ആദ്യ യാത്രയ്ക്ക് ശേഷം മാസം ഒന്ന് തികഞ്ഞില്ല..., മായക്കാഴ്ചകളൊരുക്കി ലണ്ടൻ പിന്നെയും മാടി വിളിച്ചു കൊണ്ടിരുന്നു... ആഴ്ചയൊന്നു വട്ടമെത്തി വന്ന ദിവസം വീണ്ടും ലണ്ടനിലേക്ക് വണ്ടി പിടിച്ചു... ഇത്തവണ ഞങ്ങൾ ആറു പേർ..
ബക്കിങ്ഹാം കൊട്ടാരം
ഈ യാത്രയുടെ പ്രഥമോദ്ദേശ്യം ബക്കിങ്ഹാം കൊട്ടാരം ആയിരുന്നു... പരിചയക്കുറവായിരുന്നു ആദ്യയാത്രയിൽ ട്യൂബിൽ കയറാൻ വാട്ടർലൂവിൽ നിന്നും സൗത്ത് വാർക് വരെ നടത്തിച്ചതെങ്കിൽ ഇത്തവണ ഞങ്ങൾ അത് ആവർത്തിച്ചില്ല.. ആദ്യം വാട്ടർലൂവിൽ നിന്നും ജൂബിലി ലൈനിൽ വെസ്റ്റ് മിനിസ്റ്റർ വരെ അവിടുന്ന് സെൻട്രൽ ലൈനിൽ വിക്ടോറിയയിലേക്ക്.. ആദ്യകാഴ്ചയിൽ എട്ടും പൊട്ടും തിരിയാതെ നിന്നെങ്കിലും ട്യൂബ് മാപ്പിലൂടെയുള്ള വഴി കണ്ടുപിടിക്കൽ ഇപ്പൊ ഏറെ എളുപ്പമായി തുടങ്ങിയിരിക്കുന്നു... വിക്ടോറിയ സ്റ്റേഷന് പുറത്തിറങ്ങിയാൽ ആദ്യം കാണുക വിക്ടോറിയ പാലസ്.. ഞങ്ങളുടെ ലക്ഷ്യം ബക്കിങ്ഹാം ആയതിനാൽ വിക്ടോറിയ പാലസ് കാണാൻ ആരും അധികം താല്പര്യം പ്രകടിപ്പിച്ചില്ല... സ്റ്റേഷനിൽ നിന്നും കുറച്ചൽപം നടക്കണം ബാക്കിങ്ഹാമിലേക്കെത്താൻ.. തെരുവത്രയും വൃത്തിയും വെടിപ്പും പ്രൗഢിയും ഉള്ളതായിരുന്നു... തെരുവിൽ ഇടയ്ക്കിടയ്ക്ക് ചുവന്ന നിറത്തിലുള്ള ടെലിഫോൺ ബൂത്തുകൾ കാണാം... നമ്മൾ അതൊക്കെ പണ്ടേ നിർത്തലാക്കി എങ്കിലും ഇപ്പോഴും നഗര പൈതൃകത്തിന്റെ അടയാളമായി ടെലിഫോൺ ബൂത്തും കറുത്ത ടാക്സി കാറും(ഹാക്നി കാർ) നിരത്തിലെവിടെയും കാണാം...
