നേർത്ത മഞ്ഞിന്റെ ആവരണങ്ങളുള്ള ആസ്ക്ഹാമിലെ പ്രഭാതം ഒട്ടും നിരാശപ്പെടുത്തിയില്ല.. കാരവാനിന്റെ പുറത്ത് കണ്ണെത്താദൂരത്തോളമുള്ള കുന്നിൻ മേടുകളും അവിടെ മേയാനിറങ്ങിയ കറുപ്പും വെളുപ്പും നിറത്തിൽ നീളൻ മുടിയും വലിയ വാലുകളുമുള്ള കുതിരകളാണ് രാവിലത്തെ കാഴ്ച.. ഇവിടെ കളയാൻ പക്ഷെ ഒട്ടും സമയമില്ല... കുറച്ചു ചിത്രങ്ങളെടുത്തു പെട്ടെന്ന് യാത്ര തിരിച്ചു.. പോകുന്ന വഴിയിൽ ആണ് ലോതർ കാസിലും പൂന്തോട്ടവും.. കൃത്യമായ അകലമിട്ടു വളർത്തിയ മരങ്ങൾക്കിടയിലൂടെ ദൂരെ കാസിലിനു മുന്നിലെ പൂന്തോട്ടം കാണാം.. മധ്യ കാലഘട്ടത്തിൽ ലോൻസ്ഡേയിൽ പ്രഭുവിന്റെ വാസസ്ഥലമാണ്.. ഏദൻ എന്ന പേരിന് ഈ സ്ഥലം എന്തുകൊണ്ടും യോജ്യം.. അധികം വൈകാതെ തന്നെ ഞങ്ങൾ സ്കോട്ലൻഡിലേക്ക് പ്രവേശിച്ചു.. ചെറിയൊരു പാലത്തിനപ്പുറം ഇളം നിലയിൽ വെള്ള ക്രോസ്സ് ഉള്ള സ്കോട്ടിഷ് പതാകയുടെ കൂടെ `സ്കോട്ലാന്റിലേക്ക് സ്വാഗതം` എന്ന വാചകവുമുണ്ട്.. ഇതാണ് രാജ്യാതിർത്തിയെന്നറിയാവുന്ന ഏക അടയാളം. എഡിൻബറ, ഗ്ലാസ്ഗോ എന്നീ ഇരട്ട നഗരങ്ങൾക്കിടയിലൂടെ സ്കോട്ലാന്റിന്റെ വടക്ക് ഇൻവെർനെസിലേക്കാണ് യാത്ര
വളപ്പൊട്ടും മയില്‍പ്പീലിയും
പറയാതെ പോയ പഴംവാക്കുകള്‍ പങ്കു വയ്ക്കാന്‍..... അക്ഷരങ്ങളോടു കൂട്ടുകൂടാന്‍ ഒരിടം...... നല്ലതും ചീത്തയും, അറിവും വെളിച്ചവും, അബദ്ധങ്ങളും മണ്ടത്തരങ്ങളും, കുശുമ്പും കുന്നായ്മയും, സ്നേഹവും പ്രണയവും, കള്ളവും ചതിയും എന്നുവേണ്ട, പെറുക്കി കൂട്ടിയ വളപ്പൊട്ടുകളും പുസ്തകതാളില്‍ ഒളിപ്പിച്ച മയില്പ്പീലികളും മനസ്സില്‍ സൂക്ഷിച്ച മഞ്ചാടി മണികളും ഞാന്‍ ഇവിടെ കുറിക്കുന്നു.... വരിക, യാത്ര പറഞ്ഞിറങ്ങും മുന്‍പേ ഒരു വരി കുറിക്കുക........ കൂട്ട് ചേരുക..... നമുക്ക് സ്വപ്നങ്ങളുടെ ഒരാകാശം തീര്‍ക്കാം...
നെസ്സിയെത്തേടി ഇൻവെർനെസ്സിലേക്ക്
എഡിൻബറക്കോട്ട - ചരിത്രവും വർത്തമാനവും..
