തേംസിന്റെ തീരത്ത് ഒരു നാൾ


ലണ്ടനിൽ വന്ന ആദ്യ നാളുകളിലൊക്കെയും ആഴ്ച്ചാവസാനം മടിപിടിച്ച് ഗിൽഫോർഡിലെ ഇരുമുറി വീട്ടിൽ പുതപ്പിനടിയിൽ ചുരുണ്ടു കൂടാറാണ് പതിവ്... യൂറോപ്പിൽ വേനൽകാലത്തിന്റെ അവസാന നാളുകൾ ആണെങ്കിലും ആഴ്ചാവസാനം ചന്നം പിന്നം പെയ്യുന്ന രസം കൊല്ലി മഴ എല്ലാ പദ്ധതികളെയും തകിടം മറിയ്ക്കും..
അങ്ങനെയിരിക്കെയാണ് യുകെ യിൽ പൊതുഅവധി ദിനമായ ആഗസ്ത് മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച ഒരു ലണ്ടൻ യാത്ര തീരുമാനിച്ചത്..
പതിവുപോലെതന്നെ ഞായറാഴ്ച തോരാതെ മഴ പെയ്തു... തലേന്നാൾ സുഖമായി മൂടിപ്പുതച്ചുറങ്ങിയതിനാൽ ഞങ്ങൾ 8 പേരും രാവിലെ 8 മണിയോടെ തന്നെ ഗിൽഡ്‌ഫോഡ് റെയിൽവേ സ്റ്റേഷനിൽ എത്തി... ട്രെയിൻ വന്നയുടനെ ആദ്യം ചാടിക്കയറിയത് ഫസ്റ്റ് ക്ലാസ്സിൽ ആണെങ്കിലും അബദ്ധം തിരിച്ചറിഞ്ഞ് സെക്കന്റ് ക്ലാസ്സിലേക്ക് മാറി... അവധി ദിനമായതിനാൽ ഒട്ടും തന്നെ തിരക്കുണ്ടായില്ല... യുകെ യിൽ ആദ്യമായി ട്രെയിനിൽ കയറിയ ആഹ്ലാദത്തിൽ സെൽഫി എടുത്തും സൊറ പറഞ്ഞും വന്നപ്പോഴേക്കും ട്രെയിൻ വോക്കിങ്ങും കളാപ്ഹാമും(കടന്നു പോകുന്ന ട്രെയിനുകളുടെ എണ്ണത്തിൽ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷൻ ആണ് കളാപ്ഹാം. ദിവസം രണ്ടായിരത്തിൽ അധികം ട്രെയിൻ കടന്നുപോകുന്നതിൽ പകുതിയോളവും ഇവിടെ നിർത്തുന്നു. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 180 ട്രെയിൻ വരെ ഇതുവഴി കടന്നു പോകുകയും 120 എണ്ണം വരെ നിർത്തുകയും ചെയ്യുന്നു!!) കടന്ന് വാട്ടർലൂ എത്തി... ചരിത്ര ക്ലാസ്സുകളിൽ ഇരുന്നുറങ്ങാത്തവർക്ക് സുപരിചിതമായ  ഇടം.. ലോകം മുഴുവൻ കീഴടക്കി വന്ന നെപ്പോളിയനു അടിപതറിയ പേരിൽ പ്രസിദ്ധമായ ഇടം (യഥാർത്ഥ വാട്ടർലൂ പക്ഷെ ബൽജിയത്തിൽ ആണ്!) തെക്കു നിന്ന് വരുമ്പോൾ ലണ്ടൻ നഗരത്തിന്റെ പ്രവേശന കവാടം.. യാത്രക്കാരുടെ എണ്ണത്തിൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റേഷനിൽ(ഒരു വർഷം വാട്ടർലൂവിൽ വന്നു പോകുന്നത് 100 മില്യൺ യാത്രക്കാർ) നിന്നും സാവധാനം പുറത്തു കടന്നു..

