ഇംഗ്ലണ്ടിലെ ശൈത്യകാലം ഏതാണ്ടവസാനിക്കാറായി.. കാത്തുകാത്തിരുന്നു അവസാനം മഞ്ഞു വന്നു മൂടിയ ഫെബ്രുവരിയും കഴിഞ്ഞ് വസന്തം വിടരുന്ന മാർച്ചിലേക്ക് കടക്കുകയായി.. കൊടും ശൈത്യത്തിൽ ഇലകൾ കൊഴിച്ചു ശിഖരങ്ങളിൽ മഞ്ഞണിഞ്ഞു വിറങ്ങലിച്ചു നിന്ന മരങ്ങൾ ആ വെളുത്തു നരച്ച മേൽപ്പടം അഴിച്ചു തുടങ്ങി... വെള്ളപുതച്ചുറങ്ങിയ കുന്നിന്പുറങ്ങളുടെ പുതപ്പെടുത്തു മാറ്റിയപ്പോൾ അവ നഗ്‌നമായി കാണപ്പെട്ടു….. ശൈത്യ കാലത്തത്രയും പുതപ്പിനടിയിൽ തള്ളി നീക്കിയ ഞങ്ങൾ ഒരു ദീർഘയാത്രയുടെ ആവേശത്തിലേക്കിറങ്ങി... ലണ്ടനും അതിന് തെക്കോട്ടുള്ള സ്ഥലങ്ങളും ഒരു വിധം കണ്ടു കഴിഞ്ഞതിനാൽ ഇപ്പൊ വടക്കോട്ടാണ് കണ്ണ്... രണ്ടും ദിവസം ഒഴിവുള്ളതിനാൽ ചർച്ചകളോടുവിൽ വടക്കൻ വെയിൽസിലെ സ്നോഡോണിയയിലെത്തി… പിന്നെ അടുത്ത രാജ്യത്തിലേക്ക് കാറോടിച്ചു പോകുന്നതിന്റെ ത്രില്ലിലായി എല്ലാവരും...രണ്ടു കാര്യങ്ങൾ ആദ്യമേ തീരുമാനമാകേണ്ടതുണ്ട് - വാഹനം,താമസം… ശങ്കറിന്റെ മുൻകാല അനുഭവ പരിജ്ഞ്യാനം കൊണ്ട് ഒരു B&B(ബെഡ് & ബ്രേക്ഫാസ്റ്) റെഡിയാക്കി. ഇനി വണ്ടി... പലവിധ കൂട്ടിക്കിഴിച്ചിലുകൾക്കും ആലോചനകൾക്കും ശേഷം ഫോക്സ് വാഗൺ കാഡി ബുക്ക് ചെയ്തു...പിന്നെ യാത്രക്കുള്ള കാത്തിരിപ്പായി....
പറയാതെ പോയ പഴംവാക്കുകള്‍ പങ്കു വയ്ക്കാന്‍..... അക്ഷരങ്ങളോടു കൂട്ടുകൂടാന്‍ ഒരിടം...... നല്ലതും ചീത്തയും, അറിവും വെളിച്ചവും, അബദ്ധങ്ങളും മണ്ടത്തരങ്ങളും, കുശുമ്പും കുന്നായ്മയും, സ്നേഹവും പ്രണയവും, കള്ളവും ചതിയും എന്നുവേണ്ട, പെറുക്കി കൂട്ടിയ വളപ്പൊട്ടുകളും പുസ്തകതാളില്‍ ഒളിപ്പിച്ച മയില്പ്പീലികളും മനസ്സില്‍ സൂക്ഷിച്ച മഞ്ചാടി മണികളും ഞാന്‍ ഇവിടെ കുറിക്കുന്നു.... വരിക, യാത്ര പറഞ്ഞിറങ്ങും മുന്‍പേ ഒരു വരി കുറിക്കുക........ കൂട്ട് ചേരുക..... നമുക്ക് സ്വപ്നങ്ങളുടെ ഒരാകാശം തീര്‍ക്കാം...
സ്‌നോഡന്റെ താഴ്‌വരയിലേക്ക് ...
