ഈ പേര് പരിചിതമായി വരുന്നതേയുള്ളൂ... 'കെന്നിങ്‌ടൺ ഓവൽ' എന്ന് പറഞ്ഞാൽ കൂടുതൽ അറിയും.. കാലെടുത്തു വയ്ക്കുന്നത് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്കാണ്.. പാരമ്പര്യവും പ്രൗഢിയും പറഞ്ഞാൽ ലോകത്തെ മറ്റേത് കളിക്കളവും തോറ്റുപോകും.. 178 വർഷത്തെ യൗവനം പേറുന്ന ഓവലിന് അത്രയ്ക്കുണ്ട് വീരചരിതങ്ങൾ...
ലണ്ടൻ ട്യൂബിലെ ഓവൽ സ്റ്റേഷനിൽ നിന്നും കഷ്ടിച്ച് 200 അടി നടന്നെത്താവുന്ന ദൂരമേയുള്ളൂ... ഒരു സ്റ്റേഡിയത്തിന്റെ ആകാരമല്ല മുൻവശം.. മറിച്ച് പ്രൗഢമായ ഒരു കോട്ടയുടെയോ കൊട്ടാരത്തിന്റെയോ മുൻവശം... അത്രയേ തോന്നൂ... ഇരുമ്പഴികളുള്ള വലിയ ഗേറ്റിന്റെ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റിൽ ആഷസ് ട്രോഫിയുടെ രൂപം പണിതു വച്ചിരിക്കുന്നു...
* * * * * *
1870 ൽ ഇംഗ്ലീഷ് മണ്ണിലെ ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ഓവലിന്റെ ഈ മണ്ണിൽ ടോസുയരുമ്പോൾ ക്രിക്കറ്റിന്റെ കണക്കു പുസ്തകത്തിൽ ഒരു താളു മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ... അതിനു കൃത്യം രണ്ടു വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ആദ്യമായി അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറിയപ്പോഴും ആരാവമുയർന്നത് ഇതേ ഓവലിൽ.. ആദ്യ ക്രിക്കറ്റ് മത്സരം 5 വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയപ്പോൾ സ്കോട്ലണ്ടിനോടുള്ള ആദ്യ ഫുട്ബോൾ മത്സരം ഓരോ ഗോളുകളടിച്ച് സമനിലയിൽ പിരിഞ്ഞു..
പിന്നെയും 10 വർഷങ്ങൾക്ക് ശേഷം ഇതേ ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വെറും 85 റൺസ് ചേസ് ചെയ്ത ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 52 എന്ന നിലയിൽ നിന്നും 78 റൺസിന് ഓൾ ഔട്ട് ആയി... അവിശ്വസനീയമായി തോറ്റതിന്റെ പിറ്റേന്നാൽ, കൃത്യമായി പറഞ്ഞാൽ 1882 ആഗസ്റ്റ് 29നു സ്പോർട്സ് ടൈംസ് പത്രം ഇങ്ങനെ എഴുതി "ഓവലിൽ ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചിരിക്കുന്നു... ആ ദീപ്തസ്മരണയ്ക്ക് നിത്യശാന്തി.. മൃതദേഹം സംസ്കരിച്ച ശേഷം ചിതാഭസ്മം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും..."