കാഴ്ചാനുഭവങ്ങളുടെ കലവറയാണ് ലണ്ടൻ ഓരോ സഞ്ചാരിയുടെയും മുന്നിൽ തുറന്നിടുന്നത്... കെട്ടിലും മട്ടിലും പ്രൗഢി വിളിച്ചോതുന്ന വാസ്തു ശൈലി അതിനു പ്രധാന കാരണമാണ്... 
ഇനിയുള്ള യാത്ര ലണ്ടൻ ട്യൂബിൽ കൂടി.. ലണ്ടൻ ട്യൂബ് എന്നത് ആയിരത്തി അഞ്ഞൂറിലധികം ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിലെ  270 ഓളം സ്റ്റേഷനുകൾ ഉള്ള റയിൽ അടിപ്പാതകളുടെ ശൃംഖല ആണ്...  ശരിക്കും ഇവയെ ലണ്ടൻ നഗരത്തിന്റെ രക്തധമനികൾ എന്ന് വിളിക്കാം...
സൗത്ത് വാർക്കിൽ നിന്നും നോർത്ത് ഗ്രീൻവിച്ചിലേക്ക് ട്യൂബിൽ കയറി... പോകുന്നത് പൂർണമായും അടിപ്പാതയിൽ കൂടി... കൃത്യമായി പറഞ്ഞാൽ വിശ്വപ്രസിദ്ധമായ തെംസ് നദിയുടെ അടിയിൽ കൂടി... നോർത്ത് ഗ്രീനിച്ചിൽ ഇറങ്ങി... അവിടെ 0 രേഖാംശം(longitude)  എന്ന് രേഖപ്പെടുത്തിയ വെളുത്ത രേഖ കടന്നു പോകുന്നത് കാണാം... അതായത് ഭൂമിയെ പശ്ചിമാർദ്ധ ഗോളം എന്നും പൂർവാർദ്ധ ഗോളം എന്നും വേർതിരിക്കുന്ന രേഖ... ചരിത്രത്തിൽ നിന്നും വെറും 15 മിനിറ്റ് കൊണ്ട് ഭൂമിശാസ്ത്രത്തിലേക്ക്... GMT(ഗ്രീൻവിച് മീൻ ടൈം) എന്ന ആഗോളസമയ സൂചിക കൊളോണിയൽ സംസ്കാരത്തിന്റെ ഉപോത്പന്നമാകാം... അത് തന്നെയാവാം ഉയരം കൂടിയ പഴയ കെട്ടിടങ്ങളിലത്രയും ക്ലോക്ക് സ്ഥാപിക്കാൻ അവരെ പ്രേരിപ്പിച്ചതും... 

ലണ്ടനിലെ ഒരേയൊരു കേബിൾ കാർ പ്രവർത്തിക്കുന്നത് ഇവിടെയാണ്... പശ്ചിമേഷ്യൻ വിമാന കമ്പനിയായ എമിറേറ്റ്സ് പ്രവർത്തിപ്പിക്കുന്ന എമിറേറ്റ്സ് എയർ ലൈൻസ് കേബിൾ കാർ.. അത് ഗ്രീൻവിച് പെനിസുലയിൽ നിന്നും തേംസിന് മുകളിലൂടെ റോയൽ ഡോക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു... "ലണ്ടന്റെ അതുല്യമായ കാഴ്ചാനുഭവം" എന്ന പരസ്യവാചകം അതിന്റെ പരമാർത്ഥത്തിൽ അത് അന്വർത്ഥമാകുന്നു... ഇരു വശങ്ങളിലേക്കുമായി 10 മിനിറ്റ് വീതമുള്ള യാത്രയ്ക്ക് ശേഷം എയർ ബസ് 380 ന്റെ കോക്പിറ്റും  പ്രവർത്തനങ്ങളും സിമുലറ്ററും അടങ്ങിയ ഒരു പൂർണ പാക്കേജും ഇതോടൊപ്പം എമിറേറ്റ്സ് പ്രധാനം ചെയ്യുന്നു...  വിമാനം പുറപ്പെടുന്നത് (ടേക്ക് ഓഫ്) മുതൽ യാത്ര അവസാനിക്കുന്നത് (ലാൻഡിംഗ്) വരെയുള്ള പൂർണ പ്രവർത്തനം ഇവിടെ അനുഭവവേദ്യമാക്കുന്നു... 2012 ലെ സമ്മർ ഒളിമ്പിക്‌സും പരാലിമ്പിക്‌സും നടന്ന O2 അരീന ഇവിടുത്തെ മറ്റൊരാകർഷണം ആണ്.. മാഞ്ചസ്റ്റർ അരീന കഴിഞ്ഞാൽ ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റേഡിയം കൂടിയാണിത്..

