ഓർമ്മകൾ മരിക്കുമോ???

ആദ്യം കണ്ടനാൾ ഓർമയിൽ വരുന്നില്ല... ഓർമ വച്ചു തുടങ്ങിയ നാളുകളിൽ ഒന്നിൽ ആയിരുന്നു അത്... അംഗൻവാടി തൊട്ട് ഞങ്ങൾ കൂട്ടുകാരായിരുന്നു.... ഏകദേശം രണ്ടു വ്യാഴവട്ടക്കാലം മുൻപേ ഹൃദയത്തിന്റെ വടക്കു കിഴക്കേ കോണിൽ താമസമുറപ്പിച്ചവർ...  സന്ദീപും അരുണും സൂര്യയും  ഞാനും ഒക്കെയായിരുന്നു അടുത്ത കൂട്ടുകാർ... പപ്പി ടീച്ചറുടെയും ഉഷേച്ചിയുടെയും തണലിൽ ഞങ്ങളുടെ സൗഹൃദം ഒരുപാട് തളിർത്തു... പപ്പി ടീച്ചർക്ക് മകനായ സന്ദീപിനോളം തന്നെ സ്നേഹം ഞങ്ങളോടുമുണ്ടായിരുന്നു... ഉഷേച്ചി അന്നുണ്ടാക്കിയിരുന്നതിനോളം രുചിയുള്ള ഉപ്പുമാവ് ഇന്നോളം പിന്നെ കഴിക്കാനും പറ്റിയിട്ടില്ല... ഞങ്ങളെല്ലാം മുഴക്കുന്ന് സ്കൂളിലേക്ക് മാറിയപ്പോഴേക്കും ടീച്ചറും സന്ദീപും മാലൂരിലേക്ക് പോയി... 

മത്സരിച്ചു കളിച്ചും പഠിച്ചും വളർന്ന 7 വർഷങ്ങളായിരുന്നു പിന്നീട്... സഹോദര്യത്തോളം വളർന്ന ബന്ധങ്ങൾ... കയ്യെഴുത്തിൽ സൂര്യയായിരുന്നു കേമത്തി... എന്റെ അക്ഷരങ്ങൾ പലപ്പോഴും എനിക്കുതന്നെ വായിക്കാൻ കഴിഞ്ഞില്ല... എഴുതിയെഴുതി താഴെയെത്തുമ്പോഴേക്കും അരുണിന്റെ ബുക്കു മുഴുവൻ ഇനിയെഴുതാൻ കഴിയാത്ത വിധം വിയർപ്പിൽ കുതിർന്നിരിക്കും..  ആറുവര്ഷം ക്ലാസ് ലീഡർ ആയിരുന്ന ഞാൻ സ്കൂൾ ലീഡർ ആകാൻ മത്സരിച്ചു പൊരുതി തോറ്റ ഏഴാം വർഷം... 

അതുകഴിഞ്ഞു ഞങ്ങൾ  തട്ടകം കാവുമ്പടിയിലേക്ക് മാറി... ഇത്തിരി കൂടി മുതിർന്നു ഹൈസ്കൂൾ എത്തി... പ്രണയവും രാഷ്ട്രീയവും ഒക്കെ ഞങ്ങളുടെ സിരകളിൽ പടർന്ന കാലമായിരുന്നു അത്..  ആ ഒരു മൂന്നു വർഷത്തിനപ്പുറം ഒരു വല്യ ബ്രേക്ക് എടുക്കാം...

