ചുവപ്പ് ഒരു ലഹരിയാണ്.........

ചുവപ്പ് ഒരു ലഹരിയാണ്.........

ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്?
അതിനെ കൊതിച്ചത്?
ഉദിക്കുന്ന സൂര്യനും പിനീടുദിക്കാനുറങ്ങാനലകടലി-
ലൊളിക്കാനിറങ്ങുന്ന സൂര്യനും ചുവപ്പല്ലേ.....

തൊടിയില്‍ ചിരിച്ച ചെത്തിയും ചെമ്പകവും 
ചെമ്പരത്തിയും ചുവപ്പയിരുന്നില്ലേ....

ഉടലെടുക്കാനുടവാളെടുത്താര്‍ക്കു-
ന്നോരാകോലത്തിനും പിന്നെ 
കോമരത്തിനുമതേ  നിറം - 
ചുവപ്പ്....


അവള്‍ നീട്ടിയ മുള്ളുകളടര്‍ത്തിയ പനിനീരിനും 
എന്‍റെ  ഹൃദയത്തിനുമൊരേ നിറമായിരുന്നു...
ചുവപ്പ്.....

ഇതു ഞാന്‍ കേട്ടതല്ല..,
വിപ്ലവനാടിന്‍റെ ചുവരെഴുത്തുകള്‍ 
എന്നെ പഠിപ്പിച്ചതാണ് 
മറക്കാതുരുവിടാന്‍........
"യുവത്വത്തിനു നിറം ചുവപ്പാണെന്ന്....."

------മാളു തുടരുന്നൂ......

ഇവയ്ക്കു മാത്രമല്ല, അഗ്നിയും 
അഗ്നിയായെന്നില്‍ ആളിപ്പടര്‍ന്ന 
നിന്‍റെ പ്രണയവും ചുവപ്പല്ലേ...?
സമസ്താപരാധങ്ങളും ഉരുക്കിക്കളയുന്ന 
അഗ്നികുണ്ടത്തിനും ചുവപ്പ് നിറം.....
ഭ്രമവും ഭ്രാന്തും കോപവും ചുവപ്പ് നിറം....
പ്രണയം ചുവപ്പ്......

സ്വപ്നങ്ങളില്‍ രൗദ്രതാളത്തിലാടുന്ന 
ദേവിയുടെയുടയാടയും ചുവപ്പ്....
ഉത്തരക്കടലാസിലും പിന്നെ 
ജീവിതത്തിലും തെറ്റുകള്‍ 
(അച്ഛന്‍റെ അടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍‍)
പകര്‍ന്നതും ചുവപ്പ് നിറം.....

വാന്‍ഗോഗിന്‍റെ ചെവിയില്‍ നിന്നിറ്റുവീണ 
ചോരത്തുള്ളികള്‍ക്ക് പ്രണയത്തിന്‍റെ ചുവപ്പ് ....
വിപ്ലാവനാടിന്‍റെ ഓര്‍മകളായ്  രക്തസാക്ഷികള്‍...
പതാകയിലെ ചുവപ്പ് വീര്യത്തിന്‍റെ അടയാളം....
അമ്മയുടെ നെറ്റിയില്‍ പാതിവ്രത്യത്തിന്‍റെ ചുവപ്പ്....
നിന്‍റെ കവിളില്‍ പടരാതെ പോയ
എന്‍റെ സിന്ദൂരവും ചുവപ്പ്......

---------------------------------------------------

പക്ഷേ, ചോരയ്ക്കു നിറം ചുവപ്പല്ലേ?
ചലിക്കുന്ന ചക്രത്തിനടിയിലൂടിടയിലൂ-
ടൊഴുകുന്ന ചോരയ്ക്കു നിറം ചുവപ്പല്ലേ?
ചോരചിന്തിയ വാള്‍ത്തലപ്പിനും 
കടിച്ചു കീറിയ മാംസത്തുണ്ടിനും 
പിന്നെ........................
.........................................................

ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്....?
                                                            -നിധി-

കാവ്യവഴിയിലെ പ്രണയസഞ്ചാരിക്ക് പ്രണാമം......

"ഒരു പുതുമഴ നനയാന്‍ നീ കൂടി 
ഉണ്ടായിരുന്നുവെങ്കില്‍......
ഓരോ തുള്ളിയെയും ഞാന്‍ നിന്‍റെ 
പേരിട്ടു വിളിക്കുമായിരുന്നു.......
ഓരോ തുള്ളികളായി ഞാന്‍ നിന്നില്‍ 
പെയ്തുകൊണ്ടിരിക്കുന്നു...
ഒടുവില്‍ നാമൊരു മഴയായ് 
തീരും വരെ..........."

സ്നേഹത്തിന്‍റെയും  കലഹത്തിന്‍റെയും ഒരുപിടി കവിതകള്‍ മനസ്സില്‍ കോറിയിട്ട വിനയചന്ദ്രന് കാവ്യപ്രണാമം........

സ്വപ്നങ്ങളില്‍ ഒരാകാശം.....


