Showing posts with label Stamford Bridge. Show all posts
Showing posts with label Stamford Bridge. Show all posts

സ്റ്റാംഫോഡ് ബ്രിഡ്ജ് അഥവാ നീലക്കടൽ


ഫുൾഹാം സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴേ മനസ്സ് വെമ്പലിൽ ആയിരുന്നു... പുറത്തിറങ്ങി ഇടത്തോട്ട് ഒരു നൂറു മീറ്റർ... ചാരനിറമുള്ള ബോർഡിൽ നീലയും വെള്ളയും അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു... "STAMFORD BRIDGE SW6, Home of Chelsea FC" മനസ്സ് പടപടാ മിടിക്കുന്നു... കാല്പന്തു തലയ്ക്കു പിടിച്ച കളിയാരാധകർക്ക് ഇതൊരു തീർത്ഥാടനമാണ്...  ഈ നട തുറക്കുന്ന മത്സര ദിനങ്ങളിൽ ലോകമെമ്പാടുമുള്ള ആരാധകക്കൂട്ടങ്ങൾ നീലയുമുടുത്ത് ഇങ്ങോട്ടേക്കൊഴുകും... ഫുൾഹാം ട്യൂബ് സ്റ്റേഷന്റെ പുറത്തേക്ക് അത് നുരഞ്ഞു പൊങ്ങും... ഓരോ വഴിയും അപ്പോൾ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്കാവും... കൂട്ടത്തിലൊരുവൻ ചെൽസിയുടെ ചാന്റുകൾ ഉറക്കെപ്പാടും... ഓരോ കളിയാരാധകനും അതേറ്റു പാടും... കളി കഴിഞ്ഞുള്ള തിരിച്ചിറക്കങ്ങളും അങ്ങനെ തന്നെ.. വിജയാഹ്ലാദങ്ങളില്ലാത്ത രാവുകൾ തുലോം കുറവായിരിക്കും... ഫുൽഹാമിന്റെ തെരുവുകളിൽ നീല നിറം പടരും.. പബുകളിൽ എങ്ങും വിജയാഹ്ലാദം തിമിർക്കും...പ്രായ ഭേദമന്യേ, വർണ വർഗ ഭേദമന്യേ ആണും പെണ്ണും ആടിപ്പാടും.... നീലയിൽ കുളിച്ചു ഞാനും നീയും ഒന്നാകും...
അതേ സ്റ്റാംഫോഡ് ബ്രിഡ്ജിന്റെ മുന്നിലാണ്... ഹസാർഡിന്റെയും കാന്റെയുടെയും കാഹിലിന്റെയും കട്ടൗട്ടുകൾ... ആരവങ്ങളും ബഹളങ്ങളും കൂടെയില്ല.. യൂറോപ്പ ലീഗിൽ ഇവിടെ വച്ചു ബലാറസ് ക്ലബ് ബേറ്റ് ബൊറിസേവിനെ തറ പറ്റിച്ച് നാലുനാൾ ആകുന്നതെയുള്ളൂ... സമയമൊട്ടും കളയാതെ ബ്രിട്ടാനിയ ഗേറ്റിലൂടെ അകത്തേക്ക് കടന്നു... സ്റ്റേഡിയത്തിന്റെ നേരെ മുന്നിൽ പന്തുമായി നിൽക്കുന്ന പീറ്റർ ഓസ്‌ഗുഡിന്റെ പ്രതിമ... പിറകിലായി, സ്റ്റേഡിയത്തിന്റെ അത്രയും ഉയരെ, ക്ലബ് ഫുട്ബോളിലെ 8 കിരീടങ്ങളും ചെൽസി അത് നേടിയ വർഷങ്ങളും ആലേഖനം ചെയ്തു വച്ചിരിക്കുന്നു...