അടുത്ത യാത്ര അംബര ചുംബികളുടെ നാടായ കാനറി വാർഫിലേക്ക്... ആഗോള ഭീമൻമാരായ HSBC, ബാർക്ലെയ്‌സ്, സിറ്റി ബാങ്കുകൾ, ജെപി മോർഗൻ, ഏണർസ്റ് ആൻഡ് യങ് തുടങ്ങിയവയുടെ ആസ്ഥാനം.. 39 ഹെക്ടറിൽ ഒന്നര ലക്ഷം ചതുരശ്ര മീറ്റർ ഓഫീസ് സ്പേസ് ഉണ്ടിവിടെ.. രണ്ടു ലക്ഷത്തി ഇരുപതിനായിരത്തിൽ അധികം പേര് ഇവിടെ മാത്രം ജോലി ചെയ്യുന്നു... 265 മീറ്റർ ഉയരമുള്ള യുകെയിലെ രണ്ടാമത്തെ ഉയരമുള്ള കെട്ടിടം തുടങ്ങി(ഏറ്റവും ഉയരമുള്ള "ദി ഷാർഡ്" ലണ്ടൻ ബ്രിഡ്ജിനടുത്താണ്) 100 മീറ്ററിൽ അധികം ഉയരമുള്ള പത്തിലധികം കെട്ടിടങ്ങൾ ചുറ്റിലും തലയുയർത്തി നിൽക്കുന്നു...

ഞങ്ങളുടെ അടുത്ത ലക്‌ഷ്യം ലണ്ടൻ ബ്രിഡ്ജ് ആയിരുന്നു.. ലണ്ടനിലെ ഏറ്റവും വലുതും പഴക്കമേറിയതും ആയ ഭക്ഷണ കമ്പോളം (food market) ആയ ബോറോ മാർക്കറ്റിന് അകത്തു കൂടി ഞങ്ങൾ ലണ്ടൻ ബ്രിഡ്ജിലേക്കെത്തി..   അവിടെ നിന്നാൽ ഇരുപുറവും തേംസിൽ മില്ലേനിയം ബ്രിഡ്‌ജും ടവർ ബ്രിഡ്‌ജും തലയുയർത്തി നിൽക്കുന്നത് കാണാം... രണ്ടു വർഷം മുൻപ് 8 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടന്നതിന് പിറകെ പാലത്തിനിരുവശവും  നടവഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു... ആ കഥയൊന്നും അറിയാതെ അത് ഞങ്ങളുടെ ഫോട്ടോ പോയിന്റ് ആയി...


