പുകമഞ്ഞു വീണ നഗരം - എഡിൻബറ

 പഴകുംതോറും വീര്യമേറുന്ന സ്കോച്ച് വിസ്കിയുടെ നാടാണ് സ്കോട്ലാന്റ്. അവിടെ സ്കോച്ചിന്റെ ലഹരി ആവോളം ഉള്ളിൽ നിറച്ച, പഴമയുടെ പ്രൗഢിയിൽ സ്വയമമരുന്നൊരു നഗരമാണ് എഡിൻബറ.. ഏഴു കുന്നുകളുടെ നഗരം... വടക്കിന്റെ ഏതൻസ്.. പൗരാണികതയിൽ നവീന മാതൃകകൾ ഒളിപ്പിച്ച ജോർജിയൻ നിർമ്മിതികൾ.. അവയ്ക്കിടയിൽ കമനീയമായ പൂന്തോട്ടങ്ങൾ.. നഗരമധ്യത്തിലുള്ള ഒരൂക്കൻ കുന്നിന്റെ ഏറ്റവും മുകളിലായി സ്കോട്ടിഷ് രാജവംശത്തിന്റെ സിംഹാസനങ്ങളും കിരീടങ്ങളും ആടയാഭരണങ്ങളും സൂക്ഷിച്ച എഡിൻബറക്കോട്ട.. അതിന് കിഴക്ക് ഒരു മൈൽ അകലെ ആർതർ സീറ്റിലെ നിജീവാഗ്നിപർവ്വത മേഖലയിൽ രാജവാസതിയായ ഹോളിറൂഡ് കൊട്ടാരം.. അതിനു ചുറ്റും രാജകീയോദ്യാനം.. രാജ്യത്തിൻറെ സ്മാരകങ്ങങ്ങളും സ്മരണികകളുമുള്ള കാർട്ടൺ ഹിൽ..

ഒന്ന് ചുറ്റിക്കാണാൻ ആരും കൊതിക്കുന്ന നഗരമാണ് എഡിൻബറ.. സ്കോട്ട്-ലോതിയൻ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ ഇംഗ്ലീഷ് അധിനിവേശത്തിനപ്പുറവും നെഞ്ചോടു ചേർത്ത് വയ്ക്കുന്ന നഗരം.. സ്ക്ടോട്ലൻഡ് ഹൈലാൻഡ്സിൽ നിന്നും ഇറങ്ങി വരുമ്പോൾ ആദ്യം കണ്ണിലുടക്കുക ഫോർത്ത് പാലങ്ങൾ ആണ്.. അതാണ് തെക്കുനിന്നും നഗരത്തിലേക്കുള്ള കവാടം.. വലിയ തൂണിൽ ഇരുപുറം വലിച്ചു കെട്ടിയ ഞാണുകളുള്ള പാലം കടന്നാൽ എഡിൻബറയുടെ പ്രൗഢിയിലേക്ക് പ്രവേശിക്കുകയായി.. ഇവിടെനിന്ന് നോക്കിയാൽ അരികിൽ കാന്റിലിവർ മാതൃകയിൽ നിർമ്മിച്ച ഫോർത്ത് റെയിൽപ്പാലം കാണാം.. ചുവന്നനിറത്തിലുള്ള DNA പോലെ പിരിഞ്ഞു കിടക്കുന്ന ഈ പാലം യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം പിടിച്ചതാണ്.. പാലം കടന്നാൽ പിന്നെ നഗരത്തിലേക്ക് പ്രവേശിക്കുകയായി.. ലണ്ടൻ കഴിഞ്ഞാൽ യുകെയിലെ വലിയ നഗരമാണ് സ്കോട്ലാന്റിന്റെ തലസ്ഥാനമായ എഡിൻബറ.. അതുകൊണ്ടു തന്നെ നഗരത്തിൽ നല്ല തിരക്കാണ്.. ഇംഗ്ലണ്ടിലെ ട്രാഫിക് മര്യാദകളൊന്നും ഇവിടെ വിലപ്പോവില്ല.. വണ്ടിയൊതുക്കാനായി പലവഴി കറങ്ങി.. ഒരു രക്ഷയുമില്ല.. പാർക്ക് ചെയ്യാൻ ഒരിറ്റു സ്ഥലമില്ല.. പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു കവിഞ്ഞു വണ്ടികൾ.. നഗരത്തിൽ കറങ്ങാൻ തുടങ്ങിയിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞു.. ഒടുവിൽ ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തിനടുത്ത് ഇടം കിട്ടിയേക്കാം എന്ന് ഫ്ലാറ്റുടമ.. ഒടുവിൽ അങ്ങോട്ടുള്ള വഴി മദ്ധ്യേ ഇത്തിരി സ്ഥലം കിട്ടി..
നഗരയാത്രയ്ക്ക് ട്രാമും ബസും യഥേഷ്ടമുള്ള എഡിൻബറയിൽ വണ്ടിയെടുത്തു നഗരം കാണാനിറങ്ങരുതെന്ന് ആദ്യ പാഠം.. ഇനി ആദ്യ ലക്‌ഷ്യം എഡിൻബറ കോട്ടയാണ്.. ആളൊന്നിന് 37 പൗണ്ട് കൊടുത്ത് ബുക്ക് ചെയ്തിട്ടുണ്ട്.. 2.15 നുള്ള അവസാന ഊഴത്തിൽ അകത്തു കയറണം.. പ്രിൻസസ് സ്ട്രീറ്റിലെ(തമ്പുരാട്ടിത്തെരുവ്) McD യിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ശേഷം നേരെ കോട്ട സ്ഥിതി ചെയ്യുന്ന കാസിൽ റോക്ക് എന്ന കുന്നിൻ മുകളിലേക്ക് നടന്നു.. പ്രിൻസസ് സ്ട്രീറ്റിന് നേരെ അഭിമുഖമാണ് 80 മീറ്റർ ഉയരെ ചെങ്കുത്തായി നിൽക്കുന്ന കാസിൽ റോക്ക്.. അതിനു മുകളിൽ കല്ലിൽ കെട്ടിപ്പൊക്കിയ ഭീമാകാരൻ കോട്ട..
രണ്ടാം നൂറ്റാണ്ടിൽ മനുഷ്യവാസം കണ്ടെത്തിയ ഇടമാണ്.. മദ്ധ്യകാല യൂറോപ്പിലെ കോട്ടവൽക്കരണത്തിന്ന് മാതൃകയായി തീർന്നയിടം.. കഥകളും കെട്ടുകഥകളും ചരിത്രങ്ങളും മിത്തുകളും കെട്ടുപിണഞ്ഞു കിടക്കുന്ന എഡിൻബറക്കോട്ടയെപ്പറ്റി പറയാൻ ഇനിയൊരെഴുത്ത് വേണ്ടിവരും..  കോട്ടയിൽ നിന്നും ഹോളിറൂഡ് കൊട്ടാരത്തിൽ ചെന്നവസാനിക്കുന്ന രാജവീഥി(Royal Mile) യിലൂടെ മുന്നോട്ടു നടന്നു.. ഇരുവശത്തും എഡിൻബറയുടെ വാസ്തുശില്പചരിത്രം വിളിച്ചോതുന്ന ജോർജിയൻ നിർമ്മിതികൾ.. ഓൾഡ് ടൌൺ എന്നറിയപ്പെടുന്ന ഇവിടെനിന്നും ഇരുവശത്തേക്കും പിരിഞ്ഞു പോകുന്ന ചെറു വീഥികൾ.. അവയ്ക്കരികിലെങ്ങും സ്കോട്ടിഷ് സംസ്കാരത്തെ ലോകത്തിന് പരിചയപ്പെടുത്തുന്ന സുവനീർ ഷോപ്പുകൾ.. ഇടവിട്ടിരിക്കുന്ന പബ്ബുകളിൽ ലഹരി മോന്തുന്ന മധ്യവയസ്കർ.. ആഘോഷപൂർവം നഗരം കാണാനിറങ്ങിയ വൈദേശിക സഞ്ചാരികൾ.. ഫയർ എസ്‌കേപ്പ് നടത്തി കയ്യടി വാങ്ങുന്ന മാന്ത്രിക സംഘങ്ങൾ.. നടന്നു  നീങ്ങുമ്പോൾ കാണുന്നതത്രയും പൈതൃക സ്മാരകങ്ങൾ.. സെയിന്റ് ഗിൽഡ് കത്തീഡ്രൽ, ചർച്ച് ഓഫ് സ്കോട്ലാന്റിന്റെ ജനറൽ അസംബ്ലി ഹാൾ, നാഷണൽ മ്യൂസിയം ഓഫ് സ്കോട്ലാന്റ്, എഡിൻബറ യൂണിവേഴ്സിറ്റിയുടെ ഓൾഡ് കോളേജ്.. തല്ക്കാലം ഹോളിറൂഡ് കൊട്ടാരത്തിലേക്ക് പോകാതെ കാൾട്ടൺ ഹില്ലിലേക്ക് പോകാമെന്നു വച്ചു..
