പകർന്നാട്ടം

"നായിന്റെ മോനെ...." ഒരലർച്ചയായിരുന്നു രജിത്ത് മാഷ്... കൂടെ ചെകിടടച്ചൊരടിയും... കണ്ണിൽ പൊന്നീച്ച മിന്നി... "പകർന്നാട്ടം" എന്ന സ്കൂൾ നാടകത്തിന്റെ അവസാന റിഹേഴ്സൽ ആയിരുന്നു രംഗം... അച്ഛൻ മരിച്ചു വിഷാദനായിരിക്കുന്ന രംഗം അരങ്ങത്ത്... പിന്നണിയിൽ ഫ്ലൂട്ടും വയലിനും ചേർന്ന വിഷാദ രാഗം... അത് ലയിച്ചങ്ങനെ ഇല്ലാതാവുന്നതിനിടെ പെരുമ്പറ മുഴങ്ങുന്ന ശബ്ദം പിന്നാലെ വന്നു... അതിന്റെ ബാക്കി പത്രമായിരുന്നു ആദ്യം പറഞ്ഞ രംഗം... സമയം അർധരാത്രി കഴിഞ്ഞിരുന്നു... തലയിൽ ഹെഡ്സെറ്റുമായി മ്യൂസിക് സിസ്റ്റത്തിന്റെ നോബും പിടിച്ചിരുന്നതാണ് ഞാൻ... ചെറുതായൊന്നുറങ്ങിപ്പോയി... ഇറങ്ങിപ്പോയ്ക്കൊള്ളാൻ പറഞ്ഞു... ഈ കൂരാക്കൂരിരുട്ടിൽ എങ്ങോട്ടു പോകാൻ.. ഓരത്തു മാറിനിന്ന് മാഷെ ദയനീയമായി നോക്കി... അനന്തരം എല്ലാവരും ഒന്നൂടി പകർന്നാടേണ്ടി വന്നു, രംഗം തണുക്കാൻ....
----------------------
ഇപ്പൊ ഇതോർമ്മ വന്നത് ജിനോ ഏട്ടനെ കുറിച്ചുള്ള വാർത്ത കണ്ടപ്പഴാണ്... പത്തു പന്ത്രണ്ടു വർഷം മുൻപാണു.. ആദ്യ പ്രണയം മനസ്സിൽ പൂവിടർന്നു നിന്ന കാലം... പ്രണയിനിയെ impress ചെയ്യിക്കാനാണ് അവളുടെ ക്ലാസ്സിൽ വച്ച് നടന്ന നാടക സെലക്ഷനു പോയത്... മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നതിനാൽ തന്നെ എങ്ങനെയൊക്കെയോ നാടക ടീമിൽ കയറിപ്പറ്റി..  അശോകേട്ടൻ (അശോകൻ കതിരൂർ) കവുംപടി സ്കൂളിൽ നാടകം പഠിപ്പിക്കുമ്പോൾ അന്നു ജിനോ ഏട്ടൻ കയറി വരുമായിരുന്നു... മിക്കപ്പോഴും മുഷിഞ്ഞതാവും വേഷം... എംജി കോളേജിൽ നാടക റിഹേഴ്സൽ കഴിഞ്ഞുള്ള വരവാകും.. പ്രണയം പൂത്തു നിന്ന രാവുകളിൽ റിഹേഴ്സലിനൊടുവിൽ  ആകാശത്തോട്ട് നോക്കി സ്വപ്നം കണ്ടു കിടക്കുമ്പോഴൊക്കെയും  ജിനോ ഏട്ടൻ  അശോകേട്ടനു ആയി നാടക   സംവാദങ്ങളിൽ മുഴുകി ഇരിപ്പുണ്ടാവും.. രജിത് മാഷും മിക്കപ്പോഴും കൂട്ടിനുണ്ടാകും.. അവരങ്ങനെ രാത്രി വൈകിയും അവിടെ കുത്തിയിരിക്കും.. അന്ന് നാടകക്കോപ്പൊക്കെ ഉണ്ടാക്കാൻ എന്തായിരുന്നു ഉത്സാഹം... ഇന്ന് നൊണ പറഞ്ഞു നൊണ പറഞ്ഞു ഏട്ടനെ ലോകം തിരിച്ചറിയുമ്പോൾ ഏറെ സന്തോഷം....

