്നും ഇരുവശത്തേക്കും പിരിഞ്ഞു പോകുന്ന ചെറു വീഥികൾ.. അവയ്ക്കരികിലെങ്ങും സ്കോട്ടിഷ് സംസ്കാരത്തെ ലോകത്തിന് പരിചയപ്പെടുത്തുന്ന സുവനീർ ഷോപ്പുകൾ.. ഇടവിട്ടിരിക്കുന്ന പബ്ബുകളിൽ ലഹരി മോന്തുന്ന മധ്യവയസ്കർ.. ആഘോഷപൂർവം നഗരം കാണാനിറങ്ങിയ വൈദേശിക സഞ്ചാരികൾ.. ഫയർ എസ്‌കേപ്പ് നടത്തി കയ്യടി വാങ്ങുന്ന മാന്ത്രിക സംഘങ്ങൾ.. നടന്നു  നീങ്ങുമ്പോൾ കാണുന്നതത്രയും പൈതൃക സ്മാരകങ്ങൾ.. സെയിന്റ് ഗിൽഡ് കത്തീഡ്രൽ, ചർച്ച് ഓഫ് സ്കോട്ലാന്റിന്റെ ജനറൽ അസംബ്ലി ഹാൾ, നാഷണൽ മ്യൂസിയം ഓഫ് സ്കോട്ലാന്റ്, എഡിൻബറ യൂണിവേഴ്സിറ്റിയുടെ ഓൾഡ് കോളേജ്.. തല്ക്കാലം ഹോളിറൂഡ് കൊട്ടാരത്തിലേക്ക് പോകാതെ കാൾട്ടൺ ഹില്ലിലേക്ക് പോകാമെന്നു വച്ചു..
റോയൽ മൈലിൽ നിന്നും 5 മിനിറ്റു നടന്നാൽ കുന്നിൻ മുകളിലുള്ള കാൾട്ടൺ ഹില്ലിലെത്താം.. എഡിൻബറയുടെ 360 ഡിഗ്രി കാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്.. കിഴക്ക് ആർതർ സീറ്റെന്ന കിഴുക്കാംതൂക്കായ പാറയിൽ തുടങ്ങി ഹോളിറൂഡ് കൊട്ടാരം, പാർലമെന്റ്, ലെയ്ത്ത്, ഫിർത്ത് ഓഫ് ഫോർത്ത് കടൽത്തീരങ്ങൾ, പുതുനഗരത്തിലെ പ്രിൻസസ് സ്ട്രീറ്റ്, കോട്ടയിലേക്ക് കുന്നുകയറുന്ന രാജപാത എല്ലാം ഒറ്റ ഫ്രയിമിൽ കിട്ടും.. ഒരുകൂട്ടം ചരിത്ര സ്മാരകങ്ങൾ ഒന്നിച്ചു സ്ഥിതിചെയ്യുന്ന ഇടം കൂടിയാണ് കാൾട്ടൻ ഹിൽ.. ഇനിയും പൂർത്തിയാകാത്ത ദേശീയ സ്മാരകമാണ് അതിലൊന്ന്.. ആതൻസിലെ പാർത്തനോണിനോട് കിടപിടിക്കുന്ന വിധം പണിതുയർത്താൻ പദ്ധതിയിട്ട ഇവിടെ ആകെ 12 തൂണുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ.. സ്കോട്ലാന്റിന്റെ അപമാനം എന്നാണ് ഈ പണിതീരാ നിർമ്മിതിയെ അവിടുത്തുകാർ വിശേഷിപ്പിക്കുന്നത്.. ആകാശം മുട്ടെ ഒറ്റഗോപുരമായി ഉയർന്നു നിൽക്കുന്ന നെൽസൻ സ്മാരകം, ഒരു കല്മണ്ഡപത്തെ അനുസ്മരിപ്പിക്കുന്ന ദുഗാർഡ് - സ്റ്റേവാർഡ് സ്മാരകം, ബേൺസ് സ്മാരകം, രക്തസാക്ഷി സ്മാരകം എന്നിവയും കാൾട്ടൻ ഹില്ലിലുണ്ട്.. ഇത്രയൊക്കെയാണെങ്കിലും ആൺ വേശ്യ വൃത്തിക്കും മയക്കുമരുന്നിലധിഷ്‌ഠിതമായ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രധാന കേന്ദ്രമാണിവിടം..