റോയൽ മൈലിൽ നിന്നും 5 മിനിറ്റു നടന്നാൽ കുന്നിൻ മുകളിലുള്ള കാൾട്ടൺ ഹില്ലിലെത്താം.. എഡിൻബറയുടെ 360 ഡിഗ്രി കാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്.. കിഴക്ക് ആർതർ സീറ്റെന്ന കിഴുക്കാംതൂക്കായ പാറയിൽ തുടങ്ങി ഹോളിറൂഡ് കൊട്ടാരം, പാർലമെന്റ്, ലെയ്ത്ത്, ഫിർത്ത് ഓഫ് ഫോർത്ത് കടൽത്തീരങ്ങൾ, പുതുനഗരത്തിലെ പ്രിൻസസ് സ്ട്രീറ്റ്, കോട്ടയിലേക്ക് കുന്നുകയറുന്ന രാജപാത എല്ലാം ഒറ്റ ഫ്രയിമിൽ കിട്ടും.. ഒരുകൂട്ടം ചരിത്ര സ്മാരകങ്ങൾ ഒന്നിച്ചു സ്ഥിതിചെയ്യുന്ന ഇടം കൂടിയാണ് കാൾട്ടൻ ഹിൽ.. ഇനിയും പൂർത്തിയാകാത്ത ദേശീയ സ്മാരകമാണ് അതിലൊന്ന്.. ആതൻസിലെ പാർത്തനോണിനോട് കിടപിടിക്കുന്ന വിധം പണിതുയർത്താൻ പദ്ധതിയിട്ട ഇവിടെ ആകെ 12 തൂണുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ.. സ്കോട്ലാന്റിന്റെ അപമാനം എന്നാണ് ഈ പണിതീരാ നിർമ്മിതിയെ അവിടുത്തുകാർ വിശേഷിപ്പിക്കുന്നത്.. ആകാശം മുട്ടെ ഒറ്റഗോപുരമായി ഉയർന്നു നിൽക്കുന്ന നെൽസൻ സ്മാരകം, ഒരു കല്മണ്ഡപത്തെ അനുസ്മരിപ്പിക്കുന്ന ദുഗാർഡ് - സ്റ്റേവാർഡ് സ്മാരകം, ബേൺസ് സ്മാരകം, രക്തസാക്ഷി സ്മാരകം എന്നിവയും കാൾട്ടൻ ഹില്ലിലുണ്ട്.. ഇത്രയൊക്കെയാണെങ്കിലും ആൺ വേശ്യ വൃത്തിക്കും മയക്കുമരുന്നിലധിഷ്‌ഠിതമായ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രധാന കേന്ദ്രമാണിവിടം..
നഗരത്തിൽ ഇരുട്ട് വീണതോടെ ഞങ്ങൾ ക്രമൻഡ് ദ്വീപിലേക്ക് തിരിച്ചു.. എഡിൻബറ നഗരത്തോട് ചേർന്ന് ഫിർത്ത് ഓഫ് ഫോർത്തിലുള്ള ഒരു ചെറു ദ്വീപാണ് ക്രമൻഡ് ഐലൻഡ്.. വെറും ഏഴു ഹെക്ടർ മാത്രം വിസ്തൃതിയിൽ കടലിനു നടുക്ക് സ്ഥിതിചെയ്യുന്ന ഇവിടേക്ക് വേലിയിറക്ക സമയത്ത് നടന്നു പോകാനാവും.. അസ്തമയ സൂര്യന്റെ ചുവപ്പു രാശി കടലോളങ്ങളിൽ പടരുമ്പോൾ ഈ സ്ഥലത്തിന് എന്തൊരു ഭംഗി.. രണ്ടാം ലോക മഹായുദ്ധ കാലത്ത് കടലിലൂടെയുള്ള ബോട്ടക്രമണങ്ങളെ ചെറുക്കാൻ ക്രമൻഡ് ദ്വീപ് വരെ ഒരു മൈൽ വരുന്ന കടൽദൂരമത്രയും കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചിരുന്നു.. ഇപ്പോൾ വേലി ഇറക്കമാകയാൽ ആ കോൺക്രീറ്റ് കാലുകളുടെ ഓരം പറ്റി നടക്കാനിറങ്ങി.. തെന്നലും വഴുവഴുപ്പുമുള്ള കോൺക്രീറ്റ് വരമ്പിലൂടെ കടലിനു നടുവിൽ നടക്കാനെന്തു രസം.. നടന്നു നടന്ന് ദ്വീപിലെത്തിയപ്പോഴേക്കും ചുവപ്പു രാശി മാഞ്ഞു നല്ലവണ്ണം ഇരുട്ടി.. ഇപ്പോൾ മഞ്ഞ നിയോൺ വെളിച്ചം നിറഞ്ഞ മറ്റൊരു മുഖമാണ് നഗരത്തിന്.. കടലിൽ ദൂരെയുള്ള ഫോർത്ത് പാലത്തിൽ കൂടി ഒരു തീവണ്ടി കൂടി കടലിനെ മുറിച്ചു കടന്നു മറുകര തേടി... ആകാശത്തൊരു പൊട്ടുപോലെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട വിമാനങ്ങൾ മിന്നിത്തെളിഞ്ഞു വന്നു തലയ്ക്കു മുകളിലൂടെ തൊട്ടപ്പുറത്തുള്ള എഡിൻബറ എയർപോർട്ടിൽ ലാന്റ് ചെയ്തു കൊണ്ടിരുന്നു.. നിഗൂഢതകളുടെ ഇരുട്ട് മൂടിയ ദ്വീപിലെ കാട്ടുമരങ്ങൾക്കിടയിൽ നിന്നും അപരിചിതരായ മനുഷ്യർ അതിവേഗം കോൺക്രീറ്റ് പാലം കടന്നു കര തേടിപ്പോയി.. പൊളിഞ്ഞു വീഴാറായ പഴകിയ കെട്ടിടത്തിന്റെ ഓരത്തുള്ള പാറക്കെട്ടുകളിലിരുന്ന് ബിയർ മോന്തിക്കൊണ്ട് സൊറ പറയുന്ന മൂന്നാലു പെണ്കുട്ടികളല്ലാതെ മറ്റാരും ഇനിയീ ദ്വീപിൽ അവശേഷിക്കുന്നില്ലെന്നു തോന്നി.. ഇരുട്ടിനു കനം വയ്ക്കും തോറും കടലിൽ വെള്ളമുയർന്നാലുള്ള അവസ്ഥയെക്കുറിച്ചു ആധി കയറിത്തുടങ്ങി.. ഡാനിയേൽ ഡാഫോയുടെ റോബിൻസൺ ക്രൂസോയെ ആണ് ക്രമൻഡ് ദ്വീപിലെ ഈ രാത്രി ഓർമപ്പെടുത്തുന്നത്.. ഇനിയും നിൽക്കുന്നത് അപകടമായതിനാൽ തിരിച്ചു നടന്നു.. ഇരുട്ടും പായലിലെ വഴുപ്പും യാത്രയെ പോയതിലും ദുഷ്കരമാക്കി..  നേരമേറെയെടുത്ത് കരപറ്റി.. ഇനി തിരിച്ചു താമസസ്ഥലത്തേയ്ക്ക്.. അടുത്ത പ്രഭാതത്തിൽ പുത്തൻ കാഴ്ചകൾ പിറക്കുന്ന ഗ്ലാസ്‌ഗോയിലേക്ക്.. 

ആസ്‌ക്ഹാമിലെ അപസർപ്പക ബുധൻ

 പുതുവത്സരാഘോഷങ്ങളൊക്കെ കഴിഞ്ഞു ഓഫീസിലെത്തിയ ആദ്യ ആഴ്ചകളിലൊന്നിൽ ദിനവും  'cultural update' പറയാൻ നിയോഗിക്കപ്പെട്ട സുന്ദരി പെൺകുട്ടി ക്രിസ്റ്റി വെബ് ബോർഡിന്റെ  വലതു മൂലയിൽ കുറിച്ചിട്ടു "100 Days To  Easter".... ഇങ്ങനെ എണ്ണിക്കൊഴിച്ച ക്രിസ്മസ്  ദാ  ഇപ്പൊ കഴിഞ്ഞതേയുള്ളൂ... അതിന്റെ അവസാന ദിവസങ്ങളിലെ ആഘോഷങ്ങളുടെ ആലസ്യത്തിൽ നിന്നും ഉണരുന്നതേയുള്ളൂ...  ഈസ്റ്റർ പ്രലോഭിപ്പിക്കുന്നത് നാല് ദിവസങ്ങൾ നീണ്ട അവധി ദിനങ്ങളാലാണ്... schengal visa  ഇല്ലാത്തതിനാൽ യൂറോപ്യൻ യാത്ര നടക്കില്ല... അപ്പൊ പിന്നെ യാത്ര ബ്രിട്ടന്റെ വടക്ക് സ്കോട്ലൻഡിലേക്കാവാമെന്ന് തീരുമാനിച്ചു... നാല് ദിവസം കയ്യിലുള്ളതിനാൽ പറ്റാവുന്നത്ര വടക്കിലേക്കാണ് നോട്ടം... ഒരുപാട് ദിനങ്ങളിലെ നെടു നീളൻ ചർച്ചകൾക്കൊടുവിൽ സ്ഥലങ്ങൾ തീരുമാനമായി... എഡിൻബറയും ഗ്ലാസ്ഗോയും പിന്നെ ഇൻവെർനെസ്സും ബെൻ നെവിസും... പോകേണ്ട റൂട്ടുമാപ്പുകളും  ചെലവഴിക്കേണ്ട സ്ഥല വീതം വെപ്പുകൾക്കുമൊടുവിൽ താമസിക്കാനുള്ള സ്ഥലങ്ങൾ ബുക്ക് ചെയ്‌തു... പൊതുവെ ചിലവേറിയ റൂമുകൾ ഒഴിവാക്കി കാരവാനുകൾ ആണ് ഇത്തവണ പരീക്ഷണം...  എന്താകുമോ എന്തോ....