സർവം ക്ഷമയ്ക്ക്, അമ്മയ്ക്ക്

തലയ്ക്കു നേരെ ഓങ്ങിയ ഓലമടലിൽ ഞാൻ കയറിപ്പിടിച്ചപ്പോഴും അമ്മ നിന്ന് വിറയ്ക്കുകയായിരുന്നു..... "അന്നേ അങ്ങ് വേണ്ടെന്നു വച്ചാൽ മതിയായിരുന്നു..."

ചെയ്തുവച്ച ഏതോ കുരുത്തക്കേടിന്റെ

അവസാനഭാഗത്ത് അടർന്നു വീണ വാക്കുകളിൽ ഞാൻ വിറങ്ങലിച്ചു നിന്നു...

പറയേണ്ടിയിരുന്നില്ലെന്നു അമ്മയുടെ കണ്ണുകൾ ആയിരം തവണ പറഞ്ഞു... 

ഇരുപതുകളിലെത്തിയ ചോരത്തിളപ്പിൽ ഒരു നാൾ ഞാൻ ചോദിച്ചു... എനിക്കുവേണ്ടി എന്ത് ചെയ്തിട്ടുണ്ടെന്ന്....

നിസ്സഹായത നിറഞ്ഞ നോട്ടമായിരുന്നു മറുപടി.... അത് പതുക്കെ വിങ്ങലുകൾക്ക് വഴിമാറി.... അണമുറിയാതെയുള്ള കണ്ണീർച്ചാലാൽ അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു.... ആ കണ്ണീരിൽ എനിക്ക് ശ്വാസം മുട്ടി.... സങ്കടങ്ങളുടെ നിലയില്ലാക്കയത്തിൽ വീണു  ഞാൻ കൈകാലിട്ടടിച്ചു.... എന്റെ ക്ഷമാപണങ്ങൾക്കും ആലിംഗങ്ങൾക്കും തടഞ്ഞു നിർത്താൻ കഴിയാത്തത്രയും നേരം ആ കണ്ണുകൾ നിർത്താതെ പെയ്തു... ഒരു രാത്രിമുഴുവൻ ആ ഒരു വാചകത്തിൽ കുടുങ്ങിക്കിടന്നു....

ദാരിദ്ര്യം നിറഞ്ഞ ബാല്യകാലങ്ങളിൽ അമ്മ മുട്ടാത്ത വാതിലുകളില്ലെന്ന് അറിയാഞ്ഞിട്ടല്ല.... മത്സരപ്പരീക്ഷകൾക്ക് പോകാൻ ഇറങ്ങുമ്പോഴേക്കും എവിടെനിന്നോ അമ്മ മുഷിഞ്ഞൊരൊറ്റ നോട്ടുമായി മടങ്ങിവന്നിരിക്കും...  എന്റെ തോൽവികളിലൊന്നിലും വ്യാകുലപ്പെട്ടു കണ്ടില്ല... ജയങ്ങളിലൊക്കെയും പുഞ്ചിരി പൊഴിച്ചു.... അച്ഛനുമമ്മയും ആഞ്ഞുതുഴഞ്ഞിട്ടും ദുരിതക്കടലിൽ കരയെത്താതിരുന്ന കാലത്ത് എഞ്ചിനീയറിംഗ് പഠനം എന്നതൊരു സാഹസമായിരുന്നു.... എങ്കിലും മാസാമാസം ഒരുദിനം തെറ്റാതെ എന്റെ അക്കൗണ്ടിൽ പണമെത്തിക്കൊണ്ടിരുന്നത് അച്ഛന്റെ അധ്വാനത്തിനൊപ്പം പണം ക്രയവിക്രയം ചെയ്യുന്നതിൽ അമ്മ കാണിച്ച വൈദഗ്ധ്യം കൊണ്ട് കൂടിയായിരുന്നു... എല്ലാ സാധ്യതകളും അടഞ്ഞതിനപ്പുറവും ഒരു വഴിയെവിടെയോ മറഞ്ഞു കിടപ്പുണ്ടെന്നു അമ്മയെപ്പോഴും വിശ്വസിച്ചു പോന്നു... 

