എന്‍റെ വീട്, ഒരു പുലര്‍ക്കാലം.....


കിഴക്ക് സൂര്യന്‍ ഉദിച്ചിറങ്ങുന്നതേയുള്ളൂ.... മരങ്ങള്‍ക്കിടയിലൂടെ ആ സുവര്‍ണ രേഖകള്‍ എനിക്ക് കാണാം.... ഓലത്തുമ്പത്തിരുന്നു പുഞ്ചിരിച്ച, താഴെ വീണുടയാത്ത ആ മഴത്തുള്ളിയേയും... "പുലരിത്തൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം......" പ്രകൃതിയുടെ മനോഹാരിത കവിവചനത്തിനൊപ്പമെത്തുന്നു.....

ഇതെന്‍റെ സ്വര്‍ഗമാണ്..... വൃസ്ചികക്കുളിര് കിനിഞ്ഞിറങ്ങുന്നതിനു മുന്‍പുള്ള ഈ പ്രഭാതം ഏറെ മനോഹരമായിരിക്കുന്നു... കോടമഞ്ഞ്‌ വെള്ളിക്കസവുടുപ്പിച്ച മലമേടുകള്‍ ഹൃദ്യമായിരിക്കുന്നു.... അങ്ങിങ്ങു വിരിഞ്ഞ പനിനീര്‍ പൂക്കളില്‍ അടയ്ക്കാക്കുരുവികള്‍ എത്തിത്തുടങ്ങി.... ചിലച്ചു കൊണ്ട് കരിയിലക്കിളികളും പിറകെ.... പക്ഷെ അവയ്ക്ക് പൂവിനോട് പഥ്യമില്ല... പടിഞ്ഞാറ് പൂമരത്തില്‍ നിന്നും കുയിലുകള്‍ കളകൂജനം പൊഴിക്കുന്നു...  പഴുത്തു നിന്ന പപ്പായയുടെ പാതി പകുത്തു തിന്ന് പാഞ്ഞിറങ്ങി വരുന്നുണ്ട് അണ്ണാന്‍ കുഞ്ഞ്....  ബാക്കി ആ തോപ്പിക്കിളിക്കുള്ളതാണെന്നു തോന്നുന്നു... അത് പരിഭവമേതുമില്ലാതെ പപ്പായയില്‍ കൊത്തിപ്പറിക്കുന്നുണ്ട്...

ഇപ്പോഴാണ് ഞാന്‍ കാണുന്നത്, മുന്നിലെ കുരുമുളക് വള്ളിയില്‍ ഒരു കുഞ്ഞു കിളിക്കൂട്‌... എന്റെ കയ്യെത്തും ഉയരത്തില്‍..... വാഴനാരുമായി വന്ന അടയ്ക്കാക്കുരുവിയാണ് എന്‍റെ കണ്ണവിടെത്തിച്ചത്.... എന്റമ്മോ..... ഇത്ര രാവിലെ ഇത് പണി തുടങ്ങിയോ? പിന്നെയും പിന്നെയും അത് സസൂക്ഷ്മം ചകിരിനാരുകളും വാഴനാരുകളുമായി വരാന്‍ തുടങ്ങി.... മുറ്റമടിക്കാന്‍ ചൂലുമായി വന്ന അമ്മയെക്കണ്ട് ഭയന്നോടി.... അമ്മ കാണാതെ പിന്നെയും വന്നു..... 

ഇന്നലെ പെയ്ത മഴയുടെ ഇത്തിരി വെള്ളത്തില്‍ കുളിക്കാനെത്തിയതാണ് വാലാട്ടിക്കിളി... ഇത്തിരി വെള്ളത്തില്‍ ചിറകുകള്‍ക്കുടഞ്ഞു മുങ്ങിക്കുളിച്ചു അത് സംതൃപ്തിയോടെ പറന്നു പോയി...

