സ്‌നോഡന്റെ താഴ്‌വരയിലേക്ക് ...

 ഇംഗ്ലണ്ടിലെ ശൈത്യകാലം ഏതാണ്ടവസാനിക്കാറായി.. കാത്തുകാത്തിരുന്നു അവസാനം മഞ്ഞു വന്നു മൂടിയ ഫെബ്രുവരിയും കഴിഞ്ഞ് വസന്തം വിടരുന്ന മാർച്ചിലേക്ക് കടക്കുകയായി.. കൊടും ശൈത്യത്തിൽ ഇലകൾ കൊഴിച്ചു ശിഖരങ്ങളിൽ മഞ്ഞണിഞ്ഞു വിറങ്ങലിച്ചു നിന്ന മരങ്ങൾ ആ വെളുത്തു നരച്ച മേൽപ്പടം അഴിച്ചു തുടങ്ങി... വെള്ളപുതച്ചുറങ്ങിയ കുന്നിന്പുറങ്ങളുടെ പുതപ്പെടുത്തു മാറ്റിയപ്പോൾ അവ നഗ്‌നമായി കാണപ്പെട്ടു….. ശൈത്യ കാലത്തത്രയും പുതപ്പിനടിയിൽ തള്ളി നീക്കിയ ഞങ്ങൾ ഒരു ദീർഘയാത്രയുടെ ആവേശത്തിലേക്കിറങ്ങി... ലണ്ടനും അതിന് തെക്കോട്ടുള്ള സ്ഥലങ്ങളും ഒരു വിധം കണ്ടു കഴിഞ്ഞതിനാൽ ഇപ്പൊ വടക്കോട്ടാണ് കണ്ണ്...  രണ്ടും ദിവസം ഒഴിവുള്ളതിനാൽ ചർച്ചകളോടുവിൽ വടക്കൻ വെയിൽസിലെ സ്നോഡോണിയയിലെത്തി… പിന്നെ അടുത്ത രാജ്യത്തിലേക്ക് കാറോടിച്ചു പോകുന്നതിന്റെ ത്രില്ലിലായി എല്ലാവരും...രണ്ടു കാര്യങ്ങൾ ആദ്യമേ തീരുമാനമാകേണ്ടതുണ്ട് - വാഹനം,താമസം… ശങ്കറിന്റെ മുൻകാല അനുഭവ പരിജ്ഞ്യാനം  കൊണ്ട് ഒരു B&B(ബെഡ്  & ബ്രേക്ഫാസ്റ്) റെഡിയാക്കി. ഇനി വണ്ടി... പലവിധ കൂട്ടിക്കിഴിച്ചിലുകൾക്കും ആലോചനകൾക്കും ശേഷം ഫോക്സ് വാഗൺ കാഡി ബുക്ക് ചെയ്തു...പിന്നെ യാത്രക്കുള്ള കാത്തിരിപ്പായി....

വെള്ളിയാഴ്ച്ച നേരത്തെ തന്നെ ഓഫീസിൽ നിന്നിറങ്ങി നേരെ പോയി വണ്ടി എടുത്തു...ഫോക്സ് വാഗൺ കാഡി നിരാശപ്പെടുത്തിയില്ല… ഇഷ്ട്ടം പോലെ സ്ഥലം… ആറുപേർക്കിത്  ധാരാളം... നേരെ ആൾഡർഷോട്ടിലേക്കു വെച്ച് പിടിച്ചു...ബിരിയാണി കഴിക്കണം…. നാളത്തേക്കുള്ള സാധനങ്ങൾ വാങ്ങണം.... ഇംഗ്ലണ്ടിലെ 'ലിറ്റിൽ കാഠ്മണ്ഡു' എന്നറിയപ്പെടുന്ന സ്ഥലമാണ് ഗൂർഖ റോയൽ റജിമെന്റിന്റെ ആസ്ഥാനമായ ആൾഡർഷോട്ട് ..ഇവിടുത്തെ പത്തിലൊരാൾ നേപ്പാളിയാണ്...സ്വാദിഷ്ടമായ ഇന്ത്യൻ ബിരിയാണി കഴിച്ചു… തിരിച്ചു വന്നു ഉറങ്ങാൻ കിടന്നപ്പഴേ 11 കഴിഞ്ഞു... അതുകൊണ്ട്  4 മണിക്ക് പുറപ്പെടാനുള്ള പ്ലാൻ തൽക്കാലം  നടക്കില്ലെന്നു തലേ ദിവസമേ ഉറപ്പായിരുന്നു..എങ്കിലും അഞ്ചര ആയപ്പഴേക്കും എല്ലാവരും റെഡിയായി വണ്ടിയിൽ കയറി... ആദ്യമായി വണ്ടിയെടുത്തു കറങ്ങുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും.. സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ.. മോട്ടോർ റോഡിൽ കയറുമ്പോഴും കനത്ത മൂടൽമഞ്ഞായിരുന്നു... അതൊന്നും വക വെക്കാതെ വണ്ടി കുതിച്ചു.... ഏകദേശം 7 മണിയോടടുത്തതും എല്ലാവർക്കും വിശപ്പു വന്നുതുടങ്ങി… ഓക്സ്ഫോർഡിനും ബെർമിങ്ഹാമിനും ഇടയിലുള്ള സർവീസിൽ ഒന്നിൽ കയറി… ഇംഗ്ലണ്ടിന്റെ തലങ്ങും വിലങ്ങുമുള്ള അതിവേഗ റോഡ് നെറ്റ്‌വർക്കാണ്  മോട്ടോർ വേകൾ...മിക്കവാറും 6 വരി അല്ലെങ്കിൽ 8 വരി ഹൈവേയാണിത്… നഗരങ്ങൾക്ക് പുറത്തു കൂടെ പോകുന്ന ഇവയിൽ നിന്നും ഓരോ നഗരത്തിലേക്കും കണക്ഷൻ റോഡുകളുണ്ട്… വഴിയരികിൽ വെറുതേ വണ്ടി നിർത്തുന്നത് പോലും ശിക്ഷാർഹമായ ഇവിടങ്ങളിൽ ഓരോ 25 - 30 മൈൽ ഇടവേളകളിലും സർവീസുകളുണ്ട്…. അതിവിശാലമായ പാർക്കിങ് ഇടങ്ങളോടു കൂടിയ ഇവിടെ ഒരു ചെറിയ ഷോപ്പിംഗ് മാളിന് വേണ്ട സംവിധാനങ്ങളൊക്കെ കാണാം…. ദീർഘദൂര യാത്രകളിലെ വലിയൊരാശ്വാസമാണ് ഇത്തരം സർവീസുകൾ... പ്രഭാത ഭക്ഷണം കഴിച്ച ശേഷം വീണ്ടും യാത്ര തുടർന്നു....
ഇംഗ്ലണ്ടിന്റെ ഉൾഗ്രാമങ്ങളിൽ കൂടിയാണ് യാത്ര....അതിവിസ്തൃതവും വിശാലവുമായ കൃഷിയിടങ്ങൾ...വഴിയരികിൽ വീടുകളൊന്നും തന്നെയില്ല… M25,M40,M6,M54  തുടങ്ങിയ മോട്ടോർവേകൾ താണ്ടി ഞങ്ങൾ വെയിൽസ്‌ലേക്ക് പ്രവേശിച്ചു… വഴിയിൽ തിരക്ക് തീരെയില്ല… മുന്നോട്ടു പോകുന്തോറും റോഡിൻറെ വീതി 8 നിന്ന് 6ഉം പിന്നെ 4 ഉം ആയി ചുരുൺഗോയിയെന്നു മാത്രമല്ല,വഴി സൂചികകളിൽ ഇംഗ്ലീഷിന് പൗരമേ വെയിൽസ്‌ ഭാഷ കൂടെ ദൃശ്യമായിത്തുടങ്ങി....സ്നോഡോണിയ നാഷണൽപാർക്ക് എന്ന ബോർഡ് നോക്കി പിന്നെയും പിന്നെയും പോകുന്തോറും വഴി രണ്ടു വരിയായി ചുരുങ്ങി…. മാത്രമല്ല റോഡിൽ പലയിടത്തും 'ARAF, എന്നെഴുതിയും കണ്ടു…. പിന്നെയാണ് മനസിലായത് 'Slow' എന്നതിന്റെ വെൽഷ് പരിഭാഷയാണ് 'ARAF  എന്നത്..... ഇരുവശങ്ങളിലും യദേഷ്ടം ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്ന കുന്നിൻ ചരിവുകൾ പിന്നിട്ട്  ഞങ്ങൾ മുന്നോട്ടു പോകുന്തോറും ഭൂപ്രകൃതി ദുഷ്കരമായിത്തുടങ്ങി..... കുന്നുകളും ഇറക്കങ്ങളും വളവുകളും അവക്ക് അരികിലൊഴുകുന്ന മനോഹരമായ അരുവികളും അത്യപൂർവമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്....
ഇംഗ്ലണ്ടിനെയും വെയിൽസ്‌നേയും  കൂട്ടിയാൽ ഇവിടുത്തെ ഏറ്റവും ഉയതരം കൂടിയവയാണ് സ്‌നോഡൻ മലനിരകൾ.... സ്‌നോഡന്റെ താഴ്‌വര  എന്ന അർത്ഥത്തിലാണ് സ്നോഡോണിയക്ക് ആ പേര് വീണത്…. അതി മനോഹരവും വിശാലവുമായ ഭൂവിടത്തിൽ കൂടെയുള്ള യാത്രയുടെ വീഡിയോ പകർത്താൻ ഞങ്ങൾ യാത്രയിലുടനീളം മത്സരിച്ചു…. ഒടുക്കം സ്നോഡോണിയ എന്ന പേര് മാത്രം ലക്‌ഷ്യം വെച്ചു വന്ന ഞങ്ങളെ കാറ്റിനു നടുവിലാക്കി  ഗൂഗിൾ പറഞ്ഞു 'you have arrived'. സ്നോഡോണിയയിൽ എങ്ങോട്ടു പോകണമെന്ന് ഞങ്ങൾക്ക് ഒരു നിശ്ചയവുമില്ലായിരുന്നു.... ഒരു വിധം ഫോണുകളിലൊന്നും റേഞ്ച്ഉം കിട്ടാനില്ല… എന്തായാലും മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു…. അഞ്ചാറ് മൈലുകൾ  പോയിക്കാണും  റേഞ്ച് കിട്ടിയ ഫോണിൽ ഗൂഗിളിൽ പരതി അടുത്തുള്ള ഇൻഫർമേഷൻ സെന്റർ കണ്ടു പിടിച്ച് നേരെ അങ്ങോട്ട് വിട്ടു…
ചെന്നെത്തിയ സ്ഥലം ഞങ്ങൾ അന്വേഷിച്ചത് തന്നെ… വണ്ടി ഒതുക്കിയിട്ടു...അതിനു തൊട്ടു മുന്നിലൊരു റെയിൽവേ സ്റ്റേഷനാണ്… പേര് വായിക്കാൻ പലകുറി ശ്രമിച്ചു...."Betws-Y-Coed " ബെറ്റസിക്കോയ്ഡ്.
സമയം പത്തരയോടടുക്കുന്നു....തിരുവനന്തപുരത്തു നിന്ന് കോഴിക്കോടേക്കുള്ളതിനേക്കാൾ (400) കിലോമീറ്റർ പിന്നിട്ടിരിക്കുന്നു…. വെറും അഞ്ചു മണിക്കൂറുകൊണ്ട്..

