ഒരുവട്ടം കൂടിയെൻ.....

   ആദ്യപാഠം പകർന്ന സ്കൂളിൻറെ പൂർവ്വവിദ്യാർഥി സംഗമാത്തിനിറങ്ങിപ്പുറപ്പെടുമ്പോഴും മനസ്സിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല.... സ്കൂളിലും കോളേജിലും ഇത്തരം സംഗമങ്ങൾക്ക് പോകണമെന്ന് ഒരുപാടാഗ്രഹിക്കുകയും(ക്ലാസ്സ്മേറ്റ്സ് കണ്ടപ്പോഴാണത് കലശലായത്!!) ഒരിക്കൽ പോലും അതിനുള്ള ഭാഗ്യം സിദ്ധിക്കാതിരുന്നിട്ടും അപ്പൊ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.. കൂടെ പഠിച്ച കൂട്ടുകാരുടെ മുഖങ്ങളോ ആദ്യമായ് പ്രണയം തോന്നിയ പെണ്‍കുട്ടിയുടെ പുഞ്ചിരിയോ ഒരുപാടു തല്ലു വാങ്ങിയൊരു കുസൃതിയോ ഒന്നും ഓർമ  വന്നില്ല ... അറുപതാണ്ടിന്റെ ബാല്യം പിന്നിടാനൊരുങ്ങുന്നൊരു സർക്കാർ സ്കൂൾ പോറ്റി വളർത്തിയ ഒരുപാട് മക്കളിൽ ഒരാള് മാത്രമാണല്ലോ ഞാൻ... 



    സ്കൂളിന്റെ പടി കയറുമ്പോൾ വല്ലാത്തൊരപരിചിതത്വം തോന്നി... ആ തണലു നഷ്ടപ്പെട്ടിരുന്നു... ഞങ്ങളോരോരുത്തരും അവസാനമായ് പടിയിറങ്ങിപ്പോന്നപ്പോഴും കരഞ്ഞു കലങ്ങി, ചുവന്ന കണ്ണീർ പൊഴിച്ചൊരാ ഗുൽമോഹർ.... പ്രണയിക്കാൻ പഠിപ്പിച്ച ഗുൽമോഹർ... പ്രണയത്തിനു നിറം ചുവപ്പാണെന്നു കാതിൽ പറഞ്ഞൊരാ ഗുൽമോഹർ... മഴ പെയ്തു തീർന്നാലും മരം പെയ്യുമെന്ന് കാണിച്ച ഗുൽമോഹർ... (വസന്തം വിരുന്നായ്‌ പോലും എത്തിനോക്കാത്ത തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലിരുന്ന്

"ഇത് ഗുൽമോഹർ - വാടി വീണ രക്തപുഷ്പം 

അറിയുനീ പ്രണയിനീ ഇതെന്റെ ഹൃദയമാണ്" 

എന്നെന്നെക്കൊണ്ടെഴുതിച്ചത് ഇതേ ഗുൽമോഹറാകുന്നു..)

സ്കൂളിനു മതിലു കെട്ടാൻ വേണ്ടി ചുവന്ന ചിരിയുള്ള ആ വലിയ മരം മുറിച്ചു മാറ്റപ്പെട്ടിരുന്നു...


    പടികയറി ചെന്നപ്പോഴേ രണ്ടു പേരെ കണ്ടു... പഴയ സഹപാഠികളെ... കുശലം പറഞ്ഞു... അപ്പൊഴാണറിഞ്ഞത് രണ്ടു പേരും അവിടുത്തെ അധ്യാപകരാണത്രെ... ഭാഗ്യം ചെയ്തവർ...   "ഒരുവട്ടം കൂടിയാപ്പഴയവിദ്യാലയത്തിരുമുറ്റത്തെത്തുവാൻ മോഹം" എന്ന് സ്വാഗതമോതി സ്റ്റേജിൽ എഴുതി വച്ചിരുന്നു... ആ മോഹം എന്റെയുള്ളിലും ഉണ്ടായിരുന്നുവെന്നു തിരിച്ചറിഞ്ഞത് അത് പലകുറി ഉരുവിട്ട ശേഷമാണ്.. 


