സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം...

അത്രമേൽ പ്രിയമായതെന്തും പ്രണയം എന്നാണിപ്പോ എഴുതാൻ തോന്നുന്നത്... ആദ്യത്തെ മൊബൈൽ കയ്യിൽ കിട്ടുന്നതിനും മുൻപുള്ളോരു കാലമുണ്ടായിരുന്നു... നീട്ടിമണിയടിക്കുന്ന ടെലിഫോണിന്റെ കാലം.. നീല ഡിസ്‌പ്ലെയുള്ള കോളർ ഐഡിയിൽ നമ്പർ തെളിഞ്ഞിരുന്ന കാലം.. മിസ്ഡ് കോളിൽ കൂടി വരെ കഥ പറഞ്ഞിരുന്ന കാലം... ഇന്നെനിക്കറിയാം വാക്കിലും നോക്കിലും അന്ന് പ്രണയമായിരുന്നു.. ഒരിക്കലും പറയാൻ പറ്റില്ലെന്ന് കരുതിയ, പറയരുതെന്ന് സ്വയം വിലക്കിയ ചില പ്രണയ സങ്കൽപ്പങ്ങൾ...

                                    ***************************
"ശ്രീപതി"യിൽ അപ്പോഴേക്കും ആളേറെ നിറഞ്ഞിട്ടുണ്ടാവും.. കണ്ണുരുട്ടലുമായി ഉത്തമേട്ടൻ ഹെഡ് മാസ്റ്ററുടെ റോൾ ഏറ്റെടുക്കും.. കുട്ടികളെല്ലാം വരിവരിയായി നിരനിരയായി വലതു വശത്തേയ്ക്ക് ഒതുങ്ങി നിൽക്കും.. ബാഗുകളെല്ലാം സീറ്റിലിരിക്കുന്നവരുടെ മടിയിൽ കുന്നായ്‌ കുമിഞ്ഞു കൂടാൻ തുടങ്ങിയിട്ടുണ്ടാവും..  മുന്നിലെ ഡോറിനടുത്തുള്ള ആദ്യ സീറ്റിൽ നല്ല പിള്ള ചമഞ്ഞിരിക്കുന്ന എനിക്കധികം ഭാരം ചുമക്കേണ്ടി വരാറില്ല.. ഡോർ തുറന്നടയ്ക്കുകയെന്ന ഭാരിച്ച പണി അത്രയും സൂക്ഷ്മതയോടും ശുഷ്കാന്തിയോടും ചെയ്യുന്നതിനാൽ ബാഗുകൾ എന്നെയേല്പിക്കരുതെന്നു ഉത്തമേട്ടന്റെ ഓർഡർ ഉണ്ട്.. വല്ലപ്പോഴും അതറിയാതെ ബാഗ് തരുന്നവർക്ക് അയാളടുത്ത് നിന്നും കണക്കിന് കിട്ടാറുമുണ്ട്.. അങ്ങനെ ഞെങ്ങി ഞെരുങ്ങി വരുന്ന ബസിലേക്കാവും നീല നിറമുള്ള യൂണിഫോം ഇട്ട അവളു വന്നു കയറുന്നത്.. അതും ഒരു ലോഡ് പുസ്തകങ്ങൾ കുത്തി നിറച്ചൊരു നീല സ്കൂബീ ഡേ ബാഗുമായി... അഞ്ചു മിനുട്ട് നിർത്തിയിട്ടായാലും അമ്പതു പേരെ ചീത്തവിളിച്ചിട്ടായാലും എല്ലാ സ്റ്റോപ്പിലെയും എല്ലാവരെയും കയറ്റിയിട്ടേ ഉത്തമേട്ടൻ മണിയടിക്കാറുള്ളൂ.. പലരുടെയും കാലും കയ്യും ചിലപ്പോൾ ഉടലു തന്നെയും ഉളിയെത്തും വരെയും പുറത്തു തന്നെയായിരുന്നു..
തിരിച്ചും മറിച്ചും ഇടുന്ന പഴയ കാസറ്റു പോലെ ഈ കഥ ആഴ്ചയിൽ ആറു ദിവസവും ഇടതടവില്ലാതെ ഓടി.. നൂറിലധികം വരുന്ന സഹയാത്രികരിൽ ഇന്ന് വരാത്തതാരൊക്കെയെന്നു പോലും കൃത്യമായി പറയാൻ പറ്റുന്ന സ്ഥിതിയായി..
പറഞ്ഞു വന്ന സ്കൂബീ ഡേ ബാഗ് പലപ്പോഴും അങ്ങ് വാങ്ങും.. ഉത്തമേട്ടൻ കാണാതെ തന്നെ.. അങ്ങനങ്ങു പരിചയമായി.. ആ പരിചയം വച്ചാണ്, റെയിൽവേ ഓവർബ്രിഡ്ജ് കടന്ന്, മുനീശ്വരൻ കോവിലിനു മുന്നിലൂടെ മാർക്കറ്റ് റോഡും ബാങ്ക് റോഡും കടന്നു പ്രഭാത് ജങ്ക്ഷനിലെ മൂന്നാം നിലയിലുള്ള എൻട്രൻസ് ക്‌ളാസിലേക്ക് നടക്കുമ്പോൾ ആദ്യമായി സംസാരിച്ചത്.. പിന്നെയത് സ്റ്റേഡിയം കോർണറിൽ നിർത്തിയിടുന്ന "ന്യൂ ലൈഫി"ൽ കയറാനുള്ള വൈകുന്നേരത്തെ ധൃതി കുറഞ്ഞ നടത്തിനിടെ ആവും..  അത് പിന്നെ ഒന്നോ രണ്ടോ തവണ മാത്രം ശബ്ദിക്കുന്ന വീട്ടിലെ ടെലിഫോൺ ബെല്ലുകളായി.. പിന്നെ ആദ്യമായി കയ്യിലൊരു 1100 കിട്ടിയപ്പോൾ മിസ്ഡ് കോളുകൾ അതിൽ നിന്നായി.. അതുവഴി പോകുമ്പോഴും വരുമ്പോഴും ഇത് സിഗ്നൽ ആയി..അറിഞ്ഞോ അറിയാതെയോ വീടിന്റെ ഉമ്മറപ്പടിയിൽ നിന്നൊരു തലയെത്തി നോട്ടങ്ങളുണ്ടായി.. പിന്നീടുള്ള കോളേജ് കാലങ്ങളിൽ ഫോണിലൂടെ കഥ പറയലുകളുണ്ടായി.. വല്ലപ്പോഴും കണ്ടുമുട്ടലുകളുണ്ടായി.. ആരാണ് നീ.. ആരാണ് ഞാൻ എന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടലുകളുണ്ടായില്ല.. പ്രണയം എന്നതൊരു വാക്കായി പോലും വർത്തമാനത്തിലെവിടെയും കൊരുത്തു വന്നില്ല.. പിന്നെയും കാലങ്ങൾ കഴിഞ്ഞു..
എന്റെ പ്രണയത്തിന്റെ കഥ ഞാൻ പറഞ്ഞൊരു നാൾ നീ മൗനിയാകുന്നത് ഞാൻ കണ്ടു.. അതോ അതെനിക്ക് മാത്രം തോന്നിയതാകുമോ? പിന്നെയുള്ള വിളികൾക്ക് ദൈർഘ്യം കുറഞ്ഞു.. മെസ്സേജുകൾക്ക് എണ്ണം കുറഞ്ഞു.. എഴുതാൻ നിനക്കൊരു പേന  സമ്മാനമായി നൽകിയ ഞാൻ ഒരായിരം പ്രണയലേഖനങ്ങളെനിക്കെഴുതി നല്കിയവളെ കല്യാണം കഴിച്ചു.. അന്ന് നീ വന്നില്ല.. ഞാനേറെയിഷ്ടപ്പെട്ട, ഞാനാശിച്ചൊരു ജോലി ചെയ്യുന്നയാളെ നീയും വിവാഹം കഴിച്ചു... അന്ന് ഞാനും വന്നില്ല..
കാലങ്ങൾക്കിപ്പുറം വാട്സ്ആപ്പിലെ സ്നേഹാന്വേഷണങ്ങൾക്ക് ഔപചാരികതയുടെ നിറം മാത്രമായി..  തിരിഞ്ഞു നോക്കുമ്പോൾ ഓർമയിലൊരു നീലമെഴുകുതിരി മുനിഞ്ഞു കത്തി നില്പുണ്ട്.. 