അടുത്ത ലക്‌ഷ്യം ലണ്ടന്റെ ഏറ്റവും ആകർഷണമായ ലണ്ടൻ ഐ ആയിരുന്നു.. 135 മീറ്റർ ഉയരത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ആകാശത്തൊട്ടിൽ... 2013ൽ 'ദി ഷാർഡ്' പണിതീരും വരെ ലണ്ടന്റെ ഏറ്റവും ഉയരെ നിന്നുള്ള ആകാശക്കാഴ്ച... സ്വാഭാവികമായും  അവധിദിന തിരക്ക് ഏറ്റവും ബാധിച്ചിരുന്നത് വർഷം135 മില്യൺ ആളുകൾ എത്തിച്ചേരുന്ന അവിടെ ആയിരുന്നു... ആകാശത്തൊട്ടിലിൽ കയറാനുള്ള മോഹം തല്ക്കാലം ഉള്ളിലൊതുക്കി ഞങ്ങൾ ബ്രിട്ടീഷ് മ്യുസിയത്തിലേക്ക് യാത്രയായി.. ശിലായുഗത്തിൽ തുടങ്ങി ആധുനികത വരെ നീളുന്ന മനുഷ്യകുലത്തിന്റെ ശേഷിപ്പുകൾ ഞങ്ങൾക്കവിടെ ദർശിക്കാനായി.. ലോകത്തിന്റെ എല്ലാ ഭാഗത്തെയും ചരിത്ര സംബന്ധിയായ എന്തെങ്കിലും ഒന്ന് അവിടെ സൂക്ഷിച്ചിരുന്നു... സൂര്യനസ്തമിക്കാത്ത കൊളോണിയൽ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ബാക്കിപത്രം... ഈജിപ്തിലെ മമ്മികൾ മുതൽ  തഞ്ചാവൂരിലെ ബ്രിഹദേശ്വര പ്രതിമ വരെ അവിടെ സൂക്ഷിച്ചിരുന്നു... പിന്നീട് നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ലീസിസ്റ്റർ ചത്വരത്തിലേക്ക്.. അവിടെ അൽപനേരം  ചിലവഴിച്ചപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു തുടങ്ങിയിരുന്നു... പിന്നെ യാത്ര തിരിച്ച് ഗിൽഡ്‌ഫോഡിലേക്ക്... അപ്പോഴും ലണ്ടനിൽ കണ്ടു തീർക്കാനുള്ള ബക്കറ്റ് ലിസ്റ്റ് നിറഞ്ഞു തന്നെ കിടന്നു...

കൂട്ടുകാരന്, വീട്ടിത്തീർക്കാനാകാത്ത കടപ്പാടുകൾക്ക്...

ഒരു സൗഹൃദത്തിനെത്ര ആഴമുണ്ടാവും എന്ന് ചോദിച്ചാൽ 'നവി'യോളം എന്ന് ഞാൻ പറയും...
ഞാനിന്നുമോർക്കുന്നു,
എഴുതി തുടങ്ങിയ പരീക്ഷ ഹാളിൽ നിന്നും പേനയെടുക്കാൻ മറന്നെന്നു കള്ളം പറഞ്ഞ് അടുത്തിരിക്കേണ്ട എന്നെ തേടി വന്ന നിനക്ക് അന്ന് നഷ്ടപ്പെട്ടത് യൂണിവേഴ്‌സിറ്റി എക്സാമിലെ വിലപ്പെട്ട അര മണിക്കൂർ ആയിരുന്നു... പക്ഷെ എനിക്കോ, ജീവിതത്തിലെ ഏറ്റവും വലിയ സൗഹൃദത്തെ തിരിച്ചറിഞ്ഞ നിമിഷം...
സൗഹൃദത്തിന്റെ മായാജാലം കാട്ടി പിന്നീടും പലവട്ടം നീയെന്നെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു....
തല്ലനോങ്ങി വന്ന തമിഴന്റെ മുന്നിലും തെമ്മാടിത്തം കാട്ടിയ സീനിയേഴ്സിന്റെ മുന്നിലും എന്നാൽ ആദ്യം എന്നെ തല്ലെന്നുപറഞ്ഞു മുന്നിൽ കയറി നിന്നത് നീയായിരുന്നു...
മൂന്നാം വർഷം, ഹോസ്റ്റലിൽ ഞാനൊറ്റയാകുമോ എന്നോർത്തു പെട്ടിയും കിടക്കയും എടുത്ത് നീ ഹോസ്റ്റലിൽ ചേരാൻ വന്നൊരു ദിവസമുണ്ടായിരുന്നു...
എന്നോടൊരു വാക്കു പോലും ചോദിക്കാതെ കയ്യിലിരുന്ന കാശെടുത്ത് കൊടുത്ത് iv ക്ക് പോകാൻ എന്റെ പേര് രജിസ്റ്റർ ചെയ്ത വേറൊരു ദിവസം...
പാലക്കാട് ആഘോഷിക്കാം എന്ന് പറഞ്ഞു നീ വിളിച്ചുകൊണ്ടുപോയ രണ്ടു വിഷുക്കാലങ്ങൾ... 
പക്ഷെ  കാലിഫിന്റെ ബൈക്കിനു പിന്നിൽ ചിലവഴിച്ചതും ആൽവിനുമായി പങ്കിട്ടു വലിച്ച സിഗരറ്റുകളും ആയിരുന്നു നിന്റെ കോളേജ് കാലത്തെ ഏറ്റവും വലിയ സമ്പാദ്യങ്ങളെന്നു പിരിയാൻ നേരം പോഡിയത്തിൽ നിന്നും നീ പറഞ്ഞപ്പോൾ നാലു വർഷവും നാം പങ്കിട്ട, എന്റെ വലതു വശത്ത് നീയിരുന്ന സീറ്റ് നോക്കി ഞാൻ നെടുവീർപ്പിട്ടു..., അന്നെന്റെ കണ്ണ് നിറഞ്ഞത് നീ കണ്ടതുമില്ല...
പക്ഷെ പിന്നീടെപ്പോഴോ  ഞാനത് പറഞ്ഞപ്പോൾ കരഞ്ഞത് നീയായിരുന്നു...
ഓരോ മനുഷ്യയുസ്സിന്റെയും സമ്പാദ്യങ്ങളും ആസ്തി ബാധ്യതകളും തരം തിരിക്കുന്ന ജോലിയിൽ നീയും നിർധാരണം ചെയ്യാനാവാത്ത ലോഗിക്കുകളുടെ കുരുക്കഴിക്കുന്ന പണിയിൽ ഞാനും വ്യാപൃതനാകുമ്പോൾ തിരിച്ചറിയുകയാണ് കൊടുത്തു തീർത്തിട്ടില്ലാത്ത പണത്തിന്റെ പഴയ കണക്കുകൾക്കപ്പുറം ഒരായുഷ്കാലം കൊണ്ടുപോലും
വീട്ടിത്തീർക്കാനാകാത്ത കടപ്പാടുകളുടെ ആകെ തുകയാണ് സൗഹൃദമെന്ന്...