    ഒരുപാടു പെരൊന്നുമുണ്ടായിരുന്നില്ല, എങ്കിലും അന്പതുകളിലെ ആദ്യബാച്ചിലുണ്ടായിരുന്ന കുഞ്ഞാലിഹാജിയും ഇതേ സ്കൂളിൽ പഠിക്കുകയും അന്നു വന്നെത്തിയ മഹാഭൂരിഭാഗം പേരെയും പഠിപ്പിക്കുകയും പ്രധാനാധ്യപകനായി വിരമിക്കുകയും ചെയ്ത നാരായണൻ മാഷും മുതൽ കഴിഞ്ഞവർഷം പഠിച്ചിറങ്ങിയവർ വരെയുള്ള ഒരുപാടുപേർക്കിടയിൽ ഇരുന്നപ്പോൾ അഭിമാനം തോന്നി..

   കോമ്പസ്സിനാൽ ഇണചേർത്തെഴുതിയ പേരിലെ ആദ്യാക്ഷരങ്ങൾ തലമുറകളുടെ തഴമ്പുവീണ ബെഞ്ചിലും ഡെസ്കിലും ഒരുപാടു കണ്ടു... പറയാതെ പോയ പ്രണയത്തിന്റെ പാവനസ്മരണയ്ക്ക് രണ്ടക്ഷരങ്ങൾ ഇന്നും ഗാഡാലിംഗനം ചെയ്യുന്നു.... ഒരേ ബെഞ്ചിൻറെ രണ്ടറ്റത്തുമിരുന്നു അങ്ങോട്ടുമിങ്ങോട്ടും ഉന്തിയ ഒരുപാടു സതീർത്യരെ മനസ്സിലോർത്തു.. പലവഴിക്കു വീണ്‌ചിതറിയ ഒരു കുമ്പിൾ വെള്ളമായിരുന്നല്ലോ നമ്മളെല്ലാം... അതിൻറെ തെളിമയും കുളിർമയും വീണ്ടും വീണ്ടും മനസ്സു നനയിക്കുന്നു.... 


    എല്ലാവര്ക്കും വാതോരാതെ പറയുവാനുണ്ടായിരുന്നു, പനയോളം വളർന്നിട്ടും പതിരില്ലാതെ സൂക്ഷിച്ച ഒരുപിടിയോർമ്മകൾ.. പലരുടെയും വാക്കുകൾ ഇടറി... അത് പലപ്പോഴും ഓർമകളുടെ വേലിയേറ്റത്താലായിരുന്നു... എന്നാൽ അങ്ങനെയല്ലാത്തൊരാൾ കൂടി അവിടുണ്ടായിരുന്നു... തൻറെ കാമറയുമായി ഓടിനടന്നു പടം പിടിച്ച രാജേഷേട്ടൻ... അവരുടെ വാക്കുകൾ ഇടറിയത് വാക്കുകളുടെ കനം കൊണ്ടായിരുന്നില്ല.. പകരം ഓർമയുടെ ഹാർഡ് ഡിസ്കിൽ അവർ സൂക്ഷിച്ച എല്ലാ ഫയലുകളും ഒരൊറ്റയപകടം ഫോർമാറ്റു ചെയ്തു കളഞ്ഞതു കൊണ്ടായിരുന്നു... 

     എല്ലാവരുടെയും വിവരണങ്ങൾക്കിടയിൽ തന്റെ ഓർമകളെ അദ്ദേഹം പരതി നടന്നിട്ടുണ്ടാകണം.. അല്ലെങ്കിൽ അവയെല്ലാം തന്റേതു കൂടിയാണെന്നോർത്ത് ആ ഓർമകളിൽ നീന്തിത്തുടിച്ചിട്ടുണ്ടാകണം... 