മഴയോളം നനഞ്ഞില്ലൊരുമഴയുമിന്നോളം ..


എത്ര വട്ടം മഴ കണ്ടു എന്ന് ചോദിച്ചാൽ അറിയില്ലെന്ന് തന്നെ ഉത്തരം...
കലാലയ കാലത്തെ വരണ്ടുണങ്ങിയ തമിഴ് മണ്ണിൽ മഴയങ്ങനെ നിർത്താതെ പെയ്യുകയായിരുന്നു...
ഭദ്രയുടെ ഭാവമായിരുന്നു പ്രണയിനിക്കെന്നും..
പൂവിന്റെ സ്വപ്‌നങ്ങൾ പൂക്കളെക്കാളും മൃദുലവും സൗമ്യവും ആയിരുന്നു..
പ്രണയം പൂത്ത രാത്രികളിലൊക്കെയും മഴയങ്ങനെ നിർത്താതെ പെയ്യുകയായിരുന്നു...

"മുല്ലയും പിച്ചകവും ജമന്തിയും കാട്ടു തുളസിയും മണക്കുന്ന തെരുവുകളും കോടി മണക്കുന്ന ജൗളിക്കടകളും മീനാക്ഷി ക്ഷേത്രത്തിന്റെ തണുത്തു മിനുത്ത അകത്തളങ്ങളും തിലഹോമത്തിന്റെ തിരികളും സന്ധ്യയ്ക്കു തന്റെ ഗുരുനാഥൻ ആലപിച്ച നീലാംബരിയും" നീ തന്ന കഥാപുസ്തകത്തിലെ അടിവരയിട്ട വാചകങ്ങളായിരുന്നു... ആ വാഗ്മയ ചിത്രങ്ങളെ ക്യാമറയിൽ  പകർത്തി കാലത്തിനു കൈമാറുകയായിരുന്നു ലെനിൻ രാജേന്ദ്രൻ..

മുറിച്ചു മാറ്റിയ ഒരവയവത്തെ തേടി രോഗി ആശുപത്രിയിലേക്ക് തിരിച്ചു ചെല്ലാറുണ്ടോ എന്ന് മാധവിക്കുട്ടി ചോദിക്കുന്നുണ്ട്.. കഥയുടെ തുടക്കത്തിൽ.. ഉണ്ടെന്നു തന്നെ ഉത്തരം.. രോഗം പ്രണയവും മുറിച്ചു മാറ്റപ്പെട്ടത് ഹൃദയം തന്നെയുമാവുമ്പോൾ എത്രയകലങ്ങളിൽ നിന്നും രോഗി തിരിച്ചു വരും... നഷ്ടപ്പെട്ട തന്റെ ഹൃദയം തേടി.. പ്രണയം പൊഴിഞ്ഞ രാഗങ്ങൾ തേടി.. നഷ്ടപ്പെട്ട നീലാംബരി തേടി..
-നിധി- 

വിംബിൾഡൺ

പത്രത്താളുകളിൽ ഒളിമ്പിക് മെഡലണിഞ്ഞ പേസിന്റെ ചിത്രമാണ് ടെന്നിസിനെ സംബന്ധിയായ ആദ്യത്തെ ഓർമ.. പിന്നീടിങ്ങോട്ട് പേസ് - ഭൂപതി എന്നത് ഒറ്റപ്പേരാണെന്നു വരെ ധരിച്ചു വച്ചിരുന്നൊരു തേരോട്ടകാലമായിരുന്നു... ആന്ദ്രേ അഗാസിയും പീറ്റ് സാംപ്രസ്സും സ്വർണതലമുടിയുള്ള സ്റ്റെഫി ഗ്രാഫുമെല്ലാം പത്രത്താളുകളിൽ നിറഞ്ഞു നിന്നിരുന്ന കാലം... അവരോടൊക്കെയുള്ള ആരാധനയാവണം ഈ കളിയെ ശ്രദ്ധേയമാക്കിയതും...
കാലം കഴിയും തോറും ടെന്നിസിനെ ചക്രവാളത്തിലെ പഴയ നക്ഷത്രങ്ങൾ അസ്തമിക്കുകയും റോജർ ഫെഡറർ എന്ന ഒരൊറ്റ സൂര്യൻ പിറവി കൊള്ളുകയും ചെയ്തു... ദാവീദിന് ഗോലിയാത്തെന്ന പോലെ അവിടെയുമുദിച്ചു ഒരെതിരാളി... കാളക്കൂറ്റന്റെ കരുത്തുള്ള റാഫേൽ നദാൽ... പുൽക്കോട്ടിൽ എന്നും ചിരിച്ചത് റോജർ ആയിരുന്നു... ഓരോ തോൽവിക്കും കളിമൺ കോർട്ടിൽ റാഫ പകരം ചോദിച്ചു...  അങ്ങനെ ഓരോ ഗ്രാന്റ് സ്‌ലാമും കളിപ്രേമിക്ക് കണക്കു വീട്ടലിന്റേതായി... ഓസ്‌ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും അത് കഴിഞ്ഞു വിംബിൾഡനും യു എസ് ഓപ്പണും... റോജറും എണ്ണത്തിൽ കുറവെങ്കിലും നാദാലും റെക്കോർഡ് ബുക്കിൽ തങ്ങളുടെ പേരുകൾ എഴുതി ചേർത്തു കൊണ്ടേയിരുന്നു...
ഈ കാലത്തിലൊക്കെയും കാരിരുമ്പിന്റെ കരുത്തുമായി സെറീനയായിരുന്നു മറുവശത്ത്... സാഹോദര്യത്തിന്റെ അനുഭവവുമായി വീനസും സൗന്ദര്യത്തിന്റെ അഴകളവുകളുമായി ഷറപ്പോവയും ഇടയ്ക്കൊരു കൊള്ളിയാൻ കണക്കെ മറ്റു പലരും സെറീനയോട് പൊരുതി നോക്കാനെത്തി...
ഇവരോടൊക്കെയുള്ള പെരുത്തിഷ്ടങ്ങളാണ് ഈ കളിയെപ്പറ്റി ഒരു ചുക്കുമറിയില്ലാഞ്ഞിട്ടും ഒരു തവണ പോലും റാക്കറ്റ് കൈകൊണ്ടു തൊട്ടിട്ടില്ലാഞ്ഞിട്ടും വിംബിൾഡനിലേക്കൊരു യാത്ര പോകണമെന്നൊരു ആശ മനസ്സിൽ വളർത്തിയത്... വെംബ്ലിയിൽ നിന്നും നേരത്തെ തിരിച്ചെങ്കിലും ട്രെയിൻ ചതിച്ചതിനാൽ ഗേറ്റിങ്കൽ ചെന്ന് എത്തി നോക്കാനേ ആദ്യ യാത്രയിൽ സാധിച്ചുള്ളൂ... രണ്ടാമത്തെ തവണ ഫുൽഹാമിൽ നിന്നും വിംബിൾഡനിലേക്ക് ട്രെയിൻ കയറുമ്പോൾ വാച്ചിൽ സമയം 3.50... ട്രെയിൻ വിംബിൾഡൺ എത്താൻ കാത്തു നിന്നില്ല... സൗത്ത് ഫീൽഡിൽ ഇറങ്ങി ഓരോട്ടമായിരുന്നു... കൃത്യം ഒരു മൈൽ.. വിംബിൾഡനിന്റെ നാലാം ഗേറ്റിലേക്ക് ഓടിച്ചെന്നു കയറുമ്പോൾ വാച്ചിൽ സമയം 4.24... റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ 5 മണി വരെയേ സമയമുള്ളൂ എന്ന മറുപടി... എങ്കിലും ടിക്കറ്റെടുത്തു... മ്യുസിയത്തിൽ ട്രോഫികൾ കാണാനുള്ള സമയം.. പിന്നെ സെന്റർ കോർട്ടും...
ആദ്യം ലോൺ ടെന്നീസ് ക്ലബ് മ്യുസിയത്തിലേക്ക്.. വിംബിൾഡനിന്റെ ചരിത്രമെന്നാൽ ലോക ടെന്നിസിനെ ചരിത്രമെന്നു തിരുത്തി വായിക്കാം.. അത്രയ്ക്കുണ്ട് കഥ പറയാൻ...
ട്രോഫി റൂമിലേക്ക് കയറി.. അതാ അവിടിരുന്നു വെട്ടിത്തിളങ്ങുന്നു ഒരു വെള്ളിക്കപ്പും അടുത്തൊരു വെള്ളിത്തളികയും.. 