കോൺവി നടിയുടെ കരയിൽ ആരും കൊതിച്ചു പോകുന്ന അതി മനോഹരമായ ഭൂപ്രദേശം.. സ്‌നോഡൻ മലനിരകളിൽ നിന്ന് ഉത്ഭവിച്ച തെളിനീര് ശാന്തമായി ഒഴുകുകയാണ്… അതിന്റെ തീരത്തെ നിർമിതികളെല്ലാം കരിങ്കല്ലിൽ തീർത്തവ...പിറകിൽ വിശാലമായ മലനിരകൾ… ഏകദേശം ഒരു മൈൽ ദൂരത്താണ് സിപ് ഫോറെസ്റ് വ്യൂപോയിന്റ്... പോണ്ടിവെയർ പാലവും കടന്നു നടന്നു തുടങ്ങുമ്പോൾ ചെറിയ ചാറ്റൽമഴയുണ്ട്... ലൂഗി(Llugwy ) നദിയും ലെഡർ (Lledr) നദിയും കോൺവി  നദിയോട് ചേരുന്ന അതിമനോഹരമായ ഭൂപ്രകൃതിയാണ് ബെറ്റസിക്കോയ്‌ഡിലേത്... ലെഡ്  ഖനനത്തിന് പ്രസിദ്ധമായ ഇവിടം വാട്ടർലൂ  പാലം വഴി മറ്റിടങ്ങളോട് ബന്ധപ്പെടുത്തിയിട്ടു കേവലം 200 വർഷമേ ആയിട്ടുള്ളൂ...എങ്കിലും ഇന്നും ബെറ്റസിക്കോയ്ഡിലെ ജനസംഖ്യ വെറും 564 ആണ്…. നടക്കാനിറങ്ങിയ ഞങ്ങൾ പതിയെ ജോഗ്ഗിങ്ങിലേക്കു മാറി…. പകലുറച്ചു വരുന്നതേയുള്ളൂ എന്നതിനാൽ തണുപ്പ് വിട്ടു മാറിയിട്ടില്ല… ശാന്തമായൊഴുകുന്ന  പുഴയും വയലും മലനിരകളും ചേർന്ന ഭൂപ്രകൃതിയാസ്വദിച്ചു  ചുറ്റിക്കണ്ട് തിരിച്ചു വരുമ്പോൾ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ കയറി... വിടെ രണ്ടു പൗണ്ട് കൊടുത്താൽ എട്ടു മിനുട്ട് ദൈർഘ്യമുള്ളൊരു പൈതൃക തീവണ്ടിയാത്രക്ക് കയറാം.... ലാൻഡുഡ്നോ ജംഗ്ഷൻ മുതൽ ബെറ്റസിക്കോയ്ഡ് വരെയുള്ള പതിനഞ്ചു മൈൽ മാത്രമുള്ള ചെറിയൊരു തീവണ്ടിപ്പാതയാണിത്… എങ്കിലും കുന്നും മലഞ്ചരിവുകളും പാലങ്ങളും കൊണ്ട് അത്രമേൽ മനോഹരമായതും… ദിനവും ആറു വീതം ട്രെയിനുകൾ ഇരുപുറമോടുന്ന ഈ സ്റ്റേഷനിലെ ഒരു വർഷത്തെ യാത്രക്കാരുടെ എണ്ണം എത്രയെന്നറിയാമോ…. വെറും 35000 പേർ... അതായത്  ഒരു ദിവസം ശരാശരി 100 പേരിലും താഴെ...

വിശപ്പു കാര്യമായി  വന്നുതുടങ്ങിയിട്ടില്ല.... ഓരോ ഐസ്ക്രീമും കഴിച്ചു ട്രെക്കിങ്ങിനു  പോകാൻ തീരുമാനിച്ചു.... അടുത്തുള്ള മല കയറിയാൽ മുകളിൽ "ലിൻ എൽസി" തടാകമുണ്ട്… എല്ലാവര്ക്കും സമ്മതം… ഒരു വശത്തേക്ക് രണ്ടര മൈൽ ദൂരമുണ്ട്… കയറി പകുതിയെത്തിയപ്പോൾ മനസിലായി ഇതത്ര എളുപ്പമല്ലെന്ന്… എങ്കിലും തൊട്ടു പിന്മാറരുതല്ലോ...മുകളിലേക്ക് കയറിച്ചെല്ലുംതോറും കാടിന് രൂപമാറ്റം…. മരങ്ങൾ തിങ്ങി നിറഞ്ഞ കൊടും കാട്…. ചിലയിടങ്ങളിൽ സൂര്യപ്രകാശം പോലും താഴെയെത്തുന്നില്ല…. മരങ്ങൾക്കെല്ലാം അസാധാരണമായ ഉയരം… മുകളിലേക്ക് പോകുംതോറും കൂടിക്കൊണ്ടിരുന്നു കാറ്റ് കാറ്റാടി മരങ്ങളെ പിടിച്ചുലക്കുന്നു….. എങ്ങും കാറ്റടിക്കുന്ന കനത്ത ഇരമ്പലുകൾ മാത്രം… ഒട്ടു കഷ്ടപ്പെട്ടെങ്കിലും ഒടുവിൽ മലയറി മുകളിലെത്തി… വെറുതെ നിന്നാൽ പോലും കാറ്റടിച്ചു കൊണ്ട് പോകുമെന്ന പ്രതീതി… മഴ ചാറിയപ്പോൾ കൂട്ടത്തിലൊരാൾ കുട തുറന്നതേ ഓർമയുള്ളൂ ..കാറ്റത്തെടുത്തു മറിച്ചു ഡിഷ് ആന്റിനയാക്കി....തിരിച്ചു മടക്കാൻ ശ്രമിച്ചപ്പോൾ ചില്ലകൾ ഒടിഞ്ഞും പോയി... ഇത്തിരി കുന്നിറങ്ങിയാൽ അതിവിശാലമായ തടാകം - ലിനെൽസി (Llyn elsi ).. കാറ്റ് വീശിയടിക്കുന്ന തടാകത്തിൽ നിറയെ ഓളങ്ങൾ…. അത് ചെറു തിരമാല കണക്കെ തീരത്തെ വന്നു പുൽകുന്നു....ഇടയ്ക്കിടെ കാറ്റ് വന്നു വെള്ളത്തെ കോരിയെടുക്കുന്നു.... ഇങ്ങനെയൊരു കാഴ്ച ആദ്യമായിത്തന്നെ.... തടാകത്തിനു ചുറ്റും മരങ്ങൾ...ഇടക്കിടെ പച്ചത്തുരുത്തുകൾ… ആകപ്പാടെ അവിസ്മരണീയമായ കാഴ്ച...വിശപ്പു വന്നു  തുടങ്ങി...ഇനി കുന്നിറങ്ങണം....തിരിച്ചുമുണ്ട് രണ്ടര മൈൽ..താഴേക്കിറങ്ങുന്തോറും കാറ്റിനു ശമനമുണ്ട്... ഇറങ്ങിയിട്ടും ഇറങ്ങിയിട്ടും എത്തുന്നില്ല… പിന്നേ ഓടാൻ തുടങ്ങി... കുന്നു കയറുന്നവരോട് കുശലം പറഞ്ഞു...വഴി പറഞ്ഞു കൊടുത്തു.... ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അത്ഭുതം.... ലണ്ടനിൽ നിന്നും രാവിലെ വെച്ച് പിടിച്ചതാണെന്നു പറഞ്ഞപ്പോൾ അതിലും അത്ഭുതം... മഴ ചാറിത്തുടങ്ങി... വേഗം തിരിച്ചെത്തണം.... വണ്ടിയിൽ ചെന്ന് കയറിയതും മഴ ശക്തിയായി പെയ്തു തുടങ്ങി...ഇനി തീർക്കാം ലാൻഡുഡ്നോയിലേക്ക്... വെയിൽസിന്റെ മറ്റൊരു ഭാഗം കാണാൻ... സ്‌നോഡന്റെ വിരിമാരിലൂടെ ഇനി തിരിച്ചിറക്കം....

