വെംബ്ലിയിലെ ആരവങ്ങൾ

 ഇംഗ്ലണ്ടിലെ  കലാ കായിക ഭൂപടത്തിൽ തിലകക്കുറിയണിഞ്ഞു  നിൽക്കുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അത് വെംബ്ളിയാണ്... ഓരോ  ഇംഗ്ളീഷുകാരനും നെഞ്ചിൽ കൈവെച്ചു പറയുന്ന അഭിമാനത്തിന്റെ പേര് .. ഇംഗ്ലണ്ടിന്റെ ഫുട്ബോൾടീം വെള്ളക്കുപ്പായവുമണിഞ്ഞു കളിക്കാനിറങ്ങുന്ന ഇംഗ്ലണ്ടിലെ ഒരേയൊരു വേദി... അതെ,പകിട്ടും പാരമ്പര്യവും സമാസമം ചേരുന്ന അപൂർവം ചിലയിടങ്ങളിൽ ഒന്നാണ് വെംബ്ലി..

വാട്ടർലൂ അണ്ടർഗ്രൗണ്ട് ട്യൂബ് സ്റ്റേഷനിൽ നിന്ന് ജൂബിലി ലൈനിൽ കൃത്യം 26  മിനിറ്റ്.. നിങ്ങള്ക്ക് വെംബ്ലി പാർക്ക് സ്റ്റേഷന്റെ വീതിയുള്ള പടികളിറങ്ങാം... തൊട്ടു മുന്നിൽ നിറയെ ലില്ലിപ്പൂക്കൾ നിറച്ചൊരു പൂക്കൂട കണക്കെ ഇതാ വെംബ്ലി..  പൂക്കൂടയെന്നു വെറുതെ പറഞ്ഞതല്ല,സ്റ്റേഡിയത്തെ കവച്ചു വെക്കുന്ന ആ വെള്ളക്കമാനം കണ്ടാൽ അങ്ങനെയേ തോന്നൂ... ഇന്ന് ലണ്ടൻ നഗരത്തിന്റെ ഐകോണിക് സിംബലുകളിൽ ഒന്നാണീ  കമാനം...10 വാരി വീതിയുള്ള വെംബ്ലി പാർക്ക് സ്റ്റേഷന്റെ പടിക്കെട്ടു അവസാനിക്കുന്നിടത് അത്ര തന്നെ വീതിയുള്ള നടപ്പാത ആരംഭിക്കുന്നു...100 മീറ്റർ അകലെ അത് അവസാനിക്കുന്നതു വെംബ്ലിയിലും ...അതിനിടയിൽ  ഒരു മേൽപ്പാതയുണ്ട്..
സിറ്റിയും ചെൽസിയും കൊമ്പു കോർത്ത കറബാവോ കപ്പിന്റെ ഫൈനൽ ഓർമയില്ലേ.. കോച്ച് പറഞ്ഞിട്ടും തിരിച്ചു  കയറാൻ കൂട്ടാക്കാതെ കെപ്പ പെനാൽറ്റി തടുക്കാൻ ക്രോസ്ബാറിന് താഴെ നിന്നത്... അരിശം മൂത്ത് മോറിസിയോ സാരി ടണലിലൂടെ തിരിച്ചു കയറിപ്പോയത്‌ .. അതിന് തൊട്ടു തലേ ദിവസമാണ്...സ്റ്റേഡിയത്തിനു മുന്നിലെ പടുകൂറ്റൻ LED സ്‌ക്രീനിൽ ഫൈനലിന്റെ പ്രൊമോഷൻ വീഡിയോ...
ഇംഗ്ലണ്ടിലെ മറ്റു കായിക വേദികളെ താരതമ്യം ചെയ്യുമ്പോൾ പുത്തൻ സ്റ്റേഡിയമാണ് വെംബ്ലി..വെറും 12 ആണ്ടിന്റെ ചെറുപ്പം .. പക്ഷേ വെംബ്ളിയെക്കുറിച്ചു പറയാൻ 96 വർഷങ്ങൾ പുറകിലേക്ക് നടക്കണം...കൃത്യമായി പറഞ്ഞാൽ 1923 ലേക്ക്...ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രദർശന മൈതാനമായിരുന്ന ഇടമാണ് അന്ന് ഏഴര ലക്ഷം പൗണ്ട് മുടക്കി 300 ദിവസം കൊണ്ട് സ്റ്റേഡിയം ആക്കി മാറ്റിയെടുത്തത്... ബ്രിട്ടീഷ് എമ്പയർ എക്സിബിഷൻ സ്റ്റേഡിയം എന്നത് പിൽക്കാലത്ത് എമ്പയർ സ്റ്റേഡിയം എന്നറിയപ്പെട്ടു. വൈറ്റ് ഹോഴ്സ് ഫൈനൽ എന്ന പേരിൽ പ്രസിദ്ധമായ 1923ലെ  F A കപ്പ് ഫൈനലിന്റെ 4 നാൾ മുൻപാണ് ഈ സ്റ്റേഡിയം പ്രവർത്തന സജ്ജമായത്..
അന്ന് വെസ്റ്റ്ഹാം യുണൈറ്റഡ് ബോൾട്ടൻ വണ്ടറേഴ്‌സിനെ നേരിടുമ്പോൾ ഫുട്ബോൾ ഫെഡറേഷന്റെ കണക്കു കൂട്ടലുകൾ പൂർണമായും തെറ്റി..
ഒന്നേകാൽ ലക്ഷം കസേരകളുള്ള പുതിയ ദേശീയ മൈതാനത്തിന്റെ 104 ഗേറ്റുകൾ വഴി ഇരച്ചെത്തിയത് മൂന്നു ലക്ഷത്തിലേറെപ്പേർ.. സ്റ്റേഡിയം മുഴുവൻ നിറഞ്ഞു കവിഞ്ഞ പുരുഷാരം...അറുപത്തിനായിരത്തിലേറെപ്പേർ അകത്തു കയറാനാകാതെ പുറത്തു തിക്കിത്തിരക്കി.. മൈതാന മധ്യത്തിൽ കളി നടത്താൻ പോയിട്ട് സൂചികുത്താനിടമില്ല.. ഒടുവിൽ ബ്രിട്ടീഷ് പോലീസിലെ ബില്ലി എന്ന വെള്ളക്കുതിരയെ ഇറക്കേണ്ടി വന്നു കളി നടത്താനുള്ള സ്ഥലമൊഴുപ്പിക്കാൻ(ബില്ലിയോടുള്ള ആദരസൂചകമായാണ് വെംബ്ലി റെയിൽവേ സ്റ്റേഷനിൽ നിന്നും സ്റ്റേഡിയത്തിലേക്കുള്ള നടപ്പാതക്ക് വൈറ്റ് ഹോഴ്സ് ബ്രിഡ്ജ് എന്ന് പേരിട്ടത്)... അങ്ങനെ കാണികൾ അതിർവരമ്പ് നിശ്ചയിച്ച വെംബ്ലിയിലെ ആദ്യ മത്സരം 45  മിനിറ്റ് വൈകി ആരംഭിക്കുകയും വെസ്റ്റ്ഹാമിനെ എതിരില്ലാത്ത ഇരട്ട ഗോളുകൾക്ക് തോൽപ്പിച്ച് ബോൾട്ടൻ വാണ്ടറേഴ്‌സ് F A കപ്പിൽ മുത്തമിടുകയും ചെയ്തു... ഇന്നും ഒരു റേസിംഗ് ഇതര മത്സരത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമെന്ന റെക്കോർഡ് വെംബ്ലിയിലെ എമ്പയർ സ്റ്റേഡിയത്തിലെത്തിയ മൂന്നരലക്ഷത്തിന്റെ പേരിലാണ്.. അതിൽപ്പരമിന്നോളം അപൂർവം ചില അവസരങ്ങളൊഴിച്ചാൽ FA  കപ്പിന്റെ കിരീടധാരണങ്ങളെല്ലാം  നടന്നത് വെംബ്ലിയിലാണ്,'ഇരട്ടഗോപുരം' എന്ന് വിളിപ്പേരുള്ള എമ്പയർ  സ്റ്റേഡിയത്തിലും പിന്നെ ഇപ്പോൾ വെള്ളിക്കമാനം കൊണ്ടലങ്കരിച്ച  വെംബ്ലിയിലും...
