നീലയോ ചുവപ്പോ മാഞ്ചസ്റ്റർ

 നോസ്ലി സഫാരി പാർക്കിലെ സിംഹക്കാട്ടിൽ വണ്ടിയോടിച്ചു കൊണ്ടിരുന്നപ്പോഴാണ് സ്റ്റേഡിയം ടൂറിന് പോകാനുള്ള പ്ലാൻ ഉരുത്തിരിഞ്ഞത്..  ലിവർപൂളോ ? മാഞ്ചെസ്റ്ററോ? രണ്ടു പേർക്ക് ആൻഫീൽഡ് കാണാൻ അതിയായ ആഗ്രഹം... രണ്ടു പേർക്ക് ഓൾഡ് ട്രഫോർഡും.. എങ്ങോട്ടായാലും ഒരുക്കാമെന്നു വേറെ രണ്ടുപേർ... അരമണിക്കൂർ അകാലത്തിൽ രണ്ടു നഗരങ്ങൾ... ഫുട്ബോളിലെ രണ്ടു വൻകരകൾ... ഒടുവിൽ മാഞ്ചസ്റ്റർ എന്നുറപ്പിച്ചു വണ്ടിയെടുത്തു... തൽക്കാലം ലഞ്ച് കട്ട് ചെയ്തു... 3.45 നാണ് അവസാനത്തെ സ്റ്റേഡിയം ടൂർ.. പോകുന്ന വഴിയെങ്ങും തോരാമഴ... മാഞ്ചെസ്റ്റെറോടടുക്കുംതോറും വഴിയിൽ തിരക്ക് കൂടുന്നു... സിറ്റിക്ക് പുറത്തെങ്ങും വ്യവസായ ശാലകൾ... ലണ്ടൻ കഴിഞ്ഞാൽ ഇംഗ്ളണ്ടിലെ വലിയ നഗരമെന്ന ഖ്യാതിയുണ്ട് മാഞ്ചസ്റ്ററിന്(ബെർമിങ്ഹാംമുമായി ഇക്കാര്യത്തിൽ തർക്കമുണ്ടെങ്കിൽ പോലും)... അതുകൊണ്ടു തന്നെ കാണാനും കേൾക്കാനും ഒട്ടേറെയുണ്ട് മാഞ്ചസ്റ്ററിൽ.. പക്ഷെ,ലോകമെങ്ങുമുള്ള കളിയാരാധകർക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ ഇവിടെ .... ഓൾഡ്‌ട്രാഫോർഡ് എന്ന ചുവപ്പുകോട്ട... കാരണം,ലോകത്തു ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആകുന്നു.... പറഞ്ഞാൽ തീരില്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വീരഗാഥകൾ.... ലോകത്ത്‌  ഏറ്റവും കൂടുതൽ ആരാധകരുള്ള, ഏറ്റവും കൂടുതൽ എവേ ഫാൻസ് ഉള്ള, ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ പണം വാരുന്ന, ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമായുള്ള, പേരും പെരുമയും ഖ്യാതിയും ഗരിമയും വേണ്ടുവോളമുള്ളൊരു ക്ലബിലേക്കാണ്.