ക്രിക്കറ്റിന്റെ മെക്കയിൽ

 സെന്റ് ജോൺസ് വുഡ് എന്നത് ലണ്ടനിലെ ഒട്ടും പേരുകേട്ട സ്ഥലമല്ല... ജിബിനും ഞാനും അവിടെ ട്യൂബിറങ്ങുമ്പോഴോ സ്റ്റേഷനിൽ നിന്നും തിരിഞ്ഞു വലതു വശത്തോട്ടു നടക്കുമ്പോഴോ ആളും തിരക്കും ഒട്ടുമേയില്ല... പക്ഷെ ഓരോ വാര നടക്കുമ്പോഴും ഹൃദയതാളം മുറുകുന്നുണ്ട്... ശ്വാസഗതി ഉയരുന്നുണ്ട്... ചെന്നടുക്കുന്നതു തറവാട്ടിലേക്കാണ്... അതെ,ഇതാണ് കാലാകാലങ്ങളിൽ ഞാൻ സ്വപ്നം കണ്ട സ്ഥലം... ക്രിക്കറ്റിന്റെ മെക്ക - ലോർഡ്‌സ്.... ലോകത്തിലെ ക്രിക്കറ്റ് ആരവങ്ങളുടെ കേന്ദ്രബിന്ദു... കാല്പന്തിന് മാറക്കാന എന്താണോ അതാണ് ക്രിക്കറ്റിനു ലോർഡ്‌സ്... 25 പൗണ്ട് വീതം മുടക്കി സ്റ്റേഡിയം ടൂറിന് ബുക്ക് ചെയ്തിട്ടുണ്ട്.. ടിക്കറ്റിൽ സൂചിപ്പിച്ച നാലാം നമ്പർ ഗേറ്റിൽ  ചെന്നു.... സ്റ്റേഡിയം ടൂറിനു ഇനിയും സമയമുണ്ട്... സ്റ്റേഡിയത്തിനു പുറത്തു കാഴ്ചകൾ കണ്ടു ഒരുവട്ടം നടക്കാൻ ജിബിന് സമ്മതം... ലോർഡ്‌സിലെ മത്സരങ്ങൾ ടിവിയിൽ കണ്ടിട്ടുള്ളവർക്കു സുപരിചിതമാണ് സ്റ്റേഡിയത്തിനു പുറത്തെ അതിമനോഹരമായ ഫ്ലാറ്റുകൾ...ക്രിക്കറ്റ് ദിനങ്ങളിലെല്ലാം അതിന്റെ ബാൽക്കണിയിൽ കയ്യിലൊരു ബോട്ടിലെ ബിയറുമായി നിറയെ ആളുകളുണ്ടാകും..കാണാൻ പോകുന്ന കാഴ്ചകളെ മനസിലോർത്ത് ഞങ്ങൾ  നടന്നു...മതിലിനപ്പുറം ആരവങ്ങളുണ്ടോയെന്ന് കാത്തു കൂർപ്പിച്ചു....ഒടുവിൽ നടന്നു നടന്നു പോയി ഗേറ്റിൽ തന്നെ തിരിച്ചെത്തി...ടിക്കറ്റ് കാണിച്ചു അകത്തു കയറി...അകത്തു വലിയ ബോർഡ്..'ജെപി മോർഗൻസ് ലോർഡ്‌സ്'...എവിടെ ഇങ്ങനെയാണ്... പ്രധാന സ്റ്റേഡിയങ്ങളെല്ലാം പരിപാലിക്കുന്നത് സ്വകാര്യ കമ്പനികളാണ്... കോടികൾ മുടക്കി അവരതു ഭംഗിയായി ചെയ്യുന്നു... പകരം സ്റ്റേഡിയത്തിന്റെ പേരിന്റെ പ്രായോജകാവകാശം അവർക്കാണ്....കിയാ ഓവൽ,വെംബ്ലി ബൈ EE,O2 അരീന, അലിയാൻസ് പാർക്ക്,എത്തിഹാദ് സ്റ്റേഡിയം,എമിരേറ്റ്സ് സ്റ്റേഡിയം എന്നിവയൊക്കെ ഉദാഹരണം...

