പറയാതെ പോയ പഴംവാക്കുകള്‍ പങ്കു വയ്ക്കാന്‍..... അക്ഷരങ്ങളോടു കൂട്ടുകൂടാന്‍ ഒരിടം...... നല്ലതും ചീത്തയും, അറിവും വെളിച്ചവും, അബദ്ധങ്ങളും മണ്ടത്തരങ്ങളും, കുശുമ്പും കുന്നായ്മയും, സ്നേഹവും പ്രണയവും, കള്ളവും ചതിയും എന്നുവേണ്ട, പെറുക്കി കൂട്ടിയ വളപ്പൊട്ടുകളും പുസ്തകതാളില്‍ ഒളിപ്പിച്ച മയില്പ്പീലികളും മനസ്സില്‍ സൂക്ഷിച്ച മഞ്ചാടി മണികളും ഞാന്‍ ഇവിടെ കുറിക്കുന്നു.... വരിക, യാത്ര പറഞ്ഞിറങ്ങും മുന്‍പേ ഒരു വരി കുറിക്കുക........ കൂട്ട് ചേരുക..... നമുക്ക് സ്വപ്നങ്ങളുടെ ഒരാകാശം തീര്‍ക്കാം...
അമ്മ
അതിജീവനമാണ് വിജയം
“ശരിക്കു പറഞ്ഞാൽ ഇതൊരു യുദ്ധമാണ്.. മൂന്നാം ലോകമഹായുദ്ധം.. ഭൂലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും തോളോടുതോൾ ചേർന്ന് പൊരുതുന്നൊരു യുദ്ധം.. കൊറോണയെന്നൊരൊറ്റ ഭീകരനെ തുരത്താൻ.. പലവിധ തിരക്കുകളാൽ പരക്കം പാഞ്ഞ മാലോകരെ മുഴുവൻ സ്വന്തം വീട്ടിൽ കതകടച്ചിരുത്തിയ ഈ മഹാമാരി ലോകത്തെ പഠിപ്പിക്കുന്നൊരു പാഠമുണ്ട് - "അതിജീവനമാണ് വിജയം".. ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാൽ എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് രണ്ടാം ലോകമഹായുദ്ധകാലത്തുമുണ്ട് സമാനമായൊരേട്.. ഇന്നേക്ക് കൃത്യം 80 കൊല്ലം മുൻപ്... ആ ചരിത്രമാണ് ചുവടെ..”
തോൽവിയിലും തിളങ്ങുന്ന ചില ഏടുകളുണ്ട് ചരിത്രത്താളുകളിൽ.. ഒന്നുമില്ലായ്മയിൽ നിന്നും കയ്യെത്തിപ്പിടിക്കുന്ന വിജയങ്ങൾ.. പരസ്പരം പടവെട്ടിപ്പോരാടിയുദ്ധഭൂമിയിൽ തോറ്റോടി തളർന്നിരിക്കുമ്പോൾ അതിജീവനമാണ് വിജയമെന്ന് തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്.. യുദ്ധ തന്ത്രത്തിൽ അത്രയ്ക്ക് പ്രാവീണ്യമുള്ളവർ അതെളുപ്പം തിരിച്ചറിയും... അതുപയോഗപ്പെടുത്തുന്നത് പോലും പിൽക്കാലത്ത് വിജയമായി വിലയിരുത്തപ്പെടും... അങ്ങനെയൊരു ഉദ്വേഗജനകമായ കഥയാണ് "ഡെൻകിർക്കിലെ അത്ഭുതം"(Miracle of Dunkirk) അഥവാ "ഓപ്പറേഷൻ ഡൈനാമോ”.
കാലാന്തരങ്ങളുടെ വാതായനം - Durdil Door
"നീയെനിക്കല്ലേ... നിൻ പാട്ടെനിക്കല്ലേ..."