ഓൾഡ്‌ട്രാഫോർഡിലേക്കെത്തുമ്പോൾ മഴ തെല്ലൊന്നു കുറവുണ്ട്... ഇരുപുറവുമുള്ള കെട്ടിടങ്ങളത്രയും ചുവന്നു ചുവന്നു വരുന്നു.. ട്രാഫോഡിൽ സർവത്ര ചുവപ്പുമയം ഇടതു വശത്തു ഓൾഡ്‌ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയം .. ഇക്കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാനെ  നമ്മൾ മുട്ടുകുത്തിച്ച, ന്യൂസിലാൻഡിനു മുന്നിൽ ഇന്ത്യയുടെ സ്വപ്‌നങ്ങൾ തകർന്നു വീണ അതെ സ്റ്റേഡിയം... അത് കാണാൻ ആർക്കും താല്പര്യമില്ല.. "M16 Old Traford" ആ ഒരൊറ്റ അഡ്രസ്സേ മുന്നിലുള്ളൂ..ഒടുവിൽ ചുവപ്പു നിറഞ്ഞ തെരുവുകൾ പിന്നിട്ടു ഞങ്ങളെത്തി... ഒരാൾ ഓടി, ടിക്കറ്റ് എടുക്കാൻ.. പക്ഷെ നിരാശ്ശയായിരുന്നു ഫലം... സ്റ്റേഡിയം ടൂറിന്റെ ടിക്കറ്റുകളൊക്കെയും നേരത്തെ തീർന്നിരിക്കുന്നു.. കാർ  പാർക്ക് ചെയ്ത്  സ്റ്റേഡിയത്തിലേക്കു നടന്നു.. വിശാലമായ നടവഴികൾ.. ചുവപ്പു ചെകുത്താന്മാരുടെ താണ്ഡവം കാണാൻ ആരാധകർ ഒഴുകി നീങ്ങുന്ന ഇടമാണ്..  നേരെ മുന്നിൽ കാണുന്നതാണ് അലക്സ് ഫെർഗൂസൻ സ്റ്റാൻഡ്.. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഇതിഹാസ സമാനമായ പരിശീലകന് ക്ലബ്ബിന്റെ സമർപ്പണം.. 1986 മുതൽ അദ്ദേഹം പരിശീലകനായ 28 വർഷങ്ങളിൽ മാഞ്ചസ്റ്റർ നേടാത്ത കിരീടങ്ങളില്ല... 13 പ്രീമിയർ ലീഗ്, 5 എഫ് എ കപ്പ്, 2 യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം പലയിടങ്ങളിൽ നിന്നായി 38 കിരീടങ്ങളാണ് ഇക്കാലയളവിൽ ഓൾഡ്‌ട്രാഫോഡിലെ അലമാരയിലെത്തിയത്... വിശാലമായ മുറ്റത്തു സ്റ്റേഡിയമങ്ങനെ വിരിഞ്ഞു നിൽക്കുന്നു... മുന്നിൽ കയ്യിലൊരു പന്തുമായി നിൽക്കുന്ന മാറ്റ് ബസ്ബിയുടെ പൂർണകായ പ്രതിമ... മുറ്റത്തിനേകദേശം ഒത്ത നടുക്കായി അത്യധികം പ്രാധാന്യത്തോടെ മൂന്നു പേരുടെ ശിൽപ്പങ്ങൾ - "The United Trinity". മാഞ്ചസ്റ്ററിന്റെ ലോകത്തിലെ 35 മില്യൺ യുണൈറ്റഡ് ആരാധകരിലൊരാൾ നിങ്ങളാണെങ്കിൽ ഈ ചരിത്രം മറക്കില്ല... ബെസ്റ് ,ലോ, ചാൾട്ടൺ... 1960കളിൽ ഒന്നിച്ചു നിന്ന് എതിരാളികളുടെ വലയിൽ ഗോളുകൾ അടിച്ചു കൂട്ടിയ കാൽപ്പന്തു ത്രിത്വങ്ങൾ... ഫുട്ബോൾ ഓസ്കാർ ആയ ബാലൻഡിഓർ വാങ്ങിച്ചു കൂട്ടിയ അക്കാലത്തെ ഏറ്റവും മികച്ച താരങ്ങൾ... കൂടെ കളിച്ച പാറ്റ് ക്രെറാൻഡ് ഇങ്ങനെ എഴുതുന്നു.. "എപ്പഴും അവർക്കിടയിൽ വല്ലാത്തൊരു