വിശ്വപ്രസിദ്ധമായ മാർലെബൺ(Mary Lebone) ക്രിക്കറ്റ് ക്ലബ്ബിന്റെ അധീനതയിലാണ് ലോർഡ്‌സ് സ്റ്റേഡിയം...MCCയെക്കൂടാതെ മിഡിൽ സെക്സ് ക്രിക്കറ്റ് ക്ലബ്ബിന്റെയും (MCCC) ഇംഗ്ളഡ് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെയും(ECB) യൂറോപ്പ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും (ECC) 2005ഇൽ ദുബായിലേക്ക് മാറുംവരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെയും(ICC)ആസ്ഥാനമാണ് ലോർഡ്‌സ്...അക്ഷരാർത്ഥത്തിൽ ക്രിക്കറ്റിന്റെ തറവാട്.... ആ കുലപ്പെരുമ ഇവിടുത്തെ കാറ്റിനു പോലും സ്വന്തം ലോകകപ്പ്, ക്രിക്കറ്റിന്റെ ജന്മനാട്ടിലേക്ക് വിരുന്നെത്തിയപ്പോഴൊക്കെ കലാശപ്പോരിന് അരങ്ങൊരുങ്ങിയത് ഇവിടെയാണ് ... അഞ്ചുവട്ടം ലോകകപ്പ് ഫൈനലിന് വേദിയൊരുക്കുകയെന്നത് ലോകത്തെ  മറ്റൊരു സ്റ്റേഡിയത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവനേട്ടമാണ്....
സ്റ്റേഡിയം  കാണുംമുമ്പേ  ആദ്യം പോകുന്നത് മാർലെബോൺ ക്രിക്കറ്റ് മ്യൂസിയത്തിലേക്കാണ്... അതെ,ആഷസ് എന്ന ഇത്തിരിക്കുഞ്ഞൻ ട്രോഫിയുടെ പേരിൽ ഒത്തിരി പ്രസക്തി നേടിയയിടം... ഓവലിൽ വെച്ച് കഥകൾ പറഞ്ഞു കൊതിപ്പിച്ച ആ ചെറുകോപ്പ നേരിൽ കാണാൻ പോവുകയാണ്... അകത്തു കയറി... ഇന്നോളമുള്ള ക്രിക്കറ്റ് ചരിത്രം ഇവിടെ പുനർവായിക്കപ്പെടുന്നു... പ്രൗഡ  ഗംഭീരമായ അകത്തളം.. ചരിതം പറയുന്ന ചുവരുകൾ... അതിനിടയിൽ ഒരടിയോളം വരുന്ന ചില്ലു പാത്രത്തിൽ, വെളിച്ച ക്രമീകരണങ്ങളുടെ ഒത്ത നടുക്ക് ആഷസ് ട്രോഫി... ലോകം ഏറ്റവും കൂടുതൽ കൊണ്ടാടിയ ക്രിക്കറ്റ് വൈരത്തിന്റെ യഥാർത്ഥ കാരണം...കളിമണ്ണിൽ തീർത്ത ഈയൊരൊറ്റ കോപ്പക്കു വേണ്ടിയാണ്  കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകളായി ഇംഗ്ലണ്ടുംഓസ്‌ട്രേലിയയും പോരടിക്കുന്നത്...എന്നിട്ടവർക്കു കിട്ടുന്നതോ അതിന്റെയൊരു ചെറു മാതൃക മാത്രവും... ആഷസിൽ ഓസ്‌ട്രേലിയ വല്ലാതങ്ങു അധീശത്വം കാട്ടിയ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ യഥാർത്ഥ ആഷസ് തങ്ങൾക്കു തരണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പലവട്ടം അപേക്ഷിച്ചതാണ്... പക്ഷെ മറ്റെന്തിനേക്കാളും വില മതിക്കുന്ന ഈ ചെറുകോപ്പാ വിട്ടു നൽകാൻ MCC അധികൃതർ ഒരിക്കലും തയ്യാറായിരുന്നില്ല ...
ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച കളിക്കാരെ പരിചയപ്പെടുത്തും ഓരോ അലമാരയും... അതിലേറ്റവും മുഖ്യം സച്ചിന്റേതാണ്... കയ്യിലൊരു ക്രിക്കറ്റ് ബോളുമായി ലോർഡ്സിന്റെ ഒത്ത നടുക്ക് നിൽക്കുന്ന ഒരു പൂർണകായ ചിത്രം...കൂടെ വിവരണവുമുണ്ട്.... ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കാളിക്കാരിലൊരാൾ  എന്ന വിശേഷണം...പിന്നെ വിവിയൻ റിച്ചാർഡ്‌സ്,ബ്രയാൻ ലാറ,ഷെയിൻ വോൺ,റിക്കി പോണ്ടിങ്,ആദം ഗിൽക്രിസ്റ് തുടങ്ങി ജൂലൻ ഗോസാമി വരെയുള്ള മഹാരഥന്മാരുണ്ട് ചുവരിൽ.... ട്രോഫികളിൽ ഏറ്റവും പ്രധാനം പ്രുഡൻഷ്യൽ കപ്പ് ആണ്... ഇന്ത്യയിലേക്ക് പടികയറി വന്ന ആദ്യ ലോക കിരീടം... ഇന്ത്യയിലെ കളിയാരാധകൻ എന്ന നിലക്ക് ഈ വിലമതിക്കാൻ ആവാത്തതാണ്...കാരണം..ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം 1983 ജൂൺ 25നു മുൻപും ശേഷവുമെന്ന് വേർതിരിക്കപ്പെട്ടിരിക്കുന്നു....1983ഇൽ ഇംഗ്ലണ്ടിൽ മൂന്നാമത് ഏകദിന ലോകകപ്പിനെത്തുമ്പോൾ കപ്പ് നേടാൻ ഏറ്റവും സാധ്യത കുറഞ്ഞ ടീമായിരുന്നു ഇന്ത്യ...മുൻപ് നടന്ന രണ്ടു ലോകകപ്പിലും മുത്തമിട്ടു വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായി വാണ കാലം... വെസ്റ്റിൻഡീസും ഓസ്‌ട്രേലിയയും സിംബാവെയും അടങ്ങിയ ഗ്രൂപ്പിൽ രണ്ടാമതെത്തി സെമിയിൽ കടന്ന ഇന്ത്യ അവിടെ ആതിഥേയരായ ഇംഗ്ലണ്ടിനെയും അട്ടിമറിച്ചു... ഒടുവിൽ തുടർച്ചയായ മൂന്നാമതും കലാശപ്പോരിനിറങ്ങിയ വെസ്റ്റിൻഡീസിനെ  നേരിടുമ്പോൾ ക്രിക്കറ്റ് വാത് വെപ്പുകാരോ..കളിയെഴുത്തുകാരോ ചെറുമീനുകളായ ഇന്ത്യക്കൊരു സാധ്യതയും കൽപ്പിച്ചിരുന്നില്ല...മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഗാർനറും  മാർഷെലും ഹോർഡിങ്ങുമടങ്ങിയ വെസ്റ്റിൻഡീസിനെ ലോകോത്തര പേസ്നിര,വെറും 183 റൺസിന്‌ ചുരുട്ടിക്കെട്ടി...റിച്ചാർഡ്സും ഗ്രീനിഡ്ജും ലോയിഡുമൊക്കെ അടങ്ങുന്ന വെസ്റ്റിൻഡീസിന് 60 ഓവറിൽ 183 എന്നത് വളരെ നിയസ്സാരമായ സ്കോർ ആയിരുന്നു...രണ്ടാമിന്നിങ്സിന്റെ തുടക്കത്തിൽ കപിൽ  പറന്നെടുത്ത രണ്ടു ക്യാച്ചുകൾ (വിവിയൻ റിച്ചാർഡിന്റെയും ക്ലൈവ് ലോയിഡിന്റെയും) മത്സരഗതിയെ മാറ്റിമറിച്ചു...പിന്നീട് പല്ലും നഖവും ഉപയോഗിച്ച് ആഞ്ഞടിച്ച കപ്പിലും ചെകുത്താന്മാരും 52 ഓവറിൽ വെറും 140 റൺസിന് അതികായരായ വെസ്റ്റിൻഡീസിനെ ഓൾ ഔട്ട് ആക്കി...ഇന്ത്യക്ക്  43 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം...അന്ന് ലോക ചാമ്പ്യന്മാരായ ഇന്ത്യയെക്കുറിച്ചു ഇംഗ്ലണ്ടിലെ പാണന്മാർ ഇന്നും പാടി നടക്കുന്ന ചില കഥകളുണ്ട്... ആദ്യ ഇന്നിങ്സിൽ 183 റൺസിന്‌ ഇന്ത്യ ഓൾഔട്ട് ആയപ്പോൾ കാളി തോൽക്കുമെന്നുറപ്പിച്ച ഇന്ത്യൻ കളിക്കാരുടെ ഭാര്യമാർ സ്റ്റേഡിയം വിട്ടെന്നും രണ്ടാമിന്നിങ്സിൽ അവരുടെ ഭർത്താക്കന്മാർ വെസ്റ്റിൻഡീസിനെ മലർത്തിയടിക്കുമ്പോൾ അവൾ ലണ്ടൻ തെരുവുകളിൽ അവസാനവട്ട ഷോപ്പിങ്ങിൽ ആയിരുന്നെന്നും... കളിക്ക് ശേഷം ഇന്ത്യൻ താരങ്ങളിലൊരാൾ ഓടിച്ചെന്നു ലോയിഡിന്റെ മുറിയിൽ മുട്ടിയതാണ് മറ്റൊന്ന്...വിജയമാഘോഷിക്കാൻ ഷാംപെയ്ൻ ആയിരുന്നു ആവശ്യം..ജയിക്കുമെന്നവർ പോലും വിശ്വസിച്ചിട്ടില്ലാത്തതിനാൽ ഒരു കുപ്പി ഷാംപൈൻ പോലും അവർ വാങ്ങി വെച്ചിട്ടില്ലായിരുന്നത്രെ... കഥകൾ എന്ത് തന്നെയായാലും ഈ വിജയത്തിന് ശേഷം ഇന്ത്യൻ തെരുവുകളിലെങ്ങും ക്രിക്കറ്റ് ആരവങ്ങളുയരാണ് തുടങ്ങി...ആണും പെണ്ണും ക്രിക്കറ്റ് ബാറ്റും ബോളുമായി തെരുവിലേക്കിറങ്ങി... അങ്ങനെ ഏഷ്യയുടെ,വിശിഷ്യാ ഇന്ത്യയുടെ ക്രിക്കറ്റ് വളർച്ചക്ക് ഈ വിജയം നാന്ദ്യം കുറിച്ചു....ഈ വെള്ളിക്കപ്പു കണ്ടു കൊതി തീർന്നില്ല എങ്കിലും ഞങ്ങൾ മ്യൂസിയത്തിൽ നിന്നിറങ്ങി.. .ഇനി ലോർഡ്‌സ് സ്റ്റേഡിയത്തിലേക്കാണ്...ആദ്യം ഞങ്ങൾ ആനയിക്കപ്പെട്ടതു ലോങ്ങ് റൂമിലേക്കാണ്... കളി ദിവസങ്ങളിൽ മുകളിൽ ഇരുവശത്തുമുള്ള ഡ്രസിങ് റൂമുകളിൽ നിന്ന് കളിക്കാർ ഇറങ്ങി വരുന്നയിടം... അപ്പോൾ അവരെ സ്വീകരിക്കാൻ MCC അംഗങ്ങൾ അവിടെ സന്നിഹിതരായിട്ടുണ്ടാവും... MCC  അംഗമാവുകയെന്നാൽ ചെറിയ കളിയല്ല... കാരണം അവർ അംഗസംഖ്യ പരമാവധി 18000 എന്ന് നിജപ്പെടുത്തിയിട്ടുണ്ട്.... രണ്ടുലക്ഷത്തിലേറെപ്പേർ അംഗമാകാൻ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള MCCയിൽ അംഗമാകണമെങ്കിൽ ചുരുങ്ങിയത് 25 - 30 വര്ഷം കാത്തിരിക്കേണ്ടി വരും...ക്രിക്കറ്റിലെ നിയമങ്ങൾ രൂപകൽപ്പന ചെയ്യാൻ അധികാരമുള്ള MCCയെപ്പറ്റി സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത രണ്ടു നൂറ്റാണ്ടു പിന്നിട്ട ക്ലബ് ചരിത്രത്തിലെ ആദ്യത്തെ ബ്രിട്ടനേതര പ്രസിഡന്റായി കുമാർ സംഗക്കാര നിയമിക്കപ്പെടുന്നു എന്നതാണ്...
ലോങ്‌റൂമിലെ ഒരുപാട് ചിത്രങ്ങളിൽ ഒന്നിന് അത്രയും പ്രാധാന്യമുണ്ട്...രണ്ടു നൂറ്റാണ്ടു മുൻപ് ലണ്ടനിൽ ജീവിച്ചിരുന്ന ഒരു ഇടത്തരം ബിസിനസ്സുകാരൻ...പേര് തോമസ് ലോർഡ്...ഇദ്ദേഹത്തിന്റെ പേര് സ്മിത്ത് എന്നോ ജോൺ എന്നോ ആയിരുന്നെങ്കിൽ മനോഹരമായ ഈ പുൽതകിടിയെ നമ്മൾ മറ്റൊരു പേരിൽ വിളിക്കേണ്ടി വന്നേനെ..അതെ,ലോർഡ്‌സിന്റെ യഥാർത്ഥ അവകാശി...തോമസ് ലോർഡ്... ഈ തറവാടിന്റെ കാരണവർ...
ഇനി നേരെ ഹോം ഡ്രസിങ് റൂമിലേക്ക്. അവിടെ ഹാൾ ഓഫ് ഫെയിമിൽ ലോർഡ്‌സിൽ സെഞ്ചുറി അടിച്ചതും അഞ്ചു വിക്കെറ്റ് കൊയ്തതുമായ ഇംഗ്ലീഷുകാരുടെ പേരുകൾ... ഓരോ കളിക്കാരുടെയും സീറ്റുകൾ വരെ ഗൈഡ് കൃത്യമായി വിവരിച്ചു തന്നു.... പിന്നെ ബാൽകണിയിലേക്ക്, അവിടുന്ന് ഗ്രൗണ്ടിന്റെ ഫോട്ടോ പകർത്താം.. സെൽഫി എടുക്കാം... പക്ഷെ,എനിക്ക് പ്രിയം വലതു വശത്തെ മറ്റൊരു ഗ്യാലറിയാണ്... കാരണം വഴിയേ പറയാം. 25 വർഷം പിന്നിട്ട   മാതൃകയാണ് ഈ പവലിയൻ..ബാക്കിയൊക്കെ ഓരോ കാലങ്ങളിൽ പൊളിച്ചു പണിതവയാണ്... ഇനി പോകുന്നതിന് എവേ  ഡ്രസിങ് റൂമിലേക്കാണ്...ഇവിടുത്തെ ഹാൾ ഓഫ് ഫെയിമിൽ സന്ദർശക ടീമുകളിലെ സെഞ്ചുറിയും അഞ്ചു വിക്കറ്റുനേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്... ഈ ലിസ്റ്റ് ശ്രദ്ധേയമാവുന്നത് അസാന്നിധ്യങ്ങളുടെ പേരിലാണ്...
സെഞ്ചുറികളുടെ ലിസിറ്റിൽ സുനിൽ ഗവാസ്ക്കറിന്റെയോ ബ്രയാൻ ലാറയുടെയോ ജാക്വിസ് കാലിസിന്റെയോ എന്തിന്, സച്ചിൻ തെണ്ടുൽക്കറിന്റെയോ പേരില്ല...ടെസ്റ്റിൽ മികവ് കാട്ടിയ ബൗളർമാരുടെ ലിസ്റ്റിലോ അംബ്രോസും  മുരളീധരനും ഷെയിൻ വോണും  അനിൽ കുംബ്ലെയുമില്ല.. വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ... ഇനി ഇവിടുത്തെ ബാൽക്കണിയിലേക്ക്... ഇന്ത്യ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന രണ്ടു മഹാവിജയങ്ങളുടെ ഓർമ്മകൾ പേറുന്ന ഇടം... ഓർക്കുന്നുവോ ലോർഡ്സിലെ  ഈ ബാൽകണിയിൽ കപ്പുമായി  നിൽക്കുന്ന കപിലിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം... ക്രിക്കറ്റ് ന്റെ സ്നേഹിക്കുന്ന എല്ലാ കളിയാരാധകരുടെയും മനസ്സിലെ ഒളി മങ്ങാത്ത ചിത്രം.. ഇനി ഒന്ന് കൂടിയുണ്ട്.. നാറ്റ് വെസ്റ്റ് ട്രോഫിയിലെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം ഷർട്ട് ഊരി വീശുന്ന കൊൽക്കത്തയിലെ രാജകുമാരന്റെ...ഷർട്ടൂരി വീശുക മാത്രമല്ല...ശേഷം ലോങ്ങ് റൂമിൽ കൂടി ഇറങ്ങിയോടി ഗ്രൗണ്ട് ഇത് വരെയെത്തിയ ദാദക്ക് അന്ന് ഫൈൻ  ഇനത്തിൽ നഷ്ടമായത് മുഴുവൻ മാച്ച് ഫീ ആണ്.. കാരണം..ലോർഡ്സിന്റെ ചരിത്രത്തിൽ അന്നുവരെ ആരും അവിടെ അർദ്ധനഗ്നരായി പ്രവേശിച്ചിട്ടില്ല... പക്ഷെ അന്ന് ദാദ നടന്നു കയറിയത് ലക്ഷക്കണക്കിന് ഇന്ത്യൻ ഹൃദയങ്ങളിലേക്കാണ്...  കൈഫും യുവ്രാജ്ഉം അന്ന് ഇന്ത്യയെ വലിച്ചടുപ്പിച്ചത് ലോകകപ്പിന് ശേഷമുള്ള ഏറ്റവും തിളക്കമുള്ളൊരു മഹാവിജയത്തിലേക്കാണ്... അതെ അതേ  ബാൽക്കണിയിലാണ്.. പലകുറി സെൽഫി എടുത്തു..ഇനി പതുക്കെ ഗാലറിയിലേക്ക്....
ഇന്ത്യയിലെ  ക്രിക്കറ്റ് സ്റ്റേഡിയങ്ങളുമായി താരതമ്യം ചെയ്താൽ  ചെറുതാണ് ലോർഡ്‌സ്... മുപ്പതിനായിരം മാത്രം ഇരിപ്പിടങ്ങൾ...പവലിയന്റെ  വലതു വശത്തു ബൗളേഴ്‌സ് ബാറിന് മുന്നിലുള്ള മാണി പ്രസിദ്ധമാണ്... ക്രിക്കറ്റ്  ലോകത്തെ ഏറ്റവും പ്രശസ്തനായൊരാൾ കളി  തുടങ്ങുന്നതിനു അഞ്ചു മിനിറ്റ് മുൻപ് ഈ മാണി മുഴക്കും.... അതിനുള്ള നിയയോഗം അവർക്കുള്ളൊരദരവാണ്.... ഇന്ത്യയിൽ നിന്ന് ഗാവസ്‌കർ,കപിൽ, ഗാംഗുലി,ദ്രാവിഡ്..മഞ്ജരേക്കൻ എന്നിവർക്ക് മാത്രമേ ഇത് വരെ ഇതിനുള്ള അവസരം ലഭിച്ചിട്ടുള്ളൂ...
മഴ പെയ്തു തോർന്നാൽ അപ്പോൾ തന്നെ കളി  തുടങ്ങാൻ സാധിക്കുന്ന ലോർഡ്‌സ് മൈതാനത്തിന്റെ ചരിവ് ലോക പ്രസിദ്ധമാണ്... രണ്ടര മീറ്റർ വരെയാണ് മറുവശത്തെ അപേക്ഷിച്ചു വടക്കു പടിഞ്ഞാറ് വാസത്തിന്റെ ചരിവ്... ഇത് ബൗളർമാർക്ക് കൊടുക്കുന്ന സഹായം ചില്ലറയല്ല...ഇരു വശത്തു നിന്നും അകതോട്ടും പൗരതോട്ടും പന്തിനെ മൂവ് ചെയ്യിക്കാൻ ഈ ചരിവ് സഹായിക്കുന്നു....
ഇനി പോകുന്നത് മീഡിയ സെന്ററിലേക്കാണ്...സെമി മോണോ കോക്ക് എന്ന പ്രത്യേക ഡിസൈൻ കൊട്നു ലോക ശ്രദ്ധയാകര്ഷിച്ചതാണ് ഇവിടുത്തെ മീഡിയ സെന്റർ...ലോർഡ്‌സിന്റെ ഇന്നത്തെ ഐക്കനും അത് തന്നെ... 1999 ലെ ലോകകപ്പിന്  മുന്നോടിയായി പണി കഴിപ്പിച്ച ഇവിടെ  നൂറുകണക്കിന് മാധ്യമ പ്രവർത്തകർക്ക് ഒരേ സമയം ഇരിക്കാനാകും..പൂർണമായും അലുമിനിയത്തിൽ പണി തീർപ്പിച്ച ഈ മാതൃക ലോകത്തിലെ തന്നെ ഇതരത്തിലാദ്യത്തെതും  മികച്ച വാസ്തു  മാതൃകക്കുള്ള റിബാ സ്റ്റെർലിങ്  പ്രൈസ് നേടിയതുമാണ്.... ശേഷം, ക്ലബ് സ്റ്റോറിലേക്ക്... എന്നെന്നും ഓർമ്മിക്കാൻ സുവെനീർ ആയി ലോർഡ്‌സ് എന്നെഴുതിയ ഒരു കപ്പും കീ ചെയിനും വാങ്ങി തിരിച്ചിറങ്ങി...പുറത്തു ലോർഡ്‌സിന്റെ ഇരുന്നൂറാം വാർഷികത്തിന്റെ ഓർമ്മചിത്രങ്ങൾ...
കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം ചരിത്രം...ഇന്നോളം ക്രിക്കറ്റിനെ കുറിച്ചറിഞ്ഞതെല്ലാം ഇവിടുത്തെ മണ്ണിനോട് ചേർത്ത് വായിച്ചവ....ലോർഡ്‌സിലെ ഇതിഹാസങ്ങൾ അവസാനിക്കില്ലെന്നാണ് ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലും നമ്മളോട് വിളിച്ചു പറഞ്ഞത്...ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്തത്ര വെറും വാശിയും നിറഞ്ഞ മത്സരം.. മത്സരം കഴിഞ്ഞിട്ടും സൂപ്പർ ഓവർ എറിഞ്ഞിട്ടും തോൽക്കാൻ തയാറാകാഞ്ഞ വില്യംസന്റെ  ന്യൂസിലന്റിനെ ബൗണ്ടറികളുടെ എണ്ണം കൊണ്ട് വീഴ്ത്തി ആതിഥേയൻ കപ്പുയർത്തിയപ്പോൾ,ലോർഡ്‌സ് ഇംഗ്ലണ്ടിന്റെ ലോകകപ്പുകളുടെ  ശാപമോക്ഷം കിട്ടിയ ദേവഭൂമിയായി.... .സ്റ്റോക്സ് എന്ന പടയാളി ആരാധകരുടടെ കൺകണ്ട ദൈവവും.. പിന്നെയും മാന്ത്രികതകൾ കാത്തു വെച്ച് ലോർഡ്‌സ് കാത്തിരിക്കുകയാണ്..അടുത്ത കളി  മുഹൂർത്തതിനായി... 