നഗരത്തിൽ ഇരുട്ട് വീണതോടെ ഞങ്ങൾ ക്രമൻഡ് ദ്വീപിലേക്ക് തിരിച്ചു.. എഡിൻബറ നഗരത്തോട് ചേർന്ന് ഫിർത്ത് ഓഫ് ഫോർത്തിലുള്ള ഒരു ചെറു ദ്വീപാണ് ക്രമൻഡ് ഐലൻഡ്.. വെറും ഏഴു ഹെക്ടർ മാത്രം വിസ്തൃതിയിൽ കടലിനു നടുക്ക് സ്ഥിതിചെയ്യുന്ന ഇവിടേക്ക് വേലിയിറക്ക സമയത്ത് നടന്നു പോകാനാവും.. അസ്തമയ സൂര്യന്റെ ചുവപ്പു രാശി കടലോളങ്ങളിൽ പടരുമ്പോൾ ഈ സ്ഥലത്തിന് എന്തൊരു ഭംഗി.. രണ്ടാം ലോക മഹായുദ്ധ കാലത്ത് കടലിലൂടെയുള്ള ബോട്ടക്രമണങ്ങളെ ചെറുക്കാൻ ക്രമൻഡ് ദ്വീപ് വരെ ഒരു മൈൽ വരുന്ന കടൽദൂരമത്രയും കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചിരുന്നു.. ഇപ്പോൾ വേലി ഇറക്കമാകയാൽ ആ കോൺക്രീറ്റ് കാലുകളുടെ ഓരം പറ്റി നടക്കാനിറങ്ങി.. തെന്നലും വഴുവഴുപ്പുമുള്ള കോൺക്രീറ്റ് വരമ്പിലൂടെ കടലിനു നടുവിൽ നടക്കാനെന്തു രസം.. നടന്നു നടന്ന് ദ്വീപിലെത്തിയപ്പോഴേക്കും ചുവപ്പു രാശി മാഞ്ഞു നല്ലവണ്ണം ഇരുട്ടി.. ഇപ്പോൾ മഞ്ഞ നിയോൺ വെളിച്ചം നിറഞ്ഞ മറ്റൊരു മുഖമാണ് നഗരത്തിന്.. കടലിൽ ദൂരെയുള്ള ഫോർത്ത് പാലത്തിൽ കൂടി ഒരു തീവണ്ടി കൂടി കടലിനെ മുറിച്ചു കടന്നു മറുകര തേടി... ആകാശത്തൊരു പൊട്ടുപോലെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട വിമാനങ്ങൾ മിന്നിത്തെളിഞ്ഞു വന്നു തലയ്ക്കു മുകളിലൂടെ തൊട്ടപ്പുറത്തുള്ള എഡിൻബറ എയർപോർട്ടിൽ ലാന്റ് ചെയ്തു കൊണ്ടിരുന്നു.. നിഗൂഢതകളുടെ ഇരുട്ട് മൂടിയ ദ്വീപിലെ കാട്ടുമരങ്ങൾക്കിടയിൽ നിന്നും അപരിചിതരായ മനുഷ്യർ അതിവേഗം കോൺക്രീറ്റ് പാലം കടന്നു കര തേടിപ്പോയി.. പൊളിഞ്ഞു വീഴാറായ പഴകിയ കെട്ടിടത്തിന്റെ ഓരത്തുള്ള പാറക്കെട്ടുകളിലിരുന്ന് ബിയർ മോന്തിക്കൊണ്ട് സൊറ പറയുന്ന മൂന്നാലു പെണ്കുട്ടികളല്ലാതെ മറ്റാരും ഇനിയീ ദ്വീപിൽ അവശേഷിക്കുന്നില്ലെന്നു തോന്നി.. ഇരുട്ടിനു കനം വയ്ക്കും തോറും കടലിൽ വെള്ളമുയർന്നാലുള്ള അവസ്ഥയെക്കുറിച്ചു ആധി കയറിത്തുടങ്ങി.. ഡാനിയേൽ ഡാഫോയുടെ റോബിൻസൺ ക്രൂസോയെ ആണ് ക്രമൻഡ് ദ്വീപിലെ ഈ രാത്രി ഓർമപ്പെടുത്തുന്നത്.. ഇനിയും നിൽക്കുന്നത് അപകടമായതിനാൽ തിരിച്ചു നടന്നു.. ഇരുട്ടും പായലിലെ വഴുപ്പും യാത്രയെ പോയതിലും ദുഷ്കരമാക്കി..  നേരമേറെയെടുത്ത് കരപറ്റി.. ഇനി തിരിച്ചു താമസസ്ഥലത്തേയ്ക്ക്.. അടുത്ത പ്രഭാതത്തിൽ പുത്തൻ കാഴ്ചകൾ പിറക്കുന്ന ഗ്ലാസ്‌ഗോയിലേക്ക്.. 

ആസ്‌ക്ഹാമിലെ അപസർപ്പക ബുധൻ

 പുതുവത്സരാഘോഷങ്ങളൊക്കെ കഴിഞ്ഞു ഓഫീസിലെത്തിയ ആദ്യ ആഴ്ചകളിലൊന്നിൽ ദിനവും  'cultural update' പറയാൻ നിയോഗിക്കപ്പെട്ട സുന്ദരി പെൺകുട്ടി ക്രിസ്റ്റി വെബ് ബോർഡിന്റെ  വലതു മൂലയിൽ കുറിച്ചിട്ടു "100 Days To  Easter".... ഇങ്ങനെ എണ്ണിക്കൊഴിച്ച ക്രിസ്മസ്  ദാ  ഇപ്പൊ കഴിഞ്ഞതേയുള്ളൂ... അതിന്റെ അവസാന ദിവസങ്ങളിലെ ആഘോഷങ്ങളുടെ ആലസ്യത്തിൽ നിന്നും ഉണരുന്നതേയുള്ളൂ...  ഈസ്റ്റർ പ്രലോഭിപ്പിക്കുന്നത് നാല് ദിവസങ്ങൾ നീണ്ട അവധി ദിനങ്ങളാലാണ്... schengal visa  ഇല്ലാത്തതിനാൽ യൂറോപ്യൻ യാത്ര നടക്കില്ല... അപ്പൊ പിന്നെ യാത്ര ബ്രിട്ടന്റെ വടക്ക് സ്കോട്ലൻഡിലേക്കാവാമെന്ന് തീരുമാനിച്ചു... നാല് ദിവസം കയ്യിലുള്ളതിനാൽ പറ്റാവുന്നത്ര വടക്കിലേക്കാണ് നോട്ടം... ഒരുപാട് ദിനങ്ങളിലെ നെടു നീളൻ ചർച്ചകൾക്കൊടുവിൽ സ്ഥലങ്ങൾ തീരുമാനമായി... എഡിൻബറയും ഗ്ലാസ്ഗോയും പിന്നെ ഇൻവെർനെസ്സും ബെൻ നെവിസും... പോകേണ്ട റൂട്ടുമാപ്പുകളും  ചെലവഴിക്കേണ്ട സ്ഥല വീതം വെപ്പുകൾക്കുമൊടുവിൽ താമസിക്കാനുള്ള സ്ഥലങ്ങൾ ബുക്ക് ചെയ്‌തു... പൊതുവെ ചിലവേറിയ റൂമുകൾ ഒഴിവാക്കി കാരവാനുകൾ ആണ് ഇത്തവണ പരീക്ഷണം...  എന്താകുമോ എന്തോ....