പകർന്നാട്ടം

"നായിന്റെ മോനെ...." ഒരലർച്ചയായിരുന്നു രജിത്ത് മാഷ്... കൂടെ ചെകിടടച്ചൊരടിയും... കണ്ണിൽ പൊന്നീച്ച മിന്നി... "പകർന്നാട്ടം" എന്ന സ്കൂൾ നാടകത്തിന്റെ അവസാന റിഹേഴ്സൽ ആയിരുന്നു രംഗം... അച്ഛൻ മരിച്ചു വിഷാദനായിരിക്കുന്ന രംഗം അരങ്ങത്ത്... പിന്നണിയിൽ ഫ്ലൂട്ടും വയലിനും ചേർന്ന വിഷാദ രാഗം... അത് ലയിച്ചങ്ങനെ ഇല്ലാതാവുന്നതിനിടെ പെരുമ്പറ മുഴങ്ങുന്ന ശബ്ദം പിന്നാലെ വന്നു... അതിന്റെ ബാക്കി പത്രമായിരുന്നു ആദ്യം പറഞ്ഞ രംഗം... സമയം അർധരാത്രി കഴിഞ്ഞിരുന്നു... തലയിൽ ഹെഡ്സെറ്റുമായി മ്യൂസിക് സിസ്റ്റത്തിന്റെ നോബും പിടിച്ചിരുന്നതാണ് ഞാൻ... ചെറുതായൊന്നുറങ്ങിപ്പോയി... ഇറങ്ങിപ്പോയ്ക്കൊള്ളാൻ പറഞ്ഞു... ഈ കൂരാക്കൂരിരുട്ടിൽ എങ്ങോട്ടു പോകാൻ.. ഓരത്തു മാറിനിന്ന് മാഷെ ദയനീയമായി നോക്കി... അനന്തരം എല്ലാവരും ഒന്നൂടി പകർന്നാടേണ്ടി വന്നു, രംഗം തണുക്കാൻ....
----------------------
ഇപ്പൊ ഇതോർമ്മ വന്നത് ജിനോ ഏട്ടനെ കുറിച്ചുള്ള വാർത്ത കണ്ടപ്പഴാണ്... പത്തു പന്ത്രണ്ടു വർഷം മുൻപാണു.. ആദ്യ പ്രണയം മനസ്സിൽ പൂവിടർന്നു നിന്ന കാലം... പ്രണയിനിയെ impress ചെയ്യിക്കാനാണ് അവളുടെ ക്ലാസ്സിൽ വച്ച് നടന്ന നാടക സെലക്ഷനു പോയത്... മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നതിനാൽ തന്നെ എങ്ങനെയൊക്കെയോ നാടക ടീമിൽ കയറിപ്പറ്റി..  അശോകേട്ടൻ (അശോകൻ കതിരൂർ) കവുംപടി സ്കൂളിൽ നാടകം പഠിപ്പിക്കുമ്പോൾ അന്നു ജിനോ ഏട്ടൻ കയറി വരുമായിരുന്നു... മിക്കപ്പോഴും മുഷിഞ്ഞതാവും വേഷം... എംജി കോളേജിൽ നാടക റിഹേഴ്സൽ കഴിഞ്ഞുള്ള വരവാകും.. പ്രണയം പൂത്തു നിന്ന രാവുകളിൽ റിഹേഴ്സലിനൊടുവിൽ  ആകാശത്തോട്ട് നോക്കി സ്വപ്നം കണ്ടു കിടക്കുമ്പോഴൊക്കെയും  ജിനോ ഏട്ടൻ  അശോകേട്ടനു ആയി നാടക   സംവാദങ്ങളിൽ മുഴുകി ഇരിപ്പുണ്ടാവും.. രജിത് മാഷും മിക്കപ്പോഴും കൂട്ടിനുണ്ടാകും.. അവരങ്ങനെ രാത്രി വൈകിയും അവിടെ കുത്തിയിരിക്കും.. അന്ന് നാടകക്കോപ്പൊക്കെ ഉണ്ടാക്കാൻ എന്തായിരുന്നു ഉത്സാഹം... ഇന്ന് നൊണ പറഞ്ഞു നൊണ പറഞ്ഞു ഏട്ടനെ ലോകം തിരിച്ചറിയുമ്പോൾ ഏറെ സന്തോഷം....