ആഷസ് എന്ന ബദ്ധ വൈരത്തിന്റെ കഥ അന്ന് അവിടെ തുടങ്ങുകയായിരുന്നു... ആ ആഷസ് ഇന്നും അതേ കളിമൺ കോപ്പയിൽ ലോർഡ്സിലെ MCC മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു
* * * * * *
ചിലയിടങ്ങളിങ്ങനെയാണ്... കഥകൾ തികട്ടി വരും... എന്നോ വായിച്ചു മറന്ന പത്രത്താളുകളും ചിത്രങ്ങളും വീണ്ടും മനസ്സിൽ മിന്നി മറയും.. വീണ്ടും വീണ്ടും മനസ്സ് മന്ത്രിക്കുന്നു... ഓരോ കാലടിയും വയ്ക്കുന്നത് ചരിത്രം പിറന്ന മണ്ണിലേക്കാണ്.. 11 മണിക്ക് ചെല്ലാൻ പറഞ്ഞിടത്ത് 10.30 നേ അകത്തു കയറി.. അതും ഒരു തവണ പുറത്തുകൂടി സ്‌റ്റേഡിയത്തെ വലം വച്ചതിനു ശേഷം.. അകത്ത് റിസപ്‌ഷനിസ്റ്റിന്റെ ഹാർദ്ദവമായ സ്വീകരണം.. ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അതിയായ സന്തോഷം.. വെയിൽസ് രാജകുമാരന്റെ താൽപര്യപ്രകാരം ഓവൽ നിർമിച്ചതിൽ നിന്നിന്നോളം കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയുടെ ഹോം ഗ്രൗണ്ടാണിത്.. അതുകൊണ്ടു തന്നെ ഷെൽഫ് നിറയെ സറേയുടെ ട്രോഫികൾ നിരന്നിരിക്കുന്നു... അവയിൽ ഏറ്റവും പ്രധാനം കൗണ്ടി ചാംപ്യൻഷിപ്പാണ്... കോലിയുടെ വരവ് കൊണ്ട് വാർത്തകളിൽ നിറഞ്ഞെങ്കിലും കോലി ഇല്ലാതെ തന്നെ സറേ ഇത്തവണ ചാംപ്യൻഷിപ് നേടി...
* * * * * *
ചിലയിടങ്ങളിങ്ങനെയാണ്... കഥകൾ തികട്ടി വരും... എന്നോ വായിച്ചു മറന്ന പത്രത്താളുകളും ചിത്രങ്ങളും വീണ്ടും മനസ്സിൽ മിന്നി മറയും.. വീണ്ടും വീണ്ടും മനസ്സ് മന്ത്രിക്കുന്നു... ഓരോ കാലടിയും വയ്ക്കുന്നത് ചരിത്രം പിറന്ന മണ്ണിലേക്കാണ്.. 11 മണിക്ക് ചെല്ലാൻ പറഞ്ഞിടത്ത് 10.30 നേ അകത്തു കയറി.. അതും ഒരു തവണ പുറത്തുകൂടി സ്‌റ്റേഡിയത്തെ വലം വച്ചതിനു ശേഷം.. അകത്ത് റിസപ്‌ഷനിസ്റ്റിന്റെ ഹാർദ്ദവമായ സ്വീകരണം.. ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അതിയായ സന്തോഷം.. വെയിൽസ് രാജകുമാരന്റെ താൽപര്യപ്രകാരം ഓവൽ നിർമിച്ചതിൽ നിന്നിന്നോളം കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയുടെ ഹോം ഗ്രൗണ്ടാണിത്.. അതുകൊണ്ടു തന്നെ ഷെൽഫ് നിറയെ സറേയുടെ ട്രോഫികൾ നിരന്നിരിക്കുന്നു... അവയിൽ ഏറ്റവും പ്രധാനം കൗണ്ടി ചാംപ്യൻഷിപ്പാണ്... കോലിയുടെ വരവ് കൊണ്ട് വാർത്തകളിൽ നിറഞ്ഞെങ്കിലും കോലി ഇല്ലാതെ തന്നെ സറേ ഇത്തവണ ചാംപ്യൻഷിപ് നേടി...
ആദ്യമേ തന്നെ ഞങ്ങളെ കൊണ്ടുപോയത് കമ്മിറ്റി റൂമിലേക്കാണ്.. മത്സര ദിവസങ്ങളിൽ അതിവിശിഷ്ട വ്യക്തികളെ സൽക്കരിക്കുന്നയിടം... ഐസിസി പ്രസിഡന്റുമാർ മുതൽ വിവിധ രാഷ്ട്രത്തലവന്മാർ വരെ മത്സരങ്ങൾ ആസ്വദിച്ച ജനാലയ്ക്കരികിൽ കയ്യിലൊരു കപ്പ് ചായയുമായി നിൽക്കുമ്പോൾ ഓവലിലെ പുൽക്കൊടികൾ പുഞ്ചിരിക്കുകയായിരുന്നു..
