Showing posts with label London Days. Show all posts
Showing posts with label London Days. Show all posts

സ്റ്റാംഫോഡ് ബ്രിഡ്ജ് അഥവാ നീലക്കടൽ


ഫുൾഹാം സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴേ മനസ്സ് വെമ്പലിൽ ആയിരുന്നു... പുറത്തിറങ്ങി ഇടത്തോട്ട് ഒരു നൂറു മീറ്റർ... ചാരനിറമുള്ള ബോർഡിൽ നീലയും വെള്ളയും അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു... "STAMFORD BRIDGE SW6, Home of Chelsea FC" മനസ്സ് പടപടാ മിടിക്കുന്നു... കാല്പന്തു തലയ്ക്കു പിടിച്ച കളിയാരാധകർക്ക് ഇതൊരു തീർത്ഥാടനമാണ്...  ഈ നട തുറക്കുന്ന മത്സര ദിനങ്ങളിൽ ലോകമെമ്പാടുമുള്ള ആരാധകക്കൂട്ടങ്ങൾ നീലയുമുടുത്ത് ഇങ്ങോട്ടേക്കൊഴുകും... ഫുൾഹാം ട്യൂബ് സ്റ്റേഷന്റെ പുറത്തേക്ക് അത് നുരഞ്ഞു പൊങ്ങും... ഓരോ വഴിയും അപ്പോൾ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്കാവും... കൂട്ടത്തിലൊരുവൻ ചെൽസിയുടെ ചാന്റുകൾ ഉറക്കെപ്പാടും... ഓരോ കളിയാരാധകനും അതേറ്റു പാടും... കളി കഴിഞ്ഞുള്ള തിരിച്ചിറക്കങ്ങളും അങ്ങനെ തന്നെ.. വിജയാഹ്ലാദങ്ങളില്ലാത്ത രാവുകൾ തുലോം കുറവായിരിക്കും... ഫുൽഹാമിന്റെ തെരുവുകളിൽ നീല നിറം പടരും.. പബുകളിൽ എങ്ങും വിജയാഹ്ലാദം തിമിർക്കും...പ്രായ ഭേദമന്യേ, വർണ വർഗ ഭേദമന്യേ ആണും പെണ്ണും ആടിപ്പാടും.... നീലയിൽ കുളിച്ചു ഞാനും നീയും ഒന്നാകും...
അതേ സ്റ്റാംഫോഡ് ബ്രിഡ്ജിന്റെ മുന്നിലാണ്... ഹസാർഡിന്റെയും കാന്റെയുടെയും കാഹിലിന്റെയും കട്ടൗട്ടുകൾ... ആരവങ്ങളും ബഹളങ്ങളും കൂടെയില്ല.. യൂറോപ്പ ലീഗിൽ ഇവിടെ വച്ചു ബലാറസ് ക്ലബ് ബേറ്റ് ബൊറിസേവിനെ തറ പറ്റിച്ച് നാലുനാൾ ആകുന്നതെയുള്ളൂ... സമയമൊട്ടും കളയാതെ ബ്രിട്ടാനിയ ഗേറ്റിലൂടെ അകത്തേക്ക് കടന്നു... സ്റ്റേഡിയത്തിന്റെ നേരെ മുന്നിൽ പന്തുമായി നിൽക്കുന്ന പീറ്റർ ഓസ്‌ഗുഡിന്റെ പ്രതിമ... പിറകിലായി, സ്റ്റേഡിയത്തിന്റെ അത്രയും ഉയരെ, ക്ലബ് ഫുട്ബോളിലെ 8 കിരീടങ്ങളും ചെൽസി അത് നേടിയ വർഷങ്ങളും ആലേഖനം ചെയ്തു വച്ചിരിക്കുന്നു...
ആദ്യം ചെന്ന് കയറിയത് ക്ലബ് മ്യുസിയത്തിലേക്കാണ്.. അവിടെ ചാമ്പ്യൻസ് ലീഗ് കപ്പ്, എഫ് എ കപ്പ്, യൂറോപ്പ ലീഗ് കപ്പ് എന്നിവ നിരത്തി വച്ചിരിക്കുന്നു... കൂടെ നിന്ന് പടമെടുക്കാം.. ഇഷ്ടമുള്ള പശ്ചാത്തലത്തിൽ പ്രിന്റ് ചെയ്തു തരികയും ചെയ്യും.. സ്റ്റേഡിയം ടൂറിനുള്ള ചാർജ് 22 പൗണ്ട് ആണ്.. റെയിൽ ടിക്കറ്റ് ഉണ്ടെങ്കിൽ 2 പേർക്ക് ഒരു ടിക്കറ്റ് മതി...
ഒട്ടും വൈകാതെ ഗൈഡ് സ്റ്റേഡിയം ടൂറിന് ക്ഷണിച്ചു.. ഞങ്ങളെ ആദ്യം സ്റ്റേഡിയത്തിനു അകത്തു കൊണ്ടിരുത്തി.. പ്രീമിയർ ലീഗ് ദിനങ്ങളിൽ ആർത്തിരമ്പുന്ന സ്റ്റേഡിയം കൺകുളിർക്കെ കണ്ടു... എത്രയെത്ര നീലക്കടലിരമ്പങ്ങൾ... ഗൈഡ് ആയ കെവിൻ ഞങ്ങളോരോരുത്തരോടും എവിടെ നിന്നാണെന്നു ചോദിച്ചു...ഓരോ രാജ്യക്കാരോടും ചെൽസിക്ക് അവരുമായുള്ള ബന്ധം വിശദീകരിക്കാൻ അദ്ദേഹത്തിന് ഉത്സാഹമായിരുന്നു... ഞങ്ങൾ മൂന്നു പേർക്ക് പുറമെ ഒരു ഇന്ത്യക്കാരൻ കൂടി.. ഫുട്ബാളിന്റെ നാടായ കൊൽക്കത്തയിൽ നിന്നും...
അവിടുന്ന് ഞങ്ങളാനയിക്കപ്പെട്ടത് ചെൽസി പ്രസ് റൂമിലേക്കാണ്.. പോസ്റ്റ് മാച്ച് പ്രെസെന്റഷനു മാനേജരും കളിക്കാരും ഇരിക്കുന്ന ഇടം.. 3 സീറ്റിൽ നടുവിൽ ഇപ്പോഴും മാനേജർ..  കണക്കു കൂട്ടി കളി നടപ്പാക്കുന്ന, കാൽപ്പന്തിന്റെ തന്ത്രപ്പെരുക്കങ്ങളെ സ്വന്തം തലയിൽ വിരിയിച്ചെടുത്ത ചെൽസിയുടെ ആശാന്മാരായ ഹൊസെ മോറിഞ്ഞോ, ഗസ് ഹിഡിങ്ക്, കാർലോ ആഞ്ജലോട്ടി, റോബർട്ടോ ഡിമാറ്റോ, റാഫേൽ ബെനിറ്റസ്, അന്റോണിയോ കൊണ്ടെ തുടങ്ങി മൊറീസിയോ സാരിയിൽ എത്തി നിൽക്കുന്ന മഹാരഥന്മാരുടെ ഇരിപ്പിടം.. വലതു വശത്ത് ക്യാപ്റ്റൻ, ഇടതു വശത്ത് പ്ലേയർ ഓഫ് ദി മാച്ച്... ഞങ്ങൾക്കും കിട്ടി ആ സീറ്റിൽ ഒന്നിരിക്കാൻ അവസരം.. മുന്നിലിരിക്കുന്നത് ചെൽസിയുടെ എല്ലാ സൈനിങ്‌സും നടന്ന ടേബിൾ ആണ്..  അബ്രഹമോവിച്ചിന്റെ എത്രയെത്ര കോടികൾ ഇതുവഴി മറിഞ്ഞിരിക്കുന്നു... 
അടുത്തത് എവേ ഡ്രെസ്സിങ് റൂം ആണ്.. ചുവരിൽ തൂങ്ങിയാടുന്ന ജഴ്സികൾ നോക്കിയാലറിയാം ആ റൂമിന്റെ മഹത്വം.. ആദ്യം കാണാം റൊണാൾഡോയുടെ മാഞ്ചസ്റ്റർ ജേഴ്സി, പിന്നെ ജെറാൾഡ്, ബെയ്ൽ, ബെക്കാം, മെസ്സി, പുഷ്‌കാസ്, ബെക്കൻബോവർ, ദെൽപ്പിയറോ, റോസാരിയോ തുടങ്ങി ലോക ഫുട്ബോളിലെ മഹാരഥന്മാർ അവരുടെ കളിദിവസം ചിലവിട്ട ഇടം.. പക്ഷെ ഈ മുറി ഒട്ടും തന്നെ ആകർഷണീയം അല്ല.. ഒരു ഫുട്ബാൾ മാഗസിന്റെ സർവേ പ്രകാരം ഹോം ടീമിന്റെ ചീപ് ടാക്റ്റിക്സുകളിൽ ഒന്നാമതാണ് ചെൽസിയുടെ ഈ എവേ റൂം... പ്രാക്റ്റീസ് കഴിഞ്ഞും പകുതി സമയത്തും ഒക്കെ ക്ഷീണിച്ചു കയറി വരുന്നവരെ കാത്തിരിക്കുന്നത് വളരെ ഉയരെയുള്ള ഹാങ്ങേർസ് ആണ്... ഇരിക്കാനുള്ള ബെഞ്ചുകൾ വളരെ താഴെയും അലമാരകൾ ബഞ്ചിനടിയിലും... കലി വരിക സ്വാഭാവികം...
അടുത്തത് ചെൽസിയുടെ ചേഞ്ച് റൂം.. അതിമനോഹരം.. അതി വിശാലവും.. ചുവരിൽ സ്റ്റീവൻ ജെറാൾഡിന്റെയും ഫ്രാങ്ക് ലംപാർട്ടിന്റെയും ദിദിയൻ ദ്രോഗ്ബയുടെയും പ്രചോദിപ്പിക്കുന്ന വാക്കുകൾ... ഓരോ കളിക്കാരനും കളിസാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക അറകൾ... നിലത്ത്
"This is our Home - Pride of London" എഴുതിയിരിക്കുന്നു... മുൻപിലായി ഐസ് ബാത്തിനുള്ള സൗകര്യം, മസ്സാജിങ് ടേബിളുകൾ, മാച്ച് റൂം ടാക്ടിക്സ് ഏരിയ, കിച്ചൻ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ... 