എല്ലാ വർഷവും ജൂണിലെ അവസാനത്തെ ആഴ്ച ഇവിടുത്തെ പുൽക്കോർട്ടിനു തീ പിടിക്കും... ലോക ടെന്നീസിലെ 128 കരുത്തർ ഇവിടെ കളിക്കാനിറങ്ങും.. പതിനാലാം നാൾ, ജൂലൈയിലെ ആദ്യത്തെ ഞായറാഴ്ച്ച  തീപാറിയ127 കളികൾക്കൊടുവിൽ, ഒരുവൻ റാക്കറ്റ് മുകളിലേക്കെറിയും.. പുൽമൈതാനത്ത് മലർന്നു കിടക്കും.. ഒടുവിൽ ആ വെള്ളിക്കപ്പിൽ മുത്തമിടുമ്പോൾ തൊണ്ടയിടറും.. കണ്ണുകൾ നിറഞ്ഞൊഴുകും...
വനിതാ വിഭാഗത്തിലും ഇതാവർത്തിക്കും.. ഒടുവിലൊരുവൾ "വീനസിന്റെ പനീർത്തളികയിൽ"(Venus rosebowl dish) കടിക്കുമ്പോൾ മറ്റെയാൾ കണ്ണീർ വാർക്കുകയാവും...
ഈ കഥ ആദ്യമദ്ധ്യാന്തം ആവർത്തിക്കാൻ തുടങ്ങിയിട്ട് 141 വർഷമാകുന്നു... എത്രയെത്ര വാഴ്ചകൾ... എത്രയെത്ര വീഴ്ചകൾ...
മറ്റു ഡബിൾസ് ഗ്രാന്റ് സ്ലാമുകളിൽ വിജയികൾക്ക് ഒരു ട്രോഫി കിട്ടുമ്പോൾ ഇവിടെ രണ്ട് പേർക്കും കിട്ടും ഓരോ "സിൽവർ ചലഞ്ച് കപ്പ്".. വനിതകളിലെ ഡബിൾസ് വിജയികൾക്ക് കിട്ടുക കെന്റിലെ പ്രഭ്വിയുടെ (The Duchess of kent) പേരിലുള്ള ട്രോഫിയാണ്... മിക്സഡ് ഡബിൾസ് ചാംപ്യനുള്ള സിൽവർ ചലഞ്ച് കപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ പുരുഷ താരം ലിയാണ്ടർ പേസ് ആണ്...  മൂന്ന് ദശാബ്ദങ്ങളിൽ വിംബിൾഡൺ ട്രോഫിയിൽ മുത്തമിട്ട ഒരേയൊരാളും പേസ് തന്നെ...  ഓരോ കിരീടങ്ങളും എത്രയെത്ര ഇതിഹാസങ്ങളുടെ വിരൽ പാടുകൾ പതിഞ്ഞിരുന്നു... ഇവയൊക്കെയും അടുത്ത് കാണുകയെന്നാൽ, ഒന്ന് തൊട്ടു നോക്കുകയെന്നാൽ മഹാ പുണ്യം തന്നെ...
കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിലെ ഓരോ ദശകത്തിലും ടെന്നീസിന് വന്ന മാറ്റങ്ങളറിയാൻ ഇതുവഴിയൊന്നു നടന്നു നോക്കിയാൽ മതി...  പന്തിലും റാക്കറ്റിലും പാന്റ്സിലും ഷോർട്സിലും സ്‌കർട്സിലും ഷൂവിലും എന്ന് വേണ്ട എന്തെല്ലാം മാറ്റങ്ങൾ... എല്ലാം ഒന്നൊഴിയാതെ അടയാളപ്പെടുത്തി വച്ചിരിക്കുന്നു... ഇനിയും കാണാൻ ഒരുപാടുണ്ട്... റാക്കറ്റിന്റെയും പന്തിന്റെയും രൂപ പരിണാമങ്ങൾ... ബോറിസ് ബെക്കറും ബോൺ ബോർഗും വില്യം റെൻഷോയും മുതൽ പീറ്റ് സാംപ്രസ്സും  റോജർ ഫെഡററും റാഫേൽ നാദാലും വരെയുള്ളവരുടെ വീരഗാഥകൾ... പക്ഷെ സമയമില്ല... സെന്റർ കോർട്ടിലേക്ക് പോകാനുള്ള സമയമടുത്തിരിക്കുന്നു... പുറത്തേക്കുള്ള ചുവരിൽ പീറ്റ് സാംപ്രെസിന്റെ വരികൾ... "ലോകത്തിലെ ഏറ്റവും വലിയ വിജയം കണക്കെ അവരാഹ്ലാദിക്കും... കാരണം അതിതാണ്!!"