പെസഹാ വ്യാഴവും ദുഃഖവെള്ളിയുമുള്ള നീണ്ട ആഴ്ചാവസാനത്തിനു മുന്നോടിയായി ബുധനാഴ്ചയേ  ഓഫീസ് ശുഷ്കമായിരുന്നു.... നീണ്ട യാത്രയുടെ ആവേശത്തിലായിരുന്ന എല്ലാവരും നാല് മണിക്കേ യാത്രക്ക് തയ്യാറായി... ആയിരത്തോളം കിലോമീറ്റർ അകലെ സ്കോട്ലൻഡിലെ ഇൻവെർനെസ്സ് ആണ് ലക്ഷ്യം... ഉദ്ദേശം പാതി വഴിയിൽ , കേട്ടുകേൾവി  പോലുമില്ലാത്ത ആസ്ക്ഹാം  എന്നൊരിടത്ത് കാരവാനിൽ താമസം ബുക്ക് ചെയ്തിട്ടുണ്ട്..... റോഡിലെങ്ങും ഈസ്റ്റർ അവധിയുടെ തിരക്കായതിനാൽ യാത്രക്ക് ഉദ്ദേശിച്ച വേഗത പോരാ... 10ന്  എത്തുമെന്ന് പ്ലാൻ ചെയ്ത ആസ്ക് ഹാമിനോടടുക്കുമ്പോൾ  സമയം 12 കഴിഞ്ഞു... ആറു വരിയുടെ ധാരാളിത്തത്തിൽ നിന്ന് പുറത്തിറങ്ങി, ഇടവഴികളിലൂടെയാണ് ഇപ്പോൾ യാത്ര...നിരത്തുകളോ വണ്ടികളോ  ഇല്ല ചുറ്റിലും... തണുപ്പു  പുതച്ച് നീണ്ടു നിവർന്നുറങ്ങുന്ന വിശാലമായ കൃഷിയിടങ്ങൾ... അരികിൽ കുന്നിൽ ചെരുവിലൂടൊരരുവി ഞങ്ങളോടൊപ്പം ഒഴുകി വരുന്നുണ്ട്.. 'റ' കണക്കെ ഉയർത്തിക്കെട്ടിയൊരു പാലം... ഒരു വണ്ടി മാത്രം പോകാൻ വഴിയുള്ള പാലത്തിനക്കരെ കുന്നിൻ മുകളിൽ ഒരു പാട് കൂറ്റൻ കെട്ടിടവും ഒരു ഒറ്റ വെളിച്ചവുമുണ്ട് .. യാത്ര പോകുന്നതേതോ പ്രേത കഥയിൽ കണ്ട, കുന്നിൻ മുകളിലെ കോട്ടയിൽ അവസാനിക്കുന്നൊരു ഒറ്റയടിപ്പാതയിലൂടെ ആണോ എന്ന സന്ദേഹം ഉള്ളിൽ പതുക്കെ വളരുന്നുണ്ട്... കണ്ടു തീർത്തതോ വായിച്ചു രസിച്ചതോ ആയ ഏതോ പ്രേതകഥയിലെ വഴികൾക്ക് ഈ ബിംബങ്ങളോടൊക്കെയും അത്യപൂർവ സാമ്യം... കൂടെയുള്ള മുഖങ്ങളിലെല്ലാം അതെ ഭയം കാണാം... ഈ ഭയം വളർന്നെന്റെ ശബ്ദത്തെ  ഗ്രസിക്കാൻ  തുടങ്ങിയതും താഴ്‌വരയിലെ  ഒരു ഊക്കൻ മരത്തിനു കീഴിൽ തേടിയെത്തിയ മേൽവിലാസം  അവസാനിച്ചു... ഒരുപാട് പഴക്കമുള്ളൊരു ഉൾനാടൻ ഇഗ്ലീഷ്  ഗ്രാമമാണിത്... എല്ലാവരും പുറത്തിറങ്ങി.. 'വാസന്ത പൗർണ്ണമി’(First  full moon  of the spring - Pink moon) യോടടുത്ത ദിവസമായതിനാൽ വഴി വിളക്കുകളില്ലെങ്കിലും നിലാവുണ്ട്..  തെരുവിലെ ഓരോ വീടുകളുടെ മുന്നിലും നമ്പർ തിരഞ്ഞെങ്കിലും ഒന്നും ഒത്തു വന്നില്ല... പോസ്റ്റ് കോഡ് കൃത്യമാണ്, രാത്രിയുടെ രണ്ടാം യാമത്തിൽ ഒട്ടുമിക്ക വീടുകൾക്കുള്ളിലെയും മെഴുകുതിരി വെട്ടങ്ങൾ കെട്ട് തീരാറായി... ഞങ്ങളൊഴികെ ഉറങ്ങാതിരുന്ന ഒരൊറ്റ മനുഷ്യനും ഇന്നീ ഗ്രാമത്തിലില്ല... ശിഷ്യനായ യൂദാസ്,യേശുദേവനെ  30 വെള്ളിക്കാശിന്  ഒറ്റു കൊടുത്ത ദിവസമാണ്.. ദൈവമേ, അഞ്ചു പേർക്കും ആൾക്കൊന്നിനു 30 പൗണ്ട് എണ്ണിവാങ്ങി കാരവൻ പാർക്ക് എന്നുപറഞ്ഞു ബുക്ക് ചെയ്തു തന്നത് ഇവിടെയാണോ... എന്തായാലും തേടിയിറങ്ങിയ ആ വീടിന്റെ നമ്പർ 13 അല്ല... പകരം അഞ്ചു 13കൾ ചേർന്ന 65 ആണ്... വീട് തിരഞ്ഞു പലവഴി പോയവരൊക്കെ തിരിച്ചെത്തി.. നെറ്റൊ  റേഞ്ചോ ഒരു തരിയില്ലാത്തതിനാൽ  വീടിന്റെ ഉടമസ്ഥനെ വിളിക്കാൻ വകുപ്പില്ല... എന്നാൽ ഫോണിൽ സേവ് ചെയ്തിരുന്ന പുള്ളിയുടെ email  തപ്പിയെടുത്തു... മുന്നേ കളിച്ച ട്രെഷർ ഹണ്ടിലെ സൂചകങ്ങൾ ഇതിലും എത്രയോ ഭേധം.... സൂചകങ്ങളിൽ പറഞ്ഞ 'പഞ്ച് ബൗൾ' പബ്ബ് കണ്ടു പിടിക്കാൻ തന്നെ ഈ ഇരുട്ടത്ത് ഏറെ ഏറെ നേരമെടുത്തു.... ഒരു ഇംഗ്ലീഷ് പബ്ബിന്റെ യാതൊരു രൂപഭാവവുമില്ലാത്ത പഴയൊരു ചെറു കെട്ടിടം... അതിനരികിലെ ചെറു വഴിയിലൂടെ പിന്നിലേക്ക് പോകണംഅടുത്തെവിടെയോ കുതിരലായമുണ്ടെന്ന് മണത്തിൽ തിരിച്ചറിയാം... അതിനടുത്തു തന്നെ കുറെ കരവാനുകളുണ്ട് ... പ്രത്യേക രീതിയിലടച്ച മര  ഗേറ്റുകൾ തുറക്കാൻ പിന്നെയും സമയമെടുത്തു... പിന്നെ അടുത്ത സൂത്രപ്പണി... നമ്പർ പൂട്ടിട്ടു പൂട്ടിയ ചെറു പെട്ടി തുറന്നാലേ  കാരവൻ  വാതിലിന്റെ താക്കോൽ കിട്ടൂ... അങ്ങനെ ഒരു വിധത്തിൽ മണിച്ചിത്ര താഴുകൾ കുത്തിത്തുറന്ന് കാരവാനിൽ എത്തിയപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നു.. സമയം രണ്ടു മണിയോടടുത്തു...ഇനി ഉറക്കം...നാളെ ഇൻവെർനെസിലെ കാഴ്ചകൾ കാണാൻ നേരത്തെ ഉണരണം...