പിന്നീട് പ്ലയേഴ്‌സ് ടണലിലൂടെ മൈതാനത്തേക്ക്, മത്സരദിനങ്ങളിൽ കണ്ണും കാതും കൂർപ്പിച്ചു നാം കാത്തിരിക്കുമ്പോൾ കൊച്ചു കുട്ടികളുടെ കൈ പിടിച്ചു കളിക്കാർ ഇറങ്ങിവരുന്ന അതെ വഴി തന്നെ... ടണലിന് നേരെ വെളിയിൽ ആണ് ഡഗ്‌ഔട്ട്.. വലതു വശത്ത് എവേ ടീമിന്റേത്.. ഇടതു വശത്ത് ഹോം... കൃത്യം ഒരാഴ്ച മുൻപ് സംഭവബഹുലമായിരുന്നു ഇവിടം.. ചിരവൈരികളുടെ പോരാട്ടത്തിൽ ബാർക്ളീയുടെ അവസാന നിമിഷ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചെൽസി സമനിലയിൽ പിടിച്ചപ്പോൾ ഈ സ്റ്റേഡിയം പൊട്ടിത്തെറിച്ചു... ഹൊസെ മോറിഞ്ഞോ ക്ഷുഭിതനായി ഈ സീറ്റിൽ നിന്നും ചാടിയിറങ്ങി... സംഭവങ്ങളുടെ നേർസാക്ഷ്യം കെവിൻ വിവരിച്ചു കൊണ്ടേയിരുന്നു... 

