Showing posts with label ഒരു കളിയാട്ടക്കാലം കൂടി. Show all posts
Showing posts with label ഒരു കളിയാട്ടക്കാലം കൂടി. Show all posts

ഒരു കളിയാട്ടക്കാലം കൂടി

ഇടവപ്പാതിയുടെ ഇടിമുഴക്കങ്ങളും മകരമഞ്ഞും മാറി മാനം വീണ്ടും തെളിയുകയായി.... ഉത്തരമലബാറിലെ ഉത്സവമേളവും ആലസ്യം വിട്ടുണരുകയായി.. തെയ്യക്കാവുകളുടെ മച്ചകങ്ങളിൽ നിന്നും ഗുളികനും ഘണ്ടകർണനും തീച്ചാമുണ്ഡിയും വസൂരിമാലയും ഇനി പച്ചമണ്ണിലേക്കിറങ്ങി ഭക്തർക്ക് അനുഗ്രഹം ചൊരിയും... നെഞ്ചിലെരിയുന്ന സങ്കടക്കടൽ മുഴുവനും നാടിനെ കാക്കുന്ന ദൈവങ്ങളിലർപ്പിച്ച് ആയിരങ്ങൾ സായൂജ്യമടയും... 



മെയ്യെഴുത്തും മുഖമെഴുത്തും കാൽച്ചിലമ്പും കുരുത്തോലക്കെട്ടുകളുമായി ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളെ ഒരു നോക്കു കാണാനും ആ തിരുമുടിയിൽ നിന്നൊരു പൊന്നുപുഷ്പമോ തുമ്പത്തളിരോ എറ്റുവാങ്ങാനും കൊതിക്കുന്ന മനസ്സികളിൽ നിറയെ ഭക്തിയും ഭയവുമായിരിക്കും... 


"കൈവിടാതെ കാത്തോളാം പൈതങ്ങളേ...."  എന്നൊരു വാക്കു കേൾക്കാൻ കൊതിക്കുന്നവരിൽ എല്ലാ വിഭാഗക്കാരും കാണും... ജാതി-മതങ്ങൾ കൊണ്ടോ വര്ഗഭേതങ്ങൾ കൊണ്ടോ അവരെ വേർതിരിക്കാനാവില്ല.. അതതു നാടിന്റെ ഐശ്വര്യങ്ങളാവുന്നു ഓരോ തെയ്യക്കാവുകളും... "കാവു തീണ്ടല്ലേ, കുടിവെള്ളം മുട്ടും" എന്ന് പഴമക്കാർ പറഞ്ഞത് വെറും അന്ധവിശ്വാസം കൊണ്ടല്ല.., ഓരോ നാടിന്റെയും കാലാവസ്ഥയും ആവാസവ്യവസ്ഥയും നിലനിർത്തുന്നതിൽ അവയ്ക്കുള്ള പ്രാധാന്യം കൊണ്ട് കൂടിയാണ്... 


തെയ്യത്തെ സായിപ്പ് വിശേഷിപ്പിച്ചത് "Devil Dance - ചെകുത്താൻ നൃത്തം" എന്നാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മിത്തുകളും നാളിതുവരെ മുടങ്ങാത്ത അനുഷ്ഠാനങ്ങളും അതിലുപരി ഒരു നാടിന്റെയാകെ പ്രാർഥനയും വിശ്വാസങ്ങളും പ്രാശ്ചാത്യർക്കുൾക്കൊള്ളാനായെങ്കിലേ അത്ഭുതപ്പെടാനുള്ളൂ......                                                                               - നിധി -