ക്യാമ്പസ്സിനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നതെന്താണ്....?
ഇനിയും മഞ്ഞ നിറം പടര്‍ന്നു തുടങ്ങാത്ത....., ചിതല്‍ കുത്ത് വീണു തുടങ്ങാത്ത ഓട്ടോഗ്രാഫിന്റെ പഴയ താളുകള്‍ മറിച്ചു നോക്കുമ്പോള്‍ 'എന്ന് സ്വന്തം' എന്നെഴുതി കുത്തിവരഞ്ഞിട്ട എത്രയോ കയ്യക്ഷരങ്ങള്‍..... ഓരോന്നിനും പറയാനുണ്ടായിരുന്ന പറഞ്ഞു തീരാത്ത ഒരായിരം പരിഭവങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും..... അതും, മറവിയുടെ ശ്മശാനത്തിലേക്ക് ഇനിയും വലിച്ചിഴയ്ക്കപ്പെട്ടിട്ടില്ലാത്ത, സുഗന്ധം പരത്തുന്ന ഒരുപിടി ഓര്‍മകളും മാത്രമാണ് ഇന്നെന്റെയുള്ളില്‍ ബാക്കിയാവുന്നത്......
വരിവരിയായി നിന്ന വേപ്പ് മരങ്ങളുടെ തണലില്‍ നിരനിരയായിക്കിടന്ന മര ബെഞ്ചുകളില്‍ സൊറ പറഞ്ഞും കളി പറഞ്ഞും തീര്‍ത്ത എത്രയോ സായന്തനങ്ങള്‍.....
പ്രണയവും സൗഹൃദവും അളന്നു തൂക്കിയപ്പോള്‍ കണക്കു പിഴച്ച എത്രയോ ദിനാന്തങ്ങള്‍......
പറഞ്ഞു തീരാത്ത വിശേഷങ്ങളും ചെയ്തു തീരാത്ത കുസൃതികളുമായി കൂട്ട് വന്ന ഒരു പറ്റം കൂട്ടുകാര്‍.....
ഒടുവില്‍ ഞാനൊറ്റയാകുമ്പോള്‍ കണ്ചിമ്മിയെത്തുന്ന നക്ഷത്രങ്ങളെയും കാത്ത് അതേ വേപ്പ് മരച്ചുവട്ടില്‍ വെറുതെ കിടന്ന സായന്തനങ്ങളും എത്രയെങ്കിലും........
പുസ്തകത്താളിലൊളിപ്പിച്ച മയില്‍പ്പീലി പോലെ പറയാതെ കാത്തുവച്ച പ്രണയവും, കൈത്തണ്ടില്‍ ചോരപൊടിച്ച് ഉടഞ്ഞു താഴെ വീണ കൂട്ടുകാരിയുടെ കയ്യിലെ ചുവന്ന കുപ്പിവളകളും, ഒരു പൊതി ചോറു പകുത്തു തിന്നപ്പോള്‍ സഹപാഠിയുടെ കണ്ണില്‍ നിറഞ്ഞ നീര്‍മണിമുത്തുകളും പൊഴിഞ്ഞു പോയ വസന്തത്തിന്റെ ഓര്മപ്പെടുത്തലുകളകുന്നു
കാന്റീനിലെ ഐസ്ക്രീം തണുപ്പിലും പൂക്കാന്‍ തുടങ്ങിയ വാകമരച്ചുവട്ടിലും പിന്നെ,കോളേജിലെ ഇരുള് വീഴാത്ത ഇടനാഴികളിലും ലാബിലെ കണ്ണാടിക്കൂടുകളിലും വിടര്‍ന്ന പ്രണയവും, ഒരു പാത്രത്തിലുണ്ട് ഒരേ പായിലുറങ്ങി ഒന്നിച്ചു കലഹിച്ച സൗഹൃദങ്ങളും ആ കാലത്തിനു സ്വന്തം....
**********************************പഴയൊരു ഗ്രൂപ്പ് ഫോട്ടോയില്‍ നോക്കി ഓരോ മുഖവും ഓര്‍മയുടെ ആഴങ്ങളില്‍ തപ്പി ഇഴപിരിച്ചെടുത്തപ്പോള്‍ എന്തെന്നില്ലാത്തൊരു നിര്‍വൃതി.......
- നിധി -