ആകുലതകളും ആത്മസംഘർഷങ്ങളും ഒടുങ്ങി നല്ല കാലങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയപ്പോഴേക്കും അമ്മയുടെ ശരീരത്തെ രോഗം കാർന്നു തിന്നു തുടങ്ങിയിരുന്നു.... ദേഹമാസകലം ഞണ്ടിറുക്കുന്ന വേദനയിലും അമ്മ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല... ഇനിയൊരു തിരിച്ചുപോക്കില്ലെന്നു മനസ്സിലാക്കിയ അവസാനനാളുകളിൽ ഒന്നിൽ വരെ...

തനിക്കു ചുമക്കാനാവില്ലെന്നു പറഞ്ഞു ശരീരവും ഒരു കത്തിയിൽ തീർക്കാമെന്നു ഡോക്ടറും പറഞ്ഞിട്ടും, ഓക്കാനങ്ങളുടെ ഒരു ഗർഭകാലവും അതിനപ്പുറം ഒരു ദുരിതകാലവും താണ്ടി എന്നെ ഞാനാക്കിയ സർവം ക്ഷമയ്ക്ക്, ഒരു ജന്മം കൊണ്ടുപോലും വീട്ടിത്തീർക്കാനാവാത്ത കടപ്പാടുകൾക്ക്..., അമ്മയ്ക്ക്..., കനലെരിയുന്ന മനസ്സാൽ ഒരശ്രുപൂജ...

കാത്തിരിപ്പിന്റെ മഴക്കാലങ്ങൾ....

ജൂൺ എന്നും കാത്തിരിപ്പിനെ ഓർമ്മിപ്പിക്കുന്നു... തിമിർത്തു കളിച്ച രണ്ടു മാസങ്ങൾക്കിപ്പുറം പുത്തനുടുപ്പും പുത്തൻ കുടയുമായി സ്കൂളിൽ പോകാനുള്ള കാത്തിരിപ്പായിരുന്നു ബാല്യകാലങ്ങളിൽ... കാഴ്ചയുടെയും കേഴ്വിയുടെയും ഒരായിരം അനുഭവങ്ങൾ കൂട്ടുകാരോട് പങ്കിടേണ്ട വെമ്പലിലേക്കായിരുന്നു എല്ലാ ജൂണും പിറവി കൊണ്ടത്....

മഴ കാത്തിരുന്നു കാത്തിരുന്നു ഞാൻ വളർന്നപ്പോഴും മഴക്കാലം കാത്തിരിപ്പിന്റേതായി... ആർത്തലച്ചു പെയ്യുന്ന മഴയിൽ ലയിച്ചു ചേർന്ന് കിടക്കാനാണ് പ്രണയരാത്രികളിലൊക്കെയും നാം സ്വപ്നം കണ്ടത്... രാത്രിമഴതണുപ്പിൽ അന്യോന്യം പുതപ്പാകാനും.... ഇനിയൊരു മഴക്കാലം കൂടി നഷ്ടമാക്കാനില്ലെന്ന തിരിച്ചറിവിൽ ഏപ്രിലിൽ തന്നെ നാം ഒന്നു ചേർന്നു... എന്നിട്ടും ആ മഴക്കാലമത്രയും നീ കൊച്ചിയിലും ഞാൻ തിരുവനന്തപുരത്തും.... നീ വന്ന വാരന്ത്യങ്ങളിലൊന്നും മഴ തിരിഞ്ഞു നോക്കിയതുമില്ല.....

വേരുകളറ്റു നീ ഇങ്ങോട്ടു പറിച്ചു നടപ്പെട്ടതിലിന്നോളം നാം കണ്ട സ്വപ്നങ്ങൾ മഴക്കാലങ്ങളെക്കുറിച്ചായിരുന്നു...

എന്നിട്ടും കഴിഞ്ഞ വർഷം മഴ പെയ്ത രാത്രികളിലൊക്കെയും ഞാൻ തണുത്തു വിറച്ചു തന്നെ കിടന്നു....  നൂലുപോലെ പെയ്തിറങ്ങിയ മഴനാരുകളെ നോക്കി നോർവേയിലെ ഹോട്ടൽ മുറിയിലിരുന്ന് നീ നെടുവീർപ്പിട്ടു.... ചാറ്റൽ മഴ പെയ്തൊഴിഞ്ഞ തെരുവുകളിൽ കൈകോർത്തു നടന്ന പ്രണയിനികൾ നിന്റെ കൺകോൺ നിറച്ചു... മഴ പെയ്ത ബൈക്ക് റൈഡുകളിലൊക്കെയും എന്റെ പിൻസീറ്റ് നിനക്കായി വെറുതെ മഴ നനഞ്ഞു....

