ഒരുവട്ടം കൂടിയെൻ.....

   ആദ്യപാഠം പകർന്ന സ്കൂളിൻറെ പൂർവ്വവിദ്യാർഥി സംഗമാത്തിനിറങ്ങിപ്പുറപ്പെടുമ്പോഴും മനസ്സിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല.... സ്കൂളിലും കോളേജിലും ഇത്തരം സംഗമങ്ങൾക്ക് പോകണമെന്ന് ഒരുപാടാഗ്രഹിക്കുകയും(ക്ലാസ്സ്മേറ്റ്സ് കണ്ടപ്പോഴാണത് കലശലായത്!!) ഒരിക്കൽ പോലും അതിനുള്ള ഭാഗ്യം സിദ്ധിക്കാതിരുന്നിട്ടും അപ്പൊ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.. കൂടെ പഠിച്ച കൂട്ടുകാരുടെ മുഖങ്ങളോ ആദ്യമായ് പ്രണയം തോന്നിയ പെണ്‍കുട്ടിയുടെ പുഞ്ചിരിയോ ഒരുപാടു തല്ലു വാങ്ങിയൊരു കുസൃതിയോ ഒന്നും ഓർമ  വന്നില്ല ... അറുപതാണ്ടിന്റെ ബാല്യം പിന്നിടാനൊരുങ്ങുന്നൊരു സർക്കാർ സ്കൂൾ പോറ്റി വളർത്തിയ ഒരുപാട് മക്കളിൽ ഒരാള് മാത്രമാണല്ലോ ഞാൻ... 



    സ്കൂളിന്റെ പടി കയറുമ്പോൾ വല്ലാത്തൊരപരിചിതത്വം തോന്നി... ആ തണലു നഷ്ടപ്പെട്ടിരുന്നു... ഞങ്ങളോരോരുത്തരും അവസാനമായ് പടിയിറങ്ങിപ്പോന്നപ്പോഴും കരഞ്ഞു കലങ്ങി, ചുവന്ന കണ്ണീർ പൊഴിച്ചൊരാ ഗുൽമോഹർ.... പ്രണയിക്കാൻ പഠിപ്പിച്ച ഗുൽമോഹർ... പ്രണയത്തിനു നിറം ചുവപ്പാണെന്നു കാതിൽ പറഞ്ഞൊരാ ഗുൽമോഹർ... മഴ പെയ്തു തീർന്നാലും മരം പെയ്യുമെന്ന് കാണിച്ച ഗുൽമോഹർ... (വസന്തം വിരുന്നായ്‌ പോലും എത്തിനോക്കാത്ത തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലിരുന്ന്

"ഇത് ഗുൽമോഹർ - വാടി വീണ രക്തപുഷ്പം 

അറിയുനീ പ്രണയിനീ ഇതെന്റെ ഹൃദയമാണ്" 

എന്നെന്നെക്കൊണ്ടെഴുതിച്ചത് ഇതേ ഗുൽമോഹറാകുന്നു..)

സ്കൂളിനു മതിലു കെട്ടാൻ വേണ്ടി ചുവന്ന ചിരിയുള്ള ആ വലിയ മരം മുറിച്ചു മാറ്റപ്പെട്ടിരുന്നു...


    പടികയറി ചെന്നപ്പോഴേ രണ്ടു പേരെ കണ്ടു... പഴയ സഹപാഠികളെ... കുശലം പറഞ്ഞു... അപ്പൊഴാണറിഞ്ഞത് രണ്ടു പേരും അവിടുത്തെ അധ്യാപകരാണത്രെ... ഭാഗ്യം ചെയ്തവർ...   "ഒരുവട്ടം കൂടിയാപ്പഴയവിദ്യാലയത്തിരുമുറ്റത്തെത്തുവാൻ മോഹം" എന്ന് സ്വാഗതമോതി സ്റ്റേജിൽ എഴുതി വച്ചിരുന്നു... ആ മോഹം എന്റെയുള്ളിലും ഉണ്ടായിരുന്നുവെന്നു തിരിച്ചറിഞ്ഞത് അത് പലകുറി ഉരുവിട്ട ശേഷമാണ്.. 


    ഒരുപാടു പെരൊന്നുമുണ്ടായിരുന്നില്ല, എങ്കിലും അന്പതുകളിലെ ആദ്യബാച്ചിലുണ്ടായിരുന്ന കുഞ്ഞാലിഹാജിയും ഇതേ സ്കൂളിൽ പഠിക്കുകയും അന്നു വന്നെത്തിയ മഹാഭൂരിഭാഗം പേരെയും പഠിപ്പിക്കുകയും പ്രധാനാധ്യപകനായി വിരമിക്കുകയും ചെയ്ത നാരായണൻ മാഷും മുതൽ കഴിഞ്ഞവർഷം പഠിച്ചിറങ്ങിയവർ വരെയുള്ള ഒരുപാടുപേർക്കിടയിൽ ഇരുന്നപ്പോൾ അഭിമാനം തോന്നി..

   കോമ്പസ്സിനാൽ ഇണചേർത്തെഴുതിയ പേരിലെ ആദ്യാക്ഷരങ്ങൾ തലമുറകളുടെ തഴമ്പുവീണ ബെഞ്ചിലും ഡെസ്കിലും ഒരുപാടു കണ്ടു... പറയാതെ പോയ പ്രണയത്തിന്റെ പാവനസ്മരണയ്ക്ക് രണ്ടക്ഷരങ്ങൾ ഇന്നും ഗാഡാലിംഗനം ചെയ്യുന്നു.... ഒരേ ബെഞ്ചിൻറെ രണ്ടറ്റത്തുമിരുന്നു അങ്ങോട്ടുമിങ്ങോട്ടും ഉന്തിയ ഒരുപാടു സതീർത്യരെ മനസ്സിലോർത്തു.. പലവഴിക്കു വീണ്‌ചിതറിയ ഒരു കുമ്പിൾ വെള്ളമായിരുന്നല്ലോ നമ്മളെല്ലാം... അതിൻറെ തെളിമയും കുളിർമയും വീണ്ടും വീണ്ടും മനസ്സു നനയിക്കുന്നു.... 


    എല്ലാവര്ക്കും വാതോരാതെ പറയുവാനുണ്ടായിരുന്നു, പനയോളം വളർന്നിട്ടും പതിരില്ലാതെ സൂക്ഷിച്ച ഒരുപിടിയോർമ്മകൾ.. പലരുടെയും വാക്കുകൾ ഇടറി... അത് പലപ്പോഴും ഓർമകളുടെ വേലിയേറ്റത്താലായിരുന്നു... എന്നാൽ അങ്ങനെയല്ലാത്തൊരാൾ കൂടി അവിടുണ്ടായിരുന്നു... തൻറെ കാമറയുമായി ഓടിനടന്നു പടം പിടിച്ച രാജേഷേട്ടൻ... അവരുടെ വാക്കുകൾ ഇടറിയത് വാക്കുകളുടെ കനം കൊണ്ടായിരുന്നില്ല.. പകരം ഓർമയുടെ ഹാർഡ് ഡിസ്കിൽ അവർ സൂക്ഷിച്ച എല്ലാ ഫയലുകളും ഒരൊറ്റയപകടം ഫോർമാറ്റു ചെയ്തു കളഞ്ഞതു കൊണ്ടായിരുന്നു... 

     എല്ലാവരുടെയും വിവരണങ്ങൾക്കിടയിൽ തന്റെ ഓർമകളെ അദ്ദേഹം പരതി നടന്നിട്ടുണ്ടാകണം.. അല്ലെങ്കിൽ അവയെല്ലാം തന്റേതു കൂടിയാണെന്നോർത്ത് ആ ഓർമകളിൽ നീന്തിത്തുടിച്ചിട്ടുണ്ടാകണം... 

    രണ്ടായാലും "ഇപ്പൊഴെല്ലാം ശെരിയായി ..., മലയാളം വായിക്കാനാവുന്നുണ്ട്, ഇംഗ്ലീഷ് അക്ഷരങ്ങളും പഠിച്ചു, കണക്കു കൂട്ടാനും അറിയാം.. പിന്നെ വരയ്ക്കുമ്പോഴും ഫോട്ടോയെടുക്കുമ്പോഴും ചെറിയ വിറയലുണ്ട്... അതും ശരിയാകും" എന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ  പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു.. കാരണം ഒരുപാടു ചിത്രപ്രദർശനങ്ങൾ നടത്തിയ ഫോട്ടോഗ്രാഫറും കോയമ്പത്തൂർ ടൈംസ് അഡ്വര്ടയിസ്മെന്റ്സിലെ സീനിയർ ഗ്രാഫിക് ഡിസൈനറും ആയിരുന്ന ആൾ ആണ് ഇന്ന് എല്ലാം ഒന്നിൽ നിന്നും തുടങ്ങുന്നത്... 