പിന്നീടൊരാറെഴു വർഷത്തിനപ്പുറം വീണ്ടും എല്ലാരും പരസ്പരം തേടിപ്പിടിക്കുകയായിരുന്നു...  ഒരുപാടൊരുപാട് സൗഹൃദങ്ങൾക്കൊടുവിൽ എല്ലാവരും ആദ്യ സൗഹൃദത്തിന്റെ ചൂട് തേടുകയായിരുന്നു... മുംബൈയിലെ ആശുപത്രിയിൽ തിരക്ക് പിടിച്ച ഡ്യൂട്ടികൾക്കിടയിൽ എന്റെ നമ്പർ തേടിപ്പിടിച്ചു സൂര്യ ഒരുനാൾ വിളിച്ചു... നഴ്സിങ് സുഹൃത്തുക്കൾ നൽകിയ ചതുര വടിവുള്ള കോട്ടയം ഭാഷയിൽ അവൾ ഒരുപാട് സംസാരിച്ചു... പഴയ കഥകൾ പലതും അവൾ തെല്ലൊട്ടു ഓര്മപ്പിശകില്ലാതെ എണ്ണിപ്പറഞ്ഞു.. പിന്നീടൊരിക്കൽ എന്റെ വീട് തേടിപ്പിടിച്ചു വന്നു ഞെട്ടിച്ചത് സന്ദീപ് ആണ്... ചേച്ചിയോട് നമ്പർ വാങ്ങി അവൻ വിളിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷം അവനുണ്ടായിരുന്നു... "ഉണ്ണിക്കുട്ടാ..." എന്ന അവന്റെ വിളിയിൽ അലിഞ്ഞു പോയത് 20 വർഷങ്ങളായിരുന്നു... ഇരുപത് വർഷവും 20000 സ്വരങ്ങൾക്കുമപ്പുറവും ആ ഒരു വാക്കിൽ എനിക്കവനെ ഓർത്തെടുക്കാനായി എന്നതുതന്നെ ഒരു സൗഹൃദത്തിന്റെ ഹൃദയ സാക്ഷ്യം...

നാളുകൾക്ക് ശേഷം അരുണിനെ കണ്ടത് വേദനിപ്പിക്കുന്ന ഓർമയാണ്... കാൻസർ സെന്ററിന് മുന്നിൽ നീറി നിൽക്കുമ്പോൾ ഞങ്ങൾക്കിരുവർക്കും ഒരേ വികാരമായിരുന്നു... നൊന്തു പെറ്റ രണ്ടുപേർ അകത്തു വേദന തിന്നുമ്പോൾ പരസ്പരം സമാശ്വസിപ്പിക്കാൻ ഇരുവർക്കും വാക്കുകളില്ലായിരുന്നു... ഒടുവിൽ എന്റെ അമ്മ പോയി... അമ്മയ്ക്ക് രോഗം മാറിയെന്നു അവൻ പറയുമ്പോൾ ഒരമ്മയെങ്കിലും ആ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപ്പെട്ടെന്നു ആശ്വസിച്ചു അധികം കഴിയും മുൻപേ അവന്റെ അമ്മയും....

ചലച്ചിത്ര മേളകഴിഞ്ഞു പോകാനൊരുങ്ങമ്പോൾ അരുൺ വിളിച്ചിരുന്നു... ഞാൻ ഓടിച്ചെന്നു അവനെയും കൂട്ടി ശംഖുമുഖം വരെ പോയി... കുറെ സംസാരിച്ചു... ആമുഖങ്ങളില്ലാതെ... കാലത്തിനു തടുക്കാനാവാത്ത സൗഹൃദങ്ങളിൽ ആമുഖമെന്തിന്... ഹൃദയം നിറഞ്ഞു... പോകാൻ നേരം അവൻ കൈ പിടിച്ചു... അവന്റെ കൈത്തടത്തിൽ അപ്പോഴും വിയർപ്പു പൊടിഞ്ഞിരുന്നു... ആ നനവ് എനിക്കത്രയും പരിചിതമാണുതാനും....

അന്നു കണ്ട നാൾ മുതൽക്കു നീ....

നാടകീയത ഒട്ടും കുറയ്ക്കാതെ തന്നെ പറയാം, സമയം പാതിരാത്രി കഴിഞ്ഞു അല്പം കൂടി മുന്നോട്ടു പോയിരുന്നു, റയിൽവേ സ്റ്റേഷനിലെ ഭീമൻ ക്ലോക്കിൽ രണ്ടു സൂചികൾ മൂന്നിനും നാലിനുമിടയിൽ കെട്ട് പിണഞ്ഞു കിടന്നു... മഴപെയ്തൊഴിഞ്ഞ പ്ലാറ്റുഫോമിലേക്ക് മലബാർ എക്സ്പ്രസ്സ് ചൂളംവിളിച്ചെത്തി....

