നിറഞ്ഞൊഴുകണമെന്നുണ്ട് നിളയ്ക്ക്.....



ഇനിയൊരിക്കല്‍ക്കൂടി കൂലംകുത്തി കുതിച്ചോഴുകി 
തന്‍റെ പ്രതാപകാലത്തിലേക്ക്.........
ഓരോ മരണശയ്യയ്ക്കപ്പുറവും വീണ്ടുമൊരു 
ബാല്യമുന്ടെന്നാവര്‍ത്തിച്ചുറപ്പിക്കാന്‍ 
നിറഞ്ഞൊഴുകണമെന്നുണ്ട് നിളയ്ക്ക്.....



ചുഴിയൊരുക്കിയ മണല്‍ക്കുഴിക്കപ്പുറം
കൂന കൂട്ടിയ മണല്‍ക്കുന്നിനപ്പുറം 
കിലുകിലുങ്ങുന്ന കളകളാരവത്തിലേക്ക് 
നിറഞ്ഞൊഴുകണമെന്നുണ്ട് നിളയ്ക്ക്.....

മഴമീട്ടിയ താളത്തിനൊപ്പവും 
കിളിപാടിയ രാഗത്തിനോപ്പവും 
ഒളിവീശിയ കാറ്റിനോടോപ്പവും 
നിറഞ്ഞൊഴുകണമെന്നുണ്ട് നിളയ്ക്ക്.....
                                      - നിധി - 

(നിളാതീരത്തു കൂടിയൊരു ട്രെയിന്‍ യാത്രയില്‍.........)

പ്രണയ ദിനം

പ്രണയ ദിനം 

പ്രഥമ ദര്‍ശനം....
കണ്ണുകള്‍ തമ്മില്‍ മാസ്മര വിനിമയം....
ഉള്ളിന്‍റെയുള്ളിലൊരു മൃദു നൊമ്പരം.....
ഹൃദയത്തില്‍ ഒരജ്ഞാത സ്പന്ദനം......
കാതില്‍ മറ്റാരും കേള്‍ക്കാത്തൊരു മധുര മരമരം....

അനുരാഗത്തിന്‍റെ ദിനങ്ങള്‍....
പുലരിത്തുടുപ്പിലും അന്തിച്ചുവപ്പിലും 
പ്രണയിനിയുടെ മുഖം.....
മിഴികളില്‍ നക്ഷത്രത്തിളക്കം....
കളകൂജനങ്ങളുടെ പഞ്ചമസ്വരം....
അരുവികളില്‍ കളകളങ്ങളുടെ പദനിസ്വനം.....

പ്രകൃതിയുടെ മനോഹാരിത മുഴുവന്‍ ഏറ്റുവാങ്ങുന്ന 
പ്രണയത്തിനു കണ്ണില്ലെന്നു പഴഞ്ചൊല്ല്.....
പ്രണയം ഇപ്പോഴും എവിടെയും 
ആരിലും പ്രവേശിക്കപ്പെടാം.....

രാധാമാധവ പ്രണയവിഹാരരംഗമായ 
ദ്വാപരയമുനാ തീരത്തും......
ഗ്രാമ ക്ഷേത്രത്തിലെ ആല്ച്ചുവട്ടിലും... 
കലാലയങ്ങളിലെ കാറ്റാടിത്തണലിലും....
പ്രണയിതാക്കളുടെ പ്രണയ നൊമ്പരങ്ങളും 
മധുരോന്മാദങ്ങളും നിശ്വാസങ്ങളും 
ആഹ്ലാദവും ഒരുപോലെ....

പ്രണയം എല്ലാകാലത്തും എവിടെയുമുള്ള കവികളാല്‍ 
ആവോളം ആരാധിക്കപ്പെട്ട ഒരു ഉദാത്ത വികാരം....
നിറം മങ്ങാത്ത ഒരു ചിത്രമായ്‌ പ്രണയകാലം 
നമുക്ക് മനസ്സില്‍ സൂക്ഷിക്കാം.....
ജീവിത യാത്രയില്‍ തീരങ്ങളില്‍ നിന്നൊഴിഞ്ഞു 
ഒരു നിമിഷം ആസ്വദിക്കാം.....
സ്വപ്നങ്ങളില്‍ ആ വസന്തകാലം തെളിയുമ്പോള്‍ 
മറ്റാരുമറിയാതെ ചിരിച്ചുണരാം.....
വല്ലപ്പോഴും ആ പ്രണയം തൂവിയ 
പരിസരങ്ങളിലെക്ക് ഒരു തീര്‍ഥാടകനാവാം.....

