ആഴ്ച്ചവസാനം കാറിലൊരു കറക്കമായലോ എന്ന് ഫൈസൽ ചോദിച്ചപ്പോഴെ ഞങ്ങൾ റെഡി ആയിരുന്നു... വാടകയ്ക്കെടുത്ത കാറുമായി കൂട്ടുകാരെല്ലാവരും കൂടി പുറപ്പെട്ടപ്പോഴും എങ്ങോട്ടെന്ന കാര്യത്തിൽ എനിക്ക് വല്യ ധാരണ ഉണ്ടായിരുന്നില്ല... ഡർഡിൽ ഡോർ എന്ന് ഒന്ന് ഗൂഗിൾ സെർച്ച് ചെയ്യാൻ പോലും തോന്നിയതുമില്ല... കാണാൻ പോകുന്ന പൂരം പറഞ്ഞറിയണ്ടല്ലോ എന്നൊരു തോന്നൽ...
35 പൗണ്ടിന് വാടകയ്ക്കെടുത്ത് 25 പൗണ്ടിന് ഡീസലും അടിച്ചാൽ 5 പേർക്ക് ഒരു ദിവസം മുഴുവൻ കറങ്ങാം എന്നത് UK യിൽ തികച്ചും ആകർഷണനീയം ആണ്... കാരണം ട്രെയിനും ട്രെയിൻ ഇല്ലാത്തിടത്തേക്കുള്ള ബസ് യാത്രയും ഇതിലേറെ ചിലവേറിയതാണ്... ഇന്ത്യൻ ലൈസൻസ് ഒരു വർഷം വരെ ഇവിടെ അനുവദനീയം ആണ് താനും...
ലോകത്തിൽ വാഹനാപകട നിരക്ക് ഏറ്റവും കുറഞ്ഞ 5 രാജ്യങ്ങളിൽ ഒന്നായ ബ്രിട്ടനിലെ ഡ്രൈവിങ് സംസ്കാരം എടുത്തു പറയേണ്ട ഒന്നാണ്... രണ്ടു വരി റോഡുകളിൽ ആരും തന്നെ ഓവർ ടേക്ക് ചെയ്യാൻ തുനിയാറില്ല... ഹോൺ മുഴക്കാറില്ല.. 70 മൈൽ വരെ വേഗപരിധി ഉള്ള മോട്ടോർ റോഡുകളിൽ ആണെങ്കിൽ എല്ലാവരും ലൈൻ ട്രാഫിക് പാലിച്ചു പോകാറാണ് പതിവ്... വേഗം കുറഞ്ഞ വാഹനങ്ങൾ ഇടതു വശം ചേർന്നും കൂടിയവ വലതു വശം ചേർന്നും ഒഴുകി നീങ്ങും... റോഡിലെമ്പാടും വാഹനം നിർത്താൻ പാർക്കിംഗ് ബേ കൾ നിർമിച്ചിരിക്കുകയും അല്ലാത്തിടത്തു നിർത്തിയാൽ കനത്ത പിഴ ഈടാക്കുകയും ചെയ്യുന്നു...
ഇന്ഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറൻ തീരത്തുള്ള ഡോർസെറ്റ് കൗണ്ടിയിൽ ആണ് ഡർഡിൽ ഡോർ. ലണ്ടനിൽ നിന്നും 130 മൈൽ ദൂരെയാണിത്.. പോകുന്ന വഴിയിൽ സതാംപ്ടനു അടുത്തുള്ള ന്യൂ ഫോറസ്റ്റ് നാഷണൽ പാർക്ക് മറ്റൊരു ആകർഷണം ആണ്... കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നേർവഴിക്ക് ഇരുവശവും മരങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു... റോഡിൻറെ ഇരുവശവും മുകൾഭാഗവും മരച്ചില്ലകൾ ഒരേ അളവിൽ വെട്ടിയൊതുക്കി ഇരിക്കുന്നതിനാൽ ആ പച്ചില തുരങ്കത്തിലൂടെ യാത്ര ചെയ്യുന്ന ഫീൽ അനുപമമാണ്... ഇടയ്ക്കിടെ മറച്ചില്ലകൾക്കിടയിലൂടെ സൂര്യൻ എത്തി നോക്കുന്നു... ഏകദേശം 3 മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങളെത്തുമ്പോൾ ഡർഡിൽ ഡോറിൽ മഴ പൊഴിഞ്ഞു തുടങ്ങിയിരുന്നു... വിശാലമായ കുന്നിൽ പുറത്തു കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങി.. കുന്നിറങ്ങി താഴെയെത്തണം കടലിനടുത്തെത്താൻ... പച്ചപ്പുൽ മേടുകളും