Showing posts with label Malabar natural historic society. Show all posts
Showing posts with label Malabar natural historic society. Show all posts

മഴക്യാമ്പ് @ മാടായിപ്പാറ

മഴയും മാടായിപ്പാറയും... ആസ്വാദ്യമാകുമെന്നുറപ്പുള്ള ഈ ഒരു രുചിക്കൂട്ടാണ് മഴ ക്യാംപിൽ കൊണ്ടെത്തിച്ചത്... സീക്കും മലബാർ നാച്ചുറൽ ഹിസ്റ്റൊറിക് സൊസൈറ്റിയും ചേർന്നു സംഘടിപ്പിച്ച മഴ ക്യാംപിലേക്ക് പുറപ്പെടാൻ കൊച്ചിയിൽ നിന്നിറങ്ങും വരെ മഴയുടെ പൊടി പോലുമുണ്ടായിരുന്നില്ല കാണാൻ.. 
"തണലു കിട്ടാൻ തപസ്സിലാണിന്നിവിടെയെല്ലാ മലകളും 
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകൾ സർവതും..." 
എന്ന് ഏതോ കവി പാടിയില്ലേ, ഇത് തന്നെ അവസ്ഥ... 

പക്ഷെ, ബസ്‌ തളിപ്പറമ്പിൽ നിന്നും പഴയങ്ങാടി എത്തിയപ്പോഴേക്കും കളി മാറി... ഒടുവിൽ ക്യാംപ് തീർന്നപ്പോഴേക്കും "പെരുമഴക്യാംപെ"ന്നു പേരു മാറ്റേണ്ട സ്ഥിതി വരെയായി... 
മാടായിപ്പാറയിലേക്ക് കുന്നു കയറുമ്പോൾ വരെ എനിക്കൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... മഴ കൊള്ളണം..  മേനി കുളിർക്കെ... മനം കുളിർക്കെ.... 
ആദ്യത്തെ ഒത്തുചേരലിനിടെ പദ്മനാഭൻ മാഷ്‌ പറഞ്ഞു.. മാടായിപ്പാറയിലെ ഓരോ കുഴികളിലും സൂക്ഷിച്ചു നോക്കണമെന്ന്... അവിടെ പിറവി കാത്തു കിടക്കുന്ന ഒരായിരം വിത്തു കാണാമെന്ന്... മഴയെ മാത്രം മനസ്സിൽ ധ്യാനിച്ച്, അനന്തവിഹായസ്സിലേക്ക് കണ്‍തുറക്കാൻ.., കുഞ്ഞിളംകാറ്റിനെ പുൽകുന്നൊരു കുഞ്ഞിലയാവാൻ...,  മധുവൂറുന്നൊരു പൊൻപൂവാകാൻ.., അടുത്ത ജന്മത്തിലേക്ക് ഒരായിരം വിത്തിനെ അവശേഷിപ്പിച്ച് സ്മൃതിയിലേക്ക് പിന്മാറാൻ, കൊതിക്കുന്ന ജീവ സ്പന്ദനങ്ങളെ പറ്റി... അപ്പോൾ എന്റെ മനസ്സിൽ മഴ പെയ്യുകയായിരുന്നു... ജനി കാത്തിരുന്ന ഒരായിരം മുളവിത്തുകൾക്ക് മേൽ മഴ തിമിർത്തു തന്നെ പെയ്തു... പിന്നെ ഞങ്ങൾ മണ്ണിലേക്കിറങ്ങി... മാടായിക്കാവിലമ്മയുടെ തിരു മുറ്റത്തേക്ക്... 
ചെങ്കൽ പരപ്പിൽ ചമ്രം പടിഞ്ഞിരുന്ന് നാവു നീട്ടി ഒരു മഴത്തുള്ളിയെ വായിലോട്ടെടുത്തപ്പോൾ അതിനു പരിശുദ്ധിയുടെ തണുപ്പ്... അടുത്ത തലമുറയിലെ ഒരു പോക്കാച്ചിത്തവള ബാക്കിയാവാൻ വേണ്ടി നാലായിരം മുട്ടകളിടേണ്ടി വരുന്ന അമ്മത്തവളയുടെ കഥ അതിജീവനത്തിന്റെ സങ്കീർണതകളിലേക്ക് വിരൽ ചൂണ്ടി... 
ഏഴിമലയുടെ താഴ്വാരത്ത് ഒരായിരം ഏക്കറിൽ ഇടനാടൻ ചെങ്കൽ കുന്നിനാൽ തീർത്ത ഒരു കൊച്ചു പീഠഭൂമി.... ചരിത്രവും ഭൂമിശാസ്ത്രവും അതിന്റെ എല്ലാ സവിശേഷതകളും ഒളിച്ചു വച്ചയിടം... മൂഷിക രാജവംശത്തിന്റെ ആസ്ഥാനം... പിന്നീട് കോലത്തിരിയുടെയും.... കോട്ടയും കൊത്തളങ്ങളും മണ്‍മറഞ്ഞെങ്കിലും ചരിത്രത്തിലേക്ക് കൈപിടിക്കാൻ 1783 ൽ വിദേശികൾ പണിത ഗസ്റ്റ് ഹൌസ് ബാക്കി... അവിടെയാണ് ഞങ്ങൾ തങ്ങിയതും... ഒരുപക്ഷെ ഹെർമൻ ഗുണ്ടർട്ടും വില്ല്യം ലോഗനുമൊക്കെ തങ്ങിയ അതേ മുറിയിൽ... 
സസ്യ ജീവജാല വൈവിധ്യങ്ങളാൽ സമ്പന്നമാണ് മാടായിപ്പാറ... ശാസ്ത്ര നാമങ്ങളിൽ ആവർത്തിച്ചു കണ്ട "മാടായിപ്പാറൻസ്" എന്നാ വാചകം പുളകം കൊള്ളിച്ചു... സസ്യങ്ങളിൽ ഒൻപതോളം വകഭേദങ്ങൾ ഇവിടെ മാത്രം കണ്ടെത്തിയിട്ടുണ്ടത്രേ... 
ടോർച്ചും കാമറയുമെടുത്ത് പാതിരാത്രിയിൽ തവളകളെ തേടിയിറങ്ങിയത് അവിസ്മരണീയമായി... തവള ഇണയെ ആകർഷിക്കുന്നതും ഇണ ചേരുന്നതും വരെ കാമറയിൽ പകര്ത്തി... പിന്നെയുറക്കം..