ഇതാ പുതിയ അതിഥി... തൊടിയിലെ എറ്റവും വലിയ പ്ലാവിനു മുകളില്‍ രാജാവിനെപ്പോലെ.... ആരാണെന്നോ? ഒരു വേഴാമ്പല്‍...  അതെ മലമുഴക്കി വേഴാമ്പല്‍ തന്നെ... അതു ചെറുതായൊന്നു കരഞ്ഞതും കിളികളെല്ലാം നിശബ്ദമായി... പിന്നെ വലിയ ചിറകുകള്‍ വീശി അതെങ്ങോട്ടോ പറന്നു പോയി...

ഇനിയുമുണ്ട് അതിഥികള്‍....ഒരു പറ്റം പൂമ്പാറ്റകള്‍... നീലയും ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന പട്ടാംപൂച്ചികള്‍.... മുറ്റത്തെ പൂത്തുനില്‍ക്കുന്ന ചെത്തിയാണ് അവര്‍ക്ക് ഇഷ്ടതാവളം.... പറന്നും ചിറകടിച്ചാര്‍ത്തും അവര്‍ തൊടിയിലങ്ങനെ വിലസുന്നു.... വട്ടമിട്ടു പറക്കുന്ന അസംഖ്യം തുമ്പികള്‍ മനസ്സില്‍ ഓണക്കാലം ഓര്‍മപ്പെടുത്തുന്നു....

തലപോയ തെങ്ങിന്‍റെ തടിയുടെ മൂപ്പുനോക്കുന്നു എങ്ങുനിന്നോ വന്ന ഒരു മരംകൊത്തിക്കിളി.... വാഴപ്പോളയിലെ തേന്‍ തേടിയിറങ്ങി സൂചിമുഖി.... ഇവരെല്ലാം എന്‍റെ തൊടിയിലെ വിരുന്നുകാരാണ്.... അല്ല പതിവുകാരാണ്.....

അപ്പോഴേക്കും ആകാശം തൊട്ട സൂര്യന്‍റെ വെയില്‍ മുറ്റത്തു വീണു തുടങ്ങി..... അപ്പോഴും മനം നിറഞ്ഞു, കണ്‍കുളിര്‍ന്നു ഞാനിവിടിരിപ്പുണ്ട്....

ഈ വര്‍ണക്കാഴ്ചകള്‍ കണ്ണില്‍നിന്നു മറയാതിരിക്കാന്‍, ഈ മധുരഗീതങ്ങള്‍ കാതില്‍നിന്നു ചോരാതിരിക്കാന്‍ പ്രാര്‍ത്തിച്ചുകൊണ്ട്‌......
                                                                                                                                           - നിധി -

10 comments:

  1. super..............oru pulerkalathekku enneyum koottikondupoyi...thanks a lot...............

    ReplyDelete
    Replies
    1. പേരറിയാത്ത അഭ്യുദയാകാംക്ഷിക്ക് നന്ദി...... ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും....... ഇനിയും വരുമെന്ന് പ്രതീക്ഷിക്കട്ടെ?

      Delete
  2. .....' felt refreshed by the morning dews...:-)

    ReplyDelete
    Replies
    1. Thanks Navya..... Expect you to come again and share your thoughts...

      Delete
  3. ഗ്രാമീണഭംഗി നിറഞ്ഞ നാടിന്‍റെ പുലര്‍ക്കാലകാഴ്ചകളും,വിശേഷങ്ങളും
    നന്നായി അവതരിപ്പിച്ചിരിക്കുന്നു.ഫോട്ടോകളും നന്നായി.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.......

      Delete
  4. മഞ്ഞുതുള്ളിപോലെ മയില്പീലിപോലെ മണിക്കുയിലിന്പാട്ടുപോലെ മനോഹരമായ ഒരു പ്രഭാതകാഴ്ച.

    ReplyDelete
    Replies
    1. വിരുന്നു വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി..... പ്രോത്സാഹനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...

      Delete
  5. ചെന്നൈയിൽ എവിടെയാണ്? ഞാനും ഇപ്പോൾ ചെന്നൈയിൽ ആണുള്ളത്.

    ReplyDelete
    Replies
    1. ജോലി ഗിണ്ടിയിലാ .... താമസം പല്ലാവരം.....

      Delete

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....