വെംബ്ലി പാർക്കിൽ നിന്നും നടപ്പാത നേരെ ചെന്നെത്തുന്നത് സ്റ്റേഡിയത്തിന്റെ അടിവശത്താണ്..അതിനു മുന്നേ ഇരുവശത്തേക്കും കയറിപ്പോകുന്ന നടപ്പാതകൾ ചെന്നെത്തുന്നത് രണ്ടാം നിലയിലും..അതാണ് വെംബ്ളിയുടെ പ്രവേശനകവാടവും...താഴെ നിന്ന് പടിക്കെട്ടുകൾ കയറി മുകളിൽ വന്നാൽ ആദ്യം കാണുന്നത് ബോബി മൂറിന്റെ പ്രതിമയാണ്.. എല്ലാ കാലത്തും ലോകകപ്പുകൾ ഇംഗ്ലണ്ടിന് കിട്ടാക്കനിയാണ്..അത് ക്രിക്കറ്റിൽ ആയാലും ഫുട്ബോളിൽ ആയാലും...അതുകൊണ്ടു തന്നെ 1966 ലോകകപ്പ് ഇംഗ്ലീഷുകാർ ഒരുകാലവും മറക്കില്ല ...ആദ്യമായി ഫുട്ബാൾ ലോകകപ്പ് ഇംഗ്ളീഷ് മണ്ണിൽ വിരുന്നെത്തിയ കാലം... സ്വാഭാവികമായും മത്‌സര വേദികളിൽ ഏറ്റവും പുതിയതും വലുതുമായ വെംബ്ളിക്കായിരുന്നു ഇംഗ്ലണ്ടിന്റെ  എല്ലാ മത്സരങ്ങളിലും ആതിഥേയരാകാൻ യോഗം..ആദ്യമത്സരം സമനിലയിലായതൊഴിച്ചാൽ ബാക്കിയെല്ലാം ആധികാരികമായി ജയിച്ച് ബോബ്ബ്യ് മൂറിന്റെ ടീം വെംബ്ലിയിൽ ആനന്ദനൃത്തമാടി....അന്ന് ബ്രിട്ടീഷ് രാജ്ഞിയിൽ നിന്നേറ്റു വാങ്ങിയ 'ജൂൾസ് റെമിറ് കപ്പ്'(പഴയ ലോകകപ്പ് ട്രോഫി) ഇന്നും വെംബ്ലിയിലെ മ്യൂസിയത്തിലുണ്ട്...അന്നും ഇന്നും എക്കാലവും ഇംഗ്ളണ്ടിന്റെ ഏറ്റവും മികച്ച ടീമായി ആ ടീമിനെ വാഴ്ത്തപ്പെടുന്നു...അടുത്ത  നാൾ കറബാവോ  കപ്പ് ഫൈനലായതിനാൽ മിനിടൂർ ആണ്...12 പൗണ്ട്  കയറി..വീഡിയോ ഗൈഡും ഹെഡ്സെറ്റ് ഉം തന്നു... നടക്കുന്ന വഴികളിലെ ഓരോ കാര്യങ്ങളും വീഡിയോ ഗൈഡിൽ വിവരിക്കുന്നു..  ചുവരുകളൊക്കെയും ഇംഗ്ലീഷ് ഫുട്ബോളിന്റെ ചരിത്രം പറയുന്നു...അതിനപ്പുറം വെംബ്ലി സ്റ്റേഡിയത്തിന്റെ ത്രിമാനമാതൃക..3  ഘന മീറ്ററെങ്കിലും വ്യാപ്തമുള്ളത് ...തൊട്ടരികിൽ ജൂൾസ് റെമിറ്റ് കപ്പ്..ഇംഗ്ലണ്ട് ഫുട്ബോളിന്റെ അഭിമാനം...അടുത്ത നിലയിലേക്ക് പടികയറിയെത്തുമ്പോൾ യൂറോ കപ്പിന്റെ കൂറ്റൻ മാതൃക... അടുത്ത വർഷത്തെ യൂറോകപ്പ്  ഫൈനൽ  നടക്കുന്നത് വെംബ്ലിയിലാണ്...  ഇപ്പോഴേ തുടങ്ങി അതിന്റെ മുന്നൊരുക്കം.. "വണ്ടേഴ്സ് ഇൻ വെംബ്ലി" എന്ന ബോർഡിന് കീഴിൽ വെംബ്ലിയിലെ ചരിത്ര മുഹൂർത്തങ്ങൾ.. തൊട്ടരികിൽ FA കപ്പും FA കമ്യൂണിറ്റി ഷീൽഡും.. ഇംഗ്ലണ്ടിലെ ഫുട്ബാൾ രാജാക്കന്മാർക്കുള്ള നോക്ഔട്ട് ട്രോഫി.. സീസൺ മുഴുവൻ നടക്കുന്ന പ്രീമിയർ ലീഗിനേക്കാൾ ടീമുകൾ വിലമതിക്കുന്നതാണ്‌, വർഷത്തിലൊരിക്കൽ വെംബ്ലിയിലെ റോയൽ ബോക്സിലേക്കുള്ള 36 പടികൾ കയറി വന്നു, രാജകുമാരനിൽ നിന്ന് ഏറ്റുവാങ്ങുന്ന, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ ഫുട്ബോൾ ചാമ്പ്യൻഷിപ്.. ഇംഗ്ലണ്ടിലെ 10 ലെവലിൽ ഉള്ള ചെറുതും വലുതുമായ എഴുന്നൂറില്പരം ക്ലബുകൾക്കും FA  കപ്പിന് വേണ്ടി മാറ്റുരക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത ...എങ്കിലും ഇക്കഴിഞ്ഞ കാലമത്രയും രണ്ടാം ഡിവിഷനിൽ നിന്ന് താഴേക്കുള്ള ഒരു ടീമും FA  കപ്പിന്റെ ഫൈനലിൽ പോലും എത്തിയിട്ടില്ലെന്നത് വേറെ കാര്യം... പ്രീമിയർ ലീഗിലെയും FA  കപ്പിലെയും  ചാമ്പ്യന്മാർ മാറ്റുരക്കുന്നതിലെ വിജയികൾക്കുള്ളതാണ് FA  കമ്മ്യൂണിറ്റി ഷീൽഡ്...
അടുത്തതായി യുവേഫ ചാമ്പ്യൻസ് ട്രോഫിയിലെ കളി മുഹൂർത്തങ്ങൾ..പിന്നീടുള്ള കാഴ്ച്ചകൾ ഫുട്ബോളിനെ കടന്നു പോവുകയാണ്...അതു പതുക്കെ റഗ്ബിയിലേക്കും വെംബ്ലിയിലെ സംഗീത ഗ്രൂപ്പുകളിലേക്കും കടക്കുന്നു... ഒട്ടും വൈകാതെ ഗൈഡ് എത്തി...ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കെ അത്ഭുതാരവങ്ങളിലേക്ക്  ആ വാതിൽ തുറന്നു.. ചുറ്റും ചുവന്നു നിന്നിരുന്നൊരു ചെപ്പു കുടത്തിനകത്തേക്കു ഞങ്ങൾ കയറി..അടിയിലെ പച്ചപരവതാനിക്കു മേലെ മൂന്നു നിലകളിലായി തൊണ്ണൂറായിരം ഇരിപ്പിടങ്ങൾ... ബ്രിട്ടണിലെ ഏറ്റവും വലിയ സ്റ്റേഡിയം ... തൊണ്ണൂറ്റൊന്പത്തിനായിരം പേർക്കിരിക്കാവുന്ന ബസയുടെ നൂക്യാമ്പ് കഴിഞ്ഞാൽ യൂറോപ്പിലെ രണ്ടാമത്തെ വലിയ സ്റ്റേഡിയം .... ആവേശത്തിന്റെ പരകോടിയിലായിരുന്നു എല്ലാവരും...ക്യാമറ ഫ്ലാഷുകൾ തുരു തുരെ മിന്നി..