സ്വപ്നങ്ങളില്‍ ഒരാകാശം.....


വിഷാദം വിരിയാത്ത രാവ്....
മേഘമില്ലാത്തൊരാകാശം....
തളിര്‍ത്ത പൂവും 
തണുത്ത കാറ്റും 
തിറയുടെ മുഖമെഴുത്തിലസുരതയി-
ലാര്‍ദ്രമായൊരു ചിരി...
പടര്‍ന്ന കണ്മഷി......
ചുവപ്പിലൊരു തുടിപ്പ്....
തിരികെ വിളിക്കാന്‍ 
ജനിയിലെക്ക്.......

മൃതിയടങ്ങട്ടെ, ദാഹിക്കട്ടെ....
ഇന്നിലെരിയാന്‍ ഞാനില്ല.....
ഇനിയുമെനിക്കു കാണണം,
താലത്തിലൊരു ചെറു പൂവ് 
ചിരിതൂകി...
ചൊടികളില്‍ ചിരി....,
തൊടികളിലും....
കണ്ണിലെ തിളക്കം....
പൂത്ത കണിക്കൊന്ന....
പുള്ളിന്‍റെ ശബ്ദം.....
തുമ്പപ്പൂ മണം....
തേനിന്‍റെ രുചി....
കാറ്റിന്‍റെയിരമ്പല്‍....
നനയണം മഴകള്‍....
മഴക്കാലങ്ങളും....

ഇന്നിന്‍റെയോര്‍മയില്‍ നനയണം നാളെകള്‍....
നാളത്തെ നാളെകള്‍ സ്വപ്നങ്ങളാകണം....
പുലരണം പുതു പുലരിയെ പുല്‍കി....
പൊതിയണം പുതുമണം.....
പരന്നൊഴുകണമീപ്രപഞ്ചങ്ങളില്‍...... 
                                                    -നിധി 

ഒരു യാത്ര ആഴങ്ങളിലേക്ക്.....

ഒരു യാത്ര ആഴങ്ങളിലേക്ക്......















ഞാന്‍ തേടീ തപിക്കുമെന്നോര്‍മയില്‍ 
മധുരാക്ഷരങ്ങളില്‍..........
സ്നിഗ്ധമായൊഴുകുന്നൊരു പുഴ....
മധുരമൂറുന്നൊരാകാശം......
നനവിലൊരു നിനവ്....
നിനവിലൊരു നനവ്....
നേരുകള്‍ക്കുള്ളില്‍ ഒരു നേര്‍വരയ്ക്കപ്പുറം 
നേടിയ നറുമണം പിന്നെയും തേടി....
നല്ലനാളെയുടെ നേരവരമ്പുകള്‍ 
ഇന്നലെയുടെ തിനവയലുകളില്‍ തേടി....
സൂര്യോദയത്തില്‍ ഒളിഞ്ഞിരിക്കാന്‍ പോയ 
കുഞ്ഞു നക്ഷത്രങ്ങളെ തേടി...
നറുമണമൂറുന്നൊരരിമുല്ല തേടി....
പാല്‍ പുഞ്ചിരി തേടി...
എന്നെ ഞാനാക്കിയ ദുഗ്ധത്തിനുറവിടം തേടി.....
തൊടിയില്‍ പറന്ന വെള്ളരി പ്രാവിന്‍റെ 
ചിറകിലെ ചെറുതാം തൂവല്‍ തലോടുവാന്‍....
തളരാതിരിക്കാന്‍ വേണ്ടി......
തിരി തെളിക്കാന്‍ വേണ്ടി....
തൊട്ടുണര്‍ത്തുന്നൊരീ തീ ജ്വാലയിലേക്ക് 
ഒന്നുരുകാന്‍.....
ഒന്നുണരാന്‍....
ഇനിയുറങ്ങാതിരിക്കാന്‍.....
...........................
ഒരു യാത്ര ആഴങ്ങളിലേക്ക്..... 
                      - നിധി -

mirror image


Mirror Image


എന്‍റെ കണ്ണാടി തെളിഞ്ഞ വെള്ളം പോലെ.....
തെളിഞ്ഞ വെള്ളം എന്‍റെ കണ്ണാടി  പോലെ.....
പകല്‍ സൂര്യനും പൊന്‍ നിലാവും മുഖം നോക്കുന്ന 
നിന്‍റെ മനസ്സുപോലെ.......
അതില്‍ നോക്കിയാല്‍ എനിക്കെന്നെ കാണാം 
നിനക്ക് നിന്നെയും .......
പക്ഷേ...,
ഒരുനാള്‍ ഞാനതില്‍ കൈതൊട്ടു നോക്കി...
ഇന്നലെ താഴെ വീണു ചിതറിയ 
എന്‍റെ കണ്ണാടി പോലെ...
അതില്‍ നിന്‍റെ  മുഖം 
ഭാവങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം 
പകുത്തു പോയിരുന്നു........
                                                 - നിധി -