വിംബിൾഡൺ

പത്രത്താളുകളിൽ ഒളിമ്പിക് മെഡലണിഞ്ഞ പേസിന്റെ ചിത്രമാണ് ടെന്നിസിനെ സംബന്ധിയായ ആദ്യത്തെ ഓർമ.. പിന്നീടിങ്ങോട്ട് പേസ് - ഭൂപതി എന്നത് ഒറ്റപ്പേരാണെന്നു വരെ ധരിച്ചു വച്ചിരുന്നൊരു തേരോട്ടകാലമായിരുന്നു... ആന്ദ്രേ അഗാസിയും പീറ്റ് സാംപ്രസ്സും സ്വർണതലമുടിയുള്ള സ്റ്റെഫി ഗ്രാഫുമെല്ലാം പത്രത്താളുകളിൽ നിറഞ്ഞു നിന്നിരുന്ന കാലം... അവരോടൊക്കെയുള്ള ആരാധനയാവണം ഈ കളിയെ ശ്രദ്ധേയമാക്കിയതും...
കാലം കഴിയും തോറും ടെന്നിസിനെ ചക്രവാളത്തിലെ പഴയ നക്ഷത്രങ്ങൾ അസ്തമിക്കുകയും റോജർ ഫെഡറർ എന്ന ഒരൊറ്റ സൂര്യൻ പിറവി കൊള്ളുകയും ചെയ്തു... ദാവീദിന് ഗോലിയാത്തെന്ന പോലെ അവിടെയുമുദിച്ചു ഒരെതിരാളി... കാളക്കൂറ്റന്റെ കരുത്തുള്ള റാഫേൽ നദാൽ... പുൽക്കോട്ടിൽ എന്നും ചിരിച്ചത് റോജർ ആയിരുന്നു... ഓരോ തോൽവിക്കും കളിമൺ കോർട്ടിൽ റാഫ പകരം ചോദിച്ചു...  അങ്ങനെ ഓരോ ഗ്രാന്റ് സ്‌ലാമും കളിപ്രേമിക്ക് കണക്കു വീട്ടലിന്റേതായി... ഓസ്‌ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും അത് കഴിഞ്ഞു വിംബിൾഡനും യു എസ് ഓപ്പണും... റോജറും എണ്ണത്തിൽ കുറവെങ്കിലും നാദാലും റെക്കോർഡ് ബുക്കിൽ തങ്ങളുടെ പേരുകൾ എഴുതി ചേർത്തു കൊണ്ടേയിരുന്നു...
ഈ കാലത്തിലൊക്കെയും കാരിരുമ്പിന്റെ കരുത്തുമായി സെറീനയായിരുന്നു മറുവശത്ത്... സാഹോദര്യത്തിന്റെ അനുഭവവുമായി വീനസും സൗന്ദര്യത്തിന്റെ അഴകളവുകളുമായി ഷറപ്പോവയും ഇടയ്ക്കൊരു കൊള്ളിയാൻ കണക്കെ മറ്റു പലരും സെറീനയോട് പൊരുതി നോക്കാനെത്തി...
ഇവരോടൊക്കെയുള്ള പെരുത്തിഷ്ടങ്ങളാണ് ഈ കളിയെപ്പറ്റി ഒരു ചുക്കുമറിയില്ലാഞ്ഞിട്ടും ഒരു തവണ പോലും റാക്കറ്റ് കൈകൊണ്ടു തൊട്ടിട്ടില്ലാഞ്ഞിട്ടും വിംബിൾഡനിലേക്കൊരു യാത്ര പോകണമെന്നൊരു ആശ മനസ്സിൽ വളർത്തിയത്... വെംബ്ലിയിൽ നിന്നും നേരത്തെ തിരിച്ചെങ്കിലും ട്രെയിൻ ചതിച്ചതിനാൽ ഗേറ്റിങ്കൽ ചെന്ന് എത്തി നോക്കാനേ ആദ്യ യാത്രയിൽ സാധിച്ചുള്ളൂ... രണ്ടാമത്തെ തവണ ഫുൽഹാമിൽ നിന്നും വിംബിൾഡനിലേക്ക് ട്രെയിൻ കയറുമ്പോൾ വാച്ചിൽ സമയം 3.50... ട്രെയിൻ വിംബിൾഡൺ എത്താൻ കാത്തു നിന്നില്ല... സൗത്ത് ഫീൽഡിൽ ഇറങ്ങി ഓരോട്ടമായിരുന്നു... കൃത്യം ഒരു മൈൽ.. വിംബിൾഡനിന്റെ നാലാം ഗേറ്റിലേക്ക് ഓടിച്ചെന്നു കയറുമ്പോൾ വാച്ചിൽ സമയം 4.24... റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ 5 മണി വരെയേ സമയമുള്ളൂ എന്ന മറുപടി... എങ്കിലും ടിക്കറ്റെടുത്തു... മ്യുസിയത്തിൽ ട്രോഫികൾ കാണാനുള്ള സമയം.. പിന്നെ സെന്റർ കോർട്ടും...
ആദ്യം ലോൺ ടെന്നീസ് ക്ലബ് മ്യുസിയത്തിലേക്ക്.. വിംബിൾഡനിന്റെ ചരിത്രമെന്നാൽ ലോക ടെന്നിസിനെ ചരിത്രമെന്നു തിരുത്തി വായിക്കാം.. അത്രയ്ക്കുണ്ട് കഥ പറയാൻ...
ട്രോഫി റൂമിലേക്ക് കയറി.. അതാ അവിടിരുന്നു വെട്ടിത്തിളങ്ങുന്നു ഒരു വെള്ളിക്കപ്പും അടുത്തൊരു വെള്ളിത്തളികയും.. 