സ്റ്റേഡിയത്തിനകത്തു ഒരൊറ്റ തൂണുപോലുമില്ലാത്ത,എല്ലാ കോണുകളിൽ നിന്നും കളിക്കളത്തിലേക്ക്‌  ഒരേ കാഴച പ്രദാനം  ചെയ്യുന്ന ഒരത്ഭുതമൈതാനം...2003ഇൽ പഴയ മൈതാനം പൊളിച്ച ശേഷം 2007ലാണ് പുതിയ വെംബ്ലി സ്റ്റേഡിയം തുറന്നത് ...50 മീറ്ററാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ സ്റ്റേഡിയത്തിന്റെ ഉയരം...315 മീറ്റർ നീളവും 133 മീറ്റർ ഉയരവുമുള്ള വെംബ്ലി കാമനമാണ് ആകെയുള്ള തൊണ്ണൂറായിരം സീറ്റിനെയും മറക്കുന്ന മേൽക്കൂരയെ താങ്ങി നിർത്തുന്നത്.. ലോകത്തിലെ ഏറ്റവും വലിയ ഒറ്റചാൺ നിർമിതിയാണിത്(single span sculpture)... കിഴക്കും പടിഞ്ഞാറുമുള്ള മേൽക്കൂരകൾ  നീക്കാനാവുന്നവയാകയാൽ മത്സരസമയം മുഴുവൻ മൈതാനത്തു നിഴൽ വീഴാതെ എന്നാൽ കാണികൾക്കു വെയിൽ കൊല്ലാതെ നിർത്താൻ കഴിയുന്ന അത്യപൂർവ്വനിർമിതി... ഇത്രയും ഉയരെ നിന്ന് മേൽക്കൂരയുടെ മുക്കാൽ ഭാരവും വഹിക്കയാൽ ഏകദേശം 50 മീറ്റർ ആഴത്തിൽ പൈലിങ് നടത്തിയാണ് ഇരുവശത്തും കാമനത്തെ ഉറപ്പിച്ചിട്ടുള്ളത്... കൂടാതെ ലോകത്തു ഏറ്റവും കൂടുതൽ ശുചിമുറിയുള്ള കെട്ടിടവും വെംബ്ലി തന്നെ..മൂക്കത്തു വിരൽ വെക്കരുത്..!! 2618 മൂത്രപ്പുരകളാണ് ഈ ഒരൊറ്റ കെട്ടിടത്തിലുള്ളത്....
മത്സര ദിനങ്ങളിൽ വെംബ്ലി തൊണ്ണൂറായിരം കണ്ഠങ്ങൾ കാറ്റൂതി നിറച്ചൊരു തുകൽപ്പന്താകും... ആരവങ്ങളിലവ  ഇരുപുറം സഞ്ചരിക്കും...കളിക്കാരുടെ ഓരോ ചടുലനീക്കങ്ങളിലും ഈ സ്റ്റേഡിയം പുളകം കൊള്ളും...പന്തോരോ  തവണയും വര കടന്നു വലയെ ചുംബിക്കുമ്പോൾ വെംബ്ലി പൊട്ടിത്തെറിക്കും...
ഫുട്ബോൾ മത്സരങ്ങൾക്ക് പുറമെ ഒട്ടനവധി സംഗീതബാന്റുകളുടെ അവതരണങ്ങൾക്ക്  വെംബ്ലി സാക്ഷ്യം വഹിച്ചിട്ടുണ്ട്..ഒറ്റ സ്വിച്ചിട്ടാൽ വലതു വശത്തെ താഴത്തെ നിലയിലുള്ള കസേരകളെല്ലാം മടങ്ങി പിന്നോട്ട് നീങ്ങി അതൊരു സ്റ്റേജായി മാറും...അവിടെയാണ് ബാന്റുകളുടെ സംഗീത വേദി.. മൈക്കൽ ജാക്‌സന്റെ 'ബാഡ് വേൾഡ് ടൂർ' മുതൽ വൺ ഡയറക്ഷൻ മ്യൂസ്,സ്‌പൈസ് ഗേൾസ്,ടേക്ക് ദാറ്റ് ,ക്വീൻ,ഒയാസിസ്‌ തുടങ്ങി ഒട്ടനവധി ബാന്റുകളുടെ  നൃത്ത-സംഗീത നിശകൾ  ഇവിടെ നടന്നിട്ടുണ്ട്..മാത്രമല്ല താഴത്തെ നിലകൾ പൂർണമായും മടക്കി ഒരു അത്ലറ്റിക് ഗ്രൗണ്ടായിപ്പോലും വെംബ്ലിയെ ഉപയോഗപ്പെടുത്താനാകും... എന്നാകിലും 2007ൽ തുറന്നു കൊടുത്തത്തിലിന്നോളം ഒരു അത്ലറ്റിക് മത്സരം പോലും എവിടെ അരങ്ങേറിയിട്ടില്ല...
ഇനിയുള്ളത് റോയൽ ബോക്സ് ആണ്.. ഈ ചുവന്ന ചെപ്പിനകത്തു നീല നഗരത്തിൽ 6 കുഷ്യൻ സീറ്റുകൾ..അതിനു ചുറ്റും നൂറോളം ഇരിപ്പിടങ്ങൾ.. ആറെണ്ണത്തിൽ നടുവിൽ ചാൾസ് രാജകുമാരനും കമീലയും.. ഇരുവശത്തുമായി വില്യമും കെയ്റ്റും ഹാരിയും  മേഗനും....അതിനു ചുറ്റുമുള്ള നൂറോളം സീറ്റുകളിൽ ഇരിക്കാൻ ചില കടമ്പകളുണ്ട്.. ആദ്യത്തേത് ആ ടിക്കറ്റുകൾ വാങ്ങാൻ കിട്ടില്ലെന്നതു തന്നെ...പ്രത്യേകം ക്ഷണത്തെ കിട്ടിയാൽ മാത്രം സാധ്യമാകുന്ന സ്വപ്നം..അടുത്തത്, റോയൽ ബോക്സിൽ ഇരിക്കുന്നവർ ഒരു ടീമിനെയും സപ്പോർട്ട് ചെയ്യുന്ന വേഷ വിധാനങ്ങൾ ധരിക്കാൻ പാടില്ല.. ഈ ആര്ത്തിഉല്ലാസിക്കുന്ന ആരവങ്ങളിൽ ആർപ്പു വിളിക്കണോ കൈയ്യടിക്കാനോ പാടില്ല... ആകെയുള്ളൊരു മെച്ചം കളിക്ക് ശേഷമുള്ള രാജകീയ വിരുന്നിലേക്കു ക്ഷണം കിട്ടുമെന്ന് മാത്രം...
36 പടികൾ കയറി, രണ്ടാം നിലയിലുള്ള ഈ റോയൽ സ്റ്റാൻഡിൽ നിന്നാണ് കളിക്ക് ശേഷം ട്രോഫികൾ വിതരണം ചെയ്യുക...FA  കപ്പും ക്യാമറാമാനും റെഡിയായിരുന്നു ക്യാമറാമാനും റെഡിയായിരുന്നു... ഓരോരുത്തരും ഊഴം വിട്ടു കപ്പുയർത്തി...ഇതിന്റെ ഫോട്ടോ എടുക്കാൻ നമുക്കനുവാദമില്ല...ഈയെടുക്കുന്ന ഫോട്ടോകൾ ക്ലബ് സ്റ്റോറിൽ നിന്നും കാശു കൊടുത്തു വാങ്ങണം... പുറത്തിറങ്ങുന്ന വഴിയിലാണ് വെംബ്ലിയിലെ സിംഹത്തിന്റെ പ്രതിമകൾ...ഇംഗ്ലീഷ് ദേശീയ ടീമിന്റെ ലോഗോയിൽ കാണാം 3 സിംഹങ്ങൾ..സ്റ്റേഡിയം വരുന്നതിനു മുൻപുള്ള വെംബ്ലിയിലെ രാജാക്കന്മാർ.. അടുത്ത ദിനം മത്സരമുള്ളതിനാൽ മീഡിയ പ്രസന്റേഷൻ റൂമിലും ഡ്രസിങ് റൂമിലും പ്ലയെർസ്  ടണൽ  വഴി പിച്ചിനടുത്തേക്കും പ്രവേശനമില്ല...അത് കൊണ്ട് ഇനി തിരിച്ചിറങ്ങാം... അടുത്ത ദിവസത്തെ ആരവങ്ങൾക്കായി ചുവന്ന കോപ്പയിൽ ചൂട് നിറച്ചു വെംബ്ലി  കാത്തിരിക്കുകയാണ്...കാൽപ്പന്തിന്റെ ആവേശം കൊടുമുടി കയറുന്ന വെംബ്ലിയിലേക്ക്  കളിയാരാധക  കൂട്ടങ്ങൾക്കായി, അവരുടെ ഉന്മാദ നൃത്തങ്ങൾക്കായി, അവളിന്നുറങ്ങാതിരിക്കെയാണ്....