    രണ്ടായാലും "ഇപ്പൊഴെല്ലാം ശെരിയായി ..., മലയാളം വായിക്കാനാവുന്നുണ്ട്, ഇംഗ്ലീഷ് അക്ഷരങ്ങളും പഠിച്ചു, കണക്കു കൂട്ടാനും അറിയാം.. പിന്നെ വരയ്ക്കുമ്പോഴും ഫോട്ടോയെടുക്കുമ്പോഴും ചെറിയ വിറയലുണ്ട്... അതും ശരിയാകും" എന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ  പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു.. കാരണം ഒരുപാടു ചിത്രപ്രദർശനങ്ങൾ നടത്തിയ ഫോട്ടോഗ്രാഫറും കോയമ്പത്തൂർ ടൈംസ് അഡ്വര്ടയിസ്മെന്റ്സിലെ സീനിയർ ഗ്രാഫിക് ഡിസൈനറും ആയിരുന്ന ആൾ ആണ് ഇന്ന് എല്ലാം ഒന്നിൽ നിന്നും തുടങ്ങുന്നത്... 

പിന്നീട് രാജേഷേട്ടന്റെ ഓർമയിലേക്ക് എന്നെക്കൂടി റീലോഡ് ചെയ്ത ശേഷം "തിരികെ വന്ന നിറങ്ങൾ" എന്ന പേരിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അദ്ധേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ ഒരു കോപ്പി കൂടി വാങ്ങി സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു.... അദ്ദേഹത്തിനു മുൻപിൽ ഓർമകളെപറ്റി വാചാലനായ ഞാൻ വല്ലാതെ ചെറുതായപോലെ തോന്നി.....                                                                                                             - നിധി - 

ഞാനറിയുന്ന കണ്ണൂർ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ ആദ്യം എന്താണ് ഓർമ വരിക...?
നിങ്ങൾ ഒരു കണ്ണൂരുകാരൻ അല്ലെങ്കിൽ നിസ്സംശയം പറയാം,
എവിടെയോ പൊട്ടിയ ഒരു ബോംബിന്റെ കറുത്ത പുക..,
മനസ്സാക്ഷിക്കുത്തില്ലാതെ വെട്ടി വീഴ്ത്തുന്ന വടിവാളിന്റെ തിളക്കം...,
അല്ലെങ്കിൽ എന്നോ തുടങ്ങി ജയകൃഷ്ണൻ മാഷിലും ഷുക്കൂറിലും ഫസലിലും ഒടുവിൽ ടിപിയിലും എത്തി നില്ക്കുന്ന രക്തസാക്ഷികളുടെ മുഖം...,
നിങ്ങല്ക്കൊരല്പം ഇടതു ചായ്‌വ് ഉണ്ടെങ്കിൽ ചുവപ്പു കൊടിമരത്തിനു കീഴെ കട്ടൻ ചായയും പരിപ്പു വടയും കഴിച്ച് ദിനേശ് ബീഡിയും വലിച്ചിരിക്കുന്ന സഖാക്കളുള്ള ചുവപ്പു കോട്ട..,
എന്നാൽ കണ്ണൂരിനെ കുറിച്ചുള്ള കണ്ണൂരുകാരന്റെ കാഴ്ച തികച്ചും വേറിട്ടതാകുന്നു..

