Showing posts with label sahayathrika. Show all posts
Showing posts with label sahayathrika. Show all posts

സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം...

അത്രമേൽ പ്രിയമായതെന്തും പ്രണയം എന്നാണിപ്പോ എഴുതാൻ തോന്നുന്നത്... ആദ്യത്തെ മൊബൈൽ കയ്യിൽ കിട്ടുന്നതിനും മുൻപുള്ളോരു കാലമുണ്ടായിരുന്നു... നീട്ടിമണിയടിക്കുന്ന ടെലിഫോണിന്റെ കാലം.. നീല ഡിസ്‌പ്ലെയുള്ള കോളർ ഐഡിയിൽ നമ്പർ തെളിഞ്ഞിരുന്ന കാലം.. മിസ്ഡ് കോളിൽ കൂടി വരെ കഥ പറഞ്ഞിരുന്ന കാലം... ഇന്നെനിക്കറിയാം വാക്കിലും നോക്കിലും അന്ന് പ്രണയമായിരുന്നു.. ഒരിക്കലും പറയാൻ പറ്റില്ലെന്ന് കരുതിയ, പറയരുതെന്ന് സ്വയം വിലക്കിയ ചില പ്രണയ സങ്കൽപ്പങ്ങൾ...

                                    ***************************
"ശ്രീപതി"യിൽ അപ്പോഴേക്കും ആളേറെ നിറഞ്ഞിട്ടുണ്ടാവും.. കണ്ണുരുട്ടലുമായി ഉത്തമേട്ടൻ ഹെഡ് മാസ്റ്ററുടെ റോൾ ഏറ്റെടുക്കും.. കുട്ടികളെല്ലാം വരിവരിയായി നിരനിരയായി വലതു വശത്തേയ്ക്ക് ഒതുങ്ങി നിൽക്കും.. ബാഗുകളെല്ലാം സീറ്റിലിരിക്കുന്നവരുടെ മടിയിൽ കുന്നായ്‌ കുമിഞ്ഞു കൂടാൻ തുടങ്ങിയിട്ടുണ്ടാവും..  മുന്നിലെ ഡോറിനടുത്തുള്ള ആദ്യ സീറ്റിൽ നല്ല പിള്ള ചമഞ്ഞിരിക്കുന്ന എനിക്കധികം ഭാരം ചുമക്കേണ്ടി വരാറില്ല.. ഡോർ തുറന്നടയ്ക്കുകയെന്ന ഭാരിച്ച പണി അത്രയും സൂക്ഷ്മതയോടും ശുഷ്കാന്തിയോടും ചെയ്യുന്നതിനാൽ ബാഗുകൾ എന്നെയേല്പിക്കരുതെന്നു ഉത്തമേട്ടന്റെ ഓർഡർ ഉണ്ട്.. വല്ലപ്പോഴും അതറിയാതെ ബാഗ് തരുന്നവർക്ക് അയാളടുത്ത് നിന്നും കണക്കിന് കിട്ടാറുമുണ്ട്.. അങ്ങനെ ഞെങ്ങി ഞെരുങ്ങി വരുന്ന ബസിലേക്കാവും നീല നിറമുള്ള യൂണിഫോം ഇട്ട അവളു വന്നു കയറുന്നത്.. അതും ഒരു ലോഡ് പുസ്തകങ്ങൾ കുത്തി നിറച്ചൊരു നീല സ്കൂബീ ഡേ ബാഗുമായി... അഞ്ചു മിനുട്ട് നിർത്തിയിട്ടായാലും അമ്പതു പേരെ ചീത്തവിളിച്ചിട്ടായാലും എല്ലാ സ്റ്റോപ്പിലെയും എല്ലാവരെയും കയറ്റിയിട്ടേ ഉത്തമേട്ടൻ മണിയടിക്കാറുള്ളൂ.. പലരുടെയും കാലും കയ്യും ചിലപ്പോൾ ഉടലു തന്നെയും ഉളിയെത്തും വരെയും പുറത്തു തന്നെയായിരുന്നു..