അമ്മ

തലയ്ക്കു നേരെ ഓങ്ങിയ ഓലമടലിൽ ഞാൻ കയറിപ്പിടിച്ചപ്പോഴും അമ്മ നിന്ന് വിറയ്ക്കുകയായിരുന്നു..... "അന്നേ അങ്ങ് വേണ്ടെന്നു വച്ചാൽ മതിയായിരുന്നു..."
ചെയ്തുവച്ച ഏതോ കുരുത്തക്കേടിന്റെ
അവസാനഭാഗത്ത് അടർന്നു വീണ വാക്കുകളിൽ ഞാൻ വിറങ്ങലിച്ചു നിന്നു...
പറയേണ്ടിയിരുന്നില്ലെന്നു അമ്മയുടെ കണ്ണുകൾ ആയിരം തവണ പറഞ്ഞു...

ഇരുപതുകളിലെത്തിയ ചോരത്തിളപ്പിൽ ഒരു നാൾ ഞാൻ ചോദിച്ചു... എനിക്കുവേണ്ടി എന്ത് ചെയ്തിട്ടുണ്ടെന്ന്....
നിസ്സഹായത നിറഞ്ഞ നോട്ടമായിരുന്നു മറുപടി.... അത് പതുക്കെ വിങ്ങലുകൾക്ക് വഴിമാറി.... അണമുറിയാതെയുള്ള കണ്ണീർച്ചാലാൽ അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു.... ആ കണ്ണീരിൽ എനിക്ക് ശ്വാസം മുട്ടി.... സങ്കടങ്ങളുടെ നിലയില്ലാക്കയത്തിൽ വീണു  ഞാൻ കൈകാലിട്ടടിച്ചു.... എന്റെ ക്ഷമാപണങ്ങൾക്കും ആലിംഗങ്ങൾക്കും തടഞ്ഞു നിർത്താൻ കഴിയാത്തത്രയും നേരം ആ കണ്ണുകൾ നിർത്താതെ പെയ്തു... ഒരു രാത്രിമുഴുവൻ ആ ഒരു വാചകത്തിൽ കുടുങ്ങിക്കിടന്നു....

ദാരിദ്ര്യം നിറഞ്ഞ ബാല്യകാലങ്ങളിൽ അമ്മ മുട്ടാത്ത വാതിലുകളില്ലെന്ന് അറിയാഞ്ഞിട്ടല്ല.... മത്സരപ്പരീക്ഷകൾക്ക് പോകാൻ ഇറങ്ങുമ്പോഴേക്കും എവിടെനിന്നോ അമ്മ മുഷിഞ്ഞൊരൊറ്റ നോട്ടുമായി മടങ്ങിവന്നിരിക്കും...  എന്റെ തോൽവികളിലൊന്നിലും വ്യാകുലപ്പെട്ടു കണ്ടില്ല... ജയങ്ങളിലൊക്കെയും പുഞ്ചിരി പൊഴിച്ചു.... അച്ഛനുമമ്മയും ആഞ്ഞുതുഴഞ്ഞിട്ടും ദുരിതക്കടലിൽ കരയെത്താതിരുന്ന കാലത്ത് എഞ്ചിനീയറിംഗ് പഠനം എന്നതൊരു സാഹസമായിരുന്നു.... എങ്കിലും മാസാമാസം ഒരുദിനം തെറ്റാതെ എന്റെ അക്കൗണ്ടിൽ പണമെത്തിക്കൊണ്ടിരുന്നത് അച്ഛന്റെ അധ്വാനത്തിനൊപ്പം പണം ക്രയവിക്രയം ചെയ്യുന്നതിൽ അമ്മ കാണിച്ച വൈദഗ്ധ്യം കൊണ്ട് കൂടിയായിരുന്നു... എല്ലാ സാധ്യതകളും അടഞ്ഞതിനപ്പുറവും ഒരു വഴിയെവിടെയോ മറഞ്ഞു കിടപ്പുണ്ടെന്നു അമ്മയെപ്പോഴും വിശ്വസിച്ചു പോന്നു...

ആകുലതകളും ആത്മസംഘർഷങ്ങളും ഒടുങ്ങി നല്ല കാലങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയപ്പോഴേക്കും അമ്മയുടെ ശരീരത്തെ രോഗം കാർന്നു തിന്നു തുടങ്ങിയിരുന്നു.... ദേഹമാസകലം ഞണ്ടിറുക്കുന്ന വേദനയിലും അമ്മ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല... ഇനിയൊരു തിരിച്ചുപോക്കില്ലെന്നു മനസ്സിലാക്കിയ അവസാനനാളുകളിൽ ഒന്നിൽ വരെ...