കഥ പറയുന്ന കോൺവി കാസിൽ

 ഒരു നാടിന്റെ ചരിത്രമറിയാൻ ആദ്യം ചെന്ന് കയറേണ്ടതു അവിടുത്തെ കോട്ടകളിലാണ്... അധികാരങ്ങളും ആഭിജാത്യങ്ങളും  കണ്ട,വാണവരുടെയും വീണവരുടെയും കഥകൾ പറയുന്ന, കാലത്തിന്റെ കാല്പനികതകളും മറഞ്ഞു പോകലുകളുടെ മുറിപ്പാടുകളും പേറുന്ന ചരിത്ര സ്മാരകങ്ങളാണ് ഓരോ കോട്ടകളും...ആഴത്തിലുള്ള കിടങ്ങുകൾക്ക് പാലമാവേണ്ടുന്ന വീതിയേറിയ കോട്ട വാതിലുകൾ.... അകത്തു കയറിയാൽ കാണുന്നതത്രയും കാലത്തിന്റെ ചുവരെഴുത്തുകൾ... അതെ ഓരോ കോട്ടയും ഒരായിരം കഥകൾ പറഞ്ഞു തരും... അകത്തു കയറുമ്പോൾ കണ്ണും കാതും തുറന്നു വെക്കണം... ഓരോ കൊത്തളങ്ങളിലും ചെവി കൂർപ്പിക്കണം... അപ്പോൾ രാജാക്കന്മാരുടെ ഗർജനങ്ങൾ കേൾക്കാം... അധികാരിയുടെ ആജ്ഞകളും അടിമയുടെ തേങ്ങലും കേൾക്കാം.... ഇടനാഴിയിൽ വളകിലുക്കങ്ങളും അന്തപ്പുര രഹസ്യങ്ങളും കേൾക്കാം.... ഓരോ കൊത്തുപണിയിലും ശില്പിയുടെ കാരിരുമ്പിന്റെ കരുത്ത് കാണാം.. അകക്കണ്ണിലെ വെളിച്ചം കാണാം.. ഓരോ കല്ലിലും അതുയർത്തിയ ഒരായിരം കൈപ്പാടുകൾ കാണാം.... ഉയർന്ന ഗോപുരങ്ങളിൽ യശ്ശസ്സിന്റെ കൊടിയടയാളങ്ങൾ കാണാം.... തകർന്ന പടിക്കെട്ടുകളിൽ ഒരു സാമ്രാജ്യത്തിന്റെ പതനം കാണാം.... അതെ കോട്ടകൾ കഥ പറയുകയാണ്…


മധ്യകാലഘട്ടങ്ങളിൽ ഇംഗ്ളണ്ടിനും വെയിൽസ്‌നും ഇടയിൽ നിലനിന്നിരുന്ന അധികാരത്തർക്കങ്ങൾക്കൊടുവിൻ 1283ലാണ് എഡ്‌വേർഡ് ഒന്നാമൻ വടക്കൻ വെയിൽസിൽ കോൺവി നദിക്കരയിൽ ഒരു കോട്ട പണിയാൻ തീരുമാനിക്കുന്നത്.... കോട്ടയും കോൺവി പട്ടണം അപ്പാടെയുൾപ്പെടുന്നൊരു കോട്ടമതിലും കൂടി 15000 പൗണ്ട് മുതല്മുടക്കുള്ളൊരു വലിയ പ്ലാനായിരുന്നു എഡ്‌വേർഡിന്റേത് .... ഏട്ടര നൂറ്റാണ്ടു മുൻപത്തെ 15000 എന്നതിന് ഇന്നത്തെ മൂന്നു മില്യൺ പൗണ്ടിലധികം മൂല്യം വരും.... പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഒട്ടനവധി യുദ്ധങ്ങളിൽ തന്ത്രപ്രധാന പങ്കു വഹിച്ച ഈ കോട്ടക്ക്, രാജാധികാരങ്ങൾക്ക് മേൽ പാർലമെന്റിനു കൂടുതൽ അധികാരങ്ങൾ നൽകിയ പതിനാറാം നൂറ്റാണ്ടിലെ 'മഹത്തായ വിപ്ലവത്തിന്' (English Great war) ശേഷം പ്രതാപം ക്ഷയിക്കുകയും പതിനേഴു പതിനെട്ടു നൂറ്റാണ്ടുകളിൽ വടക്കൻ വെയ്ൽസിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമാവുകയും ചെയ്തു…

യുനെസ്കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ച ഇവിടം മധ്യകാല യൂറോപ്പിലെ സൈനിക നിർമിതിയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്നു…

ഭാരമേറിയ വലിയ കല്ലുകൾക്ക് പകരം ചെറിയ ചരൽക്കല്ലും ചുണ്ണാമ്പുകളും ചേർത്തു വളരെ വീതിയേറിയ അടുക്കുകളായി നിർമിച്ചിരിക്കുന്ന ഈ കോട്ടയുടെ മുകൾഭാഗങ്ങൾ ഇപ്പോൾ ഏറെക്കുറെ നാമാവശേഷമാണ്... ഇപ്പോഴും വലിയ പരിക്കുകളില്ലാതെ നിലനിൽക്കുന്ന,ചുറ്റുപിണഞ്ഞ പടിക്കെട്ടുകളോട് കൂടിയ നാല് ഗോപുരങ്ങളും ഒന്നിനൊന്നു വലുതും ദൂരക്കാഴ്ച നൽകുന്നതുമാണ്...അവയിലൊക്കെയുമുള്ള 120 ഡിഗ്രിയെങ്കിലും വീക്ഷണ പരിധി നൽകുന്ന നേർത്ത 'arrow slit'കൾ കോട്ട നിർമിതിയിൽ സൈനിക തന്ത്രങ്ങൾക്കുള്ള പ്രാധാന്യം വിളിച്ചോതുന്നു....കൂടാതെ കോട്ടയുടെ ഉൾവശങ്ങളിൽ വിവിധോദ്ദേശ്യങ്ങൾക്കിണങ്ങുന്ന  വിധത്തിലുള്ള മുറികളും അവയുടെ നിർമിതികളും  ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മളെ  അതിശയിപ്പിക്കാൻ  പോന്നതാണ്.... ചാപ്പലും മണിയറകളും കിടപ്പറകളും ആയുധപ്പുരകളും ജയിലറകളും ഭക്ഷണശാലകളും എന്നുവേണ്ട ഒരു രാജ്യഭരണത്തിനുതകുന്നതെന്തും എവിടെ കാണാം...
നേർത്ത ചാറ്റൽമഴയുണ്ട്... കിഴക്ക്  കോട്ടമതിൽക്കെട്ടിനു പുറത്തു കുന്നിൻ ചെരിവുകളിൽ ചെമ്മരിയാടിന്റെ പട്ടങ്ങൾ മേഞ്ഞു നടക്കുന്നത് കാണാം.,.. പടിഞ്ഞാറ് കോൺവി  നദിക്കരയിൽ ഒരുപാടൊരുപാട് ജലയാനങ്ങൾ നങ്കൂരമിട്ടിരിക്കുന്നു.. വടക്കും തെക്കും ഗോപുരങ്ങളിൽ നിന്ന് നോക്കിയാൽ ആധുനികതയിലേക്ക് വഴിമാറിയ കോൺവിയുടെ പുത്തൻ പടപ്പുകൾ കാണാം... അവശതകളേറെയെങ്കിലും തലമുറകളേറെക്കണ്ട കോട്ടമുത്തശ്ശി അടുത്ത സഞ്ചാരിയെ കാത്തിരിക്കുകയാണ്.... മടിയിലിരുത്തി പോയ കാലത്തിന്റെ കഥ പറയാൻ...