ആദ്യം ചെന്ന് കയറിയത് ക്ലബ് മ്യുസിയത്തിലേക്കാണ്.. അവിടെ ചാമ്പ്യൻസ് ലീഗ് കപ്പ്, എഫ് എ കപ്പ്, യൂറോപ്പ ലീഗ് കപ്പ് എന്നിവ നിരത്തി വച്ചിരിക്കുന്നു... കൂടെ നിന്ന് പടമെടുക്കാം.. ഇഷ്ടമുള്ള പശ്ചാത്തലത്തിൽ പ്രിന്റ് ചെയ്തു തരികയും ചെയ്യും.. സ്റ്റേഡിയം ടൂറിനുള്ള ചാർജ് 22 പൗണ്ട് ആണ്.. റെയിൽ ടിക്കറ്റ് ഉണ്ടെങ്കിൽ 2 പേർക്ക് ഒരു ടിക്കറ്റ് മതി...
ഒട്ടും വൈകാതെ ഗൈഡ് സ്റ്റേഡിയം ടൂറിന് ക്ഷണിച്ചു.. ഞങ്ങളെ ആദ്യം സ്റ്റേഡിയത്തിനു അകത്തു കൊണ്ടിരുത്തി.. പ്രീമിയർ ലീഗ് ദിനങ്ങളിൽ ആർത്തിരമ്പുന്ന സ്റ്റേഡിയം കൺകുളിർക്കെ കണ്ടു... എത്രയെത്ര നീലക്കടലിരമ്പങ്ങൾ... ഗൈഡ് ആയ കെവിൻ ഞങ്ങളോരോരുത്തരോടും എവിടെ നിന്നാണെന്നു ചോദിച്ചു...ഓരോ രാജ്യക്കാരോടും ചെൽസിക്ക് അവരുമായുള്ള ബന്ധം വിശദീകരിക്കാൻ അദ്ദേഹത്തിന് ഉത്സാഹമായിരുന്നു... ഞങ്ങൾ മൂന്നു പേർക്ക് പുറമെ ഒരു ഇന്ത്യക്കാരൻ കൂടി.. ഫുട്ബാളിന്റെ നാടായ കൊൽക്കത്തയിൽ നിന്നും...
അവിടുന്ന് ഞങ്ങളാനയിക്കപ്പെട്ടത് ചെൽസി പ്രസ് റൂമിലേക്കാണ്.. പോസ്റ്റ് മാച്ച് പ്രെസെന്റഷനു മാനേജരും കളിക്കാരും ഇരിക്കുന്ന ഇടം.. 3 സീറ്റിൽ നടുവിൽ ഇപ്പോഴും മാനേജർ..  കണക്കു കൂട്ടി കളി നടപ്പാക്കുന്ന, കാൽപ്പന്തിന്റെ തന്ത്രപ്പെരുക്കങ്ങളെ സ്വന്തം തലയിൽ വിരിയിച്ചെടുത്ത ചെൽസിയുടെ ആശാന്മാരായ ഹൊസെ മോറിഞ്ഞോ, ഗസ് ഹിഡിങ്ക്, കാർലോ ആഞ്ജലോട്ടി, റോബർട്ടോ ഡിമാറ്റോ, റാഫേൽ ബെനിറ്റസ്, അന്റോണിയോ കൊണ്ടെ തുടങ്ങി മൊറീസിയോ സാരിയിൽ എത്തി നിൽക്കുന്ന മഹാരഥന്മാരുടെ ഇരിപ്പിടം.. വലതു വശത്ത് ക്യാപ്റ്റൻ, ഇടതു വശത്ത് പ്ലേയർ ഓഫ് ദി മാച്ച്... ഞങ്ങൾക്കും കിട്ടി ആ സീറ്റിൽ ഒന്നിരിക്കാൻ അവസരം.. മുന്നിലിരിക്കുന്നത് ചെൽസിയുടെ എല്ലാ സൈനിങ്‌സും നടന്ന ടേബിൾ ആണ്..  അബ്രഹമോവിച്ചിന്റെ എത്രയെത്ര കോടികൾ ഇതുവഴി മറിഞ്ഞിരിക്കുന്നു... 