തനിക്കു ചുമക്കാനാവില്ലെന്നു പറഞ്ഞു ശരീരവും ഒരു കത്തിയിൽ തീർക്കാമെന്നു ഡോക്ടറും പറഞ്ഞിട്ടും, ഓക്കാനങ്ങളുടെ ഒരു ഗർഭകാലവും അതിനപ്പുറം ഒരു ദുരിതകാലവും താണ്ടി എന്നെ ഞാനാക്കിയ സർവം ക്ഷമയ്ക്ക്, ഒരു ജന്മം കൊണ്ടുപോലും വീട്ടിത്തീർക്കാനാവാത്ത കടപ്പാടുകൾക്ക്..., അമ്മയ്ക്ക്..., കനലെരിയുന്ന മനസ്സാൽ ഒരശ്രുപൂജ...

അതിജീവനമാണ് വിജയം

 “ശരിക്കു പറഞ്ഞാൽ ഇതൊരു യുദ്ധമാണ്.. മൂന്നാം ലോകമഹായുദ്ധം.. ഭൂലോകത്തിലെ  ഏതാണ്ടെല്ലാ രാജ്യങ്ങളും തോളോടുതോൾ ചേർന്ന് പൊരുതുന്നൊരു യുദ്ധം.. കൊറോണയെന്നൊരൊറ്റ ഭീകരനെ തുരത്താൻ.. പലവിധ തിരക്കുകളാൽ പരക്കം പാഞ്ഞ മാലോകരെ മുഴുവൻ സ്വന്തം വീട്ടിൽ കതകടച്ചിരുത്തിയ ഈ മഹാമാരി ലോകത്തെ പഠിപ്പിക്കുന്നൊരു പാഠമുണ്ട് - "അതിജീവനമാണ് വിജയം".. ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാൽ എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ്  രണ്ടാം ലോകമഹായുദ്ധകാലത്തുമുണ്ട് സമാനമായൊരേട്.. ഇന്നേക്ക് കൃത്യം 80 കൊല്ലം മുൻപ്... ആ ചരിത്രമാണ് ചുവടെ..”

തോൽവിയിലും തിളങ്ങുന്ന ചില ഏടുകളുണ്ട് ചരിത്രത്താളുകളിൽ.. ഒന്നുമില്ലായ്മയിൽ നിന്നും കയ്യെത്തിപ്പിടിക്കുന്ന വിജയങ്ങൾ.. പരസ്പരം പടവെട്ടിപ്പോരാടിയുദ്ധഭൂമിയിൽ തോറ്റോടി തളർന്നിരിക്കുമ്പോൾ അതിജീവനമാണ് വിജയമെന്ന്‌  തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്.. യുദ്ധ തന്ത്രത്തിൽ അത്രയ്ക്ക് പ്രാവീണ്യമുള്ളവർ അതെളുപ്പം തിരിച്ചറിയും... അതുപയോഗപ്പെടുത്തുന്നത് പോലും പിൽക്കാലത്ത് വിജയമായി വിലയിരുത്തപ്പെടും... അങ്ങനെയൊരു ഉദ്വേഗജനകമായ കഥയാണ് "ഡെൻകിർക്കിലെ അത്ഭുതം"(Miracle  of  Dunkirk) അഥവാ "ഓപ്പറേഷൻ ഡൈനാമോ”.

1939ഇൽ ഹിറ്റ്ലറുടെ നാസിപ്പട പോളണ്ടിനെ ആക്രമിച്ചതോടു കൂടി ബ്രിട്ടൺ ജർമ്മനിയോട് യുദ്ധം പ്രഖ്യാപിച്ചു.. കൂടെ BEF എന്ന ബ്രിട്ടന്റെ പ്രത്യേക സേനാവിഭാഗത്തെ യുദ്ധമുഖത്തേക്കയച്ചു.. ബ്രിട്ടനും ഫ്രാൻസും നെതെർലാൻഡുമൊക്കെ ചേർന്ന് ചെറുക്കൻ ശ്രമിച്ചെങ്കിലും ജർമനിയും, മറുവശത്തു നിന്ന് സോവിയറ്റ് യൂണിയനും പോളണ്ട് പിടിച്ചടക്കി പരസ്പരം പങ്കിട്ടെടുത്തു.. പിന്നെ വളരെപ്പെട്ടെന്നു തന്നെ നെതെർലൻഡ്സും ബെൽജിയവും കീഴടക്കി ജർമൻ സൈന്യം ഓപ്പറേഷൻ റെഡ് എന്ന പേരിൽ ഫ്രാൻസിലേക്കുള്ള തേരോട്ടം ആരംഭിച്ചു.. ആളുകളേറെയുണ്ടായിട്ടും ജര്മനിയുടെ കരുത്തിലും സാങ്കേതിക വിദ്യയിലും പതറിപ്പോയ ബ്രിട്ടീഷ് സൈന്യവും മറ്റു സഖ്യകക്ഷികളും യൂറോപ്പിന്റെ വടക്കൻ തീരമായ ഡെൻകിർക്കിലേക്കു ഒതുക്കപ്പെട്ടു കൊണ്ടിരുന്നു.. "അസാധാരണമായ സൈനിക ദുരന്തം (Colossal Military Disaster)" എന്നാണ് ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്ത വിൻസ്റ്റൺ ചർച്ചിൽ ഈ അവസ്ഥയെ വിശേഷിപ്പിച്ചത്..


യൂറോപ്പിലേക്കുള്ള ബ്രിട്ടന്റെ കവാടമായ ഡോവറിലെ യുദ്ധമുറിയിലിരുന്ന് ബ്രിട്ടീഷ് റോയൽ നേവി അഡ്മിറൽ സർ ബർട്രാം റാംസെയാണ് അടിയന്തിരമായി  ഡെൻകിർക്കിലെ യുദ്ധഭൂമിയിൽ നിന്നും സൈന്യത്തെ ഒഴിപ്പിക്കണം(Evacuation of Dunkirk) എന്ന ആശയം മുന്നോട്ടു വെച്ചത്.. ഗത്യന്തരമില്ലാതെ ചർച്ചിൽ അതിനു സമ്മതം മൂളുകയും 1940 മെയ് 27ന് റാംസെയുടെ  പ്ലാൻ അനുസരിച്ച് ഓപ്പറേഷൻ ഡൈനാമോ ആരംഭിക്കുകയും ചെയ്തു... ഇതിനും മൂന്ന് നാലു  ദിവസം മുൻപേ തന്നെ ബ്രിട്ടന്റെയും സഖ്യ കക്ഷികളുടെയും നാല് ലക്ഷത്തിൽപരം വരുന്ന സൈനികരെയും മുഴുവൻ യുദ്ധ സംവിധാനങ്ങളെയും ഫ്രാൻസിലെ തീരദേശ പട്ടണമായ ഡെൻകിർക്കിലേക്ക് ഒതുക്കിയിരുന്നുവെങ്കിലും, അവരെ മുഴുവൻ ആക്രമിച്ചു കൊലപ്പെടുത്തുകയെന്ന ആശയത്തിന് ഹിറ്റ്ലർ  സമ്മതം മൂളിയില്ല.. പകരം പ്രത്യാഘാതങ്ങൾക്ക് കരുതിയിരിക്കാനും ലില്ലേ, കലായീസ് തുടങ്ങിയ ഇടങ്ങളിൽ കൂടി ഒരു തിരിച്ചടിയുണ്ടാവില്ലെന്നുറപ്പു വരുത്താനുമാണ്  ജർമ്മനി ഈ ദിവസങ്ങൾ വിനിയോഗിച്ചത്... ഇത് സഖ്യ സേനക്ക് പ്രതിരോധം തീർക്കാനും അതിജീവനത്തിനുള്ള യുദ്ധതന്ത്രം മെനയാനും അവസരമൊരുക്കി.. കൂടാതെ യുദ്ധഭൂമിയിൽ നിന്നും ഫ്രാൻസിലെ മറ്റിടങ്ങളിലേക്കുള്ള അഭയാർഥികളുടെ ഒഴുക്കും ഡെൻകിർക്കിലേക്ക് മുന്നേറുന്നതിൽ നിന്നും താൽക്കാലികമായെങ്കിലും ജർമനിയെ തടഞ്ഞു.. കിട്ടിയ സമയം കൊണ്ട് രക്ഷപ്പെടാനുള്ള വഴി തരപ്പെടുത്തിയ ബ്രിട്ടൺ, തങ്ങളുടെ മുഴുവൻ പടക്കപ്പലുകളെയും ജലയാനങ്ങളെയും സൈനികരെ രക്ഷിക്കാൻ ഡെൻകിർക്കിലേക്ക് അയച്ചു.. മാത്രമല്ല രാജ്യത്തെ മറ്റിടങ്ങളിൽ നിന്നും മോട്ടോർ ബോട്ടുകളും ഹൗസ് ബോട്ടുകളും എല്ലാം  ഈയൊരു രക്ഷാ പ്രവർത്തനത്തിന് ഇറങ്ങണമെന്നു സർക്കാർ ആഹ്വാനം ചെയ്തു..