മനസ് അത്യുത്സാഹത്തിലാണ്... ലോകത്തിലെ ഏറ്റവും വലുതും പ്രൗഢവുമായ കൊട്ടാരമാണ്.. അതും ഇപ്പോഴും അതിന്റെ എല്ലാ ആചാരങ്ങളോടും കൂടി പ്രവർത്തന നിരതമായതും.. ഒരു കാലത്ത് ലോകം അടക്കി ഭരിച്ച, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനം... "രാജകീയം" എന്നൊരു വാക്ക് പരമാർത്ഥമാകുന്നത് ഇവിടെ വച്ചാണ്... ലോകത്ത് മറ്റൊരിടവും ആ വാക്കിനെ ഇത്രമേൽ അർത്ഥത്തിൽ, ഇത്രമേൽ ആഴത്തിൽ പ്രതിഫലിപ്പിക്കുന്നില്ല... ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ വിമാനത്താവളത്തിനെക്കാൾ കൂടിയ പരിശോധനകളാണ് പ്രധാന കവാടത്തിൽ... ഫോണും ക്യാമറയും മറ്റ് ഇലക്ട്രോണിക് സാമഗ്രികൾ എല്ലാം അവിടെ വച്ച് ഓഫ് ചെയ്യപ്പെടും.. പകരം ഒരു ഇയർ ഫോണും വീഡിയോ ഗൈഡും കയ്യിൽ തരും.. കൊട്ടാരത്തിനെപ്പറ്റി സമഗ്ര വിവരണം ഉണ്ടതിൽ.. രാജകുമാരൻ വരെ അതിൽ കൊട്ടാരത്തിലെ ഓരോന്നും വിശദീകരിക്കുകയും അവരുടെ ചെറുപ്പകാലം മുതലുള്ള അനുഭവങ്ങൾ വിവരിക്കുകയും ചെയ്യുന്നു...കൊട്ടാരത്തിനു മുകളിൽ യൂണിയൻ ജാക്ക് പാറുന്നു.. രാജ്ഞി അകത്തുള്ള സമയങ്ങളിൽ 'റോയൽ സ്റ്റാൻഡേർഡ്' പതാകയും മറ്റുള്ള സമയങ്ങളിൽ യൂണിയൻ ജാക്കും ആയിരിക്കും കൊട്ടാരത്തിനു മുകളിൽ പറക്കുക... 3 നൂറ്റാണ്ടിലധികം പഴക്കമുള്ള കൊട്ടാരത്തിലെ ഓരോ അണുവും ഓരോ സൂക്ഷ്മ ബിന്ദുവും അത്രമേൽ പ്രാധാന്യത്തോടെ പരിരക്ഷിച്ചു പോരുന്നു... കൊട്ടാരത്തിലെ ഏതൊരു വസ്തുവും ഉപകരണങ്ങളും ലോകത്തിൽ കിട്ടാവുന്നതിന്റെ ഏറ്റവും മികച്ച വസ്തുക്കൾ കൊണ്ട് നിർമിച്ചിരിക്കുന്നു... കല്ല് പാരീസിൽ നിന്നാണെങ്കിൽ ചില്ല് ബർമയിൽ നിന്ന്.. അങ്ങനെ അങ്ങനെ.. ഇടയിൽ സിംഹതല കൊത്തിയ പിടികളുള്ള ടിപ്പുവിന്റെ സിംഹാസനം കണ്ടു.. അടിയിൽ 'acquired from TippuSultan, India' എഴുതിയിരിക്കുന്നു... അകത്തളങ്ങളിൽ ഓരോ മുറിയും ഓരോ തീമിൽ അലങ്കരിച്ചിരിക്കുന്നു.. രാജകുടുംബാംഗങ്ങളുടെ വിവാഹ വേദി, ഗാലറി, ഡാൻസ് റൂം, ഡൈനിങ് ഹാളിൽ സ്വർണ പാത്രങ്ങളും സ്വർണ കരണ്ടികളും വരെ കാണാം... മുകളിൽ തൂങ്ങുന്ന തൂക്കു വിളക്കലങ്കരങ്ങളിൽ വെളിച്ചം കോടിത്തവണ പ്രതിഫലിക്കുന്നു... ഇവിടെയാണ് ലോകത്തെ ഏറ്റവും വിശിഷ്ട വ്യക്തികൾക്ക് അതി വിശിഷ്ട വിരുന്ന് നൽകുന്ന ഇടം... പിന്നെ മാർബിൾ റൂമിലെ പ്രതിമകളാണ് നമ്മെ ആകർഷിക്കുന്ന മറ്റൊരു കാഴ്ച... ഒറ്റ മാർബിളിൽ കൊത്തിയ അന്റോണിയോ കനോവയുടെ 'മാർസ് ആൻഡ് വീനസ്' പ്രതിമ ഏറെ ആകർഷിച്ചു... 1815 ഇൽ ലോകം കീഴടക്കി വന്ന നെപ്പോളിയനു മേൽ ഇംഗ്ളണ്ട് നേടിയ വാട്ടർലൂ യുദ്ധവിജയത്തിനു ശേഷം പണിത ഈ പ്രതിമ യുദ്ധ ദേവനായ മാർസിനെ നിരായുധനാക്കിയ പ്രണയ ദേവതയായ വീനസിന്റെ കഥ പറയുന്നു... 775 മുറികളുള്ള ഈ കൊട്ടാരത്തിൽ ആഗസ്ത് സെപ്റ്റംബർ മാസങ്ങളിലും മറ്റു ചില അപൂർവ അവസരങ്ങളിലും മാത്രമേ പൊതു ജനങ്ങൾക്ക് പ്രവേശനം ഉള്ളൂ... ശേഷം കൊട്ടാരപൂന്തോട്ടത്തിനുള്ളിൽ കൂടി നടന്നു പുറത്തെത്തിയപ്പോൾ ഞങ്ങൾക്ക് ഏതോ മായിക ലോകത്തിൽ നിന്നിറങ്ങി വന്ന പോലെ തോന്നി...