വെള്ളിയാഴ്ച്ച നേരത്തെ തന്നെ ഓഫീസിൽ നിന്നിറങ്ങി നേരെ പോയി വണ്ടി എടുത്തു...ഫോക്സ് വാഗൺ കാഡി നിരാശപ്പെടുത്തിയില്ല… ഇഷ്ട്ടം പോലെ സ്ഥലം… ആറുപേർക്കിത് ധാരാളം... നേരെ ആൾഡർഷോട്ടിലേക്കു വെച്ച് പിടിച്ചു...ബിരിയാണി കഴിക്കണം…. നാളത്തേക്കുള്ള സാധനങ്ങൾ വാങ്ങണം.... ഇംഗ്ലണ്ടിലെ 'ലിറ്റിൽ കാഠ്മണ്ഡു' എന്നറിയപ്പെടുന്ന സ്ഥലമാണ് ഗൂർഖ റോയൽ റജിമെന്റിന്റെ ആസ്ഥാനമായ ആൾഡർഷോട്ട് ..ഇവിടുത്തെ പത്തിലൊരാൾ നേപ്പാളിയാണ്...സ്വാദിഷ്ടമായ ഇന്ത്യൻ ബിരിയാണി കഴിച്ചു… തിരിച്ചു വന്നു ഉറങ്ങാൻ കിടന്നപ്പഴേ 11 കഴിഞ്ഞു... അതുകൊണ്ട് 4 മണിക്ക് പുറപ്പെടാനുള്ള പ്ലാൻ തൽക്കാലം നടക്കില്ലെന്നു തലേ ദിവസമേ ഉറപ്പായിരുന്നു..എങ്കിലും അഞ്ചര ആയപ്പഴേക്കും എല്ലാവരും റെഡിയായി വണ്ടിയിൽ കയറി... ആദ്യമായി വണ്ടിയെടുത്തു കറങ്ങുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും.. സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ.. മോട്ടോർ റോഡിൽ കയറുമ്പോഴും കനത്ത മൂടൽമഞ്ഞായിരുന്നു... അതൊന്നും വക വെക്കാതെ വണ്ടി കുതിച്ചു.... ഏകദേശം 7 മണിയോടടുത്തതും എല്ലാവർക്കും വിശപ്പു വന്നുതുടങ്ങി… ഓക്സ്ഫോർഡിനും ബെർമിങ്ഹാമിനും ഇടയിലുള്ള സർവീസിൽ ഒന്നിൽ കയറി… ഇംഗ്ലണ്ടിന്റെ തലങ്ങും വിലങ്ങുമുള്ള അതിവേഗ റോഡ് നെറ്റ്‌വർക്കാണ് മോട്ടോർ വേകൾ...മിക്കവാറും 6 വരി അല്ലെങ്കിൽ 8 വരി ഹൈവേയാണിത്… നഗരങ്ങൾക്ക് പുറത്തു കൂടെ പോകുന്ന ഇവയിൽ നിന്നും ഓരോ നഗരത്തിലേക്കും കണക്ഷൻ റോഡുകളുണ്ട്… വഴിയരികിൽ വെറുതേ വണ്ടി നിർത്തുന്നത് പോലും ശിക്ഷാർഹമായ ഇവിടങ്ങളിൽ ഓരോ 25 - 30 മൈൽ ഇടവേളകളിലും സർവീസുകളുണ്ട്…. അതിവിശാലമായ പാർക്കിങ് ഇടങ്ങളോടു കൂടിയ ഇവിടെ ഒരു ചെറിയ ഷോപ്പിംഗ് മാളിന് വേണ്ട സംവിധാനങ്ങളൊക്കെ കാണാം…. ദീർഘദൂര യാത്രകളിലെ വലിയൊരാശ്വാസമാണ് ഇത്തരം സർവീസുകൾ... പ്രഭാത ഭക്ഷണം കഴിച്ച ശേഷം വീണ്ടും യാത്ര തുടർന്നു....