എല്ലാ വർഷവും ജൂണിലെ അവസാനത്തെ ആഴ്ച ഇവിടുത്തെ പുൽക്കോർട്ടിനു തീ പിടിക്കും... ലോക ടെന്നീസിലെ 128 കരുത്തർ ഇവിടെ കളിക്കാനിറങ്ങും.. പതിനാലാം നാൾ, ജൂലൈയിലെ ആദ്യത്തെ ഞായറാഴ്ച്ച  തീപാറിയ127 കളികൾക്കൊടുവിൽ, ഒരുവൻ റാക്കറ്റ് മുകളിലേക്കെറിയും.. പുൽമൈതാനത്ത് മലർന്നു കിടക്കും.. ഒടുവിൽ ആ വെള്ളിക്കപ്പിൽ മുത്തമിടുമ്പോൾ തൊണ്ടയിടറും.. കണ്ണുകൾ നിറഞ്ഞൊഴുകും...
വനിതാ വിഭാഗത്തിലും ഇതാവർത്തിക്കും.. ഒടുവിലൊരുവൾ "വീനസിന്റെ പനീർത്തളികയിൽ"(Venus rosebowl dish) കടിക്കുമ്പോൾ മറ്റെയാൾ കണ്ണീർ വാർക്കുകയാവും...
ഈ കഥ ആദ്യമദ്ധ്യാന്തം ആവർത്തിക്കാൻ തുടങ്ങിയിട്ട് 141 വർഷമാകുന്നു... എത്രയെത്ര വാഴ്ചകൾ... എത്രയെത്ര വീഴ്ചകൾ...
മറ്റു ഡബിൾസ് ഗ്രാന്റ് സ്ലാമുകളിൽ വിജയികൾക്ക് ഒരു ട്രോഫി കിട്ടുമ്പോൾ ഇവിടെ രണ്ട് പേർക്കും കിട്ടും ഓരോ "സിൽവർ ചലഞ്ച് കപ്പ്".. വനിതകളിലെ ഡബിൾസ് വിജയികൾക്ക് കിട്ടുക കെന്റിലെ പ്രഭ്വിയുടെ (The Duchess of kent) പേരിലുള്ള ട്രോഫിയാണ്... മിക്സഡ് ഡബിൾസ് ചാംപ്യനുള്ള സിൽവർ ചലഞ്ച് കപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ പുരുഷ താരം ലിയാണ്ടർ പേസ് ആണ്...  മൂന്ന് ദശാബ്ദങ്ങളിൽ വിംബിൾഡൺ ട്രോഫിയിൽ മുത്തമിട്ട ഒരേയൊരാളും പേസ് തന്നെ...  ഓരോ കിരീടങ്ങളും എത്രയെത്ര ഇതിഹാസങ്ങളുടെ വിരൽ പാടുകൾ പതിഞ്ഞിരുന്നു... ഇവയൊക്കെയും അടുത്ത് കാണുകയെന്നാൽ, ഒന്ന് തൊട്ടു നോക്കുകയെന്നാൽ മഹാ പുണ്യം തന്നെ...
കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിലെ ഓരോ ദശകത്തിലും ടെന്നീസിന് വന്ന മാറ്റങ്ങളറിയാൻ ഇതുവഴിയൊന്നു നടന്നു നോക്കിയാൽ മതി...  പന്തിലും റാക്കറ്റിലും പാന്റ്സിലും ഷോർട്സിലും സ്‌കർട്സിലും ഷൂവിലും എന്ന് വേണ്ട എന്തെല്ലാം മാറ്റങ്ങൾ... എല്ലാം ഒന്നൊഴിയാതെ അടയാളപ്പെടുത്തി വച്ചിരിക്കുന്നു... ഇനിയും കാണാൻ ഒരുപാടുണ്ട്... റാക്കറ്റിന്റെയും പന്തിന്റെയും രൂപ പരിണാമങ്ങൾ... ബോറിസ് ബെക്കറും ബോൺ ബോർഗും വില്യം റെൻഷോയും മുതൽ പീറ്റ് സാംപ്രസ്സും  റോജർ ഫെഡററും റാഫേൽ നാദാലും വരെയുള്ളവരുടെ വീരഗാഥകൾ... പക്ഷെ സമയമില്ല... സെന്റർ കോർട്ടിലേക്ക് പോകാനുള്ള സമയമടുത്തിരിക്കുന്നു... പുറത്തേക്കുള്ള ചുവരിൽ പീറ്റ് സാംപ്രെസിന്റെ വരികൾ... "ലോകത്തിലെ ഏറ്റവും വലിയ വിജയം കണക്കെ അവരാഹ്ലാദിക്കും... കാരണം അതിതാണ്!!"