Dankirk Shore
Dankirk Port

യൂറോപ്യൻ വൻകരക്കും ബ്രിട്ടനും ഇടയിലുള്ള ഡോവർ ഇടനാഴിയിലെ രക്ഷാ പ്രവർത്തനം പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല.. ജർമ്മനി കരയിൽ മാത്രമല്ല കടലിലും ആകാശത്തും നിരന്തര ആക്രമണം നടത്തി.. യുദ്ധ വിമാനങ്ങൾ പരസ്പരം ആക്രമിക്കുകയും തകർന്നു വീഴുകയും ചെയ്തു.. രക്ഷാപ്രവർത്തനത്തിനിറങ്ങിയ പടക്കപ്പലുകളെയും കൂട്ടുപോയ മറ്റു കപ്പലുകളിൽ പലതിനെയും ജർമ്മനി മുക്കി.. ആദ്യ ദിവസം ഏഴായിരത്തിൽ പരം ആളുകളെ മാത്രമേ രക്ഷപ്പെടുത്താൻ ആയുള്ളൂവെങ്കിലും എട്ടാം ദിവസം ഓപ്പറേഷൻ ഡൈനാമോ അവസാനിക്കുമ്പോൾ 338226 സൈനികർ ഡോവർ കാസിലിലെ അഭയ കേന്ദ്രത്തിലെത്തി.. അന്ന് വരെ കാണാത്ത അതിജീവനത്തിന്റെ പുതിയൊരധ്യായമായിരുന്നു അത്.. ഈയൊരുധ്യമത്തിൽ  ബ്രിട്ടനു മാത്രം നഷ്ടമായത് 68000 സൈനികരെയാണ്... പങ്കെടുത്ത ആയിരത്തിലധികം നാവിക സേനാ കപ്പലുകളിലും ബോട്ടുകളിലും പകുതിയിലധികവും മുങ്ങുകയോ ഭാഗികമായി തകരുകയോ ചെയ്തു... മാത്രമല്ല, 65000 സൈനിക വാഹനങ്ങളും  20000 മോട്ടോർ ബൈക്കുകളും ലക്ഷക്കണക്കിന് ടൺ പടക്കോപ്പുകളും ഇന്ധനവുമാണ് ബ്രിട്ടന് ഡാൻകിർക്കിൽ  ഉപേക്ഷിച്ചു പോരേണ്ടി വന്നത്... എങ്കിലും, ലക്ഷക്കണക്കിന് പേരുടെ ഈ രക്ഷപ്പെടലിനെ വിജയമായിത്തന്നെ ബ്രിട്ടൺ ആഘോഷിച്ചു... 

Shipwrecks

മറുവശത്ത് ലോകം കണ്ടതിൽ വെച്ചേറ്റവും മഹത്തായ യുദ്ധ വിജയമെന്നാണ് ഹിറ്റ്ലർ  ഇതിനെ വിശേഷിപ്പിച്ചത്... ബ്രിട്ടന്റെയും സഖ്യസേനയുടെയും എണ്ണമറ്റ ആയുധങ്ങളാണ് ഒറ്റയടിക്ക് ജർമ്മനി ഇതിലൂടെ സ്വന്തമാക്കിയത്... ഹിറ്റ്ലറുടെ ഏറ്റവും വലിയ അബദ്ധമായി പലരും ഡെൻകിർകിലെ ഈ രക്ഷപ്പെടലിനെ വിശേഷിപ്പിച്ചുവെങ്കിലും, രക്ഷപ്പെട്ടോടിയ ബ്രിട്ടൻ ഇനിയൊരിക്കലും തങ്ങളുടെ അധീശത്വം ചോദ്യം ചെയ്യാൻ യൂറോപ്പിലേക്ക് വരില്ലെന്നും, കൂട്ടത്തോടെ കൊന്നൊടുക്കി ബ്രിട്ടന് പ്രതികാരം ചെയ്യാൻ അവസാനം ഒരുക്കി കൊടുക്കാതിരിക്കുന്നതാവും നല്ലതെന്നും ഹിറ്റ്ലർ കരുതിക്കാണും എന്നഭിപ്രായമുള്ളവരും കുറവല്ല…

Underground tunnel and telephone exchange at Dover Castle

കാര്യമെന്തുതന്നെ ആയാലും അതിജീവനമാണ് വിജയം(Survival is victory) എന്നൊരു വലിയ പാഠം ഇന്നും സജ്ജമായിരിക്കുന്ന ഡോവർ കാസിലിലെ യുദ്ധമുറി നമുക്ക് പറഞ്ഞു തരും... എവിടെ ഓപ്പറേഷൻ ഡൈനാമോ പുതിയ കാഴ്ചക്കാർക്ക് മുന്നിൽ യഥാർത്ഥ വീഡിയോ ക്ലിപ്പുകളും റേഡിയോ സന്ദേശങ്ങളുമായിത്തന്നെ ഇതൾ വിരിയുന്നു.... സമീപത്തെ തുരങ്കപാതയിലൂടെ കയറിവന്ന ലക്ഷക്കണക്കിന് പട്ടാളക്കാരുടെ ദീർഘനിശ്വാസങ്ങൾ ഈ ഇരുട്ടറയുടെ ഇടനാഴികളിൽ ഇന്നും പ്രതിധ്വനിക്കുന്നുണ്... ആ മുഴക്കങ്ങളാണ് ആധുനിക ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ഡോവർ കാസിലിനെ ഉയരെ നിർത്തുന്നതും...