പരസ്പരം നോക്കിയിരുന്ന ആദ്യ തീവണ്ടിയാത്രയിൽ മൗനത്തിന്റെ കെട്ടുപൊട്ടിച്ചത് നീയായിരുന്നു.. "അല്ലിമലർ കാവിൽ " ആയിരുന്നു നീ ചോദിച്ചത്.. പകരം ഞാൻ ഓഫർ ചെയ്തതോ "നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ" എന്ന പാട്ട്.. ഇയർ പീസുകൾ പങ്കുവച്ചു നമ്മളാദ്യമായി കേട്ട പാട്ടിലെ ചില വരികളങ്ങനെ ഓർമയിലിപ്പോഴും കൊരുത്തു നിൽക്കും.. അതെനിക്കായ് എഴുതപ്പെട്ടതെന്നു മനസ്സു മന്ത്രിക്കും.. "ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കീ നിൻ..
രാഗലോല പരാഗസുന്ദര ചന്ദ്രമുഖ ബിംബം.."
പിന്നീടങ്ങോട്ട് പരസ്പരം പങ്കുവച്ച എത്രയെത്ര പ്രണയയാത്രകൾ.. സ്നേഹം പൊതിഞ്ഞു നീ കൊണ്ടുവന്ന പലഹാരപ്പൊതികൾ.. വായിച്ചും കേട്ടും ചൊല്ലിയും പഴകിയ എത്രയെത്ര കവിതാ ശകലങ്ങൾ.. ആർത്തിയോടെ വായിച്ചു തീർത്ത എത്രയെത്ര പുസ്തകങ്ങൾ... കഥകൾ പറഞ്ഞു പറഞ്ഞു എന്റെ തോളിൽ നീ മയങ്ങിപ്പോയ എത്രയെത്ര രാവുകൾ, പകലുകൾ..
പിന്നെയും കഥ പറഞ്ഞു പറഞ്ഞു നാം ഒന്നായ കഥ.. അങ്ങനൊരു നാളിലാണ് വളരും തോറും പ്രായം കുറഞ്ഞു വരുന്നൊരു സിനിമാക്കഥ (Curious Case of Benjamin ആണെന്ന് തോന്നുന്നു..!!) നീയെന്റെ മുന്നിലിട്ടത്.. അതിൽ പിന്നെ ഓരോ വർഷവും ഞാൻ ചെറുതായി തുടങ്ങി.. നിന്റെ പ്രണയം വാത്സല്യങ്ങളായി.. ഓരോ രാത്രിയിലും സിൻഡ്രല്ലയുടെയും അറബിക്കഥയിലെ രാജകുമാരിയുടെയും കുഞ്ഞനുറുമ്പിന്റെയും തെനാലി രാമന്റെയും കഥകൾ എന്നെ തേടിയെത്തി.. കഥ കേട്ട് നിന്റെ കയ്യിൽ കിടന്ന് നെഞ്ചിൽ തലവച്ചു ഞാൻ ഉറങ്ങാൻ തുടങ്ങി.. എന്റെ കുട്ടിക്കുറുമ്പുകളെ ഉടുമ്പു കുട്ടാപ്പുവിനെ കാട്ടി നീ ഒതുക്കി നിർത്തി.. പ്രണയം കൊണ്ടു നീ കെട്ടിപ്പൊക്കിയ മായാലോകത്ത് നിന്റെ വാത്സല്യങ്ങളെല്ലാം എന്റെ പേരായി... എന്റെയുണ്ണിക്കെന്തു പേരിടും എന്നായി നിന്റെ പരിഭവങ്ങളത്രയും.. വാക്കുകൾ കോർത്തു നീയും ഞാനും തുടർന്നെഴുതിയവയെല്ലാം പരസ്പരം പ്രണയം തൂവി പ്രണയോപനിഷത്തുക്കളായി... രസച്ചരട് പൊട്ടിയവയൊക്കെയും വിരഹ വേദനകളായി.. പ്രണയമുണ്ടുണ്ടു വളർന്ന ഓരോ ജന്മദിനങ്ങളും പ്രണയ ലേഖനങ്ങൾക്കുള്ള കാത്തിരിപ്പുകളായി..