ഇനി സെന്റർ കോർട്ടിലേക്ക്, കളിക്കാർക്കുള്ള പ്രധാന വഴിയിൽ ഗൊരാൻ ഇവനിസെവിച്ചിന്റെ വാക്കുകൾ.. "ഇനിയൊരു മത്സരം ജയിച്ചില്ലെങ്കിലും എനിക്ക് നിരാശയില്ല... ഞാനിനി എന്ത് ചെയ്താലും, എവിടേക്ക് പോയാലും ഒരായുഷ്കാലമത്രയും ഞാനൊരു വിംബിൾഡൺ ചാംപ്യനായിരിക്കും"

വിംബിൾഡൺ ചരിത്രത്തിൽ സീഡ് ചെയ്യപ്പെടാത്ത ഒരേയൊരു ചാമ്പ്യൻ ആണ് ഗൊരാൻ... 2001 ൽ ഗൊരാൻ കിരീടം നേടുമ്പോൾ അദ്ദേഹത്തിന്റെ റാങ്കിങ് 125.. ആദ്യ 104 റാങ്കുകാർ നേരിട്ട് യോഗ്യത നേടുന്ന വിംബിളിഡനിൽ വൈൽഡ് കാർഡ് എൻട്രിയുമായെത്തി കിരീടവുമായി മടങ്ങിയൊരാൾ.. ലോക ഒന്നാം നമ്പറിലെത്തിയ മൂന്നു പേരെ(കാർലോസ് മോയ, ആന്റി റോഡിക്, മരത് സാഫിൻ) അട്ടിമറിച്ച ആ ടൂർണമെന്റിന് ശേഷം പതിനാറാം റാങ്കിലെത്തിയ ഗൊരാൻ ഒറ്റയടിക്ക് കുതിച്ചത്109 സ്ഥാനങ്ങൾ...
സെന്റർ കോർട് ഒരത്ഭുദം ആണ്... വെറും രണ്ടാഴ്ചയ്ക്ക് വേണ്ടി, ഏറിയാൽ 10 മത്സരങ്ങൾക്ക് വേണ്ടി വർഷം മുഴുവൻ പരിപാലിക്കപ്പെടുന്ന സ്ഥലം.. നൂറു ശതമാനം യഥാർത്ഥ പുൽകോർട്.. ഇന്ന് ഗ്രാന്റ് സ്ലാം ഫൈനൽ നടക്കുന്ന ഒരേയൊരു പുൽ മൈതാനം...
ഇരുവശത്തും റോളക്സ് സ്കോർബോർഡുകൾ.. ഒന്നിൽ നൊവാൻ ദ്യോക്കോവിച്ചിനും കെവിൻ ആൻഡേഴ്സണും കീഴെ 6-2, 6-2, 7-6 എന്ന സ്കോർ ലൈൻ... മറുവശത്ത് 6-3, 6-3 എന്ന സ്കോറിന് സെറീന വില്യംസ് എന്ന ഇതിഹാസതാരത്തെ ആഞ്ജലിക് കെർബർ എന്ന ജർമൻകാരി മുട്ടുകുത്തിച്ച കഥ... ജൂണിൽ അടുത്ത വിംബിൾഡൺ വരേയ്ക്കും ഇതിവിടെ കാണും.. പിന്നെയിതും ചരിത്ര താളുകളിലേക്ക് പകർത്തിയെഴുത്തപ്പെടും... പിന്നെ ഇവിടെ മൂളിപ്പറക്കുന്ന ഓരോ എയ്‌സിലും വന്നു വീഴുന്ന ഓരോ സ്മാഷിലും പോയിന്റുകൾ മാറിമാറിതെളിയും...