നിളയും പെരിയാറും നീണ്ടും മെലിഞ്ഞും പിന്നെയുമൊഴുകി വീണ്ടുമൊരു മഴക്കാലമെത്തി... മഴ വീണു തണുത്തൊരു പാതി രാത്രിയിൽ ഞാൻ കൈവീശി യാത്ര പറഞ്ഞിറങ്ങുമ്പോൾ നിന്റെ കണ്ണിലെ കാർമേഘം പെയ്യാൻ തുടങ്ങിയിരുന്നു... അതിൽ പിന്നിന്നോളം മഴ ആർക്കുവേണ്ടിയോ ആർത്തലച്ചു തന്നെ പെയ്തു... മഴ വെള്ളം വീണൊരു ജനതയുടെ സ്വപ്നങ്ങൾ ഒഴുകിപ്പോയി... പുതപ്പിനടിയിൽ പാതി നനഞ്ഞ മനസ്സുമായി നീ അസ്വസ്ഥമായി കിടന്നു... ഓഫീസ് പാൻട്രിയിലെ ജനൽ പാളികളിൽ നിന്നും ഒഴുകിയിറങ്ങാൻ മടിച്ച വെള്ളത്തുള്ളികളിൽ  ഞാൻ വെറുതെ മുഖം നോക്കി... ലണ്ടനിലെ തെരുവോരങ്ങളിൽ മഴ പൊടിഞ്ഞ പ്രഭാതങ്ങളിൽ, എന്റെ ചെറുവിരൽ കൂട്ടു തേടി നിന്നെ തിരഞ്ഞു... അങ്ങനെ വീണ്ടുമൊരു മഴക്കാലം കൂടി കാത്തിരിപ്പിന്റേതായി... 



ഓർമ്മകൾ മരിക്കുമോ???

ആദ്യം കണ്ടനാൾ ഓർമയിൽ വരുന്നില്ല... ഓർമ വച്ചു തുടങ്ങിയ നാളുകളിൽ ഒന്നിൽ ആയിരുന്നു അത്... അംഗൻവാടി തൊട്ട് ഞങ്ങൾ കൂട്ടുകാരായിരുന്നു.... ഏകദേശം രണ്ടു വ്യാഴവട്ടക്കാലം മുൻപേ ഹൃദയത്തിന്റെ വടക്കു കിഴക്കേ കോണിൽ താമസമുറപ്പിച്ചവർ...  സന്ദീപും അരുണും സൂര്യയും  ഞാനും ഒക്കെയായിരുന്നു അടുത്ത കൂട്ടുകാർ... പപ്പി ടീച്ചറുടെയും ഉഷേച്ചിയുടെയും തണലിൽ ഞങ്ങളുടെ സൗഹൃദം ഒരുപാട് തളിർത്തു... പപ്പി ടീച്ചർക്ക് മകനായ സന്ദീപിനോളം തന്നെ സ്നേഹം ഞങ്ങളോടുമുണ്ടായിരുന്നു... ഉഷേച്ചി അന്നുണ്ടാക്കിയിരുന്നതിനോളം രുചിയുള്ള ഉപ്പുമാവ് ഇന്നോളം പിന്നെ കഴിക്കാനും പറ്റിയിട്ടില്ല... ഞങ്ങളെല്ലാം മുഴക്കുന്ന് സ്കൂളിലേക്ക് മാറിയപ്പോഴേക്കും ടീച്ചറും സന്ദീപും മാലൂരിലേക്ക് പോയി... 

മത്സരിച്ചു കളിച്ചും പഠിച്ചും വളർന്ന 7 വർഷങ്ങളായിരുന്നു പിന്നീട്... സഹോദര്യത്തോളം വളർന്ന ബന്ധങ്ങൾ... കയ്യെഴുത്തിൽ സൂര്യയായിരുന്നു കേമത്തി... എന്റെ അക്ഷരങ്ങൾ പലപ്പോഴും എനിക്കുതന്നെ വായിക്കാൻ കഴിഞ്ഞില്ല... എഴുതിയെഴുതി താഴെയെത്തുമ്പോഴേക്കും അരുണിന്റെ ബുക്കു മുഴുവൻ ഇനിയെഴുതാൻ കഴിയാത്ത വിധം വിയർപ്പിൽ കുതിർന്നിരിക്കും..  ആറുവര്ഷം ക്ലാസ് ലീഡർ ആയിരുന്ന ഞാൻ സ്കൂൾ ലീഡർ ആകാൻ മത്സരിച്ചു പൊരുതി തോറ്റ ഏഴാം വർഷം... 