പിന്നെ ഫാർ എൻഡിലെ അപ്പർ സ്റ്റാൻഡിലേക്ക്... സ്പീക്കറിൽ സ്റ്റേഡിയത്തിലെ ചാന്റ്...
ചെൽസീ... ചെൽസി... എന്ന മുഴക്കങ്ങൾ രോമങ്ങളെ എഴുന്നേറ്റു നിർത്തി.. പടിക്കെട്ടു കയറുമ്പോൾ ചാന്റ് ഉച്ചസ്ഥായിയിലായി.. ഒരു നീലക്കടലിലേക്ക് പതുക്കെ ഊളിയിട്ടിറങ്ങുന്നത് പോലെ..  സ്റ്റാംഫോഡ് ബ്രിഡ്ജിലെ നീലത്തിരമാലകൾ ചെവിയിൽ വന്നടിക്കുന്നത് പോലെ... പറഞ്ഞറിയിക്കാൻ പറ്റാത്തൊരാനുഭവം... മനസ്സിനും കാതിനും..
ശേഷം ക്ലബ് സ്റ്റോറിലേക്ക്... ഓർമയ്ക്കായി ചെൽസിയുടെ മഗും ബാന്റും വാങ്ങി തിരിച്ചിറങ്ങുമ്പോഴും നീലക്കടൽ അതിന്റെ എല്ലാ ശക്തിയോടും കൂടി മനസ്സിൽ ആർത്തിരമ്പുന്നുണ്ടായിരുന്നു....
-നിധി-




സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൽ...

ആദ്യ യാത്രയ്ക്ക് ശേഷം മാസം ഒന്ന് തികഞ്ഞില്ല..., മായക്കാഴ്ചകളൊരുക്കി ലണ്ടൻ പിന്നെയും മാടി വിളിച്ചു കൊണ്ടിരുന്നു... ആഴ്ചയൊന്നു വട്ടമെത്തി വന്ന ദിവസം  വീണ്ടും ലണ്ടനിലേക്ക് വണ്ടി പിടിച്ചു... ഇത്തവണ ഞങ്ങൾ ആറു പേർ..