പെസഹാ വ്യാഴവും ദുഃഖവെള്ളിയുമുള്ള നീണ്ട ആഴ്ചാവസാനത്തിനു മുന്നോടിയായി ബുധനാഴ്ചയേ  ഓഫീസ് ശുഷ്കമായിരുന്നു.... നീണ്ട യാത്രയുടെ ആവേശത്തിലായിരുന്ന എല്ലാവരും നാല് മണിക്കേ യാത്രക്ക് തയ്യാറായി... ആയിരത്തോളം കിലോമീറ്റർ അകലെ സ്കോട്ലൻഡിലെ ഇൻവെർനെസ്സ് ആണ് ലക്ഷ്യം... ഉദ്ദേശം പാതി വഴിയിൽ , കേട്ടുകേൾവി  പോലുമില്ലാത്ത ആസ്ക്ഹാം  എന്നൊരിടത്ത് കാരവാനിൽ താമസം ബുക്ക് ചെയ്തിട്ടുണ്ട്..... റോഡിലെങ്ങും ഈസ്റ്റർ അവധിയുടെ തിരക്കായതിനാൽ യാത്രക്ക് ഉദ്ദേശിച്ച വേഗത പോരാ... 10ന്  എത്തുമെന്ന് പ്ലാൻ ചെയ്ത ആസ്ക് ഹാമിനോടടുക്കുമ്പോൾ  സമയം 12 കഴിഞ്ഞു... ആറു വരിയുടെ ധാരാളിത്തത്തിൽ നിന്ന് പുറത്തിറങ്ങി, ഇടവഴികളിലൂടെയാണ് ഇപ്പോൾ യാത്ര...നിരത്തുകളോ വണ്ടികളോ  ഇല്ല ചുറ്റിലും... തണുപ്പു  പുതച്ച് നീണ്ടു നിവർന്നുറങ്ങുന്ന വിശാലമായ കൃഷിയിടങ്ങൾ... അരികിൽ കുന്നിൽ ചെരുവിലൂടൊരരുവി ഞങ്ങളോടൊപ്പം ഒഴുകി വരുന്നുണ്ട്.. 'റ' കണക്കെ ഉയർത്തിക്കെട്ടിയൊരു പാലം... ഒരു വണ്ടി മാത്രം പോകാൻ വഴിയുള്ള പാലത്തിനക്കരെ കുന്നിൻ മുകളിൽ ഒരു പാട് കൂറ്റൻ കെട്ടിടവും ഒരു ഒറ്റ വെളിച്ചവുമുണ്ട് .. യാത്ര പോകുന്നതേതോ പ്രേത കഥയിൽ കണ്ട, കുന്നിൻ മുകളിലെ കോട്ടയിൽ അവസാനിക്കുന്നൊരു ഒറ്റയടിപ്പാതയിലൂടെ ആണോ എന്ന സന്ദേഹം ഉള്ളിൽ പതുക്കെ വളരുന്നുണ്ട്... കണ്ടു തീർത്തതോ വായിച്ചു രസിച്ചതോ ആയ ഏതോ പ്രേതകഥയിലെ വഴികൾക്ക് ഈ ബിംബങ്ങളോടൊക്കെയും അത്യപൂർവ സാമ്യം... കൂടെയുള്ള മുഖങ്ങളിലെല്ലാം അതെ ഭയം കാണാം... ഈ ഭയം വളർന്നെന്റെ ശബ്ദത്തെ  ഗ്രസിക്കാൻ  തുടങ്ങിയതും താഴ്‌വരയിലെ  ഒരു ഊക്കൻ മരത്തിനു കീഴിൽ തേടിയെത്തിയ മേൽവിലാസം  അവസാനിച്ചു... ഒരുപാട് പഴക്കമുള്ളൊരു ഉൾനാടൻ ഇഗ്ലീഷ്  ഗ്രാമമാണിത്... എല്ലാവരും പുറത്തിറങ്ങി.. 'വാസന്ത പൗർണ്ണമി’(First  full moon  of the spring - Pink moon) യോടടുത്ത ദിവസമായതിനാൽ വഴി വിളക്കുകളില്ലെങ്കിലും നിലാവുണ്ട്..  തെരുവിലെ ഓരോ വീടുകളുടെ മുന്നിലും നമ്പർ തിരഞ്ഞെങ്കിലും ഒന്നും ഒത്തു വന്നില്ല... പോസ്റ്റ് കോഡ് കൃത്യമാണ്, രാത്രിയുടെ രണ്ടാം യാമത്തിൽ ഒട്ടുമിക്ക വീടുകൾക്കുള്ളിലെയും മെഴുകുതിരി വെട്ടങ്ങൾ കെട്ട് തീരാറായി... ഞങ്ങളൊഴികെ ഉറങ്ങാതിരുന്ന ഒരൊറ്റ മനുഷ്യനും ഇന്നീ ഗ്രാമത്തിലില്ല... ശിഷ്യനായ യൂദാസ്,യേശുദേവനെ  30 വെള്ളിക്കാശിന്  ഒറ്റു കൊടുത്ത ദിവസമാണ്.. ദൈവമേ, അഞ്ചു പേർക്കും ആൾക്കൊന്നിനു 30 പൗണ്ട് എണ്ണിവാങ്ങി കാരവൻ പാർക്ക് എന്നുപറഞ്ഞു ബുക്ക് ചെയ്തു തന്നത് ഇവിടെയാണോ... എന്തായാലും തേടിയിറങ്ങിയ ആ വീടിന്റെ നമ്പർ 13 അല്ല... പകരം അഞ്ചു 13കൾ ചേർന്ന 65 ആണ്... വീട് തിരഞ്ഞു പലവഴി പോയവരൊക്കെ തിരിച്ചെത്തി.. നെറ്റൊ  റേഞ്ചോ ഒരു തരിയില്ലാത്തതിനാൽ  വീടിന്റെ ഉടമസ്ഥനെ വിളിക്കാൻ വകുപ്പില്ല... എന്നാൽ ഫോണിൽ സേവ് ചെയ്തിരുന്ന പുള്ളിയുടെ email  തപ്പിയെടുത്തു... മുന്നേ കളിച്ച ട്രെഷർ ഹണ്ടിലെ സൂചകങ്ങൾ ഇതിലും എത്രയോ ഭേധം.... സൂചകങ്ങളിൽ പറഞ്ഞ 'പഞ്ച് ബൗൾ' പബ്ബ് കണ്ടു പിടിക്കാൻ തന്നെ ഈ ഇരുട്ടത്ത് ഏറെ ഏറെ നേരമെടുത്തു.... ഒരു ഇംഗ്ലീഷ് പബ്ബിന്റെ യാതൊരു രൂപഭാവവുമില്ലാത്ത പഴയൊരു ചെറു കെട്ടിടം... അതിനരികിലെ ചെറു വഴിയിലൂടെ പിന്നിലേക്ക് പോകണംഅടുത്തെവിടെയോ കുതിരലായമുണ്ടെന്ന് മണത്തിൽ തിരിച്ചറിയാം... അതിനടുത്തു തന്നെ കുറെ കരവാനുകളുണ്ട് ... പ്രത്യേക രീതിയിലടച്ച മര  ഗേറ്റുകൾ തുറക്കാൻ പിന്നെയും സമയമെടുത്തു... പിന്നെ അടുത്ത സൂത്രപ്പണി... നമ്പർ പൂട്ടിട്ടു പൂട്ടിയ ചെറു പെട്ടി തുറന്നാലേ  കാരവൻ  വാതിലിന്റെ താക്കോൽ കിട്ടൂ... അങ്ങനെ ഒരു വിധത്തിൽ മണിച്ചിത്ര താഴുകൾ കുത്തിത്തുറന്ന് കാരവാനിൽ എത്തിയപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നു.. സമയം രണ്ടു മണിയോടടുത്തു...ഇനി ഉറക്കം...നാളെ ഇൻവെർനെസിലെ കാഴ്ചകൾ കാണാൻ നേരത്തെ ഉണരണം...

നരകത്തീമുനമ്പ് - ഡോവർ

 ഇന്നലെകളുടെ ചരിത്രം തേടിയുള്ള ഇന്നത്തെ യാത്ര ഡോവറിലേക്കാണ്... ഇംഗ്ളണ്ടിന്റെ തെക്കു കിഴക്കേയറ്റത്ത് കെന്റ് കൗണ്ടിയിലെ ഒരു ചെറു പട്ടണമാണ് ഡോവർ.. ഇംഗ്ളണ്ടിന്റെ പ്രതിരോസ്‌ഥ ഭൂപടത്തിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലം.. ഇംഗ്ളണ്ടിലേക്കുള്ള താക്കോലെന്നാണ് പണ്ട് മുതൽക്കെ ഡോവറിനെ വിശേഷിപ്പിച്ചു പോരുന്നത്.. കാരണം, ഇംഗ്ളീഷ് ചാനലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ ഡോവർ ഇടനാഴിക്കിരുപുറം യൂറോപ്യൻ മെയിൻലാൻഡിന്റെ ഭാഗമായ ഫ്രാൻസും ദ്വീപായ ബ്രിട്ടനും തമ്മിലുള്ള അകലം വെറും 19 മൈൽ മാത്രമാണ്... ബ്രിട്ടനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ലണ്ടൻ - പാരീസ് പ്രധാന പാതയിൽ സാമാന്യം തിരക്കുണ്ട്.. ഫോക്സ്റ്റെണിൽ നിന്ന് ചാനൽ ടണൽ വഴി ട്രെയിനിലാണ് ഫ്രാൻസിലെ കാലായിസ് വരെ യാത്ര.. അതും ഡോവർ കടലിടുക്കിന്റെ അടിയിൽ കൂടി.. ഫോക്സ്റ്റെണിൽ നിന്ന് ഡോവറിലേക്ക് തിരിഞ്ഞാൽ പിന്നെ പാതയിൽ തിരക്കില്ല.. ഭൂപ്രകൃതി മധ്യ ദേശത്തിനു നിന്നും കടൽത്തീരത്തോടടുക്കുന്നതിന്റെ ലക്ഷണം കാട്ടിത്തുടങ്ങി... ചെറിയ ചെറിയ കുന്നിറക്കങ്ങളും മലഞ്ചരിവുകളും താണ്ടി അവയ്ക്കിടയിലൂടെയുള്ള വഴി പതിയെ പതിയെ ചെറുതായി വന്നു... പിന്നെയൊരു കുന്നിറക്കത്തിൽ അകലെ കടല് കാണാനായി... യൂറോപ്പിലെ മറ്റിടങ്ങളിലെ പോലെ തന്നെ ചരിത്രങ്ങളുടെ  എല്ലാം പ്രധാന കേന്ദ്രം അവിടുത്തെ കോട്ടകളാണ്... ചരിത്രം തേടിയെത്തുന്ന ഏതൊരാളെയും കോട്ടകളൊരിക്കലും നിരാശപ്പെടുത്താറില്ല.. എഴുതിയതും എഴുതപ്പെടാതെ പോയതുമായ അനവധി നിരവധി ചരിത്ര സംഭവങ്ങൾ ചേർത്തടുക്കി നിർമിച്ചവയാണോ ഓരോ കോട്ടകളും എന്ന് തോന്നിപ്പോകും..