ഇനി സെന്റർ കോർട്ടിലേക്ക്, കളിക്കാർക്കുള്ള പ്രധാന വഴിയിൽ ഗൊരാൻ ഇവനിസെവിച്ചിന്റെ വാക്കുകൾ.. "ഇനിയൊരു മത്സരം ജയിച്ചില്ലെങ്കിലും എനിക്ക് നിരാശയില്ല... ഞാനിനി എന്ത് ചെയ്താലും, എവിടേക്ക് പോയാലും ഒരായുഷ്കാലമത്രയും ഞാനൊരു വിംബിൾഡൺ ചാംപ്യനായിരിക്കും"

വിംബിൾഡൺ ചരിത്രത്തിൽ സീഡ് ചെയ്യപ്പെടാത്ത ഒരേയൊരു ചാമ്പ്യൻ ആണ് ഗൊരാൻ... 2001 ൽ ഗൊരാൻ കിരീടം നേടുമ്പോൾ അദ്ദേഹത്തിന്റെ റാങ്കിങ് 125.. ആദ്യ 104 റാങ്കുകാർ നേരിട്ട് യോഗ്യത നേടുന്ന വിംബിളിഡനിൽ വൈൽഡ് കാർഡ് എൻട്രിയുമായെത്തി കിരീടവുമായി മടങ്ങിയൊരാൾ.. ലോക ഒന്നാം നമ്പറിലെത്തിയ മൂന്നു പേരെ(കാർലോസ് മോയ, ആന്റി റോഡിക്, മരത് സാഫിൻ) അട്ടിമറിച്ച ആ ടൂർണമെന്റിന് ശേഷം പതിനാറാം റാങ്കിലെത്തിയ ഗൊരാൻ ഒറ്റയടിക്ക് കുതിച്ചത്109 സ്ഥാനങ്ങൾ...
സെന്റർ കോർട് ഒരത്ഭുദം ആണ്... വെറും രണ്ടാഴ്ചയ്ക്ക് വേണ്ടി, ഏറിയാൽ 10 മത്സരങ്ങൾക്ക് വേണ്ടി വർഷം മുഴുവൻ പരിപാലിക്കപ്പെടുന്ന സ്ഥലം.. നൂറു ശതമാനം യഥാർത്ഥ പുൽകോർട്.. ഇന്ന് ഗ്രാന്റ് സ്ലാം ഫൈനൽ നടക്കുന്ന ഒരേയൊരു പുൽ മൈതാനം...
ഇരുവശത്തും റോളക്സ് സ്കോർബോർഡുകൾ.. ഒന്നിൽ നൊവാൻ ദ്യോക്കോവിച്ചിനും കെവിൻ ആൻഡേഴ്സണും കീഴെ 6-2, 6-2, 7-6 എന്ന സ്കോർ ലൈൻ... മറുവശത്ത് 6-3, 6-3 എന്ന സ്കോറിന് സെറീന വില്യംസ് എന്ന ഇതിഹാസതാരത്തെ ആഞ്ജലിക് കെർബർ എന്ന ജർമൻകാരി മുട്ടുകുത്തിച്ച കഥ... ജൂണിൽ അടുത്ത വിംബിൾഡൺ വരേയ്ക്കും ഇതിവിടെ കാണും.. പിന്നെയിതും ചരിത്ര താളുകളിലേക്ക് പകർത്തിയെഴുത്തപ്പെടും... പിന്നെ ഇവിടെ മൂളിപ്പറക്കുന്ന ഓരോ എയ്‌സിലും വന്നു വീഴുന്ന ഓരോ സ്മാഷിലും പോയിന്റുകൾ മാറിമാറിതെളിയും...
പതിനയ്യായിരം സീറ്റുകളുള്ള സെന്റർ കോർട്ടിലെ തെക്കുഭാഗത്താണ് റോയൽ ബോക്സ്.. രാജകുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും ഇരുന്നു മത്സരങ്ങൾ വീക്ഷിക്കുന്നയിടം...
2009ൽ ആണ് സെന്റർ കോർട്ടിനു മേൽക്കൂര പണിതത്... 10 മിനിറ്റിൽ തുറക്കാനും 10 മിനിറ്റിൽ അടയ്ക്കാനും കഴിയും വിധം ഇത് ക്രമീകരിച്ചിരിക്കുന്നു... അതിനാൽ മഴയുള്ള ദിനങ്ങളിലും വിംബിൾഡൺ മസരങ്ങൾ തടസ്സമില്ലാതെ നടത്താൻ സാധിക്കുന്നു.. വിസ്മയക്കണ്ണുകളോടെ കണ്ടും ഫോട്ടോ എടുത്തും നടക്കുമ്പോഴേക്കും വാച്ചിൽ സമയം 5 ആയി... പടിഞ്ഞാറ് സൂര്യൻ അസ്തമിച്ചു തുടങ്ങി.. ശൈത്യകാലത്ത് ചൂടുപകരാൻ ഇട്ട ലൈറ്റുകളുടെ വെളിച്ചത്തിൽ പച്ചപ്പുല്ലിന്റെ ഇളം നാമ്പുകൾ വെട്ടിത്തിളങ്ങി... ഗൈഡ് പുറത്തിറങ്ങാൻ തിരക്കുകൂട്ടി... കണ്ടുമറിഞ്ഞും തീർന്നിട്ടുണ്ടായിരുന്നില്ല ഒന്നും... ബാക്കി 17 കോർട്ടുകളും ഒരുനോക്കു കാണാൻ കഴിഞ്ഞില്ല... ക്ലബ് സ്റ്റോർ അടച്ചിരുന്നു... വെറും കയ്യോടെയെങ്കിലും മനസ്സ് നിറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി...  അപ്പോഴും ഗൊരാന്റെ വാക്കുകൾ ഉൾക്കൊണ്ട മനസ്സ് പറഞ്ഞു...
"ഇനി വേറെന്തു കണ്ടില്ലെങ്കിലും എനിക്ക് നിരാശയില്ല... കാരണം ഇത് വിംബിൾഡൺ ആണ്!!!"