ഞാൻ പതിയെ പുറത്തിറങ്ങി... പരിചയമേതുമില്ലാത്ത പലമുഖങ്ങൾ പലവഴിക്കു നടന്നകന്നു.... പതിവില്ലാത്തിടത് പാതിരാത്രിയിൽ എത്തിപ്പെട്ട പതിനാറുകാരന്റെ പകപ്പോടെ ഞാൻ നിന്നു... പിന്നെ ഓരോട്ടോയിൽ കയറി... "കമ്മീഷണർ ഓഫീസ്".. വണ്ടി നീങ്ങി... ഒക്കെയും പരിചയമില്ലാത്ത വഴികളായിരുന്നു... ഒടുവിൽ വണ്ടി നിന്നു... 50 രൂപ... പുറത്തെ ബോർഡ് ഞാൻ വായിച്ചു... സിറ്റി പോലീസ് കമ്മീഷണർ ഓഫീസ്, കൊച്ചി. എനിക്ക് ധൈര്യം വന്നു... "മീറ്ററിൽ 30 അല്ലെ ചേട്ടാ..?" രാത്രിയിലെ ഓട്ടം അല്ലെ, 10 രൂപയെങ്കിലും കൂടി എന്ന് അയാൾ..., 50 രൂപ കൊടുത്തു.. ആകത്തു പറയരുതെന്ന അപേക്ഷയിൽ 10 രൂപ തിരികെ തന്നു... ജീവിതത്തിലാദ്യമായി അന്ന് ഞാൻ പോലീസ് സ്റ്റേഷന്റെ പടി ചവിട്ടി... ചെന്നപ്പോൾ ഒരു പോലീസുകാരൻ മേശമേൽ കൂർക്കം വലിച്ചുറങ്ങുന്നു... കാല്പെരുമാറ്റം കേട്ടയാൾ ചാടിയെഴുന്നേറ്റു ചുവന്നു കലങ്ങിയ കണ്ണുകൾ തിരുമ്മി പരുഷമായി ചോദിച്ചു... ആരാ...? സന്തോഷ് സർ പറഞ്ഞിട്ട് വന്നതാ... അപ്പുറത്തുണ്ട്... അയാൾ വീണ്ടും കിടന്നു.. അങ്ങനെ സന്തോഷ് സാറുടെ ചിലവിൽ SP ഓഫീസിൽ കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് ഇന്റർവ്യൂന് പോയി...തൊട്ടടുത്ത് തന്നെയായിരുന്നു St.Alberts കോളേജ്..

അതങ്ങനെ ചുവന്ന നിറത്തിൽ തലയെടുപ്പോടെ നിന്നു.. ഒരുപാട് പരിഷ്കാരികളുടെ നടുവിൽ ഒരപരിഷ്കാരിയായി ഞാനും... ഷൂ ഇല്ല... ബെൽറ്റ് ഇല്ല... ഇംഗ്ലീഷ് ഒരു തരിമ്പുമറിയില്ല... അതുകൊണ്ടു തന്നെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയിലെ "ഡക്ക് കേഡറ്റ്"  പോസ്റ്റിലേക്കുള്ള എന്റെ ഇന്റർവ്യൂ പെട്ടെന്ന് തീർന്നു!

സിറ്റി പോലീസ് കമ്മീഷണറുടെ ഡ്രൈവർ ആയിരുന്നു സന്തോഷ് സർ... അങ്ങനെ സർക്കാർ ചിലവിൽ പോലീസ് വണ്ടിയിൽ ഒരു ദിവസം മുഴുവൻ ഞാൻ എറണാകുളം ചുറ്റി... അത്ഭുത കാഴ്ചകളുടെ കൂട്ടത്തിൽ ഹൈ കോർട്ടും മറൈൻ ഡ്രൈവും മഹാരാജാസും എസ് എച്ച് കോളേജും കണ്ടത് ഞാനോർക്കുന്നു... മറ്റെല്ലാം എനിക്ക് പേരുപോലും അന്യമായത്ര അപരിചിതങ്ങളായിരുന്നു....  എവിടയെന്നോ എങ്ങോട്ടെന്നോ എനിക്കൊരെത്തും പിടിയും തരാതെ പോലീസ് വാഹനം പലവഴിക്ക് പാഞ്ഞു...