സ്റ്റോൺ ഹെഞ്ചിനു സമാനമായി ഇംഗ്ളീഷ് ഹെറിറ്റേജ് പരിപാലിക്കുന്ന മറ്റൊരിടമാണ് ഡോവർ കാസിൽ.. 22 പൗണ്ട് കൊടുത്ത് അകത്തു കയറാം.. "ഇംഗ്ലണ്ടിന്റെ കഥകളിലേക്കുള്ള കാൽവെയ്പ്പ്(Step in to the England’s Story)" എന്നാണ് ഇംഗ്ളീഷ് ഹെറിറ്റേജിന്റെ ടാഗ്‌ലൈൻ.. അതൊരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയുമില്ല…
ഇംഗ്ലണ്ടിലെ ആയിരത്തഞ്ഞൂറിലധികം വരുന്ന കോട്ടകളിൽ ഏറ്റവും വലുതിലാണ് ചെന്നെത്തിയിരിക്കുന്നത്... ഡോവർ തുറമുഖത്തിന്റെ നേരെ മുകളിലായി അതി ബൃഹത്തായൊരു കോട്ട സമുച്ചയമാണിത്... താഴെ നിന്ന് നോക്കിയാൽ കോട്ടയുടെ പ്രധാനഭാഗത്തിന്റെ(Keep) തലപ്പൊക്കമേ കാണാനാകൂ.. മുകളിലോരോ  തട്ട് കയറി ചെല്ലുമ്പോഴും അടുത്ത അടുക്കുകളിലേക്ക് ചെന്നെത്തും..പിന്നെയും ഒന്ന് വട്ടം കറങ്ങി കയറിയെത്തുമ്പോൾ  അടുത്ത ഭാഗം... ചിലയിടങ്ങളിൽ തുരങ്കങ്ങൾ ആരംഭിക്കുന്നു... ചിലയിടങ്ങളിലത് അവസാനിക്കുന്നു.. ചെന്നുകയറുന്ന ഒരാൾക്കും ഒരെത്തും പിടിയും കിട്ടാത്ത നിർമിതി... ഓരോ അടരുകളിലും(Layers ) കയറിച്ചെന്നാൽ മാത്രമേ അവിടത്തെപ്പറ്റി എന്തെങ്കിലും ധാരണകൾ രൂപപ്പെടുത്താനാകൂ...
ഡോവർ കാസിലിന്റെ ഉത്ഭവത്തിലേക്കൊന്നു ചികഞ്ഞു നോക്കണമെങ്കിൽ നമ്മൾ AD-43ലെ റോമൻ ആക്രമണം വരെ പോകണം... ഇംഗ്ലണ്ടിനെ ആക്രമിച്ച റോമക്കാരാണ് ആദ്യം ഡോവറിൽ താവളമുറപ്പിച്ചത്... അവർ രണ്ടാം നൂറ്റാണ്ടിൽ പണി തീർത്ത അഞ്ചു നിലകളും എട്ടു വസങ്ങളുമുള്ള ഇവിടുത്തെ ലൈറ്റ്ഹൗസ് ലോകത്തു ഇന്ന് അവശേഷിക്കുന്ന റോമാസാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പുകളിൽ ഒന്നാണ്... അതായത് നീണ്ട പതിനെട്ടു നൂറ്റാണ്ടുകൾ അതിജീവിച്ച ചരിത്ര സ്മാരകം..
ആംഗ്ലോ-സാക്‌സൺ കാലഘട്ടത്തിലെ സിങ്ക്(Cinque - നോർമൻ ഫ്രഞ്ച് ഭാഷയിൽ അഞ്ച് എന്നർത്ഥം) പോർട്ടുകളിൽ ഒന്നായ ഡോവർ 1066ലെ ഹേസ്റ്റിംഗ്‌സിലെ യുദ്ധശേഷം വില്യം ദി കോൺക്വറർ പിടിച്ചടക്കി... സിങ്ക് പോർട്ടുകൾ എന്ന് വിശേഷിപ്പിച്ചിരുന്ന അഞ്ച് തുറമുഖങ്ങളായ ഡോവർ, ഹേസ്റ്റിംഗ്‌സ്, സാൻവിച്ച്, ഹൈത്, റോംനി എന്നിവിടങ്ങളിൽ നിന്നും ഇംഗ്ലണ്ടിൽ അധികാരം സ്ഥാപിക്കാൻ ജേതാവായ വില്യം (William The  Conqueror) ലണ്ടനിലെ പ്രശസ്തമായ വെസ്റ്റ് മിനിസ്റ്റർ അബ്ബെയിലേക്ക് മാർച്ച് ചെയ്തു..
പിന്നീട് നവീന കാലഘട്ടത്തിന്റെ തുടക്കങ്ങളിൽ പതിനൊന്നാം നൂറ്റാണ്ടിൽ ഹെന്ററി രണ്ടാമനാണ് ഡോവർ കാസിലിനെ ഒരു കോട്ടയിലേക്ക് രൂപാന്തരപ്പെടുത്തിയത്... അതിനുശേഷം 1216 ൽ ഫ്രാൻസ് ലെ ലൂയി എട്ടാമനുമായുള്ള ഒന്നാം ബാരെൻസ്  യുദ്ധത്തിൽ ഈ കോട്ട പ്രധാന പങ്കു വഹിച്ചു..