ബക്കിങ്ഹാം കൊട്ടാരം
ഈ യാത്രയുടെ പ്രഥമോദ്ദേശ്യം ബക്കിങ്ഹാം കൊട്ടാരം ആയിരുന്നു... പരിചയക്കുറവായിരുന്നു ആദ്യയാത്രയിൽ ട്യൂബിൽ കയറാൻ വാട്ടർലൂവിൽ നിന്നും സൗത്ത് വാർക് വരെ നടത്തിച്ചതെങ്കിൽ ഇത്തവണ ഞങ്ങൾ അത് ആവർത്തിച്ചില്ല.. ആദ്യം വാട്ടർലൂവിൽ നിന്നും ജൂബിലി ലൈനിൽ വെസ്റ്റ് മിനിസ്റ്റർ വരെ അവിടുന്ന് സെൻട്രൽ ലൈനിൽ വിക്ടോറിയയിലേക്ക്.. ആദ്യകാഴ്ചയിൽ എട്ടും പൊട്ടും തിരിയാതെ നിന്നെങ്കിലും ട്യൂബ് മാപ്പിലൂടെയുള്ള വഴി കണ്ടുപിടിക്കൽ ഇപ്പൊ ഏറെ എളുപ്പമായി തുടങ്ങിയിരിക്കുന്നു...  വിക്ടോറിയ സ്റ്റേഷന് പുറത്തിറങ്ങിയാൽ ആദ്യം കാണുക വിക്ടോറിയ പാലസ്.. ഞങ്ങളുടെ ലക്‌ഷ്യം ബക്കിങ്ഹാം ആയതിനാൽ വിക്ടോറിയ പാലസ് കാണാൻ ആരും അധികം താല്പര്യം പ്രകടിപ്പിച്ചില്ല... സ്റ്റേഷനിൽ നിന്നും കുറച്ചൽപം നടക്കണം ബാക്കിങ്ഹാമിലേക്കെത്താൻ.. തെരുവത്രയും വൃത്തിയും വെടിപ്പും പ്രൗഢിയും ഉള്ളതായിരുന്നു... തെരുവിൽ ഇടയ്ക്കിടയ്ക്ക് ചുവന്ന നിറത്തിലുള്ള ടെലിഫോൺ ബൂത്തുകൾ കാണാം... നമ്മൾ അതൊക്കെ പണ്ടേ നിർത്തലാക്കി എങ്കിലും ഇപ്പോഴും നഗര പൈതൃകത്തിന്റെ അടയാളമായി ടെലിഫോൺ ബൂത്തും കറുത്ത ടാക്സി കാറും(ഹാക്നി കാർ) നിരത്തിലെവിടെയും കാണാം... 
മനസ് അത്യുത്സാഹത്തിലാണ്... ലോകത്തിലെ ഏറ്റവും വലുതും പ്രൗഢവുമായ കൊട്ടാരമാണ്.. അതും ഇപ്പോഴും അതിന്റെ എല്ലാ ആചാരങ്ങളോടും കൂടി പ്രവർത്തന നിരതമായതും.. ഒരു കാലത്ത് ലോകം അടക്കി ഭരിച്ച, സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനം... "രാജകീയം" എന്നൊരു വാക്ക് പരമാർത്ഥമാകുന്നത് ഇവിടെ വച്ചാണ്... ലോകത്ത് മറ്റൊരിടവും ആ വാക്കിനെ ഇത്രമേൽ അർത്ഥത്തിൽ, ഇത്രമേൽ ആഴത്തിൽ പ്രതിഫലിപ്പിക്കുന്നില്ല... ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ വിമാനത്താവളത്തിനെക്കാൾ കൂടിയ പരിശോധനകളാണ് പ്രധാന കവാടത്തിൽ... ഫോണും ക്യാമറയും മറ്റ് ഇലക്ട്രോണിക് സാമഗ്രികൾ എല്ലാം അവിടെ വച്ച് ഓഫ് ചെയ്യപ്പെടും.. പകരം ഒരു ഇയർ ഫോണും വീഡിയോ ഗൈഡും കയ്യിൽ തരും.. കൊട്ടാരത്തിനെപ്പറ്റി സമഗ്ര വിവരണം ഉണ്ടതിൽ.. രാജകുമാരൻ വരെ അതിൽ കൊട്ടാരത്തിലെ ഓരോന്നും വിശദീകരിക്കുകയും അവരുടെ ചെറുപ്പകാലം മുതലുള്ള അനുഭവങ്ങൾ വിവരിക്കുകയും ചെയ്യുന്നു...കൊട്ടാരത്തിനു മുകളിൽ യൂണിയൻ ജാക്ക് പാറുന്നു..  രാജ്ഞി അകത്തുള്ള സമയങ്ങളിൽ 'റോയൽ സ്റ്റാൻഡേർഡ്' പതാകയും മറ്റുള്ള സമയങ്ങളിൽ യൂണിയൻ ജാക്കും ആയിരിക്കും കൊട്ടാരത്തിനു മുകളിൽ പറക്കുക...   3 നൂറ്റാണ്ടിലധികം പഴക്കമുള്ള കൊട്ടാരത്തിലെ ഓരോ അണുവും ഓരോ സൂക്ഷ്മ ബിന്ദുവും അത്രമേൽ പ്രാധാന്യത്തോടെ പരിരക്ഷിച്ചു പോരുന്നു... കൊട്ടാരത്തിലെ ഏതൊരു വസ്തുവും ഉപകരണങ്ങളും ലോകത്തിൽ കിട്ടാവുന്നതിന്റെ ഏറ്റവും മികച്ച വസ്തുക്കൾ കൊണ്ട് നിർമിച്ചിരിക്കുന്നു... കല്ല് പാരീസിൽ നിന്നാണെങ്കിൽ ചില്ല് ബർമയിൽ നിന്ന്.. അങ്ങനെ അങ്ങനെ.. ഇടയിൽ സിംഹതല കൊത്തിയ പിടികളുള്ള ടിപ്പുവിന്റെ സിംഹാസനം കണ്ടു.. അടിയിൽ  'acquired from TippuSultan, India' എഴുതിയിരിക്കുന്നു... അകത്തളങ്ങളിൽ ഓരോ മുറിയും ഓരോ തീമിൽ അലങ്കരിച്ചിരിക്കുന്നു.. രാജകുടുംബാംഗങ്ങളുടെ വിവാഹ വേദി, ഗാലറി, ഡാൻസ് റൂം, ഡൈനിങ് ഹാളിൽ സ്വർണ പാത്രങ്ങളും സ്വർണ കരണ്ടികളും വരെ കാണാം... മുകളിൽ തൂങ്ങുന്ന തൂക്കു വിളക്കലങ്കരങ്ങളിൽ വെളിച്ചം കോടിത്തവണ പ്രതിഫലിക്കുന്നു... ഇവിടെയാണ് ലോകത്തെ ഏറ്റവും വിശിഷ്ട വ്യക്തികൾക്ക് അതി വിശിഷ്ട വിരുന്ന് നൽകുന്ന ഇടം... പിന്നെ മാർബിൾ റൂമിലെ പ്രതിമകളാണ് നമ്മെ ആകർഷിക്കുന്ന മറ്റൊരു കാഴ്ച... ഒറ്റ മാർബിളിൽ കൊത്തിയ അന്റോണിയോ കനോവയുടെ 'മാർസ് ആൻഡ് വീനസ്' പ്രതിമ ഏറെ ആകർഷിച്ചു... 1815 ഇൽ ലോകം കീഴടക്കി വന്ന നെപ്പോളിയനു മേൽ ഇംഗ്ളണ്ട് നേടിയ വാട്ടർലൂ യുദ്ധവിജയത്തിനു ശേഷം പണിത ഈ പ്രതിമ യുദ്ധ ദേവനായ മാർസിനെ നിരായുധനാക്കിയ പ്രണയ ദേവതയായ വീനസിന്റെ കഥ പറയുന്നു...   775 മുറികളുള്ള ഈ കൊട്ടാരത്തിൽ ആഗസ്ത് സെപ്റ്റംബർ മാസങ്ങളിലും മറ്റു ചില അപൂർവ അവസരങ്ങളിലും മാത്രമേ പൊതു ജനങ്ങൾക്ക് പ്രവേശനം ഉള്ളൂ... ശേഷം  കൊട്ടാരപൂന്തോട്ടത്തിനുള്ളിൽ കൂടി നടന്നു പുറത്തെത്തിയപ്പോൾ ഞങ്ങൾക്ക് ഏതോ മായിക ലോകത്തിൽ നിന്നിറങ്ങി വന്ന പോലെ തോന്നി...

