ചിലപ്പോൾ തോന്നും പ്രണയമൊരു ഭ്രാന്തൻ സ്വപ്നമാണെന്ന്.. ഇടവപ്പാതിയുടെ കോരിച്ചൊരിയലിൽ നനഞ്ഞൊട്ടിയ ഇന്നലത്തെ സായന്തനത്തിലും അതുതന്നെയാണെനിക്ക് തോന്നിയതും... പ്രണയമൊരു ഉന്മാദവും മഴ അതിനൊരു അനുപ്രേരകവുമാകുമ്പോൾ ഭ്രാന്തിനു ശക്തി കൂടും... അതുകൊണ്ടാണ് "ഒബ്രോണ്‍" മാളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ കയ്യിലുണ്ടായിരുന്ന കുടയെ ബാഗിൽ വച്ച് ഞങ്ങളിരുവരും ഒരു കുടക്കീഴിൽ നടക്കാമെന്ന് വച്ചത്... കോരിച്ചൊരിയുന്ന മഴയുണ്ടായിരുന്നു കൂട്ടിന്... പാലാരിവട്ടമെത്തിയപ്പോൾ 6.30 കഴിഞ്ഞു... വഴികളിൽ ഇരുട്ടു വീണു.. മഴയ്ക്ക് കാര്യമായ ശമനമൊന്നുമില്ല... അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് തെല്ലൊന്നാലോചിച്ച ശേഷം അവൾ പറഞ്ഞു, "നമുക്കു മറൈൻ ഡ്രൈവിൽ പോയാലോ...? മഴ കാണാം...!" ശരിയെന്നു ഞാനും പറഞ്ഞപ്പോൾ അവളുടെ മുഖം തെളിഞ്ഞു... ബസിൽ കാര്യമായ തിരക്കൊന്നുമുണ്ടായില്ല... മഴയേറെ നനഞ്ഞെങ്കിലും പവർ കട്ടിനു മുൻപേ വീടണയണമെന്നുള്ള കുറേ ജോലിക്കാർ മാത്രമായിരുന്നു അതിൽ...
ഇതാണ് ഭ്രാന്ത്... അത്യാവശ്യം മുഴുത്തതു തന്നെ... ഹണിമൂണിനു സ്വിറ്റ്സർലാൻഡിൽ പോകണം... ചുരുങ്ങിയ പക്ഷം കാശ്മീരിലോ ആൻഡമാനിലോ എങ്കിലും എന്ന് പറഞ്ഞതിന്റെ അടുത്ത നിമിഷം തന്നെ അവൾ പറയും, ഈ മഴയും ഒന്നിച്ചുള്ള നടപ്പും കുഞ്ഞു കുഞ്ഞു കാര്യങ്ങളുമൊക്കെയല്ലേ ജീവിതത്തിൽ എറ്റവും സന്തോഷകരമായിട്ടുള്ളതെന്ന്.. ഒരു കാർ വാങ്ങണം.. അതാവും യാത്രകൾക്ക് സുഖം എന്ന് പറഞ്ഞതിന്റെ അടുത്ത നിമിഷമാണ് പറഞ്ഞത് പെരുമഴയത്തുള്ള ബൈക്ക് റൈഡുകൾ എന്ത് സുന്ദരമായിരിക്കുമെന്നു... പിന്നീട് പറഞ്ഞതോ എന്നും മഴയിൽ ഇത്രയേറെ പ്രണയത്തോടെ ഇങ്ങനെ നടക്കാൻ കഴിഞ്ഞിരുന്നുവെങ്കിലോ എന്ന്...
- നിധി -