Showing posts with label valappottu. Show all posts
Showing posts with label valappottu. Show all posts

മാമ്പഴക്കാലം

വിഷു വരും മുൻപേ കൊന്നകളൊക്കെ പൂത്തുലഞ്ഞപ്പോഴേ ഒന്നുറപ്പായിരുന്നു, ഇത്തവണത്തെ വേനൽ ചുട്ടു പൊള്ളുമെന്ന്.... വേനൽ ചുട്ടു പൊള്ളിയാലെന്താ വേനലവധിയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു പഠിച്ചോണ്ടിരുന്നപ്പോഴൊക്കെ... പക്ഷേ ഇപ്പൊ വേനലുണ്ട്, വേനലവധിയില്ലെന്ന അവസ്ഥ വന്നപ്പോ വല്ലാത്ത വിമ്മിഷ്ടം.... ഓഫീസിലെ എ.സിയ്ക്കുള്ളിൽ ഇരിപ്പുറയ്ക്കുന്നില്ല... ഉള്ളിലും പുറത്തും ചൂട് കൂടിക്കൂടി വന്നപ്പോ ഓഫീസിൽ രണ്ടു നാൾ ലീവും എഴുതിക്കൊടുത്ത് രണ്ടും കല്പ്പിച്ച് നാട്ടിലേക്ക് വണ്ടി കയറി...

പോയതു വെറുതെയായില്ല... കൃത്യ സമയം... സ്കൂളടച്ചു... മാവായ മാവൊക്കെ മധുരം നിറച്ചു കാത്തിരിപ്പുണ്ട്‌.. കുറുക്കൻ മാവും കുറ്റ്യാട്ടൂരും നാട്ടുമാവും മൂവാണ്ടനുമൊക്കെ വഴിയിലെങ്ങും നിറഞ്ഞു നില്പ്പുണ്ട്... ഉപ്പു കൂട്ടിത്തിന്നാൻ പുളിയൻ പച്ചമാങ്ങയും കിട്ടി.. 
വൈകുന്നേരം വെറുതെ നടക്കാനിറങ്ങിയപ്പൊഴാണ് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടത്... നമ്മുടെ പഴയ ചങ്ങാതിക്കൂട്ടങ്ങളൊന്നുമല്ല... അവരൊക്കെ ഓരോ പണിക്കു പോയിത്തുടങ്ങി.. .ഇതു തികച്ചും "ന്യൂ ജെനെറേഷൻ". പക്ഷെ കളിക്കാര്യത്തിലൊന്നും അതു തെല്ലും തൊട്ടു തീണ്ടീട്ടില്ല.. ബാറ്റിങ്ങ് ക്രീസിൽ മട്ടലിന്റെ സ്റ്റംബ് തന്നെ... ബൌളിംഗ് ക്രീസിൽ ഒരു ചക്ക.. അത്യാവശ്യം മുഴുത്തതു തന്നെ... (പക്ഷെ കളി ചൂട് പിടിച്ചു വന്നപ്പോ പശുവിനു പുല്ലു പറിക്കാൻ പോയ മേരി ചേടത്തി ആ ചക്ക പശുവിനു കൊടുക്കാൻ എടുത്തോണ്ട് പോയെന്നു മാത്രം..! പിന്നെ അവിടെ കിടന്ന വെട്ടുകല്ലെടുത്തു വച്ച് ഞങ്ങൾ അഡ്ജെസ്റ്റ് ചെയ്തു ..!)




ബാറ്റ് പിന്നെ MRF തന്നെ... പണ്ടു ഞങ്ങൾക്കും MRFനോടായിരുന്നു പ്രിയം.. ഗാംഗുലിയോട് ആരാധന മൂത്ത ഒന്നോ രണ്ടോ തവണ കരിക്കട്ട കൊണ്ട് "BRITANIA" എന്നെഴുതിയിട്ടുണ്ടെന്നു മാത്രം.. ഫ്രണ്ട് ഫുട്ടിലൂന്നി അനായാസേനയുള്ള സ്ട്രെയിറ്റ് ഡ്രയിവുകൾ ആണ് സച്ചിനോട് ആരാധന തോന്നാനും അങ്ങനെ കളിക്കണമെന്ന് ആഗ്രഹിക്കാനും തോന്നിച്ചതെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.. കാരണം റോഡിന്റെ ഇരുവശത്തുമുള്ള പറമ്പുകളിലേക്കടിച്ചാൽ ഔട്ട്‌ ആകുമായിരുന്ന കളി നിയമങ്ങളിൽ സ്ട്രെയിറ്റ് ഡ്രയിവുകൾ ആയിരുന്നു റണ്‍സ് കണ്ടെത്താനുള്ള പ്രധാന മാർഗം... ചുവന്ന മഷി കൊണ്ടോ സ്കെച്ച് പേന കൊണ്ടോ MRF  എന്ന് വലിയ അക്ഷരത്തിൽ കൂട്ടിയെഴുതിയുള്ള പൊറോട്ടു കഷണത്തിന്റെ(നേർത്ത മരപ്പലക) ബാറ്റ് കൊണ്ട് സ്ട്രെയിറ്റ് ഡ്രയിവിലൂടെ നാലു റണ്‍സ് നേടിയ ശേഷം ആ ആക്ഷൻ  കാണിക്കുന്നതും മൈതാനത്തെ സച്ചിന്റെ സ്ഥാനത്ത് തന്നെത്തന്നെ സങ്കല്പ്പിക്കുന്നതിലും എന്തോരാത്മസംതൃപ്തി ആയിരുന്നെന്നോ...