പിന്നീട് രാജേഷേട്ടന്റെ ഓർമയിലേക്ക് എന്നെക്കൂടി റീലോഡ് ചെയ്ത ശേഷം "തിരികെ വന്ന നിറങ്ങൾ" എന്ന പേരിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അദ്ധേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ ഒരു കോപ്പി കൂടി വാങ്ങി സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു.... അദ്ദേഹത്തിനു മുൻപിൽ ഓർമകളെപറ്റി വാചാലനായ ഞാൻ വല്ലാതെ ചെറുതായപോലെ തോന്നി.....                                                                                                             - നിധി - 

5 comments:

  1. നല്ല എഴുത്ത്, നല്ല കൂട്ടായ്മ

    രാജേഷിനെപ്പറ്റി മനോരമ സണ്‍ഡേ സപ്ലിമെന്റിലാണെന്ന് തോന്നുന്നു ഒരിക്കല്‍ വായിച്ചിട്ടുണ്ട്

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ..., വനിതയിലും മനോരമ സപ്ലിമെന്റിലും ഒക്കെ വന്നിട്ടുണ്ട്... പ്രതിസന്ധികളോട് സന്ധിയില്ലാതെ സമരം ചെയ്ത് ജീവിതം തിരികെ പിടിച്ച രാജെഷേട്ടനെ കുറിച്ച്....

      Delete
  2. രാജേഷേട്ടനെക്കുറിച്ച് കേട്ടപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അപകടം മൂലം തളര്‍ന്നു പോയ ജയരാജന്‍ മാഷുണ്ട് അദ്ധേഹത്തെ ഓര്‍മ്മ വന്നു.

    അദ്ദേഹത്തെക്കുറിച്ചുള്ള ഒരു വാര്‍ത്ത ഇവിടെ കൊടുക്കുന്നു ചിത്ര സഹിക്തം വായിക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പോയാല്‍ മതി.

    മലപ്പുറം :മത സൗഹാര്‍ദ്ദത്തിന്റെയും കാരുണ്യത്തിന്റെയും പൂങ്കാവനത്തില്‍ നിന്ന് കണ്ടു പഠിക്കാന്‍ വീണ്ടും ഇതാ ഒരു മലപ്പുറം മാതൃക

    സ്വന്തം മകന്‍ അലവിയേക്കാള്‍ സുഹൃത്തിന്റെ മകന്‍ ജയരാജന്‍ മാസ്റ്ററെ സ്‌നേഹിക്കുകയും പരിചയിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ മാതൃ ഹൃദയം കരുണയുടെ കടലായിത്തീരുന്നത്.


    തിരുവാലി ഇല്ലത്തുകുന്നിലാണ് മൂലത്ത് ഫാത്തിമക്കുട്ടിയെന്ന 60 കഴിഞ്ഞ വൃദ്ധയുടെ വീട്. കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ശേഷം പറക്കമുറ്റാത്ത അലവിയെന്ന മകനെ കൂലിപ്പണിയെടുത്ത് വളര്‍ത്തി വലുതാക്കി. ഇന്ന് അപകടത്തില്‍ പെട്ട് ജീവിതം തളര്‍ന്നുപോയ ജയരാജനെയും പരിചരിച്ച് തണലാവുന്നു.

    1996 ഫെബ്രുവരി നാല്. മാസ്റ്ററുടെ ജീവിതത്തിലെ കറുത്ത ഞായര്‍. പാടത്തേക്ക് പണിക്കാരെ അന്വേഷിക്കാന്‍ സ്‌കൂട്ടറില്‍ ഇറങ്ങിയതാണ്. തിരുവാലി-എടവണ്ണ റോഡില്‍ ഇല്ലത്തുകുന്ന് റോഡില്‍ നിന്നും പ്രവേശിക്കുന്ന ഇറക്കം, ഏതോ കള്ളുകുടിയന്‍ സ്‌കൂട്ടറിന് കുറുകെ ചാടി. പിന്നെ ഒന്നും ഓര്‍മയില്ല.

    മഞ്ചേരി ഗവ.ആസ്പത്രിയിലും അവിടെ നിന്ന് സ്വകാര്യാസ്പത്രയിലേക്കും പിന്നെ വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്. മൂന്ന് മാസമാണ് മെഡിക്കല്‍ കോളജില്‍ കിടന്നത്. കഴുത്തിന് പിറക് വശത്തെ ഞരമ്പിന് ക്ഷതമേറ്റ് ശരീരമാസകലം ചലനമറ്റിരുന്നു. സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു.