സ്റ്റാംഫോഡ് ബ്രിഡ്ജ് അഥവാ നീലക്കടൽ


ഫുൾഹാം സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴേ മനസ്സ് വെമ്പലിൽ ആയിരുന്നു... പുറത്തിറങ്ങി ഇടത്തോട്ട് ഒരു നൂറു മീറ്റർ... ചാരനിറമുള്ള ബോർഡിൽ നീലയും വെള്ളയും അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു... "STAMFORD BRIDGE SW6, Home of Chelsea FC" മനസ്സ് പടപടാ മിടിക്കുന്നു... കാല്പന്തു തലയ്ക്കു പിടിച്ച കളിയാരാധകർക്ക് ഇതൊരു തീർത്ഥാടനമാണ്...  ഈ നട തുറക്കുന്ന മത്സര ദിനങ്ങളിൽ ലോകമെമ്പാടുമുള്ള ആരാധകക്കൂട്ടങ്ങൾ നീലയുമുടുത്ത് ഇങ്ങോട്ടേക്കൊഴുകും... ഫുൾഹാം ട്യൂബ് സ്റ്റേഷന്റെ പുറത്തേക്ക് അത് നുരഞ്ഞു പൊങ്ങും... ഓരോ വഴിയും അപ്പോൾ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്കാവും... കൂട്ടത്തിലൊരുവൻ ചെൽസിയുടെ ചാന്റുകൾ ഉറക്കെപ്പാടും... ഓരോ കളിയാരാധകനും അതേറ്റു പാടും... കളി കഴിഞ്ഞുള്ള തിരിച്ചിറക്കങ്ങളും അങ്ങനെ തന്നെ.. വിജയാഹ്ലാദങ്ങളില്ലാത്ത രാവുകൾ തുലോം കുറവായിരിക്കും... ഫുൽഹാമിന്റെ തെരുവുകളിൽ നീല നിറം പടരും.. പബുകളിൽ എങ്ങും വിജയാഹ്ലാദം തിമിർക്കും...പ്രായ ഭേദമന്യേ, വർണ വർഗ ഭേദമന്യേ ആണും പെണ്ണും ആടിപ്പാടും.... നീലയിൽ കുളിച്ചു ഞാനും നീയും ഒന്നാകും...
അതേ സ്റ്റാംഫോഡ് ബ്രിഡ്ജിന്റെ മുന്നിലാണ്... ഹസാർഡിന്റെയും കാന്റെയുടെയും കാഹിലിന്റെയും കട്ടൗട്ടുകൾ... ആരവങ്ങളും ബഹളങ്ങളും കൂടെയില്ല.. യൂറോപ്പ ലീഗിൽ ഇവിടെ വച്ചു ബലാറസ് ക്ലബ് ബേറ്റ് ബൊറിസേവിനെ തറ പറ്റിച്ച് നാലുനാൾ ആകുന്നതെയുള്ളൂ... സമയമൊട്ടും കളയാതെ ബ്രിട്ടാനിയ ഗേറ്റിലൂടെ അകത്തേക്ക് കടന്നു... സ്റ്റേഡിയത്തിന്റെ നേരെ മുന്നിൽ പന്തുമായി നിൽക്കുന്ന പീറ്റർ ഓസ്‌ഗുഡിന്റെ പ്രതിമ... പിറകിലായി, സ്റ്റേഡിയത്തിന്റെ അത്രയും ഉയരെ, ക്ലബ് ഫുട്ബോളിലെ 8 കിരീടങ്ങളും ചെൽസി അത് നേടിയ വർഷങ്ങളും ആലേഖനം ചെയ്തു വച്ചിരിക്കുന്നു...
ആദ്യം ചെന്ന് കയറിയത് ക്ലബ് മ്യുസിയത്തിലേക്കാണ്.. അവിടെ ചാമ്പ്യൻസ് ലീഗ് കപ്പ്, എഫ് എ കപ്പ്, യൂറോപ്പ ലീഗ് കപ്പ് എന്നിവ നിരത്തി വച്ചിരിക്കുന്നു... കൂടെ നിന്ന് പടമെടുക്കാം.. ഇഷ്ടമുള്ള പശ്ചാത്തലത്തിൽ പ്രിന്റ് ചെയ്തു തരികയും ചെയ്യും.. സ്റ്റേഡിയം ടൂറിനുള്ള ചാർജ് 22 പൗണ്ട് ആണ്.. റെയിൽ ടിക്കറ്റ് ഉണ്ടെങ്കിൽ 2 പേർക്ക് ഒരു ടിക്കറ്റ് മതി...
ഒട്ടും വൈകാതെ ഗൈഡ് സ്റ്റേഡിയം ടൂറിന് ക്ഷണിച്ചു.. ഞങ്ങളെ ആദ്യം സ്റ്റേഡിയത്തിനു അകത്തു കൊണ്ടിരുത്തി.. പ്രീമിയർ ലീഗ് ദിനങ്ങളിൽ ആർത്തിരമ്പുന്ന സ്റ്റേഡിയം കൺകുളിർക്കെ കണ്ടു... എത്രയെത്ര നീലക്കടലിരമ്പങ്ങൾ... ഗൈഡ് ആയ കെവിൻ ഞങ്ങളോരോരുത്തരോടും എവിടെ നിന്നാണെന്നു ചോദിച്ചു...ഓരോ രാജ്യക്കാരോടും ചെൽസിക്ക് അവരുമായുള്ള ബന്ധം വിശദീകരിക്കാൻ അദ്ദേഹത്തിന് ഉത്സാഹമായിരുന്നു... ഞങ്ങൾ മൂന്നു പേർക്ക് പുറമെ ഒരു ഇന്ത്യക്കാരൻ കൂടി.. ഫുട്ബാളിന്റെ നാടായ കൊൽക്കത്തയിൽ നിന്നും...
അവിടുന്ന് ഞങ്ങളാനയിക്കപ്പെട്ടത് ചെൽസി പ്രസ് റൂമിലേക്കാണ്.. പോസ്റ്റ് മാച്ച് പ്രെസെന്റഷനു മാനേജരും കളിക്കാരും ഇരിക്കുന്ന ഇടം.. 3 സീറ്റിൽ നടുവിൽ ഇപ്പോഴും മാനേജർ..  കണക്കു കൂട്ടി കളി നടപ്പാക്കുന്ന, കാൽപ്പന്തിന്റെ തന്ത്രപ്പെരുക്കങ്ങളെ സ്വന്തം തലയിൽ വിരിയിച്ചെടുത്ത ചെൽസിയുടെ ആശാന്മാരായ ഹൊസെ മോറിഞ്ഞോ, ഗസ് ഹിഡിങ്ക്, കാർലോ ആഞ്ജലോട്ടി, റോബർട്ടോ ഡിമാറ്റോ, റാഫേൽ ബെനിറ്റസ്, അന്റോണിയോ കൊണ്ടെ തുടങ്ങി മൊറീസിയോ സാരിയിൽ എത്തി നിൽക്കുന്ന മഹാരഥന്മാരുടെ ഇരിപ്പിടം.. വലതു വശത്ത് ക്യാപ്റ്റൻ, ഇടതു വശത്ത് പ്ലേയർ ഓഫ് ദി മാച്ച്... ഞങ്ങൾക്കും കിട്ടി ആ സീറ്റിൽ ഒന്നിരിക്കാൻ അവസരം.. മുന്നിലിരിക്കുന്നത് ചെൽസിയുടെ എല്ലാ സൈനിങ്‌സും നടന്ന ടേബിൾ ആണ്..  അബ്രഹമോവിച്ചിന്റെ എത്രയെത്ര കോടികൾ ഇതുവഴി മറിഞ്ഞിരിക്കുന്നു... 
അടുത്തത് എവേ ഡ്രെസ്സിങ് റൂം ആണ്.. ചുവരിൽ തൂങ്ങിയാടുന്ന ജഴ്സികൾ നോക്കിയാലറിയാം ആ റൂമിന്റെ മഹത്വം.. ആദ്യം കാണാം റൊണാൾഡോയുടെ മാഞ്ചസ്റ്റർ ജേഴ്സി, പിന്നെ ജെറാൾഡ്, ബെയ്ൽ, ബെക്കാം, മെസ്സി, പുഷ്‌കാസ്, ബെക്കൻബോവർ, ദെൽപ്പിയറോ, റോസാരിയോ തുടങ്ങി ലോക ഫുട്ബോളിലെ മഹാരഥന്മാർ അവരുടെ കളിദിവസം ചിലവിട്ട ഇടം.. പക്ഷെ ഈ മുറി ഒട്ടും തന്നെ ആകർഷണീയം അല്ല.. ഒരു ഫുട്ബാൾ മാഗസിന്റെ സർവേ പ്രകാരം ഹോം ടീമിന്റെ ചീപ് ടാക്റ്റിക്സുകളിൽ ഒന്നാമതാണ് ചെൽസിയുടെ ഈ എവേ റൂം... പ്രാക്റ്റീസ് കഴിഞ്ഞും പകുതി സമയത്തും ഒക്കെ ക്ഷീണിച്ചു കയറി വരുന്നവരെ കാത്തിരിക്കുന്നത് വളരെ ഉയരെയുള്ള ഹാങ്ങേർസ് ആണ്... ഇരിക്കാനുള്ള ബെഞ്ചുകൾ വളരെ താഴെയും അലമാരകൾ ബഞ്ചിനടിയിലും... കലി വരിക സ്വാഭാവികം...
അടുത്തത് ചെൽസിയുടെ ചേഞ്ച് റൂം.. അതിമനോഹരം.. അതി വിശാലവും.. ചുവരിൽ സ്റ്റീവൻ ജെറാൾഡിന്റെയും ഫ്രാങ്ക് ലംപാർട്ടിന്റെയും ദിദിയൻ ദ്രോഗ്ബയുടെയും പ്രചോദിപ്പിക്കുന്ന വാക്കുകൾ... ഓരോ കളിക്കാരനും കളിസാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക അറകൾ... നിലത്ത്
"This is our Home - Pride of London" എഴുതിയിരിക്കുന്നു... മുൻപിലായി ഐസ് ബാത്തിനുള്ള സൗകര്യം, മസ്സാജിങ് ടേബിളുകൾ, മാച്ച് റൂം ടാക്ടിക്സ് ഏരിയ, കിച്ചൻ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ... 