വെംബ്ലിയിലെ ആരവങ്ങൾ

 ഇംഗ്ലണ്ടിലെ  കലാ കായിക ഭൂപടത്തിൽ തിലകക്കുറിയണിഞ്ഞു  നിൽക്കുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അത് വെംബ്ളിയാണ്... ഓരോ  ഇംഗ്ളീഷുകാരനും നെഞ്ചിൽ കൈവെച്ചു പറയുന്ന അഭിമാനത്തിന്റെ പേര് .. ഇംഗ്ലണ്ടിന്റെ ഫുട്ബോൾടീം വെള്ളക്കുപ്പായവുമണിഞ്ഞു കളിക്കാനിറങ്ങുന്ന ഇംഗ്ലണ്ടിലെ ഒരേയൊരു വേദി... അതെ,പകിട്ടും പാരമ്പര്യവും സമാസമം ചേരുന്ന അപൂർവം ചിലയിടങ്ങളിൽ ഒന്നാണ് വെംബ്ലി..

വാട്ടർലൂ അണ്ടർഗ്രൗണ്ട് ട്യൂബ് സ്റ്റേഷനിൽ നിന്ന് ജൂബിലി ലൈനിൽ കൃത്യം 26  മിനിറ്റ്.. നിങ്ങള്ക്ക് വെംബ്ലി പാർക്ക് സ്റ്റേഷന്റെ വീതിയുള്ള പടികളിറങ്ങാം... തൊട്ടു മുന്നിൽ നിറയെ ലില്ലിപ്പൂക്കൾ നിറച്ചൊരു പൂക്കൂട കണക്കെ ഇതാ വെംബ്ലി..  പൂക്കൂടയെന്നു വെറുതെ പറഞ്ഞതല്ല,സ്റ്റേഡിയത്തെ കവച്ചു വെക്കുന്ന ആ വെള്ളക്കമാനം കണ്ടാൽ അങ്ങനെയേ തോന്നൂ... ഇന്ന് ലണ്ടൻ നഗരത്തിന്റെ ഐകോണിക് സിംബലുകളിൽ ഒന്നാണീ  കമാനം...10 വാരി വീതിയുള്ള വെംബ്ലി പാർക്ക് സ്റ്റേഷന്റെ പടിക്കെട്ടു അവസാനിക്കുന്നിടത് അത്ര തന്നെ വീതിയുള്ള നടപ്പാത ആരംഭിക്കുന്നു...100 മീറ്റർ അകലെ അത് അവസാനിക്കുന്നതു വെംബ്ലിയിലും ...അതിനിടയിൽ  ഒരു മേൽപ്പാതയുണ്ട്..
സിറ്റിയും ചെൽസിയും കൊമ്പു കോർത്ത കറബാവോ കപ്പിന്റെ ഫൈനൽ ഓർമയില്ലേ.. കോച്ച് പറഞ്ഞിട്ടും തിരിച്ചു  കയറാൻ കൂട്ടാക്കാതെ കെപ്പ പെനാൽറ്റി തടുക്കാൻ ക്രോസ്ബാറിന് താഴെ നിന്നത്... അരിശം മൂത്ത് മോറിസിയോ സാരി ടണലിലൂടെ തിരിച്ചു കയറിപ്പോയത്‌ .. അതിന് തൊട്ടു തലേ ദിവസമാണ്...സ്റ്റേഡിയത്തിനു മുന്നിലെ പടുകൂറ്റൻ LED സ്‌ക്രീനിൽ ഫൈനലിന്റെ പ്രൊമോഷൻ വീഡിയോ...
ഇംഗ്ലണ്ടിലെ മറ്റു കായിക വേദികളെ താരതമ്യം ചെയ്യുമ്പോൾ പുത്തൻ സ്റ്റേഡിയമാണ് വെംബ്ലി..വെറും 12 ആണ്ടിന്റെ ചെറുപ്പം .. പക്ഷേ വെംബ്ളിയെക്കുറിച്ചു പറയാൻ 96 വർഷങ്ങൾ പുറകിലേക്ക് നടക്കണം...കൃത്യമായി പറഞ്ഞാൽ 1923 ലേക്ക്...ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രദർശന മൈതാനമായിരുന്ന ഇടമാണ് അന്ന് ഏഴര ലക്ഷം പൗണ്ട് മുടക്കി 300 ദിവസം കൊണ്ട് സ്റ്റേഡിയം ആക്കി മാറ്റിയെടുത്തത്... ബ്രിട്ടീഷ് എമ്പയർ എക്സിബിഷൻ സ്റ്റേഡിയം എന്നത് പിൽക്കാലത്ത് എമ്പയർ സ്റ്റേഡിയം എന്നറിയപ്പെട്ടു. വൈറ്റ് ഹോഴ്സ് ഫൈനൽ എന്ന പേരിൽ പ്രസിദ്ധമായ 1923ലെ  F A കപ്പ് ഫൈനലിന്റെ 4 നാൾ മുൻപാണ് ഈ സ്റ്റേഡിയം പ്രവർത്തന സജ്ജമായത്..
അന്ന് വെസ്റ്റ്ഹാം യുണൈറ്റഡ് ബോൾട്ടൻ വണ്ടറേഴ്‌സിനെ നേരിടുമ്പോൾ ഫുട്ബോൾ ഫെഡറേഷന്റെ കണക്കു കൂട്ടലുകൾ പൂർണമായും തെറ്റി..
ഒന്നേകാൽ ലക്ഷം കസേരകളുള്ള പുതിയ ദേശീയ മൈതാനത്തിന്റെ 104 ഗേറ്റുകൾ വഴി ഇരച്ചെത്തിയത് മൂന്നു ലക്ഷത്തിലേറെപ്പേർ.. സ്റ്റേഡിയം മുഴുവൻ നിറഞ്ഞു കവിഞ്ഞ പുരുഷാരം...അറുപത്തിനായിരത്തിലേറെപ്പേർ അകത്തു കയറാനാകാതെ പുറത്തു തിക്കിത്തിരക്കി.. മൈതാന മധ്യത്തിൽ കളി നടത്താൻ പോയിട്ട് സൂചികുത്താനിടമില്ല.. ഒടുവിൽ ബ്രിട്ടീഷ് പോലീസിലെ ബില്ലി എന്ന വെള്ളക്കുതിരയെ ഇറക്കേണ്ടി വന്നു കളി നടത്താനുള്ള സ്ഥലമൊഴുപ്പിക്കാൻ(ബില്ലിയോടുള്ള ആദരസൂചകമായാണ് വെംബ്ലി റെയിൽവേ സ്റ്റേഷനിൽ നിന്നും സ്റ്റേഡിയത്തിലേക്കുള്ള നടപ്പാതക്ക് വൈറ്റ് ഹോഴ്സ് ബ്രിഡ്ജ് എന്ന് പേരിട്ടത്)... അങ്ങനെ കാണികൾ അതിർവരമ്പ് നിശ്ചയിച്ച വെംബ്ലിയിലെ ആദ്യ മത്സരം 45  മിനിറ്റ് വൈകി ആരംഭിക്കുകയും വെസ്റ്റ്ഹാമിനെ എതിരില്ലാത്ത ഇരട്ട ഗോളുകൾക്ക് തോൽപ്പിച്ച് ബോൾട്ടൻ വാണ്ടറേഴ്‌സ് F A കപ്പിൽ മുത്തമിടുകയും ചെയ്തു... ഇന്നും ഒരു റേസിംഗ് ഇതര മത്സരത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമെന്ന റെക്കോർഡ് വെംബ്ലിയിലെ എമ്പയർ സ്റ്റേഡിയത്തിലെത്തിയ മൂന്നരലക്ഷത്തിന്റെ പേരിലാണ്.. അതിൽപ്പരമിന്നോളം അപൂർവം ചില അവസരങ്ങളൊഴിച്ചാൽ FA  കപ്പിന്റെ കിരീടധാരണങ്ങളെല്ലാം  നടന്നത് വെംബ്ലിയിലാണ്,'ഇരട്ടഗോപുരം' എന്ന് വിളിപ്പേരുള്ള എമ്പയർ  സ്റ്റേഡിയത്തിലും പിന്നെ ഇപ്പോൾ വെള്ളിക്കമാനം കൊണ്ടലങ്കരിച്ച  വെംബ്ലിയിലും...
വെംബ്ലി പാർക്കിൽ നിന്നും നടപ്പാത നേരെ ചെന്നെത്തുന്നത് സ്റ്റേഡിയത്തിന്റെ അടിവശത്താണ്..അതിനു മുന്നേ ഇരുവശത്തേക്കും കയറിപ്പോകുന്ന നടപ്പാതകൾ ചെന്നെത്തുന്നത് രണ്ടാം നിലയിലും..അതാണ് വെംബ്ളിയുടെ പ്രവേശനകവാടവും...താഴെ നിന്ന് പടിക്കെട്ടുകൾ കയറി മുകളിൽ വന്നാൽ ആദ്യം കാണുന്നത് ബോബി മൂറിന്റെ പ്രതിമയാണ്.. എല്ലാ കാലത്തും ലോകകപ്പുകൾ ഇംഗ്ലണ്ടിന് കിട്ടാക്കനിയാണ്..അത് ക്രിക്കറ്റിൽ ആയാലും ഫുട്ബോളിൽ ആയാലും...അതുകൊണ്ടു തന്നെ 1966 ലോകകപ്പ് ഇംഗ്ലീഷുകാർ ഒരുകാലവും മറക്കില്ല ...ആദ്യമായി ഫുട്ബാൾ ലോകകപ്പ് ഇംഗ്ളീഷ് മണ്ണിൽ വിരുന്നെത്തിയ കാലം... സ്വാഭാവികമായും മത്‌സര വേദികളിൽ ഏറ്റവും പുതിയതും വലുതുമായ വെംബ്ളിക്കായിരുന്നു ഇംഗ്ലണ്ടിന്റെ  എല്ലാ മത്സരങ്ങളിലും ആതിഥേയരാകാൻ യോഗം..ആദ്യമത്സരം സമനിലയിലായതൊഴിച്ചാൽ ബാക്കിയെല്ലാം ആധികാരികമായി ജയിച്ച് ബോബ്ബ്യ് മൂറിന്റെ ടീം വെംബ്ലിയിൽ ആനന്ദനൃത്തമാടി....അന്ന് ബ്രിട്ടീഷ് രാജ്ഞിയിൽ നിന്നേറ്റു വാങ്ങിയ 'ജൂൾസ് റെമിറ് കപ്പ്'(പഴയ ലോകകപ്പ് ട്രോഫി) ഇന്നും വെംബ്ലിയിലെ മ്യൂസിയത്തിലുണ്ട്...അന്നും ഇന്നും എക്കാലവും ഇംഗ്ളണ്ടിന്റെ ഏറ്റവും മികച്ച ടീമായി ആ ടീമിനെ വാഴ്ത്തപ്പെടുന്നു...അടുത്ത  നാൾ കറബാവോ  കപ്പ് ഫൈനലായതിനാൽ മിനിടൂർ ആണ്...12 പൗണ്ട്  കയറി..വീഡിയോ ഗൈഡും ഹെഡ്സെറ്റ് ഉം തന്നു... നടക്കുന്ന വഴികളിലെ ഓരോ കാര്യങ്ങളും വീഡിയോ ഗൈഡിൽ വിവരിക്കുന്നു..  ചുവരുകളൊക്കെയും ഇംഗ്ലീഷ് ഫുട്ബോളിന്റെ ചരിത്രം പറയുന്നു...അതിനപ്പുറം വെംബ്ലി സ്റ്റേഡിയത്തിന്റെ ത്രിമാനമാതൃക..3  ഘന മീറ്ററെങ്കിലും വ്യാപ്തമുള്ളത് ...തൊട്ടരികിൽ ജൂൾസ് റെമിറ്റ് കപ്പ്..ഇംഗ്ലണ്ട് ഫുട്ബോളിന്റെ അഭിമാനം...അടുത്ത നിലയിലേക്ക് പടികയറിയെത്തുമ്പോൾ യൂറോ കപ്പിന്റെ കൂറ്റൻ മാതൃക... അടുത്ത വർഷത്തെ യൂറോകപ്പ്  ഫൈനൽ  നടക്കുന്നത് വെംബ്ലിയിലാണ്...  