കഥ പറയുന്ന കോൺവി കാസിൽ

 ഒരു നാടിന്റെ ചരിത്രമറിയാൻ ആദ്യം ചെന്ന് കയറേണ്ടതു അവിടുത്തെ കോട്ടകളിലാണ്... അധികാരങ്ങളും ആഭിജാത്യങ്ങളും  കണ്ട,വാണവരുടെയും വീണവരുടെയും കഥകൾ പറയുന്ന, കാലത്തിന്റെ കാല്പനികതകളും മറഞ്ഞു പോകലുകളുടെ മുറിപ്പാടുകളും പേറുന്ന ചരിത്ര സ്മാരകങ്ങളാണ് ഓരോ കോട്ടകളും...ആഴത്തിലുള്ള കിടങ്ങുകൾക്ക് പാലമാവേണ്ടുന്ന വീതിയേറിയ കോട്ട വാതിലുകൾ.... അകത്തു കയറിയാൽ കാണുന്നതത്രയും കാലത്തിന്റെ ചുവരെഴുത്തുകൾ... അതെ ഓരോ കോട്ടയും ഒരായിരം കഥകൾ പറഞ്ഞു തരും... അകത്തു കയറുമ്പോൾ കണ്ണും കാതും തുറന്നു വെക്കണം... ഓരോ കൊത്തളങ്ങളിലും ചെവി കൂർപ്പിക്കണം... അപ്പോൾ രാജാക്കന്മാരുടെ ഗർജനങ്ങൾ കേൾക്കാം... അധികാരിയുടെ ആജ്ഞകളും അടിമയുടെ തേങ്ങലും കേൾക്കാം.... ഇടനാഴിയിൽ വളകിലുക്കങ്ങളും അന്തപ്പുര രഹസ്യങ്ങളും കേൾക്കാം.... ഓരോ കൊത്തുപണിയിലും ശില്പിയുടെ കാരിരുമ്പിന്റെ കരുത്ത് കാണാം.. അകക്കണ്ണിലെ വെളിച്ചം കാണാം.. ഓരോ കല്ലിലും അതുയർത്തിയ ഒരായിരം കൈപ്പാടുകൾ കാണാം.... ഉയർന്ന ഗോപുരങ്ങളിൽ യശ്ശസ്സിന്റെ കൊടിയടയാളങ്ങൾ കാണാം.... തകർന്ന പടിക്കെട്ടുകളിൽ ഒരു സാമ്രാജ്യത്തിന്റെ പതനം കാണാം.... അതെ കോട്ടകൾ കഥ പറയുകയാണ്…


മധ്യകാലഘട്ടങ്ങളിൽ ഇംഗ്ളണ്ടിനും വെയിൽസ്‌നും ഇടയിൽ നിലനിന്നിരുന്ന അധികാരത്തർക്കങ്ങൾക്കൊടുവിൻ 1283ലാണ് എഡ്‌വേർഡ് ഒന്നാമൻ വടക്കൻ വെയിൽസിൽ കോൺവി നദിക്കരയിൽ ഒരു കോട്ട പണിയാൻ തീരുമാനിക്കുന്നത്.... കോട്ടയും കോൺവി പട്ടണം അപ്പാടെയുൾപ്പെടുന്നൊരു കോട്ടമതിലും കൂടി 15000 പൗണ്ട് മുതല്മുടക്കുള്ളൊരു വലിയ പ്ലാനായിരുന്നു എഡ്‌വേർഡിന്റേത് .... ഏട്ടര നൂറ്റാണ്ടു മുൻപത്തെ 15000 എന്നതിന് ഇന്നത്തെ മൂന്നു മില്യൺ പൗണ്ടിലധികം മൂല്യം വരും.... പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഒട്ടനവധി യുദ്ധങ്ങളിൽ തന്ത്രപ്രധാന പങ്കു വഹിച്ച ഈ കോട്ടക്ക്, രാജാധികാരങ്ങൾക്ക് മേൽ പാർലമെന്റിനു കൂടുതൽ അധികാരങ്ങൾ നൽകിയ പതിനാറാം നൂറ്റാണ്ടിലെ 'മഹത്തായ വിപ്ലവത്തിന്' (English Great war) ശേഷം പ്രതാപം ക്ഷയിക്കുകയും പതിനേഴു പതിനെട്ടു നൂറ്റാണ്ടുകളിൽ വടക്കൻ വെയ്ൽസിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമാവുകയും ചെയ്തു…