എഴുത്തുപുരവീട്ടിലെ ഉമ്മറപ്പടിയിലിരിക്കുന്ന രേവതിയുടെ ഭർതൃ സങ്കൽപം നിന്റെ കൂടിയല്ലേയെന്നു ഇപ്പൊഴെനിക്ക് തോന്നാറുണ്ട്.. പിന്നെയിപ്പോ ഇങ്ങു ദൂരെ മാറി ഓർമകളുടെ നാട്ടുമാവിൻ ചോട്ടിൽ ഒറ്റയ്ക്ക് വന്നിരിക്കുമ്പോഴും എന്റെയുള്ളിൽ പാടുന്നത് അതേ പാട്ടു തന്നെ..
സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം...
***************************
"ശ്രീപതി"യിൽ അപ്പോഴേക്കും ആളേറെ നിറഞ്ഞിട്ടുണ്ടാവും.. കണ്ണുരുട്ടലുമായി ഉത്തമേട്ടൻ ഹെഡ് മാസ്റ്ററുടെ റോൾ ഏറ്റെടുക്കും.. കുട്ടികളെല്ലാം വരിവരിയായി നിരനിരയായി വലതു വശത്തേയ്ക്ക് ഒതുങ്ങി നിൽക്കും.. ബാഗുകളെല്ലാം സീറ്റിലിരിക്കുന്നവരുടെ മടിയിൽ കുന്നായ് കുമിഞ്ഞു കൂടാൻ തുടങ്ങിയിട്ടുണ്ടാവും.. മുന്നിലെ ഡോറിനടുത്തുള്ള ആദ്യ സീറ്റിൽ നല്ല പിള്ള ചമഞ്ഞിരിക്കുന്ന എനിക്കധികം ഭാരം ചുമക്കേണ്ടി വരാറില്ല.. ഡോർ തുറന്നടയ്ക്കുകയെന്ന ഭാരിച്ച പണി അത്രയും സൂക്ഷ്മതയോടും ശുഷ്കാന്തിയോടും ചെയ്യുന്നതിനാൽ ബാഗുകൾ എന്നെയേല്പിക്കരുതെന്നു ഉത്തമേട്ടന്റെ ഓർഡർ ഉണ്ട്.. വല്ലപ്പോഴും അതറിയാതെ ബാഗ് തരുന്നവർക്ക് അയാളടുത്ത് നിന്നും കണക്കിന് കിട്ടാറുമുണ്ട്.. അങ്ങനെ ഞെങ്ങി ഞെരുങ്ങി വരുന്ന ബസിലേക്കാവും നീല നിറമുള്ള യൂണിഫോം ഇട്ട അവളു വന്നു കയറുന്നത്.. അതും ഒരു ലോഡ് പുസ്തകങ്ങൾ കുത്തി നിറച്ചൊരു നീല സ്കൂബീ ഡേ ബാഗുമായി... അഞ്ചു മിനുട്ട് നിർത്തിയിട്ടായാലും അമ്പതു പേരെ ചീത്തവിളിച്ചിട്ടായാലും എല്ലാ സ്റ്റോപ്പിലെയും എല്ലാവരെയും കയറ്റിയിട്ടേ ഉത്തമേട്ടൻ മണിയടിക്കാറുള്ളൂ.. പലരുടെയും കാലും കയ്യും ചിലപ്പോൾ ഉടലു തന്നെയും ഉളിയെത്തും വരെയും പുറത്തു തന്നെയായിരുന്നു..
തിരിച്ചും മറിച്ചും ഇടുന്ന പഴയ കാസറ്റു പോലെ ഈ കഥ ആഴ്ചയിൽ ആറു ദിവസവും ഇടതടവില്ലാതെ ഓടി.. നൂറിലധികം വരുന്ന സഹയാത്രികരിൽ ഇന്ന് വരാത്തതാരൊക്കെയെന്നു പോലും കൃത്യമായി പറയാൻ പറ്റുന്ന സ്ഥിതിയായി..