അടുത്തത് എവേ ഡ്രെസ്സിങ് റൂം ആണ്.. ചുവരിൽ തൂങ്ങിയാടുന്ന ജഴ്സികൾ നോക്കിയാലറിയാം ആ റൂമിന്റെ മഹത്വം.. ആദ്യം കാണാം റൊണാൾഡോയുടെ മാഞ്ചസ്റ്റർ ജേഴ്സി, പിന്നെ ജെറാൾഡ്, ബെയ്ൽ, ബെക്കാം, മെസ്സി, പുഷ്‌കാസ്, ബെക്കൻബോവർ, ദെൽപ്പിയറോ, റോസാരിയോ തുടങ്ങി ലോക ഫുട്ബോളിലെ മഹാരഥന്മാർ അവരുടെ കളിദിവസം ചിലവിട്ട ഇടം.. പക്ഷെ ഈ മുറി ഒട്ടും തന്നെ ആകർഷണീയം അല്ല.. ഒരു ഫുട്ബാൾ മാഗസിന്റെ സർവേ പ്രകാരം ഹോം ടീമിന്റെ ചീപ് ടാക്റ്റിക്സുകളിൽ ഒന്നാമതാണ് ചെൽസിയുടെ ഈ എവേ റൂം... പ്രാക്റ്റീസ് കഴിഞ്ഞും പകുതി സമയത്തും ഒക്കെ ക്ഷീണിച്ചു കയറി വരുന്നവരെ കാത്തിരിക്കുന്നത് വളരെ ഉയരെയുള്ള ഹാങ്ങേർസ് ആണ്... ഇരിക്കാനുള്ള ബെഞ്ചുകൾ വളരെ താഴെയും അലമാരകൾ ബഞ്ചിനടിയിലും... കലി വരിക സ്വാഭാവികം...
അടുത്തത് ചെൽസിയുടെ ചേഞ്ച് റൂം.. അതിമനോഹരം.. അതി വിശാലവും.. ചുവരിൽ സ്റ്റീവൻ ജെറാൾഡിന്റെയും ഫ്രാങ്ക് ലംപാർട്ടിന്റെയും ദിദിയൻ ദ്രോഗ്ബയുടെയും പ്രചോദിപ്പിക്കുന്ന വാക്കുകൾ... ഓരോ കളിക്കാരനും കളിസാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക അറകൾ... നിലത്ത്
"This is our Home - Pride of London" എഴുതിയിരിക്കുന്നു... മുൻപിലായി ഐസ് ബാത്തിനുള്ള സൗകര്യം, മസ്സാജിങ് ടേബിളുകൾ, മാച്ച് റൂം ടാക്ടിക്സ് ഏരിയ, കിച്ചൻ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ... 

പിന്നീട് പ്ലയേഴ്‌സ് ടണലിലൂടെ മൈതാനത്തേക്ക്, മത്സരദിനങ്ങളിൽ കണ്ണും കാതും കൂർപ്പിച്ചു നാം കാത്തിരിക്കുമ്പോൾ കൊച്ചു കുട്ടികളുടെ കൈ പിടിച്ചു കളിക്കാർ ഇറങ്ങിവരുന്ന അതെ വഴി തന്നെ... ടണലിന് നേരെ വെളിയിൽ ആണ് ഡഗ്‌ഔട്ട്.. വലതു വശത്ത് എവേ ടീമിന്റേത്.. ഇടതു വശത്ത് ഹോം... കൃത്യം ഒരാഴ്ച മുൻപ് സംഭവബഹുലമായിരുന്നു ഇവിടം.. ചിരവൈരികളുടെ പോരാട്ടത്തിൽ ബാർക്ളീയുടെ അവസാന നിമിഷ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചെൽസി സമനിലയിൽ പിടിച്ചപ്പോൾ ഈ സ്റ്റേഡിയം പൊട്ടിത്തെറിച്ചു... ഹൊസെ മോറിഞ്ഞോ ക്ഷുഭിതനായി ഈ സീറ്റിൽ നിന്നും ചാടിയിറങ്ങി... സംഭവങ്ങളുടെ നേർസാക്ഷ്യം കെവിൻ വിവരിച്ചു കൊണ്ടേയിരുന്നു... 