പതിനാറാം നൂറ്റാണ്ടിൽ നടന്ന ആംഗ്ലോ ഫ്രഞ്ച് സമുദ്രാന്തര സർവേയിൽ ഗ്രീനിച്ചിലെ റോയൽ മാരിടൈം നിരീക്ഷണാലയത്തിനും പാരീസ് നിരീക്ഷണാലയത്തിനുമിടയിൽ ത്രികോണമിതി  കണക്കിലെ പ്രധാന പോയിന്റ് ആയാണ് ഇവിടം കണക്കാക്കിയിരുന്നത്.. കോട്ടയിൽ നിന്നുള്ള വീക്ഷണ കോണും ഉയരവും കണക്കാക്കി ഇരുപുറമുള്ള മറ്റനേകം സ്ഥലങ്ങളുടെ ദൂരവും സ്ഥാനവും ഇങ്ങനെ കണക്കുകൂട്ടി..
അതിനു ശേഷം ആയിരത്തി എണ്ണൂറുകളിൽ നെപ്പോളിയൻ കാലഘട്ടത്തിൽ കോട്ടയിൽ വലിയ രീതിയിലുള്ള കൂട്ടിച്ചേർക്കലുകളും നിർമിതികളും ഉണ്ടായി...  ലോകത്തിന്റെ മറ്റുഭാഗങ്ങൾ  കീഴടക്കി വന്ന നെപ്പോളിയനെ  യൂറോപ്പിൽ നിന്നും ഇംഗ്ളണ്ടിലേക്ക് കടക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം... ശേഷം രണ്ടാം ലോക മഹായുദ്ധ കാലത്ത് ആകാശത്തു കൂടിയുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാൻ കോട്ടക്കകത്തു നിർമിച്ച ബങ്കറുകൾ പലപ്പോഴും ലോകമഹായുദ്ധത്തിൽ ബ്രിട്ടന്റെ യുദ്ധമുറിയായി മാറി.. ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യത്തെ അഞ്ച്‌ അക്ഷരങ്ങളാൽ സൂചിപ്പിക്കപ്പെട്ട ഭൂഗർഭ അറകൾ (A-Annexe, B-Bastion, C-Casemate, D-Dumpy, E-Esplanade) പിന്നീട് യുദ്ധത്തിൽ സേനാ കമാൻഡിങ്  സെന്ററായും ആശുപത്രിയായുമൊക്കെ ഉപയോഗിക്കപ്പെട്ടു...ഇന്നും പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്ന അനക്സും കേസ്മേറ്റും കാണാൻ സാമാന്യം നല്ല തിരക്കുണ്ട്.. ബാസ്ടിനിലേക്കുള്ള വഴി നശിച്ചു പോയിരിക്കുന്നു.. ആണവായുധമുണ്ടായാൽ രക്ഷപ്പെടാനെന്ന മട്ടിൽ സജ്ജീകരിച്ച ഡമ്പിയിൽ ഇപ്പോൾ പ്രവേശനമില്ല... അത് പോലെ തന്നെയാണ് എസ്പ്ലനേഡും.. രണ്ടാം ലോകമഹായുദ്ധത്തിലെ വ്യോമാക്രമണ കാലത്താണ് ഇവിടം അവസാനമായി ഉപയോഗിച്ചത്.. ചരിത്രം കണ്ടും കേട്ടും  കൺമിഴിച്ചും  കോട്ടയുടെ നടന്നു.. ഓരോ എടുപ്പുകൾ കണ്ടും അതിശയിച്ചു... റോമൻ ചരിത്ര ശേഷിപ്പായ ലൈറ്റ് ഹൗസിന് അരികെ തന്നെയാണ് സെന്റ് മേരിയുടെ ആംഗ്ലോ-സാക്സൺ ചർച്ച്... മധ്യ കാലഘട്ടത്തിൽ പണിത ഇവിടം പിന്നീട് നാശോന്മുഖമാവുകയും വിക്ടോറിയൻ കാലഘട്ടത്തിൽ പുനരുദ്ധരിക്കുകയും ചെയ്തതാണ്..
ഡോവറിലെ ഗ്രേറ്റ് ടവർ  വില്ല്യം രണ്ടാമന്റെ കൊട്ടാര ജീവിതത്തിന്റെ കഥ പറയും.. കൊട്ടാരത്തിനകത്തെ പ്രാർത്ഥനാ മുറിയും പാറാവു കാവലും മണിയറയുമൊക്കെ നമുക്കിന്നു നടന്നു കാണാം.. അടുത്ത നിലയിൽ രാജസദസും അലങ്കാരങ്ങളും... ഏറ്റവും മുകളിൽ നിന്ന് നാലുപാടുമുള്ള വിദൂര ദൃശ്യം... തെളിഞ്ഞ ദിനങ്ങളിൽ ഇവിടെ നിന്ന് ഫ്രാൻസ് കാണാനാകും…
ഗ്രേറ്റ് ടവറിന് ചുറ്റുമുള്ള കെട്ടിടങ്ങളിലാണ് വെയിൽസ് രാജകുമാരന്റെ റോയൽ റെജിമെൻറ് മ്യൂസിയവും ബ്രിട്ടീഷ് രാജ്ഞ്ഞിയുടെ ക്വീൻസ് റെജിമെൻറ് മ്യൂസിയവും. ബ്രിട്ടനിലെ സേന വിഭാഗങ്ങളെ കുറിച്ചും അവയിലെ പദവികളെയും ചിട്ടവട്ടങ്ങളെ കുറിച്ചും സാമാന്യം മികച്ചൊരു ധാരണ നൽകാൻ പ്രാപ്തിയുള്ളതാണ് ഈ രണ്ടു മ്യൂസിയങ്ങളും.. നേട്ടങ്ങളും സേനാ പതക്കങ്ങളും ഒക്കെ ഇവിടെ ഭംഗിയായി പ്രദർശിപ്പിച്ചിരിക്കുന്നു.. മ്യൂസിയത്തിൽ നിന്നിറങ്ങി ടണൽ വഴി കോട്ടയുടെ മറ്റൊരിടത്തിറങ്ങി..