പതിനയ്യായിരം സീറ്റുകളുള്ള സെന്റർ കോർട്ടിലെ തെക്കുഭാഗത്താണ് റോയൽ ബോക്സ്.. രാജകുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും ഇരുന്നു മത്സരങ്ങൾ വീക്ഷിക്കുന്നയിടം...
2009ൽ ആണ് സെന്റർ കോർട്ടിനു മേൽക്കൂര പണിതത്... 10 മിനിറ്റിൽ തുറക്കാനും 10 മിനിറ്റിൽ അടയ്ക്കാനും കഴിയും വിധം ഇത് ക്രമീകരിച്ചിരിക്കുന്നു... അതിനാൽ മഴയുള്ള ദിനങ്ങളിലും വിംബിൾഡൺ മസരങ്ങൾ തടസ്സമില്ലാതെ നടത്താൻ സാധിക്കുന്നു.. വിസ്മയക്കണ്ണുകളോടെ കണ്ടും ഫോട്ടോ എടുത്തും നടക്കുമ്പോഴേക്കും വാച്ചിൽ സമയം 5 ആയി... പടിഞ്ഞാറ് സൂര്യൻ അസ്തമിച്ചു തുടങ്ങി.. ശൈത്യകാലത്ത് ചൂടുപകരാൻ ഇട്ട ലൈറ്റുകളുടെ വെളിച്ചത്തിൽ പച്ചപ്പുല്ലിന്റെ ഇളം നാമ്പുകൾ വെട്ടിത്തിളങ്ങി... ഗൈഡ് പുറത്തിറങ്ങാൻ തിരക്കുകൂട്ടി... കണ്ടുമറിഞ്ഞും തീർന്നിട്ടുണ്ടായിരുന്നില്ല ഒന്നും... ബാക്കി 17 കോർട്ടുകളും ഒരുനോക്കു കാണാൻ കഴിഞ്ഞില്ല... ക്ലബ് സ്റ്റോർ അടച്ചിരുന്നു... വെറും കയ്യോടെയെങ്കിലും മനസ്സ് നിറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി...  അപ്പോഴും ഗൊരാന്റെ വാക്കുകൾ ഉൾക്കൊണ്ട മനസ്സ് പറഞ്ഞു...
"ഇനി വേറെന്തു കണ്ടില്ലെങ്കിലും എനിക്ക് നിരാശയില്ല... കാരണം ഇത് വിംബിൾഡൺ ആണ്!!!"

1 comment:

  1. എത്തിപ്പെടാൻ ദൂരം ഒത്തിരിയുണ്ടെങ്കിലും! ഒന്നവിടവരെ കൂട്ടികൊണ്ടുപോയി എല്ലാം കാട്ടിത്തന്നതിന് നന്ദി..

    ReplyDelete

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....