വെസ്റ്റ് മിൻസ്റ്റർ
അടുത്ത ലക്‌ഷ്യം വെസ്റ്റ് മിൻസ്റ്റർ ആയിരുന്നു... ഇംഗ്ലണ്ടിന്റെ ആധുനിക ഭരണ സിരാ കേന്ദ്രം... അബ്ബെ യും പാർലമെന്റ് ഉം പ്രധാന ആകർഷണം.. വെസ്റ്റ് മിൻസ്റ്റർ സ്റ്റേഷനിൽ നിന്നും പുറത്തെത്തുമ്പോൾ നമ്മളെ ആദ്യം സ്വാഗതം ചെയ്യുന്നത് ബിഗ് ബെൻ ആണ്.. വെസ്റ്റ് മിൻസ്റ്റർ കൊട്ടാരത്തിന്റെ വടക്കേ അറ്റത്തുള്ള 'ഗ്രേറ്റ് ബെൽ' ആണ് ബിഗ് ബെൻ എന്ന് അറിയപ്പെടുന്നത്... യൂറോപ്പിലെ ഏറ്റവും വലിയ ഈ ക്ലോക്ക് ടവറിന് എലിസബത്ത് രാജ്ഞിയുടെ വജ്ര ജൂബിലി ആഘോഷങ്ങളോടാനുബന്ധിച്ചു 2012 എലിസബത്ത് ടവർ എന്ന് പുനർനാമകരണം ചെയ്തു..  2017 ആഗസ്ത് 21ന് ഉച്ചയ്ക്ക് അവസാന മണിയടിച്ച ശേഷം മൗനത്തിലായ ബിഗ്‌ബെൻ മോടിപിടിപ്പിക്കലുകൾക്ക് ശേഷം ഇനി 2021 ലെ ഉണരുകയുള്ളൂ.. എങ്കിലും ലോകത്തിനു മുന്നിൽ ലണ്ടന്റെ ഏറ്റവും വിഖ്യാതമായ കാഴ്ചയായി ഇത് തലയുയർത്തി നിൽക്കുന്നു... സമായമൊരല്പം വൈകിയതിനാൽ അബ്ബെയിൽ കയറാനുള്ള ആഗ്രഹം സാധ്യമായില്ല..

പാർലമെന്റ് സ്ട്രീറ്റിൽ കൂടി നടന്നപ്പോഴൊക്കെ ലണ്ടൻ പാർലമെന്റ് ആക്രമണം ആണ് ഓർമ വന്നത്... അവിടെ വളരെ പ്രധാന്യത്തോട് കൂടി ഗാന്ധിജിയുടെ പൂർണ കായ പ്രതിമ കാണാനിടയായത് വളരെ സന്തോഷമുളവാക്കി.. ശേഷം വെസ്റ്റ് മിനിസ്റ്ററിൽ നിന്നും വാട്ടർലൂവിലേക്ക് നടത്തം... തേംസിന് മുകളിൽ വെസ്റ്റ് മിൻസ്റ്റർ പാലത്തിൽ നിന്നും ലണ്ടൻ ഐ യുടെ കാഴ്ചയുണ്ടല്ലോ...  അതാണ് അതിമനോഹരം...  അടിയിൽ തെംസ് നിറഞ്ഞൊഴുകുന്നു... 'ജബ് തക് ഹേ ജാൻ' ലെ സുന്ദരമായ ഫ്രെമുകൾ ആണ് മനസ്സിൽ ഓര്മ വന്നത്...

ഓക്സ്ഫോർഡ് സ്ട്രീറ്റ്
അടുത്ത ലക്‌ഷ്യം ഓക്സ്ഫോർഡ് സ്ട്രീറ്റ് ആയിരുന്നു.. ലണ്ടനിൽ ഷോപ്പിംഗിനു പേരുകേട്ടയിടം... എല്ലാ ബ്രാൻഡുകളും കടകളും ഇവിടെ കാണാം... ആൾക്കാർ തെരുവുകളിൽ നിറഞ്ഞൊഴുകുന്നു... പല ദേശക്കാർ... പല വേഷക്കാർ.. പല വർണങ്ങളിൽ ഉള്ളവർ... ഇവിടൊരാൾ തെരുവോരത്തിരുന്നു പേരറിയാത്ത ഏതോ ഉപകരണം വായിക്കുന്നു... ഒഴുകിവരുന്ന സംഗീതം പക്ഷെ അത്രമേൽ പരിചിതവും.. കുറെ ആലോചിച്ചപ്പോഴാണ് പിടികിട്ടിയത്.. നമ്മുടെ ദൂരദർശന്റെ ആരംഭ സംഗീതം...
എല്ലാവരും നടന്നും ക്ഷീണിച്ചും തുടങ്ങിയിരുന്നു... എങ്കിലും ഈസ്റ്റ് ഹാം എന്ന അടുത്ത ലക്ഷ്യത്തിലേക്ക് പോകാൻ ആർക്കും അതൊരു തടസ്സമായിരുന്നില്ല... കാരണം ലണ്ടനിലെ സൗത്ത് ഇന്ത്യയാണ് ഈസ്റ്റ് ഹാം... നിറയെ മലയാളികളും തമിഴരും... ഇവിടെ വന്ന ശേഷം ആദ്യമായി അമ്പലം കണ്ടു.. അടുത്തായി മലയാളത്തിലൊരു ബോർഡ്... 