ഒന്നേ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട ഇവിടുത്തെ ചുവരിലെങ്ങും ക്രിക്കറ്റിന്റെ ചരിത്രം.. അതിലെ ഓരോ ചിത്രങ്ങൾക്കും നമ്മുടെയുള്ളിലെ ഓരോ അണുവിനെയും ത്രസിപ്പിക്കുന്ന, ഓരോ രോമത്തെയും എഴുന്നു നിൽപ്പിക്കുന്ന ഒരു കഥ പറയാനുണ്ടാവും... നീട്ടിപ്പിടിച്ച ചൂണ്ടു വിരലുകളുടെ ചിത്രം ഇടയിൽ ശ്രദ്ധിച്ചു.. നിരന്തര ബൗളിംഗിനെ തുടർന്ന് ഒരു കയ്യിലേത് കുറച്ചധികം നീണ്ടു പോയിരിക്കുന്നു... ആളെ പറഞ്ഞാൽ നിങ്ങൾ അറിയും.. ജിം ലേക്കർ... കുംബ്ലെയ്ക്കു മുന്നേ 'ഓൾ ടെൻ' നേടിയ ആൾ... ഒരു ടെസ്റ്റിൽ 19 വിക്കറ്റ് എന്ന ഇന്നും തകരാതെ റെക്കോർഡിന്റെ ഒരേയൊരാവകാശി...
ചായയ്ക്ക് ശേഷം ഞങ്ങൾ ചെന്നത് മ്യൂസിയത്തിലേക്കായിരുന്നു.. പരമ്പരാഗതമായി ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരകളുടെ അവസാന മത്സരം ഓവന് അവകാശപ്പെട്ടതാണ്... അവയോരോന്നിന്റെ സ്മരണകളും ഇവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നു... ഓരോ ബാറ്റിലും ഇതിഹാസങ്ങൾ പേരെഴുതി ഒപ്പിട്ടിരിക്കുന്നു... പേരെഴുതി സ്റ്റഫ് ചെയ്തുവച്ച ഓരോ പന്തും 5 വിക്കറ്റ് നേട്ടങ്ങളാകുന്നു.. അങ്ങനെ തകർത്തതും തകർക്കപ്പെടാത്തതുമായ എത്രയെത്ര വീര ചരിതങ്ങൾ...
തൊട്ടടുത്ത ക്ലബ് ലൈബ്രറിയിൽ ക്രിക്കറ്റിനെക്കുറിച്ചെഴുത്തപ്പെട്ട എല്ലാ പുസ്തകങ്ങളും കാണാം.. താഴെ ടേബിളിൽ വിൻഡ്സർ മാഗസിന്റെ കഴിഞ്ഞ ലക്കങ്ങൾ നിരത്തി വച്ചിരിക്കുന്നു..
ഓവലിലെ ഏറ്റവും വലിയ മുറിയായ ലോങ്ങ് റൂമിനു പുറത്തിറങ്ങിയാൽ അരികിലായി 'ബ്രാഡ്മാൻസ് ഡോർ' കാണാം.. ഗൈഡ് അത് വിശദീകരിക്കുന്നത് കേട്ടാൽ ചരിത്രം നമുക്ക് മുൻപിൽ പുനരവതരിക്കുന്നത് പോലെ തോന്നും...
1948ൽ ഓവലിൽ തന്റെ അവസാന ഇന്നിംഗ്‌സിനിറങ്ങുമ്പോൾ 100 ആയിരുന്നു ബ്രാഡ്മാന്റെ ശരാശരി... ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാനു ആ ഇന്നിങ്സിൽ 4 റൺസ് എടുത്താൽ കരിയർ ആവറേജ് 100 ൽ നിലനിർത്താമായിരുന്നു... ലോകം ആ നിമിഷത്തിന് കാതോർത്തു നിന്നു.. കാണികൾ ആരവം മുഴക്കി... എറിക് ഹോളിസിന്റെ ആദ്യ പന്തിൽ റൺസില്ല.. പിന്നീടെറിഞ്ഞ ലെഗ്സ്പിൻ ബ്രാഡ്മാന്റെ ബാറ്റിലുരസി വിക്കറ്റിൽ പതിച്ചപ്പോൾ ഓവൽ നിശബ്ദമായി.. കമന്ററി ബോക്സിൽ ജോൺ അർലോട്ടിന്റെ തൊണ്ടയിടറി... ഡോൺ ബ്രാഡ്മാൻ എന്ന അതിമാനുഷൻ വെറും മനുഷ്യനായി, സംപൂജ്യനായി പവലിയനിലേക്ക് തിരിച്ചു കയറിയപ്പോൾ സ്റ്റേഡിയം ഒന്നാകെ എഴുന്നേറ്റു നിന്ന് കയ്യടിച്ചു... അന്ന് ബ്രാഡ്മാൻ കയറിപ്പോയ ആ വാതായനം പിൽക്കാലത്ത് 'ബ്രാഡ്മാൻസ് ഡോർ' എന്നറിയപ്പെട്ടു...
