എല്ലാം ഒരു കണക്കായി ....

എപ്പോഴാണ് എണ്ണാൻ പഠിച്ചതെന്ന് ഓർമ്മയില്ല....

ചിലപ്പോൾ ഒന്നൊഴിയാതെ കുപ്പിയിലിട്ട് സൂക്ഷിച്ച മഞ്ചാടി മണികൾക്കൊപ്പമാവാം... അല്ലെങ്കിൽ മുറ്റത്ത്‌ ചുവരിനോട് ചേർന്ന്  കുഴിയുണ്ടാക്കിയ കുഴിയാനകളെ പിടിച്ചപ്പോഴോ, വരിവരിയായി  നീണ്ട് പോകുന്ന ഉറുമ്പിൻകൂട്ടങ്ങളെ  കണ്ട്  അത്ഭുതപ്പെട്ടപ്പോഴോ, ആകാശത്തിലെ കുഞ്ഞുനക്ഷത്രങ്ങളോട്  കഥ പറഞ്ഞപ്പോഴോ, പൊട്ടിയ  വളപ്പൊട്ടുകൾ പെറുക്കിക്കൂട്ടിയപ്പോഴോ ആകാം.... എന്നാൽ അതിന്  അക്കങ്ങളുടെയോ സംഖ്യകളുടെയോ പിന്ബലമുണ്ടായിരുന്നെന്നു  തോന്നുന്നില്ല... കുറച്ചും കുറെയും അത്രയും ഇത്രയുമൊക്കെയായി  കണക്കങ്ങനെ നീണ്ടു...   

ഒന്നിൽ നിന്ന് തുടങ്ങണമെന്ന് പറഞ്ഞത് അമ്മയാവാം,

പിന്നെപ്പിന്നെ കൈവിരലുകൾ സഹായത്തിനെത്തി... ഒരു കൈ അഞ്ചും രണ്ടു കൈ പത്തുമായി...

പക്ഷെ ഒന്നാം ക്ലാസിലെ കൊല്ലപ്പരീക്ഷയ്ക്ക് മേശയുടെ കാലും ബോർഡിന്റെ കാലും കൂട്ടിയാലെത്രയെന്ന ചോദ്യത്തിന് മുന്നിൽ ഞാൻ തോറ്റു....

തിരിച്ചും മറിച്ചും പലവട്ടം ചോദിച്ചിട്ടും എനിക്ക് ആറേ കിട്ടിയുള്ളൂ...

മൂന്നു കാലുള്ള ബോർഡുകൾ ഇന്നില്ലാത്തതിനാൽ ഇനിയാർക്കും  അങ്ങനെ പറ്റുമെന്ന് തോന്നുന്നില്ല...

പിന്നീടാണ് കണക്കു പഠിപ്പിച്ച ഏതോ  ടീച്ചർ  പൂജ്യത്തെ  പറ്റി  പറഞ്ഞു തന്നത്... അത് കണ്ടുപിടിച്ചത്  ഭാരതീയരത്രേ... [ഇതിലെന്തിത്ര കണ്ടുപിടിക്കാനിരിക്കുന്നു....??]

ഞാൻ  കൂട്ടിവച്ച വളപ്പൊട്ടുകളും മഞ്ഞാടിക്കുരുക്കളും 

എന്റെ കണക്കിന്റെ സാധ്യതകളെ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു... പെയ്ത് തീരാത്ത മഴത്തുള്ളിയും, വഴിനീളെ കണ്ട ഇലക്ട്രിക്‌  പോസ്റ്റുകളും വരിയായി  നിന്ന സ്കൂൾ അസംബ്ലികളും അത്  പിന്നെയും കൂട്ടി... ആദ്യമായി കണ്ട തീവണ്ടിയേക്കാൾ എന്നെ വിസ്മയിപ്പിച്ചത് ഞാൻ  എണ്ണി തീരും മുൻപേ പാഞ്ഞു പോയ ആ  ഗുഡ്സ് ട്രെയിൻ ആയിരുന്നു... പിന്നീടും പലവട്ടം എന്റെ എണ്ണത്തെ തോൽപ്പിച്ച് അത്  പാഞ്ഞു പോയി... ഇന്നും ഞാൻ അതേ സ്കൂൾ കുട്ടിയുടെ  കൌതുകത്തോടെ പിന്നെയും പിന്നെയും...

ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്നാണെന്ന് മജീദ്‌  പറഞ്ഞപ്പോൾ ഞാൻ മാത്രം ചിരിച്ചില്ല... ഞാനെത്തി നോക്കിയത്  അതിനുള്ള സാധ്യതകളിലേക്കായിരുന്നു... [ഒരു തേങ്ങയും ഒരു  തേങ്ങയും കൂട്ടിയാൽ രണ്ടു തെങ്ങയാകുമെങ്കിലും ഒരു പുഴയും ഒരു  പുഴയും കൂട്ടിയാൽ രണ്ട് പുഴയാകില്ലെന്നു കണ്ടുപിടിച്ച മജീദിന്  നമോവാകം...]

പിന്നീടൊരിക്കൽ പൂജ്യത്തിനും താഴെ സംഖ്യയുണ്ടെന്ന് ടീച്ചർ പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല...

നാല് മഞ്ചാടിമണികളിൽ  നിന്നും അഞ്ചെണ്ണം കുറയ്ക്കാൻ  എനിക്കാവില്ലായിരുന്നു.... അന്ന് തൊട്ടിങ്ങോട്ട്  കണക്കെന്നും എന്റെ  പ്രായോഗിതകളെ വെല്ലുവിളിച്ചു കൊണ്ടിരുന്നു...

ഇല്ലാത്ത സംഖ്യകളൊക്കെ  x ആയി ...

x-നു  ഒന്നും രണ്ടും മൂന്നും വിലയായി [polynomials]...

പിന്നെയത് സാധ്യതകൾ മാത്രമായി.... [Probability]

differentiationഉം integrationഉം എന്താണെന്ന് തിരിയാതായി ...

 

ആയിരവും പതിനായിരവും പോയി മില്യനും ബില്യനും ട്രില്യനും  ആയി എണ്ണം എണ്ണിയാലൊടുങ്ങാതായി...

[ഒന്നിന് പിറകിൽ നൂറു പൂജ്യമിട്ട സംഖ്യയാണത്രേ  'ഗൂഗിൾ'...]

കണക്കങ്ങനെ കണക്കാക്കാനാവാതായി ...

കണക്കില്ലാതായി...

എല്ലാരും ഒരു കണക്കായി ....

ഞാനും ..

  -നിധി-