പിന്നീട് പ്ലയേഴ്‌സ് ടണലിലൂടെ മൈതാനത്തേക്ക്, മത്സരദിനങ്ങളിൽ കണ്ണും കാതും കൂർപ്പിച്ചു നാം കാത്തിരിക്കുമ്പോൾ കൊച്ചു കുട്ടികളുടെ കൈ പിടിച്ചു കളിക്കാർ ഇറങ്ങിവരുന്ന അതെ വഴി തന്നെ... ടണലിന് നേരെ വെളിയിൽ ആണ് ഡഗ്‌ഔട്ട്.. വലതു വശത്ത് എവേ ടീമിന്റേത്.. ഇടതു വശത്ത് ഹോം... കൃത്യം ഒരാഴ്ച മുൻപ് സംഭവബഹുലമായിരുന്നു ഇവിടം.. ചിരവൈരികളുടെ പോരാട്ടത്തിൽ ബാർക്ളീയുടെ അവസാന നിമിഷ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചെൽസി സമനിലയിൽ പിടിച്ചപ്പോൾ ഈ സ്റ്റേഡിയം പൊട്ടിത്തെറിച്ചു... ഹൊസെ മോറിഞ്ഞോ ക്ഷുഭിതനായി ഈ സീറ്റിൽ നിന്നും ചാടിയിറങ്ങി... സംഭവങ്ങളുടെ നേർസാക്ഷ്യം കെവിൻ വിവരിച്ചു കൊണ്ടേയിരുന്നു... 

പിന്നെ ഫാർ എൻഡിലെ അപ്പർ സ്റ്റാൻഡിലേക്ക്... സ്പീക്കറിൽ സ്റ്റേഡിയത്തിലെ ചാന്റ്...
ചെൽസീ... ചെൽസി... എന്ന മുഴക്കങ്ങൾ രോമങ്ങളെ എഴുന്നേറ്റു നിർത്തി.. പടിക്കെട്ടു കയറുമ്പോൾ ചാന്റ് ഉച്ചസ്ഥായിയിലായി.. ഒരു നീലക്കടലിലേക്ക് പതുക്കെ ഊളിയിട്ടിറങ്ങുന്നത് പോലെ..  സ്റ്റാംഫോഡ് ബ്രിഡ്ജിലെ നീലത്തിരമാലകൾ ചെവിയിൽ വന്നടിക്കുന്നത് പോലെ... പറഞ്ഞറിയിക്കാൻ പറ്റാത്തൊരാനുഭവം... മനസ്സിനും കാതിനും..
ശേഷം ക്ലബ് സ്റ്റോറിലേക്ക്... ഓർമയ്ക്കായി ചെൽസിയുടെ മഗും ബാന്റും വാങ്ങി തിരിച്ചിറങ്ങുമ്പോഴും നീലക്കടൽ അതിന്റെ എല്ലാ ശക്തിയോടും കൂടി മനസ്സിൽ ആർത്തിരമ്പുന്നുണ്ടായിരുന്നു....
-നിധി-




ദി കിയ ഓവൽ

ഈ പേര് പരിചിതമായി വരുന്നതേയുള്ളൂ... 'കെന്നിങ്‌ടൺ ഓവൽ' എന്ന് പറഞ്ഞാൽ കൂടുതൽ അറിയും.. കാലെടുത്തു വയ്ക്കുന്നത് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്കാണ്.. പാരമ്പര്യവും പ്രൗഢിയും പറഞ്ഞാൽ ലോകത്തെ മറ്റേത് കളിക്കളവും തോറ്റുപോകും.. 178 വർഷത്തെ യൗവനം പേറുന്ന ഓവലിന് അത്രയ്ക്കുണ്ട് വീരചരിതങ്ങൾ...
ലണ്ടൻ ട്യൂബിലെ ഓവൽ സ്റ്റേഷനിൽ നിന്നും കഷ്ടിച്ച് 200 അടി നടന്നെത്താവുന്ന ദൂരമേയുള്ളൂ... ഒരു സ്റ്റേഡിയത്തിന്റെ ആകാരമല്ല മുൻവശം.. മറിച്ച് പ്രൗഢമായ ഒരു കോട്ടയുടെയോ കൊട്ടാരത്തിന്റെയോ മുൻവശം... അത്രയേ തോന്നൂ... ഇരുമ്പഴികളുള്ള വലിയ ഗേറ്റിന്റെ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റിൽ  ആഷസ് ട്രോഫിയുടെ രൂപം പണിതു വച്ചിരിക്കുന്നു... 