ഇംഗ്ലണ്ടിന്റെ ഉൾഗ്രാമങ്ങളിൽ കൂടിയാണ് യാത്ര....അതിവിസ്തൃതവും വിശാലവുമായ കൃഷിയിടങ്ങൾ...വഴിയരികിൽ വീടുകളൊന്നും തന്നെയില്ല… M25,M40,M6,M54 തുടങ്ങിയ മോട്ടോർവേകൾ താണ്ടി ഞങ്ങൾ വെയിൽസ്‌ലേക്ക് പ്രവേശിച്ചു… വഴിയിൽ തിരക്ക് തീരെയില്ല… മുന്നോട്ടു പോകുന്തോറും റോഡിൻറെ വീതി 8 നിന്ന് 6ഉം പിന്നെ 4 ഉം ആയി ചുരുൺഗോയിയെന്നു മാത്രമല്ല,വഴി സൂചികകളിൽ ഇംഗ്ലീഷിന് പൗരമേ വെയിൽസ് ഭാഷ കൂടെ ദൃശ്യമായിത്തുടങ്ങി....സ്നോഡോണിയ നാഷണൽപാർക്ക് എന്ന ബോർഡ് നോക്കി പിന്നെയും പിന്നെയും പോകുന്തോറും വഴി രണ്ടു വരിയായി ചുരുങ്ങി…. മാത്രമല്ല റോഡിൽ പലയിടത്തും 'ARAF, എന്നെഴുതിയും കണ്ടു…. പിന്നെയാണ് മനസിലായത് 'Slow' എന്നതിന്റെ വെൽഷ് പരിഭാഷയാണ് 'ARAF എന്നത്..... ഇരുവശങ്ങളിലും യദേഷ്ടം ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്ന കുന്നിൻ ചരിവുകൾ പിന്നിട്ട് ഞങ്ങൾ മുന്നോട്ടു പോകുന്തോറും ഭൂപ്രകൃതി ദുഷ്കരമായിത്തുടങ്ങി..... കുന്നുകളും ഇറക്കങ്ങളും വളവുകളും അവക്ക് അരികിലൊഴുകുന്ന മനോഹരമായ അരുവികളും അത്യപൂർവമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്....
ഇംഗ്ലണ്ടിനെയും വെയിൽസ്‌നേയും കൂട്ടിയാൽ ഇവിടുത്തെ ഏറ്റവും ഉയതരം കൂടിയവയാണ് സ്‌നോഡൻ മലനിരകൾ.... സ്‌നോഡന്റെ താഴ്‌വര എന്ന അർത്ഥത്തിലാണ് സ്നോഡോണിയക്ക് ആ പേര് വീണത്…. അതി മനോഹരവും വിശാലവുമായ ഭൂവിടത്തിൽ കൂടെയുള്ള യാത്രയുടെ വീഡിയോ പകർത്താൻ ഞങ്ങൾ യാത്രയിലുടനീളം മത്സരിച്ചു…. ഒടുക്കം സ്നോഡോണിയ എന്ന പേര് മാത്രം ലക്‌ഷ്യം വെച്ചു വന്ന ഞങ്ങളെ കാറ്റിനു നടുവിലാക്കി ഗൂഗിൾ പറഞ്ഞു 'you have arrived'. സ്നോഡോണിയയിൽ എങ്ങോട്ടു പോകണമെന്ന് ഞങ്ങൾക്ക് ഒരു നിശ്ചയവുമില്ലായിരുന്നു.... ഒരു വിധം ഫോണുകളിലൊന്നും റേഞ്ച്ഉം കിട്ടാനില്ല… എന്തായാലും മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു…. അഞ്ചാറ് മൈലുകൾ പോയിക്കാണും റേഞ്ച് കിട്ടിയ ഫോണിൽ ഗൂഗിളിൽ പരതി അടുത്തുള്ള ഇൻഫർമേഷൻ സെന്റർ കണ്ടു പിടിച്ച് നേരെ അങ്ങോട്ട് വിട്ടു…
ചെന്നെത്തിയ സ്ഥലം ഞങ്ങൾ അന്വേഷിച്ചത് തന്നെ… വണ്ടി ഒതുക്കിയിട്ടു...അതിനു തൊട്ടു മുന്നിലൊരു റെയിൽവേ സ്റ്റേഷനാണ്… പേര് വായിക്കാൻ പലകുറി ശ്രമിച്ചു...."Betws-Y-Coed " ബെറ്റസിക്കോയ്ഡ്.