തിരക്ക് കാരണം രാവിലെ മാറ്റിവച്ച ഏറ്റവും പ്രധാനപ്പെട്ടൊരിടമുണ്ട്‌.. ഭൂഗർഭ അറയിലെ ഓപ്പറേഷൻ ഡൈനാമോയെ കുറിച്ചുള്ള വിവരണം.. വരിയിൽ കാത്തുകാത്തു നിന്ന് ഏറ്റവും ഒടുവിലത്തെ ഷോയിൽ കയറിപ്പറ്റി.. യുദ്ധമുറികളൊന്നിൽ നിന്ന് ആദ്യം കേട്ട റേഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രിയായ വിസ്റ്റന്റ് ചർച്ചിൽ ഇങ്ങനെ പറയുന്നു.. "നമ്മൾ അസാധാരണമായൊരു സൈനിക ദുരന്തത്തിൽ അകപ്പെട്ടിരിക്കുന്നു..". ഓപ്പറേഷൻ ഡൈനാമോ എന്ന സൈനിക നീക്കം അവിടെ തുടങ്ങുന്നു.. വിശദീകരണത്തോടൊപ്പം ഭൂഗർഭ അറയിലൂടെ നമ്മൾ സഞ്ചരിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിലൊന്നിന്റെ ഒറിജിനൽ വീഡിയോ ക്ലിപ്പിനൊപ്പമാണ്.. ആക്രമണങ്ങളുടെ വേലിയേറ്റങ്ങൾക്കൊടുവിൽ രക്ഷപ്പെട്ടുവന്ന ബ്രിട്ടീഷ് സൈനികർ ഡോവർ ക്ലിഫിന്റെ പടികൾ കയറുന്നതോടു കൂടി ഓപ്പറേഷൻ ഡൈനാമോ അവസാനിക്കുന്നു.. ഇതിനിടയിൽ ഞങ്ങൾ കടന്നു പോയത് അന്ന് കാര്യങ്ങൾ നിയന്ത്രിച്ച സൈന്യത്തിന്റെ യുദ്ധമുറിയിലൂടെയും ടെലഫോൺ എക്സ്ചേഞ്ചിലൂടെയും കൺട്രോൾ റൂമിലൂടെയും ഒക്കെയാണ്.. ഒടുവിൽ ഡോവറിലെ വൈറ്റ് ക്ലിഫിൽ അവസാനിക്കുന്ന തുരങ്കത്തിലൂടെ പുറത്തെത്തുമ്പോൾ അതിജീവനമാണ് വിജയം എന്ന് മനസ്സറിയാത്ത പറഞ്ഞുപോകും..
പക്ഷെ "ഓപ്പറേഷൻ ഡൈനാമോ" ഡോവറിനെ സംബന്ധിച്ചു ഒരു തുടക്കമായിരുന്നു.. കാരണം ഡൻകിർക്കിലെ ബ്രിട്ടീഷ് ഒഴിപ്പിക്കലിന് പിന്നാലെ നാസിപ്പട ഫ്രാൻസ് കീഴടക്കി.. "ഓപ്പറേഷൻ സീ ലയൺ" എന്ന പേരിൽ ഹിറ്റ്ലർ ബ്രിട്ടനെ കീഴടക്കാനുള്ള പദ്ധതിയും തയ്യാറാക്കി.. അതിന്റെ ആദ്യപടിയായി സമുദ്രാനന്തര പീരങ്കികൾ ഫ്രാൻസിലെ കലായിസിൽ സ്ഥാപിച്ചു.. ഫലമോ അവിടെനിന്നും നിരന്തരം ഷെല്ലുകൾ ഡോവറിനെ തേടിയെത്തി.. തന്ത്രപ്രധാനമായ ഡോവറിനെ നശിപ്പിക്കുക തന്നെയായിരുന്നു ലക്‌ഷ്യം.. ബ്രിട്ടനും വിട്ടുകൊടുത്തില്ല.. "വിന്നീ" എന്ന് പേരിട്ട ദീർഘദൂര കോസ്റ്റൽ ഗണ്ണിലൂടെ അവരും തിരിച്ചടിച്ചു.. രാജ്യങ്ങൾക്കിടയിലെ ദൂരം സഞ്ചരിക്കുന്ന ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുന്നതിന് വിഘാതമായതിനാൽ സ്ഥിര നിർമ്മിതികളെയാണ് ഷെല്ലുകൾ പലപ്പോഴും ലക്‌ഷ്യം വച്ചത്.. മാത്രമല്ല ഡോവർ കടലിടുക്കിൽ കൂടിയുള്ള ബ്രിട്ടന്റെ ചരക്കു നീക്കത്തെയും ഈ ഷെല്ലാക്രമണം താറുമാറാക്കി.. നിരവധി ചരക്കുകപ്പലുകൾ മുങ്ങുകയും അനവധിപ്പേർക്ക് ജീവഹാനി ഉണ്ടാവുകയും ചെയ്തു.. വിന്നിക്ക് പുറമെ "ദ ഫൂ" എന്ന് പേരുള്ള രണ്ടാമതൊരു ഗൺ കൂടി സ്ഥാപിച്ചു ബ്രിട്ടൻ പോരാട്ടം കടുപ്പിച്ചെങ്കിലും ദിവസവും മൂന്നോ നാലോ ഷെല്ലുകളെന്ന കണക്കെ നാലുവർഷം കൊണ്ട് പതിനായിരത്തിലേറെ ഷെല്ലുകളാണ് ഡോവറിനെ തേടിയെത്തിയത്.. ഈ ആക്രമണത്തിൽ നാശോന്മുഖമായ പട്ടണം Hell Fire Corner - നരകത്തീമുനമ്പ്‌ എന്നറിയപ്പെട്ടു.. ഒടുവിൽ 1944 സെപ്റ്റംബർ 24നു ആംഗ്ലോ-കനേഡിയൻ ഓപ്പറേഷൻ കലായിസ് പിടിച്ചെടുക്കും വരെ ഇത് തുടർന്നു.. ഡോവറിൽ ബ്രിട്ടൻ നടത്തിയ ഈ ചെറുത്തുനിൽപ് ബ്രിട്ടൻ പിടിക്കാൻ ഉള്ള ഹിറ്റ്ലറുടെ സ്വപ്നപദ്ധതിയായ ഓപ്പറേഷൻ സീ ലയണിനെ ഇല്ലാതാക്കിക്കളഞ്ഞു..
