ഓർമ്മകൾ മരിക്കുമോ???

ആദ്യം കണ്ടനാൾ ഓർമയിൽ വരുന്നില്ല... ഓർമ വച്ചു തുടങ്ങിയ നാളുകളിൽ ഒന്നിൽ ആയിരുന്നു അത്... അംഗൻവാടി തൊട്ട് ഞങ്ങൾ കൂട്ടുകാരായിരുന്നു.... ഏകദേശം രണ്ടു വ്യാഴവട്ടക്കാലം മുൻപേ ഹൃദയത്തിന്റെ വടക്കു കിഴക്കേ കോണിൽ താമസമുറപ്പിച്ചവർ...  സന്ദീപും അരുണും സൂര്യയും  ഞാനും ഒക്കെയായിരുന്നു അടുത്ത കൂട്ടുകാർ... പപ്പി ടീച്ചറുടെയും ഉഷേച്ചിയുടെയും തണലിൽ ഞങ്ങളുടെ സൗഹൃദം ഒരുപാട് തളിർത്തു... പപ്പി ടീച്ചർക്ക് മകനായ സന്ദീപിനോളം തന്നെ സ്നേഹം ഞങ്ങളോടുമുണ്ടായിരുന്നു... ഉഷേച്ചി അന്നുണ്ടാക്കിയിരുന്നതിനോളം രുചിയുള്ള ഉപ്പുമാവ് ഇന്നോളം പിന്നെ കഴിക്കാനും പറ്റിയിട്ടില്ല... ഞങ്ങളെല്ലാം മുഴക്കുന്ന് സ്കൂളിലേക്ക് മാറിയപ്പോഴേക്കും ടീച്ചറും സന്ദീപും മാലൂരിലേക്ക് പോയി... 

മത്സരിച്ചു കളിച്ചും പഠിച്ചും വളർന്ന 7 വർഷങ്ങളായിരുന്നു പിന്നീട്... സഹോദര്യത്തോളം വളർന്ന ബന്ധങ്ങൾ... കയ്യെഴുത്തിൽ സൂര്യയായിരുന്നു കേമത്തി... എന്റെ അക്ഷരങ്ങൾ പലപ്പോഴും എനിക്കുതന്നെ വായിക്കാൻ കഴിഞ്ഞില്ല... എഴുതിയെഴുതി താഴെയെത്തുമ്പോഴേക്കും അരുണിന്റെ ബുക്കു മുഴുവൻ ഇനിയെഴുതാൻ കഴിയാത്ത വിധം വിയർപ്പിൽ കുതിർന്നിരിക്കും..  ആറുവര്ഷം ക്ലാസ് ലീഡർ ആയിരുന്ന ഞാൻ സ്കൂൾ ലീഡർ ആകാൻ മത്സരിച്ചു പൊരുതി തോറ്റ ഏഴാം വർഷം... 

അതുകഴിഞ്ഞു ഞങ്ങൾ  തട്ടകം കാവുമ്പടിയിലേക്ക് മാറി... ഇത്തിരി കൂടി മുതിർന്നു ഹൈസ്കൂൾ എത്തി... പ്രണയവും രാഷ്ട്രീയവും ഒക്കെ ഞങ്ങളുടെ സിരകളിൽ പടർന്ന കാലമായിരുന്നു അത്..  ആ ഒരു മൂന്നു വർഷത്തിനപ്പുറം ഒരു വല്യ ബ്രേക്ക് എടുക്കാം...

പിന്നീടൊരാറെഴു വർഷത്തിനപ്പുറം വീണ്ടും എല്ലാരും പരസ്പരം തേടിപ്പിടിക്കുകയായിരുന്നു...  ഒരുപാടൊരുപാട് സൗഹൃദങ്ങൾക്കൊടുവിൽ എല്ലാവരും ആദ്യ സൗഹൃദത്തിന്റെ ചൂട് തേടുകയായിരുന്നു... മുംബൈയിലെ ആശുപത്രിയിൽ തിരക്ക് പിടിച്ച ഡ്യൂട്ടികൾക്കിടയിൽ എന്റെ നമ്പർ തേടിപ്പിടിച്ചു സൂര്യ ഒരുനാൾ വിളിച്ചു... നഴ്സിങ് സുഹൃത്തുക്കൾ നൽകിയ ചതുര വടിവുള്ള കോട്ടയം ഭാഷയിൽ അവൾ ഒരുപാട് സംസാരിച്ചു... പഴയ കഥകൾ പലതും അവൾ തെല്ലൊട്ടു ഓര്മപ്പിശകില്ലാതെ എണ്ണിപ്പറഞ്ഞു.. പിന്നീടൊരിക്കൽ എന്റെ വീട് തേടിപ്പിടിച്ചു വന്നു ഞെട്ടിച്ചത് സന്ദീപ് ആണ്... ചേച്ചിയോട് നമ്പർ വാങ്ങി അവൻ വിളിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷം അവനുണ്ടായിരുന്നു... "ഉണ്ണിക്കുട്ടാ..." എന്ന അവന്റെ വിളിയിൽ അലിഞ്ഞു പോയത് 20 വർഷങ്ങളായിരുന്നു... ഇരുപത് വർഷവും 20000 സ്വരങ്ങൾക്കുമപ്പുറവും ആ ഒരു വാക്കിൽ എനിക്കവനെ ഓർത്തെടുക്കാനായി എന്നതുതന്നെ ഒരു സൗഹൃദത്തിന്റെ ഹൃദയ സാക്ഷ്യം...

നാളുകൾക്ക് ശേഷം അരുണിനെ കണ്ടത് വേദനിപ്പിക്കുന്ന ഓർമയാണ്... കാൻസർ സെന്ററിന് മുന്നിൽ നീറി നിൽക്കുമ്പോൾ ഞങ്ങൾക്കിരുവർക്കും ഒരേ വികാരമായിരുന്നു... നൊന്തു പെറ്റ രണ്ടുപേർ അകത്തു വേദന തിന്നുമ്പോൾ പരസ്പരം സമാശ്വസിപ്പിക്കാൻ ഇരുവർക്കും വാക്കുകളില്ലായിരുന്നു... ഒടുവിൽ എന്റെ അമ്മ പോയി... അമ്മയ്ക്ക് രോഗം മാറിയെന്നു അവൻ പറയുമ്പോൾ ഒരമ്മയെങ്കിലും ആ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപ്പെട്ടെന്നു ആശ്വസിച്ചു അധികം കഴിയും മുൻപേ അവന്റെ അമ്മയും....

ചലച്ചിത്ര മേളകഴിഞ്ഞു പോകാനൊരുങ്ങമ്പോൾ അരുൺ വിളിച്ചിരുന്നു... ഞാൻ ഓടിച്ചെന്നു അവനെയും കൂട്ടി ശംഖുമുഖം വരെ പോയി... കുറെ സംസാരിച്ചു... ആമുഖങ്ങളില്ലാതെ... കാലത്തിനു തടുക്കാനാവാത്ത സൗഹൃദങ്ങളിൽ ആമുഖമെന്തിന്... ഹൃദയം നിറഞ്ഞു... പോകാൻ നേരം അവൻ കൈ പിടിച്ചു... അവന്റെ കൈത്തടത്തിൽ അപ്പോഴും വിയർപ്പു പൊടിഞ്ഞിരുന്നു... ആ നനവ് എനിക്കത്രയും പരിചിതമാണുതാനും....

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....