ഏഴെട്ടു വർഷങ്ങൾക്കിപ്പുറം കണക്കും സയൻസും പഠിച്ച്, ഡിഫറിൻസിയേഷനും ഇന്റഗ്രേഷനും ചാടിക്കടന്ന്, എഞ്ചിനീയറിംഗ് കഴിഞ്ഞ്, കൗശലമൊളിപ്പിച്ച ഇന്റർവ്യൂ ചോദ്യങ്ങളും കഴിഞ്ഞ് കയ്യിലൊരു ജോലിയുമായി വീണ്ടും എറണാകുളത്തിറങ്ങിയപ്പോൾ നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ഞാൻ തേടിയത് പഴയ അടയാളങ്ങളായിരുന്നു.... ആദ്യമായിക്കണ്ട മായക്കാഴ്ചകളിൽ നിന്നും ഫുഡ് മാളും ബേ പ്രൈഡും എംജി റോഡും പത്മ തിയേറ്ററും ബ്രോഡ് വെയും രാജാജി മൈതാനിയും വേർതിരിച്ചെടുക്കുവാനാകുമോ എന്നാണ്... 

ചെപ്പു നിറയെ മായക്കാഴ്ചകളൊളിപ്പിച്ച് എന്നെ കാത്തിരുന്ന പഴയ കളിക്കൂട്ടുകാരി ആയിരുന്നില്ല കൊച്ചി അപ്പോൾ... അവളും എനിക്കൊപ്പം വളരുകയായിരുന്നു... എന്റെ യൗവനത്തിൽ കൈകോർത്തുപിടിച്ച് ഐസ്ക്രീം നുണയാൻ മറൈൻ ഡ്രൈവും പ്രണയത്തിന്റെ ചുവപ്പു പടർത്തി ഫോർട്ട് കൊച്ചിയും അവളെനിക്കു നൽകി... അവസാനിക്കാത്ത രാവും ആഘോഷങ്ങളുമായി ഈ നഗരം എന്റെ സ്വന്തമായി... മാരത്തോണും ബാക്കത്തോണും, ISL ഉം ബ്ളാസ്റ്റെഴ്സും, ലുലുവും സെൻട്രലും, മെട്രോയും സ്മാർട്ട് സിറ്റിയും, ഈ നഗരം എന്റെ യൗവനത്തിനായി എന്തൊക്കെയോ കാത്തു വച്ചിരുന്നു...

എന്റെ കൊച്ചീ... എനിക്ക് നീ പ്രിയപ്പെട്ടതാകുന്നു... എന്റെ മാത്രം പ്രണയിനിയാകുന്നു... 

ഞാനെങ്ങനെ ഞാനായാതെന്നു...

വളപ്പൊട്ടുകളും കുന്നിമണികളും മഞ്ചാടിക്കുരുക്കളും മാത്രം വഴങ്ങിയിരുന്ന കൈകളിലേക്ക് resister - ന്റെയും capacitor - ന്റെയും സർക്യുട്ടുകൾ എടുത്തു തന്നപ്പോൾ ഞാനൊന്നു പകച്ചു.. എങ്കിലും ആരും കാണാതെ നീയെനിക്ക് മയിൽപ്പീലികൾ സമ്മാനിച്ചു.. അണിഞ്ഞിരുന്ന കുപ്പിവളകൾ ഊരി നല്കി. പിന്നെങ്ങനെ പെണ്ണേ ഞാൻ നിന്നെ പ്രണയിക്കാതിരിക്കും..?

എനിക്ക് ചുറ്റുമുള്ള ലോകം ഒട്ടേറെ മുന്നേറിയിരുന്നു.. ലാപ്ടോപിന്റെയും പെണ് ഡ്രൈവിന്റെയും ഹാർഡ് ഡ്രൈവിന്റെയും നടുവില ഞാൻ തിരഞ്ഞത് പണ്ടാരോ ഡയറിത്താളിൽ എഴുതി നിറച്ച പ്രണയ ലേഖനങ്ങളായിരുന്നു.. നെറ്റ് ലാബിന്റെയും ഡിജിറ്റൽ ലൈബ്രറിയുടെയും തിരക്കുകളിലേക്ക് ഊളിയിടാൻ ഞാൻ കൊതിച്ചില്ല..പകരം ഒറ്റ മുറിയിൽ കുത്തിയിരുന്ന് കവിതകള വായിക്കാനും മാതൃഭൂമിയും ഭാഷാപോഷിണിയും പിന്നെ കയ്യില കിട്ടുന്നതെന്തും മരിച്ചു നോക്കാനും മാത്രം ഞാൻ സമയം കളഞ്ഞു.. NFS  ലും counter Strike  ലും ഒരിക്കൽ പോലും ഞാൻ വിരലമർത്തിയില്ല. പകരം spider  solitare  ലോ chess of titan  ലോ എന്റെ സമയം പകുത്തു നല്കി.