സർവം ക്ഷമയ്ക്ക്, അമ്മയ്ക്ക്

തലയ്ക്കു നേരെ ഓങ്ങിയ ഓലമടലിൽ ഞാൻ കയറിപ്പിടിച്ചപ്പോഴും അമ്മ നിന്ന് വിറയ്ക്കുകയായിരുന്നു..... "അന്നേ അങ്ങ് വേണ്ടെന്നു വച്ചാൽ മതിയായിരുന്നു..."

ചെയ്തുവച്ച ഏതോ കുരുത്തക്കേടിന്റെ

അവസാനഭാഗത്ത് അടർന്നു വീണ വാക്കുകളിൽ ഞാൻ വിറങ്ങലിച്ചു നിന്നു...

പറയേണ്ടിയിരുന്നില്ലെന്നു അമ്മയുടെ കണ്ണുകൾ ആയിരം തവണ പറഞ്ഞു... 

ഇരുപതുകളിലെത്തിയ ചോരത്തിളപ്പിൽ ഒരു നാൾ ഞാൻ ചോദിച്ചു... എനിക്കുവേണ്ടി എന്ത് ചെയ്തിട്ടുണ്ടെന്ന്....

നിസ്സഹായത നിറഞ്ഞ നോട്ടമായിരുന്നു മറുപടി.... അത് പതുക്കെ വിങ്ങലുകൾക്ക് വഴിമാറി.... അണമുറിയാതെയുള്ള കണ്ണീർച്ചാലാൽ അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു.... ആ കണ്ണീരിൽ എനിക്ക് ശ്വാസം മുട്ടി.... സങ്കടങ്ങളുടെ നിലയില്ലാക്കയത്തിൽ വീണു  ഞാൻ കൈകാലിട്ടടിച്ചു.... എന്റെ ക്ഷമാപണങ്ങൾക്കും ആലിംഗങ്ങൾക്കും തടഞ്ഞു നിർത്താൻ കഴിയാത്തത്രയും നേരം ആ കണ്ണുകൾ നിർത്താതെ പെയ്തു... ഒരു രാത്രിമുഴുവൻ ആ ഒരു വാചകത്തിൽ കുടുങ്ങിക്കിടന്നു....