പവലിയനിൽ നിന്നും ഞങ്ങൾ സ്‌റ്റേഡിയത്തിലേക്കിറങ്ങി... രണ്ടു സ്റ്റാന്റുകളിൽ ആയി 25500 ഇരിപ്പിടങ്ങൾ.. ECB യുടെ പുതിയ നിബന്ധനകൾ പ്രകാരം ക്രിക്കറ്റ് മത്സരങ്ങൾ തന്നെ നഷ്ടപ്പെട്ടേക്കാമെന്നതിനാൽ കിയ, OCS എന്നീ രണ്ടു സ്റ്റാന്റുകൾക്ക് പുറമെ പുതിയ 2 സ്റ്റാന്റുകൾ കൂടി പണിത് ഇരിപ്പിടങ്ങൾ നാൽപ്പതിനായിരത്തിലേക്കെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നു..
1889 ൽ ഫ്ളഡ്ലൈറ്റു സ്ഥാപിക്കപ്പെട്ട ഇവിടം ലോകത്താദ്യമായി കൃത്രിമ വെളിച്ച സംവിധാനം ഉപയോഗപ്പെടുത്തിയ മൈതാനമാകുന്നു... ഗ്രൗണ്ടിന് പുറകിൽ കാണുന്ന സിലിണ്ടർ ആകൃതിയിലുള്ള കൂറ്റൻ ഗ്യാസ് ഹോൾഡർ ഓവലിന്റെ ഐക്കൺ സിംബൽ ആകുന്നു..
1889 ൽ ഫ്ളഡ്ലൈറ്റു സ്ഥാപിക്കപ്പെട്ട ഇവിടം ലോകത്താദ്യമായി കൃത്രിമ വെളിച്ച സംവിധാനം ഉപയോഗപ്പെടുത്തിയ മൈതാനമാകുന്നു... ഗ്രൗണ്ടിന് പുറകിൽ കാണുന്ന സിലിണ്ടർ ആകൃതിയിലുള്ള കൂറ്റൻ ഗ്യാസ് ഹോൾഡർ ഓവലിന്റെ ഐക്കൺ സിംബൽ ആകുന്നു..