ഞാനറിയുന്നില്ല ഞാനെപ്പോഴാണ് ഇങ്ങനെ ആയതെന്നു. ഉത്സവ പറമ്പുകളിൽ തോക്കിന്റെയോ കാറിന്റെയോ പിറകെ ഒരിക്കലും എന്റെ കണ്ണ് പോയിട്ടില്ല. അവിടവിടെ തൂക്കിയിട്ടിരുന്ന പാമ്പും കോണിയും കളിക്കുന്ന ബോർഡുകളോ പമ്പരങ്ങളോ  ആയിരുന്നു എന്റെ ലക്‌ഷ്യം.. കളി മൈതാങ്ങളെക്കാൾ CD സ്റ്റാളുകളെക്കാൾ ഞാൻ കയറി ഇറങ്ങിയത് പുസ്തക ശാലകളും വായന ശാലകളും ആയിരുന്നു..

നേടിയതൊന്നും നഷ്ടപ്പെടുത്താതെ പഴമയിലേക്ക് ഒരു തിരിച്ചു പോക്ക്.. എന്റെ ലക്‌ഷ്യം തെളിഞൊഴുകി വന്നൊരാ കുഞ്ഞരുവിയാണ്.. അതിലൊന്ന് മുങ്ങാങ്കുഴിയിടണം...
                                                                            - നിധി -


മഴക്യാമ്പ് @ മാടായിപ്പാറ

മഴയും മാടായിപ്പാറയും... ആസ്വാദ്യമാകുമെന്നുറപ്പുള്ള ഈ ഒരു രുചിക്കൂട്ടാണ് മഴ ക്യാംപിൽ കൊണ്ടെത്തിച്ചത്... സീക്കും മലബാർ നാച്ചുറൽ ഹിസ്റ്റൊറിക് സൊസൈറ്റിയും ചേർന്നു സംഘടിപ്പിച്ച മഴ ക്യാംപിലേക്ക് പുറപ്പെടാൻ കൊച്ചിയിൽ നിന്നിറങ്ങും വരെ മഴയുടെ പൊടി പോലുമുണ്ടായിരുന്നില്ല കാണാൻ.. 
"തണലു കിട്ടാൻ തപസ്സിലാണിന്നിവിടെയെല്ലാ മലകളും 
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകൾ സർവതും..." 
എന്ന് ഏതോ കവി പാടിയില്ലേ, ഇത് തന്നെ അവസ്ഥ... 