ആദ്യമേ ഒരു കാര്യം പറയട്ടേ,കണ്ണൂരിൻറെ മേല്പറഞ്ഞ മുഖഛായയിൽ എറ്റവുമധികം വേദനിക്കുന്നത് കണ്ണൂരുകാരാകുന്നു...
നാട് കണ്ണൂരെന്ന് പറയുമ്പോഴുള്ള ആ ഭാവപ്പകർച്ച ഞങ്ങളെത്ര കണ്ടിരിക്കുന്നു...
ആ നോട്ടം പലപ്പോഴും പുച്ഛത്തിന്റെതായിരുന്നു..
ചിലപ്പോഴൊക്കെ ഭയവും മറ്റു ചിലപ്പോൾ സഹതാപവുമായിരുന്നു ആ നോട്ടങ്ങളിൽ..,(തെക്കൻ കേരളത്തിലൊരിക്കൽ പാതിരാത്രിയിൽ ലിഫ്റ്റ്‌ തന്ന ബൈക്ക് യാത്രക്കാരൻ നാട് കണ്ണൂരാണെന്ന് പറഞ്ഞപ്പോൾ ഞാനിവിടെ വരെയേ ഉള്ളൂ എന്ന് പറഞ്ഞു പാതിവഴിയിൽ ഇറക്കി വിട്ടതും ഇവിടെ ഓർക്കാം)., സഹജീവിയെ, അത് സ്വന്തം സഹോദരനാണെങ്കിൽ പോലും അന്യപാർടിക്കാരനാണെങ്കിൽ വെട്ടി വീഴ്ത്തുന്ന നീച രാഷ്ട്രീയത്തോടുള്ള അവജ്ച്ഞ.. - അതേറ്റു വാങ്ങാൻ ഞാൻ ബാധ്യസ്തനാകുന്നു..
എന്നാൽ കണ്ണൂരിന് നിങ്ങളറിയാത്ത മറ്റൊരു മുഖമുണ്ട്,
സ്നേഹിക്കാനറിയുന്ന മനുഷ്യത്വം വറ്റി തുടങ്ങിയിട്ടില്ലാത്തൊരു മുഖം.., തനിക്കു മേലെ തന്റെ നാട്ടാരെ കാണുന്നൊരു മാനുഷിക മുഖം..., ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ്മയെ കുറിച്ചറിയാൻ സഹകരണ പ്രസ്ഥാനങ്ങളുടെ കണക്കെടുത്താൽ മതിയാകും..,
അത് ജനകീയ ഓട്ടോയിലും ജനകീയ ബസ്സിലും തുടങ്ങി എണ്ണിയാൽ തീരാത്ത സഹകരണ ബാങ്ക്-ആശുപത്രി-വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിനില്ക്കുന്നു(ഇവയിൽ പരിയാരം മെഡിക്കൽ കോളേജ്, തലശ്ശേരി എഞ്ഞിനീറിങ്ങ് കോളേജ്,കോഫീ ഹൌസ്,റബ്കോ, റെയ്ഡ്കോ തുടങ്ങിയ വൻ സംരംഭങ്ങളും പെടും).

ഇവിടെ എല്ലാവരും ഒരു കുടുംബമാണ്... നാട്ടിലൊരു കല്യാണമായാലും മരണമായാലും എന്റെ വീടും നിന്റെ വീടും ഒരുപോലെ.., എന്റെ സന്തോഷവും നിന്റെ സന്തോഷങ്ങളും ഒരു പോലെ.., അപരന് വേണ്ടി ഒരു കൈ സഹായം നീട്ടാൻ ആര്ക്കും ഒരു മടിയുമില്ല.., അതുകൊണ്ട് മാത്രമാണ് നടുറോഡിൽ ചോര വാർന്നു മരിച്ചെന്ന വാർത്ത കണ്ണൂരിൽ നിന്നും നിങ്ങൾ ഇനിയും കേട്ടു തുടങ്ങിയിട്ടില്ലാത്തത്...

തന്റെ ചുറ്റുവട്ടങ്ങളിൽ നിന്നാവണം 'കൊമാല'യിലെ വിശ്വൻ കുണ്ടൂരിനെ സന്തോഷ്‌ എച്ചിക്കാനം കണ്ടെടുത്തിട്ടുണ്ടാവുക..,
കണ്ണൂരിന്റെ കറുത്ത ഏടുകളിൽ നിന്നും ഉയിർത്തെണീറ്റു വന്ന അസ്നയ്ക്കും അമാവാസിക്കും(പൂർണചന്ദ്രൻ) വാതോരാതെ പറയുവാനുണ്ടായിരുന്നത് ഇവിടുത്തെ കരുണ വറ്റാത്ത കരങ്ങളെ കുറിച്ചായിരുന്നു..,