അധികാരത്തിന്റെ കൊടിയടയാളം ആദ്യമുയരേണ്ടത് കോട്ടകളിലാണെന്നും കോട്ടവൽക്കരണമാണ് അധികാരമുറപ്പിക്കുന്നതിന്റെ ആണിക്കല്ലാവേണ്ടതെന്നും ആദ്യം തിരിച്ചറിഞ്ഞ നഗരമാണ് എഡിൻബറ.. ഡേവിഡിയൻ വിപ്ലവമെന്നു പേരുകേട്ട ഡേവിഡ് ഒന്നാമന്റെ ഭരണപരിഷ്കാരങ്ങളാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ എഡിൻബറയിലെ കുന്നിൻ മുകളിൽ ഒരു കോട്ടയൊരുക്കുന്നതിന് നാന്ദി കുറിച്ചത്.. അപസർപ്പക കഥകളിലെ കോട്ടകളോട് കിടപിടിക്കും വിധമുള്ള ആകാരം.., ചെങ്കുത്തായൊരു കുന്നിൽ മുകളിൽ ചുറ്റും പത്താൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന കൽമതിലകത്ത് ആർക്കും കണ്ടാൽ ഭീതിയേകുന്നൊരൂക്കൻ കോട്ട.. ഈ കോട്ടയിലേക്കുള്ള കൽക്കെട്ടുകൾ കയറുമ്പോൾ നൂറ്റാണ്ടുകളായി ഈ കോട്ട കൊത്തളത്തിൽ അന്തിയുറങ്ങുന്ന രാജകഥകൾ നിങ്ങളെ തേടിയെത്തും.. സൈനിക നീക്കങ്ങളുടെ കുതിരക്കുളമ്പടിയൊച്ചകൾ കാതിൽ വന്നടിക്കും.. തടവുകാരുടെ രോദനങ്ങൾ കാറ്റിനൊപ്പം നിങ്ങളെ കടന്നു പോകും.. ഓരോ പടികയറുമ്പോളും നിങ്ങളോർക്കുക, നിങ്ങൾ പിന്തുടരുന്നത് സാമ്രാജ്യങ്ങൾ അടക്കി ഭരിച്ചോരു രാജാവിന്റെയോ രാജ്ഞിയുടെയോ പാദമുദ്രയാവാം.. അല്ലെങ്കിൽ രാജ്യത്തെ സേവിച്ചൊരു പട്ടാളക്കാരന്റെയാവാം.. അതുമല്ലെങ്കിൽ രാജ്യം കീഴടക്കാനിറങ്ങിപ്പുറപ്പെട്ട ഏതോ പോരാളിയുടേതാവാവും.
പുകമഞ്ഞു വീണ നഗരം - എഡിൻബറ
പഴകുംതോറും വീര്യമേറുന്ന സ്കോച്ച് വിസ്കിയുടെ നാടാണ് സ്കോട്ലാന്റ്. അവിടെ സ്കോച്ചിന്റെ ലഹരി ആവോളം ഉള്ളിൽ നിറച്ച, പഴമയുടെ പ്രൗഢിയിൽ സ്വയമമരുന്നൊരു നഗരമാണ് എഡിൻബറ.. ഏഴു കുന്നുകളുടെ നഗരം... വടക്കിന്റെ ഏതൻസ്.. പൗരാണികതയിൽ നവീന മാതൃകകൾ ഒളിപ്പിച്ച ജോർജിയൻ നിർമ്മിതികൾ.. അവയ്ക്കിടയിൽ കമനീയമായ പൂന്തോട്ടങ്ങൾ.. നഗരമധ്യത്തിലുള്ള ഒരൂക്കൻ കുന്നിന്റെ ഏറ്റവും മുകളിലായി സ്കോട്ടിഷ് രാജവംശത്തിന്റെ സിംഹാസനങ്ങളും കിരീടങ്ങളും ആടയാഭരണങ്ങളും സൂക്ഷിച്ച എഡിൻബറക്കോട്ട.. അതിന് കിഴക്ക് ഒരു മൈൽ അകലെ ആർതർ സീറ്റിലെ നിജീവാഗ്നിപർവ്വത മേഖലയിൽ രാജവാസതിയായ ഹോളിറൂഡ് കൊട്ടാരം.. അതിനു ചുറ്റും രാജകീയോദ്യാനം.. രാജ്യത്തിൻറെ സ്മാരകങ്ങങ്ങളും സ്മരണികകളുമുള്ള കാർട്ടൺ ഹിൽ..