പക്ഷെ, ബസ്‌ തളിപ്പറമ്പിൽ നിന്നും പഴയങ്ങാടി എത്തിയപ്പോഴേക്കും കളി മാറി... ഒടുവിൽ ക്യാംപ് തീർന്നപ്പോഴേക്കും "പെരുമഴക്യാംപെ"ന്നു പേരു മാറ്റേണ്ട സ്ഥിതി വരെയായി... 
മാടായിപ്പാറയിലേക്ക് കുന്നു കയറുമ്പോൾ വരെ എനിക്കൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... മഴ കൊള്ളണം..  മേനി കുളിർക്കെ... മനം കുളിർക്കെ.... 
ആദ്യത്തെ ഒത്തുചേരലിനിടെ പദ്മനാഭൻ മാഷ്‌ പറഞ്ഞു.. മാടായിപ്പാറയിലെ ഓരോ കുഴികളിലും സൂക്ഷിച്ചു നോക്കണമെന്ന്... അവിടെ പിറവി കാത്തു കിടക്കുന്ന ഒരായിരം വിത്തു കാണാമെന്ന്... മഴയെ മാത്രം മനസ്സിൽ ധ്യാനിച്ച്, അനന്തവിഹായസ്സിലേക്ക് കണ്‍തുറക്കാൻ.., കുഞ്ഞിളംകാറ്റിനെ പുൽകുന്നൊരു കുഞ്ഞിലയാവാൻ...,  മധുവൂറുന്നൊരു പൊൻപൂവാകാൻ.., അടുത്ത ജന്മത്തിലേക്ക് ഒരായിരം വിത്തിനെ അവശേഷിപ്പിച്ച് സ്മൃതിയിലേക്ക് പിന്മാറാൻ, കൊതിക്കുന്ന ജീവ സ്പന്ദനങ്ങളെ പറ്റി... അപ്പോൾ എന്റെ മനസ്സിൽ മഴ പെയ്യുകയായിരുന്നു... ജനി കാത്തിരുന്ന ഒരായിരം മുളവിത്തുകൾക്ക് മേൽ മഴ തിമിർത്തു തന്നെ പെയ്തു... പിന്നെ ഞങ്ങൾ മണ്ണിലേക്കിറങ്ങി... മാടായിക്കാവിലമ്മയുടെ തിരു മുറ്റത്തേക്ക്... 
ചെങ്കൽ പരപ്പിൽ ചമ്രം പടിഞ്ഞിരുന്ന് നാവു നീട്ടി ഒരു മഴത്തുള്ളിയെ വായിലോട്ടെടുത്തപ്പോൾ അതിനു പരിശുദ്ധിയുടെ തണുപ്പ്... അടുത്ത തലമുറയിലെ ഒരു പോക്കാച്ചിത്തവള ബാക്കിയാവാൻ വേണ്ടി നാലായിരം മുട്ടകളിടേണ്ടി വരുന്ന അമ്മത്തവളയുടെ കഥ അതിജീവനത്തിന്റെ സങ്കീർണതകളിലേക്ക് വിരൽ ചൂണ്ടി... 
ഏഴിമലയുടെ താഴ്വാരത്ത് ഒരായിരം ഏക്കറിൽ ഇടനാടൻ ചെങ്കൽ കുന്നിനാൽ തീർത്ത ഒരു കൊച്ചു പീഠഭൂമി.... ചരിത്രവും ഭൂമിശാസ്ത്രവും അതിന്റെ എല്ലാ സവിശേഷതകളും ഒളിച്ചു വച്ചയിടം... മൂഷിക രാജവംശത്തിന്റെ ആസ്ഥാനം... പിന്നീട് കോലത്തിരിയുടെയും.... കോട്ടയും കൊത്തളങ്ങളും മണ്‍മറഞ്ഞെങ്കിലും ചരിത്രത്തിലേക്ക് കൈപിടിക്കാൻ 1783 ൽ വിദേശികൾ പണിത ഗസ്റ്റ് ഹൌസ് ബാക്കി... അവിടെയാണ് ഞങ്ങൾ തങ്ങിയതും... ഒരുപക്ഷെ ഹെർമൻ ഗുണ്ടർട്ടും വില്ല്യം ലോഗനുമൊക്കെ തങ്ങിയ അതേ മുറിയിൽ... 
സസ്യ ജീവജാല വൈവിധ്യങ്ങളാൽ സമ്പന്നമാണ് മാടായിപ്പാറ... ശാസ്ത്ര നാമങ്ങളിൽ ആവർത്തിച്ചു കണ്ട "മാടായിപ്പാറൻസ്" എന്നാ വാചകം പുളകം കൊള്ളിച്ചു... സസ്യങ്ങളിൽ ഒൻപതോളം വകഭേദങ്ങൾ ഇവിടെ മാത്രം കണ്ടെത്തിയിട്ടുണ്ടത്രേ... 
ടോർച്ചും കാമറയുമെടുത്ത് പാതിരാത്രിയിൽ തവളകളെ തേടിയിറങ്ങിയത് അവിസ്മരണീയമായി... തവള ഇണയെ ആകർഷിക്കുന്നതും ഇണ ചേരുന്നതും വരെ കാമറയിൽ പകര്ത്തി... പിന്നെയുറക്കം..