രസതന്ത്രം കാണാം... മഹാന്മാർക്കറിയാം എങ്ങനെ കളിക്കണമെന്ന്.. പ്രത്യേകിച്ചും സമ്മർദ്ദ ഘട്ടങ്ങളിൽ... ദൈവത്തിനു മാത്രം അറിയാവുന്നൊരിടത്തു നിന്നും ബോബി(ചാൾട്ടൺ) ഒരു പന്ത് തൊടുത്തു വിടും.. ഒന്നുമില്ലായ്മയിൽ നിന്നും ചിലതു ബോക്സിനകത്തു സൃഷ്ടിക്കാൻ അപ്പോൾ ഡെന്നിസി(ലോ)നറിയാം.. പിന്നെയത് ഗോളാക്കാൻ ജോർജി(ബെസ്റ് )ന്റെ മാന്ത്രികതയുടെ തെല്ലൊരംശം മതി..." എല്ലായ്പ്പോഴും മഹാരഥന്മാരായ കളിക്കാരാൽ അനശ്വരമാണ് യുണൈറ്റഡ്... ബെസ്റ് - ലോ - ചാൾട്ടൺ യുഗത്തിന് ശേഷം റയാൻ ഗിഗ്‌സ്- പോൾസ് സ്‌കോൾസ് - ഗാരി നെവിൽ  പിന്നെ, റൊണാൾഡോ - റൂണി - ടെവസ് അങ്ങനെ ആരാധകരായ പാണന്മാർ പാടിയ പാട്ടുകളിലൊക്കെയും പുതിയ ട്രിനിറ്റികൾ രൂപം കൊണ്ടു... കളി പെരുമക്കോ കിരീടങ്ങൾക്കോ പഞ്ഞമില്ലാത്തതിനാൽ മതിലുകളിലൊക്കെയും അതിന്റെ ചിത്രങ്ങളാണ്... ഒന്ന് ചുറ്റിക്കണ്ടാൽ മതി ചെകുത്താന്മാരുടെ നൂറ്റാണ്ടു പിന്നിട്ട ചരിത്രമറിയാൻ... ഇടയിൽ നൊമ്പരപ്പാടുമുണ്ട്, ക്ലബ്ബിന്റെ 8 കളിക്കാരെ ഒറ്റയടിക്കില്ലാതാക്കിയ 1958ലെ മ്യൂണിക്കിൽ  വിമാന ദുരന്തം..
ക്ലബ് അടയ്ക്കാറായെങ്കിലും ക്ലബ് സ്റ്റോറിൽ നല്ല തിരക്കുണ്ട്...ജേഴ്സിക്കും  കപ്പിനും കീ ചെയ്‌നിനും  എന്ന് വേണ്ട സകലതിനും ഇവിടെ ആവശ്യക്കാരുണ്ട്... എന്തെന്നാൽ മഞ്ഞയിൽ ചുവപ്പു നിറത്തിലുള്ള ചെകുത്താനും ചുവപ്പിൽ മഞ്ഞയിലെഴുതിയ വാചകങ്ങളും പതിഞ്ഞ മാഞ്ചസ്റ്ററിന്റെ ലോഗോ ഇന്ന് ലോകത്തു ഏറ്റവും മൂല്യമുള്ള ചിഹ്നങ്ങളിൽ ഒന്നാണ്..
ഇതൊക്കെയെങ്കിലും, ഫെർഗൂസൻ യുഗത്തിന് ശേഷം ഇപ്പോൾ യുണൈറ്റഡിന് പടിയിറക്കങ്ങളുടെ കാലമാണ്.. പകരം ഉദിച്ചുയരുന്നതോ എവിടുന്നു 4 മൈൽ മാത്രം അകലെയുള്ള മാഞ്ചസ്റ്റർ സിറ്റിയും.. സമയം 6 മണിയോടടുക്കുന്നതേയുള്ളൂ.. മാഞ്ചസ്റ്റർ നഗരപ്രാന്തമായ ഓൾഡ്‌ട്രാഫോഡിൽ നിന്നും നഗര മധ്യത്തിലെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചു.. കഴിഞ്ഞതിന് മുൻപുള്ള രണ്ടു സീസണുകളിലെയും ഇഗ്ലീഷ് ഫുട്ബോൾ  രാജാക്കന്മാരാണ് സിറ്റി.. ഗൾഫ് എണ്ണപ്പണത്തിന്റെ കരുത്തിൽ എത്തിഹാദിന്റെ ചിറകിലേറിയാണ് അവരുടെ കുതിപ്പ്.. പക്ഷെ പേരിലും പെരുമയിലും പ്രതാപത്തിലും യുനൈറ്റഡിനെക്കാൾ പലപടി  താഴെയേ വരൂ അവർ... എങ്കിലും 2018ൽ ഇംഗ്ലീഷ് ഫുട്ബോളിലെ സകല കിരീടങ്ങളും ചൂടിയ അജയ്യരാണ്..