    പിന്നീട് നീണ്ട പതിനേഴു വര്‍ഷം തിരുവാലി ഇല്ലത്തുകുന്ന് അരിമ്പ്ര ലക്ഷ്മി നിവാസിലെ പൂമുഖത്തെ കട്ടിലില്‍ കിടപ്പിലാണ് ഇദ്ദേഹം. മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം കാര്യമായ ചികിത്സ കിട്ടിയിരുന്നില്ലെങ്കിലും സ്വന്തം ഇച്ഛാ ശക്തികൊണ്ട് കൈകളുടെയും കാലുകളുടെയും ചലനശേഷി കുറച്ചൊക്കെ തിരിച്ചെടുത്തു. വ്യക്തമല്ലെങ്കിലും സംസാരിക്കാന്‍ കഴിയുന്നുണ്ട്.

    നല്ല ചികിത്സ ലഭിച്ചാല്‍ തനിക്ക് എഴുന്നേറ്റ് നടക്കാനാവുമെന്ന പ്രതീക്ഷ ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ട് ഇപ്പോഴും മാസ്റ്റര്‍.
    കുമാരന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും ആറു മക്കളില്‍ അഞ്ചാമനാണ് ജയരാജന്‍(47). എസ്.എസ്.എല്‍.സി കഴിഞ്ഞ ഉടനെ ടി.ടി.സി എടുത്ത് ചെറുപ്പത്തിലെ പത്തിരിയാല്‍ എ.എം.എല്‍.പി സ്‌കൂള്‍ അധ്യാപകനായി.

    കുട്ടികള്‍ക്കെല്ലാവര്‍ക്കും പ്രയങ്കരനായിരുന്ന മാസ്റ്റര്‍ക്ക് 7 വര്‍ഷം മാത്രമേ സര്‍വീസില്‍ തുടരാനായുള്ളൂ. കുടുംബം സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളതാണെങ്കിലും ഇന്ന് ഇദ്ദേഹത്തിന് തുണയായി ഫാത്തിമകുട്ടി മാത്രമാണുള്ളത്. മേലാറ്റൂരില്‍ താമസിക്കുന്ന മൂത്ത സഹോദരന്‍ മഞ്ചേരി അരുകിഴായയില്‍ താമസിക്കുന്ന ഇളയ ജ്യേഷ്ഠനും ഇടക്കൊക്കെ വരും. സഹോദരിമാരും വിവരങ്ങള്‍ വന്ന് തിരക്കും.

    കിടപ്പിലായ ശേഷമാണ് അച്ഛന്‍ മരിച്ചത്. 3 മാസം മുമ്പ് അമ്മയും. മരിക്കുന്നതിന് മുമ്പ് അമ്മ സുഹൃത്ത് കൂടിയായ ഫാത്തിമകുട്ടിയോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. തന്റെ മകനെ ഉപേക്ഷിക്കരുതെന്ന്. ആ വാക്ക് പാലിക്കുകയാണ് ഇന്ന് ഈ ഉമ്മ. ആരുപേക്ഷിച്ചാലും തന്റെ കുട്ടിക്ക് താന്‍ മരിക്കുന്നത് വരെ തുണയുണ്ടാവുമെന്ന തീരുമാനവുമായി പ്രാഥമിക കര്‍മങ്ങള്‍ക്ക് പോലും സഹായവുമായി സ്‌നേഹം മാത്രം പകര്‍ന്ന് വാത്സല്യം നിറഞ്ഞ ഹൃദയവുമായി ഫാത്തിമ കൂടെയുണ്ട്.

    വിദ്ഗധനായ ഒരു ഡോക്ടറുടെ ചികിത്സയിലൂടെ തന്റെ ജീവിതം തിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ജയരാജന്‍ മാസ്റ്റര്‍. തന്റെ ജീവിതത്തിന് തുണയാവാന്‍ തന്നെ മനസ്സിലാക്കുന്ന ഒരാള്‍ വന്നേക്കുമെന്നും മാസ്റ്റര്‍ പ്രതീക്ഷിക്കുന്നു.ഫാതിമാക്കുട്ടിക്ക്കു മക്കള്‍ രണ്ടാണ് .ഓരോ ദിവസവും രണ്ടിടങ്ങളിലും ഓടിയെത്തണം. രാത്രി സ്വന്തംമകന്റെ വീട്ടില്‍, പകല്‍ പിറക്കാത്ത മകന്റെ വീട്ടിലും. അങ്ങിനെ മത സൗഹാര്‍ദ്ദത്തിന്റെയും കാരുണ്യത്തിന്റെയും മാതൃകയാവുകയാണീ വൃദ്ധ.

    http://nationalvartha.com/%E0%B4%A6%E0%B5%80%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%9C%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%A8-14146.html

    ReplyDelete
  3. ഓർമ്മയുടെ താളുകൾ വീണ്ടും തുറക്കുമ്പോൾ .::

    ReplyDelete

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....