തലയ്ക്കു നേരെ ഓങ്ങിയ ഓലമടലിൽ ഞാൻ കയറിപ്പിടിച്ചപ്പോഴും അമ്മ നിന്ന് വിറയ്ക്കുകയായിരുന്നു..... "അന്നേ അങ്ങ് വേണ്ടെന്നു വച്ചാൽ മതിയായിരുന്നു..."
ചെയ്തുവച്ച ഏതോ കുരുത്തക്കേടിന്റെ
അവസാനഭാഗത്ത് അടർന്നു വീണ വാക്കുകളിൽ ഞാൻ വിറങ്ങലിച്ചു നിന്നു...
പറയേണ്ടിയിരുന്നില്ലെന്നു അമ്മയുടെ കണ്ണുകൾ ആയിരം തവണ പറഞ്ഞു...
ഇരുപതുകളിലെത്തിയ ചോരത്തിളപ്പിൽ ഒരു നാൾ ഞാൻ ചോദിച്ചു... എനിക്കുവേണ്ടി എന്ത് ചെയ്തിട്ടുണ്ടെന്ന്....
നിസ്സഹായത നിറഞ്ഞ നോട്ടമായിരുന്നു മറുപടി.... അത് പതുക്കെ വിങ്ങലുകൾക്ക് വഴിമാറി.... അണമുറിയാതെയുള്ള കണ്ണീർച്ചാലാൽ അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു.... ആ കണ്ണീരിൽ എനിക്ക് ശ്വാസം മുട്ടി.... സങ്കടങ്ങളുടെ നിലയില്ലാക്കയത്തിൽ വീണു ഞാൻ കൈകാലിട്ടടിച്ചു.... എന്റെ ക്ഷമാപണങ്ങൾക്കും ആലിംഗങ്ങൾക്കും തടഞ്ഞു നിർത്താൻ കഴിയാത്തത്രയും നേരം ആ കണ്ണുകൾ നിർത്താതെ പെയ്തു... ഒരു രാത്രിമുഴുവൻ ആ ഒരു വാചകത്തിൽ കുടുങ്ങിക്കിടന്നു....
ദാരിദ്ര്യം നിറഞ്ഞ ബാല്യകാലങ്ങളിൽ അമ്മ മുട്ടാത്ത വാതിലുകളില്ലെന്ന് അറിയാഞ്ഞിട്ടല്ല.... മത്സരപ്പരീക്ഷകൾക്ക് പോകാൻ ഇറങ്ങുമ്പോഴേക്കും എവിടെനിന്നോ അമ്മ മുഷിഞ്ഞൊരൊറ്റ നോട്ടുമായി മടങ്ങിവന്നിരിക്കും... എന്റെ തോൽവികളിലൊന്നിലും വ്യാകുലപ്പെട്ടു കണ്ടില്ല... ജയങ്ങളിലൊക്കെയും പുഞ്ചിരി പൊഴിച്ചു.... അച്ഛനുമമ്മയും ആഞ്ഞുതുഴഞ്ഞിട്ടും ദുരിതക്കടലിൽ കരയെത്താതിരുന്ന കാലത്ത് എഞ്ചിനീയറിംഗ് പഠനം എന്നതൊരു സാഹസമായിരുന്നു.... എങ്കിലും മാസാമാസം ഒരുദിനം തെറ്റാതെ എന്റെ അക്കൗണ്ടിൽ പണമെത്തിക്കൊണ്ടിരുന്നത് അച്ഛന്റെ അധ്വാനത്തിനൊപ്പം പണം ക്രയവിക്രയം ചെയ്യുന്നതിൽ അമ്മ കാണിച്ച വൈദഗ്ധ്യം കൊണ്ട് കൂടിയായിരുന്നു... എല്ലാ സാധ്യതകളും അടഞ്ഞതിനപ്പുറവും ഒരു വഴിയെവിടെയോ മറഞ്ഞു കിടപ്പുണ്ടെന്നു അമ്മയെപ്പോഴും വിശ്വസിച്ചു പോന്നു...
ആകുലതകളും ആത്മസംഘർഷങ്ങളും ഒടുങ്ങി നല്ല കാലങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയപ്പോഴേക്കും അമ്മയുടെ ശരീരത്തെ രോഗം കാർന്നു തിന്നു തുടങ്ങിയിരുന്നു.... ദേഹമാസകലം ഞണ്ടിറുക്കുന്ന വേദനയിലും അമ്മ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല... ഇനിയൊരു തിരിച്ചുപോക്കില്ലെന്നു മനസ്സിലാക്കിയ അവസാനനാളുകളിൽ ഒന്നിൽ വരെ...
തനിക്കു ചുമക്കാനാവില്ലെന്നു പറഞ്ഞു ശരീരവും ഒരു കത്തിയിൽ തീർക്കാമെന്നു ഡോക്ടറും പറഞ്ഞിട്ടും, ഓക്കാനങ്ങളുടെ ഒരു ഗർഭകാലവും അതിനപ്പുറം ഒരു ദുരിതകാലവും താണ്ടി എന്നെ ഞാനാക്കിയ സർവം ക്ഷമയ്ക്ക്, ഒരു ജന്മം കൊണ്ടുപോലും വീട്ടിത്തീർക്കാനാവാത്ത കടപ്പാടുകൾക്ക്..., അമ്മയ്ക്ക്..., കനലെരിയുന്ന മനസ്സാൽ ഒരശ്രുപൂജ...
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....