തിരിച്ചും മറിച്ചും ഇടുന്ന പഴയ കാസറ്റു പോലെ ഈ കഥ ആഴ്ചയിൽ ആറു ദിവസവും ഇടതടവില്ലാതെ ഓടി.. നൂറിലധികം വരുന്ന സഹയാത്രികരിൽ ഇന്ന് വരാത്തതാരൊക്കെയെന്നു പോലും കൃത്യമായി പറയാൻ പറ്റുന്ന സ്ഥിതിയായി..
പറഞ്ഞു വന്ന സ്കൂബീ ഡേ ബാഗ് പലപ്പോഴും അങ്ങ് വാങ്ങും.. ഉത്തമേട്ടൻ കാണാതെ തന്നെ.. അങ്ങനങ്ങു പരിചയമായി.. ആ പരിചയം വച്ചാണ്, റെയിൽവേ ഓവർബ്രിഡ്ജ് കടന്ന്, മുനീശ്വരൻ കോവിലിനു മുന്നിലൂടെ മാർക്കറ്റ് റോഡും ബാങ്ക് റോഡും കടന്നു പ്രഭാത് ജങ്ക്ഷനിലെ മൂന്നാം നിലയിലുള്ള എൻട്രൻസ് ക്‌ളാസിലേക്ക് നടക്കുമ്പോൾ ആദ്യമായി സംസാരിച്ചത്.. പിന്നെയത് സ്റ്റേഡിയം കോർണറിൽ നിർത്തിയിടുന്ന "ന്യൂ ലൈഫി"ൽ കയറാനുള്ള വൈകുന്നേരത്തെ ധൃതി കുറഞ്ഞ നടത്തിനിടെ ആവും..  അത് പിന്നെ ഒന്നോ രണ്ടോ തവണ മാത്രം ശബ്ദിക്കുന്ന വീട്ടിലെ ടെലിഫോൺ ബെല്ലുകളായി.. പിന്നെ ആദ്യമായി കയ്യിലൊരു 1100 കിട്ടിയപ്പോൾ മിസ്ഡ് കോളുകൾ അതിൽ നിന്നായി.. അതുവഴി പോകുമ്പോഴും വരുമ്പോഴും ഇത് സിഗ്നൽ ആയി..അറിഞ്ഞോ അറിയാതെയോ വീടിന്റെ ഉമ്മറപ്പടിയിൽ നിന്നൊരു തലയെത്തി നോട്ടങ്ങളുണ്ടായി.. പിന്നീടുള്ള കോളേജ് കാലങ്ങളിൽ ഫോണിലൂടെ കഥ പറയലുകളുണ്ടായി.. വല്ലപ്പോഴും കണ്ടുമുട്ടലുകളുണ്ടായി.. ആരാണ് നീ.. ആരാണ് ഞാൻ എന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടലുകളുണ്ടായില്ല.. പ്രണയം എന്നതൊരു വാക്കായി പോലും വർത്തമാനത്തിലെവിടെയും കൊരുത്തു വന്നില്ല.. പിന്നെയും കാലങ്ങൾ കഴിഞ്ഞു..
എന്റെ പ്രണയത്തിന്റെ കഥ ഞാൻ പറഞ്ഞൊരു നാൾ നീ മൗനിയാകുന്നത് ഞാൻ കണ്ടു.. അതോ അതെനിക്ക് മാത്രം തോന്നിയതാകുമോ? പിന്നെയുള്ള വിളികൾക്ക് ദൈർഘ്യം കുറഞ്ഞു.. മെസ്സേജുകൾക്ക് എണ്ണം കുറഞ്ഞു.. എഴുതാൻ നിനക്കൊരു പേന  സമ്മാനമായി നൽകിയ ഞാൻ ഒരായിരം പ്രണയലേഖനങ്ങളെനിക്കെഴുതി നല്കിയവളെ കല്യാണം കഴിച്ചു.. അന്ന് നീ വന്നില്ല.. ഞാനേറെയിഷ്ടപ്പെട്ട, ഞാനാശിച്ചൊരു ജോലി ചെയ്യുന്നയാളെ നീയും വിവാഹം കഴിച്ചു... അന്ന് ഞാനും വന്നില്ല..
കാലങ്ങൾക്കിപ്പുറം വാട്സ്ആപ്പിലെ സ്നേഹാന്വേഷണങ്ങൾക്ക് ഔപചാരികതയുടെ നിറം മാത്രമായി..  തിരിഞ്ഞു നോക്കുമ്പോൾ ഓർമയിലൊരു നീലമെഴുകുതിരി മുനിഞ്ഞു കത്തി നില്പുണ്ട്..