ഒരേ മനസ്സോടെ കൂടെ നിന്ന നല്ല നാടിനെ കുറിച്ചായിരുന്നു (കണ്ണൂർ അങ്ങനെ ആ കടം വീട്ടി!!)
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണം പരിശോധിച്ചാൽ വളരെ വിചിത്രമായൊരു മനശാസ്ത്രം കാണാമതിൽ..,
തന്റെ സുഹൃത്തിനോ പ്രസ്ഥാനത്തിനോ ഏറ്റ പ്രശ്നത്തിനെ തന്റെതായി കണ്ടു അവൻ പകരം ചോദിക്കുന്നു... അവിടെ തന്നെയോ കുടുംബത്തെയോ അവൻ വലുതായി കാണുന്നില്ല.. പ്രസ്ഥാനത്തോടുള്ള ഈയൊരു ആത്മാർഥത ചില നേതാക്കൾ മുതലെടുത്തതാണ് ഫുട്ബോളിനു സമാനമായ സ്കോറിങ്ങിലേക്ക് രാഷ്ട്രീയ കൊലപാതകങ്ങളെ കൊണ്ടെത്തിച്ചത്..,

കേരളത്തിലെ മദ്യപരുടെ കണക്കെടുത്താൽ ഒരുപക്ഷേ എറ്റവും പിന്നിലായിപ്പോകും കണ്ണൂര്.., പരമ്പരാഗത കണ്ണൂരുകാർക്കിടയിൽ സ്ത്രീധന സമ്പ്രദായം ഇന്നും കേട്ടുകേൾവി മാത്രമാണ്.., "രക്ഷിക്കാം പൈതങ്ങളേ" എന്ന് ചൊല്ലി ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളുടെ ചുറ്റിലും ഭക്ത്യാദര പൂർവ്വം തടിച്ചു കൂടുന്നവരിൽ ജാതി-മതങ്ങളുണ്ടായിരുന്നില്ല... അതുകൊണ്ടാണ് പെരുന്നയിലും കണിച്ചുകുളങ്ങരയിലും ഇരുന്നു ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളിയിട്ടും ഇവിടെ അവർക്ക് ആളെക്കിട്ടാത്തത്...

മദ്യപിക്കാത്തതെന്തെന്ന കൂട്ടുകാരുടെ ചോദ്യത്തിന് എന്റെ സുഹൃത്തിന്റെ മറുപടി ഇതായിരുന്നു "ഞാൻ വെള്ളമടിച്ചു വീട്ടിൽ കിടന്നുറങ്ങിയാൽ അയൽക്കാർക്കൊരാവശ്യം വന്നാൽ എന്ത് ചെയ്യും??" ഇതിലേറെ നാട്ടാരെക്കുറിച്ചു പറയാൻ എന്തിരിക്കുന്നു....

വാല്ക്കഷണം:  കണ്ണൂരുകാർ ഒരിക്കലും ഞങ്ങൾ എന്ന് പറയാറില്ല.., ‘നമ്മൾ’എന്നേ പറയൂ..  അതിനു പിന്നിലൊരു തത്വശാസ്ത്രമുണ്ട്.. 'ഞാൻ' എന്നതിന് ബഹുവചനമാണ് 'ഞങ്ങൾ', 'നാം' എന്നതിന് 'നമ്മൾ' ഉം..

    -നിധി-

എഴുത്തിന്റെ ചാപിള്ളകൾ


യാത്രകളാണ് എഴുത്തിനു പ്രചോദനം.....

അത് ചിലപ്പോൾ അവ നല്കുന്ന ഏകാന്തത കൊണ്ടു കൂടിയാവാം... എഴുതാനുള്ള വിഷയങ്ങളൊന്നുമില്ലെങ്കിലും ആ  ഒരു ത്വര അങ്ങനെ അലട്ടിക്കൊണ്ടിരിക്കും...

അതു ചിലപ്പോൾ കയ്യിൽ കിട്ടിയൊരു കടലാസു തുണ്ടിലാവാം... അല്ലെങ്കിൽ റയിൽവേ ടിക്കറ്റിന്റെ മറുപുറത്താവാം...

പിന്നെപ്പിന്നെ അതിപ്പോ മെസ്സേജ് ഡ്രാഫ്റ്റ് ആയി...