നരകത്തീമുനമ്പ് - ഡോവർ

 ഇന്നലെകളുടെ ചരിത്രം തേടിയുള്ള ഇന്നത്തെ യാത്ര ഡോവറിലേക്കാണ്... ഇംഗ്ളണ്ടിന്റെ തെക്കു കിഴക്കേയറ്റത്ത് കെന്റ് കൗണ്ടിയിലെ ഒരു ചെറു പട്ടണമാണ് ഡോവർ.. ഇംഗ്ളണ്ടിന്റെ പ്രതിരോസ്‌ഥ ഭൂപടത്തിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലം.. ഇംഗ്ളണ്ടിലേക്കുള്ള താക്കോലെന്നാണ് പണ്ട് മുതൽക്കെ ഡോവറിനെ വിശേഷിപ്പിച്ചു പോരുന്നത്.. കാരണം, ഇംഗ്ളീഷ് ചാനലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ ഡോവർ ഇടനാഴിക്കിരുപുറം യൂറോപ്യൻ മെയിൻലാൻഡിന്റെ ഭാഗമായ ഫ്രാൻസും ദ്വീപായ ബ്രിട്ടനും തമ്മിലുള്ള അകലം വെറും 19 മൈൽ മാത്രമാണ്... ബ്രിട്ടനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ലണ്ടൻ - പാരീസ് പ്രധാന പാതയിൽ സാമാന്യം തിരക്കുണ്ട്.. ഫോക്സ്റ്റെണിൽ നിന്ന് ചാനൽ ടണൽ വഴി ട്രെയിനിലാണ് ഫ്രാൻസിലെ കാലായിസ് വരെ യാത്ര.. അതും ഡോവർ കടലിടുക്കിന്റെ അടിയിൽ കൂടി.. ഫോക്സ്റ്റെണിൽ നിന്ന് ഡോവറിലേക്ക് തിരിഞ്ഞാൽ പിന്നെ പാതയിൽ തിരക്കില്ല.. ഭൂപ്രകൃതി മധ്യ ദേശത്തിനു നിന്നും കടൽത്തീരത്തോടടുക്കുന്നതിന്റെ ലക്ഷണം കാട്ടിത്തുടങ്ങി... ചെറിയ ചെറിയ കുന്നിറക്കങ്ങളും മലഞ്ചരിവുകളും താണ്ടി അവയ്ക്കിടയിലൂടെയുള്ള വഴി പതിയെ പതിയെ ചെറുതായി വന്നു... പിന്നെയൊരു കുന്നിറക്കത്തിൽ അകലെ കടല് കാണാനായി... യൂറോപ്പിലെ മറ്റിടങ്ങളിലെ പോലെ തന്നെ ചരിത്രങ്ങളുടെ  എല്ലാം പ്രധാന കേന്ദ്രം അവിടുത്തെ കോട്ടകളാണ്... ചരിത്രം തേടിയെത്തുന്ന ഏതൊരാളെയും കോട്ടകളൊരിക്കലും നിരാശപ്പെടുത്താറില്ല.. എഴുതിയതും എഴുതപ്പെടാതെ പോയതുമായ അനവധി നിരവധി ചരിത്ര സംഭവങ്ങൾ ചേർത്തടുക്കി നിർമിച്ചവയാണോ ഓരോ കോട്ടകളും എന്ന് തോന്നിപ്പോകും..

സ്റ്റോൺ ഹെഞ്ചിനു സമാനമായി ഇംഗ്ളീഷ് ഹെറിറ്റേജ് പരിപാലിക്കുന്ന മറ്റൊരിടമാണ് ഡോവർ കാസിൽ.. 22 പൗണ്ട് കൊടുത്ത് അകത്തു കയറാം.. "ഇംഗ്ലണ്ടിന്റെ കഥകളിലേക്കുള്ള കാൽവെയ്പ്പ്(Step in to the England’s Story)" എന്നാണ് ഇംഗ്ളീഷ് ഹെറിറ്റേജിന്റെ ടാഗ്‌ലൈൻ.. അതൊരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയുമില്ല…
ഇംഗ്ലണ്ടിലെ ആയിരത്തഞ്ഞൂറിലധികം വരുന്ന കോട്ടകളിൽ ഏറ്റവും വലുതിലാണ് ചെന്നെത്തിയിരിക്കുന്നത്... ഡോവർ തുറമുഖത്തിന്റെ നേരെ മുകളിലായി അതി ബൃഹത്തായൊരു കോട്ട സമുച്ചയമാണിത്... താഴെ നിന്ന് നോക്കിയാൽ കോട്ടയുടെ പ്രധാനഭാഗത്തിന്റെ(Keep) തലപ്പൊക്കമേ കാണാനാകൂ.. മുകളിലോരോ  തട്ട് കയറി ചെല്ലുമ്പോഴും അടുത്ത അടുക്കുകളിലേക്ക് ചെന്നെത്തും..പിന്നെയും ഒന്ന് വട്ടം കറങ്ങി കയറിയെത്തുമ്പോൾ  അടുത്ത ഭാഗം... ചിലയിടങ്ങളിൽ തുരങ്കങ്ങൾ ആരംഭിക്കുന്നു... ചിലയിടങ്ങളിലത് അവസാനിക്കുന്നു.. ചെന്നുകയറുന്ന ഒരാൾക്കും ഒരെത്തും പിടിയും കിട്ടാത്ത നിർമിതി... ഓരോ അടരുകളിലും(Layers ) കയറിച്ചെന്നാൽ മാത്രമേ അവിടത്തെപ്പറ്റി എന്തെങ്കിലും ധാരണകൾ രൂപപ്പെടുത്താനാകൂ...
ഡോവർ കാസിലിന്റെ ഉത്ഭവത്തിലേക്കൊന്നു ചികഞ്ഞു നോക്കണമെങ്കിൽ നമ്മൾ AD-43ലെ റോമൻ ആക്രമണം വരെ പോകണം... ഇംഗ്ലണ്ടിനെ ആക്രമിച്ച റോമക്കാരാണ് ആദ്യം ഡോവറിൽ താവളമുറപ്പിച്ചത്... അവർ രണ്ടാം നൂറ്റാണ്ടിൽ പണി തീർത്ത അഞ്ചു നിലകളും എട്ടു വസങ്ങളുമുള്ള ഇവിടുത്തെ ലൈറ്റ്ഹൗസ് ലോകത്തു ഇന്ന് അവശേഷിക്കുന്ന റോമാസാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പുകളിൽ ഒന്നാണ്... അതായത് നീണ്ട പതിനെട്ടു നൂറ്റാണ്ടുകൾ അതിജീവിച്ച ചരിത്ര സ്മാരകം..
ആംഗ്ലോ-സാക്‌സൺ കാലഘട്ടത്തിലെ സിങ്ക്(Cinque - നോർമൻ ഫ്രഞ്ച് ഭാഷയിൽ അഞ്ച് എന്നർത്ഥം) പോർട്ടുകളിൽ ഒന്നായ ഡോവർ 1066ലെ ഹേസ്റ്റിംഗ്‌സിലെ യുദ്ധശേഷം വില്യം ദി കോൺക്വറർ പിടിച്ചടക്കി... സിങ്ക് പോർട്ടുകൾ എന്ന് വിശേഷിപ്പിച്ചിരുന്ന അഞ്ച് തുറമുഖങ്ങളായ ഡോവർ, ഹേസ്റ്റിംഗ്‌സ്, സാൻവിച്ച്, ഹൈത്, റോംനി എന്നിവിടങ്ങളിൽ നിന്നും ഇംഗ്ലണ്ടിൽ അധികാരം സ്ഥാപിക്കാൻ ജേതാവായ വില്യം (William The  Conqueror) ലണ്ടനിലെ പ്രശസ്തമായ വെസ്റ്റ് മിനിസ്റ്റർ അബ്ബെയിലേക്ക് മാർച്ച് ചെയ്തു..
പിന്നീട് നവീന കാലഘട്ടത്തിന്റെ തുടക്കങ്ങളിൽ പതിനൊന്നാം നൂറ്റാണ്ടിൽ ഹെന്ററി രണ്ടാമനാണ് ഡോവർ കാസിലിനെ ഒരു കോട്ടയിലേക്ക് രൂപാന്തരപ്പെടുത്തിയത്... അതിനുശേഷം 1216 ൽ ഫ്രാൻസ് ലെ ലൂയി എട്ടാമനുമായുള്ള ഒന്നാം ബാരെൻസ്  യുദ്ധത്തിൽ ഈ കോട്ട പ്രധാന പങ്കു വഹിച്ചു..
പതിനാറാം നൂറ്റാണ്ടിൽ നടന്ന ആംഗ്ലോ ഫ്രഞ്ച് സമുദ്രാന്തര സർവേയിൽ ഗ്രീനിച്ചിലെ റോയൽ മാരിടൈം നിരീക്ഷണാലയത്തിനും പാരീസ് നിരീക്ഷണാലയത്തിനുമിടയിൽ ത്രികോണമിതി  കണക്കിലെ പ്രധാന പോയിന്റ് ആയാണ് ഇവിടം കണക്കാക്കിയിരുന്നത്.. കോട്ടയിൽ നിന്നുള്ള വീക്ഷണ കോണും ഉയരവും കണക്കാക്കി ഇരുപുറമുള്ള മറ്റനേകം സ്ഥലങ്ങളുടെ ദൂരവും സ്ഥാനവും ഇങ്ങനെ കണക്കുകൂട്ടി..