ഇപ്പോഴേ തുടങ്ങി അതിന്റെ മുന്നൊരുക്കം.. "വണ്ടേഴ്സ് ഇൻ വെംബ്ലി" എന്ന ബോർഡിന് കീഴിൽ വെംബ്ലിയിലെ ചരിത്ര മുഹൂർത്തങ്ങൾ.. തൊട്ടരികിൽ FA കപ്പും FA കമ്യൂണിറ്റി ഷീൽഡും.. ഇംഗ്ലണ്ടിലെ ഫുട്ബാൾ രാജാക്കന്മാർക്കുള്ള നോക്ഔട്ട് ട്രോഫി.. സീസൺ മുഴുവൻ നടക്കുന്ന പ്രീമിയർ ലീഗിനേക്കാൾ ടീമുകൾ വിലമതിക്കുന്നതാണ്‌, വർഷത്തിലൊരിക്കൽ വെംബ്ലിയിലെ റോയൽ ബോക്സിലേക്കുള്ള 36 പടികൾ കയറി വന്നു, രാജകുമാരനിൽ നിന്ന് ഏറ്റുവാങ്ങുന്ന, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ ഫുട്ബോൾ ചാമ്പ്യൻഷിപ്.. ഇംഗ്ലണ്ടിലെ 10 ലെവലിൽ ഉള്ള ചെറുതും വലുതുമായ എഴുന്നൂറില്പരം ക്ലബുകൾക്കും FA  കപ്പിന് വേണ്ടി മാറ്റുരക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത ...എങ്കിലും ഇക്കഴിഞ്ഞ കാലമത്രയും രണ്ടാം ഡിവിഷനിൽ നിന്ന് താഴേക്കുള്ള ഒരു ടീമും FA  കപ്പിന്റെ ഫൈനലിൽ പോലും എത്തിയിട്ടില്ലെന്നത് വേറെ കാര്യം... പ്രീമിയർ ലീഗിലെയും FA  കപ്പിലെയും  ചാമ്പ്യന്മാർ മാറ്റുരക്കുന്നതിലെ വിജയികൾക്കുള്ളതാണ് FA  കമ്മ്യൂണിറ്റി ഷീൽഡ്...
അടുത്തതായി യുവേഫ ചാമ്പ്യൻസ് ട്രോഫിയിലെ കളി മുഹൂർത്തങ്ങൾ..പിന്നീടുള്ള കാഴ്ച്ചകൾ ഫുട്ബോളിനെ കടന്നു പോവുകയാണ്...അതു പതുക്കെ റഗ്ബിയിലേക്കും വെംബ്ലിയിലെ സംഗീത ഗ്രൂപ്പുകളിലേക്കും കടക്കുന്നു... ഒട്ടും വൈകാതെ ഗൈഡ് എത്തി...ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കെ അത്ഭുതാരവങ്ങളിലേക്ക്  ആ വാതിൽ തുറന്നു.. ചുറ്റും ചുവന്നു നിന്നിരുന്നൊരു ചെപ്പു കുടത്തിനകത്തേക്കു ഞങ്ങൾ കയറി..അടിയിലെ പച്ചപരവതാനിക്കു മേലെ മൂന്നു നിലകളിലായി തൊണ്ണൂറായിരം ഇരിപ്പിടങ്ങൾ... ബ്രിട്ടണിലെ ഏറ്റവും വലിയ സ്റ്റേഡിയം ... തൊണ്ണൂറ്റൊന്പത്തിനായിരം പേർക്കിരിക്കാവുന്ന ബസയുടെ നൂക്യാമ്പ് കഴിഞ്ഞാൽ യൂറോപ്പിലെ രണ്ടാമത്തെ വലിയ സ്റ്റേഡിയം .... ആവേശത്തിന്റെ പരകോടിയിലായിരുന്നു എല്ലാവരും...ക്യാമറ ഫ്ലാഷുകൾ തുരു തുരെ മിന്നി..സ്റ്റേഡിയത്തിനകത്തു ഒരൊറ്റ തൂണുപോലുമില്ലാത്ത,എല്ലാ കോണുകളിൽ നിന്നും കളിക്കളത്തിലേക്ക്‌  ഒരേ കാഴച പ്രദാനം  ചെയ്യുന്ന ഒരത്ഭുതമൈതാനം...2003ഇൽ പഴയ മൈതാനം പൊളിച്ച ശേഷം 2007ലാണ് പുതിയ വെംബ്ലി സ്റ്റേഡിയം തുറന്നത് ...50 മീറ്ററാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ സ്റ്റേഡിയത്തിന്റെ ഉയരം...315 മീറ്റർ നീളവും 133 മീറ്റർ ഉയരവുമുള്ള വെംബ്ലി കാമനമാണ് ആകെയുള്ള തൊണ്ണൂറായിരം സീറ്റിനെയും മറക്കുന്ന മേൽക്കൂരയെ താങ്ങി നിർത്തുന്നത്.. ലോകത്തിലെ ഏറ്റവും വലിയ ഒറ്റചാൺ നിർമിതിയാണിത്(single span sculpture)... കിഴക്കും പടിഞ്ഞാറുമുള്ള മേൽക്കൂരകൾ  നീക്കാനാവുന്നവയാകയാൽ മത്സരസമയം മുഴുവൻ മൈതാനത്തു നിഴൽ വീഴാതെ എന്നാൽ കാണികൾക്കു വെയിൽ കൊല്ലാതെ നിർത്താൻ കഴിയുന്ന അത്യപൂർവ്വനിർമിതി... ഇത്രയും ഉയരെ നിന്ന് മേൽക്കൂരയുടെ മുക്കാൽ ഭാരവും വഹിക്കയാൽ ഏകദേശം 50 മീറ്റർ ആഴത്തിൽ പൈലിങ് നടത്തിയാണ് ഇരുവശത്തും കാമനത്തെ ഉറപ്പിച്ചിട്ടുള്ളത്... കൂടാതെ ലോകത്തു ഏറ്റവും കൂടുതൽ ശുചിമുറിയുള്ള കെട്ടിടവും വെംബ്ലി തന്നെ..മൂക്കത്തു വിരൽ വെക്കരുത്..!! 2618 മൂത്രപ്പുരകളാണ് ഈ ഒരൊറ്റ കെട്ടിടത്തിലുള്ളത്....
മത്സര ദിനങ്ങളിൽ വെംബ്ലി തൊണ്ണൂറായിരം കണ്ഠങ്ങൾ കാറ്റൂതി നിറച്ചൊരു തുകൽപ്പന്താകും... ആരവങ്ങളിലവ  ഇരുപുറം സഞ്ചരിക്കും...കളിക്കാരുടെ ഓരോ ചടുലനീക്കങ്ങളിലും ഈ സ്റ്റേഡിയം പുളകം കൊള്ളും...പന്തോരോ  തവണയും വര കടന്നു വലയെ ചുംബിക്കുമ്പോൾ വെംബ്ലി പൊട്ടിത്തെറിക്കും...
ഫുട്ബോൾ മത്സരങ്ങൾക്ക് പുറമെ ഒട്ടനവധി സംഗീതബാന്റുകളുടെ അവതരണങ്ങൾക്ക്  വെംബ്ലി സാക്ഷ്യം വഹിച്ചിട്ടുണ്ട്..ഒറ്റ സ്വിച്ചിട്ടാൽ വലതു വശത്തെ താഴത്തെ നിലയിലുള്ള കസേരകളെല്ലാം മടങ്ങി പിന്നോട്ട് നീങ്ങി അതൊരു സ്റ്റേജായി മാറും...അവിടെയാണ് ബാന്റുകളുടെ സംഗീത വേദി.. മൈക്കൽ ജാക്‌സന്റെ 'ബാഡ് വേൾഡ് ടൂർ' മുതൽ വൺ ഡയറക്ഷൻ മ്യൂസ്,സ്‌പൈസ് ഗേൾസ്,ടേക്ക് ദാറ്റ് ,ക്വീൻ,ഒയാസിസ്‌ തുടങ്ങി ഒട്ടനവധി ബാന്റുകളുടെ  നൃത്ത-സംഗീത നിശകൾ  ഇവിടെ നടന്നിട്ടുണ്ട്..മാത്രമല്ല താഴത്തെ നിലകൾ പൂർണമായും മടക്കി ഒരു അത്ലറ്റിക് ഗ്രൗണ്ടായിപ്പോലും വെംബ്ലിയെ ഉപയോഗപ്പെടുത്താനാകും... എന്നാകിലും 2007ൽ തുറന്നു കൊടുത്തത്തിലിന്നോളം ഒരു അത്ലറ്റിക് മത്സരം പോലും എവിടെ അരങ്ങേറിയിട്ടില്ല...
ഇനിയുള്ളത് റോയൽ ബോക്സ് ആണ്.. ഈ ചുവന്ന ചെപ്പിനകത്തു നീല നഗരത്തിൽ 6 കുഷ്യൻ സീറ്റുകൾ..അതിനു ചുറ്റും നൂറോളം ഇരിപ്പിടങ്ങൾ.. ആറെണ്ണത്തിൽ നടുവിൽ ചാൾസ് രാജകുമാരനും കമീലയും.. ഇരുവശത്തുമായി വില്യമും കെയ്റ്റും ഹാരിയും  മേഗനും....അതിനു ചുറ്റുമുള്ള നൂറോളം സീറ്റുകളിൽ ഇരിക്കാൻ ചില കടമ്പകളുണ്ട്.. ആദ്യത്തേത് ആ ടിക്കറ്റുകൾ വാങ്ങാൻ കിട്ടില്ലെന്നതു തന്നെ...പ്രത്യേകം ക്ഷണത്തെ കിട്ടിയാൽ മാത്രം സാധ്യമാകുന്ന സ്വപ്നം..അടുത്തത്, റോയൽ ബോക്സിൽ ഇരിക്കുന്നവർ ഒരു ടീമിനെയും സപ്പോർട്ട് ചെയ്യുന്ന വേഷ വിധാനങ്ങൾ ധരിക്കാൻ പാടില്ല.. ഈ ആര്ത്തിഉല്ലാസിക്കുന്ന ആരവങ്ങളിൽ ആർപ്പു വിളിക്കണോ കൈയ്യടിക്കാനോ പാടില്ല... ആകെയുള്ളൊരു മെച്ചം കളിക്ക് ശേഷമുള്ള രാജകീയ വിരുന്നിലേക്കു ക്ഷണം കിട്ടുമെന്ന് മാത്രം...
36 പടികൾ കയറി, രണ്ടാം നിലയിലുള്ള ഈ റോയൽ സ്റ്റാൻഡിൽ നിന്നാണ് കളിക്ക് ശേഷം ട്രോഫികൾ വിതരണം ചെയ്യുക...FA  കപ്പും ക്യാമറാമാനും റെഡിയായിരുന്നു ക്യാമറാമാനും റെഡിയായിരുന്നു... ഓരോരുത്തരും ഊഴം വിട്ടു കപ്പുയർത്തി...ഇതിന്റെ ഫോട്ടോ എടുക്കാൻ നമുക്കനുവാദമില്ല...ഈയെടുക്കുന്ന ഫോട്ടോകൾ ക്ലബ് സ്റ്റോറിൽ നിന്നും കാശു കൊടുത്തു വാങ്ങണം... പുറത്തിറങ്ങുന്ന വഴിയിലാണ് വെംബ്ലിയിലെ സിംഹത്തിന്റെ പ്രതിമകൾ...ഇംഗ്ലീഷ് ദേശീയ ടീമിന്റെ ലോഗോയിൽ കാണാം 3 സിംഹങ്ങൾ..സ്റ്റേഡിയം വരുന്നതിനു മുൻപുള്ള വെംബ്ലിയിലെ രാജാക്കന്മാർ.. അടുത്ത ദിനം മത്സരമുള്ളതിനാൽ മീഡിയ പ്രസന്റേഷൻ റൂമിലും ഡ്രസിങ് റൂമിലും പ്ലയെർസ്  ടണൽ  വഴി പിച്ചിനടുത്തേക്കും പ്രവേശനമില്ല...അത് കൊണ്ട് ഇനി തിരിച്ചിറങ്ങാം... അടുത്ത ദിവസത്തെ ആരവങ്ങൾക്കായി ചുവന്ന കോപ്പയിൽ ചൂട് നിറച്ചു വെംബ്ലി  കാത്തിരിക്കുകയാണ്...കാൽപ്പന്തിന്റെ ആവേശം കൊടുമുടി കയറുന്ന വെംബ്ലിയിലേക്ക്  കളിയാരാധക  കൂട്ടങ്ങൾക്കായി, അവരുടെ ഉന്മാദ നൃത്തങ്ങൾക്കായി, അവളിന്നുറങ്ങാതിരിക്കെയാണ്....