യുനെസ്കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ച ഇവിടം മധ്യകാല യൂറോപ്പിലെ സൈനിക നിർമിതിയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്നു…

ഭാരമേറിയ വലിയ കല്ലുകൾക്ക് പകരം ചെറിയ ചരൽക്കല്ലും ചുണ്ണാമ്പുകളും ചേർത്തു വളരെ വീതിയേറിയ അടുക്കുകളായി നിർമിച്ചിരിക്കുന്ന ഈ കോട്ടയുടെ മുകൾഭാഗങ്ങൾ ഇപ്പോൾ ഏറെക്കുറെ നാമാവശേഷമാണ്... ഇപ്പോഴും വലിയ പരിക്കുകളില്ലാതെ നിലനിൽക്കുന്ന,ചുറ്റുപിണഞ്ഞ പടിക്കെട്ടുകളോട് കൂടിയ നാല് ഗോപുരങ്ങളും ഒന്നിനൊന്നു വലുതും ദൂരക്കാഴ്ച നൽകുന്നതുമാണ്...അവയിലൊക്കെയുമുള്ള 120 ഡിഗ്രിയെങ്കിലും വീക്ഷണ പരിധി നൽകുന്ന നേർത്ത 'arrow slit'കൾ കോട്ട നിർമിതിയിൽ സൈനിക തന്ത്രങ്ങൾക്കുള്ള പ്രാധാന്യം വിളിച്ചോതുന്നു....കൂടാതെ കോട്ടയുടെ ഉൾവശങ്ങളിൽ വിവിധോദ്ദേശ്യങ്ങൾക്കിണങ്ങുന്ന  വിധത്തിലുള്ള മുറികളും അവയുടെ നിർമിതികളും  ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മളെ  അതിശയിപ്പിക്കാൻ  പോന്നതാണ്.... ചാപ്പലും മണിയറകളും കിടപ്പറകളും ആയുധപ്പുരകളും ജയിലറകളും ഭക്ഷണശാലകളും എന്നുവേണ്ട ഒരു രാജ്യഭരണത്തിനുതകുന്നതെന്തും എവിടെ കാണാം...
നേർത്ത ചാറ്റൽമഴയുണ്ട്... കിഴക്ക്  കോട്ടമതിൽക്കെട്ടിനു പുറത്തു കുന്നിൻ ചെരിവുകളിൽ ചെമ്മരിയാടിന്റെ പട്ടങ്ങൾ മേഞ്ഞു നടക്കുന്നത് കാണാം.,.. പടിഞ്ഞാറ് കോൺവി  നദിക്കരയിൽ ഒരുപാടൊരുപാട് ജലയാനങ്ങൾ നങ്കൂരമിട്ടിരിക്കുന്നു.. വടക്കും തെക്കും ഗോപുരങ്ങളിൽ നിന്ന് നോക്കിയാൽ ആധുനികതയിലേക്ക് വഴിമാറിയ കോൺവിയുടെ പുത്തൻ പടപ്പുകൾ കാണാം... അവശതകളേറെയെങ്കിലും തലമുറകളേറെക്കണ്ട കോട്ടമുത്തശ്ശി അടുത്ത സഞ്ചാരിയെ കാത്തിരിക്കുകയാണ്.... മടിയിലിരുത്തി പോയ കാലത്തിന്റെ കഥ പറയാൻ...

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....