'തട്ടുകട' അതെ, നമ്മൾ തേടി വന്ന അതെയിടം തന്നെ... കേരളീയ വിഭവങ്ങൾ എല്ലാം അതെ രുചിയിൽ ലഭിക്കുന്ന ഇംഗ്ലണ്ടിലെ അപൂർവം ഇടങ്ങളിൽ ഒന്ന്... അകത്തു കയറിയപ്പോൾ കയറിയപ്പോൾ അത്ഭുതപ്പെട്ടു... തെങ്ങും കായലും കെട്ടു വള്ളവും കഥകളിയും ഒക്കെ ചുമരിൽ... കേൾക്കുന്നതത്രയും പച്ച മലയാളം...കുറെ നാളായി ബർഗറും പിസയും കബാബും പിന്നെ പേരറിയാത്ത എന്തൊക്കെയോ മാത്രം കിട്ടിയിരുന്ന ഞങ്ങൾക്ക് ഓർഡർ ചെയ്യാൻ ആവേശമായിരുന്നു.. ഒരാൾക്ക് വേണം പൊറോട്ടയും ബീഫ് റോയ്സ്റ്റും, മറ്റൊരാൾക്ക് അപ്പവും ബീഫ് ഫ്രൈ യും, വേറൊരാൾക്ക് വേണ്ടത് ചോറും തോരനും മോര് കറിയും... ചിലർക്ക് ചിക്കൻ ബിരിയാണി, ചിലർക്ക് നാടൻ ചിക്കൻ കറി, ഒരാൾക്ക് നെയ് റോസ്റ്... എല്ലാവര്ക്കും സാധനം റെഡി, പപ്പടത്തോടുള്ള ഞങ്ങടെ ആക്രാന്തം കണ്ടു ചേട്ടൻ കുറച്ചു പപ്പടം ഫ്രീ ആയും തന്നു... വയറു നിറഞ്ഞു പിന്നെ അടുത്തുള്ള പലചരക്കു കടയിൽ കയറി മുറുക്ക്, പെട്ടിയപ്പം, മിക്സ്ചർ, കടല, ഡബിൾ ഹോർസ് റവ, മേളം പുട്ടുപൊടി, ചൂൽ, ബക്കറ്റ്,... എന്തൊക്കെയെന്തൊക്കെയോ വാങ്ങുന്നു എല്ലാവരും.. എല്ലാം നാടൻ സാധനങ്ങൾ...പക്ഷെ കാശു കുറച്ചു കത്തി ആണെന്ന് മാത്രം... പിന്നെ തിരിച്ചു വെസ്റ്റ് ഹാമിൽ ഇറങ്ങി, വാട്ടർ ലൂ വഴി ഗിൽഡ്‌ഫോഡിലേക്ക്... വാച്ചിൽ സമയം പത്താകുന്നു, ഗൂഗിൾ ഫിറ്റിൽ ഒരു ദിവസം നടന്നു തീർത്ത ദൂരം 16.45 കിലോമീറ്റർ... പക്ഷെ നോക്കെത്താ ദൂരത്തോളം പരന്ന ലണ്ടന്റെ കാഴ്ചകൾ അവസാനിക്കുന്നില്ല....

തേംസിന്റെ തീരത്ത് ഒരു നാൾ


ലണ്ടനിൽ വന്ന ആദ്യ നാളുകളിലൊക്കെയും ആഴ്ച്ചാവസാനം മടിപിടിച്ച് ഗിൽഫോർഡിലെ ഇരുമുറി വീട്ടിൽ പുതപ്പിനടിയിൽ ചുരുണ്ടു കൂടാറാണ് പതിവ്... യൂറോപ്പിൽ വേനൽകാലത്തിന്റെ അവസാന നാളുകൾ ആണെങ്കിലും ആഴ്ചാവസാനം ചന്നം പിന്നം പെയ്യുന്ന രസം കൊല്ലി മഴ എല്ലാ പദ്ധതികളെയും തകിടം മറിയ്ക്കും..
അങ്ങനെയിരിക്കെയാണ് യുകെ യിൽ പൊതുഅവധി ദിനമായ ആഗസ്ത് മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച ഒരു ലണ്ടൻ യാത്ര തീരുമാനിച്ചത്..
പതിവുപോലെതന്നെ ഞായറാഴ്ച തോരാതെ മഴ പെയ്തു... തലേന്നാൾ സുഖമായി മൂടിപ്പുതച്ചുറങ്ങിയതിനാൽ ഞങ്ങൾ 8 പേരും രാവിലെ 8 മണിയോടെ തന്നെ ഗിൽഡ്‌ഫോഡ് റെയിൽവേ സ്റ്റേഷനിൽ എത്തി... ട്രെയിൻ വന്നയുടനെ ആദ്യം ചാടിക്കയറിയത് ഫസ്റ്റ് ക്ലാസ്സിൽ ആണെങ്കിലും അബദ്ധം തിരിച്ചറിഞ്ഞ് സെക്കന്റ് ക്ലാസ്സിലേക്ക് മാറി... അവധി ദിനമായതിനാൽ ഒട്ടും തന്നെ തിരക്കുണ്ടായില്ല... യുകെ യിൽ ആദ്യമായി ട്രെയിനിൽ കയറിയ ആഹ്ലാദത്തിൽ സെൽഫി എടുത്തും സൊറ പറഞ്ഞും വന്നപ്പോഴേക്കും ട്രെയിൻ വോക്കിങ്ങും കളാപ്ഹാമും(കടന്നു പോകുന്ന ട്രെയിനുകളുടെ എണ്ണത്തിൽ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷൻ ആണ് കളാപ്ഹാം. ദിവസം രണ്ടായിരത്തിൽ അധികം ട്രെയിൻ കടന്നുപോകുന്നതിൽ പകുതിയോളവും ഇവിടെ നിർത്തുന്നു. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 180 ട്രെയിൻ വരെ ഇതുവഴി കടന്നു പോകുകയും 120 എണ്ണം വരെ നിർത്തുകയും ചെയ്യുന്നു!!) കടന്ന് വാട്ടർലൂ എത്തി... ചരിത്ര ക്ലാസ്സുകളിൽ ഇരുന്നുറങ്ങാത്തവർക്ക് സുപരിചിതമായ  ഇടം.. ലോകം മുഴുവൻ കീഴടക്കി വന്ന നെപ്പോളിയനു അടിപതറിയ പേരിൽ പ്രസിദ്ധമായ ഇടം (യഥാർത്ഥ വാട്ടർലൂ പക്ഷെ ബൽജിയത്തിൽ ആണ്!) തെക്കു നിന്ന് വരുമ്പോൾ ലണ്ടൻ നഗരത്തിന്റെ പ്രവേശന കവാടം.. യാത്രക്കാരുടെ എണ്ണത്തിൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റേഷനിൽ(ഒരു വർഷം വാട്ടർലൂവിൽ വന്നു പോകുന്നത് 100 മില്യൺ യാത്രക്കാർ) നിന്നും സാവധാനം പുറത്തു കടന്നു..