          *        *       *       *        *       *
1870 ൽ ഇംഗ്ലീഷ് മണ്ണിലെ ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ഓവലിന്റെ ഈ മണ്ണിൽ ടോസുയരുമ്പോൾ ക്രിക്കറ്റിന്റെ കണക്കു പുസ്തകത്തിൽ ഒരു താളു മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ... അതിനു കൃത്യം രണ്ടു വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ആദ്യമായി അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറിയപ്പോഴും ആരാവമുയർന്നത് ഇതേ ഓവലിൽ.. ആദ്യ ക്രിക്കറ്റ് മത്സരം 5 വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയപ്പോൾ സ്കോട്ലണ്ടിനോടുള്ള ആദ്യ ഫുട്ബോൾ മത്സരം ഓരോ ഗോളുകളടിച്ച് സമനിലയിൽ പിരിഞ്ഞു..
പിന്നെയും 10 വർഷങ്ങൾക്ക് ശേഷം ഇതേ ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വെറും 85 റൺസ് ചേസ് ചെയ്ത ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 52 എന്ന നിലയിൽ നിന്നും 78 റൺസിന് ഓൾ ഔട്ട് ആയി... അവിശ്വസനീയമായി തോറ്റതിന്റെ പിറ്റേന്നാൽ, കൃത്യമായി പറഞ്ഞാൽ 1882 ആഗസ്റ്റ് 29നു സ്പോർട്സ് ടൈംസ് പത്രം ഇങ്ങനെ എഴുതി "ഓവലിൽ ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചിരിക്കുന്നു... ആ ദീപ്തസ്മരണയ്ക്ക് നിത്യശാന്തി.. മൃതദേഹം സംസ്കരിച്ച ശേഷം ചിതാഭസ്മം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും..." 
ആഷസ് എന്ന ബദ്ധ വൈരത്തിന്റെ കഥ അന്ന് അവിടെ തുടങ്ങുകയായിരുന്നു... ആ ആഷസ് ഇന്നും അതേ കളിമൺ കോപ്പയിൽ ലോർഡ്സിലെ MCC മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു
          *        *       *       *        *       *
ചിലയിടങ്ങളിങ്ങനെയാണ്... കഥകൾ തികട്ടി വരും... എന്നോ വായിച്ചു മറന്ന പത്രത്താളുകളും ചിത്രങ്ങളും വീണ്ടും മനസ്സിൽ മിന്നി മറയും.. വീണ്ടും വീണ്ടും മനസ്സ് മന്ത്രിക്കുന്നു... ഓരോ കാലടിയും വയ്ക്കുന്നത് ചരിത്രം പിറന്ന മണ്ണിലേക്കാണ്.. 11 മണിക്ക് ചെല്ലാൻ പറഞ്ഞിടത്ത് 10.30 നേ അകത്തു കയറി.. അതും ഒരു തവണ പുറത്തുകൂടി സ്‌റ്റേഡിയത്തെ വലം വച്ചതിനു ശേഷം.. അകത്ത് റിസപ്‌ഷനിസ്റ്റിന്റെ ഹാർദ്ദവമായ സ്വീകരണം.. ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അതിയായ സന്തോഷം.. വെയിൽസ് രാജകുമാരന്റെ താൽപര്യപ്രകാരം ഓവൽ നിർമിച്ചതിൽ നിന്നിന്നോളം കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയുടെ ഹോം ഗ്രൗണ്ടാണിത്.. അതുകൊണ്ടു തന്നെ ഷെൽഫ് നിറയെ സറേയുടെ ട്രോഫികൾ നിരന്നിരിക്കുന്നു... അവയിൽ ഏറ്റവും പ്രധാനം കൗണ്ടി ചാംപ്യൻഷിപ്പാണ്... കോലിയുടെ വരവ് കൊണ്ട് വാർത്തകളിൽ നിറഞ്ഞെങ്കിലും കോലി ഇല്ലാതെ തന്നെ സറേ ഇത്തവണ ചാംപ്യൻഷിപ് നേടി...
ആദ്യമേ തന്നെ ഞങ്ങളെ കൊണ്ടുപോയത് കമ്മിറ്റി റൂമിലേക്കാണ്.. മത്സര ദിവസങ്ങളിൽ അതിവിശിഷ്ട വ്യക്തികളെ സൽക്കരിക്കുന്നയിടം... ഐസിസി പ്രസിഡന്റുമാർ മുതൽ വിവിധ രാഷ്ട്രത്തലവന്മാർ വരെ മത്സരങ്ങൾ ആസ്വദിച്ച ജനാലയ്ക്കരികിൽ കയ്യിലൊരു കപ്പ് ചായയുമായി നിൽക്കുമ്പോൾ ഓവലിലെ പുൽക്കൊടികൾ പുഞ്ചിരിക്കുകയായിരുന്നു..
ഒന്നേ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട ഇവിടുത്തെ ചുവരിലെങ്ങും ക്രിക്കറ്റിന്റെ ചരിത്രം.. അതിലെ ഓരോ ചിത്രങ്ങൾക്കും നമ്മുടെയുള്ളിലെ ഓരോ അണുവിനെയും ത്രസിപ്പിക്കുന്ന, ഓരോ രോമത്തെയും എഴുന്നു നിൽപ്പിക്കുന്ന ഒരു കഥ പറയാനുണ്ടാവും... നീട്ടിപ്പിടിച്ച ചൂണ്ടു വിരലുകളുടെ ചിത്രം ഇടയിൽ ശ്രദ്ധിച്ചു.. നിരന്തര ബൗളിംഗിനെ തുടർന്ന് ഒരു കയ്യിലേത് കുറച്ചധികം നീണ്ടു പോയിരിക്കുന്നു... ആളെ പറഞ്ഞാൽ നിങ്ങൾ അറിയും.. ജിം ലേക്കർ... കുംബ്ലെയ്ക്കു മുന്നേ 'ഓൾ ടെൻ' നേടിയ ആൾ... ഒരു ടെസ്റ്റിൽ 19 വിക്കറ്റ് എന്ന ഇന്നും തകരാതെ റെക്കോർഡിന്റെ ഒരേയൊരാവകാശി...
ചായയ്ക്ക് ശേഷം ഞങ്ങൾ ചെന്നത് മ്യൂസിയത്തിലേക്കായിരുന്നു.. പരമ്പരാഗതമായി ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരകളുടെ അവസാന മത്സരം ഓവന് അവകാശപ്പെട്ടതാണ്... അവയോരോന്നിന്റെ സ്മരണകളും ഇവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നു... ഓരോ ബാറ്റിലും ഇതിഹാസങ്ങൾ പേരെഴുതി ഒപ്പിട്ടിരിക്കുന്നു... പേരെഴുതി സ്റ്റഫ് ചെയ്തുവച്ച ഓരോ പന്തും 5 വിക്കറ്റ് നേട്ടങ്ങളാകുന്നു.. അങ്ങനെ തകർത്തതും തകർക്കപ്പെടാത്തതുമായ എത്രയെത്ര വീര ചരിതങ്ങൾ... 

തൊട്ടടുത്ത ക്ലബ് ലൈബ്രറിയിൽ ക്രിക്കറ്റിനെക്കുറിച്ചെഴുത്തപ്പെട്ട എല്ലാ പുസ്തകങ്ങളും കാണാം.. താഴെ ടേബിളിൽ വിൻഡ്സർ മാഗസിന്റെ കഴിഞ്ഞ ലക്കങ്ങൾ നിരത്തി വച്ചിരിക്കുന്നു..
ഓവലിലെ ഏറ്റവും വലിയ മുറിയായ ലോങ്ങ് റൂമിനു പുറത്തിറങ്ങിയാൽ അരികിലായി 'ബ്രാഡ്മാൻസ് ഡോർ' കാണാം.. ഗൈഡ് അത് വിശദീകരിക്കുന്നത് കേട്ടാൽ ചരിത്രം നമുക്ക് മുൻപിൽ പുനരവതരിക്കുന്നത് പോലെ തോന്നും...
1948ൽ ഓവലിൽ തന്റെ അവസാന ഇന്നിംഗ്‌സിനിറങ്ങുമ്പോൾ 100 ആയിരുന്നു ബ്രാഡ്മാന്റെ ശരാശരി... ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാനു ആ ഇന്നിങ്സിൽ 4 റൺസ് എടുത്താൽ കരിയർ ആവറേജ് 100 ൽ നിലനിർത്താമായിരുന്നു... ലോകം ആ നിമിഷത്തിന് കാതോർത്തു നിന്നു.. കാണികൾ ആരവം മുഴക്കി... എറിക് ഹോളിസിന്റെ ആദ്യ പന്തിൽ റൺസില്ല.. പിന്നീടെറിഞ്ഞ ലെഗ്സ്പിൻ ബ്രാഡ്മാന്റെ ബാറ്റിലുരസി വിക്കറ്റിൽ പതിച്ചപ്പോൾ ഓവൽ നിശബ്ദമായി.. കമന്ററി ബോക്സിൽ ജോൺ അർലോട്ടിന്റെ തൊണ്ടയിടറി... ഡോൺ ബ്രാഡ്മാൻ എന്ന അതിമാനുഷൻ വെറും മനുഷ്യനായി, സംപൂജ്യനായി പവലിയനിലേക്ക് തിരിച്ചു കയറിയപ്പോൾ സ്റ്റേഡിയം ഒന്നാകെ എഴുന്നേറ്റു നിന്ന് കയ്യടിച്ചു... അന്ന് ബ്രാഡ്മാൻ കയറിപ്പോയ ആ വാതായനം പിൽക്കാലത്ത് 'ബ്രാഡ്മാൻസ് ഡോർ' എന്നറിയപ്പെട്ടു...