രാവിലത്തെ നടത്തത്തിനു മഴ കൂട്ടുണ്ടായിരുന്നു.... മഴയിൽ ഞങ്ങൾക്കെല്ലാവർക്കും ഒരേ പ്രായമായ പോലെ തോന്നി... അഞ്ചാം ക്ലാസുകാരൻ മുതൽ അൻപതിലെത്തിയവർ വരെ ചെളിവെള്ളം തെറുപ്പിക്കാൻ പരസ്പരം മത്സരിച്ചു... അതിൽ ശാസ്ത്രജ്ഞനും ദന്തഡോക്ടറും കോളേജ് പ്രോഫസ്സെറും സോഫ്റ്റ്‌വെയർ എന്ജിനീയറും പോലീസ് ഓഫീസറും വരെയുണ്ടായിരുന്നു... പക്ഷേ, അന്ന് പെയ്ത മഴയിൽ നമ്മളെല്ലാവരും കുട്ടികളായി... വെറും മഴക്കുട്ടികൾ... 
മഴ പെയ്തു കുതിർന്ന വിത്തുകളൊക്കെ ഒടുവിൽ മുളപൊട്ടാറായി... അറിവുകളുടെ തളിരിലകൾ എങ്ങും പച്ചപ്പു വിടർത്തി... പറഞ്ഞാലും കേട്ടാലും കിട്ടാത്ത ഒരായിരം അറിവുകളും അനുഭൂതികളും അനുഭവിച്ചും ആസ്വദിച്ചും പഠിച്ചപ്പോൾ മാടായിപ്പാറയിലെ ഓരോ കുഴികളിലും കണ്ട മുളവിത്തുകൾ എന്റെ മനസ്സിലുമുണ്ടെന്നു തോന്നി... 
"മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ 
ചിലതുണ്ട് മണ്ണിൻ മനസ്സിൽ " എന്ന ഗാനം കൂടുതൽ അർത്ഥവത്തായി തോന്നി...
                                                                        - നിധി - 

മഴ പെയ്തൊഴിയാത്തൊരു സായന്തനത്തിൽ....


ചിലപ്പോൾ തോന്നും പ്രണയമൊരു ഭ്രാന്തൻ സ്വപ്നമാണെന്ന്.. ഇടവപ്പാതിയുടെ കോരിച്ചൊരിയലിൽ നനഞ്ഞൊട്ടിയ ഇന്നലത്തെ സായന്തനത്തിലും അതുതന്നെയാണെനിക്ക് തോന്നിയതും... പ്രണയമൊരു ഉന്മാദവും മഴ അതിനൊരു അനുപ്രേരകവുമാകുമ്പോൾ ഭ്രാന്തിനു ശക്തി കൂടും... അതുകൊണ്ടാണ് "ഒബ്രോണ്‍" മാളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ കയ്യിലുണ്ടായിരുന്ന കുടയെ ബാഗിൽ വച്ച് ഞങ്ങളിരുവരും ഒരു കുടക്കീഴിൽ നടക്കാമെന്ന് വച്ചത്... കോരിച്ചൊരിയുന്ന മഴയുണ്ടായിരുന്നു കൂട്ടിന്... പാലാരിവട്ടമെത്തിയപ്പോൾ 6.30 കഴിഞ്ഞു... വഴികളിൽ ഇരുട്ടു വീണു.. മഴയ്ക്ക് കാര്യമായ ശമനമൊന്നുമില്ല... അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് തെല്ലൊന്നാലോചിച്ച ശേഷം അവൾ പറഞ്ഞു, "നമുക്കു മറൈൻ ഡ്രൈവിൽ പോയാലോ...? മഴ കാണാം...!" ശരിയെന്നു ഞാനും പറഞ്ഞപ്പോൾ അവളുടെ മുഖം തെളിഞ്ഞു... ബസിൽ കാര്യമായ തിരക്കൊന്നുമുണ്ടായില്ല... മഴയേറെ നനഞ്ഞെങ്കിലും പവർ കട്ടിനു മുൻപേ വീടണയണമെന്നുള്ള കുറേ ജോലിക്കാർ മാത്രമായിരുന്നു അതിൽ... 