അതുകഴിഞ്ഞു ഞങ്ങൾ  തട്ടകം കാവുമ്പടിയിലേക്ക് മാറി... ഇത്തിരി കൂടി മുതിർന്നു ഹൈസ്കൂൾ എത്തി... പ്രണയവും രാഷ്ട്രീയവും ഒക്കെ ഞങ്ങളുടെ സിരകളിൽ പടർന്ന കാലമായിരുന്നു അത്..  ആ ഒരു മൂന്നു വർഷത്തിനപ്പുറം ഒരു വല്യ ബ്രേക്ക് എടുക്കാം...

പിന്നീടൊരാറെഴു വർഷത്തിനപ്പുറം വീണ്ടും എല്ലാരും പരസ്പരം തേടിപ്പിടിക്കുകയായിരുന്നു...  ഒരുപാടൊരുപാട് സൗഹൃദങ്ങൾക്കൊടുവിൽ എല്ലാവരും ആദ്യ സൗഹൃദത്തിന്റെ ചൂട് തേടുകയായിരുന്നു... മുംബൈയിലെ ആശുപത്രിയിൽ തിരക്ക് പിടിച്ച ഡ്യൂട്ടികൾക്കിടയിൽ എന്റെ നമ്പർ തേടിപ്പിടിച്ചു സൂര്യ ഒരുനാൾ വിളിച്ചു... നഴ്സിങ് സുഹൃത്തുക്കൾ നൽകിയ ചതുര വടിവുള്ള കോട്ടയം ഭാഷയിൽ അവൾ ഒരുപാട് സംസാരിച്ചു... പഴയ കഥകൾ പലതും അവൾ തെല്ലൊട്ടു ഓര്മപ്പിശകില്ലാതെ എണ്ണിപ്പറഞ്ഞു.. പിന്നീടൊരിക്കൽ എന്റെ വീട് തേടിപ്പിടിച്ചു വന്നു ഞെട്ടിച്ചത് സന്ദീപ് ആണ്... ചേച്ചിയോട് നമ്പർ വാങ്ങി അവൻ വിളിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷം അവനുണ്ടായിരുന്നു... "ഉണ്ണിക്കുട്ടാ..." എന്ന അവന്റെ വിളിയിൽ അലിഞ്ഞു പോയത് 20 വർഷങ്ങളായിരുന്നു... ഇരുപത് വർഷവും 20000 സ്വരങ്ങൾക്കുമപ്പുറവും ആ ഒരു വാക്കിൽ എനിക്കവനെ ഓർത്തെടുക്കാനായി എന്നതുതന്നെ ഒരു സൗഹൃദത്തിന്റെ ഹൃദയ സാക്ഷ്യം...

നാളുകൾക്ക് ശേഷം അരുണിനെ കണ്ടത് വേദനിപ്പിക്കുന്ന ഓർമയാണ്... കാൻസർ സെന്ററിന് മുന്നിൽ നീറി നിൽക്കുമ്പോൾ ഞങ്ങൾക്കിരുവർക്കും ഒരേ വികാരമായിരുന്നു... നൊന്തു പെറ്റ രണ്ടുപേർ അകത്തു വേദന തിന്നുമ്പോൾ പരസ്പരം സമാശ്വസിപ്പിക്കാൻ ഇരുവർക്കും വാക്കുകളില്ലായിരുന്നു... ഒടുവിൽ എന്റെ അമ്മ പോയി... അമ്മയ്ക്ക് രോഗം മാറിയെന്നു അവൻ പറയുമ്പോൾ ഒരമ്മയെങ്കിലും ആ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപ്പെട്ടെന്നു ആശ്വസിച്ചു അധികം കഴിയും മുൻപേ അവന്റെ അമ്മയും....