സമയം പത്തരയോടടുക്കുന്നു....തിരുവനന്തപുരത്തു നിന്ന് കോഴിക്കോടേക്കുള്ളതിനേക്കാൾ (400) കിലോമീറ്റർ പിന്നിട്ടിരിക്കുന്നു…. വെറും അഞ്ചു മണിക്കൂറുകൊണ്ട്..
കോൺവി നടിയുടെ കരയിൽ ആരും കൊതിച്ചു പോകുന്ന അതി മനോഹരമായ ഭൂപ്രദേശം.. സ്‌നോഡൻ മലനിരകളിൽ നിന്ന് ഉത്ഭവിച്ച തെളിനീര് ശാന്തമായി ഒഴുകുകയാണ്… അതിന്റെ തീരത്തെ നിർമിതികളെല്ലാം കരിങ്കല്ലിൽ തീർത്തവ...പിറകിൽ വിശാലമായ മലനിരകൾ… ഏകദേശം ഒരു മൈൽ ദൂരത്താണ് സിപ് ഫോറെസ്റ് വ്യൂപോയിന്റ്... പോണ്ടിവെയർ പാലവും കടന്നു നടന്നു തുടങ്ങുമ്പോൾ ചെറിയ ചാറ്റൽമഴയുണ്ട്... ലൂഗി(Llugwy ) നദിയും ലെഡർ (Lledr) നദിയും കോൺവി നദിയോട് ചേരുന്ന അതിമനോഹരമായ ഭൂപ്രകൃതിയാണ് ബെറ്റസിക്കോയ്‌ഡിലേത്... ലെഡ് ഖനനത്തിന് പ്രസിദ്ധമായ ഇവിടം വാട്ടർലൂ പാലം വഴി മറ്റിടങ്ങളോട് ബന്ധപ്പെടുത്തിയിട്ടു കേവലം 200 വർഷമേ ആയിട്ടുള്ളൂ...എങ്കിലും ഇന്നും ബെറ്റസിക്കോയ്ഡിലെ ജനസംഖ്യ വെറും 564 ആണ്…. നടക്കാനിറങ്ങിയ ഞങ്ങൾ പതിയെ ജോഗ്ഗിങ്ങിലേക്കു മാറി…. പകലുറച്ചു വരുന്നതേയുള്ളൂ എന്നതിനാൽ തണുപ്പ് വിട്ടു മാറിയിട്ടില്ല… ശാന്തമായൊഴുകുന്ന പുഴയും വയലും മലനിരകളും ചേർന്ന ഭൂപ്രകൃതിയാസ്വദിച്ചു ചുറ്റിക്കണ്ട് തിരിച്ചു വരുമ്പോൾ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ കയറി... അവിടെ രണ്ടു പൗണ്ട് കൊടുത്താൽ എട്ടു മിനുട്ട് ദൈർഘ്യമുള്ളൊരു പൈതൃക തീവണ്ടിയാത്രക്ക് കയറാം.... ലാൻഡുഡ്നോ ജംഗ്ഷൻ മുതൽ ബെറ്റസിക്കോയ്ഡ് വരെയുള്ള പതിനഞ്ചു മൈൽ മാത്രമുള്ള ചെറിയൊരു തീവണ്ടിപ്പാതയാണിത്… എങ്കിലും കുന്നും മലഞ്ചരിവുകളും പാലങ്ങളും കൊണ്ട് അത്രമേൽ മനോഹരമായതും… ദിനവും ആറു വീതം ട്രെയിനുകൾ ഇരുപുറമോടുന്ന ഈ സ്റ്റേഷനിലെ ഒരു വർഷത്തെ യാത്രക്കാരുടെ എണ്ണം എത്രയെന്നറിയാമോ…. വെറും 35000 പേർ... അതായത് ഒരു ദിവസം ശരാശരി 100 പേരിലും താഴെ...