കാലാന്തരങ്ങളുടെ വാതായനം - Durdil Door


ആഴ്ച്ചവസാനം കാറിലൊരു കറക്കമായലോ എന്ന് ഫൈസൽ ചോദിച്ചപ്പോഴെ ഞങ്ങൾ റെഡി ആയിരുന്നു... വാടകയ്ക്കെടുത്ത കാറുമായി കൂട്ടുകാരെല്ലാവരും കൂടി പുറപ്പെട്ടപ്പോഴും  എങ്ങോട്ടെന്ന കാര്യത്തിൽ എനിക്ക് വല്യ ധാരണ ഉണ്ടായിരുന്നില്ല... ഡർഡിൽ ഡോർ എന്ന് ഒന്ന് ഗൂഗിൾ സെർച്ച് ചെയ്യാൻ പോലും തോന്നിയതുമില്ല... കാണാൻ പോകുന്ന പൂരം പറഞ്ഞറിയണ്ടല്ലോ എന്നൊരു തോന്നൽ...

35 പൗണ്ടിന് വാടകയ്ക്കെടുത്ത് 25 പൗണ്ടിന് ഡീസലും അടിച്ചാൽ 5 പേർക്ക് ഒരു ദിവസം മുഴുവൻ കറങ്ങാം എന്നത് UK യിൽ തികച്ചും ആകർഷണനീയം ആണ്... കാരണം ട്രെയിനും ട്രെയിൻ ഇല്ലാത്തിടത്തേക്കുള്ള ബസ് യാത്രയും ഇതിലേറെ ചിലവേറിയതാണ്... ഇന്ത്യൻ ലൈസൻസ് ഒരു വർഷം വരെ ഇവിടെ അനുവദനീയം ആണ് താനും... 
ലോകത്തിൽ വാഹനാപകട നിരക്ക് ഏറ്റവും കുറഞ്ഞ 5 രാജ്യങ്ങളിൽ ഒന്നായ ബ്രിട്ടനിലെ ഡ്രൈവിങ് സംസ്കാരം എടുത്തു പറയേണ്ട ഒന്നാണ്... രണ്ടു വരി റോഡുകളിൽ ആരും തന്നെ ഓവർ ടേക്ക് ചെയ്യാൻ തുനിയാറില്ല... ഹോൺ മുഴക്കാറില്ല.. 70 മൈൽ വരെ വേഗപരിധി ഉള്ള മോട്ടോർ റോഡുകളിൽ ആണെങ്കിൽ എല്ലാവരും ലൈൻ ട്രാഫിക് പാലിച്ചു പോകാറാണ് പതിവ്... വേഗം കുറഞ്ഞ വാഹനങ്ങൾ ഇടതു വശം ചേർന്നും കൂടിയവ വലതു വശം ചേർന്നും ഒഴുകി നീങ്ങും... റോഡിലെമ്പാടും വാഹനം നിർത്താൻ പാർക്കിംഗ് ബേ കൾ നിർമിച്ചിരിക്കുകയും അല്ലാത്തിടത്തു നിർത്തിയാൽ കനത്ത പിഴ ഈടാക്കുകയും ചെയ്യുന്നു... 

ഇന്ഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറൻ തീരത്തുള്ള ഡോർസെറ്റ് കൗണ്ടിയിൽ ആണ് ഡർഡിൽ ഡോർ. ലണ്ടനിൽ നിന്നും 130 മൈൽ ദൂരെയാണിത്.. പോകുന്ന വഴിയിൽ സതാംപ്ടനു അടുത്തുള്ള ന്യൂ ഫോറസ്റ്റ് നാഷണൽ പാർക്ക് മറ്റൊരു ആകർഷണം ആണ്... കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നേർവഴിക്ക് ഇരുവശവും മരങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു... റോഡിൻറെ ഇരുവശവും മുകൾഭാഗവും മരച്ചില്ലകൾ ഒരേ അളവിൽ വെട്ടിയൊതുക്കി ഇരിക്കുന്നതിനാൽ പച്ചില തുരങ്കത്തിലൂടെ യാത്ര ചെയ്യുന്ന ഫീൽ അനുപമമാണ്... ഇടയ്ക്കിടെ മറച്ചില്ലകൾക്കിടയിലൂടെ സൂര്യൻ എത്തി നോക്കുന്നു...    ഏകദേശം 3 മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങളെത്തുമ്പോൾ ഡർഡിൽ ഡോറിൽ മഴ പൊഴിഞ്ഞു തുടങ്ങിയിരുന്നു... വിശാലമായ കുന്നിൽ പുറത്തു കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങി.. കുന്നിറങ്ങി താഴെയെത്തണം കടലിനടുത്തെത്താൻ... പച്ചപ്പുൽ മേടുകളും അതിനോട് ചേർന്ന് കടലും ഏതോ വാൾപേപ്പറിനെ ഓർമിപ്പിച്ചു... ഇന്ഗ്ലണ്ടിന്റെ തെക്കൻ തീരത്ത്, ഇംഗ്ലീഷ് ചാനലിനോട് ചേർന്നു കിടക്കുന്ന സ്ഥലം ഭൂമുഖത്ത് മനുഷ്യവംശം പിറവികൊള്ളും മുൻപേ, ഏകദേശം 185 മില്യൺ വർഷങ്ങൾക്ക് മുൻപു മുതൽ ഉള്ള ചരിത്രം നമ്മോടു വിളിച്ചു പറയുന്നു.. ട്രയാസിക്, ജുറാസിക്, ക്രെറ്റയേഷ്യസ് കാലഘട്ടങ്ങളിൽ ഫോസിലുകൾ പലകാലങ്ങളിൽ കണ്ടെടുക്കപ്പെട്ടിട്ടുള്ള, പല കാലങ്ങളിൽ കുന്നായും കാടായും കടലായും മരുഭൂമിയായും ഒക്കെ രൂപം മാറിയിട്ടുള്ള തീരം 'ജുറാസിക് കോസ്റ്റ്' എന്ന് പൊതുവിൽ അറിയപ്പെടുകയും യുനെസ്കോ അവരുടെ പൈതൃക പട്ടികയിൽ പെടുത്തി സംരക്ഷിച്ചു പോരുകയും ചെയ്യുന്നു... താഴോട്ട് ഇറങ്ങി ചെല്ലും തോറും ഓരോ സഞ്ചാരിക്കും മറക്കാനാവാത്ത കാഴ്ചയാണ് ഈയിടം സമ്മാനിക്കുക... പച്ച നിറത്തിലുള്ള കടലും പല നിറത്തിലുള്ള കുന്നുകളും കടലിലേക്കിറങ്ങി നിൽക്കുന്ന പാറക്കെട്ടും ഇവിടം ഒരു എണ്ണചായചിത്രം പോലെ തോന്നിക്കും... കടലിൽ ഉയർന്നു നിൽക്കുന്ന കമാനവും അതോടു ചേർന്നു നിൽക്കുന്ന പാറക്കെട്ടുകളും ഇംഗ്ലീഷ് കുട്ടിക്കഥകളിലെ കല്ലായി രൂപാന്തരം പ്രാപിച്ച 'ഡർഡിൽ ഡോറസ്' എന്ന ദിനോസറിന്റെ രൂപം ആയി നമ്മെ അത്ഭുതപ്പെടുത്തും... അത്രമേൽ മനോഹരമായി പ്രകൃതി പലകാലങ്ങളിൽ ചുണ്ണാമ്പ് കല്ലിൽ കൊത്തുപണി ചെയ്തിരിക്കുന്നു... 
ബീച്ചിലേക്ക് ഇറങ്ങാൻ ഉള്ള വഴി കാഴ്ചയിൽ അതി മനോഹരവും എന്നാൽ അത്യധികം വഴുവഴുപ്പുള്ളതും ആയിരുന്നു... കളിമണ്ണിനു സമാനമായ മണ്ണിൽ ഞങ്ങൾ പലകുറി വീഴാൻ പോയി... അത്രയധികം കിഴക്കാംതൂക്കായ(ക്ലിഫ്) ഈയിടം മലയിടിച്ചിലിന് ഏറെ പ്രശസ്തമാണ്... 2013 ലെ മലയിടിച്ചിൽ തെക്ക് പടിഞ്ഞാറൻ ബീച്ചിലേക്കുള്ള വഴി മുഴുവനായും തന്നെ ഇല്ലാതാക്കിക്കളഞ്ഞു... ഡർഡിൽ ഡോറിന് അടുത്തായി തന്നെയാണ് പ്രശസ്തമായ ലൾവർത്ത് കോവ്.. '' ആകൃതിയിൽ കടൽ അകത്തോട്ടു കയറി കിടക്കുന്ന(Cove) ഇവിടം ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്..  
മരം കോച്ചുന്ന തണുപ്പും ചന്നം പിന്നം പെയ്ത മഴയും വീശിയടിക്കുന്ന തണുത്ത കാറ്റും കൂടുതൽ സമയം അവിടെ ചിലവഴിക്കാൻ ഞങ്ങളെ സമ്മതിച്ചില്ല.. മനസ്സില്ലാ മനസ്സോടെ പ്രകൃതി വരച്ച ചിത്രം നോക്കി വീണ്ടും വീണ്ടും നെടുവീർപ്പിട്ടുകൊണ്ടു ഞങ്ങൾ അടുത്തയിടമായ പോർട്സ്മത്തിലേക്ക് തിരിച്ചു...