ദാരിദ്ര്യം നിറഞ്ഞ ബാല്യകാലങ്ങളിൽ അമ്മ മുട്ടാത്ത വാതിലുകളില്ലെന്ന് അറിയാഞ്ഞിട്ടല്ല.... മത്സരപ്പരീക്ഷകൾക്ക് പോകാൻ ഇറങ്ങുമ്പോഴേക്കും എവിടെനിന്നോ അമ്മ മുഷിഞ്ഞൊരൊറ്റ നോട്ടുമായി മടങ്ങിവന്നിരിക്കും...  എന്റെ തോൽവികളിലൊന്നിലും വ്യാകുലപ്പെട്ടു കണ്ടില്ല... ജയങ്ങളിലൊക്കെയും പുഞ്ചിരി പൊഴിച്ചു.... അച്ഛനുമമ്മയും ആഞ്ഞുതുഴഞ്ഞിട്ടും ദുരിതക്കടലിൽ കരയെത്താതിരുന്ന കാലത്ത് എഞ്ചിനീയറിംഗ് പഠനം എന്നതൊരു സാഹസമായിരുന്നു.... എങ്കിലും മാസാമാസം ഒരുദിനം തെറ്റാതെ എന്റെ അക്കൗണ്ടിൽ പണമെത്തിക്കൊണ്ടിരുന്നത് അച്ഛന്റെ അധ്വാനത്തിനൊപ്പം പണം ക്രയവിക്രയം ചെയ്യുന്നതിൽ അമ്മ കാണിച്ച വൈദഗ്ധ്യം കൊണ്ട് കൂടിയായിരുന്നു... എല്ലാ സാധ്യതകളും അടഞ്ഞതിനപ്പുറവും ഒരു വഴിയെവിടെയോ മറഞ്ഞു കിടപ്പുണ്ടെന്നു അമ്മയെപ്പോഴും വിശ്വസിച്ചു പോന്നു... 

ആകുലതകളും ആത്മസംഘർഷങ്ങളും ഒടുങ്ങി നല്ല കാലങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയപ്പോഴേക്കും അമ്മയുടെ ശരീരത്തെ രോഗം കാർന്നു തിന്നു തുടങ്ങിയിരുന്നു.... ദേഹമാസകലം ഞണ്ടിറുക്കുന്ന വേദനയിലും അമ്മ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല... ഇനിയൊരു തിരിച്ചുപോക്കില്ലെന്നു മനസ്സിലാക്കിയ അവസാനനാളുകളിൽ ഒന്നിൽ വരെ...

തനിക്കു ചുമക്കാനാവില്ലെന്നു പറഞ്ഞു ശരീരവും ഒരു കത്തിയിൽ തീർക്കാമെന്നു ഡോക്ടറും പറഞ്ഞിട്ടും, ഓക്കാനങ്ങളുടെ ഒരു ഗർഭകാലവും അതിനപ്പുറം ഒരു ദുരിതകാലവും താണ്ടി എന്നെ ഞാനാക്കിയ സർവം ക്ഷമയ്ക്ക്, ഒരു ജന്മം കൊണ്ടുപോലും വീട്ടിത്തീർക്കാനാവാത്ത കടപ്പാടുകൾക്ക്..., അമ്മയ്ക്ക്..., കനലെരിയുന്ന മനസ്സാൽ ഒരശ്രുപൂജ...

കാത്തിരിപ്പിന്റെ മഴക്കാലങ്ങൾ....

ജൂൺ എന്നും കാത്തിരിപ്പിനെ ഓർമ്മിപ്പിക്കുന്നു... തിമിർത്തു കളിച്ച രണ്ടു മാസങ്ങൾക്കിപ്പുറം പുത്തനുടുപ്പും പുത്തൻ കുടയുമായി സ്കൂളിൽ പോകാനുള്ള കാത്തിരിപ്പായിരുന്നു ബാല്യകാലങ്ങളിൽ... കാഴ്ചയുടെയും കേഴ്വിയുടെയും ഒരായിരം അനുഭവങ്ങൾ കൂട്ടുകാരോട് പങ്കിടേണ്ട വെമ്പലിലേക്കായിരുന്നു എല്ലാ ജൂണും പിറവി കൊണ്ടത്....