ചലച്ചിത്ര മേളകഴിഞ്ഞു പോകാനൊരുങ്ങമ്പോൾ അരുൺ വിളിച്ചിരുന്നു... ഞാൻ ഓടിച്ചെന്നു അവനെയും കൂട്ടി ശംഖുമുഖം വരെ പോയി... കുറെ സംസാരിച്ചു... ആമുഖങ്ങളില്ലാതെ... കാലത്തിനു തടുക്കാനാവാത്ത സൗഹൃദങ്ങളിൽ ആമുഖമെന്തിന്... ഹൃദയം നിറഞ്ഞു... പോകാൻ നേരം അവൻ കൈ പിടിച്ചു... അവന്റെ കൈത്തടത്തിൽ അപ്പോഴും വിയർപ്പു പൊടിഞ്ഞിരുന്നു... ആ നനവ് എനിക്കത്രയും പരിചിതമാണുതാനും....

അന്നു കണ്ട നാൾ മുതൽക്കു നീ....

നാടകീയത ഒട്ടും കുറയ്ക്കാതെ തന്നെ പറയാം, സമയം പാതിരാത്രി കഴിഞ്ഞു അല്പം കൂടി മുന്നോട്ടു പോയിരുന്നു, റയിൽവേ സ്റ്റേഷനിലെ ഭീമൻ ക്ലോക്കിൽ രണ്ടു സൂചികൾ മൂന്നിനും നാലിനുമിടയിൽ കെട്ട് പിണഞ്ഞു കിടന്നു... മഴപെയ്തൊഴിഞ്ഞ പ്ലാറ്റുഫോമിലേക്ക് മലബാർ എക്സ്പ്രസ്സ് ചൂളംവിളിച്ചെത്തി....

ഞാൻ പതിയെ പുറത്തിറങ്ങി... പരിചയമേതുമില്ലാത്ത പലമുഖങ്ങൾ പലവഴിക്കു നടന്നകന്നു.... പതിവില്ലാത്തിടത് പാതിരാത്രിയിൽ എത്തിപ്പെട്ട പതിനാറുകാരന്റെ പകപ്പോടെ ഞാൻ നിന്നു... പിന്നെ ഓരോട്ടോയിൽ കയറി... "കമ്മീഷണർ ഓഫീസ്".. വണ്ടി നീങ്ങി... ഒക്കെയും പരിചയമില്ലാത്ത വഴികളായിരുന്നു... ഒടുവിൽ വണ്ടി നിന്നു... 50 രൂപ... പുറത്തെ ബോർഡ് ഞാൻ വായിച്ചു... സിറ്റി പോലീസ് കമ്മീഷണർ ഓഫീസ്, കൊച്ചി. എനിക്ക് ധൈര്യം വന്നു... "മീറ്ററിൽ 30 അല്ലെ ചേട്ടാ..?" രാത്രിയിലെ ഓട്ടം അല്ലെ, 10 രൂപയെങ്കിലും കൂടി എന്ന് അയാൾ..., 50 രൂപ കൊടുത്തു.. ആകത്തു പറയരുതെന്ന അപേക്ഷയിൽ 10 രൂപ തിരികെ തന്നു... ജീവിതത്തിലാദ്യമായി അന്ന് ഞാൻ പോലീസ് സ്റ്റേഷന്റെ പടി ചവിട്ടി... ചെന്നപ്പോൾ ഒരു പോലീസുകാരൻ മേശമേൽ കൂർക്കം വലിച്ചുറങ്ങുന്നു... കാല്പെരുമാറ്റം കേട്ടയാൾ ചാടിയെഴുന്നേറ്റു ചുവന്നു കലങ്ങിയ കണ്ണുകൾ തിരുമ്മി പരുഷമായി ചോദിച്ചു... ആരാ...? സന്തോഷ് സർ പറഞ്ഞിട്ട് വന്നതാ... അപ്പുറത്തുണ്ട്... അയാൾ വീണ്ടും കിടന്നു.. അങ്ങനെ സന്തോഷ് സാറുടെ ചിലവിൽ SP ഓഫീസിൽ കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് ഇന്റർവ്യൂന് പോയി...തൊട്ടടുത്ത് തന്നെയായിരുന്നു St.Alberts കോളേജ്..