കൊച്ചി സുന്ദരിയാണ്... രാത്രിയിൽ അതിലേറെ... മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിൽ നിന്നും എത്ര തവണ കിന്നാരം പറഞ്ഞിരിക്കുന്നു... എങ്കിലും പ്രണയം പൊഴിക്കുന്ന ഈ മഴയിൽ ആദ്യമായാണ്‌... വരിവരിയായി വിളക്കുകാലുകൾ പ്രകാശം ചൊരിഞ്ഞു നിരന്നു നിന്നിരുന്നെങ്കിലും വാക് വേ വിജനമായിരുന്നു... കായലിൽ നങ്കൂരമിട്ട കപ്പലുകളിൽ നിന്നുമുള്ള വെളിച്ചം താഴെ വെള്ളത്തിൽ പ്രതിരൂപം വരയ്ക്കാൻ ശ്രമിച്ചെങ്കിലും ഇറ്റു വീഴുന്ന ഓരോ മഴത്തുള്ളിയും അതിനു വിഘാതം സൃഷ്ടിച്ചുകൊണ്ടിരുന്നു... കായലിനഭിമുഖമായുള്ള മരബഞ്ചിൽ തണുത്തു വിറച്ചിരുന്നപ്പോഴാണ് ഐസ്ക്രീം കഴിക്കാൻ തോന്നിയത്... അവളുടെ ഫേവറൈറ്റ് ചോക്കലേറ്റ്... എന്റേത് സ്പാനിഷ്‌ ഡിലൈറ്റും..  ഓരോ സ്കൂപ്പു വാങ്ങി പുറത്തേക്കിറങ്ങിയപ്പോൾ അതാ വീണ്ടും മഴ... സമയം 7.45. അവസാന ബസിനു ഇനിയും അരമണിക്കൂർ സമയം ബാക്കിയുണ്ട്... തനുത്തോരൈസ്ക്രീമിനു പുറകെ ചൂട് കടലയും വാങ്ങി നടന്നു... മേനക മുതൽ ഹൈകോർട്ട് വരെ... പിന്നെ തിരിച്ചും..   

ഇതാണ് ഭ്രാന്ത്... അത്യാവശ്യം മുഴുത്തതു തന്നെ... ഹണിമൂണിനു സ്വിറ്റ്സർലാൻഡിൽ പോകണം... ചുരുങ്ങിയ പക്ഷം കാശ്മീരിലോ ആൻഡമാനിലോ എങ്കിലും എന്ന് പറഞ്ഞതിന്റെ അടുത്ത നിമിഷം തന്നെ അവൾ പറയും, ഈ മഴയും ഒന്നിച്ചുള്ള നടപ്പും കുഞ്ഞു കുഞ്ഞു കാര്യങ്ങളുമൊക്കെയല്ലേ ജീവിതത്തിൽ എറ്റവും സന്തോഷകരമായിട്ടുള്ളതെന്ന്.. ഒരു കാർ വാങ്ങണം.. അതാവും യാത്രകൾക്ക് സുഖം എന്ന് പറഞ്ഞതിന്റെ അടുത്ത നിമിഷമാണ് പറഞ്ഞത് പെരുമഴയത്തുള്ള ബൈക്ക് റൈഡുകൾ എന്ത് സുന്ദരമായിരിക്കുമെന്നു... പിന്നീട് പറഞ്ഞതോ എന്നും മഴയിൽ ഇത്രയേറെ പ്രണയത്തോടെ ഇങ്ങനെ നടക്കാൻ കഴിഞ്ഞിരുന്നുവെങ്കിലോ എന്ന്... 


ഭ്രാന്തൻ സ്വപ്നങ്ങളും ഭ്രമകൽപനകളും പറഞ്ഞും തിരുത്തിയും വീണ്ടും പറഞ്ഞും കണക്കു കൂട്ടിയും വന്നപ്പോഴേക്കും ബസ്‌ വന്നു... എങ്കിലും ഈ ദിനം അവിസ്മരണീയമാവാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു... മെട്രോ ജോലി നടക്കുന്ന നോർത്ത് മേൽപ്പാലത്തിൽ കയറാനൊരുങ്ങിയപ്പോഴേക്കും ബസ്‌ നിന്നു... പാപ്പാന്മാർ കിണഞ്ഞു പരിശ്രമിച്ചിട്ടും അവൾ അനങ്ങിയില്ല... പിന്നെയാ മഴയത്ത് ഞാനും കണ്ടക്ടറും ചില സമാന മനസ്കരും ചേർന്ന് ബസ്‌ തള്ളിയപ്പോ... അപ്പോഴാണ്‌ ഞാൻ പ്രണയത്തിന്റെ മായിക ലോകത്തു നിന്നും ജീവിതത്തിന്റെ യാഥാർത്യത്തിലേക്ക് തിരിച്ചെത്തിയത്... ഇത് ജൂണ്‍ മാസമാണെന്നും മഴ പെയ്തു കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിഞ്ഞതും.... 

                                                                                                        - നിധി -