അതിനു ശേഷം ആയിരത്തി എണ്ണൂറുകളിൽ നെപ്പോളിയൻ കാലഘട്ടത്തിൽ കോട്ടയിൽ വലിയ രീതിയിലുള്ള കൂട്ടിച്ചേർക്കലുകളും നിർമിതികളും ഉണ്ടായി...  ലോകത്തിന്റെ മറ്റുഭാഗങ്ങൾ  കീഴടക്കി വന്ന നെപ്പോളിയനെ  യൂറോപ്പിൽ നിന്നും ഇംഗ്ളണ്ടിലേക്ക് കടക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം... ശേഷം രണ്ടാം ലോക മഹായുദ്ധ കാലത്ത് ആകാശത്തു കൂടിയുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാൻ കോട്ടക്കകത്തു നിർമിച്ച ബങ്കറുകൾ പലപ്പോഴും ലോകമഹായുദ്ധത്തിൽ ബ്രിട്ടന്റെ യുദ്ധമുറിയായി മാറി.. ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യത്തെ അഞ്ച്‌ അക്ഷരങ്ങളാൽ സൂചിപ്പിക്കപ്പെട്ട ഭൂഗർഭ അറകൾ (A-Annexe, B-Bastion, C-Casemate, D-Dumpy, E-Esplanade) പിന്നീട് യുദ്ധത്തിൽ സേനാ കമാൻഡിങ്  സെന്ററായും ആശുപത്രിയായുമൊക്കെ ഉപയോഗിക്കപ്പെട്ടു...ഇന്നും പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്ന അനക്സും കേസ്മേറ്റും കാണാൻ സാമാന്യം നല്ല തിരക്കുണ്ട്.. ബാസ്ടിനിലേക്കുള്ള വഴി നശിച്ചു പോയിരിക്കുന്നു.. ആണവായുധമുണ്ടായാൽ രക്ഷപ്പെടാനെന്ന മട്ടിൽ സജ്ജീകരിച്ച ഡമ്പിയിൽ ഇപ്പോൾ പ്രവേശനമില്ല... അത് പോലെ തന്നെയാണ് എസ്പ്ലനേഡും.. രണ്ടാം ലോകമഹായുദ്ധത്തിലെ വ്യോമാക്രമണ കാലത്താണ് ഇവിടം അവസാനമായി ഉപയോഗിച്ചത്.. ചരിത്രം കണ്ടും കേട്ടും  കൺമിഴിച്ചും  കോട്ടയുടെ നടന്നു.. ഓരോ എടുപ്പുകൾ കണ്ടും അതിശയിച്ചു... റോമൻ ചരിത്ര ശേഷിപ്പായ ലൈറ്റ് ഹൗസിന് അരികെ തന്നെയാണ് സെന്റ് മേരിയുടെ ആംഗ്ലോ-സാക്സൺ ചർച്ച്... മധ്യ കാലഘട്ടത്തിൽ പണിത ഇവിടം പിന്നീട് നാശോന്മുഖമാവുകയും വിക്ടോറിയൻ കാലഘട്ടത്തിൽ പുനരുദ്ധരിക്കുകയും ചെയ്തതാണ്..
ഡോവറിലെ ഗ്രേറ്റ് ടവർ  വില്ല്യം രണ്ടാമന്റെ കൊട്ടാര ജീവിതത്തിന്റെ കഥ പറയും.. കൊട്ടാരത്തിനകത്തെ പ്രാർത്ഥനാ മുറിയും പാറാവു കാവലും മണിയറയുമൊക്കെ നമുക്കിന്നു നടന്നു കാണാം.. അടുത്ത നിലയിൽ രാജസദസും അലങ്കാരങ്ങളും... ഏറ്റവും മുകളിൽ നിന്ന് നാലുപാടുമുള്ള വിദൂര ദൃശ്യം... തെളിഞ്ഞ ദിനങ്ങളിൽ ഇവിടെ നിന്ന് ഫ്രാൻസ് കാണാനാകും…
ഗ്രേറ്റ് ടവറിന് ചുറ്റുമുള്ള കെട്ടിടങ്ങളിലാണ് വെയിൽസ് രാജകുമാരന്റെ റോയൽ റെജിമെൻറ് മ്യൂസിയവും ബ്രിട്ടീഷ് രാജ്ഞ്ഞിയുടെ ക്വീൻസ് റെജിമെൻറ് മ്യൂസിയവും. ബ്രിട്ടനിലെ സേന വിഭാഗങ്ങളെ കുറിച്ചും അവയിലെ പദവികളെയും ചിട്ടവട്ടങ്ങളെ കുറിച്ചും സാമാന്യം മികച്ചൊരു ധാരണ നൽകാൻ പ്രാപ്തിയുള്ളതാണ് ഈ രണ്ടു മ്യൂസിയങ്ങളും.. നേട്ടങ്ങളും സേനാ പതക്കങ്ങളും ഒക്കെ ഇവിടെ ഭംഗിയായി പ്രദർശിപ്പിച്ചിരിക്കുന്നു.. മ്യൂസിയത്തിൽ നിന്നിറങ്ങി ടണൽ വഴി കോട്ടയുടെ മറ്റൊരിടത്തിറങ്ങി..
തിരക്ക് കാരണം രാവിലെ മാറ്റിവച്ച ഏറ്റവും പ്രധാനപ്പെട്ടൊരിടമുണ്ട്‌.. ഭൂഗർഭ അറയിലെ ഓപ്പറേഷൻ ഡൈനാമോയെ കുറിച്ചുള്ള വിവരണം.. വരിയിൽ കാത്തുകാത്തു നിന്ന് ഏറ്റവും ഒടുവിലത്തെ ഷോയിൽ കയറിപ്പറ്റി.. യുദ്ധമുറികളൊന്നിൽ നിന്ന് ആദ്യം കേട്ട റേഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രിയായ വിസ്റ്റന്റ് ചർച്ചിൽ ഇങ്ങനെ പറയുന്നു.. "നമ്മൾ അസാധാരണമായൊരു സൈനിക ദുരന്തത്തിൽ അകപ്പെട്ടിരിക്കുന്നു..". ഓപ്പറേഷൻ ഡൈനാമോ എന്ന സൈനിക നീക്കം അവിടെ തുടങ്ങുന്നു.. വിശദീകരണത്തോടൊപ്പം ഭൂഗർഭ അറയിലൂടെ നമ്മൾ സഞ്ചരിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിലൊന്നിന്റെ ഒറിജിനൽ വീഡിയോ ക്ലിപ്പിനൊപ്പമാണ്.. ആക്രമണങ്ങളുടെ വേലിയേറ്റങ്ങൾക്കൊടുവിൽ രക്ഷപ്പെട്ടുവന്ന ബ്രിട്ടീഷ് സൈനികർ ഡോവർ ക്ലിഫിന്റെ പടികൾ കയറുന്നതോടു കൂടി ഓപ്പറേഷൻ ഡൈനാമോ അവസാനിക്കുന്നു.. ഇതിനിടയിൽ ഞങ്ങൾ കടന്നു പോയത് അന്ന് കാര്യങ്ങൾ നിയന്ത്രിച്ച സൈന്യത്തിന്റെ യുദ്ധമുറിയിലൂടെയും ടെലഫോൺ എക്സ്ചേഞ്ചിലൂടെയും കൺട്രോൾ റൂമിലൂടെയും ഒക്കെയാണ്.. ഒടുവിൽ ഡോവറിലെ വൈറ്റ് ക്ലിഫിൽ അവസാനിക്കുന്ന തുരങ്കത്തിലൂടെ പുറത്തെത്തുമ്പോൾ അതിജീവനമാണ് വിജയം എന്ന് മനസ്സറിയാത്ത പറഞ്ഞുപോകും..
പക്ഷെ "ഓപ്പറേഷൻ ഡൈനാമോ" ഡോവറിനെ സംബന്ധിച്ചു ഒരു തുടക്കമായിരുന്നു.. കാരണം ഡൻകിർക്കിലെ ബ്രിട്ടീഷ് ഒഴിപ്പിക്കലിന് പിന്നാലെ നാസിപ്പട ഫ്രാൻസ് കീഴടക്കി.. "ഓപ്പറേഷൻ സീ ലയൺ" എന്ന പേരിൽ ഹിറ്റ്ലർ ബ്രിട്ടനെ കീഴടക്കാനുള്ള പദ്ധതിയും തയ്യാറാക്കി.. അതിന്റെ ആദ്യപടിയായി സമുദ്രാനന്തര പീരങ്കികൾ ഫ്രാൻസിലെ കലായിസിൽ സ്ഥാപിച്ചു.. ഫലമോ അവിടെനിന്നും നിരന്തരം ഷെല്ലുകൾ ഡോവറിനെ തേടിയെത്തി.. തന്ത്രപ്രധാനമായ ഡോവറിനെ നശിപ്പിക്കുക തന്നെയായിരുന്നു ലക്‌ഷ്യം.. ബ്രിട്ടനും വിട്ടുകൊടുത്തില്ല.. "വിന്നീ" എന്ന് പേരിട്ട ദീർഘദൂര കോസ്റ്റൽ ഗണ്ണിലൂടെ അവരും തിരിച്ചടിച്ചു.. രാജ്യങ്ങൾക്കിടയിലെ ദൂരം സഞ്ചരിക്കുന്ന ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുന്നതിന് വിഘാതമായതിനാൽ സ്ഥിര നിർമ്മിതികളെയാണ് ഷെല്ലുകൾ പലപ്പോഴും ലക്‌ഷ്യം വച്ചത്.. മാത്രമല്ല ഡോവർ കടലിടുക്കിൽ കൂടിയുള്ള ബ്രിട്ടന്റെ ചരക്കു നീക്കത്തെയും ഈ ഷെല്ലാക്രമണം താറുമാറാക്കി.. നിരവധി ചരക്കുകപ്പലുകൾ മുങ്ങുകയും അനവധിപ്പേർക്ക് ജീവഹാനി ഉണ്ടാവുകയും ചെയ്തു.. വിന്നിക്ക് പുറമെ "ദ ഫൂ" എന്ന് പേരുള്ള രണ്ടാമതൊരു ഗൺ കൂടി സ്ഥാപിച്ചു ബ്രിട്ടൻ പോരാട്ടം കടുപ്പിച്ചെങ്കിലും ദിവസവും മൂന്നോ നാലോ ഷെല്ലുകളെന്ന കണക്കെ നാലുവർഷം കൊണ്ട് പതിനായിരത്തിലേറെ ഷെല്ലുകളാണ് ഡോവറിനെ തേടിയെത്തിയത്.. ഈ ആക്രമണത്തിൽ നാശോന്മുഖമായ പട്ടണം Hell Fire Corner - നരകത്തീമുനമ്പ്‌ എന്നറിയപ്പെട്ടു.. ഒടുവിൽ 1944 സെപ്റ്റംബർ 24നു ആംഗ്ലോ-കനേഡിയൻ ഓപ്പറേഷൻ കലായിസ് പിടിച്ചെടുക്കും വരെ ഇത് തുടർന്നു.. ഡോവറിൽ ബ്രിട്ടൻ നടത്തിയ ഈ ചെറുത്തുനിൽപ് ബ്രിട്ടൻ പിടിക്കാൻ ഉള്ള ഹിറ്റ്ലറുടെ സ്വപ്നപദ്ധതിയായ ഓപ്പറേഷൻ സീ ലയണിനെ ഇല്ലാതാക്കിക്കളഞ്ഞു..
