Showing posts with label ചുവപ്പ് ഒരു ലഹരിയാണ്. Show all posts
Showing posts with label ചുവപ്പ് ഒരു ലഹരിയാണ്. Show all posts

ചുവപ്പ് ഒരു ലഹരിയാണ്.........

ചുവപ്പ് ഒരു ലഹരിയാണ്.........

ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്?
അതിനെ കൊതിച്ചത്?
ഉദിക്കുന്ന സൂര്യനും പിനീടുദിക്കാനുറങ്ങാനലകടലി-
ലൊളിക്കാനിറങ്ങുന്ന സൂര്യനും ചുവപ്പല്ലേ.....

തൊടിയില്‍ ചിരിച്ച ചെത്തിയും ചെമ്പകവും 
ചെമ്പരത്തിയും ചുവപ്പയിരുന്നില്ലേ....

ഉടലെടുക്കാനുടവാളെടുത്താര്‍ക്കു-
ന്നോരാകോലത്തിനും പിന്നെ 
കോമരത്തിനുമതേ  നിറം - 
ചുവപ്പ്....


അവള്‍ നീട്ടിയ മുള്ളുകളടര്‍ത്തിയ പനിനീരിനും 
എന്‍റെ  ഹൃദയത്തിനുമൊരേ നിറമായിരുന്നു...
ചുവപ്പ്.....

ഇതു ഞാന്‍ കേട്ടതല്ല..,
വിപ്ലവനാടിന്‍റെ ചുവരെഴുത്തുകള്‍ 
എന്നെ പഠിപ്പിച്ചതാണ് 
മറക്കാതുരുവിടാന്‍........
"യുവത്വത്തിനു നിറം ചുവപ്പാണെന്ന്....."

------മാളു തുടരുന്നൂ......

ഇവയ്ക്കു മാത്രമല്ല, അഗ്നിയും 
അഗ്നിയായെന്നില്‍ ആളിപ്പടര്‍ന്ന 
നിന്‍റെ പ്രണയവും ചുവപ്പല്ലേ...?
സമസ്താപരാധങ്ങളും ഉരുക്കിക്കളയുന്ന 
അഗ്നികുണ്ടത്തിനും ചുവപ്പ് നിറം.....
ഭ്രമവും ഭ്രാന്തും കോപവും ചുവപ്പ് നിറം....
പ്രണയം ചുവപ്പ്......

സ്വപ്നങ്ങളില്‍ രൗദ്രതാളത്തിലാടുന്ന 
ദേവിയുടെയുടയാടയും ചുവപ്പ്....
ഉത്തരക്കടലാസിലും പിന്നെ 
ജീവിതത്തിലും തെറ്റുകള്‍ 
(അച്ഛന്‍റെ അടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍‍)
പകര്‍ന്നതും ചുവപ്പ് നിറം.....

വാന്‍ഗോഗിന്‍റെ ചെവിയില്‍ നിന്നിറ്റുവീണ 
ചോരത്തുള്ളികള്‍ക്ക് പ്രണയത്തിന്‍റെ ചുവപ്പ് ....
വിപ്ലാവനാടിന്‍റെ ഓര്‍മകളായ്  രക്തസാക്ഷികള്‍...
പതാകയിലെ ചുവപ്പ് വീര്യത്തിന്‍റെ അടയാളം....
അമ്മയുടെ നെറ്റിയില്‍ പാതിവ്രത്യത്തിന്‍റെ ചുവപ്പ്....
നിന്‍റെ കവിളില്‍ പടരാതെ പോയ
എന്‍റെ സിന്ദൂരവും ചുവപ്പ്......

---------------------------------------------------

പക്ഷേ, ചോരയ്ക്കു നിറം ചുവപ്പല്ലേ?
ചലിക്കുന്ന ചക്രത്തിനടിയിലൂടിടയിലൂ-
ടൊഴുകുന്ന ചോരയ്ക്കു നിറം ചുവപ്പല്ലേ?
ചോരചിന്തിയ വാള്‍ത്തലപ്പിനും 
കടിച്ചു കീറിയ മാംസത്തുണ്ടിനും 
പിന്നെ........................
.........................................................

ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്....?
                                                            -നിധി-