അതങ്ങനെ ചുവന്ന നിറത്തിൽ തലയെടുപ്പോടെ നിന്നു.. ഒരുപാട് പരിഷ്കാരികളുടെ നടുവിൽ ഒരപരിഷ്കാരിയായി ഞാനും... ഷൂ ഇല്ല... ബെൽറ്റ് ഇല്ല... ഇംഗ്ലീഷ് ഒരു തരിമ്പുമറിയില്ല... അതുകൊണ്ടു തന്നെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയിലെ "ഡക്ക് കേഡറ്റ്"  പോസ്റ്റിലേക്കുള്ള എന്റെ ഇന്റർവ്യൂ പെട്ടെന്ന് തീർന്നു!

സിറ്റി പോലീസ് കമ്മീഷണറുടെ ഡ്രൈവർ ആയിരുന്നു സന്തോഷ് സർ... അങ്ങനെ സർക്കാർ ചിലവിൽ പോലീസ് വണ്ടിയിൽ ഒരു ദിവസം മുഴുവൻ ഞാൻ എറണാകുളം ചുറ്റി... അത്ഭുത കാഴ്ചകളുടെ കൂട്ടത്തിൽ ഹൈ കോർട്ടും മറൈൻ ഡ്രൈവും മഹാരാജാസും എസ് എച്ച് കോളേജും കണ്ടത് ഞാനോർക്കുന്നു... മറ്റെല്ലാം എനിക്ക് പേരുപോലും അന്യമായത്ര അപരിചിതങ്ങളായിരുന്നു....  എവിടയെന്നോ എങ്ങോട്ടെന്നോ എനിക്കൊരെത്തും പിടിയും തരാതെ പോലീസ് വാഹനം പലവഴിക്ക് പാഞ്ഞു...

ഏഴെട്ടു വർഷങ്ങൾക്കിപ്പുറം കണക്കും സയൻസും പഠിച്ച്, ഡിഫറിൻസിയേഷനും ഇന്റഗ്രേഷനും ചാടിക്കടന്ന്, എഞ്ചിനീയറിംഗ് കഴിഞ്ഞ്, കൗശലമൊളിപ്പിച്ച ഇന്റർവ്യൂ ചോദ്യങ്ങളും കഴിഞ്ഞ് കയ്യിലൊരു ജോലിയുമായി വീണ്ടും എറണാകുളത്തിറങ്ങിയപ്പോൾ നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ഞാൻ തേടിയത് പഴയ അടയാളങ്ങളായിരുന്നു.... ആദ്യമായിക്കണ്ട മായക്കാഴ്ചകളിൽ നിന്നും ഫുഡ് മാളും ബേ പ്രൈഡും എംജി റോഡും പത്മ തിയേറ്ററും ബ്രോഡ് വെയും രാജാജി മൈതാനിയും വേർതിരിച്ചെടുക്കുവാനാകുമോ എന്നാണ്... 

ചെപ്പു നിറയെ മായക്കാഴ്ചകളൊളിപ്പിച്ച് എന്നെ കാത്തിരുന്ന പഴയ കളിക്കൂട്ടുകാരി ആയിരുന്നില്ല കൊച്ചി അപ്പോൾ... അവളും എനിക്കൊപ്പം വളരുകയായിരുന്നു... എന്റെ യൗവനത്തിൽ കൈകോർത്തുപിടിച്ച് ഐസ്ക്രീം നുണയാൻ മറൈൻ ഡ്രൈവും പ്രണയത്തിന്റെ ചുവപ്പു പടർത്തി ഫോർട്ട് കൊച്ചിയും അവളെനിക്കു നൽകി... അവസാനിക്കാത്ത രാവും ആഘോഷങ്ങളുമായി ഈ നഗരം എന്റെ സ്വന്തമായി... മാരത്തോണും ബാക്കത്തോണും, ISL ഉം ബ്ളാസ്റ്റെഴ്സും, ലുലുവും സെൻട്രലും, മെട്രോയും സ്മാർട്ട് സിറ്റിയും, ഈ നഗരം എന്റെ യൗവനത്തിനായി എന്തൊക്കെയോ കാത്തു വച്ചിരുന്നു...

എന്റെ കൊച്ചീ... എനിക്ക് നീ പ്രിയപ്പെട്ടതാകുന്നു... എന്റെ മാത്രം പ്രണയിനിയാകുന്നു...