ജൂൺ എന്നും കാത്തിരിപ്പിനെ ഓർമ്മിപ്പിക്കുന്നു... തിമിർത്തു കളിച്ച രണ്ടു മാസങ്ങൾക്കിപ്പുറം പുത്തനുടുപ്പും പുത്തൻ കുടയുമായി സ്കൂളിൽ പോകാനുള്ള കാത്തിരിപ്പായിരുന്നു ബാല്യകാലങ്ങളിൽ... കാഴ്ചയുടെയും കേഴ്വിയുടെയും ഒരായിരം അനുഭവങ്ങൾ കൂട്ടുകാരോട് പങ്കിടേണ്ട വെമ്പലിലേക്കായിരുന്നു എല്ലാ ജൂണും പിറവി കൊണ്ടത്....
മഴ കാത്തിരുന്നു കാത്തിരുന്നു ഞാൻ വളർന്നപ്പോഴും മഴക്കാലം കാത്തിരിപ്പിന്റേതായി... ആർത്തലച്ചു പെയ്യുന്ന മഴയിൽ ലയിച്ചു ചേർന്ന് കിടക്കാനാണ് പ്രണയരാത്രികളിലൊക്കെയും നാം സ്വപ്നം കണ്ടത്... രാത്രിമഴതണുപ്പിൽ അന്യോന്യം പുതപ്പാകാനും.... ഇനിയൊരു മഴക്കാലം കൂടി നഷ്ടമാക്കാനില്ലെന്ന തിരിച്ചറിവിൽ ഏപ്രിലിൽ തന്നെ നാം ഒന്നു ചേർന്നു... എന്നിട്ടും ആ മഴക്കാലമത്രയും നീ കൊച്ചിയിലും ഞാൻ തിരുവനന്തപുരത്തും.... നീ വന്ന വാരന്ത്യങ്ങളിലൊന്നും മഴ തിരിഞ്ഞു നോക്കിയതുമില്ല.....
വേരുകളറ്റു നീ ഇങ്ങോട്ടു പറിച്ചു നടപ്പെട്ടതിലിന്നോളം നാം കണ്ട സ്വപ്നങ്ങൾ മഴക്കാലങ്ങളെക്കുറിച്ചായിരുന്നു...
എന്നിട്ടും കഴിഞ്ഞ വർഷം മഴ പെയ്ത രാത്രികളിലൊക്കെയും ഞാൻ തണുത്തു വിറച്ചു തന്നെ കിടന്നു.... നൂലുപോലെ പെയ്തിറങ്ങിയ മഴനാരുകളെ നോക്കി നോർവേയിലെ ഹോട്ടൽ മുറിയിലിരുന്ന് നീ നെടുവീർപ്പിട്ടു.... ചാറ്റൽ മഴ പെയ്തൊഴിഞ്ഞ തെരുവുകളിൽ കൈകോർത്തു നടന്ന പ്രണയിനികൾ നിന്റെ കൺകോൺ നിറച്ചു... മഴ പെയ്ത ബൈക്ക് റൈഡുകളിലൊക്കെയും എന്റെ പിൻസീറ്റ് നിനക്കായി വെറുതെ മഴ നനഞ്ഞു....
നിളയും പെരിയാറും നീണ്ടും മെലിഞ്ഞും പിന്നെയുമൊഴുകി വീണ്ടുമൊരു മഴക്കാലമെത്തി... മഴ വീണു തണുത്തൊരു പാതി രാത്രിയിൽ ഞാൻ കൈവീശി യാത്ര പറഞ്ഞിറങ്ങുമ്പോൾ നിന്റെ കണ്ണിലെ കാർമേഘം പെയ്യാൻ തുടങ്ങിയിരുന്നു... അതിൽ പിന്നിന്നോളം മഴ ആർക്കുവേണ്ടിയോ ആർത്തലച്ചു തന്നെ പെയ്തു... മഴ വെള്ളം വീണൊരു ജനതയുടെ സ്വപ്നങ്ങൾ ഒഴുകിപ്പോയി... പുതപ്പിനടിയിൽ പാതി നനഞ്ഞ മനസ്സുമായി നീ അസ്വസ്ഥമായി കിടന്നു... ഓഫീസ് പാൻട്രിയിലെ ജനൽ പാളികളിൽ നിന്നും ഒഴുകിയിറങ്ങാൻ മടിച്ച വെള്ളത്തുള്ളികളിൽ ഞാൻ വെറുതെ മുഖം നോക്കി... ലണ്ടനിലെ തെരുവോരങ്ങളിൽ മഴ പൊടിഞ്ഞ പ്രഭാതങ്ങളിൽ, എന്റെ ചെറുവിരൽ കൂട്ടു തേടി നിന്നെ തിരഞ്ഞു... അങ്ങനെ വീണ്ടുമൊരു മഴക്കാലം കൂടി കാത്തിരിപ്പിന്റേതായി...