പറഞ്ഞു വന്ന സ്കൂബീ ഡേ ബാഗ് പലപ്പോഴും അങ്ങ് വാങ്ങും.. ഉത്തമേട്ടൻ കാണാതെ തന്നെ.. അങ്ങനങ്ങു പരിചയമായി.. ആ പരിചയം വച്ചാണ്, റെയിൽവേ ഓവർബ്രിഡ്ജ് കടന്ന്, മുനീശ്വരൻ കോവിലിനു മുന്നിലൂടെ മാർക്കറ്റ് റോഡും ബാങ്ക് റോഡും കടന്നു പ്രഭാത് ജങ്ക്ഷനിലെ മൂന്നാം നിലയിലുള്ള എൻട്രൻസ് ക്‌ളാസിലേക്ക് നടക്കുമ്പോൾ ആദ്യമായി സംസാരിച്ചത്.. പിന്നെയത് സ്റ്റേഡിയം കോർണറിൽ നിർത്തിയിടുന്ന "ന്യൂ ലൈഫി"ൽ കയറാനുള്ള വൈകുന്നേരത്തെ ധൃതി കുറഞ്ഞ നടത്തിനിടെ ആവും.. അത് പിന്നെ ഒന്നോ രണ്ടോ തവണ മാത്രം ശബ്ദിക്കുന്ന വീട്ടിലെ ടെലിഫോൺ ബെല്ലുകളായി.. പിന്നെ ആദ്യമായി കയ്യിലൊരു 1100 കിട്ടിയപ്പോൾ മിസ്ഡ് കോളുകൾ അതിൽ നിന്നായി.. അതുവഴി പോകുമ്പോഴും വരുമ്പോഴും ഇത് സിഗ്നൽ ആയി..അറിഞ്ഞോ അറിയാതെയോ വീടിന്റെ ഉമ്മറപ്പടിയിൽ നിന്നൊരു തലയെത്തി നോട്ടങ്ങളുണ്ടായി.. പിന്നീടുള്ള കോളേജ് കാലങ്ങളിൽ ഫോണിലൂടെ കഥ പറയലുകളുണ്ടായി.. വല്ലപ്പോഴും കണ്ടുമുട്ടലുകളുണ്ടായി.. ആരാണ് നീ.. ആരാണ് ഞാൻ എന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടലുകളുണ്ടായില്ല.. പ്രണയം എന്നതൊരു വാക്കായി പോലും വർത്തമാനത്തിലെവിടെയും കൊരുത്തു വന്നില്ല.. പിന്നെയും കാലങ്ങൾ കഴിഞ്ഞു..
എന്റെ പ്രണയത്തിന്റെ കഥ ഞാൻ പറഞ്ഞൊരു നാൾ നീ മൗനിയാകുന്നത് ഞാൻ കണ്ടു.. അതോ അതെനിക്ക് മാത്രം തോന്നിയതാകുമോ? പിന്നെയുള്ള വിളികൾക്ക് ദൈർഘ്യം കുറഞ്ഞു.. മെസ്സേജുകൾക്ക് എണ്ണം കുറഞ്ഞു.. എഴുതാൻ നിനക്കൊരു പേന സമ്മാനമായി നൽകിയ ഞാൻ ഒരായിരം പ്രണയലേഖനങ്ങളെനിക്കെഴുതി നല്കിയവളെ കല്യാണം കഴിച്ചു.. അന്ന് നീ വന്നില്ല.. ഞാനേറെയിഷ്ടപ്പെട്ട, ഞാനാശിച്ചൊരു ജോലി ചെയ്യുന്നയാളെ നീയും വിവാഹം കഴിച്ചു... അന്ന് ഞാനും വന്നില്ല..
കാലങ്ങൾക്കിപ്പുറം വാട്സ്ആപ്പിലെ സ്നേഹാന്വേഷണങ്ങൾക്ക് ഔപചാരികതയുടെ നിറം മാത്രമായി.. തിരിഞ്ഞു നോക്കുമ്പോൾ ഓർമയിലൊരു നീലമെഴുകുതിരി മുനിഞ്ഞു കത്തി നില്പുണ്ട്..