ഈ കോട്ട പിന്നെയും പിന്നെയും കഥകൾ പറയുകയാണ്.. പണ്ടെന്നോ ചരിത്രക്ലാസുകളിൽ കേട്ടു മറന്ന ലോകമഹാ യുദ്ധങ്ങളുടെ കാര്യകാരണങ്ങൾ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ്..കാതിൽ വെടിയൊച്ചകൾ മുഴങ്ങുന്ന പോലെ.. ബോംബിങ്ങിൽ തകർന്ന അനേകം കപ്പൽഛേദങ്ങൾ ഈ കടലിന്റെ ആഴങ്ങളിൽ ഒളിച്ചു കിടപ്പുണ്ടാവും.. പങ്കകളിൽ പ്രത്യേക വിസിലുകൾ ഘടിപ്പിച്ച നാസി വിമാനങ്ങളുടെ ശബ്ദം ഈ കാറ്റിനോടൊത്ത് തേടിവരുന്നുണ്ടോ..
കാസിലിൽ നിന്നും പുറത്തിറങ്ങാം.. കുറച്ചകലെ സെയ്ന്റ് മാർഗരറ്റ് ക്ലിഫ് ഉണ്ട്.. കടലിനു സമാന്തരമായി ക്ലിഫിനു മുകളിലെ തീരപാതയിലൂടെ നടന്നു പോകാം.. ചോക്കുകല്ലുകളാൽ നന്നേ വെളുത്ത ക്ലിഫ് ആണ്.. ചിലയിടങ്ങളിൽ 350 മീറ്റർ വരെ ഉയരം.. വിണ്ടുകീറി നിൽക്കുന്ന അറ്റങ്ങളിൽ നിൽക്കുമ്പോൾ പേടി തോന്നുന്നു.. ഒന്നിടിഞ്ഞു വീണാൽ താഴെ കടലിൽ പതിച്ചേക്കാം..
പെട്ടെന്ന് ഫോണിൽ തുരുതുരാ മെസ്സേജ് വന്നു.. "വെൽകം ടു ഫ്രാൻസ് ".. ഫ്രാൻസിലെ നെറ്റ്‌വർക്കുകൾ കിട്ടിത്തുടങ്ങിയിരിക്കുന്നു.. സൂക്ഷിച്ചു നോക്കിയാൽ അകലെ കടലിനക്കരെ നേരിയ വരപോലെ കരകാണാം.. കലായിസിലിരുന്നു ഇങ്ങോട്ടു നോക്കിയാൽ വ്യക്തമായി കാണാനാവുമത്രെ.. നീലക്കടലും വെളുത്ത ക്ലിഫും അതിനുമുകളിലെ പച്ചപ്പരവതാനിയും അതിമനോഹര കാഴ്ചയാവും സമ്മാനിക്കുക.. കടലിടുക്കിൽ ഇടതടവില്ലാതെ കപ്പലുകൾ പോകുന്നുണ്ട്.. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിൽ ഒന്നാണ് 21 മൈൽ മാത്രം ദൂരമുള്ള ഡോവർ - കലായിസ് കപ്പൽ സർവീസ്..
പടിഞ്ഞാറ് സൂര്യൻ അസ്തമയത്തോടടുക്കുന്നു.. അകലെ കാസിലിനു മുകളിൽ ചുവപ്പുകലർന്ന മഞ്ഞവെളിച്ചം പടർന്നു.. രാജ്യത്തെത്തേടിയെത്തിയ ആക്രമണങ്ങളെ തലയുയർത്തിപ്പിടിച്ചു നിന്ന് വെല്ലുവിളിച്ച കോട്ടയുടെ അസ്തമയ ദൃശ്യം പകർത്താൻ ഞങ്ങൾ പരസ്പരം മത്സരിച്ചു.. പിന്നീട് ഇരുട്ടുവീണ വഴികളിലൂടെ ലണ്ടനിലേക്ക് തിരിച്ചു.. ഓർമ്മകളിലിപ്പോഴും ഡോവറിലെ എടുപ്പുകളിലോരോന്നിലും ഷെല്ലുകൾ വന്നു പതിക്കുന്നുണ്ട്..അതിലേറെയുച്ചത്തിൽ ഫ്രാൻസിനെ ലക്ഷ്യമാക്കി വിന്നിയും ഫൂ'വും തീ തുപ്പുന്നുണ്ട്..

സ്റ്റോൺഹെൻജ് - കല്ലുകൾ കഥ പറയുന്നു...

 ഓർമ്മയുണ്ടോ, പച്ചപ്പുൽമേട്ടിൻപുറത്തു കല്ലുകൾ അടുക്കി വെച്ച വിൻഡോസ് XPയുടെ പഴയ  വാൾപേപ്പർ.. ഇതുവരെ സ്റ്റോൺഹെൻജ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ചിത്രം അതാണ്... മരങ്ങളും ചെടികളുമെല്ലാം ശൈത്യകാല മേലങ്കിയഴിച്ചു വെച്ചു പച്ചപുതുനാമ്പു നീട്ടിത്തുടങ്ങുന്ന വസന്തകാലാരംഭത്തിലെ നനുനനുത്തൊരു പ്രഭാതത്തിലാണ് സ്റ്റോൺഹെൻജ്ലേക്ക് ആദ്യമെത്തിയത്... ഇംഗ്ളണ്ടിന്റെ വടക്കുപടിഞ്ഞാറ് വിൽറ്റ്ഷെയർ കൗണ്ടിയിലെ സാലിസ്ബെറി പുൽപ്രതലങ്ങൾക്ക് ഒത്ത നടുക്കാണ് ആര് നിർമിച്ചതെന്നോ  എന്തിനെന്നോ ഇന്ന് വരെ ഒരെത്തും പിടിയും കിട്ടാത്ത, തീർത്തും ദുരൂഹമായ ഒരുകൂട്ടം കല്ലുകളിരിക്കുന്നത്... ലോകത്തെ ഏറ്റവും ദുരൂഹമായ ഇടങ്ങളിലൊന്ന് എന്ന് പലരും വിശേഷിപ്പിച്ച ഇവിടം ഏറ്റവും സംരക്ഷിതമായ മഹാശിലായുഗ ശേഷിപ്പുകളിലൊന്നാണ്... BC  3000ത്തിനും BC  2000നും ഇടയിൽ അതായത്, നവീനശിലായുഗത്തിനും വെങ്കലയുഗത്തിനുമിടയിൽ ഒട്ടനവധി നിർമാണ പ്രവർത്തനങ്ങളും രൂപമാറ്റങ്ങളും സംഭവിച്ച ഇവിടം കാലാന്തരത്തിൽ മനുഷ്യരാശിയുടെ അതിജീവന രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാനുതകുന്ന ഒട്ടേറെ തെളിവുകൾ സമ്മാനിച്ച ഇടമാണ്...