അതിനോട് ചേർന്ന് കടലും ഏതോ വാൾപേപ്പറിനെ ഓർമിപ്പിച്ചു... ഇന്ഗ്ലണ്ടിന്റെ തെക്കൻ തീരത്ത്, ഇംഗ്ലീഷ് ചാനലിനോട് ചേർന്നു കിടക്കുന്ന ഈ സ്ഥലം ഭൂമുഖത്ത് മനുഷ്യവംശം പിറവികൊള്ളും മുൻപേ, ഏകദേശം 185 മില്യൺ വർഷങ്ങൾക്ക് മുൻപു മുതൽ ഉള്ള ചരിത്രം നമ്മോടു വിളിച്ചു പറയുന്നു.. ട്രയാസിക്, ജുറാസിക്, ക്രെറ്റയേഷ്യസ് കാലഘട്ടങ്ങളിൽ ഫോസിലുകൾ പലകാലങ്ങളിൽ കണ്ടെടുക്കപ്പെട്ടിട്ടുള്ള, പല കാലങ്ങളിൽ കുന്നായും കാടായും കടലായും മരുഭൂമിയായും ഒക്കെ രൂപം മാറിയിട്ടുള്ള ഈ തീരം 'ജുറാസിക് കോസ്റ്റ്' എന്ന് പൊതുവിൽ അറിയപ്പെടുകയും യുനെസ്കോ അവരുടെ പൈതൃക പട്ടികയിൽ പെടുത്തി സംരക്ഷിച്ചു പോരുകയും ചെയ്യുന്നു... താഴോട്ട് ഇറങ്ങി ചെല്ലും തോറും ഓരോ സഞ്ചാരിക്കും മറക്കാനാവാത്ത കാഴ്ചയാണ് ഈയിടം സമ്മാനിക്കുക... പച്ച നിറത്തിലുള്ള കടലും പല നിറത്തിലുള്ള കുന്നുകളും കടലിലേക്കിറങ്ങി നിൽക്കുന്ന പാറക്കെട്ടും ഇവിടം ഒരു എണ്ണചായചിത്രം പോലെ തോന്നിക്കും... കടലിൽ ഉയർന്നു നിൽക്കുന്ന കമാനവും അതോടു ചേർന്നു നിൽക്കുന്ന പാറക്കെട്ടുകളും ഇംഗ്ലീഷ് കുട്ടിക്കഥകളിലെ കല്ലായി രൂപാന്തരം പ്രാപിച്ച 'ഡർഡിൽ ഡോറസ്' എന്ന ദിനോസറിന്റെ രൂപം ആയി നമ്മെ അത്ഭുതപ്പെടുത്തും... അത്രമേൽ മനോഹരമായി പ്രകൃതി പലകാലങ്ങളിൽ ഈ ചുണ്ണാമ്പ് കല്ലിൽ കൊത്തുപണി ചെയ്തിരിക്കുന്നു...
ബീച്ചിലേക്ക് ഇറങ്ങാൻ ഉള്ള വഴി കാഴ്ചയിൽ അതി മനോഹരവും എന്നാൽ അത്യധികം വഴുവഴുപ്പുള്ളതും ആയിരുന്നു... കളിമണ്ണിനു സമാനമായ മണ്ണിൽ ഞങ്ങൾ പലകുറി വീഴാൻ പോയി... അത്രയധികം കിഴക്കാംതൂക്കായ(ക്ലിഫ്) ഈയിടം മലയിടിച്ചിലിന് ഏറെ പ്രശസ്തമാണ്... 2013 ലെ മലയിടിച്ചിൽ തെക്ക് പടിഞ്ഞാറൻ ബീച്ചിലേക്കുള്ള വഴി മുഴുവനായും തന്നെ ഇല്ലാതാക്കിക്കളഞ്ഞു... ഡർഡിൽ ഡോറിന് അടുത്തായി തന്നെയാണ് പ്രശസ്തമായ ലൾവർത്ത് കോവ്.. 'റ' ആകൃതിയിൽ കടൽ അകത്തോട്ടു കയറി കിടക്കുന്ന(Cove) ഇവിടം ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്..
മരം കോച്ചുന്ന തണുപ്പും ചന്നം പിന്നം പെയ്ത മഴയും വീശിയടിക്കുന്ന തണുത്ത കാറ്റും കൂടുതൽ സമയം അവിടെ ചിലവഴിക്കാൻ ഞങ്ങളെ സമ്മതിച്ചില്ല.. മനസ്സില്ലാ മനസ്സോടെ പ്രകൃതി വരച്ച ചിത്രം നോക്കി വീണ്ടും വീണ്ടും നെടുവീർപ്പിട്ടുകൊണ്ടു ഞങ്ങൾ അടുത്തയിടമായ പോർട്സ്മത്തിലേക്ക് തിരിച്ചു...
നല്ല വിവരണം
ReplyDeleteആശംസകൾ
Thank you :)
Deleteഗുരോ പ്രണാമം... 🙏
ReplyDeleteപെരുത്തിഷ്ടപ്പെട്ടു..
Thanks Bro :)
Delete