സിറ്റിയിലേക്ക് കടക്കുംതോറും ഓൾഡ്‌ട്രാഫോഡിലെ ചുവപ്പ് പതിയെ പതിയെ മാഞ്ഞു വന്നു.. ആകാശ നീലിമയുടെ ഗരിമയിൽ ഉയർന്നു നിൽക്കുന്നതാണ് സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയം... പ്രായോജകരായ എത്തിഹാദിന്റെ പേരിലാണ് ഇന്നീ സ്റ്റേഡിയം അറിയപ്പെടുന്നത്... സ്റ്റേഡിയത്തിലെങ്ങും പ്രീമിയർ ലീഗ് കിരീടവിജയത്തിന്റെ അടയാളങ്ങൾ കാണാം.... തൊട്ടരികിലായ് മാഞ്ചസ്റ്റർ അത്ലറ്റിക് സ്റ്റേഡിയം.. 2002 ലെ കോമൺവെൽത് ഗെയിംസിന്റെ മുഖ്യ വേദിയായിരുന്നു മാഞ്ചസ്റ്റർ സിറ്റി സ്റ്റേഡിയം..  നീണ്ട 90 വർഷങ്ങൾ തങ്ങളുടെ തട്ടകമായിരുന്ന മെയിൻ റോഡ് സ്റ്റേഡിയം ഉപേക്ഷിച്ചു 2003 സീസൺ മുതലാണ് സിറ്റി ഇവിടേക്കെത്തിയത്.. അത്കൊണ്ടു തന്നെ സ്റ്റേഡിയത്തിന്റെ പരിസരങ്ങളിലെങ്ങും  കോമൺവെൽത് ഗെയിംസിന്റെ സ്മരണികകളും ശിലാഫലകങ്ങളും കാണാം...
ബാഴ്സയും റയലും  തമ്മിലുള്ള വിഖ്യാതമായ "എൽ ക്ളാസികോ"യോളം തന്നെ പ്രസിദ്ധമാണ് "മാഞ്ചസ്റ്റർ ഡെർബി"യും.. കളിയിലും കണക്കുകളിലും യുണൈറ്റഡ് ഒരു തുലോം മുൻപിലാണ്... "മാഞ്ചസ്റ്റർ ഈസ് റെഡ് " എന്ന് നിരന്തരം പറയുന്ന യുണൈറ്റഡ് ആരാധകർക്കുള്ള മറുപടിയാണ് കഴിഞ്ഞ ഏതാനം ഡെർബികളിൽ  സിറ്റിക്കുള്ള മേധാവിത്തം.. കൂടാതെ ഓരോ വിജയങ്ങൾക്കു ശേഷവും "മാഞ്ചസ്റ്റർ ഈസ് ബ്ലൂ" എന്ന് അവർ തെല്ലുറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.. മാഞ്ചസ്റ്ററിലെ ചുവപ്പു മാറണമെങ്കിൽ നിങ്ങൾ ജയിച്ച വിരലിലെണ്ണാവുന്ന കിരീടങ്ങളൊന്നും മതിയാവില്ലെന്നാണ് യുണൈറ്റഡ് ആരാധകരുടെ മറുപടി.. എന്നിരുന്നാലും പ്രാദേശിക പത്രങ്ങളുടെ സർവ്വേകൾ പ്രകാരം മാഞ്ചസ്റ്റർ നഗരത്തിൽ സിറ്റി ആരാധകർ യുണൈറ്റഡ് ആരാധകരെ പിന്തള്ളി എന്നാണ് കണക്കുകൾ പറയുന്നത്... പക്ഷെ, ലോകത്തിന്റെ  ഏത് കോണിൽ കളിച്ചാലും ആരാധകരെക്കൊണ്ട് സ്റ്റേഡിയം നിറക്കാൻ കഴിയുന്ന യുണൈറ്റഡിന്  അതിൽ ലവലേശം പരിഭവമില്ല...
കൊണ്ടും കൊടുത്തും മാഞ്ചസ്റ്ററിലെ ക്ലബ്ബുകൾ പരസ്പ്പരം മത്സരിക്കുമ്പോൾ എല്ലാവരിലും ആ ചോദ്യം ഉയരുക സ്വാഭാവികം.. Is Manchester  Red or Blue ? തർക്കിച്ചു തർക്കിച്ചു ഒടുവിൽ നമുക്കൊരു നിഗമനത്തിൽ എത്താം.... Manchester is a united city...

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....