പവലിയനിൽ നിന്നും ഞങ്ങൾ സ്‌റ്റേഡിയത്തിലേക്കിറങ്ങി... രണ്ടു സ്റ്റാന്റുകളിൽ ആയി 25500 ഇരിപ്പിടങ്ങൾ.. ECB യുടെ പുതിയ നിബന്ധനകൾ പ്രകാരം ക്രിക്കറ്റ് മത്സരങ്ങൾ തന്നെ നഷ്ടപ്പെട്ടേക്കാമെന്നതിനാൽ കിയ, OCS എന്നീ രണ്ടു സ്റ്റാന്റുകൾക്ക് പുറമെ പുതിയ 2 സ്റ്റാന്റുകൾ കൂടി പണിത് ഇരിപ്പിടങ്ങൾ നാൽപ്പതിനായിരത്തിലേക്കെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നു..
1889 ൽ ഫ്ളഡ്ലൈറ്റു സ്ഥാപിക്കപ്പെട്ട ഇവിടം ലോകത്താദ്യമായി കൃത്രിമ വെളിച്ച സംവിധാനം ഉപയോഗപ്പെടുത്തിയ മൈതാനമാകുന്നു... ഗ്രൗണ്ടിന് പുറകിൽ കാണുന്ന സിലിണ്ടർ ആകൃതിയിലുള്ള കൂറ്റൻ ഗ്യാസ് ഹോൾഡർ ഓവലിന്റെ ഐക്കൺ സിംബൽ ആകുന്നു..
സച്ചിനും കോലിക്കും ഒരിക്കൽ പോലും സെഞ്ച്വറി നേടാൻ കഴിയാത്ത ഇവിടെ പക്ഷെ പക്ഷെ ശാസ്ത്രിയും ഗവാസ്കറും കുംബ്ലെയും രാഹുലും പന്തും വരെ സെഞ്ച്വറി നേടിയിട്ടുണ്ട്... എന്നിരുന്നാലും ഇവിടെ ഏറ്റവും സക്‌സസ്ഫുൾ ആയ ഇന്ത്യൻ താരം ദ്രാവിഡ് ആണ്.. 3 ടെസ്റ്റിൽ ഒരു ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ആണ് ദ്രാവിഡ് ഇവിടെ കുറിച്ചത്... 146 റൺസ് എടുത്ത് പുറത്താകാതെ നിന്ന അവസാന ഇന്നിങ്സിൽ കാണികളിലൊരാൾ ഇങ്ങനെ എഴുതിക്കാട്ടി 'Oval : Its England vs Dravid'
പിന്നെ ഞങ്ങൾ പോയത് പ്രസ്സ് റൂമിലേക്കാണ്.. 94 മീഡിയ റിപ്പോർട്ടേഴ്സിന് ഇരുന്ന് റിപ്പോർട്ട് ചെയ്യാൻ പറ്റുന്ന ഇടം.. ഈ ചില്ലു ജാലകത്തിലൂടെ എത്രയെത്ര കളിയെഴുത്തുകാർ മത്സരങ്ങൾ വീക്ഷിച്ചിരിക്കുന്നു... എത്രയെത്ര മധുരനിമിഷങ്ങൾ വാക്കുകളിലേക്കും വരികളിലേക്കും പകർത്തി എഴുതിയിരിക്കുന്നു... അതിനിരുപുറവും രണ്ടു കമന്ററി ബോക്‌സുകൾ.. ഒന്ന് മത്സരത്തിന്റെ ഇടവേളകളിൽ കളി പറയാനായി തയ്യാറാക്കി വച്ചിരിക്കുന്ന ബോക്സ് റൂം.. മറ്റൊന്ന് റേഡിയോ കമന്ററി റൂം...ഈ സീറ്റിലിരുന്ന് ബാറ്റിൽ നിന്നും പുറപ്പെട്ട കവർഡ്രൈവിന്റെ വശ്യതയെ പറ്റി ഗവാസ്കറും ബോർഡറും നാസർ ഹുസൈനുമൊക്കെ എത്ര തവണ ആശ്ചര്യപ്പെട്ടിരിക്കുന്നു... സീൽക്കാരത്തോടെ മൂളിപ്പറന്ന എത്ര പന്തുകളെ കീറിമുറിച്ചിരിക്കുന്നു...  
ശേഷം പ്രസ് ബോക്സിനു മുകളിലെ വി വി ഐ പി ഏരിയയിൽ.. ഒരു ദിവസം 900 പൗണ്ട് വരും അവിടെയിരുന്നു കളി കാണാൻ.. ചിലപ്പോഴൊക്കെ വെയിൽസ് രാജകുടുംബാംഗങ്ങളും കൂട്ടിനുണ്ടാകും...
അടുത്തതായി ഡ്രെസ്സിങ് റൂമിലേക്കാണ്... എത്രയോ ക്രിക്കറ്റ് ഇതിഹാസങ്ങൾ മുറി പങ്കിട്ടയിടം... സച്ചിനും സെവാഗും ഗാംഗുലിയും ദ്രാവിഡും ഗെയിലും ഡിവില്ലിയേഴ്സും മാത്രമല്ല, നാമറിയുന്ന മിക്ക താരങ്ങളും ഇവിടെ കയ്യൊപ്പു ചാർത്തിയിരിക്കുന്നു.. ഓരോന്നിന്റെയും കൂടെ അവരുടെ പേരും കരിയർ ഹിസ്റ്റോറിയും എഴുതി ചേർത്തിരിക്കുന്നു... തൊട്ടടുത്തായി സറേയുടെ ഡ്രെസ്സിങ് റൂം... കഴിഞ്ഞ സീസണിൽ സാം കുറനും സംഗക്കാരയും ജാസൻ റോയിയും ആരോൺ ഫിഞ്ചും ഒക്കെ ബാക്കിവച്ച കളിയടയാളങ്ങൾ ഇപ്പോഴും അവിടിരിക്കുന്നു..
ഓവലിന്റെ ചിത്രം പതിപ്പിച്ച ഒരു ചായക്കോപ്പയും വാങ്ങി തിരിച്ചിറങ്ങുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു.. ക്രിക്കറ്റിനെ തൊട്ടിലാട്ടിയ, കാറ്റിൽ പോലും ക്രിക്കറ്റിന്റെ മണമുള്ള, ഓരോ പുൽക്കൊടിയും കഥകളായിരം പറയുന്ന ഓവലിൽ ഇപ്പോഴും ബാറ്റിൽ പന്ത് തൊടുന്ന ശബ്ദം മുഴങ്ങുന്നത് പോലെ... അവ ആരവങ്ങളിലെങ്ങോ ലയിച്ചു ചേരുന്നത് പോലെ...