ഈ കോട്ട പിന്നെയും പിന്നെയും കഥകൾ പറയുകയാണ്.. പണ്ടെന്നോ ചരിത്രക്ലാസുകളിൽ കേട്ടു മറന്ന ലോകമഹാ യുദ്ധങ്ങളുടെ കാര്യകാരണങ്ങൾ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ്..കാതിൽ വെടിയൊച്ചകൾ മുഴങ്ങുന്ന പോലെ.. ബോംബിങ്ങിൽ തകർന്ന അനേകം കപ്പൽഛേദങ്ങൾ ഈ കടലിന്റെ ആഴങ്ങളിൽ ഒളിച്ചു കിടപ്പുണ്ടാവും.. പങ്കകളിൽ പ്രത്യേക വിസിലുകൾ ഘടിപ്പിച്ച നാസി വിമാനങ്ങളുടെ ശബ്ദം ഈ കാറ്റിനോടൊത്ത് തേടിവരുന്നുണ്ടോ..
കാസിലിൽ നിന്നും പുറത്തിറങ്ങാം.. കുറച്ചകലെ സെയ്ന്റ് മാർഗരറ്റ് ക്ലിഫ് ഉണ്ട്.. കടലിനു സമാന്തരമായി ക്ലിഫിനു മുകളിലെ തീരപാതയിലൂടെ നടന്നു പോകാം.. ചോക്കുകല്ലുകളാൽ നന്നേ വെളുത്ത ക്ലിഫ് ആണ്.. ചിലയിടങ്ങളിൽ 350 മീറ്റർ വരെ ഉയരം.. വിണ്ടുകീറി നിൽക്കുന്ന അറ്റങ്ങളിൽ നിൽക്കുമ്പോൾ പേടി തോന്നുന്നു.. ഒന്നിടിഞ്ഞു വീണാൽ താഴെ കടലിൽ പതിച്ചേക്കാം..
പെട്ടെന്ന് ഫോണിൽ തുരുതുരാ മെസ്സേജ് വന്നു.. "വെൽകം ടു ഫ്രാൻസ് ".. ഫ്രാൻസിലെ നെറ്റ്‌വർക്കുകൾ കിട്ടിത്തുടങ്ങിയിരിക്കുന്നു.. സൂക്ഷിച്ചു നോക്കിയാൽ അകലെ കടലിനക്കരെ നേരിയ വരപോലെ കരകാണാം.. കലായിസിലിരുന്നു ഇങ്ങോട്ടു നോക്കിയാൽ വ്യക്തമായി കാണാനാവുമത്രെ.. നീലക്കടലും വെളുത്ത ക്ലിഫും അതിനുമുകളിലെ പച്ചപ്പരവതാനിയും അതിമനോഹര കാഴ്ചയാവും സമ്മാനിക്കുക.. കടലിടുക്കിൽ ഇടതടവില്ലാതെ കപ്പലുകൾ പോകുന്നുണ്ട്.. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിൽ ഒന്നാണ് 21 മൈൽ മാത്രം ദൂരമുള്ള ഡോവർ - കലായിസ് കപ്പൽ സർവീസ്..
പടിഞ്ഞാറ് സൂര്യൻ അസ്തമയത്തോടടുക്കുന്നു.. അകലെ കാസിലിനു മുകളിൽ ചുവപ്പുകലർന്ന മഞ്ഞവെളിച്ചം പടർന്നു.. രാജ്യത്തെത്തേടിയെത്തിയ ആക്രമണങ്ങളെ തലയുയർത്തിപ്പിടിച്ചു നിന്ന് വെല്ലുവിളിച്ച കോട്ടയുടെ അസ്തമയ ദൃശ്യം പകർത്താൻ ഞങ്ങൾ പരസ്പരം മത്സരിച്ചു.. പിന്നീട് ഇരുട്ടുവീണ വഴികളിലൂടെ ലണ്ടനിലേക്ക് തിരിച്ചു.. ഓർമ്മകളിലിപ്പോഴും ഡോവറിലെ എടുപ്പുകളിലോരോന്നിലും ഷെല്ലുകൾ വന്നു പതിക്കുന്നുണ്ട്..അതിലേറെയുച്ചത്തിൽ ഫ്രാൻസിനെ ലക്ഷ്യമാക്കി വിന്നിയും ഫൂ'വും തീ തുപ്പുന്നുണ്ട്..