UNRESERVED


UNRESERVED

കിടക്കാനില്ല....., ഇരിക്കാനില്ല......., എന്തിനു കാലുകുത്താന്‍ പോലും ഇടമില്ല....... ഒരായിരം പേര്‍...... എന്നും..... ഇതെവിടുന്നു വരുന്നു....? എങ്ങോട്ട് പോകുന്നൂ.....? അറിയില്ല..... ഉത്തരം അജ്ഞാതം......


മലയാളിയും.... തമിഴനും...... തെലുങ്കനും...... ബംഗാളിയും..... മറാത്തിയും .......... ഒരു സങ്കര ജീവിതം.... ആസ്വദിക്കാന്‍ പഠിച്ചാല്‍ അല്ലലില്ലാത്തൊരു ജീവിതമാണിത്.... തലചായ്ക്കാനൊരിടം മാത്രമാണ് എല്ലാവര്‍ക്കും ആവശ്യം...... കണ്ണില്‍ തൂങ്ങുന്നൊരു ഭാരമാഴിച്ചു വയ്ക്കാന്‍..... കൂടെ വരാറുള്ള സ്നേഹത്തിനും അടുത്തിരിക്കുന്ന അമ്മാവനും അതാണാവശ്യം.....

താഴെ കിന്നാരം പറഞ്ഞ പ്രണയങ്ങള്‍ പരസ്പരം തോള്‍ ചേര്‍ന്ന് ഉറങ്ങിപ്പോയി......അടുത്തിരുന്ന കൂട്ടുകാരന്‍ ബാഗ് തലയിണയാക്കി..... ആര്‍ക്കും പരിഭവമില്ല.... ആരോടും...... ക്ഷീണം ഊറുന്ന  കണ്‍കളില്‍ ദൈന്യതകളില്ല..... നെടുവീര്‍പ്പുകളില്ല.... ലകഷ്യത്തിലെത്താനുള്ള ആകാംക്ഷയുണ്ട്.... നാളെയിലെക്കുള്ള  പ്രതീക്ഷയുണ്ട്.... ഓരോ ജീവിതവും ഓര്‍ത്തു നോക്കുമ്പോള്‍ ഓരോ unreserved coach ആകുന്നു......

ഓടിയും കിതച്ചും നാം അലഞ്ഞുകൊന്ടെയിരിക്കുന്നു... സന്തോഷങ്ങളില്‍ കൂകിയാര്‍ക്കുന്നു.... പച്ചയൊന്നു പിഴച്ച് ചുവപ്പാകുമ്പോള്‍ പകച്ചു നില്‍ക്കുന്നു...എത്രയോ ദേശങ്ങള്‍ താണ്ടുന്നു....ഒരുപാടുപേര്‍ സഹായാത്രികരാകുന്നു.....
ചില മുഖങ്ങളില്‍ പുഞ്ഞിരിയുണ്ട്.... സന്തോഷമുണ്ട്.... എരിഞ്ഞടങ്ങാത്ത അഗ്നിയുണ്ട്.... വികാരങ്ങളുടെ ദാഹമുണ്ട്....

എല്ലാം സംഭവിക്കുമ്പോഴും ഒന്നും സംഭാവിക്കാതിരിക്കുന്നു.....പന്ത്രണ്ടു താണ്ടുമ്പോള്‍ ഒരു താള്‍ മറിയുന്നു....മുന്നില്‍ അനന്ത ദൂരം.... അറ്റമില്ലാത്ത ഒറ്റയടിപ്പാത...

ഒരു വിരല്പ്പാടകലെ നീയുണ്ട്..... തലചായ്ച്ചുറങ്ങാന്‍ ഒരു സ്വപ്നത്തിനിക്കരെ ഞാനും.....കൂകിയാര്‍ക്കലും കിതച്ചു നില്‍ക്കലും തുടര്‍ന്നുകൊണ്ടെയിരിക്കുന്നൂ ..... എന്‍റെ കാതില്‍ മുഴങ്ങുന്ന ആ ശബ്ദവും.... കുഛ്......കുഛ്..... കുച്ച്.....
                                                                                                                                           - നിധി -

(സമയം കുറിക്കാന്‍ മറന്ന ഒരു ട്രെയിന്‍ യാത്രയില്‍ കടലാസു തുണ്ടില്‍ കുറിച്ചത്.....)

ചുവപ്പ് ഒരു ലഹരിയാണ്.........

ചുവപ്പ് ഒരു ലഹരിയാണ്.........

ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്?
അതിനെ കൊതിച്ചത്?
ഉദിക്കുന്ന സൂര്യനും പിനീടുദിക്കാനുറങ്ങാനലകടലി-
ലൊളിക്കാനിറങ്ങുന്ന സൂര്യനും ചുവപ്പല്ലേ.....