മഴ കാത്തിരുന്നു കാത്തിരുന്നു ഞാൻ വളർന്നപ്പോഴും മഴക്കാലം കാത്തിരിപ്പിന്റേതായി... ആർത്തലച്ചു പെയ്യുന്ന മഴയിൽ ലയിച്ചു ചേർന്ന് കിടക്കാനാണ് പ്രണയരാത്രികളിലൊക്കെയും നാം സ്വപ്നം കണ്ടത്... രാത്രിമഴതണുപ്പിൽ അന്യോന്യം പുതപ്പാകാനും.... ഇനിയൊരു മഴക്കാലം കൂടി നഷ്ടമാക്കാനില്ലെന്ന തിരിച്ചറിവിൽ ഏപ്രിലിൽ തന്നെ നാം ഒന്നു ചേർന്നു... എന്നിട്ടും ആ മഴക്കാലമത്രയും നീ കൊച്ചിയിലും ഞാൻ തിരുവനന്തപുരത്തും.... നീ വന്ന വാരന്ത്യങ്ങളിലൊന്നും മഴ തിരിഞ്ഞു നോക്കിയതുമില്ല.....

വേരുകളറ്റു നീ ഇങ്ങോട്ടു പറിച്ചു നടപ്പെട്ടതിലിന്നോളം നാം കണ്ട സ്വപ്നങ്ങൾ മഴക്കാലങ്ങളെക്കുറിച്ചായിരുന്നു...

എന്നിട്ടും കഴിഞ്ഞ വർഷം മഴ പെയ്ത രാത്രികളിലൊക്കെയും ഞാൻ തണുത്തു വിറച്ചു തന്നെ കിടന്നു....  നൂലുപോലെ പെയ്തിറങ്ങിയ മഴനാരുകളെ നോക്കി നോർവേയിലെ ഹോട്ടൽ മുറിയിലിരുന്ന് നീ നെടുവീർപ്പിട്ടു.... ചാറ്റൽ മഴ പെയ്തൊഴിഞ്ഞ തെരുവുകളിൽ കൈകോർത്തു നടന്ന പ്രണയിനികൾ നിന്റെ കൺകോൺ നിറച്ചു... മഴ പെയ്ത ബൈക്ക് റൈഡുകളിലൊക്കെയും എന്റെ പിൻസീറ്റ് നിനക്കായി വെറുതെ മഴ നനഞ്ഞു....

നിളയും പെരിയാറും നീണ്ടും മെലിഞ്ഞും പിന്നെയുമൊഴുകി വീണ്ടുമൊരു മഴക്കാലമെത്തി... മഴ വീണു തണുത്തൊരു പാതി രാത്രിയിൽ ഞാൻ കൈവീശി യാത്ര പറഞ്ഞിറങ്ങുമ്പോൾ നിന്റെ കണ്ണിലെ കാർമേഘം പെയ്യാൻ തുടങ്ങിയിരുന്നു... അതിൽ പിന്നിന്നോളം മഴ ആർക്കുവേണ്ടിയോ ആർത്തലച്ചു തന്നെ പെയ്തു... മഴ വെള്ളം വീണൊരു ജനതയുടെ സ്വപ്നങ്ങൾ ഒഴുകിപ്പോയി... പുതപ്പിനടിയിൽ പാതി നനഞ്ഞ മനസ്സുമായി നീ അസ്വസ്ഥമായി കിടന്നു... ഓഫീസ് പാൻട്രിയിലെ ജനൽ പാളികളിൽ നിന്നും ഒഴുകിയിറങ്ങാൻ മടിച്ച വെള്ളത്തുള്ളികളിൽ  ഞാൻ വെറുതെ മുഖം നോക്കി... ലണ്ടനിലെ തെരുവോരങ്ങളിൽ മഴ പൊടിഞ്ഞ പ്രഭാതങ്ങളിൽ, എന്റെ ചെറുവിരൽ കൂട്ടു തേടി നിന്നെ തിരഞ്ഞു... അങ്ങനെ വീണ്ടുമൊരു മഴക്കാലം കൂടി കാത്തിരിപ്പിന്റേതായി...