സച്ചിനും കോലിക്കും ഒരിക്കൽ പോലും സെഞ്ച്വറി നേടാൻ കഴിയാത്ത ഇവിടെ പക്ഷെ പക്ഷെ ശാസ്ത്രിയും ഗവാസ്കറും കുംബ്ലെയും രാഹുലും പന്തും വരെ സെഞ്ച്വറി നേടിയിട്ടുണ്ട്... എന്നിരുന്നാലും ഇവിടെ ഏറ്റവും സക്‌സസ്ഫുൾ ആയ ഇന്ത്യൻ താരം ദ്രാവിഡ് ആണ്.. 3 ടെസ്റ്റിൽ ഒരു ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ആണ് ദ്രാവിഡ് ഇവിടെ കുറിച്ചത്... 146 റൺസ് എടുത്ത് പുറത്താകാതെ നിന്ന അവസാന ഇന്നിങ്സിൽ കാണികളിലൊരാൾ ഇങ്ങനെ എഴുതിക്കാട്ടി 'Oval : Its England vs Dravid'
പിന്നെ ഞങ്ങൾ പോയത് പ്രസ്സ് റൂമിലേക്കാണ്.. 94 മീഡിയ റിപ്പോർട്ടേഴ്സിന് ഇരുന്ന് റിപ്പോർട്ട് ചെയ്യാൻ പറ്റുന്ന ഇടം.. ഈ ചില്ലു ജാലകത്തിലൂടെ എത്രയെത്ര കളിയെഴുത്തുകാർ മത്സരങ്ങൾ വീക്ഷിച്ചിരിക്കുന്നു... എത്രയെത്ര മധുരനിമിഷങ്ങൾ വാക്കുകളിലേക്കും വരികളിലേക്കും പകർത്തി എഴുതിയിരിക്കുന്നു... അതിനിരുപുറവും രണ്ടു കമന്ററി ബോക്‌സുകൾ.. ഒന്ന് മത്സരത്തിന്റെ ഇടവേളകളിൽ കളി പറയാനായി തയ്യാറാക്കി വച്ചിരിക്കുന്ന ബോക്സ് റൂം.. മറ്റൊന്ന് റേഡിയോ കമന്ററി റൂം...ഈ സീറ്റിലിരുന്ന് ബാറ്റിൽ നിന്നും പുറപ്പെട്ട കവർഡ്രൈവിന്റെ വശ്യതയെ പറ്റി ഗവാസ്കറും ബോർഡറും നാസർ ഹുസൈനുമൊക്കെ എത്ര തവണ ആശ്ചര്യപ്പെട്ടിരിക്കുന്നു... സീൽക്കാരത്തോടെ മൂളിപ്പറന്ന എത്ര പന്തുകളെ കീറിമുറിച്ചിരിക്കുന്നു...
ശേഷം പ്രസ് ബോക്സിനു മുകളിലെ വി വി ഐ പി ഏരിയയിൽ.. ഒരു ദിവസം 900 പൗണ്ട് വരും അവിടെയിരുന്നു കളി കാണാൻ.. ചിലപ്പോഴൊക്കെ വെയിൽസ് രാജകുടുംബാംഗങ്ങളും കൂട്ടിനുണ്ടാകും...
അടുത്തതായി ഡ്രെസ്സിങ് റൂമിലേക്കാണ്... എത്രയോ ക്രിക്കറ്റ് ഇതിഹാസങ്ങൾ മുറി പങ്കിട്ടയിടം... സച്ചിനും സെവാഗും ഗാംഗുലിയും ദ്രാവിഡും ഗെയിലും ഡിവില്ലിയേഴ്സും മാത്രമല്ല, നാമറിയുന്ന മിക്ക താരങ്ങളും ഇവിടെ കയ്യൊപ്പു ചാർത്തിയിരിക്കുന്നു.. ഓരോന്നിന്റെയും കൂടെ അവരുടെ പേരും കരിയർ ഹിസ്റ്റോറിയും എഴുതി ചേർത്തിരിക്കുന്നു... തൊട്ടടുത്തായി സറേയുടെ ഡ്രെസ്സിങ് റൂം... കഴിഞ്ഞ സീസണിൽ സാം കുറനും സംഗക്കാരയും ജാസൻ റോയിയും ആരോൺ ഫിഞ്ചും ഒക്കെ ബാക്കിവച്ച കളിയടയാളങ്ങൾ ഇപ്പോഴും അവിടിരിക്കുന്നു..
ഓവലിന്റെ ചിത്രം പതിപ്പിച്ച ഒരു ചായക്കോപ്പയും വാങ്ങി തിരിച്ചിറങ്ങുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു.. ക്രിക്കറ്റിനെ തൊട്ടിലാട്ടിയ, കാറ്റിൽ പോലും ക്രിക്കറ്റിന്റെ മണമുള്ള, ഓരോ പുൽക്കൊടിയും കഥകളായിരം പറയുന്ന ഓവലിൽ ഇപ്പോഴും ബാറ്റിൽ പന്ത് തൊടുന്ന ശബ്ദം മുഴങ്ങുന്നത് പോലെ... അവ ആരവങ്ങളിലെങ്ങോ ലയിച്ചു ചേരുന്നത് പോലെ...