സാലിസ്ബെറിയിലേക്കുള്ള യാത്രയിൽ വഴിയരികിൽ വലതു വശത്തായി സ്റ്റോൺഹെൻജിന്റെ മനോഹര ദൃശ്യം കാണുമെങ്കിലും അവിടെ എങ്ങും വാഹനം നിർത്തുവാൻ  അനുവാദമില്ല.. സ്റ്റോൺഹെൻജ്  പിന്നിട്ട്  അരമൈലിനപ്പുറം റൌണ്ട് എബൌട്ട് കഴിഞ്ഞു വലത്തോട്ടു വീണ്ടും അരമൈൽ സഞ്ചരിച്ചാൽ വിസിറ്റിംഗ് സെന്ററിലെ കാര് പാർക്കിങ്ങിലെത്താം... ആവോൺ നദിക്കരയിലെ അതിവിസ്തൃതവും വിശാലവുമായ ഈ ഭൂവിഭാഗം പൊതുവിൽ സാലിസ്ബെറി പ്ലെയ്ൻ  എന്നറിയപ്പെടുന്നു... പ്രഭാതസൂര്യൻ കത്തി നിൽക്കുകയാണെങ്കിലും പുറത്തു സാമാന്യം തണുപ്പുണ്ട്... സൂര്യ പ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന ഇളം പുൽനാമ്പുകളും  നീലാകാശത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ തോന്നിച്ച ചെറു ചെറു മേഘശകലങ്ങളും കണ്ണെത്താ ദൂരത്തോളം വിസ്തൃതിയിൽ പറന്നു കിടക്കുന്ന ഭൂപ്രദേശവും കാഴ്ചയുടെ മറ്റൊരു മാസ്മരിക അനുഭവമാണ് സമ്മാനിക്കുന്നത്... ലാൻഡ്‌സ്‌കേപ്പ് ചിത്രങ്ങൾക്ക് ഇതിലേറെ മിഴിവ് നൽകുന്നൊരു പ്രദേശമുണ്ടോ എന്ന് പോലും സംശയം തോന്നിയ നിമിഷങ്ങൾ... (ഏതാനം മാസങ്ങൾക്കപ്പുറം ഗ്രീഷ്മത്തിലൊരു നാൾ ഇതേയിടത്തു ചെന്നപ്പോൾ മുകളിൽ ഇപ്പൊ പെയ്യുമെന്നു തോന്നിച്ചു മൂടിക്കെട്ടി നിന്ന കാർമേഘങ്ങളും  സ്വർണനിറത്തിൽ വിളവെടുക്കാൻ പാകമായി നിന്ന ഇതേ ബാർലി പാടവുമാണ് എന്നെ എതിരേറ്റത്..!)
ആധുനികതയെ പൗരാണികതയിൽ ലയിപ്പിച്ച വിസിറ്റിംഗ് സെന്റർ... ഇംഗ്ലീഷ് ഹെറിറ്റേജ് സൈറ്റായ ഇവിടം കാണാൻ 22 പൗണ്ട് കൊടുത്തു ടിക്കറ്റ് എടുക്കണം.. ബസിൽ അവിടം വരെ കൊണ്ട് പോയി കാട്ടി തിരിച്ചു കൊണ്ട് വിടും..  ടിക്കറ്റ് എടുക്കാതെ നടന്നു പോയും കാണാം... പ്രവേശനം സ്റ്റോൺ ഹെഞ്ചിനു പുറത്തു കെട്ടിയ വേലിക്കരികിൽ വരെ മാത്രം... നടക്കാൻ തീരുമാനിച്ചു.. ദൂരേക്കു  ദൂരേക്കു ദൂരേക്കു കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഒറ്റവരിപ്പാതയിൽ ഇടയ്ക്കിടെ സ്റ്റോൺ ഹെഞ്ചിന്റെ വലിയ ചിത്രങ്ങൾ പതിച്ച ഇംഗ്ളീഷ് ഹെറിറ്റേജിന്റെ ബസ് വരും.. ലോകത്തെങ്ങു നിന്നും പൗരാണികതയുടെ തിരുശേഷിപ്പുകൾ തേടി, ആദിമ മനുഷ്യർ തീർത്ത മഹാത്ഭുതങ്ങൾ തേടി വരുന്നവർ അത്ഭുതം കോരുന്ന കണ്ണുകളുമായി ഇരുപുറം സഞ്ചരിക്കും... നഗരത്തിരക്കുകൾക്കും ആധുനികതയുടെ മായക്കാഴ്ചകൾക്കും അവധി കൊടുത്ത്, ആയിരക്കണക്കിന് വർഷങ്ങൾക്കു  മുൻപ് ഏതോ ജനത തീർത്ത വിസ്മയങ്ങൾ കേൾക്കാൻ കാതുകൂർപ്പിക്കും..
ബാർലി പാടങ്ങളും പുൽമേടുകളും കടന്നു മുന്നോട്ടു പോയാൽ ഇരുവശത്തും നിന്നും മരങ്ങൾ വളർന്നു വന്നു തീർക്കുന്ന കൊച്ചു കൊച്ചു പച്ചതുരങ്കങ്ങൾക്കക്കരെ സ്റ്റോൺ ഹെഞ്ച് കാണാനാകുന്നുണ്ട്... വൃത്താകൃതിയിൽ കുത്തി നിർത്തിയ ഭീമാകാരൻ കല്ലുകൾ... അവയെ പരസ്പരം യോജിപ്പിച്ചു കൊണ്ട് അതിനു മുകളിൽ സ്ഥാപിച്ച വേറെയും കല്ലുകൾ... അവയിൽ ഏറ്റവും വലിയ കല്ലിനു 50 ടണ്ണിലധികം ഭാരം വരും... ചിലവയാകട്ടെ ഇവിടെ നിന്നും 200 മൈലകലെ വെയിൽസിലെ ചിലയിടങ്ങളിൽ മാത്രം കാണുന്നവയും..
കഥകളേക്കാളേറെ കെട്ടുകഥകളുണ്ട് സ്റ്റോൺഹെൻജിൽ... ഏതോകാലത്തു തകർന്നു പോയൊരു വാനനിരീക്ഷണ കേന്ദ്രമായിരുന്നുവെന്നോ പറക്കും തളികയുടെ ലാൻഡിംഗ് സ്റ്റേഷൻ ആയിരുന്നുവെന്നോ കഥയുണ്ട്.. അതല്ല 3000 നൂറ്റാണ്ടെങ്കിലും മുൻപേ ഇതൊരു ഉത്സവകേന്ദ്രം ആയിരുന്നുവെന്നും ഏകീകൃത ബ്രിട്ടന്റെ പലകോണുകളിൽ നിന്നും എവിടെ ആളുകൾ ഒത്തുകൂടിയിരുന്നുവെന്നും പറയപ്പെടുന്നു... സ്റ്റോൺഹെൻജിനു സമീപത്തു നിന്നും കണ്ടെടുക്കപ്പെട്ട ആയിരക്കണക്കിന് മൃഗ-മനുഷ്യ അസ്ഥികൾ എവിടെ ഒരുകാലത്ത് മൃഗബലിയും നരബലിയും നടന്നിരുന്നുവെന്നും ഏറെ ദൂര ദേശത്തുനിന്നും അതിനായി ആളുകൾ എത്തിച്ചേർന്നിരുന്നുവെന്നും പറയുന്നു... ഇതൊന്നുമല്ല, സ്റ്റോൺഹെൻജ് ഒരു കഴുമരമായിരുന്നുവെന്നും ശ്മശാനഭൂമിയാണെന്നും അതല്ല ആശുപത്രിയായിരുന്നുവെന്നും ഒക്കെ വാദിക്കുന്നവരുണ്ട്... എന്തായിരുന്നു സ്റ്റോൺഹെൻജ് എന്നതിന് ഇന്നും സ്ഥിരീകരണമില്ലെങ്കിലും ഗ്രീഷ്മസംക്രമത്തിലെ സൂര്യോദയവും ശൈത്യസംക്രമത്തിലെ അസ്തമയവും കാണാൻ ഇപ്പോഴും ആയിരക്കണക്കിന് ആളുകൾ എവിടെ ഒത്തുചേരാറുണ്ട്... കാരണം, ക്ഷേത്രഗണിതത്തിലെ സങ്കീർണ സമവാക്യങ്ങൾ നിർധാരണം ചെയ്യുന്ന രീതിയിൽ പ്രകാശ ക്രമീകരണങ്ങൾ വൃത്താകൃതിയിലുള്ള കൽമതിലുകളിലും അകത്തെ കുതിരലാട മാതൃകയിലുള്ള കൽവിടവുകളിലും കാണാം..  
ചക്രങ്ങൾ കണ്ടു പിടിക്കുന്നതിന് മുൻപേ ഇത്രയും ഭാരമുള്ള കല്ലുകൾ എങ്ങനെ എവിടെ എത്തിച്ചുവെന്നത് ഇന്നും സമസ്യയാണ്.. വലിയ ചങ്ങാടങ്ങളിൽ ആവോൺ നദിയിലൂടെ എത്തിച്ച്, ഉരുളൻ മരത്തടികളുടെ ട്രാക്കുണ്ടാക്കി വലിച്ചു കയറ്റിയതാവാമെന്നും അവയ്ക്കിടയിൽ ഘർഷണം ഇല്ലാതാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ച് കാണുമെന്നും പുരാവസ്തു നിരീക്ഷകർ അനുമാനിക്കുന്നു…
ആധുനിക കാലത്ത് ഒട്ടനവധി പരീക്ഷണ നിരീക്ഷണങ്ങൾക്ക് വേദിയായ ഇവിടം ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടന്റെ സൈനിക താവളമായി ഉപയോഗിക്കപ്പെട്ടു...യുദ്ധാനന്തരം ഭാഗിക നാശ നഷ്ടങ്ങൾ സംഭവിച്ച ഇവിടം നിരവധി പ്രക്ഷോഭങ്ങളുടെ ഭാഗമായി സംരക്ഷിക്കപ്പെടുകയും 1986 ഇൽ യുനെസ്കോ ലോക പൈതൃകകേന്ദ്രമായി അംഗീകരിക്കുകയും ചെയ്തു... മാത്രമല്ല മഹാശിലായുഗത്തിലെ സപ്‌താത്ഭുതങ്ങളിൽ ഒന്നായും ഇവിടം പരിഗണിച്ചു പോരുന്നു...