അങ്ങനൊരു കാലത്തിലേക്ക് തിരികെയെത്തിയതിന്റെ ആവേശത്തിലായിരുന്നു ഞാൻ.. 
കല്ലെടുത്തെറിഞ്ഞു വീഴ്ത്തിയ പച്ച മാങ്ങയ്ക്കും പഞ്ചായത്ത് കിണറിൽ നിന്നും കോരിക്കുടിച്ച പച്ചവെള്ളത്തിനും ഗൃഹാതുരത്വത്തിന്റെ രുചിയുണ്ടായിരുന്നു... കൂട്ടത്തിലൊരു കൊച്ചു പയ്യൻ ഊക്കോടെയടിച്ച സിക്സർ ചെന്ന് വീണത് അടുത്ത പറമ്പിലെ മാവി  ചോട്ടിലായിരുന്നു... പക്ഷേ ബോളിനു പകരം അവിടെ തിരഞ്ഞതത്രയും നാട്ടുമാവിൻ രുചികളായിരുന്നു... ഓരോ മാമ്പഴവും വ്യത്യസ്ത രുചികൾ നിറച്ച ഓരോ രസക്കൂടുകളാണെന്നു പാടിയ പി. പി. രാമചന്ദ്രനെ ഓർക്കാതിരിക്കാനായില്ല.. 

"ഓരോരോ മാവും പൂത്തതോരോരോ വസന്തങ്ങൾ 
ഓരോരോ കൊമ്പും പൂത്തതോരോരോ രസനകൾ
ഒറ്റമാമ്പഴം മുട്ടിക്കുടിയ്ക്കവേ വീണ്ടും വീണ്ടും 
വ്യത്യസ്ത മധുരങ്ങൾ നിറഞ്ഞൂ രസനകൾ "

മനസു വരുന്നില്ല ഈ പൊരിവെയിലത്തിന്നു തിരിച്ചു പോരാനും ആ രുചികൾ വിട്ടൊഴിഞ്ഞു പോരാനും
                                                                                -നിധി-

ഒരു കളിയാട്ടക്കാലം കൂടി

ഇടവപ്പാതിയുടെ ഇടിമുഴക്കങ്ങളും മകരമഞ്ഞും മാറി മാനം വീണ്ടും തെളിയുകയായി.... ഉത്തരമലബാറിലെ ഉത്സവമേളവും ആലസ്യം വിട്ടുണരുകയായി.. തെയ്യക്കാവുകളുടെ മച്ചകങ്ങളിൽ നിന്നും ഗുളികനും ഘണ്ടകർണനും തീച്ചാമുണ്ഡിയും വസൂരിമാലയും ഇനി പച്ചമണ്ണിലേക്കിറങ്ങി ഭക്തർക്ക് അനുഗ്രഹം ചൊരിയും... നെഞ്ചിലെരിയുന്ന സങ്കടക്കടൽ മുഴുവനും നാടിനെ കാക്കുന്ന ദൈവങ്ങളിലർപ്പിച്ച് ആയിരങ്ങൾ സായൂജ്യമടയും... 



മെയ്യെഴുത്തും മുഖമെഴുത്തും കാൽച്ചിലമ്പും കുരുത്തോലക്കെട്ടുകളുമായി ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളെ ഒരു നോക്കു കാണാനും ആ തിരുമുടിയിൽ നിന്നൊരു പൊന്നുപുഷ്പമോ തുമ്പത്തളിരോ എറ്റുവാങ്ങാനും കൊതിക്കുന്ന മനസ്സികളിൽ നിറയെ ഭക്തിയും ഭയവുമായിരിക്കും... 


"കൈവിടാതെ കാത്തോളാം പൈതങ്ങളേ...."  എന്നൊരു വാക്കു കേൾക്കാൻ കൊതിക്കുന്നവരിൽ എല്ലാ വിഭാഗക്കാരും കാണും... ജാതി-മതങ്ങൾ കൊണ്ടോ വര്ഗഭേതങ്ങൾ കൊണ്ടോ അവരെ വേർതിരിക്കാനാവില്ല.. അതതു നാടിന്റെ ഐശ്വര്യങ്ങളാവുന്നു ഓരോ തെയ്യക്കാവുകളും... "കാവു തീണ്ടല്ലേ, കുടിവെള്ളം മുട്ടും" എന്ന് പഴമക്കാർ പറഞ്ഞത് വെറും അന്ധവിശ്വാസം കൊണ്ടല്ല.., ഓരോ നാടിന്റെയും കാലാവസ്ഥയും ആവാസവ്യവസ്ഥയും നിലനിർത്തുന്നതിൽ അവയ്ക്കുള്ള പ്രാധാന്യം കൊണ്ട് കൂടിയാണ്... 


തെയ്യത്തെ സായിപ്പ് വിശേഷിപ്പിച്ചത് "Devil Dance - ചെകുത്താൻ നൃത്തം" എന്നാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മിത്തുകളും നാളിതുവരെ മുടങ്ങാത്ത അനുഷ്ഠാനങ്ങളും അതിലുപരി ഒരു നാടിന്റെയാകെ പ്രാർഥനയും വിശ്വാസങ്ങളും പ്രാശ്ചാത്യർക്കുൾക്കൊള്ളാനായെങ്കിലേ അത്ഭുതപ്പെടാനുള്ളൂ......                                                                               - നിധി -