 എങ്കിലും പിന്നീടെപ്പോഴോ ബാഗിന്റെ കള്ളി തുറന്നപ്പോൾ എഴുതി മുഴുമിപ്പിക്കാത്ത ഒരുപാട് തുണ്ടുകൾ...

വെളിച്ചം  കാണാതെ പോയ എഴുത്തിന്റെ ചാപിള്ളകൾ....

 പിന്നീടൊരിക്കലും എനിക്കത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല...

ആ ഒരൊഴുക്കിലേക്ക് എനിക്ക് ഇറങ്ങിചെല്ലാനായില്ല...  

ആ ഒരു യാത്രയിലേക്ക് തിരിച്ചു പോകാനും....

 

ഈയൊരു കുറിപ്പും ചിലപ്പോൾ ഏതോ ഒരു ചുവപ്പു സിഗ്നലിൽ കുരുങ്ങി രസച്ചരടു പൊട്ടി അർധവിരാമത്തിലേക്ക് ഊർന്ന് വീണേക്കാം...

മറ്റൊരു ചാപിള്ളയെ എന്റെ ഡ്രാഫ്റ്റിൽ അവശേഷിപ്പിച്ച് ഇതും........

കാരണം മറ്റൊരു യാത്രയ്ക്കും കിഴക്കൻ ആന്ധ്രാ തീരത്തെ ഈ വരണ്ട കാറ്റും കത്തുന്ന വെയിലും കൂനകൂട്ടിയ ഉപ്പളങ്ങളും തിരികെ തരാനാവില്ലല്ലോ.....

                                                                     - നിധി -

ഒരു ഇലകൊഴിയും കാലം

മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞുപോകരുതെന്നാഗ്രഹിക്കുന്ന കുറേ നാളുകൾക്കാണ് ഇവിടെ തിരശ്ശീല വീണത്.... ഓർമകളുടെ  ചെപ്പിൽ എന്നെന്നും സൂക്ഷിക്കാവുന്ന ഒരായിരം മുത്തുമണികൾ... നാമെല്ലാം ഒരരങ്ങിൽ ആടിത്തീർത്ത കഥാപാത്രങ്ങളായി... ഒന്നിനൊന്നു പരസ്പര പൂരകങ്ങളായി.... പകരം വയ്ക്കാനാവാത്തതായി... പഠിച്ചത് ജാവയും സ്പ്രിങ്ങും ഹൈബർനേറ്റുമാണെന്നു വിശ്വാസമില്ല.... പകരം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാവാം... പരസ്പരമുള്ള കരുതലുകളാവാം... കൊച്ചു കൊച്ചു സന്തോഷങ്ങളാവാം... കഠിനമായ സന്ദർഭങ്ങളിൽ പോലും ചിരിയെ കൂടെ നിർത്തി... ഓരോ സന്ധ്യകളിലും മനസുകൾ പോകേണ്ടെന്നു മന്ത്രിച്ചു... അഘോഷവേളകൾ അനന്തമില്ലാതായി .. നാമെല്ലാവരും ഒന്നായി... 
എന്തൊരരങ്ങായിരുന്നു... ഇമ ചിമ്മാതെ കണ്ടൊരു ചിരിച്ചിത്രം കണക്കായിരുന്നു കാര്യങ്ങൾ.... മുത്തുമണി പോലെ പൊട്ടിച്ചിതറിയ തമാശകൾ... നർമ്മം നിർത്താതെ വിളമ്പിയ ഗ്രൂപ്പ് ചാറ്റുകൾ... (ശങ്കറിനു സ്തുതി!) അവസാനിക്കാത്ത കോഫീ ബ്രേക്കുകൾ..(പാൻട്രിയിൽ പറഞ്ഞതത്രയും പരദൂഷണങ്ങളായിരുന്നു.. പണി കിട്ടിയതത്രയും പാർവതിക്കും...) പശുവോടു പ്രിയമുള്ള പ്രശാന്തും(അതോ പാലിനോടോ?) പേരിനോടു നീതി പുലർത്താൻ പാടുപെട്ട ഭവ്യയും... പട്ടാളക്കഥകളുമായി നിറഞ്ഞൊഴുകിയ അരുവിയും...
തന്റെ ആവനാഴിയിൽ പണികൾക്ക് പഞ്ഞമില്ലെന്നു പലപ്പോഴും തെളിയിച്ച ആശാനും.. ഓഖയേയും നേത്രാവതിയേയും ഒരുമിച്ചു പ്രണയിച്ച പ്രമോദും.... പലപ്പോഴും പഞ്ച് ഡയലോഗുകൾ പച്ചവെള്ളം കൂട്ടാതെ വിഴുങ്ങിയ ടീച്ചറും വിഴുങ്ങാത്ത ഷെറിനും വൈകിയെന്കിലും ഒത്തൊരു പേരു വീണ ആൻഡ്രോയ്ഡ് ലുട്ടാപ്പിയും പിന്നെ പണി കൊടുത്തും വാങ്ങിയും കിട്ടാതായപ്പോൾ ഇരന്നു വാങ്ങിയും നാമോരുത്തരും അവരവരുടെ റോളുകൾ ഭംഗിയാക്കി....
ഇനി വരില്ല ലിറ്റ്മസിന്റെ ഈ വസന്തകാലം.... ഇനിയെന്നും ഇല കൊഴിയുന്നൊരു ശിശിരകാലം മാത്രം....  അതൊരോർമകൾ മാത്രം... (അല്ലെങ്കിലും നഞ്ചെന്തിനു നാനാഴി...)