അമ്മ

തലയ്ക്കു നേരെ ഓങ്ങിയ ഓലമടലിൽ ഞാൻ കയറിപ്പിടിച്ചപ്പോഴും അമ്മ നിന്ന് വിറയ്ക്കുകയായിരുന്നു..... "അന്നേ അങ്ങ് വേണ്ടെന്നു വച്ചാൽ മതിയായിരുന്നു..."
ചെയ്തുവച്ച ഏതോ കുരുത്തക്കേടിന്റെ
അവസാനഭാഗത്ത് അടർന്നു വീണ വാക്കുകളിൽ ഞാൻ വിറങ്ങലിച്ചു നിന്നു...
പറയേണ്ടിയിരുന്നില്ലെന്നു അമ്മയുടെ കണ്ണുകൾ ആയിരം തവണ പറഞ്ഞു...

ഇരുപതുകളിലെത്തിയ ചോരത്തിളപ്പിൽ ഒരു നാൾ ഞാൻ ചോദിച്ചു... എനിക്കുവേണ്ടി എന്ത് ചെയ്തിട്ടുണ്ടെന്ന്....
നിസ്സഹായത നിറഞ്ഞ നോട്ടമായിരുന്നു മറുപടി.... അത് പതുക്കെ വിങ്ങലുകൾക്ക് വഴിമാറി.... അണമുറിയാതെയുള്ള കണ്ണീർച്ചാലാൽ അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു.... ആ കണ്ണീരിൽ എനിക്ക് ശ്വാസം മുട്ടി.... സങ്കടങ്ങളുടെ നിലയില്ലാക്കയത്തിൽ വീണു  ഞാൻ കൈകാലിട്ടടിച്ചു.... എന്റെ ക്ഷമാപണങ്ങൾക്കും ആലിംഗങ്ങൾക്കും തടഞ്ഞു നിർത്താൻ കഴിയാത്തത്രയും നേരം ആ കണ്ണുകൾ നിർത്താതെ പെയ്തു... ഒരു രാത്രിമുഴുവൻ ആ ഒരു വാചകത്തിൽ കുടുങ്ങിക്കിടന്നു....

ദാരിദ്ര്യം നിറഞ്ഞ ബാല്യകാലങ്ങളിൽ അമ്മ മുട്ടാത്ത വാതിലുകളില്ലെന്ന് അറിയാഞ്ഞിട്ടല്ല.... മത്സരപ്പരീക്ഷകൾക്ക് പോകാൻ ഇറങ്ങുമ്പോഴേക്കും എവിടെനിന്നോ അമ്മ മുഷിഞ്ഞൊരൊറ്റ നോട്ടുമായി മടങ്ങിവന്നിരിക്കും...  എന്റെ തോൽവികളിലൊന്നിലും വ്യാകുലപ്പെട്ടു കണ്ടില്ല... ജയങ്ങളിലൊക്കെയും പുഞ്ചിരി പൊഴിച്ചു.... അച്ഛനുമമ്മയും ആഞ്ഞുതുഴഞ്ഞിട്ടും ദുരിതക്കടലിൽ കരയെത്താതിരുന്ന കാലത്ത് എഞ്ചിനീയറിംഗ് പഠനം എന്നതൊരു സാഹസമായിരുന്നു.... എങ്കിലും മാസാമാസം ഒരുദിനം തെറ്റാതെ എന്റെ അക്കൗണ്ടിൽ പണമെത്തിക്കൊണ്ടിരുന്നത് അച്ഛന്റെ അധ്വാനത്തിനൊപ്പം പണം ക്രയവിക്രയം ചെയ്യുന്നതിൽ അമ്മ കാണിച്ച വൈദഗ്ധ്യം കൊണ്ട് കൂടിയായിരുന്നു... എല്ലാ സാധ്യതകളും അടഞ്ഞതിനപ്പുറവും ഒരു വഴിയെവിടെയോ മറഞ്ഞു കിടപ്പുണ്ടെന്നു അമ്മയെപ്പോഴും വിശ്വസിച്ചു പോന്നു...

ആകുലതകളും ആത്മസംഘർഷങ്ങളും ഒടുങ്ങി നല്ല കാലങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയപ്പോഴേക്കും അമ്മയുടെ ശരീരത്തെ രോഗം കാർന്നു തിന്നു തുടങ്ങിയിരുന്നു.... ദേഹമാസകലം ഞണ്ടിറുക്കുന്ന വേദനയിലും അമ്മ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല... ഇനിയൊരു തിരിച്ചുപോക്കില്ലെന്നു മനസ്സിലാക്കിയ അവസാനനാളുകളിൽ ഒന്നിൽ വരെ...

തനിക്കു ചുമക്കാനാവില്ലെന്നു പറഞ്ഞു ശരീരവും ഒരു കത്തിയിൽ തീർക്കാമെന്നു ഡോക്ടറും പറഞ്ഞിട്ടും, ഓക്കാനങ്ങളുടെ ഒരു ഗർഭകാലവും അതിനപ്പുറം ഒരു ദുരിതകാലവും താണ്ടി എന്നെ ഞാനാക്കിയ സർവം ക്ഷമയ്ക്ക്, ഒരു ജന്മം കൊണ്ടുപോലും വീട്ടിത്തീർക്കാനാവാത്ത കടപ്പാടുകൾക്ക്..., അമ്മയ്ക്ക്..., കനലെരിയുന്ന മനസ്സാൽ ഒരശ്രുപൂജ...