ഉച്ചവെയിലിന്  കനം വെച്ചു... വീശുന്ന കാറ്റിൽ നിന്ന് തണുപ്പ് മെല്ലേ പിൻവാങ്ങിത്തുടങ്ങി.. ഇനി തിരിച്ചു നടക്കാം.. മനുഷ്യരാശിയുടെ പല തലമുറകൾ നടന്നു തീർത്ത വഴിയിലൂടെ... കഥകളും കെട്ടുകഥകളും യാഥാർഥ്യങ്ങളും ഇണചേരുന്ന, കാലാനുവർത്തിയായ, ഇനിയും പൂരിപ്പിക്കാത്ത സമസ്യകളുറങ്ങുന്ന ഈ വഴിയിലൂടെ തിരികെ നടക്കാം... കാലം പറയാൻ ബാക്കി വെച്ച കഥകൾ തേടി...

ഒരെല്ലു കൂടുതലുള്ള വെയിൽസ്..

 സ്നോഡന്റെ മടിത്തട്ടിൽ നിന്നും ലാൻഡുനോ(Llandudno)യിലേക്കാണ് യാത്ര.. സ്ഥലപ്പേരുകളിലൊക്കെയും കൂടുതലുള്ള ഒരെല്ലു("L") തന്നെയാണ് പ്രശ്‍നം.. വെയിൽസിലെ സ്ഥലപ്പേരുകളിൽ ഇത് സർവ്വ സാധാരണമാണ് താനും.. ഇംഗ്ലീഷിൽ "sh" എന്നതിന് സമാനമായ ഉച്ചാരണമാണ് "ll" നു വെൽഷ് ഭാഷയിൽ.. സ്നോഡൻ മലനിരകൾ പിന്നിട്ട് ചെറുപട്ടണമായ ലാൻഡുനോയിലേക്ക് അടുക്കും തോറും കാറ്റും മഴയും ശക്തി പ്രാപിച്ചു കൊണ്ടിരുന്നു.. കടൽത്തീരത്തോടു ചേർന്നൊരിടത്ത് വണ്ടിയൊതുക്കി പുറത്തിറങ്ങി.. മഴയും തണുത്ത കാറ്റുമുണ്ട്.. കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ലാൻഡുനോ പിയർ ആണ് പ്രധാന ആകർഷണം.. പിയറിലൂടെ നടക്കുമ്പോൾ  സമാന്തരമായി, കടലിന്റെ ആഴങ്ങളിലേക്കിറങ്ങി നിൽക്കുന്ന മരത്തിൽ നിർമ്മിച്ച മറ്റൊരു കടൽപ്പാലം കാണാം..

വെൽഷ് തീരങ്ങളുടെ രാജ്ഞിയെന്ന ഖ്യാതിയുള്ള ഇവിടുത്തെ പടിഞ്ഞാറൻ കരയിൽ, കടലിനഭിമുഖമായി നിൽക്കുന്ന റിസോർട്ടുകളുടെ നീണ്ടനിര തന്നെ കാണാം.. വിശാലവും അത്യധികം വൃത്തിയുള്ളതുമായ കടൽത്തീരം.. ഓറഞ്ച് അലേർട് പ്രഖ്യാപിച്ചത് കൊണ്ടാണോ എന്നറിയില്ല, തീരവും പിയറും തീർത്തും വിജനമാണ്.. മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും കാറ്റ് അതി ശക്തമാണ്.. യാത്രക്കാരെ കയറ്റിയിറക്കാൻ കപ്പലടുക്കാൻ പാകത്തിന് തയ്യാറാക്കിയ പിയറിലൂടെ നടക്കുമ്പോൾ കാറ്റു പരാതിക്കൊണ്ടുപോകുമോ എന്ന് പോലും ഭയപ്പെട്ടു.. 700 മീറ്റർ കടലിലേക്കിറങ്ങിക്കിടക്കുന്ന ഇവിടം വെയിൽസിലെ ഏറ്റവും വലിയ പിയർ എന്ന ഖ്യാതി ഉള്ളതാണ്.. കാറ്റും, തണുപ്പും കൂടുതൽ സമയം അവിടെ തങ്ങാൻ അനുവദിച്ചില്ല ..
ലാൻഡുനോയ്ക്ക് സമീപം കടലിലേക്ക് തള്ളി നിൽക്കുന്ന മലയിടുക്കാണ് ഗ്രേറ്റ് ഓറം(Orme). കടലിലേക്ക് ഇറങ്ങിനിൽക്കുന്ന ചെങ്കുത്തായ മലയിടുക്കുകൾക്കിടയിലൂടെ ഒരു ഒറ്റവരിപ്പാതയുണ്ട്.. അങ്ങോട്ട് പോകാൻ അനുമതി വേണമോ എന്നറിയില്ല, എങ്കിലും പറ്റുന്നിടത്തോളം പോകാൻ തീരുമാനിച്ചു വണ്ടിയെടുത്തു.. ചെങ്കുത്തായ മലയിടുക്കിന്റെ ഓരോ തിരിവിലും പാറക്കല്ലുകൾ ഉരുണ്ടു വീണേക്കാമെന്ന മുന്നറിയിപ്പ് ബോർഡുകളുണ്ട്.. ഓരോ വളവുകളും സമ്മാനിക്കുന്നത് അതി മനോഹര കാഴ്ചയാണ്.. പഴുത്തു നിൽക്കുന്ന വിവിധയിനം ചെടിയിലകളാൽ  മഞ്ഞയും ഓറഞ്ചും ചുവപ്പും ഇടകലർന്നു നിൽക്കുന്ന നിറമാണ് മലഞ്ചെരുവിനൊക്കെയും.. അതിനു കീഴെ നീലയും പച്ചയും ചേർന്ന നിറത്തിൽ ഐറിഷ് കടലും അതിനോട് ചേർന്ന തീരത്തിന് ചുണ്ണാമ്പു കല്ലിന്റെ വെളുത്ത നിറവും.. അതിമനോഹരമായ വ്യൂ പോയിന്റിൽ ഇറങ്ങി ഫോട്ടോ എടുക്കാൻ ചെറിയൊരാഗ്രഹം.. കാറിന്റെ ജനൽച്ചില്ലു താഴ്ത്തിയതും അതിശക്തമായ കാറ്റ് ഉള്ളിലേക്ക് ഇരച്ചു കയറിപേർ കയറിയ വണ്ടിയെ പിടിച്ചു കുലുക്കി.. ശ്രമം അപ്പോൾത്തന്നെ ഉപേക്ഷിച്ചു.. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും മേഞ്ഞു നടക്കുന്ന ഒരുപറ്റം കാശ്മീരി ആടുകളെ കണ്ടു.. ഏകദേശം ഒരു നൂറ്റാണ്ടു മുൻപ് പേർഷ്യൻ രാജാവ് വിക്ടോറിയ രാജ്ഞിക്ക് ഉപഹാരമായി നൽകിയ കാശ്മീരി ആടുകളുടെ പിന്മുറക്കാരായി ഇരുന്നൂറോളം ആടുകൾ ഇന്നും ഗ്രേറ്റ് ഓറമിൽ  ഉണ്ട്.. ഇവയുടെ രോമം ഉപയോഗിച്ചാണത്രെ ലോകത്തിലെ ഏറ്റവും വിലകൂടിയ കമ്പിളിപ്പുതപ്പുകൾ നിർമ്മിക്കുന്നത്.. ഏകദേശം മൂന്നര മൈൽ വരുന്ന മലയിടുക്കുകൾ കയറിയിറങ്ങി ഞങ്ങൾ തുടങ്ങിയിടത്തു തിരിച്ചെത്തി.. സമയം അസ്തമയത്തോടടുക്കുന്നു.. മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്ന "B & B" യിൽ ആതിഥേയർ ഞങ്ങളെ കാത്തിരിപ്പുണ്ട്.. ഹോം സ്റ്റേ ആണ്.. ഹാർദ്ദവമായ സ്വീകരണം.. മുകളിലത്തെ 2 മുറികളും അടുക്കളയും സിറ്റ്ഔട്ടും ഞങ്ങൾക്കായി വിട്ടുനൽകി അവർ ഒറ്റമുറിക്കുള്ളിലൊതുങ്ങി.. നല്ല തണുപ്പുണ്ട്.. അത്താഴത്തിനു ശേഷം ഞങ്ങൾ വേഗം തന്നെ പുതപ്പിനുള്ളിലേക്ക് നൂണ്ടു.. കോൺവി കാസിലും ആംഗിൾസിയുമാണ് നാളത്തെ പ്ലാൻ.. കണ്ടത് മനോഹരം.. കാണാത്തത് അതിമനോഹരം എന്നല്ലേ, സുന്ദര സ്വപ്നത്തിൽ എപ്പോഴോ മയങ്ങിപ്പോയി..