പിന്നെ ഫാർ എൻഡിലെ അപ്പർ സ്റ്റാൻഡിലേക്ക്... സ്പീക്കറിൽ സ്റ്റേഡിയത്തിലെ ചാന്റ്...
ചെൽസീ... ചെൽസി... എന്ന മുഴക്കങ്ങൾ രോമങ്ങളെ എഴുന്നേറ്റു നിർത്തി.. പടിക്കെട്ടു കയറുമ്പോൾ ചാന്റ് ഉച്ചസ്ഥായിയിലായി.. ഒരു നീലക്കടലിലേക്ക് പതുക്കെ ഊളിയിട്ടിറങ്ങുന്നത് പോലെ..  സ്റ്റാംഫോഡ് ബ്രിഡ്ജിലെ നീലത്തിരമാലകൾ ചെവിയിൽ വന്നടിക്കുന്നത് പോലെ... പറഞ്ഞറിയിക്കാൻ പറ്റാത്തൊരാനുഭവം... മനസ്സിനും കാതിനും..
ശേഷം ക്ലബ് സ്റ്റോറിലേക്ക്... ഓർമയ്ക്കായി ചെൽസിയുടെ മഗും ബാന്റും വാങ്ങി തിരിച്ചിറങ്ങുമ്പോഴും നീലക്കടൽ അതിന്റെ എല്ലാ ശക്തിയോടും കൂടി മനസ്സിൽ ആർത്തിരമ്പുന്നുണ്ടായിരുന്നു....
-നിധി-




ഇംഗ്ലണ്ടിന്റെ കളിത്തട്ടുകളിൽ...

സ്വപ്നങ്ങൾക്ക് കൂട്ടുപോകുന്ന ചില ദിവസങ്ങളുണ്ടാവും ജീവിതത്തിൽ.... കാലത്തിന്റെ കണക്കെടുപ്പിൽ നക്ഷത്രചിഹ്നമിട്ടു പ്രത്യേകം രേഖപ്പെടുത്തേണ്ടവ... കാലമെത്ര കഴിഞ്ഞാലും ഓർമകളുടെ ചില്ലുഭരണിയിൽ ആ ദിവസങ്ങൾക്ക് പ്രത്യേക തിളക്കമുണ്ടാവും...
ആഗ്രഹങ്ങൾക്കൊത്ത് നടക്കാതെ പോയ ഒരു വെംബ്ലി - വിംബിൾഡൺ യാത്രയാണ് വീണ്ടുമൊരു സ്റ്റേഡിയം ടൂർ എന്ന ആശയത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത്... ചില ഭ്രാന്തുകൾക്ക് കൂടെ നടക്കാൻ സമാന ചിന്താഗതിക്കാരെ കിട്ടുകയെന്നത് ചില്ലറക്കാര്യമല്ല.. ഞങ്ങൾ മൂന്നു പേർ - അരുണും  ശങ്കറും  പിന്നെ ഞാനും... ഇംഗ്ലണ്ടിന്റെ കായിക ചരിത്രത്തെ അടയാളപ്പെടുത്തിയ സമാനതകളില്ലാത്ത മൂന്നിടങ്ങൾ... ദ ഓവൽ, സ്റ്റാംഫോർഡ് ബ്രിഡ്ജ്, വിംബിൾഡൺ...
അങ്ങനെയാണ് മഞ്ഞു വീണു മൈനസിലേക്കിറങ്ങിയ ആദ്യനാൾ വീണ്ടുമൊരു യാത്രയ്ക്കിറങ്ങിയത്...