                                                                                                                                       - നിധി -
 

എല്ലാം ഒരു കണക്കായി ....

എപ്പോഴാണ് എണ്ണാൻ പഠിച്ചതെന്ന് ഓർമ്മയില്ല....

ചിലപ്പോൾ ഒന്നൊഴിയാതെ കുപ്പിയിലിട്ട് സൂക്ഷിച്ച മഞ്ചാടി മണികൾക്കൊപ്പമാവാം... അല്ലെങ്കിൽ മുറ്റത്ത്‌ ചുവരിനോട് ചേർന്ന്  കുഴിയുണ്ടാക്കിയ കുഴിയാനകളെ പിടിച്ചപ്പോഴോ, വരിവരിയായി  നീണ്ട് പോകുന്ന ഉറുമ്പിൻകൂട്ടങ്ങളെ  കണ്ട്  അത്ഭുതപ്പെട്ടപ്പോഴോ, ആകാശത്തിലെ കുഞ്ഞുനക്ഷത്രങ്ങളോട്  കഥ പറഞ്ഞപ്പോഴോ, പൊട്ടിയ  വളപ്പൊട്ടുകൾ പെറുക്കിക്കൂട്ടിയപ്പോഴോ ആകാം.... എന്നാൽ അതിന്  അക്കങ്ങളുടെയോ സംഖ്യകളുടെയോ പിന്ബലമുണ്ടായിരുന്നെന്നു  തോന്നുന്നില്ല... കുറച്ചും കുറെയും അത്രയും ഇത്രയുമൊക്കെയായി  കണക്കങ്ങനെ നീണ്ടു...   

ഒന്നിൽ നിന്ന് തുടങ്ങണമെന്ന് പറഞ്ഞത് അമ്മയാവാം,

പിന്നെപ്പിന്നെ കൈവിരലുകൾ സഹായത്തിനെത്തി... ഒരു കൈ അഞ്ചും രണ്ടു കൈ പത്തുമായി...

പക്ഷെ ഒന്നാം ക്ലാസിലെ കൊല്ലപ്പരീക്ഷയ്ക്ക് മേശയുടെ കാലും ബോർഡിന്റെ കാലും കൂട്ടിയാലെത്രയെന്ന ചോദ്യത്തിന് മുന്നിൽ ഞാൻ തോറ്റു....

തിരിച്ചും മറിച്ചും പലവട്ടം ചോദിച്ചിട്ടും എനിക്ക് ആറേ കിട്ടിയുള്ളൂ...