വെസ്റ്റ് മിൻസ്റ്റർ
അടുത്ത ലക്ഷ്യം വെസ്റ്റ് മിൻസ്റ്റർ ആയിരുന്നു... ഇംഗ്ലണ്ടിന്റെ ആധുനിക ഭരണ സിരാ കേന്ദ്രം... അബ്ബെ യും പാർലമെന്റ് ഉം പ്രധാന ആകർഷണം.. വെസ്റ്റ് മിൻസ്റ്റർ സ്റ്റേഷനിൽ നിന്നും പുറത്തെത്തുമ്പോൾ നമ്മളെ ആദ്യം സ്വാഗതം ചെയ്യുന്നത് ബിഗ് ബെൻ ആണ്.. വെസ്റ്റ് മിൻസ്റ്റർ കൊട്ടാരത്തിന്റെ വടക്കേ അറ്റത്തുള്ള 'ഗ്രേറ്റ് ബെൽ' ആണ് ബിഗ് ബെൻ എന്ന് അറിയപ്പെടുന്നത്... യൂറോപ്പിലെ ഏറ്റവും വലിയ ഈ ക്ലോക്ക് ടവറിന് എലിസബത്ത് രാജ്ഞിയുടെ വജ്ര ജൂബിലി ആഘോഷങ്ങളോടാനുബന്ധിച്ചു 2012 എലിസബത്ത് ടവർ എന്ന് പുനർനാമകരണം ചെയ്തു.. 2017 ആഗസ്ത് 21ന് ഉച്ചയ്ക്ക് അവസാന മണിയടിച്ച ശേഷം മൗനത്തിലായ ബിഗ്ബെൻ മോടിപിടിപ്പിക്കലുകൾക്ക് ശേഷം ഇനി 2021 ലെ ഉണരുകയുള്ളൂ.. എങ്കിലും ലോകത്തിനു മുന്നിൽ ലണ്ടന്റെ ഏറ്റവും വിഖ്യാതമായ കാഴ്ചയായി ഇത് തലയുയർത്തി നിൽക്കുന്നു... സമായമൊരല്പം വൈകിയതിനാൽ അബ്ബെയിൽ കയറാനുള്ള ആഗ്രഹം സാധ്യമായില്ല..
പാർലമെന്റ് സ്ട്രീറ്റിൽ കൂടി നടന്നപ്പോഴൊക്കെ ലണ്ടൻ പാർലമെന്റ് ആക്രമണം ആണ് ഓർമ വന്നത്... അവിടെ വളരെ പ്രധാന്യത്തോട് കൂടി ഗാന്ധിജിയുടെ പൂർണ കായ പ്രതിമ കാണാനിടയായത് വളരെ സന്തോഷമുളവാക്കി.. ശേഷം വെസ്റ്റ് മിനിസ്റ്ററിൽ നിന്നും വാട്ടർലൂവിലേക്ക് നടത്തം... തേംസിന് മുകളിൽ വെസ്റ്റ് മിൻസ്റ്റർ പാലത്തിൽ നിന്നും ലണ്ടൻ ഐ യുടെ കാഴ്ചയുണ്ടല്ലോ... അതാണ് അതിമനോഹരം... അടിയിൽ തെംസ് നിറഞ്ഞൊഴുകുന്നു... 'ജബ് തക് ഹേ ജാൻ' ലെ സുന്ദരമായ ഫ്രെമുകൾ ആണ് മനസ്സിൽ ഓര്മ വന്നത്...
ഓക്സ്ഫോർഡ് സ്ട്രീറ്റ്
അടുത്ത ലക്ഷ്യം ഓക്സ്ഫോർഡ് സ്ട്രീറ്റ് ആയിരുന്നു.. ലണ്ടനിൽ ഷോപ്പിംഗിനു പേരുകേട്ടയിടം... എല്ലാ ബ്രാൻഡുകളും കടകളും ഇവിടെ കാണാം... ആൾക്കാർ തെരുവുകളിൽ നിറഞ്ഞൊഴുകുന്നു... പല ദേശക്കാർ... പല വേഷക്കാർ.. പല വർണങ്ങളിൽ ഉള്ളവർ... ഇവിടൊരാൾ തെരുവോരത്തിരുന്നു പേരറിയാത്ത ഏതോ ഉപകരണം വായിക്കുന്നു... ഒഴുകിവരുന്ന സംഗീതം പക്ഷെ അത്രമേൽ പരിചിതവും.. കുറെ ആലോചിച്ചപ്പോഴാണ് പിടികിട്ടിയത്.. നമ്മുടെ ദൂരദർശന്റെ ആരംഭ സംഗീതം...