തൊടിയില്‍ ചിരിച്ച ചെത്തിയും ചെമ്പകവും 
ചെമ്പരത്തിയും ചുവപ്പയിരുന്നില്ലേ....

ഉടലെടുക്കാനുടവാളെടുത്താര്‍ക്കു-
ന്നോരാകോലത്തിനും പിന്നെ 
കോമരത്തിനുമതേ  നിറം - 
ചുവപ്പ്....


അവള്‍ നീട്ടിയ മുള്ളുകളടര്‍ത്തിയ പനിനീരിനും 
എന്‍റെ  ഹൃദയത്തിനുമൊരേ നിറമായിരുന്നു...
ചുവപ്പ്.....

ഇതു ഞാന്‍ കേട്ടതല്ല..,
വിപ്ലവനാടിന്‍റെ ചുവരെഴുത്തുകള്‍ 
എന്നെ പഠിപ്പിച്ചതാണ് 
മറക്കാതുരുവിടാന്‍........
"യുവത്വത്തിനു നിറം ചുവപ്പാണെന്ന്....."

------മാളു തുടരുന്നൂ......

ഇവയ്ക്കു മാത്രമല്ല, അഗ്നിയും 
അഗ്നിയായെന്നില്‍ ആളിപ്പടര്‍ന്ന 
നിന്‍റെ പ്രണയവും ചുവപ്പല്ലേ...?
സമസ്താപരാധങ്ങളും ഉരുക്കിക്കളയുന്ന 
അഗ്നികുണ്ടത്തിനും ചുവപ്പ് നിറം.....
ഭ്രമവും ഭ്രാന്തും കോപവും ചുവപ്പ് നിറം....
പ്രണയം ചുവപ്പ്......

സ്വപ്നങ്ങളില്‍ രൗദ്രതാളത്തിലാടുന്ന 
ദേവിയുടെയുടയാടയും ചുവപ്പ്....
ഉത്തരക്കടലാസിലും പിന്നെ 
ജീവിതത്തിലും തെറ്റുകള്‍ 
(അച്ഛന്‍റെ അടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍‍)
പകര്‍ന്നതും ചുവപ്പ് നിറം.....

വാന്‍ഗോഗിന്‍റെ ചെവിയില്‍ നിന്നിറ്റുവീണ 
ചോരത്തുള്ളികള്‍ക്ക് പ്രണയത്തിന്‍റെ ചുവപ്പ് ....
വിപ്ലാവനാടിന്‍റെ ഓര്‍മകളായ്  രക്തസാക്ഷികള്‍...
പതാകയിലെ ചുവപ്പ് വീര്യത്തിന്‍റെ അടയാളം....
അമ്മയുടെ നെറ്റിയില്‍ പാതിവ്രത്യത്തിന്‍റെ ചുവപ്പ്....
നിന്‍റെ കവിളില്‍ പടരാതെ പോയ
എന്‍റെ സിന്ദൂരവും ചുവപ്പ്......

---------------------------------------------------

പക്ഷേ, ചോരയ്ക്കു നിറം ചുവപ്പല്ലേ?
ചലിക്കുന്ന ചക്രത്തിനടിയിലൂടിടയിലൂ-
ടൊഴുകുന്ന ചോരയ്ക്കു നിറം ചുവപ്പല്ലേ?
ചോരചിന്തിയ വാള്‍ത്തലപ്പിനും 
കടിച്ചു കീറിയ മാംസത്തുണ്ടിനും 
പിന്നെ........................
.........................................................

ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്....?
                                                            -നിധി-

കാവ്യവഴിയിലെ പ്രണയസഞ്ചാരിക്ക് പ്രണാമം......

"ഒരു പുതുമഴ നനയാന്‍ നീ കൂടി 
ഉണ്ടായിരുന്നുവെങ്കില്‍......
ഓരോ തുള്ളിയെയും ഞാന്‍ നിന്‍റെ 
പേരിട്ടു വിളിക്കുമായിരുന്നു.......
ഓരോ തുള്ളികളായി ഞാന്‍ നിന്നില്‍ 
പെയ്തുകൊണ്ടിരിക്കുന്നു...
ഒടുവില്‍ നാമൊരു മഴയായ് 
തീരും വരെ..........."

സ്നേഹത്തിന്‍റെയും  കലഹത്തിന്‍റെയും ഒരുപിടി കവിതകള്‍ മനസ്സില്‍ കോറിയിട്ട വിനയചന്ദ്രന് കാവ്യപ്രണാമം........