ആസ്ക്ഹാമിലെ അപസർപ്പക ബുധൻ
പുതുവത്സരാഘോഷങ്ങളൊക്കെ കഴിഞ്ഞു ഓഫീസിലെത്തിയ ആദ്യ ആഴ്ചകളിലൊന്നിൽ ദിനവും 'cultural update' പറയാൻ നിയോഗിക്കപ്പെട്ട സുന്ദരി പെൺകുട്ടി ക്രിസ്റ്റി വെബ് ബോർഡിന്റെ വലതു മൂലയിൽ കുറിച്ചിട്ടു "100 Days To Easter".... ഇങ്ങനെ എണ്ണിക്കൊഴിച്ച ക്രിസ്മസ് ദാ ഇപ്പൊ കഴിഞ്ഞതേയുള്ളൂ... അതിന്റെ അവസാന ദിവസങ്ങളിലെ ആഘോഷങ്ങളുടെ ആലസ്യത്തിൽ നിന്നും ഉണരുന്നതേയുള്ളൂ... ഈസ്റ്റർ പ്രലോഭിപ്പിക്കുന്നത് നാല് ദിവസങ്ങൾ നീണ്ട അവധി ദിനങ്ങളാലാണ്... schengal visa ഇല്ലാത്തതിനാൽ യൂറോപ്യൻ യാത്ര നടക്കില്ല... അപ്പൊ പിന്നെ യാത്ര ബ്രിട്ടന്റെ വടക്ക് സ്കോട്ലൻഡിലേക്കാവാമെന്ന് തീരുമാനിച്ചു... നാല് ദിവസം കയ്യിലുള്ളതിനാൽ പറ്റാവുന്നത്ര വടക്കിലേക്കാണ് നോട്ടം... ഒരുപാട് ദിനങ്ങളിലെ നെടു നീളൻ ചർച്ചകൾക്കൊടുവിൽ സ്ഥലങ്ങൾ തീരുമാനമായി... എഡിൻബറയും ഗ്ലാസ്ഗോയും പിന്നെ ഇൻവെർനെസ്സും ബെൻ നെവിസും... പോകേണ്ട റൂട്ടുമാപ്പുകളും ചെലവഴിക്കേണ്ട സ്ഥല വീതം വെപ്പുകൾക്കുമൊടുവിൽ താമസിക്കാനുള്ള സ്ഥലങ്ങൾ ബുക്ക് ചെയ്തു... പൊതുവെ ചിലവേറിയ റൂമുകൾ ഒഴിവാക്കി കാരവാനുകൾ ആണ് ഇത്തവണ പരീക്ഷണം... എന്താകുമോ എന്തോ....
നരകത്തീമുനമ്പ് - ഡോവർ
ഇന്നലെകളുടെ ചരിത്രം തേടിയുള്ള ഇന്നത്തെ യാത്ര ഡോവറിലേക്കാണ്... ഇംഗ്ളണ്ടിന്റെ തെക്കു കിഴക്കേയറ്റത്ത് കെന്റ് കൗണ്ടിയിലെ ഒരു ചെറു പട്ടണമാണ് ഡോവർ.. ഇംഗ്ളണ്ടിന്റെ പ്രതിരോസ്ഥ ഭൂപടത്തിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലം.. ഇംഗ്ളണ്ടിലേക്കുള്ള താക്കോലെന്നാണ് പണ്ട് മുതൽക്കെ ഡോവറിനെ വിശേഷിപ്പിച്ചു പോരുന്നത്.. കാരണം, ഇംഗ്ളീഷ് ചാനലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ ഡോവർ ഇടനാഴിക്കിരുപുറം യൂറോപ്യൻ മെയിൻലാൻഡിന്റെ ഭാഗമായ ഫ്രാൻസും ദ്വീപായ ബ്രിട്ടനും തമ്മിലുള്ള അകലം വെറും 19 മൈൽ മാത്രമാണ്... ബ്രിട്ടനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ലണ്ടൻ - പാരീസ് പ്രധാന പാതയിൽ സാമാന്യം തിരക്കുണ്ട്.. ഫോക്സ്റ്റെണിൽ നിന്ന് ചാനൽ ടണൽ വഴി ട്രെയിനിലാണ് ഫ്രാൻസിലെ കാലായിസ് വരെ യാത്ര.. അതും ഡോവർ കടലിടുക്കിന്റെ അടിയിൽ കൂടി.. ഫോക്സ്റ്റെണിൽ നിന്ന് ഡോവറിലേക്ക് തിരിഞ്ഞാൽ പിന്നെ പാതയിൽ തിരക്കില്ല.. ഭൂപ്രകൃതി മധ്യ ദേശത്തിനു നിന്നും കടൽത്തീരത്തോടടുക്കുന്നതിന്റെ ലക്ഷണം കാട്ടിത്തുടങ്ങി... ചെറിയ ചെറിയ കുന്നിറക്കങ്ങളും മലഞ്ചരിവുകളും താണ്ടി അവയ്ക്കിടയിലൂടെയുള്ള വഴി പതിയെ പതിയെ ചെറുതായി വന്നു... പിന്നെയൊരു കുന്നിറക്കത്തിൽ അകലെ കടല്‍ കാണാനായി... യൂറോപ്പിലെ മറ്റിടങ്ങളിലെ പോലെ തന്നെ ചരിത്രങ്ങളുടെ എല്ലാം പ്രധാന കേന്ദ്രം അവിടുത്തെ കോട്ടകളാണ്... ചരിത്രം തേടിയെത്തുന്ന ഏതൊരാളെയും കോട്ടകളൊരിക്കലും നിരാശപ്പെടുത്താറില്ല.. എഴുതിയതും എഴുതപ്പെടാതെ പോയതുമായ അനവധി നിരവധി ചരിത്ര സംഭവങ്ങൾ ചേർത്തടുക്കി നിർമിച്ചവയാണോ ഓരോ കോട്ടകളും എന്ന് തോന്നിപ്പോകും..