എല്ലാവരും നടന്നും ക്ഷീണിച്ചും തുടങ്ങിയിരുന്നു... എങ്കിലും ഈസ്റ്റ് ഹാം എന്ന അടുത്ത ലക്ഷ്യത്തിലേക്ക് പോകാൻ ആർക്കും അതൊരു തടസ്സമായിരുന്നില്ല... കാരണം ലണ്ടനിലെ സൗത്ത് ഇന്ത്യയാണ് ഈസ്റ്റ് ഹാം... നിറയെ മലയാളികളും തമിഴരും... ഇവിടെ വന്ന ശേഷം ആദ്യമായി അമ്പലം കണ്ടു.. അടുത്തായി മലയാളത്തിലൊരു ബോർഡ്...
'തട്ടുകട' അതെ, നമ്മൾ തേടി വന്ന അതെയിടം തന്നെ... കേരളീയ വിഭവങ്ങൾ എല്ലാം അതെ രുചിയിൽ ലഭിക്കുന്ന ഇംഗ്ലണ്ടിലെ അപൂർവം ഇടങ്ങളിൽ ഒന്ന്... അകത്തു കയറിയപ്പോൾ കയറിയപ്പോൾ അത്ഭുതപ്പെട്ടു... തെങ്ങും കായലും കെട്ടു വള്ളവും കഥകളിയും ഒക്കെ ചുമരിൽ... കേൾക്കുന്നതത്രയും പച്ച മലയാളം...കുറെ നാളായി ബർഗറും പിസയും കബാബും പിന്നെ പേരറിയാത്ത എന്തൊക്കെയോ മാത്രം കിട്ടിയിരുന്ന ഞങ്ങൾക്ക് ഓർഡർ ചെയ്യാൻ ആവേശമായിരുന്നു.. ഒരാൾക്ക് വേണം പൊറോട്ടയും ബീഫ് റോയ്സ്റ്റും, മറ്റൊരാൾക്ക് അപ്പവും ബീഫ് ഫ്രൈ യും, വേറൊരാൾക്ക് വേണ്ടത് ചോറും തോരനും മോര് കറിയും... ചിലർക്ക് ചിക്കൻ ബിരിയാണി, ചിലർക്ക് നാടൻ ചിക്കൻ കറി, ഒരാൾക്ക് നെയ് റോസ്റ്... എല്ലാവര്ക്കും സാധനം റെഡി, പപ്പടത്തോടുള്ള ഞങ്ങടെ ആക്രാന്തം കണ്ടു ചേട്ടൻ കുറച്ചു പപ്പടം ഫ്രീ ആയും തന്നു... വയറു നിറഞ്ഞു പിന്നെ അടുത്തുള്ള പലചരക്കു കടയിൽ കയറി മുറുക്ക്, പെട്ടിയപ്പം, മിക്സ്ചർ, കടല, ഡബിൾ ഹോർസ് റവ, മേളം പുട്ടുപൊടി, ചൂൽ, ബക്കറ്റ്,... എന്തൊക്കെയെന്തൊക്കെയോ വാങ്ങുന്നു എല്ലാവരും.. എല്ലാം നാടൻ സാധനങ്ങൾ...പക്ഷെ കാശു കുറച്ചു കത്തി ആണെന്ന് മാത്രം... പിന്നെ തിരിച്ചു വെസ്റ്റ് ഹാമിൽ ഇറങ്ങി, വാട്ടർ ലൂ വഴി ഗിൽഡ്ഫോഡിലേക്ക്... വാച്ചിൽ സമയം പത്താകുന്നു, ഗൂഗിൾ ഫിറ്റിൽ ഒരു ദിവസം നടന്നു തീർത്ത ദൂരം 16.45 കിലോമീറ്റർ... പക്ഷെ നോക്കെത്താ ദൂരത്തോളം പരന്ന ലണ്ടന്റെ കാഴ്ചകൾ അവസാനിക്കുന്നില്ല....