കാഴ്ചാനുഭവങ്ങളുടെ കലവറയാണ് ലണ്ടൻ ഓരോ സഞ്ചാരിയുടെയും മുന്നിൽ തുറന്നിടുന്നത്... കെട്ടിലും മട്ടിലും പ്രൗഢി വിളിച്ചോതുന്ന വാസ്തു ശൈലി അതിനു പ്രധാന കാരണമാണ്... 
ഇനിയുള്ള യാത്ര ലണ്ടൻ ട്യൂബിൽ കൂടി.. ലണ്ടൻ ട്യൂബ് എന്നത് ആയിരത്തി അഞ്ഞൂറിലധികം ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിലെ  270 ഓളം സ്റ്റേഷനുകൾ ഉള്ള റയിൽ അടിപ്പാതകളുടെ ശൃംഖല ആണ്...  ശരിക്കും ഇവയെ ലണ്ടൻ നഗരത്തിന്റെ രക്തധമനികൾ എന്ന് വിളിക്കാം...
സൗത്ത് വാർക്കിൽ നിന്നും നോർത്ത് ഗ്രീൻവിച്ചിലേക്ക് ട്യൂബിൽ കയറി... പോകുന്നത് പൂർണമായും അടിപ്പാതയിൽ കൂടി... കൃത്യമായി പറഞ്ഞാൽ വിശ്വപ്രസിദ്ധമായ തെംസ് നദിയുടെ അടിയിൽ കൂടി... നോർത്ത് ഗ്രീനിച്ചിൽ ഇറങ്ങി... അവിടെ 0 രേഖാംശം(longitude)  എന്ന് രേഖപ്പെടുത്തിയ വെളുത്ത രേഖ കടന്നു പോകുന്നത് കാണാം... അതായത് ഭൂമിയെ പശ്ചിമാർദ്ധ ഗോളം എന്നും പൂർവാർദ്ധ ഗോളം എന്നും വേർതിരിക്കുന്ന രേഖ... ചരിത്രത്തിൽ നിന്നും വെറും 15 മിനിറ്റ് കൊണ്ട് ഭൂമിശാസ്ത്രത്തിലേക്ക്... GMT(ഗ്രീൻവിച് മീൻ ടൈം) എന്ന ആഗോളസമയ സൂചിക കൊളോണിയൽ സംസ്കാരത്തിന്റെ ഉപോത്പന്നമാകാം... അത് തന്നെയാവാം ഉയരം കൂടിയ പഴയ കെട്ടിടങ്ങളിലത്രയും ക്ലോക്ക് സ്ഥാപിക്കാൻ അവരെ പ്രേരിപ്പിച്ചതും... 

ലണ്ടനിലെ ഒരേയൊരു കേബിൾ കാർ പ്രവർത്തിക്കുന്നത് ഇവിടെയാണ്... പശ്ചിമേഷ്യൻ വിമാന കമ്പനിയായ എമിറേറ്റ്സ് പ്രവർത്തിപ്പിക്കുന്ന എമിറേറ്റ്സ് എയർ ലൈൻസ് കേബിൾ കാർ.. അത് ഗ്രീൻവിച് പെനിസുലയിൽ നിന്നും തേംസിന് മുകളിലൂടെ റോയൽ ഡോക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു... "ലണ്ടന്റെ അതുല്യമായ കാഴ്ചാനുഭവം" എന്ന പരസ്യവാചകം അതിന്റെ പരമാർത്ഥത്തിൽ അത് അന്വർത്ഥമാകുന്നു... ഇരു വശങ്ങളിലേക്കുമായി 10 മിനിറ്റ് വീതമുള്ള യാത്രയ്ക്ക് ശേഷം എയർ ബസ് 380 ന്റെ കോക്പിറ്റും  പ്രവർത്തനങ്ങളും സിമുലറ്ററും അടങ്ങിയ ഒരു പൂർണ പാക്കേജും ഇതോടൊപ്പം എമിറേറ്റ്സ് പ്രധാനം ചെയ്യുന്നു...  വിമാനം പുറപ്പെടുന്നത് (ടേക്ക് ഓഫ്) മുതൽ യാത്ര അവസാനിക്കുന്നത് (ലാൻഡിംഗ്) വരെയുള്ള പൂർണ പ്രവർത്തനം ഇവിടെ അനുഭവവേദ്യമാക്കുന്നു... 2012 ലെ സമ്മർ ഒളിമ്പിക്‌സും പരാലിമ്പിക്‌സും നടന്ന O2 അരീന ഇവിടുത്തെ മറ്റൊരാകർഷണം ആണ്.. മാഞ്ചസ്റ്റർ അരീന കഴിഞ്ഞാൽ ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റേഡിയം കൂടിയാണിത്..