വിശപ്പു കാര്യമായി വന്നുതുടങ്ങിയിട്ടില്ല.... ഓരോ ഐസ്ക്രീമും കഴിച്ചു ട്രെക്കിങ്ങിനു പോകാൻ തീരുമാനിച്ചു.... അടുത്തുള്ള മല കയറിയാൽ മുകളിൽ "ലിൻ എൽസി" തടാകമുണ്ട്… എല്ലാവര്ക്കും സമ്മതം… ഒരു വശത്തേക്ക് രണ്ടര മൈൽ ദൂരമുണ്ട്… കയറി പകുതിയെത്തിയപ്പോൾ മനസിലായി ഇതത്ര എളുപ്പമല്ലെന്ന്… എങ്കിലും തൊട്ടു പിന്മാറരുതല്ലോ...മുകളിലേക്ക് കയറിച്ചെല്ലുംതോറും കാടിന് രൂപമാറ്റം…. മരങ്ങൾ തിങ്ങി നിറഞ്ഞ കൊടും കാട്…. ചിലയിടങ്ങളിൽ സൂര്യപ്രകാശം പോലും താഴെയെത്തുന്നില്ല…. മരങ്ങൾക്കെല്ലാം അസാധാരണമായ ഉയരം… മുകളിലേക്ക് പോകുംതോറും കൂടിക്കൊണ്ടിരുന്നു കാറ്റ് കാറ്റാടി മരങ്ങളെ പിടിച്ചുലക്കുന്നു….. എങ്ങും കാറ്റടിക്കുന്ന കനത്ത ഇരമ്പലുകൾ മാത്രം… ഒട്ടു കഷ്ടപ്പെട്ടെങ്കിലും ഒടുവിൽ മലയറി മുകളിലെത്തി… വെറുതെ നിന്നാൽ പോലും കാറ്റടിച്ചു കൊണ്ട് പോകുമെന്ന പ്രതീതി… മഴ ചാറിയപ്പോൾ കൂട്ടത്തിലൊരാൾ കുട തുറന്നതേ ഓർമയുള്ളൂ ..കാറ്റത്തെടുത്തു മറിച്ചു ഡിഷ് ആന്റിനയാക്കി....തിരിച്ചു മടക്കാൻ ശ്രമിച്ചപ്പോൾ ചില്ലകൾ ഒടിഞ്ഞും പോയി... ഇത്തിരി കുന്നിറങ്ങിയാൽ അതിവിശാലമായ തടാകം - ലിനെൽസി (Llyn elsi ).. കാറ്റ് വീശിയടിക്കുന്ന തടാകത്തിൽ നിറയെ ഓളങ്ങൾ…. അത് ചെറു തിരമാല കണക്കെ തീരത്തെ വന്നു പുൽകുന്നു....ഇടയ്ക്കിടെ കാറ്റ് വന്നു വെള്ളത്തെ കോരിയെടുക്കുന്നു.... ഇങ്ങനെയൊരു കാഴ്ച ആദ്യമായിത്തന്നെ.... തടാകത്തിനു ചുറ്റും മരങ്ങൾ...ഇടക്കിടെ പച്ചത്തുരുത്തുകൾ… ആകപ്പാടെ അവിസ്മരണീയമായ കാഴ്ച...വിശപ്പു വന്നു തുടങ്ങി...ഇനി കുന്നിറങ്ങണം....തിരിച്ചുമുണ്ട് രണ്ടര മൈൽ..താഴേക്കിറങ്ങുന്തോറും കാറ്റിനു ശമനമുണ്ട്... ഇറങ്ങിയിട്ടും ഇറങ്ങിയിട്ടും എത്തുന്നില്ല… പിന്നേ ഓടാൻ തുടങ്ങി... കുന്നു കയറുന്നവരോട് കുശലം പറഞ്ഞു...വഴി പറഞ്ഞു കൊടുത്തു.... ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അത്ഭുതം.... ലണ്ടനിൽ നിന്നും രാവിലെ വെച്ച് പിടിച്ചതാണെന്നു പറഞ്ഞപ്പോൾ അതിലും അത്ഭുതം... മഴ ചാറിത്തുടങ്ങി... വേഗം തിരിച്ചെത്തണം.... വണ്ടിയിൽ ചെന്ന് കയറിയതും മഴ ശക്തിയായി പെയ്തു തുടങ്ങി...ഇനി തീർക്കാം ലാൻഡുഡ്നോയിലേക്ക്... വെയിൽസിന്റെ മറ്റൊരു ഭാഗം കാണാൻ... സ്‌നോഡന്റെ വിരിമാരിലൂടെ ഇനി തിരിച്ചിറക്കം....
Subscribe to:
Post Comments (Atom)
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....