മൂന്നു കാലുള്ള ബോർഡുകൾ ഇന്നില്ലാത്തതിനാൽ ഇനിയാർക്കും  അങ്ങനെ പറ്റുമെന്ന് തോന്നുന്നില്ല...

പിന്നീടാണ് കണക്കു പഠിപ്പിച്ച ഏതോ  ടീച്ചർ  പൂജ്യത്തെ  പറ്റി  പറഞ്ഞു തന്നത്... അത് കണ്ടുപിടിച്ചത്  ഭാരതീയരത്രേ... [ഇതിലെന്തിത്ര കണ്ടുപിടിക്കാനിരിക്കുന്നു....??]

ഞാൻ  കൂട്ടിവച്ച വളപ്പൊട്ടുകളും മഞ്ഞാടിക്കുരുക്കളും 

എന്റെ കണക്കിന്റെ സാധ്യതകളെ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു... പെയ്ത് തീരാത്ത മഴത്തുള്ളിയും, വഴിനീളെ കണ്ട ഇലക്ട്രിക്‌  പോസ്റ്റുകളും വരിയായി  നിന്ന സ്കൂൾ അസംബ്ലികളും അത്  പിന്നെയും കൂട്ടി... ആദ്യമായി കണ്ട തീവണ്ടിയേക്കാൾ എന്നെ വിസ്മയിപ്പിച്ചത് ഞാൻ  എണ്ണി തീരും മുൻപേ പാഞ്ഞു പോയ ആ  ഗുഡ്സ് ട്രെയിൻ ആയിരുന്നു... പിന്നീടും പലവട്ടം എന്റെ എണ്ണത്തെ തോൽപ്പിച്ച് അത്  പാഞ്ഞു പോയി... ഇന്നും ഞാൻ അതേ സ്കൂൾ കുട്ടിയുടെ  കൌതുകത്തോടെ പിന്നെയും പിന്നെയും...

ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്നാണെന്ന് മജീദ്‌  പറഞ്ഞപ്പോൾ ഞാൻ മാത്രം ചിരിച്ചില്ല... ഞാനെത്തി നോക്കിയത്  അതിനുള്ള സാധ്യതകളിലേക്കായിരുന്നു... [ഒരു തേങ്ങയും ഒരു  തേങ്ങയും കൂട്ടിയാൽ രണ്ടു തെങ്ങയാകുമെങ്കിലും ഒരു പുഴയും ഒരു  പുഴയും കൂട്ടിയാൽ രണ്ട് പുഴയാകില്ലെന്നു കണ്ടുപിടിച്ച മജീദിന്  നമോവാകം...]

പിന്നീടൊരിക്കൽ പൂജ്യത്തിനും താഴെ സംഖ്യയുണ്ടെന്ന് ടീച്ചർ പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല...

നാല് മഞ്ചാടിമണികളിൽ  നിന്നും അഞ്ചെണ്ണം കുറയ്ക്കാൻ  എനിക്കാവില്ലായിരുന്നു.... അന്ന് തൊട്ടിങ്ങോട്ട്  കണക്കെന്നും എന്റെ  പ്രായോഗിതകളെ വെല്ലുവിളിച്ചു കൊണ്ടിരുന്നു...

ഇല്ലാത്ത സംഖ്യകളൊക്കെ  x ആയി ...

x-നു  ഒന്നും രണ്ടും മൂന്നും വിലയായി [polynomials]...

പിന്നെയത് സാധ്യതകൾ മാത്രമായി.... [Probability]

differentiationഉം integrationഉം എന്താണെന്ന് തിരിയാതായി ...

 

ആയിരവും പതിനായിരവും പോയി മില്യനും ബില്യനും ട്രില്യനും  ആയി എണ്ണം എണ്ണിയാലൊടുങ്ങാതായി...

[ഒന്നിന് പിറകിൽ നൂറു പൂജ്യമിട്ട സംഖ്യയാണത്രേ  'ഗൂഗിൾ'...]

കണക്കങ്ങനെ കണക്കാക്കാനാവാതായി ...

കണക്കില്ലാതായി...

എല്ലാരും ഒരു കണക്കായി ....

ഞാനും ..

  -നിധി-