അടുത്ത യാത്ര അംബര ചുംബികളുടെ നാടായ കാനറി വാർഫിലേക്ക്... ആഗോള ഭീമൻമാരായ HSBC, ബാർക്ലെയ്‌സ്, സിറ്റി ബാങ്കുകൾ, ജെപി മോർഗൻ, ഏണർസ്റ് ആൻഡ് യങ് തുടങ്ങിയവയുടെ ആസ്ഥാനം.. 39 ഹെക്ടറിൽ ഒന്നര ലക്ഷം ചതുരശ്ര മീറ്റർ ഓഫീസ് സ്പേസ് ഉണ്ടിവിടെ.. രണ്ടു ലക്ഷത്തി ഇരുപതിനായിരത്തിൽ അധികം പേര് ഇവിടെ മാത്രം ജോലി ചെയ്യുന്നു... 265 മീറ്റർ ഉയരമുള്ള യുകെയിലെ രണ്ടാമത്തെ ഉയരമുള്ള കെട്ടിടം തുടങ്ങി(ഏറ്റവും ഉയരമുള്ള "ദി ഷാർഡ്" ലണ്ടൻ ബ്രിഡ്ജിനടുത്താണ്) 100 മീറ്ററിൽ അധികം ഉയരമുള്ള പത്തിലധികം കെട്ടിടങ്ങൾ ചുറ്റിലും തലയുയർത്തി നിൽക്കുന്നു...

ഞങ്ങളുടെ അടുത്ത ലക്‌ഷ്യം ലണ്ടൻ ബ്രിഡ്ജ് ആയിരുന്നു.. ലണ്ടനിലെ ഏറ്റവും വലുതും പഴക്കമേറിയതും ആയ ഭക്ഷണ കമ്പോളം (food market) ആയ ബോറോ മാർക്കറ്റിന് അകത്തു കൂടി ഞങ്ങൾ ലണ്ടൻ ബ്രിഡ്ജിലേക്കെത്തി..   അവിടെ നിന്നാൽ ഇരുപുറവും തേംസിൽ മില്ലേനിയം ബ്രിഡ്‌ജും ടവർ ബ്രിഡ്‌ജും തലയുയർത്തി നിൽക്കുന്നത് കാണാം... രണ്ടു വർഷം മുൻപ് 8 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടന്നതിന് പിറകെ പാലത്തിനിരുവശവും  നടവഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു... ആ കഥയൊന്നും അറിയാതെ അത് ഞങ്ങളുടെ ഫോട്ടോ പോയിന്റ് ആയി...


അടുത്ത ലക്‌ഷ്യം ലണ്ടന്റെ ഏറ്റവും ആകർഷണമായ ലണ്ടൻ ഐ ആയിരുന്നു.. 135 മീറ്റർ ഉയരത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ആകാശത്തൊട്ടിൽ... 2013ൽ 'ദി ഷാർഡ്' പണിതീരും വരെ ലണ്ടന്റെ ഏറ്റവും ഉയരെ നിന്നുള്ള ആകാശക്കാഴ്ച... സ്വാഭാവികമായും  അവധിദിന തിരക്ക് ഏറ്റവും ബാധിച്ചിരുന്നത് വർഷം135 മില്യൺ ആളുകൾ എത്തിച്ചേരുന്ന അവിടെ ആയിരുന്നു... ആകാശത്തൊട്ടിലിൽ കയറാനുള്ള മോഹം തല്ക്കാലം ഉള്ളിലൊതുക്കി ഞങ്ങൾ ബ്രിട്ടീഷ് മ്യുസിയത്തിലേക്ക് യാത്രയായി.. ശിലായുഗത്തിൽ തുടങ്ങി ആധുനികത വരെ നീളുന്ന മനുഷ്യകുലത്തിന്റെ ശേഷിപ്പുകൾ ഞങ്ങൾക്കവിടെ ദർശിക്കാനായി.. ലോകത്തിന്റെ എല്ലാ ഭാഗത്തെയും ചരിത്ര സംബന്ധിയായ എന്തെങ്കിലും ഒന്ന് അവിടെ സൂക്ഷിച്ചിരുന്നു... സൂര്യനസ്തമിക്കാത്ത കൊളോണിയൽ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ബാക്കിപത്രം... ഈജിപ്തിലെ മമ്മികൾ മുതൽ  തഞ്ചാവൂരിലെ ബ്രിഹദേശ്വര പ്രതിമ വരെ അവിടെ സൂക്ഷിച്ചിരുന്നു... പിന്നീട് നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ലീസിസ്റ്റർ ചത്വരത്തിലേക്ക്.. അവിടെ അൽപനേരം  ചിലവഴിച്ചപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു തുടങ്ങിയിരുന്നു... പിന്നെ യാത്ര തിരിച്ച് ഗിൽഡ്‌ഫോഡിലേക്ക്... അപ്പോഴും ലണ്ടനിൽ കണ്ടു തീർക്കാനുള്ള ബക്കറ്റ് ലിസ്റ്റ് നിറഞ്ഞു തന്നെ കിടന്നു...