രാവിലത്തെ നടത്തത്തിനു മഴ കൂട്ടുണ്ടായിരുന്നു.... മഴയിൽ ഞങ്ങൾക്കെല്ലാവർക്കും ഒരേ പ്രായമായ പോലെ തോന്നി... അഞ്ചാം ക്ലാസുകാരൻ മുതൽ അൻപതിലെത്തിയവർ വരെ ചെളിവെള്ളം തെറുപ്പിക്കാൻ പരസ്പരം മത്സരിച്ചു... അതിൽ ശാസ്ത്രജ്ഞനും ദന്തഡോക്ടറും കോളേജ് പ്രോഫസ്സെറും സോഫ്റ്റ്‌വെയർ എന്ജിനീയറും പോലീസ് ഓഫീസറും വരെയുണ്ടായിരുന്നു... പക്ഷേ, അന്ന് പെയ്ത മഴയിൽ നമ്മളെല്ലാവരും കുട്ടികളായി... വെറും മഴക്കുട്ടികൾ... 
മഴ പെയ്തു കുതിർന്ന വിത്തുകളൊക്കെ ഒടുവിൽ മുളപൊട്ടാറായി... അറിവുകളുടെ തളിരിലകൾ എങ്ങും പച്ചപ്പു വിടർത്തി... പറഞ്ഞാലും കേട്ടാലും കിട്ടാത്ത ഒരായിരം അറിവുകളും അനുഭൂതികളും അനുഭവിച്ചും ആസ്വദിച്ചും പഠിച്ചപ്പോൾ മാടായിപ്പാറയിലെ ഓരോ കുഴികളിലും കണ്ട മുളവിത്തുകൾ എന്റെ മനസ്സിലുമുണ്ടെന്നു തോന്നി... 
"മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ 
ചിലതുണ്ട് മണ്ണിൻ മനസ്സിൽ " എന്ന ഗാനം കൂടുതൽ അർത്ഥവത്തായി തോന്നി...
                                                                        - നിധി -