"നീയെനിക്കല്ലേ... നിൻ പാട്ടെനിക്കല്ലേ..."

ചില പാട്ടോർമകളുണ്ട് .. ഇരുകരകളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഒരുതുരുത്തിന്റെ ഓർമകളിലേക്ക് തോണി തുഴയുന്നവ... ആയുസ്സിന്റെ  അലകടലാകാശങ്ങളെ അകലങ്ങളിലിരുന്നു പോലും തൊട്ടുണർത്തുന്നവ.. പിന്നെയും പിന്നെയും കേൾക്കുമ്പോൾ ജീവിതം തന്നെയായി മാറിയവ.. നിനക്കുമെനിക്കുമിടയിലെ പ്രണയമുഹൂർത്തങ്ങളായവ..
പരസ്പരം നോക്കിയിരുന്ന ആദ്യ തീവണ്ടിയാത്രയിൽ മൗനത്തിന്റെ കെട്ടുപൊട്ടിച്ചത് നീയായിരുന്നു.. "അല്ലിമലർ കാവിൽ " ആയിരുന്നു നീ ചോദിച്ചത്.. പകരം ഞാൻ ഓഫർ ചെയ്തതോ "നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ" എന്ന പാട്ട്.. ഇയർ പീസുകൾ പങ്കുവച്ചു നമ്മളാദ്യമായി കേട്ട പാട്ടിലെ ചില വരികളങ്ങനെ ഓർമയിലിപ്പോഴും കൊരുത്തു നിൽക്കും.. അതെനിക്കായ്‌ എഴുതപ്പെട്ടതെന്നു മനസ്സു മന്ത്രിക്കും.. "ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കീ നിൻ..
 രാഗലോല പരാഗസുന്ദര ചന്ദ്രമുഖ ബിംബം.."
പിന്നീടങ്ങോട്ട് പരസ്പരം പങ്കുവച്ച എത്രയെത്ര പ്രണയയാത്രകൾ.. സ്നേഹം പൊതിഞ്ഞു നീ കൊണ്ടുവന്ന പലഹാരപ്പൊതികൾ.. വായിച്ചും കേട്ടും ചൊല്ലിയും പഴകിയ എത്രയെത്ര കവിതാ ശകലങ്ങൾ.. ആർത്തിയോടെ വായിച്ചു തീർത്ത എത്രയെത്ര പുസ്തകങ്ങൾ... കഥകൾ പറഞ്ഞു പറഞ്ഞു എന്റെ തോളിൽ നീ മയങ്ങിപ്പോയ എത്രയെത്ര രാവുകൾ, പകലുകൾ..
പിന്നെയും കഥ പറഞ്ഞു പറഞ്ഞു നാം ഒന്നായ കഥ.. അങ്ങനൊരു നാളിലാണ് വളരും തോറും പ്രായം കുറഞ്ഞു വരുന്നൊരു സിനിമാക്കഥ (Curious Case of Benjamin ആണെന്ന് തോന്നുന്നു..!!) നീയെന്റെ മുന്നിലിട്ടത്.. അതിൽ പിന്നെ ഓരോ വർഷവും ഞാൻ ചെറുതായി തുടങ്ങി.. നിന്റെ പ്രണയം വാത്സല്യങ്ങളായി.. ഓരോ രാത്രിയിലും സിൻഡ്രല്ലയുടെയും അറബിക്കഥയിലെ രാജകുമാരിയുടെയും കുഞ്ഞനുറുമ്പിന്റെയും തെനാലി രാമന്റെയും കഥകൾ എന്നെ തേടിയെത്തി.. കഥ കേട്ട് നിന്റെ കയ്യിൽ കിടന്ന് നെഞ്ചിൽ തലവച്ചു ഞാൻ ഉറങ്ങാൻ തുടങ്ങി.. എന്റെ കുട്ടിക്കുറുമ്പുകളെ ഉടുമ്പു കുട്ടാപ്പുവിനെ കാട്ടി നീ ഒതുക്കി നിർത്തി.. പ്രണയം കൊണ്ടു നീ കെട്ടിപ്പൊക്കിയ മായാലോകത്ത് നിന്റെ വാത്സല്യങ്ങളെല്ലാം എന്റെ പേരായി... എന്റെയുണ്ണിക്കെന്തു പേരിടും എന്നായി  നിന്റെ പരിഭവങ്ങളത്രയും.. വാക്കുകൾ കോർത്തു നീയും ഞാനും തുടർന്നെഴുതിയവയെല്ലാം പരസ്പരം പ്രണയം തൂവി പ്രണയോപനിഷത്തുക്കളായി... രസച്ചരട് പൊട്ടിയവയൊക്കെയും വിരഹ വേദനകളായി.. പ്രണയമുണ്ടുണ്ടു വളർന്ന ഓരോ ജന്മദിനങ്ങളും പ്രണയ ലേഖനങ്ങൾക്കുള്ള കാത്തിരിപ്പുകളായി..
എഴുത്തുപുരവീട്ടിലെ ഉമ്മറപ്പടിയിലിരിക്കുന്ന രേവതിയുടെ ഭർതൃ സങ്കൽപം നിന്റെ കൂടിയല്ലേയെന്നു ഇപ്പൊഴെനിക്ക് തോന്നാറുണ്ട്.. പിന്നെയിപ്പോ ഇങ്ങു ദൂരെ മാറി ഓർമകളുടെ നാട്ടുമാവിൻ ചോട്ടിൽ ഒറ്റയ്ക്ക് വന്നിരിക്കുമ്പോഴും എന്റെയുള്ളിൽ പാടുന്നത് അതേ പാട്ടു തന്നെ..